കാഴ്ചക്ക് അത്രയൊന്നും ആകര്‍ഷകമല്ല കേരളീയവാദ്യങ്ങള്‍ . ഇനിയും സംസ്കരിക്കപ്പെടാത്ത വന്യമായൊരു കാടത്തം ചെണ്ടയ്ക്കുണ്ട്. മദ്ദളത്തിന്റെ രൂപത്തില്‍ത്തന്നെ അതിന്റെ ഘനം പ്രകടമാവുന്നു. മിഴാവിന്റെയും തിമിലയുടെയും പ്രകൃതം ആകര്‍ഷണീയമല്ല. ഉടുക്കിനും തുടിയ്ക്കും സൗന്ദര്യബോധത്തിന്റെ അഭാവമുണ്ട്. കേരളീയതയുടെ ചാരുത സ്വാംശീകരിച്ച വാദ്യമായ ഇടയ്ക്ക ഇക്കൂട്ടത്തില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്നു. നോക്കുമ്പോഴും കേള്‍ക്കുമ്പോഴും നന്ന്. സുതാര്യചര്‍മം ഉല്‍പാദിപ്പിക്കുന്ന കാല്‍പനികവശ്യതയുള്ള നാദം; ഘടനയിലെ ലാവണ്യമായ പൊടുപ്പുകള്‍ . തികച്ചും ലാസ്യഛായയാണ് ഇടയ്ക്കക്ക്. ഒരേസമയം സാധ്യതകളും പരിമിതികളും ഉള്ള വാദ്യമാണ് ഇടയ്ക്ക. കൃതഹസ്തനും സംഗീതബോധമുള്ളയാള്‍ക്കും മാത്രം വഴങ്ങുന്ന വാദ്യം. അല്ലാത്തവര്‍ക്ക് വെറും ജീവിതോപകരണം. അനേകം ഇടയ്ക്കക്കാര്‍ പല കാലങ്ങളിലായി ജീവിച്ചിട്ടും മുഖ്യധാരയില്‍ പേരെടുത്തവരുടെ എണ്ണം വളരെ കുറവാണ് എന്ന വസ്തുതതന്നെ ഇടയ്ക്കവാദനത്തിലെ ക്ലിഷ്ടതക്ക് ഉദാഹരണമാവുന്നു.
ക്ഷേത്രങ്ങളില്‍ പൂജാസമയത്തെ കൊട്ടിപ്പാടി സ്സേവ, രാത്രിയിലെ ഇടയ്ക്ക പ്രദക്ഷിണം; പഞ്ചവാദ്യത്തിന്, കൂടിയാട്ടത്തിന്, കഥകളിയിലെ സ്ത്രീവേഷസന്ദര്‍ഭങ്ങളില്‍ : ഇടയ്ക്ക അനിവാര്യമായ സാഹചര്യങ്ങള്‍ ഇത്രമാത്രമായിരുന്നു. പഞ്ചവാദ്യത്തില്‍ത്തന്നെ ഇടയ്ക്കക്കാര്‍ക്ക് സ്ഥാനം ലഭിച്ചു തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല. പട്ടരാത്ത് ശങ്കരമാരാരും മകന്‍ പല്ലാവൂര്‍ അപ്പുമാരാരുമാണ് പഞ്ചവാദ്യത്തില്‍ ഇടയ്ക്കക്ക് മേല്‍വിലാസമുണ്ടാക്കിയത്. ആലിപ്പറമ്പ് ശിവരാമപ്പൊതുവാള്‍ , കാക്കയൂര്‍ അപ്പുക്കുട്ടമാരാര്‍ തുടങ്ങിയവര്‍ പഞ്ചവാദ്യം ഇടയ്ക്കയില്‍ ശോഭിച്ചു. കളിയരങ്ങിലെ മികച്ച ഇടയ്ക്കവാദകന്‍ കലാമണ്ഡലം അച്യുണ്ണിപൊതുവാളായിരുന്നു. പുതിയകാലത്തിന്റെ സാധ്യതകള്‍ ഇടയ്ക്കയിലേക്ക് പരീക്ഷിച്ചത് പട്ടരാത്ത് ശങ്കരമാരാരായിരുന്നു. അദ്ദേഹം ഇടയ്ക്കയില്‍ പാട്ടുകള്‍ വായിച്ചു. അച്ഛന്റെ വഴി മകനും പിന്തുടര്‍ന്നു. പല്ലാവൂരിന്റെ ഇടയ്ക്കക്കച്ചേരി പ്രസിദ്ധമായിരുന്നു. പഞ്ചവാദ്യത്തില്‍ ഇടയ്ക്കക്ക്, പ്രത്യേകിച്ച് തൃപുടവേളകളില്‍ പുതിയ മുഖം നല്‍കിയത് അപ്പുമാരാരാണ്. ഉമയാള്‍പുരത്തിന്റെ മൃദംഗത്തിനും അള്ളാരാഖയുടെ തബലയ്ക്കും ഒപ്പം പല്ലാവൂരിന്റെ ഇടയ്ക്ക ശോഭിച്ചു. ഇടയ്ക്കയുടെ സാധ്യതകള്‍ വര്‍ധിക്കുകയായിരുന്നു. നൃത്തനൃത്യങ്ങള്‍ക്ക്, സംഗീതക്കച്ചേരികള്‍ക്ക്, കഥകളിപ്പദങ്ങള്‍ക്ക്, ചലച്ചിത്രഗാനങ്ങള്‍ക്ക് അകമ്പടിയായി ഇടയ്ക്ക നിര്‍ബന്ധമായിത്തുടങ്ങി. ശ്രുതിശുദ്ധതയും സംഗീതബോധവുമുള്ള ഇടയ്ക്കക്കാരുടെ അഭാവത്തില്‍ ഇതുരണ്ടും വേണ്ടവിധം ചേര്‍ന്ന ഒരു ഇടയ്ക്കക്കാരന്‍ അതിവേഗം അനിവാര്യനാവുക സ്വാഭാവികം. തൃപ്പൂണിത്തുറ കൃഷ്ണദാസ് എന്ന ഇടയ്ക്കവാദകന്‍ ഈ രംഗത്തെ ചോദ്യപ്പഴുതില്ലാത്ത കലാകാരനായി നിറഞ്ഞു നില്‍ക്കുകയാണ്. പ്രബലരായ ഇടയ്ക്കക്കാര്‍ ജീവിച്ച കാലത്തും തൃപ്പൂണിത്തുറ കൃഷ്ണദാസ് പ്രസക്തനായി. കൃഷ്ണദാസിന്റെ ഇടയ്ക്ക കേള്‍ക്കാത്ത സഹൃദയ മലയാളികളുണ്ടാവില്ല. സംഘകലയില്‍ അരൂപിയായ സാന്നിധ്യമാവുന്നതുകൊണ്ട് അദ്ദേഹം തിരിച്ചറിയപ്പെടുന്നില്ല.
ഇടയ്ക്ക വാദനത്തിലെ സാമ്പ്രദായിക വിശ്വാസങ്ങളെയും സങ്കേതങ്ങളെയും കലാപരമായി അതിലംഘിച്ചുകൊണ്ട് ആധുനിക കലാമാര്‍ഗങ്ങളില്‍ ആശാസ്യമായ ലാവണ്യബോധത്തില്‍ അധിഷ്ഠിതമായ ഇടയ്ക്ക ശബ്ദം കേള്‍പ്പിക്കുകയാണ് കൃഷ്ണദാസ് ചെയ്തത്. കൃത്യതയില്‍ പുലരുന്ന വാദനമാര്‍ഗമാണ് കൃഷ്ണദാസിന്റേത്. യേശുദാസ് അടക്കമുള്ളവര്‍ക്ക് കൃഷ്ണദാസ് തൃപ്തനാകുന്നത് ശ്രുതിരമ്യതയുടെ പേരിലാണ്. ഇടയ്ക്ക കൊട്ടാനുള്ളതല്ല; സംഗീതമുണ്ടാക്കാനുള്ളതാണെന്ന് കുട്ടിക്കാലം മുതലേ തിരിച്ചറിഞ്ഞ് പ്രയോഗിച്ച് സാക്ഷാല്‍ക്കരിച്ച പല്ലാവൂര്‍ അപ്പുമാരാരുടെ വഴിയില്‍ നിന്ന് ലേശമൊന്നുമാറി അതിനെ വാദ്യസമന്വയത്തിലേക്ക് കൃഷ്ണദാസ് സ്ഥാനപ്പെടുത്തി. കൃഷ്ണദാസിന്റെ ഇടയ്ക്കകൂടി ചേര്‍ന്നിരുന്നെങ്കില്‍ എന്ന അപൂര്‍ണത; കൃഷ്ണദാസിെന്‍റ ഇടയ്ക്ക പ്രധാന ഘടകമായി എന്ന പൂര്‍ണത. ഇങ്ങനെ എത്രയോ ആലാപനങ്ങളുടെ പശ്ചാത്തലത്തില്‍ തൃപ്പുണിത്തുറ കൃഷ്ണദാസ് ശ്രദ്ധേയനായി. ഇപ്പോള്‍ ഇടയ്ക്കക്കച്ചേരിയിലൂടെ ഈ വാദ്യത്തിലെ സംഗീതസാധ്യതകള്‍ വിശദീകരിക്കുകയാണ് കൃഷ്ണദാസ്. ക്ഷേത്രവാദ്യമെന്ന പരിമിതിയെ മറികടക്കാന്‍ ഇടയ്ക്കക്ക് സാധിക്കുമെന്നതിന്റെ തെളിവുകൂടിയാണ് കൃഷ്ണദാസിന്റെ വായനകള്‍ . എണ്ണമറ്റ ചലച്ചിത്രഗാനങ്ങള്‍ക്ക് ഇടയ്ക്ക വായിച്ചിട്ടുള്ളതുകൊണ്ടാവാം വാദ്യകലാകാരന്‍കൂടിയായ കൃഷ്ണദാസിനെ ചലച്ചിത്ര അക്കാദമി അംഗമാക്കാന്‍ ബന്ധപ്പെട്ടവര്‍ തീരുമാനിച്ചത്. കലാപരമായ കൗതുകമുണ്ടതില്‍ . ഒരു പഞ്ചവാദ്യം ഇടയ്ക്കക്കാരന്റെ സാധകശേഷിയോ ചിന്താശേഷിയോ അല്ല ഒരു പിന്നണി ഇടയ്ക്കക്കാരന്റെ സര്‍ഗസിദ്ധിയായി കാണേണ്ടത്. ചേരുംപടി ചേര്‍ത്ത് ലയിപ്പിക്കുന്ന ഉദാത്തമായ ഭാവാവിഷ്കാരം സാധ്യമാക്കലാണ് അയാളുടെ കലാപരമായ കര്‍ത്തവ്യവും ആനന്ദവും. ഈ നിലയ്ക്ക് തുല്യതയില്ലാത്ത ഇടയ്ക്കക്കാരനെന്ന് തൃപ്പുണിത്തുറ കൃഷ്ണദാസിനെ വിശേഷിപ്പിക്കാം. നാലു പതിറ്റാണ്ടായി ജീവിതത്തിന്റെയും കലയുടെയും ഭാഗമായി ഇടയ്ക്ക കൊണ്ടുനടക്കുന്ന കൃഷ്ണദാസുമായി ഇടയ്ക്കയുടെ കാലിക പ്രസക്തിയും കലാമേന്മയും വിഷയമായി ഒരു വര്‍ത്തമാനം.
? മറ്റു വാദ്യങ്ങളില്‍നിന്ന് ഇടയ്ക്കയെ വേറിട്ടു നിര്‍ത്തുന്ന പ്രധാന ഘടകം എന്താണ്
= സംഗീതവും താളവും. അതായത് സംഗീതത്തിലുള്ള താളവും താളത്തിലുള്ള സംഗീതവും ഒരേസമയം പ്രയോഗിക്കാന്‍ സാധിക്കുന്ന അപൂര്‍വ വാദ്യമാണ് ഇടയ്ക്ക. പ്രപഞ്ചത്തെ തുലനം ചെയ്യുന്ന വേദങ്ങളും ശാസ്ത്രങ്ങളും കലകളും ഓങ്കാരവും സമ്മേളിക്കുന്നു എന്ന വിശ്വാസവും പുലര്‍ന്നുപോരുന്നുണ്ട്.
? ഇടയ്ക്കയില്‍ എത്രത്തോളം സംഗീതം ലയിച്ചു കിടപ്പുണ്ട്? അതിനെ ഉണര്‍ത്താനുള്ള സാധ്യതകള്‍ എന്തൊക്കെയാണ്
= ഏതു രാഗവും ഏതു ശ്രുതിയിലും ഇടയ്ക്കയില്‍ വായിക്കാം. നേര്‍സ്വരങ്ങള്‍ അതായയത് ആരോഹണവും അവരോഹണവും ഒന്നാണെങ്കില്‍ , ഉദാഹരണത്തിന് സരിഗപധസ (ആരോഹണം) സധപഗരിസ (അവരോഹണം)= മോഹനം. സരിഗപനിസ (ആരോഹണം) സനിപഗരിസ (അവരോഹണം)= ഹംസധ്വനി തുടങ്ങിയ രാഗങ്ങള്‍ വളരെ എളുപ്പമാണ്. നാട്ട, കല്യാണി രാഗങ്ങള്‍ക്ക് പ്രയാസമേറും. സൂക്ഷ്മശ്രദ്ധയോടുകൂടി, കലാപരമായി അധ്വാനിച്ചാല്‍ ഏതു രാഗവും ഇടയ്ക്കയില്‍ വഴങ്ങും. ഉദ്ദേശ്യം ഒന്നരസ്ഥായി വരെ പോകാം.
? വൃത്തിയായി സാധകം ചെയ്ത് കൊട്ടാറായ ഒരാള്‍ക്കല്ലേ ഇടയ്ക്കയില്‍ സംഗീതം വരുത്താന്‍ സാധിക്കൂ
= കൈയെത്ത സാധകത്തിലൂടെ വൃത്തിയായി പഠിയ്ക്കണം. ഒപ്പം സംഗീതവും അഭ്യസിക്കണം. കുടുക്കവീണ എന്ന വാദ്യം അഭ്യസിച്ചാല്‍ ഇടയ്ക്കയില്‍ സംഗീതം വരുത്താന്‍ കുറേക്കൂടി എളുപ്പമാണ്. നന്നായി ഇടയ്ക്ക "കൊട്ടാന്‍" പഠിച്ചാല്‍ മാത്രമേ നന്നായി ഇടയ്ക്ക "വായിക്കാന്‍" സാധിക്കൂ.
? മനസ്സില്‍ സംഗീതബോധമില്ലാത്ത ഒരാള്‍ക്ക് ഇടയ്ക്ക വഴങ്ങുമോ
= ഒരിക്കലുമില്ല.
? ഇടയ്ക്കയോട് പ്രത്യേക പ്രതിപത്തി തോന്നാനുള്ള സാഹചര്യം എന്തായിരുന്നു
= ഞാന്‍ മിക്കവാറും വാദ്യങ്ങള്‍ അഭ്യസിച്ചു. ഇടയ്ക്ക എന്നെ ആകര്‍ഷിച്ചു. പഞ്ചവാദ്യം, കഥകളി, കൂടിയാട്ടം, മോഹിനിയാട്ടം ഇവയിലൊക്കെ ഇടയ്ക്ക പക്കവാദ്യമാവുകയാണ്. ആവിഷ്കാര സ്വാതന്ത്ര്യം, മനോധര്‍മ പ്രയോഗം എന്നിവയ്ക്ക് പരിധിയുണ്ട്. സംഗീതസാധ്യതകള്‍ ധാരാളമുള്ള ഇടയ്ക്കയെ ഇങ്ങനെ പക്കവാദ്യമായി മാറ്റിനിര്‍ത്തിയാല്‍പ്പോരാ എന്നു തോന്നി. ഇടയ്ക്ക മുഖ്യധാരയില്‍ വരേണ്ട വാദ്യമാണെന്ന ചിന്ത പ്രബലപ്പെട്ടു. വ്യത്യസ്ത സംഗീതധാരകള്‍ ഇടയ്ക്കയിലൂടെ പരീക്ഷിച്ചുനോക്കി. ആസ്വാദകര്‍ അത് ശരിവച്ചപ്പോള്‍ ഉത്സാഹമായി. പരീക്ഷണവും പ്രയോഗവും തുടര്‍ന്നുകൊണ്ടേയിരുന്നു.
? ഇടയ്ക്കയില്‍ സംഗീതം വരുത്തുന്നതിലെ പരിമിതികളും സാധ്യതകളും എന്തൊക്കെയാണ്
= അടിസ്ഥാനപരമായി കൊട്ടുവാദ്യമാണ് ഇടയ്ക്ക. ആ പരിമിതികള്‍ സംഗീതം വായിക്കുമ്പോള്‍ ഉണ്ടാവുക സ്വാഭാവികം. ദീര്‍ഘസ്വരങ്ങള്‍ ഇടയ്ക്കയില്‍ പ്രയാസമാണ്. ഇതിനായി, ദീര്‍ഘം മുറിയാതിരിക്കാനായി ആ ഭാഗങ്ങളില്‍ കോല്‍ പ്രയോഗം നടത്തി ശൂന്യത ഒഴിവാക്കാം. സ്വര, സ്ഥായി സഞ്ചാരങ്ങള്‍ മറ്റുള്ള വാദ്യങ്ങളെപ്പോലെ എളുപ്പവുമല്ല. സാധ്യതകള്‍ മുമ്പ് പറഞ്ഞുവല്ലോ.
? ക്ലാസിക്കല്‍ സംഗീതപഠനം ഇടയ്ക്കക്കച്ചേരിക്ക് ഗുണം ചെയ്യുമോ
= ഇടയ്ക്കക്കച്ചേരി എന്നാല്‍ , ഇടയ്ക്കയില്‍ കര്‍ണാടക സംഗീതം വായിക്കലാണ്. അതിനാല്‍ കര്‍ണാടക സംഗീത പഠനം അനിവാര്യമാണ്.
? അനുഷ്ഠാനവാദ്യം, ആഘോഷവാദ്യം എന്ന രണ്ടു മുഖങ്ങളുണ്ട് ഇടയ്ക്കക്ക്. വ്യത്യാസം എന്താണ്
= അനുഷ്ഠാനവാദ്യമായി പ്രയോഗിക്കുമ്പോള്‍ ഉദാഹരണത്തിന് കൊട്ടിപ്പാടിസ്സേവക്ക് ഗണപതിക്കൈ കൊട്ടുക, ത്യാണി കഴിഞ്ഞ് സമയക്രമമനുസരിച്ചുള്ള കൂറുകള്‍കൊട്ടുക, ഗീതമോ അഷ്ടപദിയോ പാടുമ്പോള്‍ അതിനനുസരിച്ചുള്ള സര്‍വലഘു വായിക്കുക എന്ന ക്രമത്തിലാവണം ഇടയ്ക്കയുടെ പ്രയോഗം. ആഘോഷ വാദ്യമായി പ്രയോഗിക്കുമ്പോള്‍ ഇടയ്ക്കയുടെ ചട്ടക്കൂട്ടില്‍നിന്നുകൊണ്ടുള്ള പ്രയോഗങ്ങള്‍ക്ക് സാധ്യത ഏറും.
? ചെണ്ടയഭ്യാസം ഇടയ്ക്ക കൊട്ടിന് സുഖം കൂട്ടുമോ
= ചെണ്ട ചെണ്ടയും ഇടയ്ക്ക ഇടയ്ക്കയുമാണ്. ഓരോവാദ്യത്തിനും അതിന്റേതായ പ്രത്യേകതകളും അഭ്യസനരീതികളും ഉണ്ട്. ക്ഷേത്രവാദ്യങ്ങളായതിനാല്‍ അടുപ്പം ഉണ്ടുതാനും.
? ഇടയ്ക്കക്കച്ചേരിക്കാരന് എത്രത്തോളം സാധകം ആവശ്യമാണ്
= പഞ്ചവാദ്യത്തിന് ഇടയ്ക്ക കൊട്ടുന്നതിനുവേണ്ട സാധകത്തിന്റെ ആവശ്യമില്ല. കൂടുതല്‍ കസര്‍ത്ത് കാണിച്ചാല്‍ രണ്ടു സ്വരങ്ങള്‍ക്കിടയിലുള്ള ശുദ്ധത അഥവാ തെളിവ് നഷ്ടമാകും. കഴിയുന്നത്ര ദീര്‍ഘസ്വരങ്ങളായി വായിക്കാന്‍ നോക്കണം.
? നൃത്തവേദികളിലും കച്ചേരി അരങ്ങുകളിലും ചലച്ചിത്രഗാനങ്ങളുടെ പിന്നണികളിലും ഇടയ്ക്ക മറ്റു വാദ്യങ്ങളുമായി എങ്ങനെ യോജിക്കുന്നു? താങ്കള്‍ എങ്ങനെ യോജിപ്പിക്കുന്നു
= അരങ്ങിന്റെ സ്വഭാവം പ്രധാനമാണ്. അതതുകലകളെക്കുറിച്ച് നല്ല ബോധം വേണം. എങ്കിലേ യോജിപ്പ് വരൂ. മോഹിനിയാട്ടമാണെങ്കില്‍ അതിന്റെ ചൊല്ലുകളും (ജതി) അടവുകളും ഭാവങ്ങളും രസങ്ങളും അറിഞ്ഞിരിക്കണം. വെസ്റ്റേണ്‍ ആല്‍ബങ്ങളില്‍വരെ ഞാന്‍ ഇടയ്ക്ക വായിച്ചിട്ടുണ്ട് (Albums: ATMA, BODHY). ചെണ്ടയും വായിച്ചു. 2006ല്‍ പാരീസില്‍വച്ച് ഒരു ആഫ്രിക്കന്‍ സംഗീതവാദ്യത്തോടൊപ്പം ഇടയ്ക്ക വായിച്ചു. സംഗീത-ലയവാദ്യമായ ഇടയ്ക്ക ലോകത്തിലെ ഏതു സംഗീതത്തിനൊപ്പവും നൃത്തത്തിനൊപ്പവും ചേരും; ചേരേണ്ട വിധത്തില്‍ ചേര്‍ത്താല്‍ ...
? കൊട്ടിപ്പാടിസ്സേവയുടെ അനുഭവം ഇടയ്ക്കക്കച്ചേരിയെ സ്വാധീനിച്ചിട്ടുണ്ടോ
= അവിടെനിന്നാണ് എന്റെ തുടക്കം. ഇടയ്ക്കക്കച്ചേരിക്ക് ആ സംസ്കാരം നല്ലപോലെ സ്വാധീനിച്ചിട്ടുണ്ട്.
? ഇടയ്ക്കത്തായമ്പക, ഇടയ്ക്കപ്പഞ്ചവാദ്യം എന്നീ വാദ്യരൂപങ്ങളില്‍ ഇടയ്ക്കയുടെ സാധ്യതകളുടെ പരമാവധി എന്താണ്
= ശ്രുതി, സംഗീതം എന്നിവയേക്കാള്‍ സാധകമാണ് രണ്ടിനും വേണ്ടത്. കൊട്ടുവാദ്യമെന്നതിനേക്കാള്‍ ശ്രുതി ശുദ്ധസംഗീതവാദ്യമായിട്ടാണ് ഞാന്‍ ഇടയ്ക്കയെ കാണുന്നതും പ്രയോഗിയ്ക്കുന്നതും. അതുകൊണ്ട് കൂടുതല്‍ അഭിപ്രായം പറയുന്നില്ല.
? പക്കമായി വായിക്കുമ്പോഴോ, ഇടയ്ക്കക്കച്ചേരി വേളയിലോ കലാപരമായ സംതൃപ്തി തോന്നുന്നത്
= മറ്റുള്ളവര്‍ക്കൊപ്പം വായിക്കുമ്പോള്‍ ധാരാളം പരിമിതികളുണ്ട്. ഇടയ്ക്കക്കച്ചേരിയില്‍ ഇടയ്ക്ക പ്രധാനിയാവുന്നു. ആത്മാവിഷ്കാരങ്ങള്‍ക്ക് സ്വാതന്ത്ര്യവും സമയവും ലഭിക്കുന്നു. സംഗീത സ്വാതന്ത്ര്യത്തിന്റെതായ പ്രത്യേക അനുഭൂതിയുണ്ടാവുന്നു.
? ഇടയ്ക്കയ്ക്ക് ഒരു കൊട്ടുക്രമമുണ്ട്. തോളില്‍ തൂക്കിയിട്ടുകൊണ്ടുള്ള ഒന്ന്. പകരം ഇരുന്ന് കൊട്ടുക, സ്ഥാനം തെറ്റിയിടുക ഇവ ഒരു തിരുത്തുകൂടിയാണ്. ഇതെല്ലാം ആവിഷ്കാരത്തിന് സൗകര്യപ്രദമാണോ
= മൂന്നര പതിറ്റാണ്ടായി ഞാന്‍ സിനിമകള്‍ക്കും കാസറ്റുകള്‍ക്കും (ഇപ്പോള്‍ സിഡികള്‍ക്കും) ഇടയ്ക്ക വായിച്ചുവരുന്നു. രാവിലെ ഒമ്പതുമണിമുതല്‍ വൈകുന്നേരം ഏഴുവരെ ഇടയ്ക്ക തോളിലിട്ട് തൂക്കിനിന്ന് വായിക്കുമ്പോഴുണ്ടാകുന്ന പ്രയാസം ഊഹിക്കാമല്ലോ. അന്ന് മിക്ക ദിവസങ്ങളിലും പ്രോഗ്രാമാണ്. റെക്കോര്‍ഡിങ്. ഈ നില്പിന് പരിഹാരം കാണാനായി ഇരുന്നു വായിക്കാന്‍ പരിശീലിച്ചു. ദൃശ്യാംശത്തിന് അവിടെ സ്ഥാനമില്ലല്ലോ. ഇന്ന് ഓരോരുത്തര്‍ക്കും വേണ്ട ഭാഗം വായിക്കാനുള്ള സമയസൗകര്യമായി.
? ഇരുന്നു വായനയില്‍ സ്വാഭാവികത നഷ്ടപ്പെടുമോ
= ശീലമായാല്‍ പ്രശ്നമേയില്ല.
? ഇടയ്ക്കക്കച്ചേരിയില്‍ പല്ലാവൂരിെന്‍റ പില്‍ക്കാലം എന്ന് വിശേഷിപ്പിച്ചാലോ
= ആസ്വാദകരാണ് അത് വിലയിരുത്തേണ്ടത്.
തൃപ്പുണിത്തുറ കൃഷ്ണദാസിന്റെ ഇടയ്ക്കയുടെ വാദനവശ്യത കേരളീയര്‍ കേട്ടുതുടങ്ങിയിട്ട് കാലങ്ങളായി. കാലം കൃഷ്ണദാസിന്റെ കലയെ ക്ഷീണിപ്പിക്കുന്നില്ല. ഓരോ അരങ്ങും പുതുസാധ്യതകളുടെ ആരായലായി പ്രയോജനപ്പെടുത്തി കൃഷ്ണദാസ് നിലനില്‍ക്കുന്നു; ഇടയ്ക്കയില്‍ സമകാലീനതയുടെ സംഗീതസാന്നിധ്യവുമായി.
*
എന്‍ പി വിജയകൃഷ്ണന്‍ ദേശാഭിമാനി 02 ഒക്ടോബര്‍ 2011
Subscribe to:
Post Comments (Atom)
1 comment:
കാഴ്ചക്ക് അത്രയൊന്നും ആകര്‍ഷകമല്ല കേരളീയവാദ്യങ്ങള്‍ . ഇനിയും സംസ്കരിക്കപ്പെടാത്ത വന്യമായൊരു കാടത്തം ചെണ്ടയ്ക്കുണ്ട്. മദ്ദളത്തിന്റെ രൂപത്തില്‍ത്തന്നെ അതിന്റെ ഘനം പ്രകടമാവുന്നു. മിഴാവിന്റെയും തിമിലയുടെയും പ്രകൃതം ആകര്‍ഷണീയമല്ല. ഉടുക്കിനും തുടിയ്ക്കും സൗന്ദര്യബോധത്തിന്റെ അഭാവമുണ്ട്. കേരളീയതയുടെ ചാരുത സ്വാംശീകരിച്ച വാദ്യമായ ഇടയ്ക്ക ഇക്കൂട്ടത്തില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്നു. നോക്കുമ്പോഴും കേള്‍ക്കുമ്പോഴും നന്ന്. സുതാര്യചര്‍മം ഉല്‍പാദിപ്പിക്കുന്ന കാല്‍പനികവശ്യതയുള്ള നാദം; ഘടനയിലെ ലാവണ്യമായ പൊടുപ്പുകള്‍ . തികച്ചും ലാസ്യഛായയാണ് ഇടയ്ക്കക്ക്. ഒരേസമയം സാധ്യതകളും പരിമിതികളും ഉള്ള വാദ്യമാണ് ഇടയ്ക്ക. കൃതഹസ്തനും സംഗീതബോധമുള്ളയാള്‍ക്കും മാത്രം വഴങ്ങുന്ന വാദ്യം. അല്ലാത്തവര്‍ക്ക് വെറും ജീവിതോപകരണം. അനേകം ഇടയ്ക്കക്കാര്‍ പല കാലങ്ങളിലായി ജീവിച്ചിട്ടും മുഖ്യധാരയില്‍ പേരെടുത്തവരുടെ എണ്ണം വളരെ കുറവാണ് എന്ന വസ്തുതതന്നെ ഇടയ്ക്കവാദനത്തിലെ ക്ലിഷ്ടതക്ക് ഉദാഹരണമാവുന്നു.
Post a Comment