Wednesday, November 16, 2011

കെ.ജി.ജോര്‍ജ്ജ്: ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ എന്റെ ജീവിതം

ആദ്യഭാഗങ്ങള്‍ ഇവിടെ

പുണെയിലെ ഒരുമാസത്തെ ചലച്ചിത്രാസ്വാദന ക്യാമ്പില്‍ പങ്കെടുത്ത അനുഭവങ്ങളാണ് ഫിലിം ഇന്‍സ്റ്റ്യൂട്ടില്‍ ചേരാന്‍ പ്രേരണയായത്. ഇന്‍സ്റ്റ്യൂട്ടിലെ വെക്കേഷന്‍ കാലത്തായിരുന്നു ക്യാമ്പ്. അവധിക്കാലത്ത് വീട്ടില്‍ പോകാതെ അവിടെയുണ്ടായിരുന്ന അപൂര്‍വം വിദ്യാര്‍ഥികള്‍ക്കൊപ്പം മലയാളിയായ ജി എസ് പണിക്കരുണ്ടായിരുന്നു. പില്‍ക്കാലത്ത് ഏകാകിനി എന്ന ചിത്രം ചെയ്ത പണിക്കര്‍ തന്നെ. അദ്ദേഹവുമായി കൂടി. പുണെ നഗരമൊക്കെ കൊണ്ട് നടന്ന് കാണിച്ചത് പണിക്കരാണ്. ഞാന്‍ ക്യാമ്പില്‍ എത്തിയ ദിവസമായിരുന്നു റേയുടെ പഥേര്‍ പാഞ്ചാലി പ്രദര്‍ശിപ്പിച്ചത്. സിനിമക്കിടെ യാത്രാ ക്ഷീണത്താല്‍ ഉറങ്ങിപ്പോയി. പിന്നീട് ഫിലിം ആര്‍കൈവ്സ് ഡയറക്ടറായ കെ കെ നായര്‍ അവിടെയുണ്ട്. അദ്ദേഹത്തോട് പറഞ്ഞ് ഒരിക്കല്‍ കൂടി സിനിമ പ്രദര്‍ശിപ്പിച്ച് ഉറങ്ങാതെ കണ്ടു. ജീവിതത്തില്‍ മറക്കാനാവാത്ത വ്യക്തിയാണ് നായര്‍സാര്‍ . ഇന്‍സ്റ്റിറ്റ്യൂട്ടിലെ മലയാളി വിദ്യാര്‍ഥികള്‍ക്കെല്ലാം വലിയ സഹായമായിരുന്നു അദ്ദേഹം. പിന്നീട് എെന്‍റ അടുത്ത സുഹൃത്തായി. ക്യാമ്പിലെ അനുഭവങ്ങളും പാഠവും നന്നായി സ്വാധീനിച്ചു. അടുത്ത വര്‍ഷം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ഥിയായി ചേരണമെന്ന തീരുമാനത്തോടെയാണ് അന്ന് പുണെ വിട്ടത്. ചെന്നൈയില്‍ വച്ചായിരുന്നു പ്രവേശന പരീക്ഷ. പില്‍ക്കാലത്ത് എന്റെ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച രാമചന്ദ്രബാബുവും പരീക്ഷയെഴുതാനുണ്ടായിരുന്നു. പ്രവേശനത്തിന് മുന്നോടിയായ ഇന്‍റര്‍വ്യൂവിന് ഹിന്ദി സിനിമയിലെ പ്രശസ്ത താരമായിരുന്ന രാജ്കപൂര്‍ ഉള്‍പ്പെടുന്ന പ്രഗല്‍ഭര്‍ക്ക് മുന്നിലാണ് ഹാജരായത്. സിനിമ വിഷയമാക്കി എഴുതി പ്രസിദ്ധീകരിച്ചിരുന്ന ലേഖനങ്ങളും കരുതിയിരുന്നു. എന്റെ ഭാഷയെ കുറിച്ച് അത്ര ആത്മവിശ്വാസമില്ലായിരുന്നെങ്കിലും അറിയാവുന്ന ഇംഗ്ലീഷില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.

ലേഖനങ്ങളും കാണിച്ചു. സിനിമയില്‍ എനിക്ക് താല്‍പ്പര്യമുണ്ടെന്ന് കണ്ട് അന്ന് അസിസ്റ്റന്‍റ് കോഴ്സ് ഡയറക്ടറായിരുന്ന രമേഷ് പോള്‍ പ്രവേശനത്തിന് എന്റെ പേര് റെക്കമന്‍ഡ് ചെയ്തു. അങ്ങനെ 1968ല്‍ ഞാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥിയായി. നടി ലക്ഷ്മിയുടെ ഭര്‍ത്താവായിരുന്ന മോഹന്‍ , രവി മേനോന്‍ , ആസാദ്, ജമീലാ മാലിക്, ഗൗതമന്‍ , ജയഭാധുരി എന്നിവരൊക്കെ സമകാലികരായിരുന്നു. ജോണ്‍ എബ്രഹാം, ബാലുമഹേന്ദ്ര എന്നിവര്‍ സീനിയര്‍ സിനിമാ വിദ്യാര്‍ഥികളും. ഇന്ത്യന്‍ സംവിധായകരെ അടുത്തറിയുന്നതും അവരുടെ പ്രധാന സിനിമകള്‍ കാണുന്നതും ഇന്‍സ്റ്റിറ്റ്യൂട്ട് പഠനകാലത്താണ്. റേ, ഋത്വിക് ഘട്ടക്ക്, മണി കൗള്‍ , മൃണാള്‍ സെന്‍ , ഐ എസ് ജോഹര്‍ , ബിമല്‍ റോയ് തുടങ്ങിയ വിഖ്യാത സംവിധായകരൊക്കെ ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കുമായിരുന്നു. അവരുമായെല്ലാം എനിക്ക് എഴുത്തു കുത്തും ചിലരുമൊക്കെയായി ചങ്ങാത്തവുമുണ്ടായി. സിനിമാ സംബന്ധിയായി നടത്തിയ ആശയ വിനിമയം അമൂല്യ അനുഭവമായിരുന്നു. ഹോസ്റ്റലിലായിരുന്നു താമസം. അധ്യാപകരും വിദ്യാര്‍ഥികളില്‍ വലിയൊരു വിഭാഗവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അധ്യാപകരെല്ലാം അടുത്ത സുഹൃത്തുക്കളായി. അധ്യാപന രീതി വെറുതെ പഠിപ്പിക്കലല്ല. വഴികാട്ടുകയായിരുന്നു അവര്‍ . സിനിമയെ കുറിച്ചെല്ലാം ഉള്‍ക്കാഴ്ച നല്‍കും. പഠിക്കുന്നത് നമ്മളാണ്. ക്ലാസില്‍ 12 വിദ്യാര്‍ഥികള്‍ . രണ്ട് പേര്‍ വിദേശീയരായിരുന്നു. അടുത്ത സുഹൃത്തുക്കള്‍ എന്നു പറയാവുന്നത് ഒറീസക്കാരന്‍ നീരദ് മഹാപത്ര, വിനോദ് ശുക്ല, സുരേന്ദ്ര ചൗധരി എന്നിവരായിരുന്നു. അതൊരു ഇന്റലക്ച്വല്‍ ഗ്രൂപ്പായിരുന്നു. ഇംഗ്ലീഷായിരുന്നു പൊതു ഭാഷ. അന്ന് ഭാഷ നന്നല്ല. പിന്നീട് മെച്ചമാകാന്‍ അന്നത്തെ ചര്‍ച്ചകളും ഇടപെടലുകളും സഹായിച്ചു. അഭിനയ കോഴ്സിലായിരുന്നു ജയഭാധുരി. നല്ല സുഹൃത്തായിരുന്നു. അവരുടെ കല്യാണം കഴിയുന്നത് വരെ അടുത്ത ബന്ധമുണ്ടായിരുന്നു. ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റിയുടെ ചെയര്‍പേഴ്സണായിരിക്കെ തിരുവനന്തപുരത്ത് വന്നിരുന്നു. അന്ന് വീട്ടില്‍ വലിയ പാര്‍ട്ടി നല്‍കി. ഇന്‍സ്റ്റിറ്റ്യൂട്ടിലായിരിക്കുമ്പോള്‍ ഒന്നിച്ച് ഭക്ഷണം കഴിക്കാനും സിനിമ കാണാനും പാര്‍ട്ടികള്‍ക്കുമൊക്കെ പോകുമായിരുന്നു. ഊഷ്മളമായ സൗഹൃദമായിരുന്നു. ജോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പഠന കാലത്തും ആരെയും വകവയ്ക്കാത്ത പ്രകൃതമാണ്. കാണുന്നവരോടൊക്കെ പണം ചോദിച്ചും മറ്റും പിന്നീട് നാം കണ്ട അതേ ജീവിതം തന്നെയാണ് അവിടെയും നയിച്ചിരുന്നത്. എന്റെ ഡിപ്ലോമ ചിത്രമൊന്നും അത്ര പ്രധാനമല്ല. ജോണിന്റേത് പ്രധാനപ്പെട്ടതായിരുന്നു. പേര് ഇപ്പോള്‍ ഓര്‍മ വരുന്നില്ല.

1971ലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പഠനം പൂര്‍ത്തിയാക്കിയത്. അപ്പോള്‍ തന്നെ രാമു കാര്യാട്ടിന് കീഴില്‍ അസിസ്റ്റന്റ് ഡയറക്ടറായി നില്‍ക്കാന്‍ അവസരം കിട്ടി. പുണെയിലുള്ളപ്പോഴാണ് രാമു കാര്യാട്ടിന് കീഴില്‍ നില്‍ക്കാന്‍ അവസരം തുറന്നത്. ഞങ്ങളുടെ എക്സാമിനറായി അദ്ദേഹം വന്നിരുന്നു. പരിചയപ്പെട്ടു. എന്റെ ഇടപെടലിലും മറ്റും ബോധ്യം തോന്നിയതുകൊണ്ടാകണം കോഴ്സ് കഴിഞ്ഞാല്‍ മദ്രാസിലേക്ക് വരുന്നുണ്ടോ എന്ന് ചോദിച്ചു. അല്ലാതെ വേറെ മാര്‍ഗമില്ലല്ലോ എന്ന് മറുപടി പറഞ്ഞു. എങ്കില്‍ മദ്രാസില്‍ വരുമ്പോള്‍ ചെന്ന് കാണാന്‍ അദ്ദേഹവും പറഞ്ഞു. മറ്റാരുടെ കീഴിലും അസിസ്റ്റന്റാകാന്‍ സമീപിച്ചിട്ടില്ല. രാമു കാര്യാട്ടാകട്ടെ അന്നത്തെ സൂപ്പര്‍ സംവിധായകനും. കോഴ്സ് പൂര്‍ത്തിയാക്കി നേരെ മദ്രാസിന് വണ്ടി കയറി. കാര്യാട്ടിനെ പോയി കണ്ടു. അദ്ദേഹമന്ന് ടി ഇ വാസുദേവന്‍ നിര്‍മിക്കുന്ന മായ എന്ന സിനിമ കമ്മിറ്റ് ചെയ്തിരുന്നു. പക്ഷേ ചിത്രീകരണം തുടങ്ങാന്‍ ഏതാനും മാസത്തെ താമസമുണ്ടെന്ന് അറിയിച്ചു. അങ്ങനെ മദ്രാസിലെ ഉമ ലോഡ്ജില്‍ മുറിയെടുത്ത് താമസം തുടങ്ങി. സ്വന്തം പണം മുടക്കിയായിരുന്നു താമസം. എന്നാല്‍ പടം തുടങ്ങിയതോടെ കാര്യാട്ട് നിര്‍മാതാവിെന്‍റ ചെലവില്‍ എനിക്ക് ഉമ ലോഡ്ജില്‍ തന്നെ താമസമൊരുക്കി തന്നു. എന്റെ കഴിവില്‍ വിശ്വാസം തോന്നിയതുകൊണ്ടാകണം അങ്ങനെ ചെയ്തത്. ഞാനല്ലാതെ വേറെ അസിസ്റ്റന്റുമാരൊന്നുമില്ല. അന്നേ കാര്യാട്ട് സിനിമയിലെ വന്‍ ഫിഗറാണ്. നമുക്കെല്ലാം എത്തിപ്പെടാന്‍ കഴിയുന്നതിലുമപ്പുറമാണ് അദ്ദേഹത്തിെന്‍റ പ്രഭാവം. നീലക്കുയിലില്‍ തുടങ്ങി മുടിയനായ പുത്രന്‍ , മൂടുപടം എന്നിവയിലൂടെ മലയാളത്തിലെ സര്‍വകാല ഹിറ്റായിരുന്ന "ചെമ്മീന്‍" എടുത്ത് കത്തിജ്വലിച്ച് നില്‍ക്കുന്ന കാലം. എല്ലാത്തിലും അദ്ദേഹത്തിന്റേതായ പ്രത്യേക രീതിയുണ്ടായിരുന്നു. എങ്കിലും പോകെപ്പോകെ ആദ്യത്തെ അകല്‍ച്ച ഇല്ലാതായി. സിനിമയെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം പഠിപ്പിച്ചു. മദ്യപിച്ച് കഴിഞ്ഞാല്‍ പിന്നെ രഹസ്യങ്ങളൊന്നുമില്ല. എല്ലാം തുറന്ന് പറയും. അങ്ങനെ പറഞ്ഞ കൂട്ടത്തില്‍ സിനിമയെ സംബന്ധിക്കുന്ന ഒരുപാട് രഹസ്യങ്ങളുമുണ്ടായിരുന്നു. കെ സുരേന്ദ്രന്‍ മനോഹരമായി എഴുതിയ നോവലായിരുന്നു മായ. പക്ഷേ സിനിമ ശ്രദ്ധിക്കപ്പെട്ടില്ല. കാര്യാട്ട് പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്നാണ് ചിത്രം കണ്ട ശേഷം സുരേന്ദ്രന്‍ തന്നെ അഭിപ്രായപ്പെട്ടത്. അതില്‍ അദ്ദേഹത്തിന് ദു:ഖമുണ്ടായിരുന്നു. അടുത്ത ചിത്രം മികച്ചതാക്കലാണ് പ്രധാനമെന്ന് സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞു. എന്നാല്‍ ചെമ്മീന് ശേഷം അദ്ദേഹം ചെയ്തതൊന്നും ശ്രദ്ധിക്കപ്പെടുന്നതായില്ല. 1974ല്‍ സംവിധാനം ചെയ്ത വത്സലയുടെ നോവലിനെ ആധാരമാക്കിയുള്ള "നെല്ല്’ മാത്രമാണ് അല്‍പ്പം ശ്രദ്ധ നേടിയത്.

കേരളത്തിന് പുറത്തു നിന്നുള്ള സങ്കേതിക പ്രവര്‍ത്തകരെ ആദ്യം സഹകരിപ്പിച്ച സിനിമയായിരുന്നു. ചെമ്മീന്‍ പൂര്‍ണമായി തന്റെ സിനിമയല്ലെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ചെമ്മീന്റെ എഡിറ്റിങ്ങ് നിര്‍വഹിച്ച ഹൃഷികേശ് മുഖര്‍ജിയുടെയെല്ലാം സംഭാവന വലുതാണ്. അവസാനമൊക്കെ മദ്രാസില്‍ വന്ന് ദീര്‍ഘകാലം താമസിച്ച് ആ സിനിമയെ ഏറ്റെടുത്ത് ജോലി ചെയ്യുകയായിരുന്നു മുഖര്‍ജി. അതിന്റെ മികവ് ചിത്രത്തിനുണ്ടായി. ഞാന്‍ സ്വന്തമായി സിനിമ ചെയ്യുന്നതിന് തൊട്ടു മുമ്പത്തെ വര്‍ഷമാണ് കാര്യാട്ടിന്റെ അവസാന ചിത്രമായ "അമ്മുവിന്റെ ആട്ടിന്‍കുട്ടി" ഇറങ്ങിയത്. ആകെ 13 ചിത്രങ്ങള്‍ അദ്ദേഹം ചെയ്തു. രാമു കാര്യാട്ടിന്റെ മായ, നെല്ല് എന്നീ ചിത്രങ്ങളില്‍ മാത്രമാണ് ഞാന്‍ സഹകരിച്ചത്. എന്റെ ആദ്യ സിനിമയായ സ്വപ്നാടനം റഷ്യന്‍ ഫിലിം സൊസൈറ്റിക്ക് വേണ്ടി തെരഞ്ഞെടുത്തിരുന്നു. ചിത്രങ്ങള്‍ തെരഞ്ഞെടുക്കാനുള്ള പാനലില്‍ അംഗമായിരുന്ന കാര്യാട്ടും ചിത്രം കണ്ടു. പിന്നീട് അദ്ദേഹം അതേക്കുറിച്ച് എന്നോട് പറഞ്ഞത്, അവിടെ ഒരുപാട് സിനിമകള്‍ കണ്ടു. അതില്‍ ഏറ്റവും മനോഹരമായ സിനിമ നീ എടുത്തതാണ് എന്നായിരുന്നു. അദ്ദേഹവുമായി അവസാനം വരെ നല്ല ബന്ധമായിരുന്നു. എന്നെ സിനിമയുടെ പ്രായോഗിക പാഠങ്ങള്‍ പഠിപ്പിച്ച ആളെന്ന നിലയില്‍ സിനിമയില്‍ എന്റെ ഗുരുവും കാര്യാട്ടാണ്. ഇനി എന്റെ ആദ്യ സിനിമയിലേക്ക്.

1975ലാണ് സ്വന്തം ചിത്രമെന്ന നിലയില്‍ "സ്വപ്നാടന"ത്തെ കുറിച്ച് ആലോചിച്ചത്. മുംബൈക്കാരനായ മുഹമ്മദ് ബാപ്പു(പാഴ്സി) ആണ് സ്വപ്നാടനം നിര്‍മിച്ചത്. അദ്ദേഹം എന്നെത്തേടി വരികയായിരുന്നു. പുണെയില്‍ നിന്നുള്ള ബന്ധങ്ങളിലൂടെയാണ് മലയാള സിനിമാ നിര്‍മാണമെന്ന ആശയവുമായി അദ്ദേഹമെത്തിയത്.മുംബൈ വാസക്കാലത്ത് പരിചയപ്പെട്ടിട്ടുള്ള പമ്മനാണ് സ്വപ്നാടനത്തിന് തിരക്കഥയെഴുതിയത്. വെസ്റ്റേണ്‍ റെയില്‍വെയില്‍ ഉദ്യോഗസ്ഥനായ പമ്മനെ ബാപ്പുവാണ് പരിചയപ്പെടുത്തിയത്. ധാരാളം എഴുതിയിരുന്ന പമ്മനെ വായനക്കാരന്‍ എന്ന നിലയിലാണ് പരിചയപ്പെട്ടത്. തിരക്കഥയെഴുതാന്‍ പമ്മന്‍ ചെന്നൈയില്‍ വന്നു. തിരുവനന്തപുരത്തും മദ്രാസിലുമായിരുന്നു ചിത്രീകരണം. അതൊരു നല്ല സിനിമയായിരുന്നില്ലെങ്കിലും എനിക്ക് മികച്ച സിനിമ ചെയ്യാന്‍ കഴിയുമെന്ന് തോന്നിപ്പിക്കാന്‍ ആ ചിത്രത്തിന് കഴിഞ്ഞു. സൈക്കോഡ്രാമ ഇനത്തില്‍പ്പെടുത്താവുന്ന സ്വപ്നാടനം വളരെ സങ്കീര്‍ണമായ സ്ത്രീ-പുരുഷ ബന്ധത്തെയാണ് വിശകലനം ചെയ്യുന്നത്. സാഹചര്യങ്ങളുടെ സമ്മര്‍ദത്താല്‍ മറ്റൊരു യുവതിയെ വിവാഹം കഴിക്കേണ്ടിവരുന്ന ഗോപി എന്ന യുവാവ് വിവാഹപൂര്‍വ പ്രണയത്തിന്റെ പേരില്‍ വേട്ടയാടപ്പെട്ട് മനോരോഗിയാകുന്നതും അതിന്റെ അന്ത:സംഘര്‍ഷങ്ങളെ വിശകലനത്തിന് വിധേയമാക്കുന്നതുമാണ് സ്വപ്നാടനത്തിന്റെ ഇതിവൃത്തം. നല്ല രീതിയില്‍ സ്വീകരിക്കപ്പെട്ട സിനിമ കൂടിയായിരുന്നു അത്. ആ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് സ്വപ്നാടനം നേടി. നായിക വേഷം ചെയ്ത റാണി ചന്ദ്രക്ക് മികച്ച നടിക്കുമുള്ള അവാര്‍ഡും കിട്ടി.

സ്വപ്നാടനത്തിന് ശേഷം മുംബൈയില്‍ താമസമായി. അന്ന് മാധവിക്കുട്ടി അവിടെയുണ്ട്. അവരുമായി അടുത്ത ബന്ധമായിരുന്നു. എന്റെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. ഞങ്ങള്‍ ഒരുമിച്ച് സിനിമ കാണുകയും അവര്‍ റിവ്യൂ എഴുതുകയുമൊക്കെ ചെയ്തിരുന്നു. മാധവിക്കുട്ടി കൊച്ചിയിലേക്ക് താമസം മാറ്റിയ ശേഷവും ബന്ധമുണ്ടായിരുന്നു. നിര്‍മാതാവ് മുഹമ്മദ് ബാപ്പു ഉള്‍പ്പെടെയുള്ളവരുമായി മുംബൈ വാസക്കാലത്ത് അടുപ്പം തുടര്‍ന്നു. ബാപ്പു മുംബൈ അധോലോകവുമായി ബന്ധമുള്ളയാളായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹം അകത്താവുമെന്ന് ഭയന്നിരുന്നു. പക്ഷേ, രാഷ്ട്രപതി ഫക്രുദ്ദീന്‍ അലിയില്‍നിന്ന് സിനിമക്കുള്ള അവാര്‍ഡ് വാങ്ങിക്കാനൊക്കെ ഞങ്ങള്‍ ഒരുമിച്ചാണ് പോയത്. ബാപ്പു മലയാളത്തില്‍ വേറെ സിനിമ എടുത്തിട്ടില്ല. തമിഴിലും ഹിന്ദിയിലുമൊക്കെ നിര്‍മാണം തുടര്‍ന്നു. നിതിന്‍ ശ്യാം എന്നൊരു മലയാളി സംഗീത സംവിധായകന്‍ അദ്ദേഹത്തിന്റെ സുഹൃത്തുണ്ടായിരുന്നു. ബോളിവുഡിലാണ് പ്രധാനമായി ചെയ്തിരുന്നത്. അദ്ദേഹത്തിന് സ്വപ്നാടനത്തില്‍ അവസരം കൊടുക്കണമെന്ന് ബാപ്പുവിന് താല്‍പ്പര്യമുണ്ടായിരുന്നു. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ സ്വപ്നാടനത്തില്‍ പാട്ടേ ഉണ്ടായിരുന്നില്ല. പിന്നീട് എന്റെ ജീവിതസഖിയായി മാറിയ, പ്രശസ്ത സംഗീതജ്ഞന്‍ പാപ്പുക്കുട്ടി ഭാഗവതരുടെ മകള്‍ സല്‍മയെ ആദ്യം കണ്ടുമുട്ടുന്നതും സ്വപ്നാടനത്തിന്റെ പണികള്‍ നടക്കുന്ന കാലത്താണ്. അക്കഥ പിന്നാലെ പറയാം.

*
കെ ജി ജോര്‍ജ് തയ്യാറാക്കിയത് എം എസ് അശോകന്‍
ദേശാഭിമാനി വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

1975ലാണ് സ്വന്തം ചിത്രമെന്ന നിലയില്‍ "സ്വപ്നാടന"ത്തെ കുറിച്ച് ആലോചിച്ചത്. മുംബൈക്കാരനായ മുഹമ്മദ് ബാപ്പു(പാഴ്സി) ആണ് സ്വപ്നാടനം നിര്‍മിച്ചത്. അദ്ദേഹം എന്നെത്തേടി വരികയായിരുന്നു. പുണെയില്‍ നിന്നുള്ള ബന്ധങ്ങളിലൂടെയാണ് മലയാള സിനിമാ നിര്‍മാണമെന്ന ആശയവുമായി അദ്ദേഹമെത്തിയത്.മുംബൈ വാസക്കാലത്ത് പരിചയപ്പെട്ടിട്ടുള്ള പമ്മനാണ് സ്വപ്നാടനത്തിന് തിരക്കഥയെഴുതിയത്.