Friday, November 18, 2011

ജനകീയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനാകില്ല

ജീവിതം ദുസ്സഹമായപ്പോള്‍ ഗത്യന്തരമില്ലാതെ തെരുവിലിറങ്ങിയ, അമേരിക്കന്‍ ജനതയുടെ പ്രതിഷേധത്തെ ഭരണകൂടം അടിച്ചമര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു. രണ്ടു മാസമായി ന്യൂയോര്‍ക്കിലെ സുക്കോട്ടി പാര്‍ക്കില്‍ തമ്പടിച്ച് പ്രതിഷേധിച്ചവരെ ബലംപ്രയോഗിച്ച് ഇറക്കിവിട്ടു. എങ്കിലും പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് പ്രക്ഷോഭകാരികള്‍ ജീവിക്കാനുള്ള അവകാശത്തിനായുള്ള പോരാട്ടം തുടരുകയാണ്. പ്രക്ഷോഭകര്‍ക്ക് സുക്കോട്ടി പാര്‍ക്കില്‍ തിരികെ പ്രവേശിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. "വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍" പ്രക്ഷോഭത്തിന്റെ രണ്ടാംഘട്ടം ഇവിടെ ആരംഭിക്കുകയാണ്. നവംബര്‍ 15നാണ്് സുക്കോട്ടിപാര്‍ക്കിലെ പ്രക്ഷോഭകാരികളുടെ ക്യാമ്പുകള്‍ പൊലീസ് പൊളിച്ചുമാറ്റിയത്. ഇതിന് മുന്നോടിയായി അര്‍ധരാത്രി ന്യൂയോര്‍ക്ക് പട്ടണത്തിലെ ഡൗണ്‍ ടൗണില്‍ നൂറുകണക്കിന് പൊലീസുകാരെ വിന്യസിച്ചു. പാര്‍ക്കിനുചുറ്റും പൊലീസ് വട്ടമിടുകയും പാര്‍ക്കിലെ ക്യാമ്പുകള്‍ തകര്‍ക്കുകയാണെന്ന് മെഗാഫോണിലൂടെ വിളിച്ചുപറയുകയും ചെയ്തു. നഗരത്തിലെ ചപ്പുചവറുകള്‍ കയറ്റുന്ന ട്രക്കുകളും ന്യൂയോര്‍ക്ക് പൊലീസിന്റെ ഡസന്‍കണക്കിന് ആംബുലന്‍സുകളും സുക്കോട്ടി പാര്‍ക്കിലെത്തി. താല്‍ക്കാലിക ക്യാമ്പുകളില്‍ നിദ്രയിലായിരുന്നവര്‍ ഞെട്ടി ഉണരുമ്പോള്‍ കാണുന്നത് ഈ രംഗമാണ്. സമരരംഗത്തുണ്ടായിരുന്നവരും പൊലീസ് നടപടി അറിഞ്ഞ് തടിച്ചുകൂടിയവരും അടക്കം ഏതാണ്ട് 200ല്‍ പരം ആളുകള്‍ അറസ്റ്റുവരിക്കുകയും ബ്രോഡ്വേയും പൈന്‍ സ്ട്രീറ്റും പ്രതിഷേധക്കാരെക്കൊണ്ട് നിറയുകയുംചെയ്തു. ഒരു മൈല്‍ ദൂരത്തില്‍ ആളുകള്‍ തടിച്ചുകൂടി. "സമരംചെയ്യാനും പ്രതിഷേധിക്കാനുമുള്ള അവകാശങ്ങളെ മാനിക്കുന്നുവെന്നും ഭരണഘടന അനുശാസിക്കുന്ന അഭിപ്രായസ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നു" എന്നുമൊക്കെ പറഞ്ഞിരുന്ന ന്യൂയോര്‍ക്ക് മേയര്‍ മൈക്കല്‍ ബ്ലൂംബര്‍ഗ് പ്രക്ഷോഭകാരികളെ ഒഴിപ്പിച്ചശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് "പാര്‍ക്ക് സമരക്കാരുടേതുമാത്രമല്ല അതുപയോഗിക്കാന്‍ മറ്റുള്ളവര്‍ക്കും അവകാശം ഉണ്ട്. ആ അവകാശം ടെന്റുകള്‍ കെട്ടി നിഷേധിക്കാന്‍ പാടില്ല" എന്നാണ്.

ബ്ലൂംബര്‍ഗിന്റെ വാദങ്ങള്‍ ബാലിശമാണ്. മേയര്‍ ദുര്‍ബലനായതിനാലാണ് നടപടിയെടുക്കാത്തതെന്ന് ആരോപണങ്ങളുണ്ട്. അതിന് തടയിടുകയെന്നത് അദ്ദേഹത്തിന്റെ ആവശ്യമായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്കയിലെ 11 നഗരങ്ങളുടെ മേയര്‍മാര്‍ ചര്‍ച്ച നടത്തുകയും തങ്ങളുടെ നഗരങ്ങളിലെ സമരം ശക്തമായി അടിച്ചമര്‍ത്താന്‍ തീരുമാനിക്കുകയും ചെയ്തതിന്റെ ഭാഗമായാണ് ബ്ലൂംബര്‍ഗും ഇത്തരം ഒരു നിലപാടില്‍ എത്തിയത്. രണ്ടുമാസം പിന്നിടുന്ന സമരം വ്യാഴാഴ്ച മുതല്‍ കൂടൂതല്‍ ശക്തമാകും എന്ന പ്രചാരണമാണ് സമരത്തിനെതിരെ പൊടുന്നനെ തിരിയാന്‍ മേയര്‍ക്ക് പ്രേരണയായത്. ആകാശത്ത് മൂന്നു ഹെലികോപ്റ്ററുകള്‍ ഒരു ദിവസം മുഴുവന്‍ പൊലീസിനു തുണയായി നിന്നു.

എന്നാല്‍ , സമര രംഗത്തുള്ളവര്‍ ആ ദിവസം മുഴുവന്‍ പാര്‍ക്കിനുചുറ്റും ബാനറുകള്‍ ഉയര്‍ത്തി സമാധാനപരമായ പ്രതിഷേധത്തില്‍ മുഴുകി. ഈ സമയം ന്യൂയോര്‍ക്കിലെ അഭിഭാഷകരുടെ സംഘടന കോടതിയെ സമീപിച്ചു. ടെന്റുകളും ക്യാമ്പും അവിടെ സ്ഥിരമായി ഉറപ്പിക്കുകയല്ല മറിച്ച് ഭരണഘടന അനുശാസിക്കുന്ന അഭിപ്രായസ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാന്‍ അത് അനിവാര്യമായതിനാല്‍ അവിടെ ഉറപ്പിച്ചതാണെന്നു വാദിക്കുകയുംചെയ്തു. സുക്കോട്ടി പാര്‍ക്കില്‍ പ്രക്ഷോഭം തുടരാമെന്ന് വിധിച്ച കോടതി തമ്പ് കെട്ടുന്നത് വിലക്കി. പ്രക്ഷോഭകാരികള്‍ കോടതിവിധിയുമായി പാര്‍ക്കിലേക്ക് പ്രവേശിക്കുകയും തങ്ങള്‍ മറ്റെങ്ങോട്ടും പോകില്ലെന്നും പ്രഖ്യാപിക്കുകയും ചെയ്തു. ആയിരത്തിലധികം പ്രക്ഷോഭകര്‍ പാര്‍ക്കില്‍ തിരിച്ചെത്തിയിട്ടുണ്ട്. 99 ശതമാനത്തിന്റെ "വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍" പ്രക്ഷോഭം രണ്ടുമാസം തികയുന്ന വേള മുതല്‍ കൂടുതല്‍ ശക്തമാകും എന്നാണ് പ്രക്ഷോഭകാരികള്‍ അറിയിച്ചിരിക്കുന്നത്. വാള്‍സ്ട്രീറ്റും ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചും ഉപരോധിക്കാനും ന്യൂയോര്‍ക്ക് നഗരത്തിന്റെ അഞ്ചു പ്രവിശ്യയിലും പ്രക്ഷോഭം സംഘടിപ്പിക്കാനും ബ്രൂക്ക്ലിന്‍ പാലം അടക്കം പല റോഡുകളും സ്തംഭിപ്പിക്കാനും, സിറ്റി റെയില്‍വേ സ്റ്റേഷനുകളില്‍ പ്രതിഷേധം സംഘടിപ്പിക്കാനും അങ്ങനെ അക്ഷരാര്‍ഥത്തില്‍ ന്യൂയോര്‍ക്ക് നഗരം സ്തംഭിപ്പിക്കാനുമാണ് തീരുമാനം. എല്ലാ പൗരന്മാര്‍ക്കും വേണ്ടിയുള്ളതാണ് പാര്‍ക്കെന്നും അത് ടെന്റുകെട്ടി അടയ്ക്കാനുള്ളതല്ല എന്നുമുള്ള ബ്ലൂംബര്‍ഗിന്റെ വാക്കുകള്‍ സംശയാസ്പദമാണ്. കേട്ടാലറിയാം രാഷ്ട്രീയ ഉപദേഷ്ടാക്കളുടെ വാക്കുകളാണതെന്ന്. എന്തൊക്കെ പറഞ്ഞാലും പാര്‍ക്കില്‍ കയറാന്‍ എല്ലാവര്‍ക്കുമുള്ള അവകാശത്തെക്കുറിച്ച് പറയുന്നതിന് കാരണം വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരത്തെ തകര്‍ക്കാനുള്ള ഗൂഢോദ്ദേശ്യം തന്നെയാണ്. വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരത്തിന് ആഹ്വാനംചെയ്ത ആഡ്ബസ്റ്റേഴ്സ് എന്ന കനേഡിയന്‍ കോര്‍പറേറ്റ്വിരുദ്ധ മാഗസിന്‍ പറഞ്ഞത് ഈ സമരം ഒരു വിജയമായി പ്രഖ്യാപിച്ച് സുക്കോട്ടി പാര്‍ക്കിന് പുറത്തുപോയി പ്രക്ഷോഭകാരികള്‍ ഇനി സമരം ചെയ്യണമെന്നാണ്.

ന്യൂയോര്‍ക്ക് നഗരത്തിലെ ഹാര്‍ലറ്റിലും ബ്രൂക്ക്ലിനിലും മറ്റും ആളുകള്‍ പല ആവശ്യങ്ങളും ഉയര്‍ത്തി സമരത്തില്‍ ഏര്‍പ്പെടുന്നത് ഇപ്പോള്‍ പതിവാണ്. സുക്കോട്ടി പാര്‍ക്കിലേതിനേക്കാള്‍ ശക്തമായ സമരങ്ങളായി അതൊക്കെ മാറുന്നു എന്നതുതന്നെ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരത്തിന്റെ വിജയമാണ്. ചിക്കാഗോ പിടിച്ചെടുക്കല്‍ പ്രസ്ഥാനത്തിന്റെ വക്താവ് ഡാന്‍ മസൊഗ്ലിയ പറഞ്ഞത് "സമരത്തിന് ഒരു പിന്തള്ളല്‍ ഉണ്ടാകുമ്പോള്‍ , പ്രത്യേകിച്ചും അര്‍ധരാത്രിയുടെ മറവിലാകുമ്പോള്‍ അത് ഞങ്ങളെ കൂടൂതല്‍ ശക്തരാക്കുകയേ ഉള്ളൂ" എന്നാണ്. ഒക്ലാന്‍ഡ് പിടിച്ചെടുക്കല്‍ പ്രക്ഷോഭത്തിന്റെ വക്താവ് അലക്സാന്‍ഡ്ര ഫെര്‍ണാണ്ടസ് എന്ന ഇരുപത്തിരണ്ടുകാരി പറഞ്ഞത് "പിടിച്ചെടുക്കല്‍ പ്രക്ഷോഭകാരികള്‍ക്കുനേരെയുള്ള ഈ അറസ്റ്റ് ചൂണ്ടിക്കാട്ടുന്നത് സമരത്തിന്റെ തന്ത്രം മാറ്റാന്‍ സമയമായി" എന്നാണ്. അതേസമയം സര്‍ക്കാര്‍ സമരത്തെ കൂടുതല്‍ ശക്തമായി നിരീക്ഷിക്കുകയാണ്. തൊഴിലാളി യൂണിയന്‍ നേതാക്കള്‍ പറയുന്നത് വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രസ്ഥാനം ജനങ്ങള്‍ക്കിടയില്‍ ശക്തമായ ചലനം സൃഷ്ടിച്ചുവെന്നും, നവംബര്‍ പത്തിന് നടന്ന പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ അതിന്റെ പ്രത്യാഘാതം വ്യക്തമായി കാണാമെന്നുമാണ്. വേതനക്കൂടുതലും മറ്റും ആവശ്യപ്പെടാനുള്ള തൊഴിലാളി യൂണിയനുകളുടെ അവകാശങ്ങള്‍ തടയുന്ന ഓഹിയോ സംസ്ഥാനത്തെ പുതിയ നിയമം തെരഞ്ഞെടുപ്പിലൂടെ തടഞ്ഞത് വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിന്റെ ശക്തമായ വിജയമാണ് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റ് ബറാക് ഒബാമ അദ്ദേഹത്തിന്റെ പ്രതിവാര റേഡിയോ പ്രഭാഷണത്തില്‍ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ബജറ്റ് ഓഫീസ് റിപ്പോര്‍ട്ട് ഉദ്ധരിക്കുകയും സാമ്പത്തിക അസമത്വവും മധ്യവര്‍ഗം നേരിടുന്ന പ്രതിസന്ധിയും എടുത്തുപറയുകയുംചെയ്തു.

സാക്സ് ഫിഫ്ത് അവന്യൂ പോലെയുള്ള സമ്പന്നര്‍മാത്രം കയറുന്ന കടകളിലെ കച്ചവടം പൊടിപൊടിക്കുകയും വാള്‍മാര്‍ട്ടുപോലെ വിലകുറഞ്ഞ സാധനങ്ങള്‍ വില്‍ക്കുന്ന കൂറ്റന്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഏതെടുത്താലും ഒരു ഡോളര്‍ കടകളോടു മത്സരിച്ച് പരാജയപ്പെടുന്നതും ഇതിനൊപ്പം കൂട്ടിവായിക്കേണ്ടതാണ്. പ്രസിഡന്റ് സ്ഥാനാര്‍ഥിമോഹികള്‍ അടക്കമുള്ള ചില റിപ്പബ്ലിക്കന്‍ പാര്‍ടിക്കാര്‍ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭകാരികളെ തീവ്രഇടതുപക്ഷവാദികള്‍ എന്ന് വിളിക്കാനാണ് ശ്രമിക്കുന്നത്. പ്രസിഡന്റ് ഒബാമയുടെ റേഡിയോ പ്രഭാഷണവും റിപ്പബ്ലിക്കന്‍ പാര്‍ടിക്കാരുടെ ആക്ഷേപങ്ങളും ഒക്കെ ചൂണ്ടിക്കാട്ടുന്നത് അവര്‍ പ്രക്ഷോഭത്തെ തള്ളിപ്പറയാന്‍ ശ്രമിക്കുമ്പോഴും പ്രക്ഷോഭകാരികള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മുദ്രാവാക്യങ്ങളില്‍ വല്ലാതെ അലോസരപ്പെടുന്നുണ്ട് എന്നാണ്. പ്രക്ഷോഭകാരികളെ ക്യാമ്പുകളില്‍നിന്ന് തള്ളിമാറ്റാന്‍ ഭരണകൂടത്തിനു കഴിഞ്ഞേക്കാം. എന്നാല്‍ , അവര്‍ ഉയര്‍ത്തുന്ന 99 ശതമാനത്തിന്റെ പ്രശ്നങ്ങള്‍ തള്ളിമാറ്റുക എളുപ്പമാവില്ല എന്നുറപ്പാണ്. അതോടൊപ്പം ഈ പ്രസ്ഥാനം അമേരിക്കയുടെയും ലോകത്തിന്റെയും ശ്രദ്ധയിലേക്കു കൊണ്ടുവന്ന പ്രശ്നങ്ങള്‍ വളരെ വലുതും ശ്രദ്ധയാകര്‍ഷിക്കുന്നതും വേഗത്തില്‍ വ്യാപിക്കുന്നതും ആര്‍ക്കും തള്ളിക്കളയാന്‍ ആവാത്തവിധം പ്രാധാന്യം നേടുന്നതുമാണ്.

*
റെജി പി ജോര്‍ജ്, ന്യൂയോര്‍ക്ക് ദേശാഭിമാനി 18 നവംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ജീവിതം ദുസ്സഹമായപ്പോള്‍ ഗത്യന്തരമില്ലാതെ തെരുവിലിറങ്ങിയ, അമേരിക്കന്‍ ജനതയുടെ പ്രതിഷേധത്തെ ഭരണകൂടം അടിച്ചമര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു. രണ്ടു മാസമായി ന്യൂയോര്‍ക്കിലെ സുക്കോട്ടി പാര്‍ക്കില്‍ തമ്പടിച്ച് പ്രതിഷേധിച്ചവരെ ബലംപ്രയോഗിച്ച് ഇറക്കിവിട്ടു. എങ്കിലും പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് പ്രക്ഷോഭകാരികള്‍ ജീവിക്കാനുള്ള അവകാശത്തിനായുള്ള പോരാട്ടം തുടരുകയാണ്.