വീരവാദങ്ങളോടെ ദീവാളി റിലീസായി തിയേറ്ററുകളിലെത്തിയ രാ.വണ്‍ എന്ന ഹിന്ദി സിനിമ ചീറ്റിപ്പോയ പടക്കം മാത്രമാണെന്നതിന്, ആവേശഭരിതരായി ഹാളിനകത്തേക്ക് ഇരച്ചു കയറുകയും നിരാശാഭരിതരായി പുറത്തിറങ്ങിപ്പോരുകയും ചെയ്യുന്ന പ്രേക്ഷകര്‍ തന്നെയാണ് മുഖ്യ സാക്ഷ്യം. മുതല്‍മുടക്കിന്റെ കാര്യത്തില്‍ ഇന്ത്യന്‍ സിനിമകളുടെ പൂര്‍വകാല റെക്കോഡ് തകര്‍ത്തതായി റിപ്പോര്‍ട് ചെയ്യപ്പെട്ട രാ.വണ്‍ 175 കോടി രൂപ ചെലവാക്കിയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയതത്രെ. ഇതിനു മുമ്പുള്ള റെക്കോഡ് രജനീകാന്തിന്റെ എന്തിര(ഷങ്കര്‍/2010)ന്റേതായിരുന്നു. 162 കോടി രൂപ ചിലവിട്ടാണ് എന്തിരന്‍ നിര്‍മിച്ചത് എന്നായിരുന്നു അക്കാലത്തെ വാര്‍ത്തകള്‍ സൂചിപ്പിച്ചത്. ഈ കണക്കുകള്‍ പലതും ഊതിപ്പെരുപ്പിച്ചതോ ഊഹാപോഹമോ ആയിരിക്കാന്‍ സാധ്യതയുള്ളതു കൊണ്ട് അതില്‍ വലിയ വിശ്വാസം അര്‍പ്പിക്കുകയും വേണ്ട. ലോകമെമ്പാടുമായി അയ്യായിരം തിരശ്ശീലകളിലാണത്രെ രാ.വണ്‍ റിലീസ് ചെയ്തത്. ഇതില്‍ അറുനൂറെണ്ണം ത്രീ ഡി പതിപ്പുകളായിരുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ വീണ്ടുമാരംഭിച്ച ഹോളിവുഡ് ത്രീ ഡി തരംഗത്തിന്റെ ചുവടു പിടിച്ച്; ബോളിവുഡിനും ത്രീ ഡി കമ്പോളം തുറക്കാനാവുമെന്ന് തെളിയിച്ചുകൊണ്ടാണ് രാ.വണ്‍ ത്രീ ഡി പതിപ്പുകള്‍ വ്യാപകമായി ഇറക്കിയതെങ്കിലും ഭാവനാവൈകൃതം കൊണ്ട് വികലമായ ഈ സിനിമ ഇത്തരം പ്രതീക്ഷകളെ തുടക്കത്തില്‍ തന്നെ തല്ലിക്കെടുത്തുകയാണോ ഫലത്തില്‍ ചെയ്യുക എന്ന് കാത്തിരുന്നു കാണാം.
ഹോളിവുഡിലെ നവ ത്രീഡി തരംഗകാലത്തെ ഏറ്റവും വലിയ ഹിറ്റായി കൊണ്ടാടപ്പെട്ട അവതാര്‍(ജെയിംസ് കാമറൂണ്‍/2009), 237 മില്യണ്‍ ഡോളര്‍ ചിലവില്‍ നിര്‍മ്മിക്കുകയും 2782 മില്യണ്‍ ഡോളര്‍ മൊത്തം വിറ്റുവരവ് നേടുകയും ചെയ്ത ചിത്രമാണെന്നോര്‍ക്കുക. അതായത്, ചിലവിട്ട പണത്തിന്റെ പത്തിരട്ടിയിലധികം വാരിക്കൂട്ടിയ അത്ഭുത ബ്രഹ്മാണ്ഡ ചിത്രമായിരുന്നു അവതാര്‍. അത്തരം അവതാരങ്ങള്‍ക്കു മുന്നില്‍, 39 മില്യണ്‍ ഡോളറേ ചിലവിട്ടുള്ളൂ എന്നതായിരിക്കില്ല രാ.വണ്ണിന്റെ പരിമിതിയായി കണക്കാക്കപ്പെടുക. മറിച്ച്, ഇത്രമാത്രം ഭാവനാശൂന്യമായി സിനിമകളെടുക്കുന്നവരാണോ ഇന്ത്യക്കാര്‍ എന്ന പരിഹാസവും അവഹേളനവും എങ്ങിനെ നേരിടും എന്നറിയാതെയായിരിക്കും.
പുരാണത്തിലെ രാവണകഥാപാത്രത്തെ ഓര്‍മ്മിപ്പിക്കുന്ന മുഖ്യകഥാപാത്രത്തിന്റെ പേരിന് റാണ്‍ഡം ആക്സസ്- വെര്‍ഷന്‍ 1.0 എന്നാണ് ഡിജിറ്റല്‍ പരിഭാഷ. ഷാറൂഖ് ഖാന്റെ ഇരട്ടക്കഥാപാത്രങ്ങളിലെ കൃത്രിമസൃഷ്ടിയായ യന്ത്രമനുഷ്യന്റെ പേരാകട്ടെ ജി.വണ്‍ എന്നാണ്. ജീവന്‍ എന്ന പ്രകൃതിയുടെ പ്രതിഭാസത്തെ ഓര്‍മ്മിപ്പിക്കുന്ന പേരാണ് സൂപ്പര്‍ ഹീറോയായ ഈ കഥാപാത്രത്തിന് കൊടുത്തിരിക്കുന്നത്. പുരാണത്തിലെ രാവണന്റെ ആധുനിക കാലത്തെ സാങ്കേതിക പതിപ്പാണ് രാ.വണ്‍ എന്നും പത്തു തരം കുടിലതകളുള്ള കഥാപാത്രമാണയാള്‍ എന്നും ഷാറൂഖ് ഖാന്‍ വിശദീകരിക്കുന്നുണ്ട്. ഇന്ത്യയിലെ ഹൈന്ദവരുടെ മുഖ്യ ആഘോഷമായ ദീപാവലി, രാവണന്റെ പ്രതീകാത്മക നിഗ്രഹത്തിലൂടെ തിന്മക്കു മേല്‍ നന്മയുടെ വിജയം എന്ന ഐതിഹ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നതിനെ ഓര്‍മ്മപ്പെടുത്തി മുതലെടുക്കാനാണ് നിര്‍മാതാവ് കൂടിയായ ഷാറൂഖിന്റെ ഉന്നം. രാ.വണ്‍ സൃഷ്ടിക്കുന്ന വിനാശങ്ങളില്‍ നിന്ന് മനുഷ്യരാശിയെ രക്ഷിച്ചെടുക്കുന്നയാളാണ് ജി.വണ്‍. വൈദേശികരെപ്പോലെ, ഇന്ത്യന്‍ സൂപ്പര്‍ ഹീറോകള്‍ക്കും പ്രവര്‍ത്തിക്കാനാവും എന്ന് തെളിയിക്കാനാണ് ഈ സിനിമ ശ്രമിക്കുന്നതെങ്കിലും അതില്‍ ദയനീയമായി പരാജയപ്പെടുകയാണ് ചെയ്യുന്നത്.
ആഗോള സാമ്രാജ്യത്വ അധിനിവേശത്തിന്റെ സാംസ്ക്കാരിക ബാന്റു വാദ്യ സംഘമായി അടയാളപ്പെടുത്തപ്പെടുന്ന ഹോളിവുഡ് സിനിമയുടെ വിജയയാത്രകളെ ഒരു പരിധി വരെ നേര്‍ക്കു നേര്‍ അഭിമുഖീകരിക്കുകയും സ്വന്തമായ സ്വാധീനമേഖലകള്‍ രാജ്യത്തിനകത്തും പുറത്തുമായി വ്യാപിപ്പിച്ചെടുക്കുകയും ചെയ്യുന്ന ഒന്നായി ഇന്ത്യന്‍ സിനിമക്ക് വിശേഷിച്ച് ബോളിവുഡ് എന്നു വിളിക്കപ്പെടുന്ന ഹിന്ദി സിനിമക്ക് കഴിഞ്ഞ ദശകത്തില്‍ വളരാന്‍ സാധിച്ചിട്ടുണ്ട്. പക്ഷെ ആ വിജയയാത്രയെ പിന്തുടരുന്നതിനു പകരം; മാട്രിക്സ്, ബൈസെന്റിനിയല്‍ മാന്‍, ടെര്‍മിനേറ്റര്‍ 2 - ജഡ്ജ്മെന്റ് ഡേ അടക്കമുള്ള നിരവധി ഹോളിവുഡ് സിനിമകളുടെ മാത്രമല്ല, ബോളിവുഡ് ഹിറ്റായ ക്രിഷിന്റെയും തമിഴ് ബ്ളോക്ക് ബസ്ററായ എന്തിരന്റെയും അനുകരണമായി അധ:പതിക്കുകയും അപഹാസ്യമായി മാറുകയും ചെയ്ത സിനിമയായി രാ.വണ്‍ പ്രേക്ഷകരെ നോക്കി പല്ലിളിക്കുന്നു. ബോളിവുഡിന് ഹോളിവുഡിന്റെ മാസ്മരികതക്കടുത്തെങ്ങും എത്താന്‍ സാധ്യമല്ല എന്ന് തെളിയിക്കുന്നതിനു വേണ്ടിയെടുത്ത പരാജയപ്പെട്ട ഏറ്റുമുട്ടലായിട്ടും പരിഹാസ്യ പരീക്ഷണമായിട്ടുമായിരിക്കും രാ.വണ്‍ വരുംകാലത്ത് വിലയിരുത്തപ്പെടുക.
എന്തിന്, ഇത്തരം യാന്ത്രിക-ഡിജിറ്റല്‍ സൂപ്പര്‍ ഹീറോകളെ പാകം ചെയ്തെടുക്കുന്നതിനു മുമ്പു തന്നെ ഇന്ത്യന്‍ സിനിമയിലെ നായകന്മാര്‍ അതിമാനുഷന്മാരായിരുന്നു. എത്ര ഉയരത്തിലുള്ള കെട്ടിടങ്ങളില്‍ നിന്നും നിഷ്പ്രയാസം താഴേക്ക് ചാടി വീണാല്‍ അവര്‍ക്ക് ഒന്നും സംഭവിക്കില്ല. തീവണ്ടികളോടൊപ്പമോ അതിലും വേഗത്തിലോ ഓടാന്‍ കഴിയുന്നവരാണവര്‍. ബുള്ളറ്റ് വര്‍ഷങ്ങളെ കൈ കൊണ്ട് തടുക്കാന്‍ കഴിയുന്ന അവര്‍ക്ക്, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ ആവശ്യമേ ഇല്ല. നൂറു കണക്കിന് വില്ലന്മാരെ ഒറ്റയടിക്ക് നിലം പരിശാക്കാന്‍ പോന്നവരാണവര്‍. ശാസ്ത്രീയ ഗാനവും പാശ്ചാത്യ നൃത്തവും മുതല്‍ നാടന്‍ പാട്ടു വരെ എന്തും പ്രയോഗിക്കുന്ന സകലകലാവല്ലഭന്മാരാണവര്‍ എന്നത് പറയുകയും വേണ്ട. ചുരുക്കത്തില്‍ ഇന്ത്യന്‍ സിനിമയിലെ നായകന്മാരുടെ ചരിത്രം എന്നത് 'പതിനേഴില്‍ പരം കഴിവുകള്‍ സമാഹരിക്കുന്ന' സന്തോഷ് പണ്ഡിറ്റുകളുടെ ചരിത്രമാണെന്നര്‍ത്ഥം.
കുട്ടികള്‍ക്കിഷ്ടപ്പെടുന്ന തരം കോമിക് സ്ട്രിപ്പ് അതിമാനുഷനെയായിട്ടാണോ, അതോ കുടുംബപ്രേക്ഷകര്‍ക്കിഷ്ടപ്പെടുന്ന തരം കുട്ടിപ്പടമായിട്ടാണോ രാ.വണ്‍ സങ്കല്‍പ്പിക്കപ്പെട്ടിരിക്കുന്നതെന്നറിയില്ല. അത്തരം സങ്കല്‍പനങ്ങളെയും ശിഥിലീകരിക്കുന്ന മുതിര്‍ന്നവരുടെ അശ്ളീല തമാശകള്‍ - യുവതിയുടെ ഇറക്കി വെട്ടിയ ബ്ളൌസിനുള്ളിലെ മാറിടത്തിനിടയില്‍ താക്കോല്‍ തിരയുന്ന നായകന്‍; നായകന്റെ ദേഹപരിശോധന ചെയ്യുമ്പോള്‍ ഇക്കിളി കൊള്ളുന്ന സ്വവര്‍ഗാനുരാഗിയായ പോലീസുകാരന്‍; ഷാറൂഖിന്റെ മനുഷ്യ കഥാപാത്രമായ ശേഖര്‍ സുബ്രഹ്മണ്യന്‍ കൊഞ്ചം കൊഞ്ചം(കുറച്ചു കുറച്ച്) എന്ന് തമിഴില്‍ പറയുന്നതു കേട്ട് അയാളുടെ ഭാര്യ സോണിയ(കരീനാ കപൂര്‍) കോണ്ടം കോണ്ടം (ഗര്‍ഭനിരോധന ഉറ) എന്ന് ഉച്ചരിക്കുന്നത് - തിയറ്ററില്‍ സൃഷ്ടിക്കുന്ന ആരവങ്ങള്‍ ചിത്രത്തിന്റെ കുട്ടി പ്രേക്ഷകരെ എന്തിനാണ് പ്രേരിപ്പിക്കുക എന്ന് കണ്ടറിയണം. ഇതര ഭാഷകളെ വികലമായും വികൃതമായും അനുകരിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന നര്‍മരംഗങ്ങള്‍, ഇന്ത്യന്‍ ദേശീയോദ്ഗ്രഥന സങ്കല്‍പങ്ങള്‍ക്ക് വിരുദ്ധമാണെന്നത് മനസ്സിലാക്കാന്‍ മാത്രം വിവരമുള്ളവര്‍ സെന്‍സര്‍ ബോര്‍ഡിലിരിക്കുമെന്ന് പ്രതീക്ഷിക്കാനും വയ്യ!
ഇതൊക്കെയാണെങ്കിലും, അതീവവേഗത്തിലും പ്രവചനാതീതമാം വണ്ണവും മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ സിനിമാ കമ്പോളത്തിന്റെ ചില സവിശേഷതകള്‍ ഈ ചിത്രത്തെ മുന്‍നിര്‍ത്തി വിശകലനം ചെയ്യുന്നത് സിനിമയുടെ സാമ്പത്തിക ശാസ്ത്രം പഠിക്കുന്നവര്‍ക്ക് ഉപകാരപ്പെടും. സിനിമയുടെ സൌന്ദര്യശാസ്ത്രം രൂപപ്പെട്ടോ എന്നത് സംശയകരമാണെങ്കിലും സിനിമയുടെ സാമ്പത്തികശാസ്ത്രം രൂപപ്പെട്ടിട്ടുണ്ടെന്ന നിരീക്ഷണം പ്രസക്തമാണല്ലോ. നേരത്തെ സൂചിപ്പിച്ചതു പോലെ, ബോളിവുഡില്‍ നാളിതുവരെയിറങ്ങിയ സിനിമകളില്‍ വെച്ചേറ്റവും ചെലവേറിയ സിനിമ തന്നെയാണ് രാ.വണ്‍. ഇരുപതോളം ബ്രാന്റുകളുടെ അംബാസഡറായി ഷാറൂഖ് ഖാന്‍ ഈ ചിത്രത്തിന്റെ പ്രചാരണത്തിനു വേണ്ടി കരാര്‍ ചെയ്യപ്പെട്ടു. പരസ്പരപൂരിതമായ വിപണന-പരസ്യ ബഹളങ്ങളാല്‍ ഈ ബ്രാന്റുകളും സിനിമയും ഒരേ സമയം പ്രചരിപ്പിക്കപ്പെടുന്നു. ആരുടെ വിജയം ആര്‍ക്കൊക്കെ ഗുണപരമാവും എന്നും ഏതിന്റെയൊക്കെ പരാജയം മറ്റുള്ളവരെ പടുകുഴിയിലെത്തിക്കും എന്നും പിന്നീട് വിശകലനം ചെയ്യാവുന്നതാണ്.
മേഖലകള്‍ തിരിച്ചുള്ള വിതരണത്തിനുള്ള മുന്‍കൂറായുള്ള കരാറുകളില്‍ രാ.വണ്‍ എല്ലാ മുന്‍ ഹിറ്റുകളെയും കവച്ചു വെച്ചിരിക്കുന്നു. ഉദാഹരണത്തിന്; നാഗ്പൂര്‍, ജബല്‍പൂര്‍ തുടങ്ങിയ പ്രദേശങ്ങളുള്‍പ്പെടുന്ന മധ്യപ്രോവിന്‍സില്‍ രാ.വണ്‍ വിറ്റിരിക്കുന്നത് അഞ്ചു കോടി രൂപക്കാണ്. സല്‍മാന്‍ ഖാനും കരീനാ കപൂറും അഭിനയിച്ച സമീപകാല ഹിറ്റ് ബോഡിഗാര്‍ഡ്(അതേ പേരിലുള്ള മലയാള സിനിമയുടെ മൊഴിമാറ്റം/സിദ്ദീഖ്/2011) 2.7 കോടി രൂപക്കാണ് ഈ ഏരിയയില്‍ വിറ്റുപോയത്.
അവതാറില്‍ 2700 വിഎഫ്എക്സ് ഷോട്ടുകള്‍ മാത്രമാണുണ്ടായിരുന്നതെങ്കില്‍ രാ.വണ്ണില്‍ 3500 ഷോട്ടുകളുണ്ടെന്ന വീരവാദം, വിഎഫ്എക്സ് സ്റുഡിയോക്ക് ഇനി കൂടുതല്‍ പണി കിട്ടുമോ എന്ന പ്രതീക്ഷയിലാണ് വ്യവസായം ഉറ്റുനോക്കുന്നത്. എണ്ണം കൂടുതലുണ്ടെന്ന് അഹങ്കരിച്ചതു കൊണ്ടെന്തു കാര്യം! നിലവാരത്തില്‍ ഈ വിഷ്വല്‍ ഇഫക്ട്സ് എല്ലാം പരിതാപകരമായ നനഞ്ഞ പടക്കങ്ങളായി പരിണമിക്കുന്നു എന്നത് മറ്റൊരു യാഥാര്‍ത്ഥ്യവും. ചിത്രത്തിന്റെ സാറ്റലൈറ്റവകാശം, സ്റാര്‍ ടെലിവിഷന്‍ മുപ്പത്തഞ്ചു കോടി രൂപക്കാണ് വാങ്ങിയത്. എന്നാല്‍, ആ റെക്കോഡ് ഇതിനകം തകര്‍ന്നു കഴിഞ്ഞു. ഋത്വിക് റോഷന്‍ അഭിനയിക്കുന്ന അഗ്നീപഥി(അതേ പേരില്‍, അമിതാബ് ബച്ചന്‍ അഭിനയിച്ച് 1990ലിറങ്ങിയ സിനിമയുടെ റീമേക്ക്/കരണ്‍ മല്‍ഹോത്ര/2012)ന്റെ സാറ്റലൈറ്റവകാശം 41 കോടി രൂപക്കാണ് സീ ടി വിക്കു വേണ്ടി ഒരു ഇടനിലക്കമ്പനി വാങ്ങിയിരിക്കുന്നത്. ഇത്, സാധാരണ ഗതിയില്‍ നടക്കുന്ന വാണിജ്യത്തിന്റെ രണ്ടിരട്ടി വരുന്ന തുകയാണത്രെ. ഇതു വഴി, സിനിമയുടെ ആകെ മുതല്‍മുടക്കിന്റെ അറുപതു ശതമാനത്തോളം തുക റിലീസിനു മുമ്പു തന്നെ തിരിച്ചു പിടിക്കാന്‍ കഴിയുമെന്നതാണ് നിര്‍മാതാക്കളെ സംബന്ധിച്ചിടത്തോളം അനുകൂലമായ ഘടകം. സാധാരണയായി, മുതല്‍മുടക്കിന്റെ നാല്‍പതു ശതമാനത്തോളം മാത്രം വരുന്ന തുകക്കാണ് സാറ്റലൈറ്റവകാശം വില്‍ക്കപ്പെടാറുള്ളതെന്നിരിക്കെ, അതിലും മാറ്റങ്ങള്‍ വ്യവസായത്തിനനുകൂലമായി സംഭവിച്ചിരിക്കുകയാണ്. ഇന്‍ര്‍നെറ്റ്, വയര്‍ലെസ്, വീഡിയോ ഓണ്‍ ഡിമാന്റ് തുടങ്ങിയ വില്‍പന മേഖലകളിലും സമാനമായ രീതിയില്‍ അസൂയാവഹമായ സംഖ്യകള്‍ ലഭിക്കുന്ന വിധത്തിലുള്ള വില്‍പന സാധ്യതകള്‍ സമീപകാലത്തു തന്നെ പ്രതീക്ഷിക്കപ്പെടുന്നുണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട് ചെയ്യുന്നത്.
വീഡിയോ ഗെയിം മേഖലയിലേക്ക് വന്‍തോതില്‍ പ്രവേശിച്ചിരിക്കുന്ന ആദ്യ സിനിമയാണ് രാ.വണ്‍. സോണിയുടെ ഉടമസ്ഥതയിലുള്ള പ്ളേസ്റേഷനുമായി ആദ്യമായി കരാറിലേര്‍പ്പെട്ട ഹിന്ദി സിനിമയുമാണ് രാ.വണ്‍. രാ.വണ്‍ ദ ഗെയിം എന്ന പേരില്‍ ഒരു മില്യണ്‍ ഡോളര്‍ ചെലവില്‍ ഒരു കളി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിന്റെ വിജയം കണ്ടറിയേണ്ടിയിരിക്കുന്നു. കളിപ്പാട്ടങ്ങള്‍, സ്കൂള്‍ ഉത്പന്നങ്ങള്‍, വസ്ത്രങ്ങള്‍, തൊപ്പികള്‍, സോളാര്‍ ഊര്‍ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ചാര്‍ജറുകള്‍, ഹാന്റികാമുകള്‍, നെറ്റ്ബുക്കുകളും ടാബ്ലറ്റുകളും എന്നിവയൊക്കെ രാ.വണ്‍ ബ്രാന്റില്‍ ഇറക്കാന്‍ പദ്ധതിയുണ്ടെങ്കിലും ചിത്രത്തിന്റെ വിജയമനുസരിച്ചായിരിക്കും ഈ കച്ചവടത്തിന്റെയും ഭാവി.
ബുദ്ധിമാന്ദ്യം സംഭവിച്ച മുതിര്‍ന്ന പുരുഷന്മാരുടേത് പോലെയാണ് യന്ത്രമനുഷ്യന്റെ ശരീര-മുഖ ചലനങ്ങളെന്നാണ് ഷാറൂഖ് ഖാന്‍ വിചാരിച്ചിരിക്കുന്നതെന്ന് തോന്നുന്നു. മൈ നെയിം ഈസ് ഖാന്റെ ബാധ വിട്ടു പോവാത്തതാവാനും വഴിയുണ്ട്. എഴുപതുകളിലെയും എണ്‍പതുകളിലെയും രോഷാകുലരായ ഇന്ത്യന്‍ യുവതയെ കഥാപാത്രവത്ക്കരിച്ച അമിതാബ് ബച്ചന്റേതിന് സമാനമായ ഒരു സമകാലികത ഷാറൂഖിന്റെ പരിണാമത്തിലുമുണ്ടെന്നാണ് നമ്രത ജോഷി നിരീക്ഷിക്കുന്നത്(ഔട്ട്ലുക്ക്/24 ഒക്ടോബര്‍ 2011). നവ ഉദാരവത്ക്കരണകാലത്തെ ഉയര്‍ന്ന തോതിലുള്ള വ്യക്തിഗത അതിമോഹങ്ങളുടെയും അവകാശവാദങ്ങളുടെയും മികച്ചതായി തോന്നിപ്പിക്കുന്ന അനുഭവങ്ങളുടെയും സംയുക്തമായ, വിശ്രമമില്ലാത്ത ആത്മാവിന്റെ സമൂര്‍ത്തരൂപമായിരിക്കും രാ.വണ്‍. പക്ഷെ, ഉപഭോഗത്തിന് ഒരു ബ്രാന്റ് അംബാസഡര്‍ ആവശ്യമില്ലാത്തവിധത്തില്‍ അതുമായി ഇന്ത്യന്‍ നഗര സമൂഹം പരിചയപ്പെട്ടു കഴിഞ്ഞു.
കൊലപാതകിയുടെയും പ്രതിനായകന്റെയും വേഷങ്ങള്‍ ചെയ്തുകൊണ്ട് ദര്‍, ബാസിഗര്‍ എന്നീ ചിത്രങ്ങളിലൂടെയാണ് ഷാറൂഖ് ജനപ്രിയനായത്. പ്രതിനായകസ്വഭാവത്തിനോട് കാഴ്ചക്കാര്‍ക്ക് പ്രതിപത്തി തോന്നുന്ന പ്രതിഭാസം ശ്രദ്ധേയമാണ്. രജനീകാന്ത്, മോഹന്‍ലാല്‍ എന്നീ സൂപ്പര്‍താരങ്ങളും വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിക്കൊണ്ടാണ് താരപദവിയിലേക്ക് നടന്നുകയറിയത് എന്നതോര്‍ക്കുക. പ്രവാസികളായ ഉത്തരേന്ത്യക്കാരുടെ താദാത്മ്യവല്‍ക്കരണത്തിന് ഇടം ലഭിച്ചതടക്കമുള്ള നിരവധി ചിത്രങ്ങളിലൂടെ (ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ, പര്‍ദേശ്, ദില്‍ തോ പാഗല്‍ ഹേ, കുച്ച് കുച്ച് ഹോത്താ ഹേ, മൊഹബ്ബത്തേന്‍, കഭി ഖുശി കഭി ഗം, ദേവ്ദാസ്, സ്വദേശ്, വീര്‍സാറ, ദില്‍സേ, കഭി അല്‍വിദാ നാ കെഹ്നാ, ഓം ശാന്തി ഓം, കരണ്‍ അര്‍ജുന്‍, രബ്നേ ബനാ ദി ജോഡി, ചക്ക്ദേ ഇന്ത്യ, മൈ നെയിം ഈസ് ഖാന്‍) ഷാറൂഖ് കഴിഞ്ഞ ദശകത്തിന്റെ താരപദവി ഉറപ്പിച്ചെടുത്തു. പക്ഷെ, എവിടേക്കാണ്‍ ഷാറൂഖ് ഇനി യാത്രയാകുക? പ്രതിനായകനില്‍ നിന്ന് കൂടുമാറി; നമ്മുടെ കൂട്ടത്തിലൊരാള്‍(ബോയ് ഇന്‍ ദ നെക്സ്റ് ഡോര്‍) ഇമേജില്‍ നിന്നു പരിണമിച്ച്; അതിശക്തിമാനായ സൂപ്പര്‍ ഹീറോയായി മാറാന്‍ ശ്രമിക്കുമ്പോള്‍ കോമാളിയായി നിലംപതിക്കുന്നതിനാല്‍ പുതിയ ആരാധകരെ കണ്ടെത്താന്‍ അദ്ദേഹത്തിന് സാധ്യമാവുമോ?
*
ജി പി രാമചന്ദ്രന്‍
Thursday, November 17, 2011
Subscribe to:
Post Comments (Atom)
1 comment:
വീരവാദങ്ങളോടെ ദീവാളി റിലീസായി തിയേറ്ററുകളിലെത്തിയ രാ.വണ്‍ എന്ന ഹിന്ദി സിനിമ ചീറ്റിപ്പോയ പടക്കം മാത്രമാണെന്നതിന്, ആവേശഭരിതരായി ഹാളിനകത്തേക്ക് ഇരച്ചു കയറുകയും നിരാശാഭരിതരായി പുറത്തിറങ്ങിപ്പോരുകയും ചെയ്യുന്ന പ്രേക്ഷകര്‍ തന്നെയാണ് മുഖ്യ സാക്ഷ്യം. മുതല്‍മുടക്കിന്റെ കാര്യത്തില്‍ ഇന്ത്യന്‍ സിനിമകളുടെ പൂര്‍വകാല റെക്കോഡ് തകര്‍ത്തതായി റിപ്പോര്‍ട് ചെയ്യപ്പെട്ട രാ.വണ്‍ 175 കോടി രൂപ ചെലവാക്കിയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയതത്രെ. ഇതിനു മുമ്പുള്ള റെക്കോഡ് രജനീകാന്തിന്റെ എന്തിര(ഷങ്കര്‍/2010)ന്റേതായിരുന്നു. 162 കോടി രൂപ ചിലവിട്ടാണ് എന്തിരന്‍ നിര്‍മിച്ചത് എന്നായിരുന്നു അക്കാലത്തെ വാര്‍ത്തകള്‍ സൂചിപ്പിച്ചത്. ഈ കണക്കുകള്‍ പലതും ഊതിപ്പെരുപ്പിച്ചതോ ഊഹാപോഹമോ ആയിരിക്കാന്‍ സാധ്യതയുള്ളതു കൊണ്ട് അതില്‍ വലിയ വിശ്വാസം അര്‍പ്പിക്കുകയും വേണ്ട. ലോകമെമ്പാടുമായി അയ്യായിരം തിരശ്ശീലകളിലാണത്രെ രാ.വണ്‍ റിലീസ് ചെയ്തത്. ഇതില്‍ അറുനൂറെണ്ണം ത്രീ ഡി പതിപ്പുകളായിരുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ വീണ്ടുമാരംഭിച്ച ഹോളിവുഡ് ത്രീ ഡി തരംഗത്തിന്റെ ചുവടു പിടിച്ച്; ബോളിവുഡിനും ത്രീ ഡി കമ്പോളം തുറക്കാനാവുമെന്ന് തെളിയിച്ചുകൊണ്ടാണ് രാ.വണ്‍ ത്രീ ഡി പതിപ്പുകള്‍ വ്യാപകമായി ഇറക്കിയതെങ്കിലും ഭാവനാവൈകൃതം കൊണ്ട് വികലമായ ഈ സിനിമ ഇത്തരം പ്രതീക്ഷകളെ തുടക്കത്തില്‍ തന്നെ തല്ലിക്കെടുത്തുകയാണോ ഫലത്തില്‍ ചെയ്യുക എന്ന് കാത്തിരുന്നു കാണാം.
Post a Comment