Monday, November 7, 2011

നന്മ കൊണ്ട് ബോറടിച്ചവര്‍

കഴിഞ്ഞ നാലഞ്ചു വര്‍ഷമായി നോമ്പുകാലത്തായിരുന്നു ഓണം എന്നതിനാല്‍, മലയാള സിനിമയുടെ വിളവെടുപ്പു സീസണാഘോഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. 2011ല്‍ സ്ഥിതി മാറി. മുസ്ളിങ്ങള്‍ പൊതുവെ യാഥാസ്ഥിതികരും മതമൌലികവാദികളുമാണെന്നും അതിനാല്‍, ആധുനിക മാധ്യമമായ സിനിമയോടവര്‍ക്ക് വിരോധമാണെന്നും ഒരു ഭാഗത്ത് ആക്ഷേപിക്കുകയും; മറു ഭാഗത്ത്, മൃദു ഹിന്ദുത്വ പൊതുബോധത്തിന് കീഴ്പെട്ടുകൊണ്ട് മുസ്ളിങ്ങളെ പൈശാചികവത്ക്കരിക്കുന്ന രീതിയിലുള്ള ഇതിവൃത്ത-ആഖ്യാന പദ്ധതികള്‍ നിരന്തരമായി ആവര്‍ത്തിക്കുകയും ചെയ്യുന്ന മലയാളത്തിലെ മുഖ്യധാരാ സിനിമയുടെ പ്രധാനപ്പെട്ട പ്രേക്ഷകര്‍ മുസ്ളിങ്ങള്‍ തന്നെയാണെന്ന കാര്യം, നോമ്പുകാലത്ത് സിനിമ റിലീസ് ചെയ്താല്‍ കലക്ഷന്‍ കുറവായിരിക്കും എന്ന വസ്തുതയിലൂടെ കൃത്യമായി വെളിവാക്കപ്പെട്ട സീസണുകളാണ് കടന്നു പോയത്. എന്നാല്‍, ചെറിയ പെരുന്നാളിന് ശേഷം ഓണം വന്നപ്പോഴും കേരളത്തിലെ സിനിമാവ്യവസായത്തിന് അതിന്റെ ഗുണം പൂര്‍ണതോതില്‍ മുതലെടുക്കാനായില്ല.

കേരളത്തിലെ 130ലധികം തിയറ്ററുകള്‍ ഓണക്കാലത്ത് അടഞ്ഞു കിടന്നു. കേരള സിനി എക്സിബിറ്റേഴ്സ് അസോസിയേഷനിലംഗത്വമെടുത്ത ബി ക്ളാസ് തിയറ്ററുകളാണ് അടഞ്ഞു കിടന്നത്. വടക്കാഞ്ചേരി, പട്ടാമ്പി, ഒറ്റപ്പാലം പോലുള്ള പട്ടണങ്ങളിലെ തിയറ്ററുകള്‍ അടഞ്ഞുകിടക്കുന്നത് ഞാന്‍ തന്നെ നേരില്‍ കാണുകയുണ്ടായി. സിനിമയുടെ ചുമതലയുള്ള മന്ത്രി കെ ബി ഗണേഷ്കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലെ ധാരണ പ്രകാരം; എ സി, ഡി ടി എസ്, കഫെറ്റേറിയ, വൃത്തിയുള്ള മൂത്രപ്പുരകള്‍ പോലുള്ള ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന ഏതു തിയറ്ററിലും റിലീസ് അനുവദിക്കുമെന്നായിരുന്നു തീരുമാനം. ഇതനുസരിച്ച്, ലക്ഷക്കണക്കിന് രൂപ മുടക്കി ഇത്തരം സംവിധാനങ്ങളേര്‍പ്പെടുത്തിയ തിയറ്ററുകള്‍ക്ക് റിലീസ് ചിത്രങ്ങള്‍ കൊടുക്കാന്‍ പാടില്ലെന്ന നിലപാടാണ് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ എടുത്തത്. ഇതിന് കാരണമായി അവര്‍ പറയുന്നത്, മലയാള സിനിമകള്‍ നിര്‍മാണമാരംഭിക്കുമ്പോള്‍ തന്നെ തങ്ങളുടെ പക്കല്‍ നിന്ന് രണ്ടും മൂന്നും അഞ്ചും ലക്ഷം രൂപ വീതം അഡ്വാന്‍സായി പിരിച്ചെടുക്കാറുണ്ടെന്നും അത് തിരിച്ചു പിടിക്കാനുള്ള ഏക അവസരം ചിത്രങ്ങള്‍ റിലീസ് ചെയ്യുമ്പോഴാണെന്നാണെന്നുമാണ്. തങ്ങളുടെ തിയറ്ററുകളില്‍ സിനിമ കാണാനെത്താറുള്ളവരുടെ വീടിനടുത്തുള്ള തിയറ്ററുകളിലും അതേ ചിത്രം റിലീസ് ചെയ്താല്‍ അവര്‍ യാത്ര ചെയ്ത് തങ്ങളുടെ എ ക്ളാസ് തിയറ്ററില്‍ വരില്ലെന്നും അതു മൂലം തങ്ങള്‍ക്ക് സംഭവിക്കുന്ന നഷ്ടം സഹിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വൈഡ് റിലീസ് അവര്‍ തടയുന്നത്.
സത്യത്തില്‍, വൈഡ് റിലീസ് മുമ്പൊരിക്കല്‍ നടപ്പിലായതാണ്. ഇത് വൈഡ് വൈഡ് റിലീസാണ്. വ്യാജ സിഡിയായും ഡൌണ്‍ലോഡിംഗ് ഡാറ്റയായും പുതിയ സിനിമകള്‍ വളരെ പെട്ടെന്ന് രൂപാന്തരം പ്രാപിക്കുന്നതിനാല്‍, വ്യാപകമായുള്ള റിലീസ് മാത്രമേ പോംവഴിയായുള്ളൂ എന്നതിനാലാണ് തങ്ങള്‍ വൈഡ് റിലീസ് ആവശ്യപ്പെടുന്നതെന്നാണ് ബി ക്ളാസുകാര്‍ പറയുന്നത്. ഏതായാലും, നൂറ്റി മുപ്പതിലധികം തിയറ്ററുകളില്‍ ഓണം റിലീസ് പോയിട്ട് ഓണക്കാലത്ത് സിനിമാപ്രദര്‍ശനം തന്നെ ഇല്ലാതായതിലൂടെ; ആനന്ദത്തിന്റെ വ്യാപനം എത്ര കണ്ട് തടയപ്പെട്ടു എന്നും വളര്‍ച്ചയുള്ളതോ അതോ വളര്‍ച്ച മുറ്റിയതോ ആയ ഒരു കലാ-വ്യവസായത്തിന്റെ നിലനില്‍പിന് ഇത്തരം വഴിമുടക്കുകള്‍ എത്ര കണ്ട് വിഘാതമുണ്ടാക്കും എന്നും പിന്നീട് വിശദമായി വിലയിരുത്താവുന്നതാണ്.

എന്നാല്‍, ഇതില്‍ നിന്ന് വ്യത്യസ്തമായി ദാരുണമായ ഒരു പ്രദര്‍ശന തടസ്സം എന്ന ദുരന്തം പാലക്കാട് നഗരകേന്ദ്രത്തിലുള്ള ഒരു എ ക്ളാസ് തിയറ്റര്‍ സമുച്ചയത്തില്‍ ഓണക്കാലത്ത് സംഭവിച്ചു. അരോമ, ന്യൂ അരോമ എന്നീ ഇരട്ട തിയറ്ററുകള്‍ രണ്ടും ഓണത്തിന് രണ്ടു മൂന്നു ദിവസങ്ങള്‍ മുമ്പ്, കൃത്യമായി പറഞ്ഞാല്‍ സപ്തംബര്‍ 5 തിങ്കളാഴ്ച മുതല്‍ അടഞ്ഞു കിടക്കുകയാണ്. കഴിഞ്ഞ വര്‍ഷം ലേബര്‍ കമ്മീഷണറുടെ മുമ്പാകെ ഉണ്ടാക്കിയ ഒത്തുതീര്‍പ്പു പ്രകാരമുള്ള വേതന വര്‍ദ്ധനവ് ലഭിക്കണം, ബോണസ് വേണം തുടങ്ങിയ ന്യായമായ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് തിയറ്ററിലെ തൊഴിലാളികള്‍ അവരുടെ അംഗീകൃത സംഘടനയായ സി ഐ ടി യുവിന്റെ നേതൃത്വത്തില്‍ ഒറ്റ ദിവസത്തെ സൂചനാ പണിമുടക്ക് നടത്തിയതിന്റെ പിറ്റേന്നു മുതല്‍ പ്രതികാര നടപടിയെന്നോണം, മാനേജ്മെന്റ് തിയറ്ററുകള്‍ ലോക് ഔട്ട് ചെയ്യുകയായിരുന്നു. ഓണക്കാലം ആ പാവം തൊഴിലാളികള്‍ക്ക് പട്ടിണിക്കാലമായി മാറി.

എന്നാല്‍, കൌതുകകരവും അത്ഭുതകരവുമായ കാര്യം അതൊന്നുമല്ല. ഈ തിയറ്ററുകളില്‍ രണ്ടിലും കളിച്ചുകൊണ്ടിരുന്നത് ഒരേ പടം തന്നെയായിരുന്നു. തല (തലൈവര്‍ അഥവാ നേതാവ് എന്നതിന്റെ ചുരുക്കം) എന്ന ഓമനപ്പേരുള്ള തമിഴ് സൂപ്പര്‍ താരം അജിത്തിന്റെ അമ്പതാമത് ചിത്രമായ മങ്കാത്ത എന്ന ഹിറ്റ് സിനിമയായിരുന്നു അരോമയിലും ന്യൂ അരോമയിലും ഹൌസ് ഫുള്ളായി ഓടിക്കൊണ്ടിരുന്നത്. ഓണക്കാലം; ഇതിനു മുമ്പിറങ്ങിയ നിരവധി അജിത് ചിത്രങ്ങള്‍ പൊളിഞ്ഞതിനു ശേഷം മങ്കാത്ത വമ്പിച്ച വിജയമായത് എന്നിങ്ങനെ ആഘോഷത്തിമിര്‍പ്പിലായിരുന്നു ആരാധകര്‍. അജിത്ത് ഫാന്‍സ് അസോസിയേഷന്റെ നിരവധി യൂണിറ്റുകള്‍ പാലക്കാട് നഗരത്തിലും ജില്ലയിലങ്ങോളമിങ്ങോളമായും പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെയെല്ലാം ഫ്ളക്സ് ബോര്‍ഡുകള്‍ കൊണ്ടലംകൃതമായിരുന്നു അടഞ്ഞുകിടക്കുമ്പോള്‍ ഈ രണ്ടു തിയറ്ററുകളും. ട്രേഡ് യൂണിയന്റെ തീരുമാനവും ആഹ്വാനവും പ്രകാരം സൂചനാസമരത്തിനിറങ്ങിത്തിരിച്ച തൊഴിലാളികളുടെ ഓണപ്പട്ടിണി എന്തോ ആകട്ടെ, മങ്കാത്തയില്‍ ഹരം പിടിച്ച ഫാന്‍സുകാര്‍, അടിച്ചുപൊളിക്കേണ്ട ഓണക്കാലത്ത് എന്തു ചെയ്യും? ഈ പ്രശ്നം ഒരു പക്ഷെ, പാലക്കാട്ടെ സമാധാനജീവിതം തന്നെ തകര്‍ത്തേനെ. എന്നാല്‍ അത്യത്ഭുതകരമെന്നോണം, മറ്റൊരു സിനിമ കളിച്ചുകൊണ്ടിരുന്ന സത്യ തിയറ്ററില്‍ അതു വെട്ടി മാറ്റി മങ്കാത്ത കളിക്കാന്‍ തുടങ്ങിയതോടെ എല്ലാവര്‍ക്കും ആശ്വാസമായി. യാതൊരു നിയമത്തിനും വിധേയമല്ല(സ്ട്രിക്റ്റ്ലി നോ റൂള്‍സ്) എന്ന വിശേഷണ വാചകം പോസ്ററില്‍ തന്നെ എഴുതിപ്പിടിപ്പിച്ചാണ് മങ്കാത്ത ഇറങ്ങിയിരിക്കുന്നതെന്നതിനാല്‍, സൂചനാ സമരം നടത്തിയെന്നതിന്റെ പേരില്‍ തിയറ്റര്‍ പൊടുന്നനെ അടച്ചു പൂട്ടിയതും നിയമത്തെ കണക്കിലെടുക്കാതെയാണ്.

ആധുനിക കേരള സമൂഹ രൂപീകരണത്തില്‍ മറ്റു നിരവധി പ്രസ്ഥാനങ്ങളെയും ആശയങ്ങളെയും പോലെ, നിര്‍ണായകമായ പങ്കു വഹിച്ച മഹത്തായ ചരിത്രമുള്ള ഒന്നാണ് ട്രേഡ് യൂണിയനുകള്‍. ആ ട്രേഡ് യൂണിയനുകളിലൊന്നിന്റെ പ്രതിഷേധത്തിനും പണിമുടക്കിനും യാതൊരു വിലയും മുതലാളിമാരും സര്‍ക്കാരും പത്രങ്ങളും സാമാന്യ ജനങ്ങളും കല്‍പ്പിക്കുന്നില്ല എന്ന കാര്യം, അരോമ/ന്യൂ അരോമ തിയറ്ററിലെ ലോക് ഔട്ടിനോട് ഇവിടത്തുകാര്‍ കാണിച്ച നിസ്സംഗത നേരിട്ടനുഭവിച്ച എനിക്ക് കൃത്യമായിട്ടും ബോധ്യമായി. എന്നാല്‍, തങ്ങളുടെ വീരപുരുഷന്റെ ഹരം കൊള്ളിക്കുന്ന പ്രകടനങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന മങ്കാത്തയുടെ പ്രദര്‍ശനം തടയപ്പെട്ടിരുന്നെങ്കില്‍ അജിത്ത് ഫാന്‍സ് അസോസിയേഷനുകാര്‍ കാണിച്ചേക്കാവുന്ന രോഷത്തെ നേരിടാന്‍ ഒരു പക്ഷെ ഏതൊക്കെ തരം പോലീസിനെ ഇറക്കുമതി ചെയ്യേണ്ടി വരുമായിരുന്നുവെന്ന കാര്യം തന്നെ സര്‍ക്കാരിന് തലവേദനയായേനെ. അതു വേണ്ടി വന്നില്ല. ട്രേഡ് യൂണിയന്‍ ഒന്നുമല്ലാതായി തീരുകയും ഫാന്‍സ് അസോസിയേഷന്‍ എല്ലാമെല്ലാമായി മാറുകയും ചെയ്യുന്ന തരത്തിലുള്ള ഒരു വിപരിണാമത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് പാലക്കാട്ടുകാരും കേരളീയരും ഈ സംഭവത്തിലൂടെ. ഫാന്‍സ് അസോസിയേഷന്‍കാരുടെ ജീവകാരുണ്യ മനസ്ഥിതി അതുല്യവും മുമ്പെങ്ങും കാണാത്ത വിധത്തിലുള്ളതാണെന്നും വാഴ്ത്തുന്ന ട്രാഫിക്ക്(രാജേഷ് പിള്ള/2011) അതി ഗംഭീര സിനിമയാണെന്ന് കേരളത്തിലെ എല്ലാ പത്ര മാധ്യമങ്ങളും ടെലിവിഷന്‍ ചാനലുകളും മത്സരിച്ച് കൊട്ടി ഘോഷിക്കുന്ന കാര്യവും ഇതിനോട് ചേര്‍ത്തു വായിക്കാവുന്നതാണ്.

ഫാന്‍സ് അസോസിയേഷനുകള്‍ എന്ന സാമൂഹ്യ സംഘാടനാവസ്ഥ തികച്ചും തെന്നിന്ത്യയില്‍ മാത്രം രൂപപ്പെട്ട ഒന്നാണെന്നാണ് ഇതു സംബന്ധിച്ച് അടുത്തിറങ്ങിയ ആഴത്തിലുള്ള ഗവേഷണഗ്രന്ഥമായ മെഗാസ്റാര്‍-ചിരഞ്ജീവിയും എന്‍ ടി രാമറാവുവിന് ശേഷമുള്ള തെലുങ്കു സിനിമയും(മെഗാസ്റാര്‍-ചിരഞ്ജീവി ആന്റ് തെലുഗു സിനിമ ആഫ്റ്റര്‍ എന്‍ ടി രാമറാവ്/ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ്, ന്യൂഡല്‍ഹി, 2009) എന്ന പുസ്തകത്തില്‍ പ്രസിദ്ധ ചലച്ചിത്ര സൈദ്ധാന്തികന്‍ എസ് വി ശ്രീനിവാസ് വിശദീകരിക്കുന്നത്. സംഘാടനം, സങ്കീര്‍ണത, ദര്‍ശനീയത(വിസിബിലിറ്റി) എന്നീ അവസ്ഥകളിലെല്ലാം ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ കാണാനാവാത്ത വിധത്തിലുള്ള മുന്നേറ്റം തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഫാന്‍സ് അസോസിയേഷനുകള്‍ക്കുണ്ടായിട്ടുണ്ട്. ഫാന്‍സ് അസോസിയേഷനുകളുടെ കേന്ദ്ര ബിന്ദുക്കള്‍ ആരാധനാപുരുഷന്മാരായ താരരാജാക്കന്മാര്‍ തന്നെ. ഈ സൂപ്പര്‍ താരങ്ങള്‍ തങ്ങള്‍ക്കാവശ്യമുള്ള വിധത്തില്‍ സിനിമകള്‍ സ്വയം സംവിധാനം ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്യുന്നവരാണ്. സ്റുഡിയോകളും ലാബും അടക്കം ചലച്ചിത്ര നിര്‍മാണ മേഖലയില്‍ കോടികളുടെ നിക്ഷേപമാണ് പല താരങ്ങളും നടത്തിയിരിക്കുന്നത്. നിര്‍മാണക്കമ്പനികളും വിതരണശൃംഖലകളും പ്രദര്‍ശനശാലകളും ഇവര്‍ നിയന്ത്രിക്കുകയും നേരിട്ട് നടത്തുകയും ചെയ്യുന്നു. അതിനും ശേഷം, മാധ്യമ വ്യവസായത്തിലേക്ക് കടന്നു കയറി ടെലിവിഷന്‍ ചാനലുകളിലും മറ്റും സ്വന്തമായി ഉടമസ്ഥാവകാശവും ഓഹരികളും സ്ഥാപിക്കുന്ന പ്രവണതയിലേക്കും താരങ്ങള്‍ നീങ്ങിക്കഴിഞ്ഞു.

1920കളില്‍ നിശബ്ദ സിനിമയുടെ കാലഘട്ടം മുതല്‍ക്കു തന്നെ തമിഴ്നാടിന് രസികര്‍ മണ്‍റങ്ങളുടെ അഥവാ ഫാന്‍ ക്ളബുകളുടെ പാരമ്പര്യമുണ്ടെന്നാണ് എസ് തിയൊഡോര്‍ ഭാസ്ക്കരന്‍ സ്ഥാപിക്കുന്നത്.( The Rooster Needs A Calling.THEODORE BASKARAN ഔട്ട്ലുക്ക് വാരിക മെയ് 30 2005) എഡ്ഡി പോളോയെയും എല്‍മോ ലിങ്കണെയും പോലുള്ള ഹോളിവുഡ് താരങ്ങള്‍ക്കു വരെ അക്കാലത്ത് തമിഴകത്ത് സംഘടിത ഫാന്‍സ് ഉണ്ടായിരുന്നുവെന്നാണ് ഭാസ്ക്കരന്‍ എഴുതുന്നത്. 1950കളോടെ, തമിഴകത്ത് ഫാന്‍ ക്ളബുകള്‍ രാഷ്ട്രീയത്തിലേക്കും കടന്നു കയറി. ജില്ലാ-താലൂക്ക്-ബ്ളോക്ക് തലങ്ങളില്‍ ഘടകങ്ങള്‍ രൂപീകരിച്ചു കൊണ്ട് ഇവ സജീവമായി തീര്‍ന്നു. ജനപ്രിയത കത്തി നിന്നിരുന്ന കാലത്ത്, ശിവാജി ഗണേശന്റെ പേരില്‍ മൂവ്വായിരത്തിലധികം ഫാന്‍സ് അസോസിയേഷനുകളാണുണ്ടായിരുന്നത്. ശിവാജി രസികന്‍ എന്ന പേരില്‍ ഇവര്‍ക്കൊരു മുഖമാസികയുമുണ്ടായിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി എന്നീ മലയാളം സൂപ്പര്‍ താരങ്ങളുടെ പേരില്‍ ഇപ്പോഴും ഇത്തരത്തില്‍ ഫാന്‍സ്-മുഖമാസികകള്‍ പ്രസിദ്ധീകരിച്ചു വരുന്നുണ്ട്(കേരളം നടന്ന് തമിഴ്നാടിനൊപ്പം എത്തുന്നതേ ഉള്ളൂ ഇക്കാര്യത്തില്‍!).

എം ജി ആറിന്റെ കഥ സ്വല്‍പം വ്യത്യസ്തമാണ്. ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ജനപ്രിയതയും ജനകീയതയും വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി ബോധപൂര്‍വ്വമാണ് എം ജി ആറിനെ നായകതാരമാക്കി കൊണ്ടുള്ള ഇതിവൃത്തങ്ങളും ആഖ്യാനങ്ങളും അക്കാലത്ത് തിരക്കഥാ രചനയില്‍ സജീവമായിരുന്ന കരുണാനിധി തന്നെ സൃഷ്ടിച്ചെടുത്തത്. ഇതിന്റെ സമഗ്രമായ പഠനമാണ് എം എസ് എസ് പാണ്ഡ്യന്‍ എഴുതിയ ബിംബക്കെണി-എം ജി രാമചന്ദ്രന്‍ സിനിമയിലും രാഷ്ട്രീയത്തിലും(ഇമേജ് ട്രാപ്പ്- എം ജി രാമചന്ദ്രന്‍ ഇന്‍ സിനിമ ആന്റ് പൊളിറ്റിക്സ്-സേജ്, ന്യൂഡല്‍ഹി, 1992) എന്ന പഠനഗ്രന്ഥം. ശിവാജിയുടെ നായകന്മാര്‍ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്തപ്പോള്‍ എം ജി ആര്‍ നായകന്മാര്‍ അതില്‍ നിന്നൊക്കെ മാറി നിന്നു. അവര്‍ നന്മയുടെ കാവലാളുകളായിരുന്നു. രാഷ്ട്രീയത്തില്‍ എം ജി ആര്‍ വിജയവും ശിവാജി പരാജയവുമായി തീര്‍ന്നത് ഈ വൈരുദ്ധ്യം കൊണ്ടായിരിക്കാമെന്ന് പാണ്ഡ്യനെ ഉദ്ധരിച്ചുകൊണ്ട് തിയൊഡോര്‍ ഭാസ്ക്കരന്‍ സ്ഥാപിക്കുന്നു.

അരാഷ്ട്രീയത എന്ന് തെറ്റായി സ്ഥാനപ്പെടുത്തപ്പെടുന്ന പരോക്ഷ രാഷ്ട്രീയ ഘടകങ്ങളാണ് എണ്‍പതുകള്‍ക്കു ശേഷം ഫാന്‍സ് അസോസിയേഷനുകള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്. രാഷ്ട്രീയമായി രൂപപ്പെടുകയും പടര്‍ന്നു പന്തലിക്കുകയും ചെയ്ത ദ്രാവിഡപ്രസ്ഥാനത്തിന്റെ പ്രചാരണത്തിനായി രൂപപ്പെടുത്തിയെടുത്ത എം ജി ആറിന്റെ ജനപ്രിയതയുടെ വ്യാപനത്തിനായി സംഘടിപ്പിച്ച ഫാന്‍സ് അസോസിയേഷനുകള്‍ പിന്നീട് ഡി എം കെയെ പിളര്‍ത്തുന്നതിലും അണ്ണാ ഡി എം കെയുടെ സ്ഥാപനത്തിനും കാരണമായി. ഈ പിളര്‍പ്പ്, ദ്രാവിഡ പ്രസ്ഥാനത്തിന്റെ(ങ്ങളുടെ) രാഷ്ട്രീയ-ചരിത്ര-യുക്തി ബോധത്തെ തന്നെ നല്ല ഒരു പരിധി വരെ ഇല്ലായ്മ ചെയ്യുകയും ആധുനിക കാലത്തെ അരാഷ്ട്രീയമായ അധികാരപ്പോരാട്ടമാക്കി അവയെ ചുരുക്കുകയും ചെയ്തു. അതിന്റെ പരിണത ഫലങ്ങളാല്‍ കലുഷിതമാണ് തമിഴ് നാട് രാഷ്ട്രീയം എന്നതും പ്രസ്താവ്യമാണ്.

പല കാരണങ്ങളാല്‍, രാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍ നിന്ന് ഒഴിച്ചു നിര്‍ത്തപ്പെട്ട ദളിതരും ന്യൂനപക്ഷങ്ങളുമടക്കമുള്ള വിഭാഗങ്ങളാണ് മിക്കപ്പോഴും ഫാന്‍സ് അസോസിയേഷനുകളില്‍ ആവേശം കൊള്ളുന്നതെന്ന കാര്യവും സൂക്ഷ്മമായി പഠനവിധേയമാക്കേണ്ടതാണ്. ചിലയിടങ്ങളില്‍ ദളിതരും സവര്‍ണരും പ്രത്യേകം പ്രത്യേകം ചിരഞ്ജീവി ഫാന്‍സ് അസോസിയേഷനുകള്‍ രൂപീകരിച്ച് പരസ്പരം മല്ലടിക്കുന്ന കാര്യവും ശ്രീനിവാസ് കണ്ടെത്തുന്നുണ്ട്. അയല്‍പക്കങ്ങളില്‍ നിന്നും പരിചയക്കാരില്‍ നിന്നും മര്യാദ നിറഞ്ഞ ആദരവ് പിടിച്ചുപറ്റുന്നതിനുള്ള ഒരു കുറുക്കുവഴിയായും ഫാന്‍സ് അസോസിയേഷന്‍ അംഗത്വം/നേതൃത്വം ഉപയോഗിക്കപ്പെടുന്നുണ്ട്. ഫാന്‍സ് അസോസിയേഷനുകള്‍ സ്ഥാപിക്കുന്ന പല ഫ്ളക്സുകളിലും കമ്മിറ്റി ഭാരവാഹികളുടെ ഫോട്ടോകളും സ്ഥാനം പിടിക്കാറുള്ളത് ഈ ഉദ്ദേശ്യത്തോടെയാണ്. നഗരങ്ങളിലെ ചേരികളില്‍ തിങ്ങിപ്പാര്‍ക്കുന്ന ദരിദ്രരും അധികാരസ്ഥാപനങ്ങളുമായുള്ള ഇടനിലക്കാരുടെ റോളുകള്‍ ഇത്തരം ഫാന്‍സ് അസോസിയേഷനുകള്‍ വഹിക്കുന്നുണ്ടെന്ന് ശ്രീനിവാസ് വിശദീകരിക്കുന്നു. തിരുവനന്തപുരത്തെ പ്രധാന ചേരിപ്രദേശമായ ചെങ്കല്‍ ചൂളയില്‍, ദരിദ്രര്‍ തിങ്ങിപ്പാര്‍ക്കുന്ന കുടിലുകളെക്കാളും വലുപ്പത്തില്‍ ഭീമാകാരമായ ഫ്ളക്സുകള്‍ താരരാജാക്കന്മാരുടെ വര്‍ണാഭമായ ചിത്രങ്ങളോടു കൂടി സ്ഥാപിക്കപ്പെട്ടത് ശ്രദ്ധിക്കുക.

സാമൂഹ്യവും സാമ്പത്തികവുമായ ഉച്ചനീചത്വങ്ങളില്‍ നിന്നും അസമത്വങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള ത്വര തന്നെയാണ് ഫാന്‍സ് അസോസിയേഷനുകളുടെ പൊന്തിവരലുകളിലും ബഹിര്‍സ്ഫുരിക്കുന്നത്. അതേ സമയം ആരാധകരെല്ലാം(ഫാന്‍സ്) തന്നെ സിനിമാപ്രേമികളുമാണ്. അതായത്, സിനിമ തന്നെയാണ് അവരെ ആരാധകസംഘങ്ങളുണ്ടാക്കുന്നതിന് പ്രാഥമികമായി പ്രേരിപ്പിക്കുന്നത്. സിനിമയോടുള്ള ഇഷ്ടങ്ങള്‍ പലരും സ്വകാര്യതയില്‍ ഒളിപ്പിക്കുമ്പോള്‍, തെന്നിന്ത്യയിലെ ഫാന്‍സുകാര്‍ അത് ബഹളമയമായി പരസ്യപ്പെടുത്തുന്നു. അവര്‍ ജാള്യതകളില്ലാതെ തങ്ങള്‍ക്കിഷ്ടപ്പെട്ട സിനിമകള്‍ ആവര്‍ത്തിച്ചു കാണുന്നു. പല കാരണങ്ങളാല്‍ അടക്കിവെക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട അഭിവാഞ്ഛകളും വിദ്വേഷങ്ങളും സിനിമാഹാളിനകത്ത് അവര്‍ തുറന്ന് പ്രകടിപ്പിക്കുന്നു. അതോടൊപ്പം, സിനിമകളോടുള്ള ആസക്തിയെ സിനിമാഹാളുകള്‍ക്കകത്തു നിന്നും മറ്റ് സ്ഥലങ്ങളിലേക്കാകെയുമായി അവര്‍ വ്യാപിപ്പിക്കുകയും ചെയ്യുന്നു.

സിനിമ-സമൂഹം-രാഷ്ട്രീയം എന്ന ബന്ധത്രികോണത്തിന്റെ അടിസ്ഥാനമിരിക്കുന്നത് സിനിമകളിലോരോന്നിലും മൊത്തം സിനിമകളിലായുമാണ്. സിനിമകളില്‍ രാജഭക്തിയും നാടുവാഴിത്താഭിനിവേശവും സ്ത്രീവിരുദ്ധതയും അടക്കമുള്ള ആശയങ്ങള്‍ എപ്രകാരമാണോ അവതരിപ്പിക്കപ്പെടുന്നതെന്നത് അപ്രകാരം, സാമാന്യജനത്തെ സ്വാധീനിക്കുമെന്നതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തങ്ങളായി തെന്നിന്ത്യയിലെ ഫാന്‍സ് അസോസിയേഷനുകളും ഫാന്‍സ് അസോസിയേഷനുകളിലൂടെ വ്യാപിച്ച് സമൂഹമാകെയും മാറിത്തീരുന്ന ചരിത്രം തമിഴ് നാടിലും ആന്ധ്രാപ്രദേശിലും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയാണ്. അധസ്ഥിതരുടെയും ശബ്ദമുയര്‍ത്താന്‍ സാധിക്കാത്തവരുടെയും പക്കല്‍ നിന്ന് നൂറ്റാണ്ടുകള്‍ കൊണ്ട് വസൂലാക്കിയ നികുതിപ്പണം സൂക്ഷിക്കപ്പെട്ടിട്ടുള്ള ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകള്‍ അധികാരമൊന്നുമില്ലാത്ത രാജാവിനും കുടുംബത്തിനും സ്വന്തമാണെന്ന അഭിപ്രായഗതി കേരളത്തിലടക്കം വ്യാപകമായി വേരു പിടിക്കുന്നതിനു പിന്നില്‍, തുരു തുരാ ഇറങ്ങിക്കൊണ്ടിരിക്കുന്ന രാജ-ക്ഷത്രിയ-ബ്രാഹ്മണ വാഴ്ത്തല്‍ സിനിമകള്‍ കൂടി പങ്കു വഹിച്ചിട്ടുണ്ടെന്ന കാര്യം ആലോചിച്ചാലറിയാം.

നാനും എവ്വളവു നാള്‍ താന്‍ നല്ലവനാവേ നടിക്കറത്? (ഞാന്‍ എത്ര നാള്‍ നല്ലവനായി അഭിനയിച്ചുകൊണ്ടിരിക്കും?) എന്ന ചോദ്യമുന്നയിച്ചു കൊണ്ട്, പരിപൂര്‍ണ വില്ലനായി അജിത്ത് വിലസുന്ന പുതുമയുള്ള ആവിഷ്ക്കാരമാണ് മങ്കാത്തയുടേത്. ചെന്നൈ 600028, സരോജ, ഗോവ തുടങ്ങിയ വ്യത്യസ്തമായ കച്ചവടസിനിമകള്‍ സംവിധാനം ചെയ്ത വെങ്കട് പ്രഭുവിന്റെ പുതിയ കളി (എ ഗെയിം ബൈ വെങ്കട് പ്രഭു)യാണ് മങ്കാത്ത. പോസ്ററുകളില്‍ നിറഞ്ഞു നില്‍ക്കുന്ന അജിത്തും ആക്ഷന്‍ കിംഗായ അര്‍ജുനും ഒരു പോലെ വില്ലന്മാരാകുന്ന ഈ സിനിമയില്‍ നന്മയുടെ പ്രതിനിധിയായി ആരുമില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. കൊള്ളക്കാരായ മുഖ്യ കഥാപാത്രങ്ങളെ ആദര്‍ശവത്ക്കരിക്കുകയും മഹത്വവത്ക്കരിക്കുകയും ചെയ്യുന്ന തുടര്‍ ഹിന്ദി സിനിമകളായ ധൂം ഒന്നിലും രണ്ടിലും അഭിഷേക് ബച്ചന്‍ പൊലീസായി നന്മയുടെ സാന്നിദ്ധ്യം അറിയിച്ചിരുന്നു. എന്നാല്‍, പ്രേക്ഷകരുടെ പോസ്റില്‍ ഗോളടിച്ചിരുന്നത് യഥാക്രമം ജോണ്‍ ഏബ്രഹാമും ഋത്വിക് റോഷനുമായിരുന്നു എന്നു മാത്രം.

എന്നാല്‍, മങ്കാത്തയില്‍ അത്തരമൊരു ന്യായീകരണവുമില്ല. പരിപൂര്‍ണവില്ലന്‍, അതും എന്തെങ്കിലും സാമൂഹികമോ വ്യക്തിപരമോ ആയ ന്യായീകരിക്കപ്പെടാവുന്ന ആവശ്യങ്ങള്‍ക്കു വേണ്ടിയുമല്ല അജിത്ത് മോഷണവും കൊലകളും നടത്തുന്നത്. വിനായക് മഹാദേവന്‍ എന്ന പേരുള്ള അജിത്തിന്റെ പോലീസ് കഥാപാത്രം കഥ ആരംഭിക്കുമ്പോള്‍ മഹാരാഷ്ട്ര സംസ്ഥാന പോലീസില്‍ നിന്ന് സസ്പെന്റ് ചെയ്യപ്പെടുന്നു. അധോലോക നായകനായ ആറുമുഖ ചെട്ടിയാരുടെ(ജയപ്രകാശ്) മകള്‍ സഞ്ജന(തൃഷ)യുമായി പ്രണയത്തിലുമാണയാള്‍. ഐ പി എല്‍ ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട്ട വാതുവെപ്പുകള്‍ അന്വേഷിക്കാന്‍ നിയോഗിക്കപ്പെടുന്ന പൃഥ്വി (അര്‍ജുന്‍) എന്ന അസിസ്റന്റ് പോലീസ് കമ്മീഷണറാണ് മറ്റൊരു മുഖ്യ കഥാപാത്രം. വാതുവെപ്പിനായി വിദേശത്തു നിന്നെത്തുന്ന അഞ്ഞൂറു കോടി യു എസ് ഡോളര്‍ ചെട്ടിയാരുടെ കൈവശമുള്ള ഗോള്‍ഡന്‍ തിയ്യറ്ററിലാണ് സൂക്ഷിക്കുന്നത്. പഴയ മട്ടിലുള്ള ഈ തിയറ്റര്‍ കഥ നടക്കുന്ന സമയത്ത് സിനിമ പ്രദര്‍ശിപ്പിക്കാനല്ല ഉപയോഗിക്കുന്നത്; പകരം ചൂതാട്ടം നടത്തുന്നതിനാണ്. സിനിമ എന്ന വിനോദത്തിന്റെ കച്ചവട-ലാഭ സാധ്യതകള്‍ കുറഞ്ഞതിനെ തുടര്‍ന്ന് ലോകത്തിലെ പ്രധാന സിനിമാ വ്യവസായ കേന്ദ്രങ്ങളിലൊന്നായ ഇന്ത്യയിലെ നിരവധി തിയറ്ററുകളാണ് അടച്ചു പൂട്ടപ്പെട്ടിരിക്കുന്നത്. മങ്കാത്ത പോലുള്ള, പുതിയ വിജയിക്കുന്ന സിനിമയിലും അത്തരം അടച്ചു പൂട്ടലിന്റെയും മാറി ഉപയോഗിക്കുന്നതിന്റെയും സൂചനകള്‍ വരുന്നു എന്നത് ശ്രദ്ധേയമാണ്. പാലക്കാട്ടാണെങ്കില്‍, ഈ പടം കാണിക്കാന്‍ തുടങ്ങിയതോടെ പ്രധാനപ്പെട്ട ഒരു ഇരട്ടതിയറ്റര്‍ സമുച്ചയം അടച്ചു പൂട്ടപ്പെട്ടിരിക്കുകയുമാണ്. മങ്കാത്തയുടെ നേരത്തെ ഇറക്കിയ ഒരു പോസ്റര്‍, തൊഴിലാളി ദിനത്തിനാശംസകളര്‍പ്പിച്ചുകൊണ്ടായിരുന്നു എന്നത് ഇതുസംബന്ധിച്ചുള്ള വൈരുദ്ധ്യം കൂടുതല്‍ മൂര്‍ഛിപ്പിക്കുന്നു.

ചൂതാട്ടത്തിലെ മുഖ്യ വിനോദമായ ചീട്ടുകളി എന്നാണ് മങ്കാത്ത എന്ന പദത്തിന്റെ വാച്യാര്‍ത്ഥം. വിളയാടു മങ്കാത്ത (മുച്ചീട്ട് കളിക്കുവിന്‍) എന്നാണല്ലോ സിനിമയിലെ ഒരു പാട്ട് ആരംഭിക്കുന്നതു തന്നെ. സുമന്ത്, മഹത്ത്, പ്രേം, ഗണേഷ് എന്നീ ചെറുപ്പക്കാര്‍ ഈ പണം മോഷ്ടിക്കാന്‍ തീരുമാനിക്കുന്നു. വിനായകിന്റെയും ഉദ്ദേശ്യം മറ്റൊന്നല്ല. ഇവരഞ്ചു പേരും ചേര്‍ന്ന് പണം മോഷ്ടിച്ച് സൂക്ഷിക്കുന്നുണ്ടെങ്കിലും, എല്ലാ സഹായികളെയും അവരെ സഹായിക്കാനെത്തുന്ന സോന(ലക്ഷ്മി റായ്)യെയും കൊലപ്പെടുത്തി, വിനായക് പണം മുഴുവനായും കൈക്കലാക്കുന്നു. പൃഥ്വിയും അയാളും ചേര്‍ന്നുള്ള ഒരു കളിയായിരുന്നു എല്ലാം എന്നത് അവസാനം വ്യക്തമാകുകയും ചെയ്യുന്നു. നന്മ നിറഞ്ഞ കഥാപാത്രങ്ങള്‍ അന്തിമ വിജയം നേടുന്ന ആയിരക്കണക്കിന് സിനിമകള്‍ കഴിഞ്ഞ നൂറ്റാണ്ടു മുഴുവനും കണ്ട് ബോറടിച്ച പ്രേക്ഷകരെ രക്ഷപ്പെടുത്തുന്നതിനു വേണ്ടിയായിരിക്കണം പുതിയ തന്ത്രവുമായി വെങ്കട് പ്രഭു ഇറങ്ങിത്തിരിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രിയും ഡി എം കെ നേതാവും കരുണാനിധിയുടെ മകനുമായ അളഗിരിയുടെ മകന്‍ ദയാനിധി അളഗിരിയുടെ ക്ളൌഡ് നെയന്‍ മൂവീസാണ് മങ്കാത്ത നിര്‍മിച്ചിരിക്കുന്നത്. കരുണാനിധി കുടുംബത്തില്‍ തന്നെയുള്ള കലാനിധി മാരന്റെ സ്റാര്‍ മൂവീസാണ് ചിത്രം വിതരണത്തിനെടുത്തതെങ്കിലും, ഡി എം കെക്ക് സംസ്ഥാനത്തെ അധികാരം നഷ്ടമായതിനെ തുടര്‍ന്ന് ചിത്രത്തിന്റെ പ്രദര്‍ശനം അനിശ്ചിതാവസ്ഥയിലാകുകയും, അജിത് നേരിട്ട് ജയലളിതയെ സമീപിച്ച് സഹായമഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചതെന്നും പത്ര വാര്‍ത്തകളുണ്ടായിരുന്നു.

സൂപ്പര്‍ താരങ്ങള്‍ പ്രതിനായകവേഷം ചെയ്താലും പ്രേക്ഷകരുടെ പ്രത്യേകിച്ച് ഫാന്‍സുകളുടെ മനസ്സില്‍ പതിയുന്ന ബിംബമെന്തായിരിക്കും? കഥാപാത്രത്തിന്റെ ആര്‍ത്തി മഹത്വവത്ക്കരിക്കുകയും അയാളുടെ അരാജകത്വ രീതികള്‍, സൂപ്പര്‍ താരവിഗ്രഹത്തില്‍ കൂട്ടിക്കെട്ടുകയും ചെയ്യുമ്പോള്‍, അയാളുടെ നന്മ-തിന്മകളോ ധാര്‍മികതയോ ആരന്വേഷിക്കാന്‍? മുഖ്യധാരാ സിനിമ പൊതുവെയും തമിഴ് സിനിമ വിശേഷിച്ചും പതിറ്റാണ്ടുകള്‍ കൊണ്ട് ഉണ്ടാക്കിയെടുത്ത നന്മയുടെ മഹാഖ്യാനത്തിന്റെ ഭാവി എന്തായിരിക്കും എന്നാലോചിച്ച് കിടിലം കൊള്ളുകയല്ലാതെ എന്തു ചെയ്യാന്‍?

*
ജി പി രാമചന്ദ്രന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കഴിഞ്ഞ നാലഞ്ചു വര്‍ഷമായി നോമ്പുകാലത്തായിരുന്നു ഓണം എന്നതിനാല്‍, മലയാള സിനിമയുടെ വിളവെടുപ്പു സീസണാഘോഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. 2011ല്‍ സ്ഥിതി മാറി. മുസ്ളിങ്ങള്‍ പൊതുവെ യാഥാസ്ഥിതികരും മതമൌലികവാദികളുമാണെന്നും അതിനാല്‍, ആധുനിക മാധ്യമമായ സിനിമയോടവര്‍ക്ക് വിരോധമാണെന്നും ഒരു ഭാഗത്ത് ആക്ഷേപിക്കുകയും; മറു ഭാഗത്ത്, മൃദു ഹിന്ദുത്വ പൊതുബോധത്തിന് കീഴ്പെട്ടുകൊണ്ട് മുസ്ളിങ്ങളെ പൈശാചികവത്ക്കരിക്കുന്ന രീതിയിലുള്ള ഇതിവൃത്ത-ആഖ്യാന പദ്ധതികള്‍ നിരന്തരമായി ആവര്‍ത്തിക്കുകയും ചെയ്യുന്ന മലയാളത്തിലെ മുഖ്യധാരാ സിനിമയുടെ പ്രധാനപ്പെട്ട പ്രേക്ഷകര്‍ മുസ്ളിങ്ങള്‍ തന്നെയാണെന്ന കാര്യം, നോമ്പുകാലത്ത് സിനിമ റിലീസ് ചെയ്താല്‍ കലക്ഷന്‍ കുറവായിരിക്കും എന്ന വസ്തുതയിലൂടെ കൃത്യമായി വെളിവാക്കപ്പെട്ട സീസണുകളാണ് കടന്നു പോയത്. എന്നാല്‍, ചെറിയ പെരുന്നാളിന് ശേഷം ഓണം വന്നപ്പോഴും കേരളത്തിലെ സിനിമാവ്യവസായത്തിന് അതിന്റെ ഗുണം പൂര്‍ണതോതില്‍ മുതലെടുക്കാനായില്ല.