Thursday, November 3, 2011

കൊടിയ അനീതി, വിവേചനം

The rules prescribe different weight limits according to their height and age. For an 18-year-old air hostess with a height of 152 cm, the maximum weight permissible is 50 kg while air hostesses in the age group of 26 to 30 and a height of 152 cm, the weight limit is 56 kg.

തൊഴിലിടങ്ങളില്‍ പാലിക്കപ്പെടേണ്ട നിയമങ്ങളൊന്നും പാലിക്കപ്പെടാത്ത ചില സ്ഥാപനങ്ങളുണ്ട്. ഇന്ത്യയിലെ വിമാനകമ്പനികളാണ് ഇക്കാര്യത്തില്‍മുന്നില്‍ . സ്ത്രീകള്‍ക്കുമാത്രമായി കേട്ടുകേള്‍വിപോലുമില്ലാത്ത ചില നിയമങ്ങളുണ്ടിവിടെ. പലപ്പോഴും ഇതൊന്നും രേഖകളിലില്ലാത്തതാണ്. സ്ത്രീ-പുരുഷ വിവേചനം നടപ്പിലാക്കുന്ന വിമാനക്കമ്പനികളെ മൂക്കുകയറിടാന്‍ ഒരു നിയമവ്യവസ്ഥയും ഇതുവരെയും ഉണ്ടാക്കപ്പെട്ടിട്ടില്ല. സ്ത്രീയുടെ ബാഹ്യ സൗന്ദര്യമാണ് ഇവിടെ യോഗ്യത. പുറത്താരുമറിയാത്ത ചില രഹസ്യ നിയമങ്ങളും ഇന്ത്യന്‍ എയര്‍ലൈന്‍സ് പോലുള്ള വിമാനക്കമ്പനികളില്‍ ജോലിയെടുക്കുന്ന എയര്‍ഹോസ്റ്റസുമാര്‍ പാലിക്കേണ്ടതുണ്ട്. തികച്ചും അത്തരം നിയമങ്ങളില്‍ ഞെരിഞ്ഞമര്‍ന്ന് പലരും ജോലിയുപേക്ഷിച്ച് പോവുകയാണ്. വിവാഹം കഴിക്കാനോ വയസ്സ് കൂടാനോ ശരീരം വണ്ണം വെക്കാനോ പാടില്ല എന്ന നിയമം എയര്‍ഹോസ്റ്റസിനു മാത്രം ബാധകമാണ്. ലംഘിക്കപ്പെട്ടാല്‍ മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിടപ്പെടാം. ലോകമാകമാനം തൊഴില്‍നിയമങ്ങള്‍ കാലാനുസൃതമായി പരിഷ്ക്കരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിലെ മനേജ്മെന്റിന്റെ തൊഴില്‍നിയമങ്ങള്‍ ഇപ്പോഴും തുടങ്ങിയേടത്തുതന്നെനില്‍ക്കുകയാണ്. ഈ മേഖലയില്‍ തൊഴിലെടുക്കുന്ന മുപ്പതിനായിരത്തോളം തൊഴിലാളികളുണ്ട്. സ്ത്രീ തൊഴിലാളികളോടു വെച്ചു പുലര്‍ത്തുന്ന വിവേചനങ്ങള്‍ക്കെതിരെ ബന്ധപ്പെട്ടവര്‍ കണ്ണടക്കുകയാണ്. 160 യാത്രക്കാരെയും കൊണ്ടുപോയ ഷാര്‍ജാ വിമാനത്തില്‍ കോപൈലറ്റിന്റെ ക്രൂരമായ ലൈംഗിക പീഡനത്തിനരയായ എയര്‍ഹോസ്റ്റസ് കോമള്‍ സിംഗിന്റെ പരാതിയില്‍ മാനേജ്മെന്റ് തികഞ്ഞ നിസംഗത പുലര്‍ത്തുകയാണുണ്ടായത്.

മറ്റു രാജ്യങ്ങളില്‍ ലിംഗ പക്ഷഭേദമില്ലാത്ത "ഫ്ളൈറ്റ് അറ്റന്റന്‍ഡ്" എന്ന പദമുപയോഗിക്കുമ്പോള്‍ ഇന്ത്യയില്‍ എയര്‍ഹോസ്റ്റസുമാര്‍ എന്ന് തന്നെയാണ് വിളിക്കുന്നത്. എയര്‍ ഇന്ത്യ ആരംഭിച്ച 1932-മുതല്‍ക്കു തന്നെ വിവേചനങ്ങള്‍ എയര്‍ ഹോസ്റ്റസുമാര്‍ അനുഭവിച്ചുവരുന്നു. അന്നും മുപ്പത്തിയഞ്ച് വയസുവരെ മാത്രമാണ് ഈ ജോലിയില്‍ തുടരാന്‍ അനുവാദം. പുരുഷ ജോലിക്കാര്‍ക്ക് ഈ നിയമം ബാധകമല്ല. പ്രൊമോഷനുകളോ മറ്റാനുകൂല്യങ്ങളോ ഒന്നും അവര്‍ക്ക് നല്‍കുന്നില്ല. എയര്‍ഹോസ്റ്റസ് ജോലിയില്‍നിന്നും മാറ്റി മറ്റു ഓഫീസ് പണികളേല്‍പിക്കുമ്പോള്‍ പുരുഷന്മാര്‍ക്ക് തങ്ങളുടെ സേവനവൃത്തിയില്‍ 58 വയസുവരെ തുടരാം. ചോദ്യം ചെയ്യപ്പെടാത്ത വിവേചനങ്ങള്‍ ഈ മേഖലയില്‍ സ്ത്രീകള്‍ക്കു നേരിടേണ്ടിവരുന്നുണ്ട്. സുന്ദരികളായ സ്ത്രീകളുടെ സേവനം ലഭ്യമാക്കിയാല്‍ മാത്രമേ യാത്രക്കാരെ ആകര്‍ഷിക്കാന്‍ കഴിയൂ എന്ന് വിമാന കമ്പനികളുടെ മനേജ്മെന്റുകള്‍ കരുതുന്നു. സമയബന്ധിതമായ കൃത്യതപാലിക്കല്‍ , വിമാനത്തിലെ സുരക്ഷാരീതികള്‍ , സീറ്റിന്റെ സുരക്ഷിതത്വം, വൃത്തിയും വെടുപ്പും, നല്ല ഭക്ഷണവും സേവനവും, അത്യാഹിതഘട്ടങ്ങളെ അഭിമുഖീകരിക്കാനുള്ള കഴിവും പരിശീലനവും നേടിയ പരിചാരകര്‍ എന്നിങ്ങനെയുള്ള ഗുണങ്ങള്‍ക്കാണ് സാധാരണയായി യാത്രക്കാര്‍ മുന്‍ഗണന നല്‍കുക. ക്ഷമയും സഹനശക്തിയും, നര്‍മ്മബോധവും പ്രസന്ന മുഖഭാവവും വിനയവുമൊക്കെ ആവശ്യം വേണ്ടുന്ന യോഗ്യതകളാണ്. ഇതോടൊപ്പംതന്നെ കൃത്യമായ അഴകളവുകളും സുന്ദരമായ ബാഹ്യരൂപവും വേണമെന്നും ചേര്‍ത്തിരിക്കുന്നു.

രണ്ടായിരത്തി നാലില്‍ 400 ഫ്ളൈറ്റ് അറ്റന്റന്‍ഡുകളുടെ ഒഴിവിലേക്ക് 32000പേര്‍ അപേക്ഷിച്ചതില്‍ മുഖത്ത് മുഖക്കുരുവും പാടുകളുമുള്ളവരെ എയര്‍ ഇന്ത്യ തിരിച്ചയച്ചു. ശരീരവണ്ണം വര്‍ദ്ധിച്ചുവെന്നതിന്റെ പേരില്‍ സ്ത്രീതൊഴിലാളികളെ പിരിച്ചുവിടുകയുണ്ടായി. "റാമ്പില്‍ ക്യാറ്റ്വാക്ക്" നടത്തുന്ന മോഡലിന്റെ ജോലിയല്ലല്ലോ ഇത്? ഫാഷന്റെയും ഗ്ലാമറിന്റെയും പുറംമോടികള്‍കൊണ്ട് മറയ്ക്കപ്പെട്ട ഈ സ്ത്രീതൊഴിലാളികള്‍ മേലധികാരികളില്‍ നിന്നുള്ള അപമാനവും അവഗണനയും സഹിച്ച് എത്ര നാള്‍ തുടരും.

*
കെ ആര്‍ മായ ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

തൊഴിലിടങ്ങളില്‍ പാലിക്കപ്പെടേണ്ട നിയമങ്ങളൊന്നും പാലിക്കപ്പെടാത്ത ചില സ്ഥാപനങ്ങളുണ്ട്. ഇന്ത്യയിലെ വിമാനകമ്പനികളാണ് ഇക്കാര്യത്തില്‍മുന്നില്‍ . സ്ത്രീകള്‍ക്കുമാത്രമായി കേട്ടുകേള്‍വിപോലുമില്ലാത്ത ചില നിയമങ്ങളുണ്ടിവിടെ. പലപ്പോഴും ഇതൊന്നും രേഖകളിലില്ലാത്തതാണ്. സ്ത്രീ-പുരുഷ വിവേചനം നടപ്പിലാക്കുന്ന വിമാനക്കമ്പനികളെ മൂക്കുകയറിടാന്‍ ഒരു നിയമവ്യവസ്ഥയും ഇതുവരെയും ഉണ്ടാക്കപ്പെട്ടിട്ടില്ല. സ്ത്രീയുടെ ബാഹ്യ സൗന്ദര്യമാണ് ഇവിടെ യോഗ്യത.