Saturday, November 12, 2011

ന്യായാധിപ പദവി; പെരുമാറ്റസംഹിത

പൊതുജനങ്ങള്‍ അങ്ങേയറ്റം ആദരവോടെ കാണുന്ന വിഭാഗമാണ് ന്യായാധിപന്മാര്‍ . ജനാധിപത്യ വ്യവസ്ഥയില്‍ സുപ്രധാന പങ്ക് വഹിക്കുന്നവരാണ് അവര്‍ . ഒരു ജഡ്ജി ഒരിക്കലും പക്ഷപാതപരമായി പെരുമാറുകയില്ലെന്നും അനീതിക്ക് കൂട്ടുനില്‍ക്കുകയില്ലെന്നും നിഷ്പക്ഷ വിശ്വാസം ജനമനസ്സുകളില്‍ രൂഢമൂലമാണ്. ന്യായാധിപന്‍ , നീതിപതി, നീതിപീഠം തുടങ്ങിയ പദപ്രയോഗങ്ങളൊക്കെ സൂചിപ്പിക്കുന്നത് ജനങ്ങളുടെ ഈ ആദരവാണ്. ജനാധിപത്യ സംവിധാനത്തില്‍ ജുഡീഷ്യറിയുടെ കടമകള്‍ പലതാണ്. നിയമസഭകളും പാര്‍ലമെന്റും പാസാക്കുന്ന നിയമങ്ങള്‍ ഭരണഘടനാനുസൃതമാണോ എന്ന് പരിശോധിക്കാനുള്ള അധികാരം ഉയര്‍ന്ന കോടതികള്‍ക്കാണ്. നിര്‍വഹണവിഭാഗം ശരിയായ രീതിയില്‍ത്തന്നെയാണോ നിയമങ്ങള്‍ നടപ്പാക്കുന്നതെന്ന് പരിശോധിക്കേണ്ടതും കോടതിയാണ്. നിയമങ്ങളെപ്പറ്റിയുള്ള സംശയങ്ങള്‍ തീര്‍ത്ത് ശരിയായ രീതിയില്‍ വ്യാഖ്യാനിക്കേണ്ട ബാധ്യതയും കോടതികള്‍ക്കുണ്ട്. നിയമവാഴ്ച ഉറപ്പുവരുത്തല്‍ , നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണെന്ന ആശയം നടപ്പാക്കല്‍ , ഭരണഘടനയും നിലവിലുള്ള നിയമങ്ങളും പൗരന് നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കല്‍ , മനുഷ്യാവകാശങ്ങള്‍ പൗരന് ലഭ്യമാക്കല്‍ തുടങ്ങി ഒട്ടേറെ അതിഗൗരവമായ കടമകളാണ് കോടതികളില്‍ അര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. ഏറ്റവും ഫലപ്രദമായും സത്യസന്ധമായും നിഷ്പക്ഷമായും സ്വതന്ത്രമായും പ്രവര്‍ത്തിക്കുന്ന ജുഡീഷ്യറിക്കു മാത്രമേ ഈ കടമകള്‍ ശരിയായ രീതിയില്‍ നിര്‍വഹിക്കാന്‍ കഴിയുകയുള്ളൂ. അതുകൊണ്ടുതന്നെ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും അധികാരവും സംരക്ഷിക്കാനും ജുഡീഷ്യറി വഴിതെറ്റുന്നില്ലെന്ന് അതീവജാഗ്രതയോടെ ഉറപ്പുവരുത്താനുമുള്ള ഉത്തരവാദിത്തം ജനാധിപത്യവ്യവസ്ഥയിലെ അന്തിമവിധികര്‍ത്താക്കളായ പൊതുജനങ്ങള്‍ക്കുണ്ട്.

ജുഡീഷ്യറിക്ക് സ്വാതന്ത്ര്യവും അധികാരവും നല്‍കുന്നത് കേവലം ഭരണഘടനയും നിയമങ്ങളുമല്ല, ജുഡീഷ്യറിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസമാണ്. പ്രശസ്ത നിയമപണ്ഡിതനായ അലക്സാണ്ടര്‍ ഹാമില്‍ട്ടണ്‍ ഒരിക്കല്‍ പറയുകയുണ്ടായി, "ജുഡീഷ്യറിക്ക് സ്വത്തിന്‍മേലോ ആയുധങ്ങളിന്‍മേലോ ഒരു സ്വാധീനവുമില്ല. ജുഡീഷ്യറിക്ക് ആകെയുള്ളത് അതിന്റെ വിധിന്യായങ്ങള്‍ മാത്രമാണ്." ജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുകഴിഞ്ഞാല്‍ ഭരണകൂടത്തിന്റെ അധികാരശക്തികള്‍ക്ക്- പൊലീസ്, പട്ടാളം, ഉദ്യോഗസ്ഥവൃന്ദം, രാഷ്ട്രീയ അധികാരികള്‍ - ജുഡീഷ്യറിയെ എളുപ്പം തകര്‍ക്കാന്‍ കഴിയും. നമ്മുടെ അയല്‍രാജ്യങ്ങളില്‍ സംഭവിച്ചത് അതാണ്. പാകിസ്ഥാനിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും മര്‍ദിക്കുകയുമുണ്ടായി. ഒടുവില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയതോടെയാണ് പാകിസ്ഥാനിലെ കോടതികളുടെ അധികാരം പുനഃസ്ഥാപിക്കപ്പെട്ടത്. ഇന്ത്യന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ആര്‍ സി ലഹോട്ടി പറഞ്ഞതുപോലെ ജനങ്ങളുടെ വിശ്വാസവും അംഗീകാരവും ശാസനകളിലൂടെയോ അധികാരത്തിന്റെ ദണ്ഡുപയോഗിച്ചോ നേടിയെടുക്കാന്‍ കഴിയില്ല, അത് സ്വന്തം പ്രവൃത്തിയിലൂടെ നേടിയെടുക്കണം. ഈ വിശ്വാസം നേടിയെടുക്കാനാവശ്യമുള്ള സ്വഭാവഗുണങ്ങള്‍ ജഡ്ജിമാര്‍ക്കുണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്തൊക്കെയാണീ ഗുണങ്ങള്‍ ? എല്ലാ മതങ്ങളും ഏകസ്വരത്തില്‍ പറയുന്ന കാര്യം ജഡ്ജി ദൈവത്തിന്റെ ഇച്ഛ ഭൂമിയില്‍ നടപ്പാക്കുന്ന ഉപകരണമാണെന്നാണ്. ദൈവം ഏറ്റവും അധികം ഇഷ്ടപ്പെടുന്ന ആളുടെ ഗുണഗണങ്ങളെപ്പറ്റി ഭഗവദ്ഗീത ഇങ്ങനെ പറയുന്നു: "ശത്രുക്കളോടും മിത്രങ്ങളോടും ഒരുപോലെ പെരുമാറുന്നവന്‍ , മാനാപമാനങ്ങളെ ഒരുപോലെ കാണുന്നവന്‍ , ചൂടിലും തണുപ്പിലും ഒരുപോലെ, സുഖത്തിലും ദുഃഖത്തിലും ഒരുപോലെ നില്‍ക്കുന്നവന്‍ , ഒന്നിനോടും പ്രത്യേക താല്‍പ്പര്യമോ വിദ്വേഷമോ കാണിക്കാത്തവന്‍ , വിമര്‍ശവും മുഖസ്തുതിയും ഒരുപോലെ സ്വീകരിക്കുന്നവന്‍ ." ഒരു ജഡ്ജിക്കുവേണ്ട യോഗ്യതകളും ഇതുതന്നെയെന്ന് ഗീത സൂചിപ്പിക്കുന്നു. ന്യായാധിപന്മാരെ ഹൈന്ദവദാര്‍ശനികന്മാര്‍ താരതമ്യപ്പെടുത്തുന്നത് ഒരിക്കലും വാടാത്ത പൂവിനോടാണ്. ഏത് പ്രതികൂലകാലാവസ്ഥയെയും ഒരുപോലെ നേരിടാന്‍ കഴിയുന്ന വാടാത്ത പൂവ്. തത്വചിന്തകനായ സോക്രട്ടീസ് ന്യായാധിപന്മാര്‍ക്ക് നല്‍കുന്ന ഉപദേശം വളരെ പ്രസക്തമാണ്- "മര്യാദപൂര്‍വം കേള്‍ക്കുക, ബുദ്ധിപൂര്‍വം പരിഗണിക്കുക, നിഷ്പക്ഷമായി തീരുമാനിക്കുക." വിനയവും നിസ്സംഗതയും ജഡ്ജിമാര്‍ക്കുവേണ്ട അവശ്യയോഗ്യതയാണെന്നതില്‍ എല്ലാ തത്വചിന്തകരും ഒന്നിക്കുന്നു.

1997 മെയ് ഏഴിന് സുപ്രീംകോടതിയുടെ ഫുള്‍ കോര്‍ട്ട് സിറ്റിങ് അംഗീകരിക്കുകയും 1999ല്‍ എല്ലാ ഹൈക്കോടതികളുടെയും അംഗീകാരത്തോടെ പ്രഖ്യാപിക്കുകയും ചെയ്ത രേഖയില്‍ (Restatement of the values of Judicial life, 1999) പറയുന്ന ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ താഴെ ചേര്‍ക്കുന്നു.

1. നീതി നടന്നാല്‍ പോരാ, നടന്നു എന്നു തോന്നുകയും വേണം. ഉന്നതകോടതികളിലെ ജഡ്ജിമാരുടെ സ്വഭാവവും പെരുമാറ്റവും ജുഡീഷ്യറിയുടെ നിഷ്പക്ഷതയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഉറപ്പിക്കുന്നതാകണം.

2. തന്റെ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന ഏതെങ്കിലും അഭിഭാഷകനോട് ജഡ്ജി പ്രത്യേക ബന്ധം ഒഴിവാക്കണം.

3. കുടുംബത്തിലെ അടുത്ത അംഗമായ അഭിഭാഷകനെ തന്റെ മുമ്പാകെ ഹാജരാകാന്‍ അനുവദിക്കരുത്.

4. അടുത്തബന്ധുവോ സുഹൃത്തോ ഉള്‍പ്പെട്ട കേസ് കേള്‍ക്കുകയോ വിധിപറയുകയോ ചെയ്യരുത്.

5. ഒരു ജഡ്ജി പൊതുചര്‍ച്ചയില്‍ പങ്കെടുത്ത് ഏതെങ്കിലും പൊതുപ്രശ്നങ്ങളിലോ രാഷ്ട്രീയ വിഷയങ്ങളിലോ അഭിപ്രായം പരസ്യമായി പ്രകടിപ്പിക്കരുത്.

6. ജഡ്ജി മാധ്യമങ്ങളുമായി അഭിമുഖം ഒഴിവാക്കണം. തന്റെ വിധിന്യായം സ്വയം സംസാരിക്കാന്‍ വിടണം.

7. ഒരു ജഡ്ജി താന്‍ എപ്പോഴും പൊതുജനത്തിന്റെ നിരീക്ഷണത്തിലാണെന്ന് ഓര്‍ക്കണം. തന്റെ ഏതെങ്കിലും പ്രവൃത്തി മൂലമോ ചെയ്യേണ്ട കാര്യം ചെയ്യാതിരിക്കുന്നത് മൂലമോ ന്യായാധിപന്റെ ഉന്നതപദവിക്ക് പൊതുജനമധ്യത്തില്‍ ഇടിവുവരുത്താതിരിക്കാന്‍ ശ്രദ്ധിക്കണം.

എല്ലാ കാര്യങ്ങളും ഇവിടെ വിശദീകരിക്കുന്നില്ല. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും അന്തസ്സും അധികാരവും സംരക്ഷിക്കാന്‍ മതഗ്രന്ഥങ്ങളും തത്വചിന്തകന്മാരും ഉയര്‍ത്തിക്കാട്ടിയ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം. പെരുമാറ്റസംഹിതയില്‍ പറഞ്ഞ കാര്യങ്ങള്‍ കൃത്യമായി പാലിക്കപ്പെടണം. ഇവയെല്ലാം പാലിക്കപ്പെടുന്നുണ്ടെന്ന് ജനാധിപത്യവ്യവസ്ഥയിലെ പരമാധികാരികളും ഗുണഭോക്താക്കളുമായ ജനങ്ങള്‍ നിതാന്തജാഗ്രതയോടെ ഉറപ്പുവരുത്തണം.

*
അഡ്വ. ഇ കെ നാരായണന്‍ ദേശാഭിമാനി 12 നവംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പൊതുജനങ്ങള്‍ അങ്ങേയറ്റം ആദരവോടെ കാണുന്ന വിഭാഗമാണ് ന്യായാധിപന്മാര്‍ . ജനാധിപത്യ വ്യവസ്ഥയില്‍ സുപ്രധാന പങ്ക് വഹിക്കുന്നവരാണ് അവര്‍ . ഒരു ജഡ്ജി ഒരിക്കലും പക്ഷപാതപരമായി പെരുമാറുകയില്ലെന്നും അനീതിക്ക് കൂട്ടുനില്‍ക്കുകയില്ലെന്നും നിഷ്പക്ഷ വിശ്വാസം ജനമനസ്സുകളില്‍ രൂഢമൂലമാണ്. ന്യായാധിപന്‍ , നീതിപതി, നീതിപീഠം തുടങ്ങിയ പദപ്രയോഗങ്ങളൊക്കെ സൂചിപ്പിക്കുന്നത് ജനങ്ങളുടെ ഈ ആദരവാണ്. ജനാധിപത്യ സംവിധാനത്തില്‍ ജുഡീഷ്യറിയുടെ കടമകള്‍ പലതാണ്. നിയമസഭകളും പാര്‍ലമെന്റും പാസാക്കുന്ന നിയമങ്ങള്‍ ഭരണഘടനാനുസൃതമാണോ എന്ന് പരിശോധിക്കാനുള്ള അധികാരം ഉയര്‍ന്ന കോടതികള്‍ക്കാണ്. നിര്‍വഹണവിഭാഗം ശരിയായ രീതിയില്‍ത്തന്നെയാണോ നിയമങ്ങള്‍ നടപ്പാക്കുന്നതെന്ന് പരിശോധിക്കേണ്ടതും കോടതിയാണ്. നിയമങ്ങളെപ്പറ്റിയുള്ള സംശയങ്ങള്‍ തീര്‍ത്ത് ശരിയായ രീതിയില്‍ വ്യാഖ്യാനിക്കേണ്ട ബാധ്യതയും കോടതികള്‍ക്കുണ്ട്. നിയമവാഴ്ച ഉറപ്പുവരുത്തല്‍ , നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണെന്ന ആശയം നടപ്പാക്കല്‍ , ഭരണഘടനയും നിലവിലുള്ള നിയമങ്ങളും പൗരന് നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കല്‍ , മനുഷ്യാവകാശങ്ങള്‍ പൗരന് ലഭ്യമാക്കല്‍ തുടങ്ങി ഒട്ടേറെ അതിഗൗരവമായ കടമകളാണ് കോടതികളില്‍ അര്‍പ്പിക്കപ്പെട്ടിട്ടുള്ളത്.