കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരില്‍ ഷാഹിദ്ബാവ എന്ന ഇരുപത്താറുകാരന്‍ കൊല്ലപ്പെട്ടത് കേരളത്തെയാകെ ഞെട്ടിപ്പിച്ച വാര്‍ത്തയായിരുന്നു. ഗള്‍ഫില്‍നിന്ന് ഈയിടെ തിരിച്ചെത്തിയ ഷാഹിദിനെ അദ്ദേഹത്തിെന്‍റ സുഹൃത്തിെന്‍റ വീട്ടിെന്‍റ അടുത്തുവെച്ചാണ് ഇരുപതോളം പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. ആശുപത്രിയില്‍വെച്ച് മരിക്കുകയും ചെയ്തു. സുഹൃത്തിെന്‍റ ഭാര്യയുമായി ഇയാള്‍ക്കുണ്ടായിരുന്ന ബന്ധത്തെച്ചൊല്ലിയായിരുന്നത്രേ ആക്രമണം നടന്നത്. ഇത്തരം സദാചാര പൊലീസ് ചമയുന്ന സംഭവങ്ങള്‍ കേരളത്തില്‍ പലയിടത്തായി നടക്കുന്നുണ്ട്. ഈ സംഭവത്തോടൊപ്പം തൊടുപുഴയില്‍ സ്വന്തം പെങ്ങളെ കൂട്ടാന്‍ചെന്ന ഒരു എസ്ഐയെ കുറെപ്പേര്‍ ചേര്‍ന്ന് ആക്രമിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുറ്റ്യാടിയില്‍ മിശ്രവിവാഹത്തിനു തയ്യാറായി റെജിസ്റ്റര്‍ ഓഫീസില്‍ എത്തിയ പെണ്‍കുട്ടിയെ കുറെപ്പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ സംഭവം റിപ്പോര്‍ട്ടുചെയ്യപ്പെട്ടിരുന്നു. ജാതിക്കും മതത്തിനും അതീതമായ പ്രണയങ്ങള്‍ , അവിഹിതബന്ധങ്ങള്‍ തുടങ്ങിയവയെല്ലാം സദാചാരലംഘനമാണെന്ന് ആരോപിച്ച് അവരെ നാട്ടുകാര്‍ കൈകാര്യംചെയ്യുന്ന പ്രവണത ശക്തമാണ്.
വ്യക്തമായ ജാതി- മത താല്‍പര്യങ്ങളുള്ളവരാണ് പൊതുവില്‍ സദാചാര പൊലീസ് ചമയുന്നത്. ചിലയിടങ്ങളില്‍ രാഷ്ട്രീയ സംഘടനകളില്‍ പെട്ടവരും സദാചാര പൊലീസായി മാറാറുണ്ട്. സദാചാരം എന്നാല്‍ എന്ത്? നിയമപരമായും അല്ലാതെയും സ്ത്രീ-പുരുഷ ബന്ധങ്ങളിലാണ് സദാചാരം ഒതുങ്ങിനില്‍ക്കുന്നത്. മോഷണം, പിടിച്ചുപറി, മര്‍ദ്ദനങ്ങള്‍ , കൊലപാതകങ്ങള്‍ മുതലായവ കുറ്റകൃത്യങ്ങളായി കരുതുമെങ്കിലും അവ "സദാചാര"ത്തിെന്‍റ പ്രശ്നങ്ങളായി കരുതപ്പെടുന്നില്ല. ടോട്ടല്‍ ഫോര്‍ യു തട്ടിപ്പും നാനോ എക്സല്‍ തട്ടിപ്പുമൊക്കെ തട്ടിപ്പുകളാണ്. സദാചാര പ്രശ്നങ്ങളല്ല. അതായത് സദാചാരം സ്ത്രീ-പുരുഷബന്ധങ്ങളെപ്പറ്റിയുള്ള സാമൂഹ്യധാരണകളില്‍നിന്നാണ് രൂപപ്പെടുന്നത്. നിയമസംഹിതകളിലെ സദാചാര സങ്കല്‍പം സ്ത്രീ-പുരുഷ ബന്ധങ്ങളുടെ ഐക്യദാര്‍ഢ്യം ഉറപ്പുവരുത്തുന്നതിനുവേണ്ടിയാണ്. സ്ത്രീ-പുരുഷബന്ധങ്ങളെ തകര്‍ക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് പരപുരുഷബന്ധം അല്ലെങ്കില്‍ പരസ്ത്രീ ബന്ധമാണെന്ന് നിയമം വിലയിരുത്തുന്നു. വ്യഭിചാരം വിവാഹമോചനം നേടുന്നതിന് മതിയായ കാരണമാണ്. വിവാഹം വേര്‍പെടുത്തുന്നതിന് മറ്റു കാരണങ്ങള്‍ ഇക്കാലത്ത് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഗാര്‍ഹിക പീഡനം, ഭാര്യയെ അവഹേളിക്കുക, കുടുംബം നോക്കാതിരിക്കുക, സ്വത്ത് അപഹരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയവയും വേര്‍പെടുത്തുന്നതിലേക്കു നയിക്കാം. പക്ഷേ, അവയൊന്നും സദാചാര ലംഘനമായി കരുതപ്പെടുന്നില്ല. അതായത്, സദാചാരം പൂര്‍ണ്ണമായി ലൈംഗിക സദാചാരത്തെക്കുറിച്ചുള്ള സങ്കല്‍പമാണ്. ലൈംഗികതയുടെ മേലുള്ള നിയന്ത്രണമാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. ലൈംഗിക സദാചാരത്തിെന്‍റ പരിമിതികള്‍ ലൈംഗികതയുടെ മേലുള്ള പലവിധത്തിലുള്ള നിയന്ത്രണങ്ങള്‍ എല്ലാ സമൂഹങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗോത്രവര്‍ഗസമൂഹങ്ങളില്‍പോലും ഗോത്ര സമൂഹം നിര്‍ണ്ണയിക്കുന്ന ചില പൊതുഘടകങ്ങള്‍ക്കുള്ളിലാണ് ലൈംഗികത നിര്‍വചിക്കപ്പെടുന്നത്. ഇന്നത്തെ സമൂഹത്തില്‍ സ്വതന്ത്ര ലൈംഗികതയ്ക്കുവേണ്ടി വാദിക്കുന്നവര്‍ ഉണ്ടെങ്കിലും അവര്‍ ഒരു ചെറു ന്യൂനപക്ഷമാണ്.
ലൈംഗിക സദാചാരത്തെക്കുറിച്ചുള്ള നിര്‍വചനങ്ങള്‍ സമൂഹഘടനയനുസരിച്ച് മാറുന്നതും നമുക്കു കാണാം. പ്രാചീന ഇന്ത്യന്‍ സമൂഹത്തില്‍ ഒരുകാലത്ത് ബഹുഭര്‍ത്തൃത്വവും ബഹു ഭാര്യത്വവും നിലനിന്നിരുന്നു. പിന്നീട് നിയോഗം എന്ന പേരില്‍ മരിച്ചുപോയ ഭര്‍ത്താവിന്റെ സഹോദരനെ സ്വീകരിക്കുന്ന സമ്പ്രദായം അടുത്ത കാലംവരെ ഇന്ത്യന്‍ സമൂഹത്തില്‍ നിലനിന്നു. കേരളത്തിലെ ചില സമുദായങ്ങളില്‍ സഹോദരന്മാരെ ഭര്‍ത്താക്കന്മാരായി സ്വീകരിക്കുന്ന സമ്പ്രദായവും നിലനിന്നുപോന്നു. മരുമക്കത്തായം മറ്റൊരു രീതിയിലുള്ള സ്ത്രീ-പുരുഷബന്ധ സങ്കല്‍പമാണ്. നമ്പൂതിരിമാരും നായന്മാരും തമ്മിലുണ്ടായിരുന്ന സംബന്ധങ്ങള്‍ അടുത്ത കാലത്തു മാത്രമാണ് ഇല്ലാതെയായത്. ഇത്തരം വ്യത്യസ്ത വിവാഹമുറകളിലെല്ലാം വ്യത്യസ്ത സദാചാര സങ്കല്‍പങ്ങള്‍ നിലനിന്നതായി കാണാം. മദ്ധ്യകാല ഇന്ത്യയില്‍ കുലസ്ത്രീകളെ ചാരിത്ര്യത്തിന്റെയും പരിശുദ്ധിയുടെയും പ്രതിരൂപങ്ങളായി കണ്ടിരുന്നെങ്കില്‍ അതിനെതിരായ ഗണികാ സങ്കല്‍പവും അംഗീകരിക്കപ്പെടുന്നു. സദാചാരത്തിന്റെ മാനദണ്ഡങ്ങള്‍ ഇവര്‍ക്കുണ്ട്. രണ്ടുകൂട്ടര്‍ക്കും വെവ്വേറെയാണ്. ഇന്ത്യയില്‍ നിലവിലിരുന്ന അനുലോമ- പ്രതിലോമ വിവാഹങ്ങള്‍ സദാചാരങ്ങളുടെ മാനദണ്ഡങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ബ്രാഹ്മണ പുരുഷന്മാര്‍ക്ക് മറ്റേതു വര്‍ണങ്ങളില്‍നിന്നും സ്ത്രീകളെ സ്വീകരിക്കാം. ബ്രാഹ്മണസ്ത്രീകള്‍ക്ക് അത് നിന്ദ്യമാണ്. അതുകൊണ്ടാണല്ലോ പരപുരുഷന്മാരെ പ്രണയിച്ച ബ്രാഹ്മണസ്ത്രീകളെ "അടുക്കളദോഷം" ചുമത്തി ഇല്ലങ്ങളില്‍നിന്ന് പുറത്താക്കി പടിയടച്ച് പിണ്ഡംവെയ്ക്കാനാരംഭിച്ചത്.
അതേസമയം കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്ത വിചാരത്തിനോടൊപ്പം നടത്താന്‍ കൊച്ചി മഹാരാജാവ് കല്‍പിച്ച പുരുഷവിചാരം നമ്പൂതിരിമാരുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തുകയും ചെയ്തു. സദാചാരലംഘനം അന്നും ഇന്നും നടത്തുന്നത് സ്ത്രീകളാണ് എന്നാണ് സങ്കല്‍പം. ഇവിടെ സാമുദായിക ബുദ്ധിജീവികളും സദാചാര പൊലീസുകാരും വിശദീകരിക്കേണ്ട ഒരു കാര്യമുണ്ട്. സ്ത്രീ-പുരുഷ ബന്ധങ്ങളില്‍ വളര്‍ന്നുവരേണ്ട സ്വാഭാവികമായ സൗഹൃദവും തുല്യതയും പരസ്പരവിശ്വാസവും നശിപ്പിക്കുകയും യാന്ത്രികമായ അടിമത്തബോധവും സ്ത്രീ-പുരുഷ ബന്ധങ്ങള്‍ ഭോഗത്തിനുവേണ്ടി മാത്രമാണെന്ന ധാരണയും വളര്‍ത്തുകയും മാത്രമാണ് അവര്‍ ചെയ്യുന്നത്. കൂടുതല്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തുംതോറും ഈ ധാരണകള്‍ കൂടുതല്‍ വളരുന്നു. പ്രണയം, വിവാഹം തുടങ്ങിയവയുടെ മാനവിക വശങ്ങള്‍ നശിപ്പിക്കപ്പെടുന്നു. ഇതിലൂടെയാണ് മനുഷ്യര്‍ സ്വര്‍ഗരാജ്യത്തോടടുക്കുന്നത് എന്നു പഠിപ്പിക്കുന്നത് മതങ്ങള്‍ പ്രചരിപ്പിക്കുന്ന സ്നേഹം, സാഹോദര്യം മുതലായ സങ്കല്‍പങ്ങള്‍ക്കുപോലും എതിരല്ലേ? ചലനത്തിനും വാക്കിനുംപോലും വിലക്കുകളുള്ള സമൂഹങ്ങളില്‍ സാഹോദര്യം പുലരില്ലെന്നതിന് ഇതുവരെയുള്ള മത സമൂഹങ്ങളുടെ അനുഭവങ്ങള്‍തന്നെ തെളിവാണ്.
ഈയിടെയായി നമ്മുടെ സദാചാരബോധത്തിന്റെ വികൃതമായ വശം പ്രത്യക്ഷപ്പെട്ടിരുന്നു. തൃശൂര്‍ ജില്ലയിലെ ഒരു എല്‍ പി സ്കൂളില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയെ അദ്ധ്യാപകന്‍ പീഡിപ്പിച്ചതായി പരാതിയുണ്ടായി. കുറ്റമാരോപിക്കപ്പെട്ട അധ്യാപകനെ സംരക്ഷിക്കുന്നതിനാണ് നാട്ടുകാരടക്കം വ്യഗ്രത കാണിച്ചത്. പെണ്‍കുട്ടിയുടെമേല്‍ പഴിചാരാന്‍ ശ്രമം നടന്നു. കാരണം കുട്ടിയുടെ അമ്മ ചീത്തയാണെന്നായിരുന്നു ആരോപണം. അപ്പോള്‍ അമ്മയുടെമേല്‍ ചാരിയ സദാചാര ലംഘനത്തിന്റെ കുറ്റം പ്രായപൂര്‍ത്തിയെത്താത്ത കുട്ടിയുടെമേലും ആരോപിക്കപ്പെട്ടു. അവസാനം സ്കൂള്‍ അധ്യാപകനുമേല്‍ നടപടിയുണ്ടായെങ്കിലും ആവശ്യമായ "സദാചാര ചര്‍ച്ച"കള്‍ നാട്ടില്‍ നടന്നുകഴിഞ്ഞിരുന്നു. പീഡനത്തിനിരയായ കുട്ടിക്കും കുടുംബത്തിനും സമൂഹത്തില്‍ നേരിടേണ്ടിവന്ന ഒറ്റപ്പെടല്‍ അതിന്റെ ഫലമായിരുന്നു.
സദാചാര പൊലീസ് ചമയുന്നവര്‍ സദാചാര സങ്കല്‍പങ്ങള്‍ മാറിമറയുന്ന സാഹചര്യങ്ങളില്‍ , ഇന്നത്തെ സദാചാരസങ്കല്‍പങ്ങള്‍ സൃഷ്ടിക്കുന്നതാര് എന്ന് പരിശോധിക്കേണ്ടതാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട വിഭാഗം സംഘടിത മതങ്ങളാണ്. സംഘടിത മതങ്ങള്‍ക്ക് അവരുടേതായ നിയമസംഹിതകളുണ്ട്. നിയമസംഹിതകള്‍ ലംഘിക്കുന്നവര്‍ക്ക് അവരുടേതായ ശിക്ഷാവിധികളുണ്ട്. ഇവയില്‍ ശിക്ഷാവിധികള്‍ ഇന്ന് ഗവണ്‍മെന്റ് നടപ്പിലാക്കുന്ന നിയമസംഹിതകളുടെ ഭാഗമായി മാറുകയാണ്. എങ്കിലും സ്വന്തം നിയമാവലികള്‍ സമാന്തരമായിത്തന്നെ നടപ്പിലാക്കണമെന്ന് ശാഠ്യംപിടിക്കുന്ന ഗ്രൂപ്പുകള്‍ ഇന്ന് മതങ്ങള്‍ക്കുള്ളിലുണ്ട്. അവരാണ് ഇപ്പോള്‍ സദാചാര പൊലീസായി മാറുന്നത്.
സംഘടിത മതങ്ങളുടെ നിയമസംഹിതകള്‍ ഏകഭര്‍ത്തൃത്വത്തിന്റെയും അതിനെ നിലനിര്‍ത്താനുള്ള സദാചാര സങ്കല്‍പങ്ങളുടെയും അടിസ്ഥാനത്തിലുള്ളതാണ്. പരമ്പരാഗതമായ ചാരിത്ര്യത്തിന്റെയും പരിശുദ്ധിയുടെയും സങ്കല്‍പം കൂടാതെ ഉത്തരവാദിത്വബോധം, സാമ്പത്തികമായ വിധേയത്വം, കുടുംബത്തോടുള്ള കടമകള്‍ , വീട്ടമ്മ സങ്കല്‍പം തുടങ്ങി ഒട്ടനവധി ബാധ്യതകള്‍കൂടി സ്ത്രീകളുടെ ചുമലില്‍ വരുന്നു. ഇതിനെ ആധാരമാക്കി ഉടുപ്പ്, നടപ്പ്, മറ്റു പുരുഷന്മാരും സ്ത്രീകളുമായുള്ള ചങ്ങാത്തം, തൊഴില്‍ സമയം തുടങ്ങിയവയിലെല്ലാം ക്രമീകരണങ്ങള്‍ വരുന്നു. സ്ത്രീ-പുരുഷന്മാരുടെ ചലനങ്ങള്‍ മുഴുവന്‍ ഇത്തരത്തില്‍ ക്രമീകരിക്കുന്ന വിധത്തിലുള്ള ഇടപെടലുകള്‍ ഇന്ന് മുഖ്യമതങ്ങളെല്ലാം നടത്തുന്നുണ്ട്. വിവാഹങ്ങളും കുടുംബജീവിതവുമെല്ലാം നിരവധി ഔപചാരികതകളുടെ ചട്ടക്കൂട്ടിലൊതുങ്ങുകയും അവയെ ചെറിയ തോതില്‍ ലംഘിക്കാനുള്ള ശ്രമങ്ങളെപ്പോലും ചാരപ്പണി നടത്തി പിടിക്കുന്ന സംവിധാനങ്ങള്‍ വളര്‍ന്നുവരുകയും ചെയ്യുന്നു. ഇന്നുള്ള ഐടി-മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ ഇത്തരത്തിലുള്ള വിവരവിനിമയത്തിന് പ്രയോജനപ്പെടുന്നു. ഇത്തരം നെറ്റ്വര്‍ക്കുകള്‍ക്ക് രാഷ്ട്രീയ, സാമൂഹ്യ സംഘടനകളുടെയും മതപ്രസ്ഥാനങ്ങളുടെയും പിന്‍ബലം ലഭിക്കുന്നതോടെ സദാചാര പൊലീസിങ്ങിന് അധികാരസ്ഥാനം കിട്ടുന്നു. കൊടിയത്തൂരും കുറ്റ്യാടിയും മറ്റും പ്രവര്‍ത്തിച്ചവര്‍ ഇത്തരം ആളുകളാണ്. സ്വന്തം സമുദായത്തില്‍പെട്ടവരുടെ വീടുകളുടെ പുറത്തും അകത്തുമെല്ലാം ഇവരുടെ കണ്ണുകള്‍ എത്തുന്നുണ്ടെന്നതിന് കൊടിയത്തൂര്‍ സംഭവം തെളിവാണ്. ഒരു പെണ്‍കുട്ടിക്ക് പ്രേമലേഖനം കൊടുത്തുവെന്നുപറഞ്ഞ് വേറൊരു യുവാവിനെ കൊടിയത്തൂര്‍തന്നെ മര്‍ദ്ദിച്ചത് ഈ പൊലീസിങ്ങിന്റെ വ്യാപ്തി തെളിയിക്കുന്നു. മര്‍ദ്ദിച്ചത് യുവാവിനെയാണെങ്കിലും നിയന്ത്രിക്കപ്പെടുന്നത് പെണ്‍കുട്ടിയാണ് എന്നതും ശ്രദ്ധിക്കണം.
ഇവിടെ സദാചാര പൊലീസ് ഉത്തരം പറയേണ്ട മറ്റു കാര്യങ്ങളുമുണ്ട്. അവര്‍ എന്തിന് ഉടുപ്പിലും നടപ്പിലും വാക്കിലും പ്രവൃത്തിയിലുമടക്കം സ്ത്രീ-പുരുഷന്മാരുടെ സകല പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു? പ്രേമലേഖനമെഴുത്ത് ചരിത്രത്തില്‍ മുഴുവന്‍ പ്രത്യക്ഷപ്പെടുന്ന പ്രതിഭാസമാണ്. ഏതെങ്കിലും ഒരു പ്രത്യേക മതത്തിലൊതുങ്ങുന്നതുമല്ല. പ്രത്യേക ലേഖനത്തെപ്പറ്റി പരാതികളുണ്ടെങ്കില്‍ പരിഹരിക്കാം. അതല്ലാതെ അത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവരെയൊക്കെ ഭേദ്യം ചെയ്യുന്നത് തികഞ്ഞ കാടത്തമാണ്. മതങ്ങളുടെ വിലങ്ങില്‍ ഇത്തരത്തില്‍ പൂട്ടിയിടുന്നതുകൊണ്ട് എന്ത് സ്വര്‍ഗരാജ്യമാണ് ലഭിക്കുക എന്ന് വിശദീകരിക്കാന്‍ സദാചാര പൊലീസുകാര്‍ തയ്യാറാകേണ്ടതാണ്. സദാചാര പൊലീസിങ്ങിന്റെ മനോവ്യാപാരം എന്താണെന്നുള്ളതിന്, പ്രമുഖ സാമുദായിക ബുദ്ധിജീവിയായ ഒ അബ്ദുല്ല ഈ സംഭവത്തോട് പ്രതികരിച്ച രീതിതന്നെ തെളിവാണ്. ഷാഹിദ്ബാവയുടെ കൊലപാതകത്തെ അപലപിച്ച അബ്ദുല്ല, കൊലപാതകികളുടെ ഉദ്ദേശ്യത്തെ ന്യായീകരിക്കാനാണ് തുടര്‍ച്ചയായി ശ്രമിച്ചത്. ഇതിലുള്‍പ്പെട്ട സ്ത്രീക്ക് ഒരു ഭര്‍ത്താവുണ്ടെന്ന് ഓര്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതായത് ഷാഹിദിന്റെ കുറ്റം വ്യഭിചാരമാണ്. അത് മരണം അര്‍ഹിക്കുന്ന കുറ്റമാണ്. മരണശിക്ഷ വിധിക്കാനുള്ള അര്‍ഹത ഇന്നത്തെ ഇന്ത്യന്‍ നിയമപ്രകാരം കൊലപാതകികള്‍ക്കില്ലെന്ന് അബ്ദുല്ല അംഗീകരിക്കുന്നു. അതേസമയം കുറ്റം വ്യഭിചാരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. അതായത് ഇന്ത്യന്‍ നിയമവ്യവസ്ഥയനുസരിക്കുന്ന പൗരനെന്ന നിലയില്‍ കൊലപാതകത്തെ അബ്ദുല്ല അപലപിക്കുന്നു. അതേസമയം അബ്ദുല്ലയുടെ മതപരമായ സദാചാരബോധം അതിനുനേരെ എതിരായി ചിന്തിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഈ ആശയക്കുഴപ്പത്തെ സ്വന്തം സദാചാരസംഹിതയുടെ അടിസ്ഥാനത്തില്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നവരാണ് സദാചാര പോലീസുകാരായിത്തീരുന്നത്. അത്തരം ആളുകളുടെ "സദുദ്ദേശ്യ"ത്തോടുള്ള അനുഭാവം പ്രകടിപ്പിക്കാന്‍ അബ്ദുല്ലയെപ്പോലുള്ള ബുദ്ധിജീവികള്‍ എന്നും തയ്യാറാണ്.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ "സദുദ്ദേശ്യം" തന്നെയാണോ സദാചാര പെലീസിങ്ങിനെ സ്വാധീനിക്കുന്നത്? സദുദ്ദേശ്യമായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഷാഹിദ്ബാവയ്ക്ക് അയാളുടെ നിലപാട് വിശദീകരിക്കാനുള്ള അവസരം ലഭിക്കുമായിരുന്നു. ഇതില്‍പെട്ട സ്ത്രീയുടെയും ഭര്‍ത്താവിന്റെയും വിശദീകരണങ്ങള്‍കൂടി ലഭിക്കുമായിരുന്നു. അതിനുശേഷം യുക്തമായ തീരുമാനം സുതാര്യമായി, ജനാധിപത്യപരമായി, സ്വീകരിക്കാനുള്ള അവസരമുണ്ടാകുമായിരുന്നു. അങ്ങിനെയൊന്നും ഇവിടെയുണ്ടായില്ല. അത്തരത്തിലുള്ള നീതിന്യായക്രമം പാടില്ലെന്നുള്ള ധാരണയും ഉണ്ടായിരുന്നു. കൊലപാതകത്തിന് രണ്ട് പ്രയോജനങ്ങളുണ്ട്. ഒന്ന്, ഒരാളെ പൂര്‍ണമായി ഒഴിവാക്കാം; രണ്ട്, അയാളുടെ കൈവശമുള്ള വിവരങ്ങളും അഭിപ്രായങ്ങളും അയാള്‍ ഒരുപക്ഷേ ഉന്നയിക്കാനിടയുള്ള ന്യായീകരണങ്ങളും അതുപോലെ ഇല്ലാതാക്കാം. ഇതില്‍ രണ്ടാമത്തേത് ജനാധിപത്യപരമായ നീതിക്രമത്തിന് ആവശ്യമാണ്. അതുപോലെ ആവശ്യമാണ് സ്ത്രീയുടെയും അവരുടെ ഭര്‍ത്താവിെന്‍റയും നിലപാടുകളും. ഇതെല്ലാം സദാചാര പോലീസുകാര്‍ ഒറ്റയടിക്ക് ഇല്ലാതാക്കുന്നു. സദാചാര പോലീസ് മുറകള്‍ ജനാധിപത്യവിരുദ്ധമായി തീരുന്നത് ഇങ്ങനെയാണ്. ഇതുകൂടാതെ സ്വന്തം സദാചാര സംഹിതകളെ ജനാധിപത്യവ്യവസ്ഥ നിഷ്കര്‍ഷിക്കുന്ന നീതിന്യായ രൂപങ്ങള്‍ക്ക് പകരംവെച്ച് വിധി നടപ്പിലാക്കുന്നതിലൂടെ സദാചാരപോലീസുകാര്‍ ഫാസിസ്റ്റായി മാറുകയും ചെയ്യുന്നു.
പ്രണയത്തിന്റെയും വിവാഹത്തിന്റെയും സഞ്ചാരത്തിന്റെയും മേല്‍ സദാചാരപോലീസിന്റെ കടന്നാക്രമണങ്ങള്‍ ഫാസിസത്തിന്റെ പ്രകടരൂപമാണ്. പ്രണയം ജാതി-മതങ്ങള്‍ ലംഘിച്ചാലും സ്വസമുദായത്തില്‍നിന്നു തന്നെയായാലും ശക്തമായി എതിര്‍ക്കപ്പെടുന്നു. "വീട്ടുകാര്‍ അറിഞ്ഞുള്ള" ബന്ധങ്ങള്‍ മതിയെന്ന് നിഷ്കര്‍ഷിക്കുന്നു. വിവാഹങ്ങള്‍ക്കുമേല്‍ മതസമുദായങ്ങള്‍ ശക്തമായ ആധിപത്യം ഉറപ്പിക്കുന്നു. കേന്ദ്ര ഗവണ്‍മെന്‍റ് കൊണ്ടുവന്ന വിവാഹ രജിസ്ട്രേഷനെതിരായി മതസമുദായങ്ങള്‍ ശബ്ദമുയര്‍ത്തിയത് ഈയിടെയാണ്. സാമുദായിക സ്വാധീനം ശക്തമായ സ്ഥലങ്ങളില്‍ സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യംപോലും സമുദായശക്തികളുടെ മേല്‍നോട്ടത്തിന് വിധേയമാകുന്നു. സംസാരവും ഇടപഴകലും കൂടാതെ വെറും വാക്കും നോട്ടവും പോലും ശക്തമായ നിയന്ത്രണത്തിന് വിധേയമാകുന്ന സന്ദര്‍ഭങ്ങള്‍ കുറവല്ല. ഇവയുടെ ഫലമായി സദാചാരത്തിെന്‍റ പേരില്‍ ജനങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ പ്രാഥമികാവകാശങ്ങള്‍പോലും ലംഘിക്കപ്പെടുന്നു.
ജനാധിപത്യവിരുദ്ധമായ നീതിന്യായ മുറകള്‍ നിലനില്‍ക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും സൗദി അറേബ്യയില്‍നിന്നും തിരിച്ചുവരുന്നവരുടെ വികലമായ നീതിസങ്കല്‍പം എത്രമാത്രം ഈ അവകാശലംഘനങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് പരിശോധിക്കേണ്ടതാണ്. വേണ്ടത് ജനാധിപത്യസദാചാര സങ്കല്‍പം വിവാഹമോചനങ്ങളും വേര്‍പിരിയലുകളും അനുദിനം വര്‍ദ്ധിച്ച നാടാണ് കേരളം. കുടുംബ കോടതികളില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളിലുള്ള വര്‍ദ്ധന തന്നെ ഇതിെന്‍റ സൂചനയാണ്. സദാചാര പോലീസുകാരും അവരെ അനുകൂലിക്കുന്ന ബുദ്ധിജീവികളും വാദിക്കുന്നതുപോലെ ഈ വര്‍ദ്ധന ലൈംഗിക അരാജകത്വത്തിന്റെ സൂചനയാകണമെന്നില്ല. കുടുംബബന്ധങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സ്ത്രീകള്‍ ശക്തമായി മുന്നോട്ടുവരുന്നതും അതിന്റെ ഫലമായി തര്‍ക്കപരിഹാരം നീതിന്യായ ക്രമത്തിനേറ്റെടുക്കേണ്ടിവരുന്നതുമാണ് മുഖ്യകാരണം.
കൂടുതല്‍ വിദ്യാഭ്യാസവും തൊഴിലും ലഭിക്കുന്ന സ്ത്രീ-പുരുഷന്മാര്‍ അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്ന ജനാധിപത്യമുറകളെയാണ് ഇതു കാണിക്കുന്നത്. അതുപോലെയാണ് സ്ത്രീകളുടെ ചലനങ്ങളിലും സഞ്ചാരത്തിലും വന്നുകൊണ്ടിരിക്കുന്ന മാറ്റവും സ്ത്രീ പുരുഷന്മാരുടെ ഇടപഴകലുകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സുതാര്യതയും. ഇവയെ നശിപ്പിക്കുകയാണ് കാമവെറിയന്മാരായ പുരുഷമേധാവിത്വശക്തികളും സദാചാരപോലീസുകാരും ഒരുപോലെ ചെയ്യുന്നത്. സ്ത്രീ-പുരുഷബന്ധങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുകയും അവയിലെ സുതാര്യതയും സൗഹൃദപരമായ അന്തരീക്ഷവും നശിപ്പിക്കുകയും ചെയ്യുന്നതോടെ ഫാസിസത്തിന്റെ മര്‍ദ്ദനമുറകള്‍ക്ക് അംഗീകാരം ലഭിക്കുകയാണ്. ഷാഹിദ്ബാവയോ വേറെ ഏതെങ്കിലും പുരുഷനോ സ്ത്രീയോ നടത്തുന്ന ഇടപഴകലുകള്‍ അതിരു കടക്കുന്നുണ്ടെന്നു സംശയമുണ്ടെങ്കില്‍ തല്‍പരകക്ഷികള്‍ക്ക് ഇപ്പോള്‍ തന്നെ നീതിന്യായകോടതിയെയോ മറ്റേതെങ്കിലും വിധത്തിലുള്ള തര്‍ക്കപരിഹാര സംവിധാനങ്ങളെയോ സമീപിക്കാം. ഇപ്പോള്‍ നിലവിലുള്ള ജനമൈത്രി പോലീസും ഇതേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവയാണ്. നിലവിലുള്ള നിയമങ്ങള്‍ക്ക് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ കഴിവില്ലെങ്കില്‍ , കൂടുതല്‍ സുതാര്യവും ജനാധിപത്യപരവുമായ നിയമങ്ങള്‍ക്കുവേണ്ടി വാദിക്കാം. സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള തികച്ചും സുതാര്യവും തുല്യതയിലധിഷ്ഠിതവുമായ സൗഹൃദങ്ങള്‍ക്കുവേണ്ടി വാദിക്കുന്ന ജനാധിപത്യ സദാചാര വ്യവസ്ഥയ്ക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ഏവര്‍ക്കും പങ്കെടുക്കാം. പക്ഷേ, ഇതൊക്കെ തന്നെയാണോ സദാചാരപോലീസുകാരും അവരെ പിന്തുണയ്ക്കുന്ന ബുദ്ധിജീവികളും ചെയ്യുന്നത്? അവര്‍ സൃഷ്ടിക്കുന്നത് ഭീതിയുടെയും ആശങ്കയുടെയും സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള അവിശ്വാസത്തിെന്‍റയും അന്തരീക്ഷമാണ്. അതിലൂടെ അവര്‍ തന്നെ തീരുമാനിക്കുന്ന മതത്തിലും ജാതിയിലും മറ്റേതെങ്കിലും വിധത്തിലുള്ള വിശ്വാസ പ്രമാണങ്ങളിലും അധിഷ്ഠിതമായ സദാചാര സങ്കല്‍പം വളര്‍ത്താമെന്ന് അവര്‍ വ്യാമോഹിക്കുന്നു. യഥാര്‍ത്ഥത്തില്‍ അവര്‍ പ്രചരിപ്പിക്കുന്നത് തികഞ്ഞ കാടത്തമാണ്.
ഒരുവശത്ത്, ജനങ്ങളുടെ സ്വാതന്ത്ര്യമോഹവും മറുവശത്ത് ഫാസിസ്റ്റ് മര്‍ദ്ദനമുറകളും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ അരാജകത്വത്തിലേക്കു നയിക്കുന്നു. അതിനെ തടയാനായി കൂടുതല്‍ മര്‍ദ്ദനമുറകളിലേക്കു നീങ്ങേണ്ടിവരുന്നു. സാമുദായികശക്തികള്‍ക്ക് വേരോട്ടമുള്ള പ്രദേശങ്ങളില്‍ ഈ പ്രവണത ഇപ്പോള്‍ തന്നെ പ്രകടമാണ്. കാടത്തത്തിനെതിരായ പ്രതിരോധം വര്‍ദ്ധിച്ച ജനാധിപത്യത്തിലൂടെയാണ്. തുല്യതയിലും നീതിയിലും പരസ്പര വിശ്വാസത്തിലും സൗഹൃദത്തിലുമധിഷ്ഠിതമായ ജനാധിപത്യസദാചാര സങ്കല്‍പം ജനാധിപത്യത്തിെന്‍റ ആണിവേരാണ്. ഈ സങ്കല്‍പം വളര്‍ത്തിയെടുക്കുന്നതിനാവശ്യമായ അന്തരീക്ഷം വളര്‍ത്തിക്കൊണ്ടു വരിക ജനാധിപത്യശക്തികളുടെ കടമയുമാണ്. ഇതിനെ തകര്‍ത്ത് കാടത്തത്തിെന്‍റതായ നീതിസങ്കല്‍പങ്ങള്‍ വളര്‍ത്തുകയാണ് സമുദായപോലീസിങ്ങിെന്‍റ ലക്ഷ്യം. ഇന്നു വളര്‍ന്നുവരുന്ന പുരുഷമേധാവിത്വത്തിേന്‍റതായ കാടത്തരൂപങ്ങള്‍ ഇതിനാവശ്യമായ കളമൊരുക്കുന്നു. ഇതിനെ തോല്‍പിക്കുന്നതിന് സമൂഹത്തില്‍ പരസ്പരവിശ്വാസവും സൗഹൃദവും തുല്യതയും പുലര്‍ന്നുകാണണമെന്നാഗ്രഹിക്കുന്ന ഏവരും ഒന്നിക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യവുമാണ്.
*
ഡോ. കെ എന്‍ ഗണേശ് ചിന്ത വാരിക 25 നവംബര്‍ 2011
Monday, November 21, 2011
സദാചാര പൊലീസും ജനാധിപത്യ സദാചാരവും
Subscribe to:
Post Comments (Atom)
2 comments:
സദാചാര പൊലീസ് ചമയുന്നവര്‍ സദാചാര സങ്കല്‍പങ്ങള്‍ മാറിമറയുന്ന സാഹചര്യങ്ങളില്‍ , ഇന്നത്തെ സദാചാരസങ്കല്‍പങ്ങള്‍ സൃഷ്ടിക്കുന്നതാര് എന്ന് പരിശോധിക്കേണ്ടതാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട വിഭാഗം സംഘടിത മതങ്ങളാണ്. സംഘടിത മതങ്ങള്‍ക്ക് അവരുടേതായ നിയമസംഹിതകളുണ്ട്. നിയമസംഹിതകള്‍ ലംഘിക്കുന്നവര്‍ക്ക് അവരുടേതായ ശിക്ഷാവിധികളുണ്ട്. ഇവയില്‍ ശിക്ഷാവിധികള്‍ ഇന്ന് ഗവണ്‍മെന്റ് നടപ്പിലാക്കുന്ന നിയമസംഹിതകളുടെ ഭാഗമായി മാറുകയാണ്. എങ്കിലും സ്വന്തം നിയമാവലികള്‍ സമാന്തരമായിത്തന്നെ നടപ്പിലാക്കണമെന്ന് ശാഠ്യംപിടിക്കുന്ന ഗ്രൂപ്പുകള്‍ ഇന്ന് മതങ്ങള്‍ക്കുള്ളിലുണ്ട്. അവരാണ് ഇപ്പോള്‍ സദാചാര പൊലീസായി മാറുന്നത്.
Were it not the communists who ransacked the house of a congress sympathiser in Malapuram accusing her of sleeping with a party leader? How is that not vigilantism and this one so suddenly is?
Post a Comment