Thursday, November 3, 2011

സാഹസികതയുടെ പ്രണയിനി

രണ്ടാം ലോക യുദ്ധം തുടങ്ങിയെന്ന് ലോകത്തെ അറിയിച്ച വിഖ്യാത പത്രപ്രവര്‍ത്തക ക്ലെയര്‍ ഹോളിങ്വര്‍ത്തിന് നൂറുവയസ്സ്. അപകടകരമായ ജീവിതം തെരഞ്ഞെടുത്ത ആ പ്രതിഭയുടെ
അനുഭവങ്ങളിലൂടെ....

യുദ്ധം രാജ്യഭൂപടങ്ങളുടെ അതിര്‍ത്തികള്‍ മാറ്റിവരയ്ക്കുക മാത്രമല്ല, മനുഷ്യമനസ്സുകളിലും ആഴത്തിലുള്ള മുറിവുകളുണ്ടാക്കുന്നു. ഒമാന്‍ കവയിത്രി നസറ അല്‍ അഡാവി എഴുതിയതുപോലെ, ആ വേദനയെപ്പറ്റിയാര്‍ക്കുമറിയില്ല. അതിജീവിച്ചവരല്ലാതെയാര്‍ക്കും. പകരം വയ്ക്കാനൊന്നുമില്ല. ആ മരണത്തിന്റെ ഗന്ധം വീര്‍പ്പുമുട്ടുകതന്നെയാണ്. ഒരിക്കല്‍ നാം അതിന്റെ സമീപത്തായാല്‍ പിന്നെ മറന്നുകളയുക പ്രയാസവും. ക്ലെയര്‍ ഹോളിങ്വര്‍ത്തിന്റെ ഒരു നൂറ്റാണ്ട് വിസ്തൃതിയുള്ള ജീവിതവും പത്രപ്രവര്‍ത്തനവും ലോകത്തോട് വിളിച്ചുപറഞ്ഞത് ആ യാഥാര്‍ഥ്യങ്ങള്‍കൂടിയാണ്.

രണ്ടാംലോക മഹായുദ്ധം ആരംഭിച്ചെന്ന വിവരം ലോകത്തെയറിയിച്ച വിഖ്യാതയായ ആ ബ്രിട്ടീഷ് പത്രപ്രവര്‍ത്തക നൂറാം ജന്മദിനം ആഘോഷിച്ചത് ചരിത്രത്തിന്റെ നരകവാതിലുകള്‍ തുറന്നുകാണിച്ചാണ്. 1939 ആഗസ്ത് 29ന് ഡെയിലി ടെലിഗ്രാഫിലെഴുതിയ റിപ്പോര്‍ട്ടിലൂടെയാണ് രണ്ടാം ലോകയുദ്ധത്തിന്റെ അണിയറയൊരുക്കങ്ങള്‍ ആദ്യമായി പുറത്തുവന്നത്.

യുദ്ധലേഖികയെന്ന് അന്താരാഷ്ട്ര ഖ്യാതി നേടിയ ഹോളിങ്വര്‍ത്ത് പലസ്തീന്‍ , അള്‍ജീരിയ, റുമാനിയ, വിയത്നാം, ചൈന തുടങ്ങിയിടങ്ങളിലെ സംഘര്‍ഷങ്ങളുടെ സന്ദിഗ്ധതയും പിന്നീട് ഒപ്പിയെടുത്തു. ഇരുപത്തിയേഴാം വയസ്സിലാണ് ഡെയിലി ടെലിഗ്രാഫില്‍ ചേരുന്നത്. ആ ദിവസങ്ങളിലായിരുന്നു ഹിറ്റ്ലറുടെ കാര്‍മികത്വത്തില്‍ നാസി ജര്‍മനിയുടെ യുദ്ധസന്നാഹങ്ങള്‍ . പോളണ്ടിനെതിരായ സൈനികനീക്കങ്ങളുടെ നിഴല്‍പെരുമാറ്റം മനസ്സിലാക്കിയ അവര്‍ പത്രാധിപര്‍ ആര്‍ഥര്‍ വാര്‍ട്സനു മുന്നില്‍ ഒരു അഭ്യര്‍ഥന വയ്ക്കുകയായിരുന്നു. വാര്‍ത്താശേഖരണത്തിന് പോളണ്ടിലേക്ക് വിടാന്‍ അനുവദിക്കണമെന്നായിരുന്നു അത്. ഇരന്നുവാങ്ങിയ ആ സാഹസികത ലോകത്തെ ഞെട്ടിക്കുന്ന സവിശേഷവാര്‍ത്തയായി. രക്തം തിളയ്ക്കുന്ന യുവത്വത്തിന്റെ സന്നദ്ധത ഇന്നൊരു കഥയായേ കേട്ടിരിക്കാനാവൂ.

പോളണ്ടില്‍ കിട്ടാതിരുന്ന സാധനങ്ങളുടെ പട്ടികയുമായി കാര്‍ ജര്‍മന്‍ അതിര്‍ത്തി തൊട്ടു. ആവശ്യമില്ലാതിരുന്നിട്ടും വെള്ള വീഞ്ഞും ആസ്പിരിന്‍ ഗുളികകളും വാങ്ങി. തിരിച്ചുവരവെ കണ്ട കാഴ്ചകള്‍ യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ ഉറപ്പിക്കുന്നതായി. റോഡിന്റെ ഒരുവശം നിറയെ ചാക്കുകൊണ്ടുള്ള കൂറ്റന്‍ മറ. ചുഴലിപോലുള്ള കാറ്റ് അവയെ സ്ഥാനം തെറ്റിച്ചു. നിരനിരയായി ഒരുക്കിവച്ച ടാങ്കുകള്‍ കണ്ണിലേക്ക് ഇരച്ചുകയറി. എങ്ങനെയെങ്കിലും താമസസ്ഥലത്തെത്താനുള്ള ധൃതി. ഓഫീസില്‍ക്കയറിയ ഉടന്‍ വാഴ്സയിലെ സഹപ്രവര്‍ത്തകനെ വിളിച്ചു. പിന്നെ എംബസി സെക്രട്ടറിയെയും. യുദ്ധം തുടങ്ങിയിരിക്കുന്നു എന്ന് ഭ്രാന്തമായി പറഞ്ഞൊപ്പിക്കുകയായിരുന്നു. 1939 ആഗസ്ത് 29ന് ഡെയിലി ടെലിഗ്രാഫിലെഴുതി: "അതിര്‍ത്തിയിലേക്ക് സാധാരണ ട്രാഫിക് നിരോധിച്ചു. കനത്ത സൈനിക തയ്യാറെടുപ്പുകളായിരുന്നു കണ്ണില്‍ തറച്ചത്. ഹിന്‍ഡന്‍ ബര്‍ഗിനും ഗ്ലെയ്വിറ്റ്സിനുമിടയിലെ രണ്ടു കിലോമീറ്ററിനുള്ളില്‍ 65 മിലിട്ടറി മോട്ടോര്‍ സൈക്കിള്‍ ഞാന്‍ എണ്ണി. എന്റെ വാഹനമൊഴികെ സൈനിക ട്രക്കുകള്‍ മാത്രം...." അങ്ങനെയാണ് നൂറ്റാണ്ടിന്റെ സ്കൂപ്പ് പിറന്നത്. 1946 ജൂലൈയില്‍ ജെറുസലേമിലെ കിങ് ഡേവിഡ് ഹോട്ടലിലുണ്ടായ ബോംബാക്രമണം. ഹോട്ടല്‍സമുച്ചയം ചിതറിത്തെറിച്ചതിന്റെ 300 അടി അകലെ മാത്രമായിരുന്നു ക്ലെയന്‍ ഹോളിങ് വര്‍ത്ത്.

ടൈംസിലെ പത്രപ്രവര്‍ത്തകന്‍ ജോഫ്രി ഹോറെയുമായുള്ള ക്ലെയര്‍ ഹോളിങ്വര്‍ത്തിന്റെ ബന്ധം തിരിച്ചറിവിന്റെ സ്പര്‍ശമുള്ളതായിരുന്നു. അതിനാല്‍ 1965ലെ അദ്ദേഹത്തിന്റെ വിയോഗം അവരെ സങ്കടക്കടലിലാഴ്ത്തി. രണ്ടു വര്‍ഷത്തിലധികം നിശബ്ദയായിനിന്നു. പിന്നെ ടെലിഗ്രാഫിലേക്ക് തിരിച്ചുപോയി. വിയത്നാം യുദ്ധമായിരുന്നു അടുത്ത രംഗം. അവിടത്തെ ഗ്രാമീണ ജനതയുടെ ഉറ്റമിത്രമായി മാറിയ ക്ലെയന്‍ ഹോളിങ് വര്‍ത്ത് അവരുടെ വിശ്വാസം നേടിയ അപൂര്‍വം പത്രപ്രവര്‍ത്തകരിലൊരാളായിരുന്നു. 1973ലെ ചൈനീസ് ഓര്‍മകളും സമാനം.

1939ലെ റൊമാനിയന്‍ അനുഭവങ്ങളും തീക്ഷ്ണം. കുപ്രസിദ്ധ എന്ന ശകാരപ്പേരും വീണു. ലോകം ആദ്യമായി കണ്ട പല ചരിത്രസംഭവങ്ങളുടെയും കേട്ട ശബ്ദങ്ങളുടെയും സൂക്ഷിപ്പുകാരിയായി വിലയിരുത്തപ്പെടുന്ന ക്ലെയര്‍ ഹോളിങ്വര്‍ത്തിന്റെ ജനനദിവസത്തെ ബിബിസി ലേഖിക ആന്‍മേരി ഇവാന്‍സ് യാദൃച്ഛികതകളുമായി കൂട്ടിക്കെട്ടിയത് അവഗണിക്കാനാവില്ല. ഡോ. സണ്‍യാത്സെനും സഹപ്രവര്‍ത്തകരും ക്വിങ് ഭരണം കടപുഴക്കിയ ദിവസമായിരുന്നു അവള്‍ പിറന്നത്. 1911 ഒക്ടോബര്‍ പത്തിന് ഇംഗ്ലണ്ടിലെ ലീസസ്റ്ററില്‍ . ഒന്നാം ലോക മഹായുദ്ധത്തിന്റെ കഥകള്‍ താരാട്ടുപാട്ടുപോലെ നിറഞ്ഞ ഗൃഹാന്തരീക്ഷം. ബോസ്വര്‍ത്ത് യുദ്ധമേഖലയിലേക്ക് അച്ഛന്‍ കൈപിടിച്ചുകൊണ്ടുപോയത് അവള്‍ എക്കാലവും ഓര്‍ക്കുമായിരുന്നു. മുതിര്‍ന്നതോടെ അശാന്തികാലത്തെ സമാധാനസംഗീതമായി പത്രപ്രവര്‍ത്തനത്തെ പ്രണയിച്ചു.

അനൗപചാരികമായ രണ്ടു പുരുഷബന്ധങ്ങള്‍ . പ്രസവം എഴുത്തും പത്രപ്രവര്‍ത്തനവും തടസ്സപ്പെടുത്തുമെന്ന മാനസികാവസ്ഥയിലായിരുന്നു ക്ലെയര്‍ ഹോളിങ് വര്‍ത്ത്. അതിനാല്‍ അവസാനകാലം തികഞ്ഞ ഏകാന്തതയിലായി. ധൂര്‍ത്തജീവിതം വെറുത്ത അവര്‍ ഹോങ്കോങിലെ ചെറിയ ഫ്ളാറ്റില്‍ പരിചാരികയ്ക്കൊപ്പമാണിപ്പോള്‍ . അന്ധത തടസ്സങ്ങള്‍ സൃഷ്ടിക്കുമ്പോഴും കാതും മനസ്സും ഹൃദയവും ഒരിക്കലും പൂട്ടാത്ത മുറിപോലെ തുറന്നുവച്ചിരിക്കുകയാണ്. വാര്‍ത്തയറിയാന്‍ , ലോകം നിറയാന്‍ ബിബിസി പ്രക്ഷേപണം എപ്പോഴും ചേര്‍ത്തുവയ്ക്കും. മറ്റ് ആവശ്യങ്ങള്‍ ഉപേക്ഷിക്കപ്പെട്ടപ്പോഴും അത് തുടരുന്നു. ഇറാന്റെ ആത്മീയനേതാവ് ഷായെ അഭിമുഖം നടത്തിയതും മാവോയുടെ മരണം റിപ്പോര്‍ട്ട് ചെയ്തതും അയവിറക്കുക പതിവാണ്.

*
എ വി അനില്‍കുമാര്‍ ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

രണ്ടാം ലോക യുദ്ധം തുടങ്ങിയെന്ന് ലോകത്തെ അറിയിച്ച വിഖ്യാത പത്രപ്രവര്‍ത്തക ക്ലെയര്‍ ഹോളിങ്വര്‍ത്തിന് നൂറുവയസ്സ്. അപകടകരമായ ജീവിതം തെരഞ്ഞെടുത്ത ആ പ്രതിഭയുടെ
അനുഭവങ്ങളിലൂടെ...