Wednesday, November 9, 2011

സംഘബോധമുണര്‍ത്താന്‍ സ്ത്രീസുരക്ഷാസംഗമം

മനഃസാക്ഷിയുള്ളവരുടെ സ്വാസ്ഥ്യം കെടുത്തിക്കൊണ്ട് രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും സ്ത്രീകളും കുട്ടികളും ആക്രമിക്കപ്പെടുന്ന വാര്‍ത്തകള്‍ തുടര്‍ക്കഥകളായി വരികയാണ്. സ്വാതന്ത്ര്യത്തിന്റെ 64-ാം വര്‍ഷത്തിലും സുരക്ഷിതത്വത്തിനുവേണ്ടി ജനങ്ങള്‍ മുറവിളി കൂട്ടേണ്ടിവരുന്നത് എത്ര ഖേദകരമാണ്. മാനുഷികമൂല്യങ്ങള്‍ തകരുന്നത് സാമൂഹ്യ വ്യവസ്ഥിതിയുടെ തരക്കേട് മൂലമാണ്. ലാഭവും സുഖഭോഗങ്ങളും മാത്രം താല്‍പ്പര്യമാക്കുന്ന ചുരുക്കം ചിലരുടെ ആധിപത്യമാണ് ഇന്നത്തെ മുതലാളിത്ത സമൂഹത്തില്‍ പുലരുന്നത്. അമേരിക്കയിലെ ഭവാള്‍സ്ട്രീറ്റ് ഭസമരക്കാര്‍ സൂചിപ്പിക്കുന്നതുപോലെ 90 ശതമാനം പേരുടെ ജീവിതം ഒരു ശതമാനം വരുന്ന സമ്പന്നര്‍ ചവിട്ടിമെതിക്കുന്നു. ലാഭക്കൊതിയുടെ മുന്നില്‍ എല്ലാം കച്ചവടച്ചരക്കാകുന്നു. ജീവിതവും ബന്ധങ്ങളും ശരീരവുമെല്ലാം. ഈ മുതലാളിത്ത ഭരണവ്യവസ്ഥയാണ് ഇന്ത്യന്‍ ഭരണാധികാരികളും സ്വീകരിച്ചിരിക്കുന്നത്. പുത്തന്‍ സാമ്പത്തിക ഉദാരവല്‍ക്കരണ നയം ജനങ്ങള്‍ക്ക് സമ്മാനിക്കുന്നത് തൊഴിലില്ലായ്മയും പട്ടിണിയും അരക്ഷിതാവസ്ഥയുമാണ്. അതോടൊപ്പം സാംസ്കാരിക മണ്ഡലവും ജീര്‍ണാവസ്ഥയിലാവുന്നു. ജാതി ഭ്രാന്തും വാര്‍ഗീയ ലഹളകളും ഭീകരവാദവും ലൈംഗിക അരാജകത്വവും പണത്തിനുവേണ്ടിയുള്ള കിടമത്സരവും ജനജീവിതത്തെ കൂടുതല്‍ കൂടുതല്‍ ജീര്‍ണതയിലേക്ക് നയിക്കുന്നു.

മാക്സിം ഗോര്‍ക്കി "വ്യക്തിത്വത്തിന്റെ ശിഥിലീകരണം"ഭഎന്ന കൃതിയില്‍ സൂചിപ്പിച്ചതുപോലെ മുതലാളിത്ത സമൂഹം ഫിലിസ്റ്റൈനുകളെഭ(സ്വന്തം സുഖഭോഗങ്ങള്‍ക്കും താല്‍പ്പര്യത്തിനും വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത ക്രൂരന്മാര്‍) സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. പിടിച്ചുപറിയും കൊലപാതകങ്ങളും ബലാല്‍സംഗങ്ങളും നടത്തിക്കൊണ്ട് ഫിലിസ്റ്റൈനുകള്‍ ഭീകരനടനം തുടരുന്നു. സ്ത്രീകളും കുട്ടികളും അവരുടെ കോമ്പല്ലില്‍ കോര്‍ത്തെടുക്കപ്പെടുന്നു. ഈ ക്രൂരതയ്ക്ക് അറുതി വരുത്താന്‍ സാമൂഹ്യ വ്യവസ്ഥിതിയില്‍ മാറ്റമുണ്ടാവുക മാത്രമാണ് മാര്‍ഗം.
പത്രത്താളുകളിലും ടെലിവിഷന്‍ സ്ക്രീനുകളിലും തിളങ്ങി നില്‍ക്കുന്ന എക്സിക്യൂട്ടീവുകളും സിനിമാതാരങ്ങളും ശരാശരി ഇന്ത്യന്‍ സ്ത്രീയുടെ പ്രതിച്ഛായയല്ല. അവഗണിക്കപ്പെട്ടും ആക്ഷേപിക്കപ്പെട്ടും ഒടുങ്ങുന്ന പതിനായിരങ്ങളാണ് ഇന്ത്യന്‍സ്ത്രീയുടെ പ്രതിരൂപം. ഉത്തരേന്ത്യന്‍ഗ്രാമങ്ങളില്‍ കുടിവെള്ളത്തിനും വിറകിനും വേണ്ടി കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിക്കേണ്ടവര്‍ , ദിവസം പത്തോ പന്ത്രണ്ടോ മണിക്കൂറുകള്‍ തുടര്‍ച്ചയായി ജോലി ചെയ്താലും പിച്ചക്കൂലിമാത്രം ലഭിക്കുന്നവര്‍ , 15 വയസ്സിനുമുമ്പ് വിവാഹിതരാവുകയും 20 വയസ്സാകുമ്പോഴേക്കും നാലോ അഞ്ചോ കുഞ്ഞുങ്ങളുടെ അമ്മയാവുകയുംചെയ്യുന്നവര്‍ , കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍പോലും കൊടുക്കാനാകാത്ത വിധം വിളറി എലുമ്പിച്ചു പോയവര്‍ (ഇന്ത്യന്‍ സ്ത്രീകളില്‍ 80 ശതമാനം പേരും അനീമിയ ബാധിച്ചവര്‍ എന്ന് കണക്ക്). വീട്ടുവേലക്കാരാക്കി മാറ്റപ്പെടാന്‍ വിവാഹമെന്ന തട്ടിപ്പിനിരയാകുന്നവര്‍ , പട്ടാളക്കാരുടെയും വര്‍ഗീയ വാദികളുടെയും അതിക്രമങ്ങള്‍ക്ക് വിധേയരായി ശരീരവും മനസ്സും പിച്ചിച്ചീന്തപ്പെടുന്നവര്‍ , ചുവന്ന തെരുവുകളില്‍ ജീവിതം പുഴുവരിച്ച് നശിക്കുന്നവര്‍ -ഇതെല്ലാമാണ് ഇന്ത്യന്‍സ്ത്രീ.

നല്ല വിദ്യാഭ്യാസം, തൊഴില്‍ , മക്കളുടെ സുരക്ഷിതത്വം, സ്വസ്ഥമായ കുടുംബം, നല്ല അയല്‍ക്കാര്‍ , പരസ്പരസഹകരണം, ജാതിമതഭേദമില്ലാത്ത സൗഹൃദം, പരസ്പര ബഹുമാനം - ഇന്ത്യന്‍സ്ത്രീകളുടെ ഈ മനോഹര സ്വപ്നങ്ങള്‍ എവിടെയാണ് കൊഴിഞ്ഞുപോയത്? ഗ്രാമങ്ങളില്‍ സ്ത്രീകളുടെ സാക്ഷരതാനിരക്ക് 30 ശതമാനത്തില്‍ താഴെയാണ്. മാതൃമരണനിരക്കും ശിശുമരണനിരക്കും ഇന്ത്യയില്‍ കൂടുതലാണ്. ബാലവേല ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണ്. പോഷകാഹാരക്കുറവിന്റെ കാര്യത്തിലും രാജ്യം മുന്നില്‍ത്തന്നെ. ലോകത്തിലെ 84 പട്ടിണിരാജ്യങ്ങളില്‍ ഇന്ത്യയും സ്ഥാനം പിടിച്ചിരിക്കുന്നു. 67-ാം സ്ഥാനത്താണ് ഇന്ത്യ.

സമ്പന്ന സംസ്ഥാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ കൃഷിക്കാര്‍ ആത്മഹത്യചെയ്യുന്നു. മാധ്യമപ്രവര്‍ത്തകന്‍ പി സായ്നാഥ് നടത്തിയ പഠനത്തില്‍ പറയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ (ആഗോളവല്‍ക്കരണത്തിന്റെ നാളുകളില്‍) 70 ലക്ഷം കൃഷിക്കാര്‍ കൃഷിയില്‍നിന്ന് നിഷ്കാസിതരായി എന്നാണ്. രണ്ടര ലക്ഷം പേര്‍ ആത്മഹത്യചെയ്തു. ശേഷിച്ചവര്‍ നഗരങ്ങളിലേക്ക് ചേക്കേറി വലിയ വലിയ ചേരികളായി രൂപാന്തരം പ്രാപിച്ചു. നഗരത്തിന്റെ അഴുക്കുചാലുകള്‍ക്കരികില്‍ ഒരു തുള്ളി കുടിവെള്ളംപോലും കിട്ടാത്ത സാഹചര്യത്തില്‍ സ്ത്രീകളുടെ പ്രസവവും മറ്റ് ജൈവിക പ്രക്രിയകളും എങ്ങനെ നടത്തുന്നു എന്ന് ചിന്തിക്കുന്നത് പോലും ഭയാനകം. ആധുനിക നാപ്കിനുകളുടെയും ബേബി ഫുഡുകളുടെയുമെല്ലാം പരസ്യങ്ങളെവിടെ, ഈ പട്ടിണിപ്പാവങ്ങളുടെ ജീവിതമെവിടെ! മുതലാളിത്തത്തിന്റെ കണ്ണില്‍ മാര്‍ക്കറ്റ് മാത്രമേ ഉള്ളൂ. ജീവിതമില്ല. വിദര്‍ഭയില്‍നിന്ന് നഗരങ്ങളിലേക്ക് പലായനംചെയ്യുമ്പോള്‍ ഒരു നേരത്തെ ആഹാരത്തിനു വേണ്ടി ഭാര്യയെയും കുട്ടികളെയും കിട്ടിയ കാശിന് വിറ്റ പുരുഷന്‍മാര്‍ ഉണ്ടായിരുന്നത്രേ. വീട്ടുവേലയ്ക്കും മറ്റുമായി സമ്പന്നര്‍ നടത്തിയ ലാഭക്കച്ചവടം! പിശാചുവേട്ട, ദുരഭിമാനഹത്യ, ഉടന്തടിച്ചാട്ടം(സതി)തുടങ്ങിയവയെല്ലാം ഉത്തരേന്ത്യന്‍ഗ്രാമങ്ങളില്‍ മുറപോലെ നടക്കുന്നുണ്ട്.

നഗരങ്ങള്‍ ഗ്രാമങ്ങളേക്കാള്‍ ഭയാനകമാണ്. ഡല്‍ഹിയില്‍ ഓരോ അഞ്ച് മിനിറ്റിനും ഒരു സ്ത്രീ ലൈംഗിക അതിക്രമത്തിന് വിധേയയാകുന്നു. മുംബൈയില്‍ തീവണ്ടികളില്‍ എല്ലാ ദിവസവും സ്ത്രീകള്‍ അക്രമിക്കപ്പെടുന്നു. ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്യപ്പെടുന്നില്ല. നഗരത്തിന്റെ ആരവങ്ങള്‍ക്കും പകിട്ടുകള്‍ക്കുമിടയില്‍ അവരുടെ നിലവിളികള്‍ വിലയം പ്രാപിക്കുന്നു. അതിര്‍ത്തിയില്‍ പട്ടാളക്കാരുടെ പീഡനം കാരണം മണിപ്പുരിലെ സ്ത്രീകള്‍ക്ക് നഗ്നരായി പ്രകടനം നടത്തേണ്ടി വന്നു. ഗുജറാത്തില്‍ വര്‍ഗീയ ലഹളയുടെ ഭാഗമായി പെണ്‍കുട്ടികളുടെ ശരീരത്തോട് കാട്ടിയ ക്രൂരത പകര്‍ത്താന്‍ വയ്യാത്തതാണ്. ബംഗാളില്‍ മാവോ-തൃണമൂല്‍ തീവ്രവാദികള്‍ സ്ത്രീകള്‍ക്കു നേരെ നടത്തുന്ന അതിക്രമങ്ങള്‍ ഇപ്പോഴും തുടരുന്നു. പര്‍ദയണിയാത്തതിന്, പാവാട ധരിച്ചതിന് ഒക്കെ പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെടുന്നു. സ്ത്രീധന- ഗാര്‍ഹിക പീഡനങ്ങള്‍ അനുദിനം വര്‍ധിച്ചുവരുന്നു. കുടുംബബന്ധങ്ങള്‍ ശിഥിലമായിക്കൊണ്ടിരിക്കുന്നു. 1995ന് ശേഷം കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ 70 ശതമാനം വര്‍ധിച്ചതായി നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോവിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 34 ശതമാനം കുറ്റവാളികള്‍മാത്രമാണ് ശിക്ഷിക്കപ്പെടുന്നത്. സ്ത്രീധന പീഡന പരാതിയുണ്ടായാല്‍ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുന്ന 498 (എ), സ്ത്രീധനത്തുക തിരികെ കൊടുപ്പിക്കാവുന്ന 406 തുടങ്ങിയ നിയമങ്ങള്‍ കൂടുതല്‍ ദുര്‍ബലമാക്കാനുള്ള നീക്കങ്ങളാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. സിആര്‍പിസി പരിഷ്കരണത്തിന്റെ ഭാഗമായി പൊലീസിന് അറസ്റ്റ് ചെയ്യാനുള്ള അധികാരം എടുത്തുകളയാനാണ് നീക്കം.

കേരളത്തില്‍ എന്താണ് സംഭവിക്കുന്നത്? പരിഷ്കൃതമെന്ന് നാം അഭിമാനിക്കുന്ന കേരളീയ സമൂഹം അതി ദയനീയമായ മൂല്യച്യുതിയിലേക്ക് നീങ്ങുകയാണ്. സാമൂഹ്യ പരിഷ്കര്‍ത്താക്കളും ഇടതുപക്ഷ ആശയഗതികളും വഴി കേരളത്തിനുണ്ടായ സാമൂഹ്യ നവോത്ഥാനം അട്ടിമറിക്കപ്പെടുകയാണ്. സ്ത്രീ സാക്ഷരതയെയും പൊതുരംഗത്തുള്ള സ്ത്രീകളുടെ കടന്നുവരവിനെയുമെല്ലാം നിഷ്പ്രഭമാക്കികൊണ്ട് കേരളത്തിലും മുതലാളിത്ത ഉപഭോഗാര്‍ത്തിയുടെ ജീര്‍ണത പടരുകയാണ്. മനുഷ്യര്‍ സ്വാര്‍ഥതാല്‍പ്പര്യക്കാരും സാമൂഹ്യബോധമില്ലാത്ത ഒറ്റപ്പെട്ട തുരുത്തുകളുമായി മാറുന്നു. ഓരോരുത്തര്‍ക്കും സ്വയം കോടീശ്വരന്മാരും ചൂഷകരുമായി മാറാമെന്ന മുതലാളിത്ത വായാടിത്തത്തില്‍ മയങ്ങി സംഘബോധത്തില്‍നിന്ന് അകന്ന് അവര്‍ തങ്ങള്‍ക്ക് ചുറ്റുമതിലുകള്‍ പണിയുന്നു. ഭൂമിയും ഭൂമിയില്‍ വീട് വയ്ക്കുന്നതിനും അവകാശം നിയമപരമായി കേരളീയര്‍ക്ക് നേടിക്കൊടുത്തത് ഇടതുപക്ഷ നേതൃത്വത്തിലുള്ള സംഘടിത സമരങ്ങളാണ്. എന്നാല്‍ , ഇന്ന് സംഘബോധം ക്ഷയിച്ചുപോകുന്നു.

കേരളം സംഘബോധത്തിന്റെ കരുത്തില്‍ ധാരാളം സാമൂഹ്യനേട്ടങ്ങള്‍ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ കുട്ടികളോടുള്ള ക്രൂരത, സ്ത്രീകള്‍ക്കു നേരെ കടന്നാക്രമണങ്ങള്‍ , അഴിമതി, ക്വട്ടേഷന്‍ സംഘങ്ങള്‍ , കൊലപാതകങ്ങള്‍ ,ആത്മഹത്യകള്‍ തുടങ്ങിയ വിപത്തുകള്‍ കേരളീയ സമൂഹത്തില്‍ മേല്‍ക്കൈ നേടുന്നത് ഉല്‍ക്കണ്ഠാജനകമാണ്. കോഴിക്കോട് ഐസ്ക്രീം പാര്‍ലര്‍ , സൂര്യനെല്ലി, വിതുര, കൊട്ടിയം, കിളിരൂര്‍ , കവിയൂര്‍ , പട്ടാന്നൂര്‍ , പറവൂര്‍ , കോതമംഗലം, വരാപ്പുഴ, വൈപ്പിന്‍ തുടങ്ങി പറഞ്ഞാല്‍ അറുതിയില്ലാത്ത പേരുകള്‍ കേവലം സ്ഥലനാമങ്ങളല്ല, വര്‍ത്തമാനകാല കേരളത്തിന്റെ മുഖത്ത് പതിഞ്ഞ മായ്ക്കാനാവാത്ത കളങ്കമാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പണത്തിനു വേണ്ടി സ്വന്തം കുടുംബങ്ങള്‍തന്നെ കാട്ടാളന്മാരുടെ കാമപ്പേക്കൂത്തിന് വിട്ടുകൊടുത്ത സംഭവങ്ങളാണ് മിക്കതും. കുട്ടികളുടെ ശരീരം വിറ്റ് കാശ് നേടി ഞെളിഞ്ഞുനടന്ന സ്ത്രീകളുമുണ്ട് ഇക്കൂട്ടത്തില്‍ . ലതാ നായരും ഓമനക്കുട്ടിയും ശോഭാജോണും സമൂഹത്തിന് അപമാനമാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായി ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുന്നത് അവരുടെ സമ്മതത്തോടെ ആയാലും കുറ്റകരമാണെന്നും അത്തരക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും നിയമവ്യവസ്ഥയുണ്ട്. സ്നേഹവാത്സല്യങ്ങള്‍ പകര്‍ന്നുനല്‍കേണ്ട രക്ഷിതാക്കള്‍പോലും കുഞ്ഞുങ്ങളുടെ ഘാതകരായി മാറുന്നത് പൊറുക്കാനാകാത്ത അപരാധമാണ്. കുട്ടികളെ ആക്രമിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ കിട്ടാന്‍ നിയമങ്ങള്‍ ഭേദഗതിചെയ്യണം.

സ്ത്രീകള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യംപോലും നിഷേധിക്കപ്പെടുകയാണ്. ട്രെയിനില്‍വച്ച് ആക്രമിക്കപ്പെട്ട സൗമ്യയുടെയും ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ ആക്രമിക്കപ്പെട്ട കായംകുളത്തെ പെണ്‍കുട്ടിയുടെയും അനുഭവം ഭയമുണ്ടാക്കുന്നതാണ്. തലശ്ശേരിയില്‍ റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നുപോകുമ്പോള്‍ അധ്യാപിക ആക്രമിക്കപ്പെട്ടു. മൂന്നുപേര്‍ ഓടിയെത്തി അവരെ രക്ഷിക്കുകയായിരുന്നു. സമൂഹത്തില്‍ നന്മയുടെ വേരറ്റു പോയിട്ടില്ലെന്ന് തെളിയിച്ചുകൊണ്ട് ആക്രമിയെ തുരത്തി അവര്‍ സ്വന്തം സഹോദരിയെ എന്നവണ്ണം അധ്യാപികയെ രക്ഷപ്പെടുത്തി. എന്നാല്‍ , സൗമ്യ സംഭവത്തില്‍ നേര്‍ വിപരീതമായിരുന്നു അനുഭവം. ട്രെയിനിന്റെ ചങ്ങലവലിച്ചു നിര്‍ത്താന്‍ നോക്കിയ ചെറുപ്പക്കാരനെ സഹയാത്രികര്‍ തടസ്സപ്പെടുത്തുകയാണുണ്ടായത്.

ഇടുക്കിയില്‍ 11 വയസ്സുള്ള കുട്ടി അഞ്ച് വയസ്സുള്ള കുട്ടിയെ ആക്രമിച്ചു കൊന്നത് നമ്മെ ഞെട്ടിപ്പിച്ചു. ഇന്റര്‍നെറ്റില്‍നിന്ന് അശ്ലീലചിത്രങ്ങള്‍ കാണുന്ന രക്ഷിതാക്കള്‍ കുട്ടിയുമതിന് കീഴ്പ്പെടുന്നത് ശ്രദ്ധിച്ചില്ല. കുട്ടിയുടെ മനസ്സിനെ വികലമാക്കിയത് ഈ കാഴ്ചയാണെന്ന് പൊലീസ് ചോദ്യംചെയ്തപ്പോള്‍ മനസിലായി. ഗാര്‍ഹിക പീഡനങ്ങള്‍ പെരുകുന്നതും വിവാഹമോചനങ്ങളുടെ എണ്ണം വര്‍ധിച്ചുവരുന്നതും കേരളീയ സമൂഹത്തില്‍ ഉണ്ടാകുന്ന പതനത്തിന്റെ സൂചനകളാണ്. ഒളിക്യാമറകള്‍ സ്ഥാപിക്കുക, മൊബൈല്‍ ഫോണിലൂടെ അശ്ലീലം പ്രചരിപ്പിക്കുക, അശ്ലീല പ്രസിദ്ധീകരണങ്ങളും സിനിമകളും യഥേഷ്ടം നിര്‍മിച്ചു വിറ്റഴിക്കുക തുടങ്ങി എന്തുമാകാമെന്ന് വന്നിരിക്കുന്നു കേരളത്തില്‍ . റേഷനരിക്ക് നല്‍കാത്ത പ്രാധാന്യം ലൈംഗിക ഉത്തേജക മരുന്നുകള്‍ക്ക് നല്‍കുന്നത് ലൈംഗികത കച്ചവടച്ചരക്കാക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ്.

പൊലീസ് സംവിധാനം കരുത്തുറ്റതാകണം. അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ഒപ്പം സമൂഹത്തില്‍ മാനുഷികമൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള ബോധവല്‍ക്കരണവും നടത്തണം. മദ്യവും മയക്കുമരുന്നും ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചും ബോധവല്‍ക്കരണം ആവശ്യമാണ്. നല്ല രാഷ്ട്രീയ ബോധം ഉണ്ടാവുമ്പോഴേ മാനുഷികമൂല്യങ്ങള്‍ പുലരുകയുള്ളൂ. പൊതുപ്രശ്നങ്ങളുടെ പേരില്‍ ഒത്തുചേരുമ്പോള്‍ സ്വാര്‍ഥതയുടെ ജീര്‍ണിച്ച പുറംതോടുകള്‍ പൊളിഞ്ഞുവീഴും. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ വില്ലേജുകള്‍തോറും സ്ത്രീ സുരക്ഷാ സംഗമം നടത്തുകയാണ്. സമൂഹത്തിന്റെ എല്ലാതുറകളിലുംപെട്ട സ്ത്രീ-പുരുഷന്മാരുടെ സംഗമം ആയിരിക്കണം അത്. നമ്മുടെ കുട്ടികളെയും സ്ത്രീകളെയും രക്ഷിക്കാനുള്ള ബോധപൂര്‍വമായ ഇടപെടലാണ് ഉദ്ദേശിക്കുന്നത്.

വില്ലേജില്‍ 15 അംഗങ്ങളുള്ള സ്ത്രീകളുടെ ഒരു സുരക്ഷസേന (വളന്റിയര്‍മാര്‍) രൂപീകരിക്കാനും സമൂഹത്തില്‍ പ്രമുഖ വ്യക്തികള്‍ അടങ്ങിയ ഒരു ഉപദേശക സമിതി രൂപീകരിക്കാനും ഉദ്ദേശ്യമുണ്ട്. പ്രശ്നമനുഭവിക്കുന്ന പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നിയമോപദേശം നേടിക്കൊടുക്കുകയും കൗമാരപ്രായക്കാരടക്കമുള്ളവരെ ബോധവല്‍ക്കരിക്കുകയുമാണ് സുരക്ഷാസേനയുടെ ലക്ഷ്യം. തുടര്‍ന്ന് ഇരുപതിനായിരത്തോളം വരുന്ന യൂണിറ്റുകളിലും സ്ത്രീ സുരക്ഷാ സംഗമം സംഘടിപ്പിക്കും. സംഘബോധത്തിലൂടെ സമൂഹത്തിനേറ്റ പോറലുകള്‍ ഇല്ലാതാക്കാന്‍ നമുക്ക് ശ്രമിക്കാം. (അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയാണ് ലേഖിക)

*
കെ കെ ശൈലജ ദേശാഭിമാനി 09 നവംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മനഃസാക്ഷിയുള്ളവരുടെ സ്വാസ്ഥ്യം കെടുത്തിക്കൊണ്ട് രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും സ്ത്രീകളും കുട്ടികളും ആക്രമിക്കപ്പെടുന്ന വാര്‍ത്തകള്‍ തുടര്‍ക്കഥകളായി വരികയാണ്. സ്വാതന്ത്ര്യത്തിന്റെ 64-ാം വര്‍ഷത്തിലും സുരക്ഷിതത്വത്തിനുവേണ്ടി ജനങ്ങള്‍ മുറവിളി കൂട്ടേണ്ടിവരുന്നത് എത്ര ഖേദകരമാണ്. മാനുഷികമൂല്യങ്ങള്‍ തകരുന്നത് സാമൂഹ്യ വ്യവസ്ഥിതിയുടെ തരക്കേട് മൂലമാണ്. ലാഭവും സുഖഭോഗങ്ങളും മാത്രം താല്‍പ്പര്യമാക്കുന്ന ചുരുക്കം ചിലരുടെ ആധിപത്യമാണ് ഇന്നത്തെ മുതലാളിത്ത സമൂഹത്തില്‍ പുലരുന്നത്. അമേരിക്കയിലെ ഭവാള്‍സ്ട്രീറ്റ് ഭസമരക്കാര്‍ സൂചിപ്പിക്കുന്നതുപോലെ 90 ശതമാനം പേരുടെ ജീവിതം ഒരു ശതമാനം വരുന്ന സമ്പന്നര്‍ ചവിട്ടിമെതിക്കുന്നു. ലാഭക്കൊതിയുടെ മുന്നില്‍ എല്ലാം കച്ചവടച്ചരക്കാകുന്നു. ജീവിതവും ബന്ധങ്ങളും ശരീരവുമെല്ലാം. ഈ മുതലാളിത്ത ഭരണവ്യവസ്ഥയാണ് ഇന്ത്യന്‍ ഭരണാധികാരികളും സ്വീകരിച്ചിരിക്കുന്നത്. പുത്തന്‍ സാമ്പത്തിക ഉദാരവല്‍ക്കരണ നയം ജനങ്ങള്‍ക്ക് സമ്മാനിക്കുന്നത് തൊഴിലില്ലായ്മയും പട്ടിണിയും അരക്ഷിതാവസ്ഥയുമാണ്. അതോടൊപ്പം സാംസ്കാരിക മണ്ഡലവും ജീര്‍ണാവസ്ഥയിലാവുന്നു. ജാതി ഭ്രാന്തും വാര്‍ഗീയ ലഹളകളും ഭീകരവാദവും ലൈംഗിക അരാജകത്വവും പണത്തിനുവേണ്ടിയുള്ള കിടമത്സരവും ജനജീവിതത്തെ കൂടുതല്‍ കൂടുതല്‍ ജീര്‍ണതയിലേക്ക് നയിക്കുന്നു.