Sunday, November 27, 2011

ദുര്‍വിധി തിരുത്തിയ നീതിയുടെ വിധി

ഗോപിനാഥന്‍പിള്ള ഇപ്പോള്‍ ശാന്തനാണ്. തന്റെ മകന്‍ തീവ്രവാദിയല്ലെന്ന് തെളിയിക്കാന്‍ സാധിച്ചതിന്റെ ചാരിതാര്‍ഥ്യം ആ മുഖത്തുണ്ട്. എങ്കിലും മനസ്സില്‍ ഓര്‍മകളുടെ കടലിരുമ്പുന്നു. തീവ്രവാദിയുടെ അച്ഛന്‍ എന്ന മുദ്രചാര്‍ത്തി അകറ്റിനിര്‍ത്തപ്പെട്ട ഏഴുവര്‍ഷത്തെ മുറിപ്പാടുകള്‍ കാണാം. പുത്രവാത്സല്യവും പോരാട്ടവീറും ചേര്‍ന്ന ഊര്‍ജമാണ് ഈ അച്ഛന്‍ .

മാവേലിക്കര താമരക്കുളം കൊട്ടയ്ക്കാട്ടുശേരി മണലാടി തെക്കതില്‍ ഗോപിനാഥന്‍പിള്ളയ്ക്ക് മക്കള്‍ രണ്ടായിരുന്നു. അരവിന്ദും പ്രാണേഷ്കുമാറും. പുണെയില്‍ സ്വകാര്യക്കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്ന ഗോപിനാഥന്‍പിള്ള ഇളയമകനായ പ്രാണേഷിനെ ഒപ്പം കൂട്ടി. അവിടെ മറ്റൊരു സ്വകാര്യസ്ഥാപനത്തില്‍ അവന് ജോലിയും ലഭിച്ചു. ഗോപിനാഥന്‍പിള്ള പിന്നീട് നാട്ടിലേക്കു മടങ്ങി. പുനെയില്‍ തനിച്ചായ പ്രാണേഷ് സാജിത എന്ന മുസ്ലിം പെണ്‍കുട്ടിയുമായി പ്രണയത്തിലായി. അവര്‍ വിവാഹിതരായി. പ്രാണേഷ്ഇസ്ലാം മതം സ്വീകരിച്ച് ജാവേദ് ഗുലാം ഷേക്ക് ആയി.

പരമ്പരാഗത വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തുന്ന ഒരു നാട്ടിന്‍പുറത്ത് എളുപ്പം സ്വീകരിക്കാവുന്നതായിരുന്നില്ല ആ വാര്‍ത്ത. പക്ഷേ, യൗവനകാലത്ത് ട്രേഡ്യൂണിയന്‍ പ്രവര്‍ത്തന പാരമ്പര്യവും പിന്നീട് പൊതുപ്രവര്‍ത്തന പരിചയവുമെല്ലാം ഉണ്ടായിരുന്നതിനാലാകാം ആ അച്ഛന്‍ മകന്റെ മതം മാറ്റവും പ്രണയ വിവാഹവുമെല്ലാം ഉള്‍ക്കൊണ്ടു. വീട്ടിലെത്താത്ത മകനെതേടി വീണ്ടും മഹാരാഷ്ട്രയിലെത്തി. മകനുവേണ്ടി മണലാടി തെക്കതില്‍ കുടുംബത്തിന്റെ വാതിലുകള്‍ തുറന്നിട്ടു.

പ്രാണേഷിന്റെ മൂത്തമകന്‍ അബൂബക്കര്‍ സിദ്ദിഖിനെ ഗോപിനാഥന്‍ പിള്ള ഒപ്പം നാട്ടില്‍ നിര്‍ത്തി. ഒരു വര്‍ഷം ഇവിടെ ഒരു സ്വകാര്യ സ്കൂളില്‍ വിദ്യാര്‍ഥിയായിരുന്നു അബൂബക്കര്‍ . മകനെ തിരികെ കൊണ്ടുപോകാനും തനിക്കുണ്ടായ മൂന്നാമത്തെ മകനെ അച്ഛന് കാട്ടിക്കൊടുക്കാനുമാണ് 2004 ജൂണില്‍ പ്രാണേഷും ഭാര്യയും മക്കളും കാറില്‍ കുടുംബവീട്ടിലെത്തിയത്. ഏതാനും ദിവസം ഇവിടെ താമസിച്ച് ജൂണ്‍ അഞ്ചിന് അവര്‍ മടങ്ങി.

യാത്രയുടെ വിവരങ്ങള്‍ ഇടയ്ക്കിടെ അറിഞ്ഞുകൊണ്ടിരുന്നു. പിന്നീട് ജൂണ്‍ 15ന് മരുമകള്‍ സാജിത ഗോപിനാഥപിള്ളയെ ഫോണില്‍ വിളിച്ചു. പ്രാണേഷ് വീട്ടിലെത്തിയിട്ട് നാല് ദിവസമായെന്നായിരുന്നു അവര്‍ പറഞ്ഞത്. കിലോമീറ്ററുകള്‍ക്കിപ്പുറമിരുന്ന് ഗോപിനാഥന്‍പിള്ളയ്ക്ക് പരിഭ്രമിക്കാനല്ലാതെ മറ്റൊന്നും സാധ്യമായിരുന്നില്ല. തൊട്ടടുത്ത ദിവസത്തെ പത്രത്തില്‍ ഗുജറാത്തില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വധിക്കാനെത്തിയ തീവ്രവാദികളെ പൊലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതായ വാര്‍ത്തയും ചിത്രവും വെടിയേറ്റു കിടക്കുന്ന തീവ്രവാദികളുടെ ചിത്രവും ഉണ്ടായിരുന്നു. ഇസ്രത്ത് ജഹാന്‍ , പ്രാണേഷ്കുമാര്‍ , ജിസന്‍ ജോഹര്‍ , അംജദ് അലി അക്ബര്‍ റാണ എന്നിവരാണ് കൊല്ലപ്പെട്ടത്. അഹമ്മദാബാദ് പൊലീസിന്റെ എഫ്ഐആര്‍ പ്രകാരം നാലുപേരും അഹമ്മദാബാദ് കോട്ടാര്‍പുര്‍ വാട്ടര്‍ വര്‍ക്സിനുസമീപം ക്രൈംബ്രാഞ്ചുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നു.
ഗോപിനാഥന്‍പിള്ള സ്തംഭിച്ചുപോയി. ഒരു ഉറുമ്പിനെപ്പോലും കൊല്ലാന്‍ കഴിയാത്ത തന്റെ മകന് തീവ്രവാദിയാകാന്‍ സാധിക്കുന്നതെങ്ങനെ? പക്ഷേ, എഴുതപ്പെട്ട തിരക്കഥ ഭദ്രമായിരുന്നു. പ്രണയം, മതംമാറ്റം, മുസ്ലിം ജീവിതചര്യകള്‍ , കുടുംബവീട് സന്ദര്‍ശനം ഒരു തീവ്രവാദിയെ സൃഷ്ടിക്കാന്‍ ചേരുവകള്‍ കൃത്യം. കോണ്‍ഗ്രസ് നേതാവായിരുന്നു ഗോപിനാഥപിള്ള. സാമുദായിക സംഘടനാപ്രവര്‍ത്തനത്തിലും പൊതുകാര്യങ്ങളിലും സജീവം. നിമിഷനേരംകൊണ്ട് എല്ലാം തകിടംമറിഞ്ഞു. പാര്‍ടിക്കാര്‍ തിരിഞ്ഞുനോക്കാതെയായി. ബന്ധുക്കള്‍ മുഖംതിരിച്ചു. പക്ഷേ, അപ്പോള്‍ തനിക്കൊപ്പംനിന്നത് സിപിഐ എം നേതാക്കളാണെന്ന് ഗോപിനാഥപിള്ള ഓര്‍ക്കുന്നു.

പ്രാണേഷിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ അച്ഛന്‍ പോയില്ല. ഭാര്യയും ബന്ധുക്കളും അതേറ്റുവാങ്ങി മുസ്ലിം മതാചാരപ്രകാരം സംസ്കരിച്ചു. ഗുജറാത്തില്‍നിന്ന് പൊലീസുകാര്‍ പലതവണ ഗോപിനാഥപിള്ളയെ വിളിച്ചു. "നിങ്ങളുടെ മകന്‍ ഹിന്ദുവല്ലേ അവനെ ഹിന്ദു ആചാരപ്രകാരം സംസ്കരിക്കണോ?" എന്നായിരുന്നു അവരുടെ ചോദ്യം. "എന്റെ മകന്‍ ജനിച്ചത് ഹിന്ദുവായാണ്. പക്ഷേ, മരിച്ചത് മുസ്ലിമായും. അവന്റെ ഭാര്യയാണ് സംസ്കാരം എങ്ങനെ നടത്തേണ്ടതെന്ന് തീരുമാനിക്കേണ്ടത്" എന്ന് മറുപടി നല്‍കി.

പിന്നീട് നാലുമാസം. ഒറ്റപ്പെടലിന്റെയും കുറ്റപ്പെടുത്തലുകളുടെയും കാലമായിരുന്നു. അങ്ങനെയിരിക്കെയാണ് വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൊറാബുദ്ദീന്റെ കഥ പത്രങ്ങളില്‍ വന്നത്. ഇതോടെ പ്രാണേഷിന്റെ കൊലപാതകവും അന്വേഷണവിധേയമാക്കണമെന്ന് ഗോപിനാഥപിള്ള തീരുമാനിച്ചു. ഇന്ത്യാചരിത്രത്തിലെ ഏറ്റവും നിഷ്ഠുരമായ ഭരണകൂട കൊലപാതകപരമ്പരകള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ ഈ അച്ഛന്‍ നിമിത്തമായി.

അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണിക്ക് ഒരു നിവേദനം തയ്യാറാക്കി. അത് നേരിട്ടുനല്‍കാന്‍ തിരുവനന്തപുരത്തേക്ക് പോകുന്നതിന് കോണ്‍ഗ്രസിലെ സഹപ്രവര്‍ത്തകരെ കൂട്ടിനുവിളിച്ചു. ആരും തയ്യാറായില്ല. ഒടുവില്‍ നിവേദനം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഫാക്സ് ചെയ്തു. പക്ഷേ, ഒരു മറുപടിയും കിട്ടിയില്ല. പിന്നീട് ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തില്‍വന്നശേഷവും മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ കണ്ട് നിവേദനം നല്‍കി. അനുഭാവപൂര്‍ണമായ സമീപനമാണ് ഇടതുമുന്നണി സര്‍ക്കാരില്‍നിന്ന് ഉണ്ടായതെന്ന് അദ്ദേഹം പറയുന്നു.

തീവ്രവാദബന്ധമില്ലാത്ത പ്രാണേഷിനെ മഹാരാഷ്ട്രയില്‍നിന്ന് തട്ടിക്കൊണ്ടുപോയി ഗുജറാത്തില്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് വ്യക്തമായിരിക്കുന്നു. പ്രാണേഷ് തന്റെ കാര്‍ നന്നാക്കാന്‍പോയ വര്‍ക്ക്ഷോപ്പില്‍നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ടതാണെന്നതിന് ദൃക്സാക്ഷികളുണ്ട്. എന്നാല്‍ , അവര്‍ അത് കോടതിയില്‍ പറയാന്‍ തയ്യാറല്ല. കാരണം ഭയംതന്നെ. പ്രാണേഷിന്റെ ഭാര്യതന്നെ കേസ് നടത്താന്‍ ധൈര്യം കാട്ടിയില്ല. പ്രാണേഷ് കൊല്ലപ്പെട്ടതിന് തൊട്ടടുത്തദിവസങ്ങളിലെല്ലാം സാജിതയെ രാവിലെ പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിക്കും. ഏതാനും മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞുമായി സ്റ്റേഷനിലെത്തുന്ന ഇവര്‍ വരാന്തയില്‍ നില്‍ക്കണം. അതും വേനല്‍ക്കാലത്തെ പൊരിവെയിലത്ത് വൈകുംവരെ. കുഞ്ഞിന് മുലപ്പാല്‍ കൊടുക്കാനോ ഒരു തുള്ളി വെള്ളം കുടിക്കാനോ സാധിക്കില്ല. പൊലീസിന്റെ ഇത്തരം പീഢനങ്ങള്‍ കാരണം സാജിത കേസില്‍ കക്ഷിചേര്‍ന്നില്ല.

സുപ്രീംകോടതിയില്‍ പ്രഗത്ഭരായ അഭിഭാഷകരെത്തന്നെ കേസ് നടത്താന്‍ നിയോഗിച്ചു. സുമാജോസനെപ്പോലുള്ള സാമൂഹ്യപ്രവര്‍ത്തകര്‍ ഇതിന് സഹായിച്ചു. മകന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഗോപിനാഥന്‍പിള്ള അന്നുമുതല്‍ നിരന്തരയാത്രയിലാണ്. മഹാരാഷ്ട്രയിലും ഗുജറാത്തിലും ഡല്‍ഹിയിലുമെല്ലാം സഞ്ചരിച്ചു. സാക്ഷികളെയും പൊലീസുദ്യോഗസ്ഥരെയും കണ്ടു. ഇതിനിടയിലാണ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറായ എസ് പി തമാങ് ക്രിമിനല്‍ നടപടിക്രമം 176 അനുസരിച്ച് പ്രാണേഷ്കുമാറിന്റെയും ഇസ്രത്തിന്റെയും കൊലപാതകം സംബന്ധിച്ച് നടത്തിയ റിപ്പോര്‍ട്ട് പുറത്തുവന്നത്. എ കെ 56 തോക്കുപയോഗിച്ച് പ്രാണേഷ് പൊലീസ് വാഹനത്തെ ആക്രമിച്ചുവെന്ന ഭാഷ്യം ശുദ്ധഅസംബന്ധമാണെന്നും മറ്റെവിടെയോ വച്ച് കൊല്ലപ്പെട്ട ഇവരെ അലഹബാദില്‍ പൊതുവഴിയില്‍ കൊണ്ടുവന്നിട്ടശേഷം തീവ്രവാദികളെന്ന് തോന്നിപ്പിക്കാന്‍ തോക്ക് കൈയില്‍ പിടിപ്പിക്കുകയായിരുന്നുവെന്നും വ്യക്തമാക്കിയിരിക്കുന്നു.

സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. നീതിനിഷ്ഠനായ സതീഷ്റായ് എന്ന ഉദ്യോഗസ്ഥന്റെ സാന്നിധ്യമില്ലായിരുന്നെങ്കില്‍ ഈ അന്വേഷണസംഘവും പതിവുപോലെ അവസാനിച്ചേനെ. എന്നാല്‍ , ഇപ്പോള്‍ പ്രാണേഷ് ഉള്‍പ്പെടെയുള്ളവരുടെ നിരപരാധിത്വം തെളിയിക്കപ്പെട്ടു. കേസുമായി ബന്ധപ്പെട്ട അലച്ചിലില്‍ വികാരനിര്‍ഭരമായ ഒട്ടേറെ അനുഭവങ്ങളുണ്ടായി. പ്രാണേഷിന്റെ മരണസര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയതാണ് അതിലൊന്ന്. അഹമ്മദാബാദ് കോര്‍പറേഷന്‍ അധികൃതര്‍ ആദ്യം സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തയ്യാറായില്ല. പകരം അവിടത്തെ സുരക്ഷാചുമതലയുള്ള ഓഫീസറെ കാണാന്‍ പറഞ്ഞു. സര്‍ട്ടിഫിക്കറ്റ് അദ്ദേഹമറിയാതെ നല്‍കരുതെന്ന നിര്‍ദേശമുണ്ടായിരുന്നു. വീണ്ടുമൊരു ഉദ്യോഗസ്ഥ പീഢനംകൂടി പ്രതീക്ഷിച്ചാണ് പിള്ള അദ്ദേഹത്തിന്റെ മുന്നിലെത്തിയത്. പക്ഷേ, അനുഭവം മറിച്ചായിരുന്നു. പ്രാണേഷിനെ വെടിവച്ചുകൊല്ലാന്‍ ഡിഐജി വന്‍സാര ആദ്യം നിര്‍ദേശം നല്‍കിയത് ഈ ഉദ്യോഗസ്ഥനോടായിരുന്നു. അതിന് തയ്യാറാകാത്ത ഇയാളെ മുനിസിപ്പല്‍ കോര്‍പറേഷനിലേക്ക് പിന്നീട് നാടുകടത്തി. ഗോപിനാഥപിള്ളയോട് അദ്ദേഹം പ്രാണേഷിനെ അടക്കംചെയ്ത സ്ഥലം കാണണമോ എന്നാരാഞ്ഞു. വേണമെന്നു പറഞ്ഞപ്പോള്‍ അല്‍പ്പം അകലെയുള്ള ഒരു മുസ്ലിം കബര്‍സ്ഥാനിലേക്ക് കൂട്ടിക്കൊണ്ടുപോയി. വലിയ മരങ്ങള്‍ വളര്‍ന്നുനില്‍ക്കുന്ന ഒരിടം. അവിടെ മാര്‍ബിള്‍ ഫലകങ്ങള്‍ക്കെല്ലാമപ്പുറം ഒരു മൂലയില്‍ ഒരു പേഴുമരച്ചുവട്ടില്‍ തന്റെ മകന്‍ ... കടുത്ത പീഢനങ്ങള്‍ക്കിരയായി അപമാനിതനായി കൊല്ലപ്പെട്ട്... ഈ മണ്ണില്‍ . പ്രാണേഷിന്റെ കബറിടത്തില്‍ പൂമാല ചാര്‍ത്തി. ചന്ദനത്തിരികള്‍ കത്തിച്ചുവച്ച് ഗോപിനാഥപിള്ള പ്രാര്‍ഥിച്ചു.

മടക്കയാത്രയില്‍ അയാള്‍ പ്രാണേഷ് അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് പറഞ്ഞു. പ്രാണേഷിന്റെ ഒരു ജീവനക്കാരന്റെ മകളാണ് നേരത്തെ പൊലീസ് പിടിയിലായ കോളേജ് വിദ്യാര്‍ഥിനി ഇഷ്റത്ത്. ക്രൈംബ്രാഞ്ച് ഓഫീസില്‍ പ്രാണേഷിന്റെ കണ്‍മുന്നില്‍ പൊലീസുകാര്‍ ഇഷ്റത്തിനെ ക്രൂരമായി പീഡിപ്പിച്ചു. ഇത് സഹിക്കാതെ പ്രതികരിച്ചപ്പോഴാണ് പ്രാണേഷിന്റെ കൈ തിരിച്ചൊടിക്കുകയും മര്‍ദിക്കുകയും ചെയ്തത്. തുടര്‍ന്ന് പിസ്റ്റള്‍ ഉപയോഗിച്ച് വെടിവച്ചകൊന്നത്രെ! ഇങ്ങനെ എത്രയെത്ര പ്രാണേഷുമാര്‍ ... ഇപ്പോള്‍ ഗോപിനാഥപിള്ളയ്ക്ക് താല്‍ക്കാലിക ആശ്വാസം. ഇനി കേസിന്റെ തുടരന്വേഷണം ഇതേ പ്രത്യേകാന്വേഷണസംഘംതന്നെ നടത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. സാജിതയ്ക്കും കുട്ടികള്‍ക്കും അര്‍ഹമായ ആശ്വാസം ലഭിക്കുകയും വേണം. അതിനുവേണ്ടിയാണ് ഈ അച്ഛന്റെ അടുത്ത പോരാട്ടം.

*
ശിവപ്രസാദ് കണ്ണനാകുഴി ദേശാഭിമാനി വാരാന്തപ്പതിപ്പ് 27 നവംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മടക്കയാത്രയില്‍ അയാള്‍ പ്രാണേഷ് അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് പറഞ്ഞു. പ്രാണേഷിന്റെ ഒരു ജീവനക്കാരന്റെ മകളാണ് നേരത്തെ പൊലീസ് പിടിയിലായ കോളേജ് വിദ്യാര്‍ഥിനി ഇഷ്റത്ത്. ക്രൈംബ്രാഞ്ച് ഓഫീസില്‍ പ്രാണേഷിന്റെ കണ്‍മുന്നില്‍ പൊലീസുകാര്‍ ഇഷ്റത്തിനെ ക്രൂരമായി പീഡിപ്പിച്ചു. ഇത് സഹിക്കാതെ പ്രതികരിച്ചപ്പോഴാണ് പ്രാണേഷിന്റെ കൈ തിരിച്ചൊടിക്കുകയും മര്‍ദിക്കുകയും ചെയ്തത്. തുടര്‍ന്ന് പിസ്റ്റള്‍ ഉപയോഗിച്ച് വെടിവച്ചകൊന്നത്രെ! ഇങ്ങനെ എത്രയെത്ര പ്രാണേഷുമാര്‍ ... ഇപ്പോള്‍ ഗോപിനാഥപിള്ളയ്ക്ക് താല്‍ക്കാലിക ആശ്വാസം. ഇനി കേസിന്റെ തുടരന്വേഷണം ഇതേ പ്രത്യേകാന്വേഷണസംഘംതന്നെ നടത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. സാജിതയ്ക്കും കുട്ടികള്‍ക്കും അര്‍ഹമായ ആശ്വാസം ലഭിക്കുകയും വേണം. അതിനുവേണ്ടിയാണ് ഈ അച്ഛന്റെ അടുത്ത പോരാട്ടം.