Saturday, November 12, 2011

പാളിപ്പോയ രാഷ്ട്രീയ സമവാക്യങ്ങള്‍

1929ലെ ആഗോള സാമ്പത്തികത്തകര്‍ച്ചയെ വെല്ലുന്ന തോതിലേക്ക് 2008ല്‍ ആരംഭിച്ച സാമ്പത്തിക പ്രതിസന്ധി അതിവേഗം വികസിച്ചുവരികയാണ്. ആഗോള മുതലാളിത്തത്തിന്റെ കരിങ്കോട്ടയായി കണക്കാക്കപ്പെടുന്ന ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കാനായി സുക്കോട്ടി പാര്‍ക്ക് കേന്ദ്രീകരിച്ച് ജനങ്ങള്‍ ആരംഭിച്ച കലാപത്തിന് രണ്ടുമാസം തികയുകയാണ്. തകരുന്ന ബാങ്കുകള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും 99 ശതമാനം വരുന്ന നികുതിദായകരുടെ പണം വാരിക്കോരികൊടുത്ത് തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ ബറാക് ഒബാമ ഭരണകൂടം ശ്രമിച്ചിട്ടും ഫലമൊന്നും കാണുന്നില്ല. മാത്രമല്ല അമേരിക്കന്‍ സാമ്പത്തികക്കുഴപ്പത്തിന്റെ അലകള്‍ യൂറോപ്പ് ഉള്‍പ്പെടെ മറ്റ് ഭൂഖണ്ഡങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രതിസന്ധിയുടെ ഫലമായി തൊഴിലില്ലായ്മയും പിരിച്ചുവിടലും മറ്റു കഷ്ടതകളും അനുഭവിക്കുന്ന സാധാരണ ജനങ്ങള്‍ പ്രക്ഷോഭത്തിലേക്കും കലാപത്തിലേക്കും നീങ്ങിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ചൈനയില്‍ ഇതിന്റെ പ്രത്യാഘാതം കാണുന്നില്ലെങ്കിലും ഇന്ത്യയില്‍ വളരെ പ്രകടമാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിച്ച് ജനങ്ങളില്‍ അധികഭാരം കെട്ടിവയ്ക്കുകയാണ് യുപിഎ സര്‍ക്കാര്‍ . അതിന് മീതെ അഭൂതപൂര്‍വമായ അഴിമതിയും കള്ളപ്പണത്തിന്റെ വ്യാപകമായ സ്വാധീനവും ജനജീവിതത്തെ താറുമാറാക്കിക്കൊണ്ടിരിക്കുന്നു. ഈ സാമ്പത്തികത്തകര്‍ച്ച രാഷ്ട്രീയ സമവാക്യങ്ങളെ തിരുത്തിക്കുറിക്കുകയാണ്.

ആഗോളവല്‍ക്കരണത്തിനും സ്വകാര്യവല്‍ക്കരണത്തിനും എതിരെ നിലകൊള്ളുന്ന ഇടതുപക്ഷ സര്‍ക്കാരുകള്‍ പല രാജ്യങ്ങളിലും അധികാരത്തില്‍ എത്തിക്കൊണ്ടിരിക്കുന്നു. അര്‍ജന്റീനയില്‍ തുടര്‍ച്ചയായി നാലാം വട്ടവും ഇടതുപക്ഷ പ്രസിഡന്റ് തെരഞ്ഞെടുക്കപ്പെട്ടത് ഈ പംക്തിയില്‍ നേരത്തെ വിവരിച്ചിരുന്നു. ആദ്യത്തെ രണ്ടുവട്ടം നെസ്റ്റര്‍ കിര്‍ച്നര്‍ ആയിരുന്നു ഇടതുപക്ഷത്തെ പ്രതിനിധാനംചെയ്ത് പ്രസിഡന്റ് സ്ഥാനത്ത് അവരോധിക്കപ്പെട്ടത്. ഒരാള്‍ക്ക് രണ്ടുതവണയില്‍ കൂടുതല്‍ മത്സരിക്കാന്‍ ഭരണഘടന അനുവദിക്കാത്തതുകൊണ്ട് തുടര്‍ന്ന് രണ്ടുതവണ മത്സരിച്ച് ജയിച്ചത് അദ്ദേഹത്തിന്റെ പത്നി ക്രിസ്റ്റീന ഫെര്‍ണാണ്ടസ് ഡി കിര്‍ച്നര്‍ ആണ്. തെരഞ്ഞെടുപ്പിലൂടെ അര്‍ജന്റീനയുടെ പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യവനിതകൂടിയാണ് ക്രിസ്റ്റീന. നിക്കരാഗ്വയില്‍ ഇടതുപക്ഷത്തിന്റെ ഡാനിയല്‍ ഒര്‍ട്ടേഗ മൂന്നാംവട്ടവും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ രാഷ്ട്രമായ ബ്രസീലില്‍ ഈയിടെ നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നാംവട്ടവും ഇടതുപക്ഷം അധികാരത്തില്‍ വന്നിരിക്കുന്നു. ഡില്‍മ റൗസേഫ് ആണ് ബ്രസീല്‍ ഭരിക്കുന്നത്. ഇപ്പോള്‍ പത്തോളം ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഭരണം നടത്തുന്നത് ഇടതുപക്ഷമാണ്.

മാറ്റത്തിന്റെ കാറ്റ് യൂറോപ്പിലും

യൂറോപ്പിലും മാറ്റത്തിന്റെ കാറ്റ് വീശുകയാണ്. ബ്രിട്ടനിലെ പ്രതിപക്ഷ നേതാവ് ഡേവിഡ് മിലിബാന്‍ഡ്, ലേബര്‍ പാര്‍ടിയുടെ നയങ്ങളാകെ പൊളിച്ചെഴുതി ഇടതുപക്ഷത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. അധികം താമസിയാതെ നടക്കാനിരിക്കുന്ന ബ്രിട്ടീഷ് പൊതുതെരഞ്ഞെടുപ്പില്‍ ഡേവിഡ് കാമറൂണിന്റെ നേതൃത്വത്തിലുള്ള ടോറി(യാഥാസ്ഥിതിക) സര്‍ക്കാര്‍ നിലംപൊത്തുമെന്നും മിലിബാന്‍ഡിന്റെ ലേബര്‍പാര്‍ടി അധികാരത്തില്‍ വരുമെന്നും ഏതാണ്ട് ഉറപ്പായിട്ടുണ്ട്. യൂറോപ്പില്‍ സാമ്പത്തികക്കുഴപ്പത്തിന്റെ കെടുതികള്‍ ഏറ്റവും രൂക്ഷമായിട്ടുള്ളതും അതിനെതിരെ ജനകീയ പ്രക്ഷോഭം ശക്തിയാര്‍ജിച്ചിട്ടുള്ളതും ഗ്രീസിലും ഇറ്റലിയിലുമാണ്. ഗ്രീസില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ജനങ്ങള്‍ തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനുമെതിരെ സമരത്തിലാണ്. പ്രധാനമന്ത്രി ജോര്‍ജ് പാപാന്‍ന്ദ്ര്യൂ രാജിവച്ചു. ഇടക്കാല പ്രധാനമന്ത്രിയായി ലൂക്കാസ് പാപെദെമോസിനെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്കോണി രാജിവയ്ക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു.

കഴിഞ്ഞയാഴ്ച കാനില്‍ (ഫ്രാന്‍സ്) നടന്ന ഇരുപത് സമ്പന്ന രാഷ്ട്രങ്ങളുടെ (ജി-20) ഉച്ചകോടിയുടെ ലക്ഷ്യം യൂറോപ്പും പ്രത്യേകിച്ച് ഗ്രീസും നേരിടുന്ന കുഴപ്പത്തിന് പരിഹാരം കാണലായിരുന്നു. പക്ഷേ ഉച്ചകോടിക്ക് കാര്യമായി ഒന്നുംചെയ്യാന്‍ കഴിഞ്ഞില്ല. ജി- 20 ന്റെ ധനസഹായവും വായ്പയും അന്തര്‍ദേശീയനാണയ നിധിയിലൂടെ(ഐഎംഎഫ്)യാണ്. സാമ്പത്തികത്തകര്‍ച്ചയോടെ അവരുടെ ഖജനാവും കാലിയായി.

കോടീശ്വരന്റെ കൊടിയിറക്കം

ഇറ്റലി യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥകളിലൊന്നാണ്. കമ്യൂണിസ്റ്റ് പാര്‍ടി ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പാര്‍ടികള്‍ക്കും ട്രേഡ് യൂണിയനുകള്‍ക്കും വലിയ സ്വാധീനമുള്ള രാജ്യമാണ് ഇറ്റലി. അതുകാരണം ആഗോളവല്‍ക്കരണാദി നയങ്ങളെ ഇറ്റലി അടുത്തകാലംവരെ ചെറുത്തുനിന്നു. എന്നാല്‍ , ഇറ്റലിയിലെ മാധ്യമങ്ങളില്‍ തൊണ്ണൂറുശതമാനത്തിലേറെ കൈയടക്കിവച്ചിരിക്കുന്ന കോടീശ്വരന്‍ സില്‍വിയോ ബെര്‍ലുസ്കോണി അധികാരത്തിലെത്തിയതോടെ ഈ ജനക്ഷേമ നയങ്ങളാകെ ഉപേക്ഷിക്കപ്പെട്ടു. സ്വാഭാവികമായും ഇറ്റലിയുടെ ദേശീയതാല്‍പ്പര്യങ്ങളേക്കാള്‍ ആഗോള മുതലാളിത്തത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കായിരുന്നു നിരവധി അഴിമതിക്കേസുകളില്‍ പ്രതികൂടിയായ ബെര്‍ലുസ്കോണി മുന്‍തൂക്കം നല്‍കിയത്. അഴിമതിക്കേസുകളില്‍നിന്ന് വിമുക്തനാകാന്‍ നിയമനിര്‍മാണംകൂടി നടത്തിയ ആളാണ് ബെര്‍ലുസ്കോണി. സാമ്പത്തികത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവരുന്ന ജനരോഷത്തിന്റെ പ്രതിധ്വനി പാര്‍ലമെന്റിലും എത്തിയതോടെ ബെര്‍ലുസ്കോണി രാജിക്ക് തയ്യാറായിരിക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന വാര്‍ഷിക ബജറ്റ് വോട്ടിനിട്ടപ്പോള്‍ ബെര്‍ലുസ്കോണിയുടെ പക്ഷം തോറ്റുപോയിരുന്നു.

അയര്‍ലന്‍ഡിലും ഇടതുപക്ഷം

അയര്‍ലന്‍ഡ് ഉറച്ച കത്തോലിക്കാ രാഷ്ട്രമാണ്. ഇടതുപക്ഷക്കാര്‍ അവിടെ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാറില്ല. എന്നാല്‍ ,കഴിഞ്ഞ ഒക്ടോബര്‍ 27ന് നടന്ന പൊതുതെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് അക്കാദമീഷ്യനും ഇടതുപക്ഷ സൈദ്ധാന്തികനുമായ മൈക്കേല്‍ ഡി ഹിഗ്ഗിന്‍സ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് രൂക്ഷമായി വരുന്ന സാമ്പത്തികക്കുഴപ്പത്തിന്റെ പ്രതിഫലനമായിട്ടാണ് നീരിക്ഷകര്‍ വിലയിരുത്തുന്നത്. ചില സാമ്പത്തികേതര പ്രശ്നങ്ങളില്‍ അഭിപ്രായവ്യത്യാസം ഉണ്ടായതിനെത്തുടര്‍ന്ന് വത്തിക്കാനുമായിട്ടുള്ള നയതന്ത്രബന്ധം വിച്ഛേദിക്കാന്‍ പ്രസിഡന്റ് മടിച്ചില്ല. അത് മൈക്കേല്‍ ഡി ഹിഗ്ഗിന്‍സിന്റെ വിശ്വാസദാര്‍ഢ്യത്തിന്റെ തെളിവായി കണക്കാക്കാം. അടുത്ത തെരഞ്ഞെടുപ്പില്‍ ഫ്രാന്‍സിലെ പ്രസിഡന്റ് നിക്കോളസ് സര്‍ക്കോസിയുടെ യാഥാസ്ഥിതിക സര്‍ക്കാര്‍ പരാജയപ്പെടുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. സര്‍ക്കോസിയുടെ ഭരണകാലത്ത് നടന്ന നിരവധി പണിമുടക്കുകളും ജനകീയ പ്രക്ഷോഭങ്ങളും അതാണ് കാണിക്കുന്നത്. അങ്ങനെ സാമ്പത്തികക്കുഴപ്പം രാഷ്ട്രീയക്കുഴപ്പത്തിലേക്കും മാറ്റങ്ങളിലേക്കും വഴിവയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

*
പി ഗോവിന്ദപ്പിള്ള ദേശാഭിമാനി 12 നവംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...