Friday, November 25, 2011

ചില്ലറവില്‍പ്പന മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം ഭീകരമായ തൊഴിലില്ലായ്മ ക്ഷണിച്ചുവരുത്തും

ചില്ലറ വില്‍പന മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുന്നതു സംബന്ധിച്ച് കേന്ദ്ര ഗവണ്‍മെന്റ് അന്തിമ തീരുമാനത്തിലേക്ക് നീങ്ങുകയാണ്. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വ്യവസായ വാണിജ്യ മന്ത്രാലയം ഇതുസംബന്ധിച്ച കുറിപ്പ് കേന്ദ്ര കാബിനറ്റിനു സമര്‍പ്പിച്ചുകഴിഞ്ഞു. മള്‍ട്ടി ബ്രാന്‍ഡ് ചില്ലറ മേഖലയില്‍ 51 ശതമാനവും ഏകബ്രാന്‍ഡ് മേഖലയില്‍ ഇപ്പോഴുള്ള 51 ശതമാനത്തിനു പകരം നൂറു ശതമാനം വിദേശ നിക്ഷേപവും അനുവദിക്കാനാണ് നീക്കം.

ഒന്നാം യു പി എ സര്‍ക്കാരിന്റെ കാലത്ത് നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാനുള്ള നീക്കത്തെ ഇടതുപക്ഷ പാര്‍ട്ടികളും മറ്റ് പ്രതിപക്ഷങ്ങളും ശക്തമായി എതിര്‍ത്തിരുന്നു. ഇപ്പോള്‍ ചില്ലറ വ്യാപാര രംഗത്തെ വിദേശകുത്തകകള്‍ക്ക് അവസരം ഒരുക്കുന്നതിന് ഇന്ത്യയിലെ പ്രമുഖ വാണിജ്യ വ്യവസായ സംഘടനകളും ഗവണ്‍മെന്റിലെതന്നെ പ്രബല വിഭാഗങ്ങളും ശക്തമായ സമ്മര്‍ദമാണ് ചെലുത്തിവരുന്നത്. അഴിമതി ആരോപണങ്ങളില്‍ നട്ടംതിരിയുന്ന മന്‍മോഹന്‍സിംഗ് ഗവണ്‍മെന്റ് സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തുന്നുവെന്ന ആരോപണവും ശക്തമാണ്. ഈ പശ്ചാത്തലത്തിലാണ് ചില്ലറ വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കാനുളള നടപടികളുമായി മുന്നോട്ടുപോവാന്‍ ഗവണ്‍മെന്റ് തുനിയുന്നത്.

രാജ്യത്ത് ബഹുബ്രാന്‍ഡ് ചില്ലറ വില്‍പന മേഖലയിലേക്ക് കടന്നുവരുന്ന ഓരോ വിദേശ നിക്ഷേപകനും നൂറു ദശലക്ഷം ഡോളറെങ്കിലും നിക്ഷേപം നടത്തണം. ഒരു ദശലക്ഷം ജനസംഖ്യയെങ്കിലുമുള്ള നഗരങ്ങളിലെ അവ അനുവദിക്കാവൂ. ഈ വ്യവസ്ഥകളാണ് ഇതുസംബന്ധിച്ച സെക്രട്ടറിമാരുടെ ശുപാര്‍ശയിലുള്ളത്. ഇതനുസരിച്ച് രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലും വിദേശ ചില്ലറ വ്യാപാര ശാലകള്‍ നിലവില്‍ വരും. ഇത് രാജ്യത്തെ തൊഴില്‍ മേഖലയില്‍ കടുത്ത പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
ഇടതുപക്ഷ പാര്‍ട്ടികള്‍ ചില്ലറ വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം മൂലമുണ്ടാകുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെപ്പറ്റി യു പി എ ഗവണ്‍മെന്റിനു മുന്നറിയിപ്പു നല്‍കിയിരുന്നു. ഇന്ത്യയുടെ മൊത്ത ദേശീയ വരുമാനത്തില്‍ 14 ശതമാനം സംഭാവന ചെയ്യുകയും മൊത്തം തൊഴില്‍ ശക്തിയുടെ ഏഴു ശതമാനത്തിനു തൊഴില്‍ നല്‍കുകയും ചെയ്യുന്ന അതിപ്രധാനമായ സാമ്പത്തിക മേഖലയാണ് ചില്ലറ വ്യാപാര മേഖല. കാര്‍ഷിക മേഖല കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവുമധികം തൊഴില്‍ പ്രദാനം ചെയ്യുന്നത് ചില്ലറ വില്‍പന മേഖലയാണ്.
പരമ്പരാഗത ചില്ലറ വ്യാപാരികളും ഉടമസ്ഥര്‍തന്നെ നേരിട്ടുനടത്തുന്ന പ്രാദേശിക ചില്ലറ വില്‍പന ശാലകളും തള്ളുവണ്ടികളില്‍ വില്‍പന നടത്തി ഉപജീവനം കഴിക്കുന്നവരും തെരുവോര കച്ചവടക്കാരും ഉള്‍പ്പെടുന്ന അസംഘടിത മേഖലയാണ് ഇന്ത്യയിലെ ചില്ലറ വില്‍പന മേഖലയില്‍ ഏറെ പങ്കും. ഇതാവട്ടെ രാജ്യത്തെ ചില്ലറ വില്‍പന മേഖലയുടെ 98 ശതമാനം വരും. സംഘടിത ചില്ലറ വില്‍പന മേഖലയില്‍ നടക്കുന്ന കച്ചവടമാകട്ടെ മൊത്തം ചില്ലറ കച്ചവടത്തിന്റെ രണ്ടു ശതമാനം മാത്രമാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ഇന്ത്യയുടെ സംഘടിത തൊഴില്‍ മേഖലയില്‍ പണിയെടുക്കുന്നവര്‍ മൊത്തം തൊഴിലെടുക്കുന്നവരുടെ എട്ടു ശതമാനം മാത്രമാണ്. ബാക്കിവരുന്ന കോടാനുകോടി തൊഴിലന്വേഷികള്‍ തങ്ങളുടെ ജീവിത നിലനില്‍പിനായ് ആശ്രയിക്കുന്നത് അസംഘടിത മേഖലയെയാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ചില്ലറ വില്‍പന മേഖല. കാര്യമായ മൂലധന നിക്ഷേപമോ അടിസ്ഥാന സൗകര്യങ്ങളോ കൂടാതെ പാവപ്പെട്ടവന് ഏറ്റവും എളുപ്പത്തില്‍ ഏര്‍പ്പെടാവുന്ന തൊഴില്‍ മേഖലയായി ചില്ലറ വില്‍പന മേഖലയെ ജനങ്ങള്‍ കാണുന്നു. ഫലത്തില്‍ രാജ്യത്ത് അനുദിനം വര്‍ധിച്ചുവരുന്ന തൊഴിലില്ലാപ്പടയ്ക്ക് സാമൂഹ്യ സുരക്ഷയുടെ പ്രതീതിയെങ്കിലും നല്‍കുന്ന അപൂര്‍വം തൊഴില്‍മേഖലകളില്‍ ഒന്നാണ് ചില്ലറവില്‍പനമേഖല.

ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങളുടെ ഫലമായി ചില്ലറവില്‍പനമേഖല കൂടുതല്‍ കൂടുതല്‍ സംഘടിതമായി മാറിക്കൊണ്ടിരിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. തദ്‌ദേശ മൂലധനനിക്ഷേപം തന്നെ ഈ മേഖലയില്‍ വന്‍തോതില്‍ തൊഴില്‍ നഷ്ടത്തിന് ഇടവരുത്തുന്നു. ഈ രംഗത്തേക്ക് നേരിട്ടുള്ള വിദേശനിക്ഷേപംകൂടി അനുവദിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ വര്‍ണനാതീതമായിരിക്കും.

നാലാമത് സാമ്പത്തിക കണക്കെടുപ്പനുസരിച്ച് (1998) കാര്‍ഷികേതരമേഖലയില്‍ സ്വയംസംരംഭങ്ങളിലൂടെ തൊഴില്‍ കണ്ടെത്തിയവരുടെ എണ്ണം 18.27 ദശലക്ഷം വരും. ഇത് മൊത്തം കാര്‍ഷികേതര തൊഴിലവസരങ്ങളുടെ 68 ശതമാനമാണ്. ഇതില്‍തന്നെ ചില്ലറ വില്‍പന തൊഴിലായി സ്വീകരിച്ചിട്ടുള്ളവരുടെ എണ്ണം 8.36 ദശലക്ഷമാണ്. അതാകട്ടെ സ്വയം സംരംഭക തൊഴിലിന്റെ 45.8 ശതമാനമാണെന്നു കണക്കാക്കുന്നു. ഗ്രാമീണമേഖലയില്‍ ഇത്തരത്തില്‍ തൊഴിലെടുക്കുന്നവര്‍ ആകെ തൊഴില്‍സംരംഭകരില്‍ 42.5 ശതമാനമാണ്. നഗരത്തില്‍ ഇവരുടെ സംഖ്യ 50.5 ശതമാനമാണ്.

1980-1998 കാലഘട്ടത്തിലെ സാമ്പത്തിക സെന്‍സസ് കാര്‍ഷികേതര ഉല്‍പ്പാദനമേഖല നേരിടുന്ന തകര്‍ച്ചയിലേയ്ക്ക് വിരല്‍ചൂണ്ടുന്നുണ്ട്. 1980 ല്‍ കാര്‍ഷികേതര ഗ്രാമീണ ഉല്‍പ്പാദനം മൊത്തം ഉല്‍പ്പാദനത്തിന്റെ 39 ശതമാനമായിരുന്നത് 1998 ല്‍ എത്തുമ്പോഴേയ്ക്കും 25 ശതമാനമായി കുറഞ്ഞു. നഗരങ്ങളില്‍ ഇത് 30 ശതമാനത്തില്‍നിന്നും 17 ശതമാനമായാണ് കുറഞ്ഞത്. ഉല്‍പ്പാദനമേഖലയുടെ ഈ തകര്‍ച്ചയുടെ ആഘാതത്തില്‍ തൊഴില്‍രഹിതരെ ഒപ്പിയെടുക്കുന്ന ഒന്നായി ചില്ലറവില്‍പനമേഖല മാറി. രാജ്യത്ത് ചില്ലറവില്‍പനമേഖല ഇത്തരത്തില്‍ തൊഴിലില്ലായ്മ പ്രഛന്നരൂപത്തിലെങ്കിലും പരിഹരിക്കുന്നതില്‍ നിര്‍ണായകപങ്കാണ് വഹിച്ചുവരുന്നത്. ഒരര്‍ഥത്തില്‍ മറ്റൊരു നിവൃത്തിയുമില്ലാത്ത ലക്ഷക്കണക്കിനു തൊഴില്‍രഹിതരുടെ അവസാന ആശാകേന്ദ്രമായി ചില്ലറവില്‍പനമേഖല മാറിയെന്നുപറയുന്നതായിരിക്കും ശരി.

ചില്ലറവ്യാപാരരംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപത്തിനുവേണ്ടി വാദിക്കുന്നവര്‍ അവിടെ തൊഴിലാളികള്‍ക്ക് ലഭിക്കാന്‍പോകുന്ന അവസരങ്ങളെപ്പറ്റിയാണ് വാചാലമാകുന്നത്. ഇത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയുടെ ചില്ലറവില്‍പനമേഖലയില്‍ പ്രതിവര്‍ഷം നടക്കുന്നത് 3,12,180 കോടി രൂപയുടെ കച്ചവടമാണെന്ന് കണക്കാക്കുന്നു (2004-05). ഇത് ഇന്ത്യയുടെ മൊത്ത ദേശീയ ഉല്‍പ്പന്നത്തിന്റെ പതിനൊന്നു ശതമാനംവരും. ചില്ലറവില്‍പനമേഖലയില്‍ പണിയെടുക്കുന്ന നാലു കോടി തൊഴിലാളികളുടെ ആളോഹരി വിറ്റുവരവ് 78,045 രൂപയാണ്. ചില്ലറവില്‍പനരംഗത്തെ ഭീമന്‍ എന്നു വിശേഷിപ്പിക്കാവുന്ന വാള്‍ മാര്‍ട്ടിന്റെ പ്രതിവര്‍ഷ വിറ്റുവരവ് 2,44,804.95 കോടി രൂപയാണെന്ന് 2005 ലെ കണക്കുകള്‍ വ്യക്തമാക്കുന്നു. അതനുസരിച്ച് 3,30,000 തൊഴിലാളികള്‍ മാത്രമുള്ള വാള്‍മാര്‍ട്ടില്‍ തൊഴിലാളിയുടെ ആളോഹരി വിറ്റുവരവ് 7,48,332 രൂപയാണ്.

ഇത് വ്യക്തമാക്കുന്നത് വാള്‍ മാര്‍ട്ടിലെ ഒരു തൊഴിലാളിക്ക് ഇന്ത്യയിലെ ഒരു തൊഴിലാളിയുടെ പ്രതിശീര്‍ഷ ആളോഹരി വിറ്റുവരവിന്റെ 95 ഇരട്ടി ലഭിക്കുന്നുവെന്നാണ്. വാള്‍ മാര്‍ട്ടടക്കം അക്ഷമരായി കാത്തുനില്‍ക്കുന്ന വിദേശ ചില്ലറവ്യാപാര കുത്തകകള്‍ കടന്നുവന്നാല്‍ ഇന്ത്യ നേരിടാന്‍പോകുന്ന തൊഴില്‍ നഷ്ടത്തിന്റെ ഭീകരതയിലേക്കാണ് ഈ കണക്കുകള്‍ വിരല്‍ചൂണ്ടുന്നത്.

*
ജനയുഗം 22 നവംബര്‍ 2011

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ചില്ലറ വില്‍പന മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുന്നതു സംബന്ധിച്ച് കേന്ദ്ര ഗവണ്‍മെന്റ് അന്തിമ തീരുമാനത്തിലേക്ക് നീങ്ങുകയാണ്. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വ്യവസായ വാണിജ്യ മന്ത്രാലയം ഇതുസംബന്ധിച്ച കുറിപ്പ് കേന്ദ്ര കാബിനറ്റിനു സമര്‍പ്പിച്ചുകഴിഞ്ഞു. മള്‍ട്ടി ബ്രാന്‍ഡ് ചില്ലറ മേഖലയില്‍ 51 ശതമാനവും ഏകബ്രാന്‍ഡ് മേഖലയില്‍ ഇപ്പോഴുള്ള 51 ശതമാനത്തിനു പകരം നൂറു ശതമാനം വിദേശ നിക്ഷേപവും അനുവദിക്കാനാണ് നീക്കം.

Ronald James said...

നല്ല ലേഖനം