Friday, November 25, 2011

ലിറയായി മാറുന്ന രൂപ

ഏഷ്യയിലെ ഏറ്റവും മോശം കറന്‍സിയായി മാറിയിരിക്കുന്നു ഇന്ത്യന്‍ രൂപ. ഈ വര്‍ഷം പതിനഞ്ചുശതമാനം കണ്ടാണ് അതിന്റെ വിലയിടിഞ്ഞിട്ടുള്ളത്. ഒരു ഡോളര്‍ വാങ്ങണമെങ്കില്‍ 51.97 രൂപ നല്‍കണമെന്ന നില വന്നിരിക്കുന്നു. ഈ നിലയ്ക്കുപോയാല്‍ ഇന്ത്യന്‍രൂപയ്ക്ക് പഴയ ഇറ്റാലിയന്‍ ലിറയുടെ ഗതിയാവും. യൂറോ വരുന്നതിന് മുമ്പ് ഒരു സഞ്ചി നിറയെ ലിറ കൊടുക്കണമായിരുന്നു ഇറ്റലിക്കാര്‍ക്ക് ഒരു ഡോളര്‍ കിട്ടാന്‍ . രൂപയുടെ ഈ മൂല്യത്തകര്‍ച്ച തകരുന്ന ഇന്ത്യന്‍ സമ്പദ്ഘടനയുടെ സൂചകമാണ്. ഉദാരവല്‍ക്കരണ-ആഗോളവല്‍ക്കരണ സാമ്പത്തികനയം അതിന്റെ രണ്ടാം തലമുറ പരിഷ്കാരഘട്ടത്തില്‍ സമ്പദ്ഘടനയെ വികസിത സമ്പദ്ഘടനകള്‍ക്ക് തുല്യമാക്കുമെന്ന് തൊണ്ണൂറുകളുടെ തുടക്കത്തില്‍ പറഞ്ഞിരുന്നത് ഡോ. മന്‍മോഹന്‍സിങ്ങാണ്. രണ്ടാംതലമുറ പരിഷ്കാര ഘട്ടം പാതി കഴിഞ്ഞു. മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിട്ട് വര്‍ഷം എട്ടായി. എന്നാല്‍ , സമ്പദ്ഘടന വീണ്ടെടുക്കാന്‍പോലുമാകാത്ത വിധത്തില്‍ തകര്‍ച്ചയിലുമായി. രൂപ വിലയില്ലാത്ത കടലാസായി അതിവേഗം മാറുന്നു. സാമ്പത്തിക പരിഷ്കാരവാദികള്‍ക്ക് എന്തുത്തരമുണ്ട് പറയാന്‍ ?

കറന്‍സിയുടെ മൂല്യം നിര്‍ണയിക്കുന്നത് പ്രധാനമായും രണ്ട് ഘടകങ്ങളാണ്. ആദ്യത്തേത് പണപ്പെരുപ്പം. രണ്ടാമത്തേത് വിദേശനാണ്യശേഖരത്തിന്റെ നില. ഒരു രാജ്യത്ത് മറ്റൊരു രാജ്യത്തിന്റേതില്‍ കവിഞ്ഞ പണപ്പെരുപ്പത്തോതുണ്ടെങ്കില്‍ ആ രാജ്യത്തിന്റെ കറന്‍സിയുടെ മൂല്യം മറ്റേതിനെ അപേക്ഷിച്ച് ഇടിയും. വാങ്ങല്‍ശേഷിയിലെ തുല്യതയ്ക്ക് വേണ്ടിയുള്ളതാണ് ആ ഇടിയല്‍ . വിദേശനാണ്യശേഖരം ആകട്ടെ അടവുശിഷ്ടക്കണക്കിനെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു. വമ്പിച്ച കറന്റ് അക്കൗണ്ട് മിച്ചങ്ങളുള്ള രാജ്യത്തിന്റെ കറന്‍സിയുടെ മൂല്യം ഉയര്‍ന്നിരിക്കും. വമ്പിച്ച കറന്റ് അക്കൗണ്ട് കമ്മിയുള്ള രാജ്യത്തിന്റെ കറന്‍സിയുടെ മൂല്യം ഇടിഞ്ഞിരിക്കും. രാഷ്ടീയസ്ഥിരത, നിക്ഷേപ കാലാവസ്ഥ, സമ്പദ്ഘടനയുടെ വികസന നിരക്ക്, പലിശനിരക്കിന്റെ നില തുടങ്ങിയവയൊക്കെ കറന്‍സിയുടെ മൂല്യത്തെ നിര്‍ണയിക്കുന്ന ഘടകങ്ങളാണെങ്കിലും പ്രധാന സ്വാധീനശക്തി പണപ്പെരുപ്പവും വിദേശനാണ്യശേഖരവുംതന്നെ. ഈ രംഗത്ത്, സാമ്പത്തിക പരിഷ്കാരത്തിന്റെ മൂന്നാംപതിറ്റാണ്ടിന്റെ പ്രാരംഭഘട്ടമായ ഇന്ന് ഇന്ത്യയുടെ സ്ഥിതി എന്താണെന്നുനോക്കുക. ഭീകരമാംവിധം ഇന്ത്യയുടെ വ്യാപാരകമ്മി വര്‍ധിച്ചിരിക്കുന്നു.

2011 ഫെബ്രുവരിയില്‍ 4.5 ബില്യണ്‍ ഡോളറായിരുന്ന വ്യാപാരകമ്മി 2011 ഒക്ടോബറില്‍ 20 ബില്യണ്‍ ആയി ഉയര്‍ന്നുനില്‍ക്കുന്നു. കറന്റ് അക്കൗണ്ടില്‍ സ്ഥിരമായി കമ്മി മാത്രമുള്ള ഏഷ്യയിലെ പ്രധാനപ്പെട്ട ഏകരാജ്യം എന്ന പദവി ഇന്ത്യയ്ക്കായിരിക്കുന്നു. ഈ വര്‍ഷം ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി മൊത്തം ദേശീയവരുമാനത്തിന്റെ (ഏഉജ) 2.9 ശതമാനമാവുമെന്ന് കണക്കാക്കപ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഇത് 2.6 ശതമാനമായിരുന്നു. കയറ്റുമതി കുറയുകയും ക്രൂഡ്ഓയില്‍ , സ്വര്‍ണം എന്നിവയുടെ വില ഉയര്‍ന്നുതന്നെ നില്‍ക്കുകയുംചെയ്യുന്ന സ്ഥിതി തുടര്‍ന്നാല്‍ ദേശീയവരുമാനത്തിന്റെ മൂന്നുശതമാനം കടക്കും കറന്റ് അക്കൗണ്ട് കമ്മി. ബജറ്റില്‍ വിഭാവനംചെയ്ത 4.6 എന്നതിനെ തകര്‍ത്തെറിഞ്ഞുകൊണ്ട് ഇന്ത്യയുടെ ധനകമ്മി അഞ്ചുശതമാനം കടക്കുകയാണ് ഇതേ ഘട്ടത്തില്‍ . രാജ്യത്തേക്കുള്ള മൂലധനനിക്ഷേപപ്രവാഹം ഇതിനിടെ മന്ദീഭവിച്ചു.

2011ന്റെ രണ്ടാംപാദത്തില്‍ 13.4 ബില്യണ്‍ ഡോളറായിരുന്ന നേരിട്ടുള്ള വിദേശനാണ്യനിക്ഷേപം മൂന്നാംപാദമായപ്പോള്‍ 5.7 ബില്യണ്‍ ഡോളറായി കുറഞ്ഞു. പോര്‍ട്ഫോളിയോ ധനവരവാകട്ടെ, 2011 ജനുവരി - ഒക്ടോബര്‍ ഘട്ടത്തില്‍ , കഴിഞ്ഞ വര്‍ഷത്തെ ഇതേഘട്ടത്തിലുണ്ടായിരുന്ന 34 ബില്യണ്‍ ഡോളറില്‍നിന്ന് നാലുബില്യണ്‍ ഡോളറിലേക്ക് താണു. ഇന്ത്യയിലെ പണപ്പെരുപ്പവര്‍ധനാനിരക്ക് അമേരിക്കയിലേതിനേക്കാള്‍ ഉയര്‍ന്ന തോതിലായി. ഇന്ത്യയുടെ വിദേശനാണ്യശേഖരമാകട്ടെ 2008 മേയില്‍ എത്രയായിരുന്നോ അവിടെനിന്ന് അല്‍പ്പംപോലും ഉയര്‍ന്നിട്ടില്ല. അന്ന് 315 ബില്യണ്‍ ഡോളറായിരുന്നു. ഇന്നും അതുതന്നെ. എന്നുമാത്രമല്ല, അടച്ചുതീര്‍ക്കാനുള്ള ഹ്രസ്വകാലവായ്പ കഴിച്ചുള്ള വാര്‍ഷിക കറന്റ് അക്കൗണ്ട് ശിഷ്ടവും വിദേശനാണ്യശേഖരവും ചേര്‍ത്തുള്ള വിദേശനാണ്യശേഖര കവറേജ് സമഗ്രമായെടുത്താല്‍ 2008ല്‍ മൊത്തം ദേശീയവരുമാനത്തിന്റെ 14 ശതമാനമായിരുന്നത് ഇന്ന് 9.1 ശതമാനമായി താഴ്ന്നുവെന്ന് കാണുകയും ചെയ്യാം. ഇതുകൊണ്ടൊക്കെത്തന്നെ റിസര്‍വ് ബാങ്കിന് ഇടപെടാന്‍ കഴിയാത്ത വിധത്തിലായി രൂപയുടെ നില. ഇടപെട്ടുപോയാല്‍ ബാങ്കിങ് സമ്പ്രദായത്തെപ്പോലും ബാധിക്കും എന്ന സ്ഥിതി. രൂപയുടെ മൂല്യത്തകര്‍ച്ചകൊണ്ട് വിദേശവായ്പാപലിശയ്ക്കുമേലുണ്ടാകുന്ന അധികഭാരവും കറന്റ് അക്കൗണ്ട് കമ്മി രൂക്ഷമാക്കുന്നു. സാമ്പത്തിക പരിഷ്കാരത്തിന്റെ മൂന്നാംപതിറ്റാണ്ടിന്റെ തുടക്കത്തില്‍ കാണുന്നത്, ആര്‍ക്കുവേണ്ടിയായിരുന്നോ ഈ പരിഷ്കാരങ്ങള്‍ , അവര്‍ക്ക് ഗുണമുണ്ടാവുന്നു എന്നാണ്. അമേരിക്കയുടെ കല്‍പ്പനപ്രകാരമായിരുന്നു പരിഷ്കാരം. വികസ്വരരാജ്യ കറന്‍സികളെ അപേക്ഷിച്ച് അമേരിക്കയുടെ ഡോളറിന്റെ മൂല്യം ഉയരുന്നു. അതുകൊണ്ടുതന്നെ പണം അമേരിക്കന്‍ ട്രഷറികളിലേക്ക് ഒഴുകിയെത്തുന്നു. പരിഷ്കാരം നടപ്പാക്കിയ വികസ്വരരാജ്യ കറന്‍സികളുടെ മൂല്യം ഇടിയുന്നു. ഇത്തരം രാജ്യങ്ങളുടെ കറന്‍സിക്കൊത്ത മൂല്യവ്യതിയാനങ്ങളാണ് 2005 മുതല്‍ ഇന്ത്യന്‍ രൂപയ്ക്കുണ്ടായിക്കൊണ്ടിരുന്നത്. എന്നാലിന്ന് ഇന്ത്യന്‍ രൂപ അത്തരം കറന്‍സികളുടെ നിലയില്‍നിന്നുപോലും താഴേക്കുപോകുന്നു.

വിദേശനാണ്യ കമ്പോളത്തിലിടപെടില്ല എന്നാണ് ഇന്തോനേഷ്യയുടേതില്‍നിന്നും മറ്റും വ്യത്യസ്തമായി ഇന്ത്യന്‍ റിസര്‍വ്ബാങ്കിന്റെ നിലപാട്. ഇതും രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്തുന്നതിന് തടസ്സമാവുന്നു. രൂപയുടെ മൂല്യം ഇനിയും ഇടിയാന്‍തന്നെയാണ് സാധ്യത. ഇന്ത്യയുടെ വിദേശവാണിജ്യവായ്പകള്‍ , വിദേശനാണ്യ കണ്‍വേര്‍ട്ടിബിള്‍ ബോണ്ടുകള്‍ എന്നിവ 2010 ഡിസംബറിലെ കണക്കുകള്‍ പ്രകാരം 150 ബില്യണ്‍ യുഎസ് ഡോളറിന്റേതാണ്. സാമ്പത്തികമാന്ദ്യംമൂലം കഷ്ടത്തിലായതുകൊണ്ടും ഇന്ത്യയിലെ പണമിടപാട് ശോഭനമല്ല എന്ന ഭീതികൊണ്ടും വായ്പാദാതാക്കള്‍ ഇതില്‍ ഒരു ഭാഗം തിരിച്ചുപിടിക്കുന്നപക്ഷം രൂപയുടെ മൂല്യം വീണ്ടും ഇടിയും. യൂറോപ്പില്‍ സാമ്പത്തിക സാഹചര്യം വഷളാവുന്നതായാണ് റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയന്‍ സമ്പദ്ഘടനകളിലേക്കാകെ അത് പടരും. ഭഅഅഅ" എന്ന റേറ്റിങ്ങുള്ള ഫ്രാന്‍സ്, നെതര്‍ലന്‍ഡ്സ്, ഓസ്ട്രിയ എന്നിവയെപ്പോലും ഇത് ബാധിക്കും. യൂറോപ്യന്‍ പ്രതിസന്ധി അപകടകരമായ അവസ്ഥയിലേക്ക് മെല്ലെ നീങ്ങുകയാണ്. യൂറോമേഖലയുടെ ശക്തിസ്രോതസ്സായ ജര്‍മനി സാമ്പത്തികമാന്ദ്യത്തിലേക്ക് നീങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മൂല്യത്തകര്‍ച്ചയാണ് "യൂറോ"യും നേരിടുന്നത് എന്നര്‍ഥം. അങ്ങനെവന്നാല്‍ യുഎസ് ഡോളറിന്റെ മൂല്യം ഉയരും. ഇന്ത്യന്‍ രൂപ വീണ്ടും ക്ഷീണിക്കും എന്നര്‍ഥം.

ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി വര്‍ധിച്ചത് ഉയര്‍ന്ന സ്വര്‍ണ ഇറക്കുമതികൊണ്ടുകൂടിയാണ്. ഇത് അടവുശിഷ്ടക്കണക്കില്‍ വിപരീതഫലമുണ്ടാക്കുന്നുണ്ട്; രാജ്യത്തിന്റെ ആസ്തി ഉയര്‍ന്നിരിക്കുന്നുവെന്നു പറയുമ്പോഴും. ഇന്ത്യന്‍ കോര്‍പറേറ്റ് വമ്പന്മാര്‍ നിലവിലുള്ള ഡോളര്‍ അധിഷ്ഠിത വായ്പകളില്‍ കൂടുതല്‍ കേന്ദ്രീകരിക്കുകയാണ്. മൊത്തം ദേശീയവരുമാനത്തിന്റെ മൂന്നുശതമാനമേ വരുകയുള്ളൂവെങ്കിലും (ഉയര്‍ന്നുവരുന്ന സമ്പദ്ഘടനകളുടെ സ്ഥിതിയുമായി താരതമ്യപ്പെടുത്തിയാല്‍ ഇത് അധികമല്ല) രൂപയ്ക്കുമേലുള്ള സമ്മര്‍ദം വര്‍ധിപ്പിക്കുകതന്നെയാണിത്. ഉയര്‍ന്ന പലിശനിരക്കാകട്ടെ, സമ്പദ്ഘടനയുടെ വളര്‍ച്ചയെ പുറകോട്ടുപിടിക്കുന്നുണ്ട്. REER (Real Effect Exchange Rate) പ്രകാരം നോക്കിയാല്‍ രൂപയുടെ മൂല്യം 2008-09നെ അപേക്ഷിച്ച് ഇനിയും കാര്യമായി താഴാം എന്നാണ് കരുതേണ്ടത്. കറന്‍സിയുടെ മൂല്യം ഇടിയുന്ന വേളകളില്‍ കയറ്റുമതിക്കാര്‍ ഊഹക്കച്ചവടക്കാരായി മാറും. രൂപയുടെ മൂല്യം ഉയരുന്നത് പ്രതീക്ഷിച്ച് അവര്‍ കയറ്റുമതി പിന്നീടത്തേക്കാക്കും. ഇത് വിദേശകറന്‍സിയുടെ ഒഴുക്ക് കുറയ്ക്കും. അതാകട്ടെ, രൂപയുടെ മൂല്യത്തെ വീണ്ടും സമ്മര്‍ദത്തിലാക്കും. ഇതിനുപുറമെ പണംകൊണ്ട് കളികള്‍ നടത്തുന്നവരുണ്ട്. ചുരുങ്ങിയകാലത്തേക്ക് മൂലധനം അവര്‍ വിദേശത്തേക്കു മാറ്റും. പിന്നീട് അവസരം ഉചിതമാണെന്ന ഘട്ടത്തില്‍ മടക്കിക്കൊണ്ടുവരാനാണത്. മൂന്നുശതമാനം ഇങ്ങനെ മാറിയാല്‍പോലും അത് അതിന്റെ പലമടങ്ങുള്ള ഫലമുളവാക്കും. പോര്‍ട്ട്ഫോളിയോ നിക്ഷേപങ്ങള്‍ക്കും ഇത് ബാധകമാണ്. വിദേശനിക്ഷേപകര്‍ ഇന്ത്യ വിടും. ഇതും പിന്നീട് ഉചിതസമയം നോക്കി വരാനാണ്; മൂല്യവ്യത്യാസംകൊണ്ട് ലാഭമുണ്ടാക്കാനാണ്. ഇതും രൂപയ്ക്കുമേല്‍ സമ്മര്‍ദമേറ്റും. എന്നാല്‍ , ഇത്തരം അടിസ്ഥാനകാര്യങ്ങളിലേക്കൊന്നും കടക്കാതെ, സാമൂഹ്യരംഗങ്ങളിലെ ഇടപെടലാണ് പണപ്പെരുപ്പംവഴി രൂപയുടെ മൂല്യം ഇടിച്ചത് എന്ന് കരുതാനാണ്് യുപിഎ മന്ത്രിസഭയ്ക്ക് രാഷ്ട്രീയ താല്‍പ്പര്യം.

പ്രത്യുല്‍പ്പാദനക്ഷമമല്ലാത്തവ എന്നുപറഞ്ഞ് സാമൂഹ്യരംഗങ്ങളിലെ നിക്ഷേപങ്ങളില്‍നിന്ന് പിന്തിരിയാനോ, ആ ഇനം നിക്ഷേപങ്ങള്‍ ചുരുക്കാനോ ആവും സര്‍ക്കാര്‍ ശ്രമിക്കുക. അതാകട്ടെ, ജനജീവിതം കൂടുതല്‍ പ്രയാസകരമാക്കുകയും വ്യാപകമായ ജനരോഷമുണര്‍ത്തുകയും ചെയ്യും. അതിഭീകരങ്ങളായ കുംഭകോണങ്ങള്‍ , അവ മുന്‍നിര്‍ത്തിയുള്ള ഭാവിയിലെ രാഷ്ട്രീയ അസ്ഥിരതയെക്കുറിച്ചുള്ള ആശങ്ക, അതിന്റെ പശ്ചാത്തലത്തിലുള്ള അനിശ്ചിതത്വം എന്നിവ വിദേശനിക്ഷേപകര്‍ക്കിടയില്‍ അസംതൃപ്തി പടര്‍ത്തും. ആ അസംതൃപ്തി മുന്‍നിര്‍ത്തിയുള്ള നടപടികളും രൂപയ്ക്കുമേല്‍ സമ്മര്‍ദമുണ്ടാക്കും. കാലതാമസംമൂലമുണ്ടാവുന്ന ചെലവുവര്‍ധന ഇന്ത്യയിലെ ബിസിനസ് ഇടപാടുകളെക്കുറിച്ച് വിദേശനിക്ഷേപകരെ ആശങ്കയുള്ളവരാക്കും. ഇതെല്ലാം സമ്പദ്ഘടനയ്ക്കുമേലുള്ള സമ്മര്‍ദങ്ങളായും രൂപയുടെ മൂല്യം ഇനിയും ഇടിക്കുന്ന ഘടകങ്ങളായും മാറും. എന്നാല്‍ , ഇത്തരം ആശങ്കകള്‍ അകറ്റാനുള്ള ഒരു ഇടപെടലിനും കഴിയാത്ത നിസ്സഹായാവസ്ഥയിലാണ് യുപിഎ സര്‍ക്കാര്‍ . ആ നിസ്സഹായാവസ്ഥയാണ് റിസര്‍വ് ബാങ്കിന്റെ നിഷ്ക്രിയത്വത്തില്‍ പ്രതിഫലിക്കുന്നത്. രൂപയ്ക്ക് ഇത്രയേറെ മൂല്യമിടിഞ്ഞ നിലയുണ്ടായിട്ടില്ല. തുടര്‍ച്ചയായ ഏഴു ഘട്ടങ്ങളിലായി 4.34 ശതമാനം ഇടിവാണ് വന്നത്. റിസര്‍വ്ബാങ്ക് ഇടപെടില്ല എന്നുവന്നതോടെ മൂല്യത്തകര്‍ച്ചയ്ക്ക് ആക്കംകൂടുകയായിരുന്നു. ആഗോളസമ്പദ്സ്ഥിതിയാണ് പ്രശ്നത്തിന് കാരണമെന്ന് ധനമന്ത്രി പറയുന്നു. എന്നാല്‍ , നമ്മുടെ സമ്പദ്ഘടനയുടെ പതിനഞ്ചുശതമാനംമാത്രമേ ആഗോളസമ്പദ്ഘടനയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നുള്ളൂവെന്ന വസ്തുത ബാക്കിനില്‍ക്കുന്നു. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ഏറെക്കാലമായി ഒരു നടപടിയുമില്ല.

2010 ഡിസംബര്‍ മുതലിങ്ങോട്ട് അതെന്നും ഒമ്പതുശതമാനത്തിന് ചുറ്റുമായി വന്നുനില്‍ക്കുന്നു. പണപ്പെരുപ്പത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്ന നടപടികള്‍മാത്രമാണ് സര്‍ക്കാരില്‍നിന്ന് ഈ ഘട്ടത്തിലുണ്ടായിട്ടുള്ളത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെയും തൊഴില്‍രഹിതരുടെയും എണ്ണം വര്‍ധിച്ചുവരികയും രാജ്യത്തെ മഹാഭൂരിപക്ഷവും ജീവിത പ്രതിസന്ധിയിലാവുകയും ചെയ്ത ഘട്ടങ്ങളിലൊക്കെ മന്‍മോഹന്‍സിങ് രാഷ്ട്രത്തെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചത് സമ്പദ്ഘടന സുശക്തമാവുന്നുണ്ടെന്നും അതിന്റെ താല്‍ക്കാലിക ന്യൂനഫലം മാത്രമാണ് ജനങ്ങള്‍ അനുഭവിക്കുന്നത് എന്നും പറഞ്ഞുകൊണ്ടായിരുന്നു. സമ്പദ്ഘടന അതിശക്തമാവുന്നതോടെ ജനങ്ങള്‍ നേരിടുന്ന ജീവിതപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും രാജ്യത്തെയാകെ വികസനത്തിന്റെ രാജപാതയിലൂടെ നയിക്കാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രശ്നപരിഹാരവും വികസനക്കുതിപ്പും സാമ്പത്തിക പരിഷ്കാരത്തിന്റെ രണ്ടാംതലമുറ ഘട്ടത്തിലാണുണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു. ആ രണ്ടാം തലമുറ പരിഷ്കാരമാണ് ഇപ്പോള്‍ തീരുന്നത്. നേട്ടങ്ങള്‍ കൊയ്യാമെന്ന് പറഞ്ഞിരുന്ന ഈ ഘട്ടത്തിലാകട്ടെ ഒരുവശത്ത് ജനങ്ങള്‍ പട്ടിണിമരണത്തിലേക്ക് തള്ളിവിടപ്പെടുന്നു; മറുവശത്ത് സമ്പദ്ഘടന അപ്പാടെ താറുമാറാവുകയും ചെയ്യുന്നു. ഇനി മന്‍മോഹന്‍സിങ് എന്തുപറയും?

*
പ്രഭാവര്‍മ ദേശാഭിമാനി 25 നവംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഏഷ്യയിലെ ഏറ്റവും മോശം കറന്‍സിയായി മാറിയിരിക്കുന്നു ഇന്ത്യന്‍ രൂപ. ഈ വര്‍ഷം പതിനഞ്ചുശതമാനം കണ്ടാണ് അതിന്റെ വിലയിടിഞ്ഞിട്ടുള്ളത്. ഒരു ഡോളര്‍ വാങ്ങണമെങ്കില്‍ 51.97 രൂപ നല്‍കണമെന്ന നില വന്നിരിക്കുന്നു. ഈ നിലയ്ക്കുപോയാല്‍ ഇന്ത്യന്‍രൂപയ്ക്ക് പഴയ ഇറ്റാലിയന്‍ ലിറയുടെ ഗതിയാവും. യൂറോ വരുന്നതിന് മുമ്പ് ഒരു സഞ്ചി നിറയെ ലിറ കൊടുക്കണമായിരുന്നു ഇറ്റലിക്കാര്‍ക്ക് ഒരു ഡോളര്‍ കിട്ടാന്‍ . രൂപയുടെ ഈ മൂല്യത്തകര്‍ച്ച തകരുന്ന ഇന്ത്യന്‍ സമ്പദ്ഘടനയുടെ സൂചകമാണ്. ഉദാരവല്‍ക്കരണ-ആഗോളവല്‍ക്കരണ സാമ്പത്തികനയം അതിന്റെ രണ്ടാം തലമുറ പരിഷ്കാരഘട്ടത്തില്‍ സമ്പദ്ഘടനയെ വികസിത സമ്പദ്ഘടനകള്‍ക്ക് തുല്യമാക്കുമെന്ന് തൊണ്ണൂറുകളുടെ തുടക്കത്തില്‍ പറഞ്ഞിരുന്നത് ഡോ. മന്‍മോഹന്‍സിങ്ങാണ്. രണ്ടാംതലമുറ പരിഷ്കാര ഘട്ടം പാതി കഴിഞ്ഞു. മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിട്ട് വര്‍ഷം എട്ടായി. എന്നാല്‍ , സമ്പദ്ഘടന വീണ്ടെടുക്കാന്‍പോലുമാകാത്ത വിധത്തില്‍ തകര്‍ച്ചയിലുമായി. രൂപ വിലയില്ലാത്ത കടലാസായി അതിവേഗം മാറുന്നു. സാമ്പത്തിക പരിഷ്കാരവാദികള്‍ക്ക് എന്തുത്തരമുണ്ട് പറയാന്‍ ?