Tuesday, November 15, 2011

അനുപമമായ തൊഴിലാളിവര്‍ഗ ഐക്യം

രാജ്യം ഭരിക്കുന്ന യുപിഎ സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയത്തിനെതിരെ ദിനം തോറും ജനങ്ങളുടെ പ്രതിഷേധം വര്‍ധിച്ചു വരികയാണ്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കേന്ദ്ര ട്രേഡ്യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ നവംബര്‍ എട്ടിന് നടന്ന ജയില്‍ നിറയ്ക്കല്‍ സമരം. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ ഏഴിന് നടന്ന പണിമുടക്കിന് ശേഷം കേന്ദ്ര ട്രേഡ്യൂണിയനുകള്‍ നടത്തുന്ന ഏറ്റവും ശക്തമായ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമാണ് ചൊവ്വാഴ്ച നടന്നത്. രാജ്യത്തെ തൊഴിലാളികളുടെ ഉജ്വലമുന്നേറ്റത്തിനാണ് രാജ്യം അന്നേ ദിവസം സാക്ഷ്യം വഹിച്ചത്. അഴിമതിയും വിലക്കയറ്റവും കൊണ്ട് പൊറുതിമുട്ടിയ തൊഴിലാളികള്‍ അവരുടെ രോഷം പ്രകടിപ്പിക്കാനായി ഇറങ്ങിവരുന്ന കാഴ്ചയാണ് രാജ്യമെങ്ങും കാണാനായത്. പത്തു ലക്ഷത്തോളം പേര്‍ അറസ്റ്റ് വരിച്ചു. ഇരുപത് ലക്ഷത്തോളം പേര്‍ സമരത്തില്‍ പങ്കെടുത്തു. ഫാക്ടറിത്തൊഴിലാളികള്‍ മാത്രമല്ല ബാങ്ക്-ഇന്‍ഷൂറന്‍സ് ജീവനക്കാരും കേന്ദ്ര-സംസ്ഥാന ജീവനക്കാരും പ്രതിരോധ-പൊതുമേഖലാ ജീവനക്കാരും സമരത്തില്‍ അണിനിരന്നു.

അണ്ണ ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തിന് 24 മണിക്കൂര്‍ കവറേജ് നല്‍കിയ മാധ്യമങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കായി വിയര്‍പ്പൊഴുക്കുന്ന തൊഴിലാളികളുടെ സമരത്തെ കണ്ടതായി പോലും നടിച്ചില്ല. അവശ്യ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം തടയുക, ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പന തടയുക, സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായി തൊഴില്‍ നഷ്ടപ്പെട്ടവരുടെ തൊഴില്‍ സംരക്ഷിക്കുക, അസംഘടിതമേഖലയിലെ തൊഴിലാളികളുടെ സംരക്ഷണത്തിന് ദേശീയ നിധി രൂപീകരിക്കുക, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 11 ട്രേഡുയൂണിയനുകളുടെ നേതൃത്വത്തിലാണ് ജയില്‍ നിറയ്ക്കല്‍ സമരം നടന്നത്. സിഐടിയു, ബിഎംഎസ്, ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, എഐസിസിടിയു, എഐയുടിയുസി, യുടിയുസി, ടിയുസിസി, എല്‍പിഎഫ്, എസ്ഇഡബ്ല്യുഎ എന്നീ യൂണിയനുകളാണ് ജയില്‍ നിറയ്ക്കല്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തത്. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് ഒമ്പത് കേന്ദ്ര ട്രേഡ്യൂണിയനുകള്‍ ഒന്നിച്ച് അണിനിരക്കാന്‍ തുടങ്ങിയത് 2009 ലാണ്. തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ യോജിച്ച നീക്കത്തിന് തുടക്കമിട്ടത്. തൊഴിലാളിഐക്യത്തിന്റെ പാതയില്‍ പുതുചരിത്രം കുറിച്ച പ്രധാനപ്പെട്ട നീക്കമായിരുന്നു ഇത്.

2009 സെപ്തംബര്‍ 14 നാണ് പത്ത് കേന്ദ്ര ട്രേഡ്യൂണിയനുകള്‍ ആദ്യമായി ഒരു വേദിയില്‍ ഒന്നിക്കുന്നത്. തുടര്‍ന്ന് 2009 ഒക്ടോബര്‍ 28 ന് പ്രതിഷേധദിനമായി ആചരിച്ചു. ഡിസംബര്‍ 16 ന് കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ കൂട്ടധര്‍ണ നടത്തിയ സംയുക്ത ട്രേഡ്യൂണിയനുകള്‍ 2010 മാര്‍ച്ച് അഞ്ചിന് ജയില്‍ നിറയ്ക്കല്‍ സമരവും നടത്തി. എന്നിട്ടും സര്‍ക്കാര്‍ വിലക്കയറ്റം വര്‍ധിപ്പിക്കുന്ന പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധന ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോകുന്നതില്‍ പ്രതിഷേധിച്ചാണ് സെപ്തംബര്‍ ഏഴിന് ദേശീയ പണിമുടക്ക് നടന്നത്. ബിഎംഎസ് ഒഴിച്ചുള്ള എല്ലാ കേന്ദ്ര ട്രേഡ്യൂണിയനുകളും ഈ പണിമുടക്കില്‍ പങ്കെടുത്തു. ഇതിനുശേഷം നടക്കുന്ന ഏറ്റവും വലിയ ട്രേഡ്യൂണിയന്‍ പ്രവര്‍ത്തനമാണ് ജയില്‍ നിറയ്ക്കല്‍ സമരം. ജയില്‍ നിറയ്ക്കല്‍ സമരത്തിന്റെ ഭാഗമായി രാജ്യതലസ്ഥാനത്ത് ആയിരങ്ങള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി. സിഐടിയു ദേശീയ അധ്യക്ഷന്‍ എ കെ പത്മനാഭന്‍ , ജനറല്‍സെക്രട്ടറി തപന്‍സെന്‍ , ബൈജ്നാഥ് (ബിഎംഎസ്), സഞ്ജീവറെഡി (ഐഎന്‍ടിയുസി), ഗുരുദാസ്ദാസ്ഗുപ്ത (എഐടിയുസി) തുടങ്ങിയവരുള്‍പ്പെടെ പതിനായിരത്തിലധികം പേര്‍ ഡല്‍ഹിയില്‍ അറസ്റ്റ്വരിച്ച് ജയിലില്‍ പോയി. രാവിലെ മുതല്‍ ന്യൂഡല്‍ഹിയിലെ ജന്തര്‍മന്ദിറില്‍ തൊഴിലാളികള്‍ സമരത്തിന് എത്തിത്തുടങ്ങിയിരുന്നു. പിന്നീടവര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ചെയ്തു. പാര്‍ലമെന്റ് സട്രീറ്റില്‍ ബാരിക്കേഡും വെള്ളടാങ്കറുമുള്‍പ്പെടെ നിരത്തി പൊലീസ് വന്‍സന്നാഹത്തോടെ മാര്‍ച്ച് തടഞ്ഞു. തുടര്‍ന്നു ചേര്‍ന്ന യോഗത്തില്‍ വിവിധ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ സംസാരിച്ചു. കേര്‍പറേറ്റുകള്‍ക്ക് കൊള്ളയടിക്കാന്‍ അവസരമുള്ള രാജ്യത്ത് തൊഴിലാളിക്ക് പട്ടിണിയാണെന്നും ഏത് സര്‍ക്കാരാണ് ഭരണത്തിലെന്ന് നോക്കാതെ തൊഴിലാളികള്‍ ഒറ്റക്കെട്ടായി പ്രക്ഷോഭം നടത്തുമെന്നും ഐഎന്‍ടിയുസി ദേശീയ അധ്യക്ഷന്‍ സഞ്ജീവറെഡ്ഡി പറഞ്ഞു.

തൊഴിലാളികളെ തമ്മിലടിപ്പിച്ച് സര്‍ക്കാരും വന്‍കിട കുത്തകകളും ചേര്‍ന്ന് ഇനി അഴിമതിഭരണവും അവകാശ നിഷേധവും തുടരാമെന്ന് കരുതേണ്ടെന്ന് തപന്‍സെന്നും, ഗുരുദാസ്സാദ്ഗുപ്തയും പറഞ്ഞു. പാര്‍ലമെന്റിനു മുന്നിലേക്ക് നടന്ന മാര്‍ച്ചില്‍ റിസര്‍വ്ബാങ്ക് ഓഫീസര്‍ മുതല്‍ നഗരസഭയിലെ ശുചീകരണ തൊഴിലാളിവരെ അണിനിരന്നു. ബാങ്കുകളുടെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കും വിധം മുഴവന്‍ ജീവനക്കാരും പ്രക്ഷോഭത്തിനെത്തയിരുന്നു. സ്വകാര്യവല്‍ക്കരണ നീക്കത്തിനെതിരെയുള്ള രോഷമാണ് ബാങ്ക് ജീവനക്കാര്‍ പ്രകടിപ്പിച്ചത്. അഴിമതിയില്‍ കുളിച്ച കേന്ദ്രസര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് എല്ലാ വിധ ഒത്താശയും നല്‍കുന്നതിനെതിരെ രോഷം കൊള്ളുന്നതായിരുന്നു മുദ്രാവാക്യങ്ങള്‍ . ജോലിസ്ഥിരതയോ അടിസ്ഥാനകൂലിയോ പിഎഫ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളോ ഇല്ലാതെ ലക്ഷക്കണക്കിന് തൊഴിലാളികള്‍ കഷ്ടപ്പെടുകയാണെന്നും മുദ്രാവാക്യമുയര്‍ന്നു. സംഘടിത-അസംഘടിത തൊഴില്‍ മേഖലകളുടെയും സ്ത്രീതൊഴിലാളികളുടെയും പൂര്‍ണമായ പങ്കാളിത്തം വരാന്‍പോകുന്ന രൂക്ഷസമരത്തിന്റെ നാന്ദികുറിച്ചു. ദേശീയ പണിമുടക്കുള്‍പ്പെടെ ഉജ്വലവും നിരന്തരവുമായ പ്രക്ഷോഭമായിരിക്കും വരാന്‍പോകുന്നതെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

നവംബര്‍ 25 ന് 11 ട്രേഡ്യൂണിയന്‍ നേതാക്കളുടെയും യോഗം ഡല്‍ഹിയില്‍ ചേര്‍ന്ന് പണിമുടക്കിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും നേതാക്കള്‍ അറിയിച്ചു. രാജ്യത്തെ 640 ജില്ലകളില്‍ 500 ലും ജയില്‍നിറക്കല്‍ സമരം നടന്നു. വ്യവസായമേഖലകളിലും സംസ്ഥാന തലസ്ഥാനങ്ങളിലും തൊഴിലാളികളുടെ വന്‍പങ്കാളിത്തമാണുണ്ടായത്. സംഘടനകളുടെ ബാനറും പതാകയും കേന്ദ്രസര്‍ക്കാരിനെതിരായ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമേന്തി ചൊവ്വാഴ്ച രാവിലെ മുതല്‍ തന്നെ ജില്ലാ കേന്ദ്രങ്ങളില്‍ തൊഴിലാളികള്‍ സമരത്തിന് അണിനിരന്നു. കേന്ദ്രസര്‍ക്കാരിനെതിരായ ജനരോഷം പ്രതിഫലിപ്പിക്കുന്നതായിരുന്നു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലടക്കം നടന്ന പ്രക്ഷോഭം. ഹരിയാന, പഞ്ചാബ്, ആന്ധ്രപ്രദേശ്, തമിഴ്നാട്, പശ്ചിമബംഗാള്‍ , ത്രിപുര, കേരളം എന്നീ സംസ്ഥാനങ്ങളില്‍ മുഴുവന്‍ ജില്ലകളിലും സമരം നടന്നു. മഹരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍ , ബിഹാര്‍ , ജാര്‍ഖണ്ഡ്, ഒഡീസ, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും സമരം പൂര്‍ണമായിരുന്നു. 23 കേന്ദ്രങ്ങളിലായി മൂന്ന് ലക്ഷം തൊഴിലാളികള്‍ ത്രിപുരയില്‍ അണിനിരന്നു. ആന്ധ്രപ്രദേശില്‍ ഒരു ലക്ഷത്തിലധികം പേരാണ് സമരത്തില്‍ അണിനിരന്നത്. ജില്ലാ കേന്ദ്രങ്ങള്‍ക്ക് പുറമെ കര്‍ണാടകത്തിലും ഒഡീസയിലും ഛത്തീസ്ഗഢിലും വ്യവസായമേഖലകളിലും നൂറുകണക്കിന് തൊഴിലാളികള്‍ അറസ്റ്റുവരിച്ചു. ജാര്‍ഖണ്ടിലും ഛത്തീസ്ഗഢിലും മഹാരാഷ്ട്രയിലും ആയിരക്കണക്കിന് കല്‍ക്കരിത്തൊഴിലാളികളും ജമ്മുവില്‍ നൂറുകണക്കിന് തൊഴിലാളികളും അറസ്റ്റു വരിച്ചു. മത്സ്യതൊഴിലാളികളും വ്യാവസായിക തൊഴിലാളികളും ഒന്നടങ്കം സമരത്തില്‍ പങ്കെടുത്ത കാഴ്ചയാണ് തീരദേശ സംസ്ഥാനങ്ങളില്‍ കണ്ടത്.

തൊഴിലാളികളുടെ ജീവിതദുരിതം ബോധ്യപ്പെടുന്ന വിധമായിരുന്നു സമരകേന്ദ്രങ്ങളിലെ പങ്കാളിത്തം പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ പൊലീസ് നടത്തിയ ലാത്തിചാര്‍ജില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. കൊല്‍ക്കത്തയില്‍ തൊഴിലാളികളുടെ വന്‍ റാലിയും പൊതുയോഗവും ചേര്‍ന്നു. ഹൗറ, സിയാല്‍ റെയില്‍വെ സ്റ്റേഷനുകളില്‍ നിന്ന് കേന്ദ്രീകരിച്ചാണ് പ്രകടനം നടന്നത്. നഗരം അടുത്ത് കാലത്ത് ദര്‍ശിച്ച ഏറ്റവും വലിയ റാലികളില്‍ ഒന്നായിരുന്നു ഇത്. സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ തൊഴിലാളികള്‍ നിരോധനം ലംഘിച്ച് പ്രകടനം നടത്തി. ഉത്തര ബംഗാളിലെ ചായത്തോട്ടത്തൊഴിലാളികളും വന്‍തോതില്‍ സമരത്തില്‍ പങ്കെടുത്തു. ബംഗ്ളൂരുവിലും ആയിരങ്ങള്‍ അറസ്റ്റ് വരിച്ചു. നമരത്തില്‍ നടന്ന റോഡ് ഉപരോധത്തിലും ജയില്‍ നിറയ്ക്കല്‍ പ്രക്ഷോഭത്തിലും സ്ത്രീകളടക്കം പങ്കെടുത്തു. ഗാര്‍മെന്റ്സ്, വോള്‍വോ,ബിഇഎല്‍ , അങ്കണവാടി ജീവനക്കാരും പ്രക്ഷോഭത്തില്‍ പങ്കെടുത്തു. വരാനിരിക്കുന്ന ദിവസങ്ങളില്‍ പ്രക്ഷോഭം ശക്തമാകുമെന്ന സന്ദേശമാണ് ജയില്‍ നിറയ്ക്കല്‍ സമരത്തിലെ വര്‍ധിച്ച തൊഴിലാളി പങ്കാളിത്തം വ്യക്തമാക്കുന്നത്.

*
വി ബി പരമേശ്വരന്‍ ചിന്ത വാരിക 18 നവംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

രാജ്യം ഭരിക്കുന്ന യുപിഎ സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയത്തിനെതിരെ ദിനം തോറും ജനങ്ങളുടെ പ്രതിഷേധം വര്‍ധിച്ചു വരികയാണ്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കേന്ദ്ര ട്രേഡ്യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ നവംബര്‍ എട്ടിന് നടന്ന ജയില്‍ നിറയ്ക്കല്‍ സമരം. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ ഏഴിന് നടന്ന പണിമുടക്കിന് ശേഷം കേന്ദ്ര ട്രേഡ്യൂണിയനുകള്‍ നടത്തുന്ന ഏറ്റവും ശക്തമായ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമാണ് ചൊവ്വാഴ്ച നടന്നത്. രാജ്യത്തെ തൊഴിലാളികളുടെ ഉജ്വലമുന്നേറ്റത്തിനാണ് രാജ്യം അന്നേ ദിവസം സാക്ഷ്യം വഹിച്ചത്. അഴിമതിയും വിലക്കയറ്റവും കൊണ്ട് പൊറുതിമുട്ടിയ തൊഴിലാളികള്‍ അവരുടെ രോഷം പ്രകടിപ്പിക്കാനായി ഇറങ്ങിവരുന്ന കാഴ്ചയാണ് രാജ്യമെങ്ങും കാണാനായത്. പത്തു ലക്ഷത്തോളം പേര്‍ അറസ്റ്റ് വരിച്ചു. ഇരുപത് ലക്ഷത്തോളം പേര്‍ സമരത്തില്‍ പങ്കെടുത്തു. ഫാക്ടറിത്തൊഴിലാളികള്‍ മാത്രമല്ല ബാങ്ക്-ഇന്‍ഷൂറന്‍സ് ജീവനക്കാരും കേന്ദ്ര-സംസ്ഥാന ജീവനക്കാരും പ്രതിരോധ-പൊതുമേഖലാ ജീവനക്കാരും സമരത്തില്‍ അണിനിരന്നു.