
സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലെ ഇടതുപക്ഷം കമ്യൂണിസ്റ്റ് പാര്‍ടിയായി രൂപപ്പെട്ടതും ആയിരക്കണക്കിനാളുകള്‍ ചോരചിന്തിയും ജീവന്‍ നല്‍കിയും നടത്തിയ ഐതിഹാസിക പോരാട്ടങ്ങളും ആവേശം തുടിക്കുന്ന അധ്യായങ്ങളാണ്. 1940ലെ പോരാട്ട ചരിത്രമാണ് 13 അധ്യായമുളള ആദ്യ സഞ്ചിക. അഞ്ചു സഞ്ചികവരെ പ്രതീക്ഷിക്കുന്ന ചരിത്രഗ്രന്ഥം സമഗ്രതകൊണ്ടാണ് വ്യത്യസ്തമാകുന്നത്. മണ്ണും മനുഷ്യനും ചരിത്രത്തിലേക്ക്, ചെറുത്തുനില്‍പ്പുകളിലൂടെ, നവോത്ഥാനം, ദേശീയപ്രസ്ഥാനം, കര്‍ഷക- തൊഴിലാളി- വിദ്യാര്‍ഥി- യുവജനപ്രസ്ഥാനങ്ങള്‍ എന്നിവയെല്ലാം വിശദമായി പ്രതിപാദിക്കുന്നു. വടക്കേ മലബാറിലെ മനുഷ്യര്‍ , കൃഷി, തൊഴില്‍ , സമൂഹരൂപീകരണം, ജാതിവ്യവസ്ഥയുടെ തുടക്കം, നാട്ടുരാജ്യങ്ങളുടെ വളര്‍ച്ചയും തളര്‍ച്ചയും, ജന്മി-നാടുവാഴിത്തം, വിദേശ അധിനിവേശം, നവോത്ഥാനപ്രസ്ഥാനത്തിന്റെ സ്വാധീനം, ബ്രിട്ടീഷുകാര്‍ക്കെതിരായ ചെറുത്തുനില്‍പ്പ് എന്നിവ വിശകലനം ചെ യ്യുന്നു. ജനകീയ ബഹുജനവിദ്യാഭ്യാസത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന വായനശാലാ പ്രസ്ഥാനം, വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ഉച്ചനീചത്വം തുടങ്ങി മലനാട് പൊരുതിമുന്നേറിയ ചരിത്രച്ചുവടുകളോരോന്നും അടയാളപ്പെടുത്തിയിട്ടുണ്ട്. നാടന്‍പാട്ട്, വടക്കന്‍പാട്ട്, നാടകം, മുദ്രാവാക്യം എന്നിവ ജനങ്ങളിലുണ്ടാക്കിയ അനുരണനങ്ങളും വിശദീകരിക്കുന്നുണ്ട്. ശ്രീനാരായണ ഗുരു, ആനന്ദതീര്‍ഥന്‍ , വാഗ്ഭടാനന്ദന്‍ , വിദ്വാന്‍ പി കേളുനായര്‍ , അയ്യത്താന്‍ ഗോപാലന്‍ , വി ആര്‍ നായര്‍ , പോത്തേരി കുഞ്ഞമ്പു വക്കീല്‍ , ആര്യബന്ധു പി കെ ബാപ്പു തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങളും കണ്ടെടുക്കുന്നുവെന്നത് പുസ്തകത്തിന്റെ മൂല്യമേറ്റുന്നു. അമൂല്യരേഖകളും ചരിത്രത്തില്‍ ഇടംനേടാത്ത വസ്തുതകളും കൊണ്ട് സമ്പന്നമാണ് ഗ്രന്ഥം.
1940 സെപ്തംബര്‍ 15ന്റെ സാമ്രാജ്യത്വവിരുദ്ധപോരാട്ടങ്ങളുടെ തീക്ഷ്ണത വ്യക്തമാക്കുന്ന രേഖകളും പുസ്തകത്തിലുണ്ട്. മൊറാഴ, തലശേരി, കല്യാശേരി, മട്ടന്നൂര്‍ , കൂത്തുപറമ്പ് എന്നിവിടങ്ങളിലുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് എഫ്ഐആര്‍ , പത്രവാര്‍ത്തകള്‍ തുടങ്ങിയവയും ചരിത്രഗ്രന്ഥത്തെ കിടയറ്റതാക്കുന്നു. ജയിലിലും പുറത്തും കമ്യൂണിസ്റ്റുകാര്‍ നേരിട്ടത്ര പീഡനം അക്കാലത്ത് മറ്റാരും അനുഭവിച്ചിട്ടില്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. സോഷ്യലിസ്റ്റുകാരെയും കമ്യൂണിസ്റ്റുകാരെയും പ്രത്യേകം പരിഗണിക്കണം. ഒരു വര്‍ഷത്തില്‍ കുറവ് ശിക്ഷ നല്‍കരുത് എന്നാണ് ഡിസ്ട്രിക്ട് മജിസ്ട്രേട്ടിന് ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കിയ സര്‍ക്കുലറില്‍ പറയുന്നത്. വിമോചനപോരാളികളുടെ ചോരകൊണ്ട് ചുവന്ന വടക്കിന്റെ മണ്ണും മനസ്സും കുതറുന്ന ചരിത്രസാക്ഷ്യങ്ങളായി പുസ്തകത്തില്‍ നിറയുന്നുണ്ട്. അവയില്‍ പലതും ഇതേവരെ അറിയപ്പെടാത്തവയുമാണ്. പഴയകാല സമരങ്ങളുടെയും ചെറുത്തുനില്‍പ്പുകളുടെയും ചരിത്രം തേടുന്നവര്‍ക്ക് ഏറെയൊന്നും തെളിവുകള്‍ കണ്ടെത്താനാകില്ല. ലഭ്യമായതില്‍ ചിലതാകട്ടെ ശത്രുപക്ഷ രചനകളിലും പൊലീസ്, കോടതി രേഖകളിലും നിന്ന് കിട്ടുന്നവയാണ്. ഈ നിലയില്‍ കണ്ടെത്തിയ കാണാചരിത്രങ്ങളിലെ വിലപ്പെട്ട വിവരങ്ങളാണ് കണ്ണൂര്‍ ജയിലിനെക്കുറിച്ചുള്ളത്.
വിപ്ലവകാരികളുടെ കണ്ണീരും ചോരയും വീണ് കുതിര്‍ന്ന മണ്ണാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ വളപ്പിലേത്. 1921ലെ മലബാര്‍ കലാപത്തെതുടര്‍ന്ന് ഏറനാടന്‍ പോരാളികളില്‍ ഒമ്പതുപേര്‍ ഇവിടെ വെടിയേറ്റു മരിച്ചുവെന്നത് പുറംലോകം അധികമറിഞ്ഞിട്ടില്ലാത്ത ചരിത്രമാണ്.ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ ഭാഗമായി ഏറനാട്ടില്‍ നടന്ന പ്രക്ഷോഭത്തെ ബ്രിട്ടീഷുകാര്‍ മാപ്പിളലഹളയെന്നു മുദ്രകുത്തി അപഹസിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാല്‍പ്പതോളം തടവുകാരാണ് കണ്ണൂര്‍ ജയിലിലുണ്ടായിരുന്നത്. തടവില്‍ കഴിയവെ ഉത്തരേന്ത്യന്‍ വിപ്ലവകാരികളുടെ സമ്പര്‍ക്കം കേരളത്തിലെ സാമൂഹ്യനേതാക്കളുടെ മനസ്സ് ചുവപ്പിച്ചതും സാമ്രാജ്യത്വത്തിനെതിരെ സിംഹഗര്‍ജനം മുഴക്കിയ കയ്യൂരിലെ ധീരന്മാര്‍ ഇങ്ക്വിലാബ് മുഴക്കി കഴുമരമേറിയതും കണ്ണൂര്‍ ജയിലുമായി ബന്ധപ്പെട്ട മരിക്കാത്ത ഓര്‍മകളാണ്. "ഒരേസമയം കോണ്‍ഗ്രസ്സുകാരായും കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകാരായും കമ്യൂണിസ്റ്റുകാരായും 1940വരെ കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് പ്രവര്‍ത്തിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ , 40 സെപ്തംബര്‍ 15ന്റെ സംഭവവികാസങ്ങളോടെ കെപിസിസിയെ അഖിലേന്ത്യാ നേതൃത്വം പിരിച്ചുവിട്ടു. മൂന്നു രൂപങ്ങളിലുള്ള രാഷ്ട്രീയപ്രവര്‍ത്തനങ്ങളുടെ അവസാനവും കമ്യൂണിസ്റ്റുകാരെന്ന നിലയിലുള്ള പൂര്‍ണപ്രവര്‍ത്തനവും കുറിക്കുന്ന കാലസന്ധിയാണ് 1940." എന്ന് ഗ്രന്ഥത്തിന്റെ ചീഫ് എഡിറ്റര്‍ പി ജയരാജന്‍ ആമുഖക്കുറിപ്പില്‍ പറയുന്നുണ്ട്.
ഈ കാലസന്ധിയെ സത്യസന്ധമായി അടയാളപ്പെടുത്തുന്നതില്‍ "കണ്ണൂര്‍ ജില്ല കമ്യൂണിസ്റ്റ് പാര്‍ടി ചരിത്രം" വിജയിച്ചിട്ടുണ്ട്. നാല്‍പ്പതിനുശേഷമുള്ള ജനകീയപോരാട്ടങ്ങളുടെ ചരിത്രാന്വേഷണത്തിലാണ് ഇപ്പോള്‍ പാട്യം ഗോപാലന്‍ സ്മാരക പഠന ഗവേഷണ കേന്ദ്രം. ചീഫ് എഡിറ്റര്‍ പി ജയരാജന്‍ , കീച്ചേരി രാഘവന്‍ (കോ- ഓര്‍ഡിനേറ്റര്‍), ഡോ. സി ബാലന്‍ , കവിയൂര്‍ രാജഗോപാലന്‍ , പയ്യന്നൂര്‍ കുഞ്ഞിരാമന്‍ , ജി ഡി നായര്‍ , ഇ വി സജ്നേഷ് എന്നിവരാണ് ഒന്നാം സഞ്ചികയുടെ പത്രാധിപസമിതി. 440 പേജുള്ള പുസ്തകത്തിന്റെ വില 200 രൂപയാണ്.
*
നാരായണന്‍ കാവുമ്പായി
1 comment:
"ഊരുകളുടെ കണ്ണ്" എന്ന് കണ്ണൂരിനെ വിശേഷിപ്പിച്ചത് വൈക്കം മുഹമ്മദ് ബഷീറാണ്. സ്വാതന്ത്ര്യസമരഭടനായി തടവില്‍കഴിയവെ, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ബഷീറിന്റെ വലിയ മനസ്സ് കണ്ടെത്തിയ ഈ നിരീക്ഷണം തികച്ചും സത്യമാണെന്ന് കണ്ണൂരിന്റെ സാമൂഹ്യരാഷ്ട്രീയ ചരിത്രത്തിലൂടെ സഞ്ചരിക്കുന്ന ആര്‍ക്കും ബോധ്യമാകും. ചരിത്രം ഉണര്‍ന്നിരിക്കുന്ന നാടാണ് ഉത്തരമലബാര്‍ . മലയാളമനസ്സിന്റെ സാമൂഹ്യ സാംസ്കാരിക നവോത്ഥാനത്തിന് ഊര്‍ജമേകിയ പോരാട്ടഭൂമി. ഈ ചുവന്ന മണ്ണിന്റെ ചരിത്രാനുഭവങ്ങളെ സ്പര്‍ശിച്ചുണര്‍ത്തി വര്‍ത്തമാനത്തിനും ഭാവിക്കും വെളിച്ചം പകരാനുള്ള ശ്രമമാണ് കണ്ണൂര്‍ പാട്യം ഗോപാലന്‍ സ്മാരക പഠന ഗവേഷണകേന്ദ്രം പുറത്തിറക്കിയ "കണ്ണൂര്‍ ജില്ല കമ്യൂണിസ്റ്റ് പാര്‍ടി ചരിത്രം". കണ്ണൂര്‍ , കാസര്‍കോട് ജില്ലകളും വയനാടിന്റെ വടക്കന്‍ ഭാഗങ്ങളുമുള്‍പ്പെട്ട പ്രദേശത്തെ സാമൂഹ്യവികാസത്തിന്റെ ചരിത്രമാണ് പുസ്തകത്തിലെ പ്രതിപാദ്യം.
Post a Comment