Thursday, November 10, 2011

ജനാധിപത്യാവകാശം നിഷേധിക്കപ്പെടുമ്പോള്‍

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എംഎല്‍എയുമായ എം വി ജയരാജനെ ഹൈക്കോടതി ജയിലിലടച്ചിരിക്കുന്നു. കോടതിയലക്ഷ്യ പ്രസ്താവനയ്ക്ക് കൊടുക്കാവുന്ന പരമാവധി ശിക്ഷ പ്രഖ്യാപിക്കുകയും മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സാവകാശം അനുവദിക്കാതെ ഉടനടി വിധി നടപ്പാക്കുകയും ചെയ്തിരിക്കുന്നു. കിരീത് പരേഖ് കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ച് പെട്രോളിന്റെ വിലനിയന്ത്രണം എടുത്തുകളഞ്ഞ് നിരന്തരവിലക്കയറ്റത്തിന് കേന്ദ്രസര്‍ക്കാര്‍ തിരികൊളുത്തിയത് 2010 ജൂണിലാണ്. അന്ന് അതിനെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തിയ ഹര്‍ത്താലിന്റെ ഭാഗമായി ചെയ്ത പ്രസംഗത്തിന്റെ പേരിലാണ് കേരള ഹൈക്കോടതി ജയരാജനെതിരെ സ്വന്തം നിലയ്ക്ക് കോടതിയലക്ഷ്യ കേസെടുത്തത്. പാതയോരത്തെ പ്രകടനങ്ങളും യോഗങ്ങളും നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് വന്നതിന്റെ അടുത്ത ദിവസമാണ് പെട്രോള്‍ വില കുത്തനെ വര്‍ധിപ്പിച്ചതും അതിനെതിരെ ഹര്‍ത്താലുകളുള്‍പ്പെടെയുള്ള വമ്പിച്ച ജനകീയരോഷം ഉയര്‍ന്നുവന്നതും.

പാതയോരത്ത് പ്രകടനവും പൊതുയോഗവും നിഷേധിക്കുന്നത് പൗരാവകാശ ധ്വംസനമാണെന്നും ഭരണകൂടത്തിന്റെ ദുര്‍നയങ്ങള്‍ അസഹനീയമാകുമ്പോള്‍ അത്തരം നിരോധനങ്ങള്‍ സ്വാഭാവികമായിത്തന്നെ ലംഘിക്കപ്പെടുമെന്നുമാണ് ജയരാജന്‍ പ്രസംഗിച്ചത്. ആ പ്രസംഗത്തില്‍ കോടതിയെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശമുണ്ടെന്ന് പറഞ്ഞാണ് കേസെടുത്തതും ശിക്ഷിച്ചതും. 2010 ജൂണില്‍ കേസ് തുടങ്ങിയത് പെട്രോള്‍ വിലവര്‍ധനയുടെ പശ്ചാത്തലത്തിലാണെങ്കില്‍ 2011ല്‍ കേസില്‍ വിധിയും ശിക്ഷയും വന്നത് പെട്രോളിന് പന്ത്രണ്ടാം തവണയും വില കൂട്ടി ജനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കടുത്ത പ്രഹരമേല്‍പ്പിച്ച സാഹചര്യത്തിലാണ്. പാതയോരത്ത് പ്രകടനങ്ങളും യോഗങ്ങളും നിയന്ത്രണവിധേയമായി, അനുമതിയോടെ നടത്തുന്നതിനനുകൂലമായി കേരള നിയമസഭ ഐകകണ്ഠ്യേന നിയമം കൊണ്ടുവന്നു. ആ നിയമം ഹൈക്കോടതി മരവിപ്പിച്ചത് ഇക്കഴിഞ്ഞ ദിവസമാണ്.

ഒരു ജനാധിപത്യ സമൂഹത്തില്‍ ജീവിത ദുരിതങ്ങള്‍ക്കറുതി വരുത്തുന്നതിന് ജനങ്ങള്‍ ബഹുമുഖ സമരങ്ങള്‍ നടത്തുക സ്വാഭാവികമാണ്. നിയമനിര്‍മാണത്തിലൂടെയും ജുഡീഷ്യല്‍ , എക്സിക്യൂട്ടീവ് നടപടികളിലൂടെയും മാത്രമാണ് നാട് മുന്നോട്ടുപോകുന്നത് എന്ന് തെറ്റിദ്ധരിക്കുന്നവര്‍ ഈ കാലഘട്ടത്തിലും കണ്ടേക്കാം. എന്നാല്‍ , നാടിന്റെ പുരോഗതിക്ക് അടിസ്ഥാനം അധ്വാനവും അധ്വാനിക്കുന്നവരുടെ ജീവിതസമരങ്ങളുമാണ്. പ്രതിഷേധിക്കാനും സമരംചെയ്യാനുമുള്ള അവകാശനിഷേധം എന്നാല്‍ അത് അടിയന്തരാവസ്ഥാ മോഡലാണ്. എന്നാല്‍ , സമരങ്ങളും യോഗങ്ങളുമെല്ലാം മറ്റുള്ളവരുടെ അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ടാകരുത്. അതിനാണ് നിയന്ത്രണങ്ങള്‍ . നിരോധനമല്ല, നിയന്ത്രണമാണ് ആവശ്യം.

പ്രതിഷേധിക്കാനും സമരംചെയ്യാനുമുള്ള അവകാശങ്ങള്‍ക്ക് മേല്‍ വിലങ്ങുവീഴുന്ന ഇക്കാലത്ത് എന്താണിവിടെ നടക്കുന്നത്. രൂപയുടെ വിനിമയമൂല്യത്തിലെ ഇടിവ് എന്ന് പറഞ്ഞ് പെട്രോളിന് 1.82 രൂപയാണ് കഴിഞ്ഞയാഴ്ച കൂട്ടിയത്. ഇതേകാരണം പറഞ്ഞ് സെപ്തംബറില്‍ വര്‍ധിപ്പിച്ചത് 3.14 രൂപ. അതിനുമുമ്പ് മെയ്മാസം അഞ്ചു രൂപയുടെ വര്‍ധന. പെട്രോളിന് വില കൂടുമ്പോള്‍ നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. ഓട്ടോ-ടാക്സി ചാര്‍ജ് വന്‍തോതില്‍ വര്‍ധിക്കുന്നു. മെയ് മാസം ഡീസലിന് കൂടി വില വര്‍ധിപ്പിച്ചപ്പോള്‍ സ്വാഭാവികമായും ബസ് ചാര്‍ജ് ഗണ്യമായി വര്‍ധിച്ചു. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ 43 രൂപയായിരുന്ന പെട്രോള്‍ വില ഇന്ന് 71 രൂപ കടന്നിരിക്കുകയാണ്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന്റെ വില വര്‍ധിക്കുന്നതാണ് എണ്ണ വിലകൂട്ടുന്നതിന് ഇതേവരെ ന്യായം പറഞ്ഞതെങ്കില്‍ ഇപ്പോള്‍ രൂപയുടെ വിനിമയമൂല്യത്തിലെ ഇടിവാണ് പറയുന്നത്.

വാസ്തവത്തില്‍ കേന്ദ്രസര്‍ക്കാരും റിലയന്‍സുള്‍പ്പെടെയുള്ള എണ്ണക്കമ്പനികളും ചേര്‍ന്ന് ജനങ്ങളെ കൊള്ളയടിക്കുകയാണ്. എണ്ണക്കമ്പനികള്‍ വന്‍ നഷ്ടത്തിലാണെന്ന് പറയുന്ന കേന്ദ്രസര്‍ക്കാര്‍ വസ്തുതകള്‍ മറച്ചുവയ്ക്കുകയാണ്. രാജ്യത്തെ മൂന്ന് വന്‍ പൊതുമേഖലാ എണ്ണക്കമ്പനികളും കഴിഞ്ഞ വര്‍ഷം നല്ല ലാഭത്തിലായിരുന്നുവെന്നതും ഓഹരി ഉടമകള്‍ക്ക് കഴിഞ്ഞ വര്‍ഷം വര്‍ധിച്ചതോതില്‍ ഡിവിഡന്റ് നല്‍കിയെന്നതും അവര്‍ മറച്ചുവയ്ക്കുകയാണ്. മുരളി ദേവ്റയാണ് ദീര്‍ഘകാലം പെട്രോളിയം മന്ത്രാലയം കൈയാളിയത്. ഗോദാവരി തീരത്ത് റിലയന്‍സ് കമ്പനിയുടെ ഗ്യാസ് ഖനനവും വിപണനവുമായി ബന്ധപ്പെട്ട ഇടപാടില്‍ ആ കമ്പനിക്ക് പതിനായിരക്കണക്കിന് കോടി രൂപയുടെ അനധികൃത നേട്ടമുണ്ടാക്കികൊടുത്തത് ദേവ്റയും കേന്ദ്രസര്‍ക്കാരുമാണെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. റിലയന്‍സിന് ലാഭമുണ്ടാക്കിക്കൊടുക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികളെ നഷ്ടത്തിലേക്ക് പിടിച്ചുതള്ളാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. ഈ കൊടുംഅഴിമതി തെളിഞ്ഞപ്പോള്‍ മുരളി ദേവ്റയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കാന്‍ യുപിഎ നിര്‍ബന്ധിതമായി. എന്നാല്‍ , അത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായിരുന്നുവെന്ന് ദേവ്റയുടെ മകനെ കേന്ദ്ര മന്ത്രിസഭയിലെടുത്തതോടെ വ്യക്തമായി.

പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് അടിക്കടി വില വര്‍ധിപ്പിക്കുന്നതിന് പിന്നില്‍ രാജ്യത്തെ ഒറ്റിക്കൊടുക്കുന്ന വന്‍ അഴിമതിയുണ്ട്. രണ്ട് അംബാനിമാരും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന ഗൂഢാലോചന അതിന് പിന്നിലുണ്ട്. അതോടൊപ്പംതന്നെ കേന്ദ്രസര്‍ക്കാരിന്റെ നയവൈകല്യവും. പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ പകുതിയിലേറെയും കേന്ദ്ര-സംസ്ഥാന നികുതികളാണ്. അതായത് യഥാര്‍ഥ വിലയുടെ 107 ശതമാനത്തോളം നികുതിയും ചേര്‍ത്ത വിലയാണ് ഉപയോക്താക്കളില്‍നിന്ന് ഈടാക്കുന്നത്. വര്‍ധിച്ച വിലയുടെ നികുതി വഴി കിട്ടുന്ന അധികവരുമാനം വേണ്ടെന്നുവച്ച് ജനങ്ങളെ സഹായിക്കുന്നുവെന്നവകാശപ്പെടുന്ന കേരളത്തിലെ യുഡിഎഫ് ഭരണം വാസ്തവത്തില്‍ കേന്ദ്രനയത്തെ വെള്ളപൂശുകയാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിയന്ത്രണം പുനഃസ്ഥാപിക്കണമെന്ന് രാഷ്ട്രീയമായി അവര്‍ ആവശ്യപ്പെടുന്നില്ല. നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവന്നപ്പോള്‍ വിലനിയന്ത്രണം പുനഃസ്ഥാപിക്കണമെന്ന് യുഡിഎഫും ഒഴുക്കന്‍മട്ടില്‍ ആവശ്യപ്പെട്ടുവെന്നുമാത്രം. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കേന്ദ്ര പ്രത്യക്ഷ-പരോക്ഷ നികുതികള്‍ വന്‍തോതില്‍ കുറയ്ക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെടുന്നില്ല. വിലക്കയറ്റത്തെ ന്യായീകരിക്കുന്ന പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ നയങ്ങളെ പാടിപ്പുകഴ്ത്താനാണ് ഇവിടുത്തെ യുഡിഎഫുകാര്‍ തുനിയുന്നത്.

എണ്ണ വിലക്കയറ്റവും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും രാജ്യപുരോഗതിയുടെയും സാമ്പത്തിക വളര്‍ച്ചയുടെയും ലക്ഷണമാണെന്നാണ് മന്‍മോഹന്‍ സിങ് പ്രസ്താവിച്ചത്. ഇനി പട്ടിണിയും പട്ടിണിമരണങ്ങളുംകൂടി പുരോഗതിയുടെയും സാമ്പത്തിക വളര്‍ച്ചയുടെയും ലക്ഷണമാണെന്ന് ഇതേ പ്രധാനമന്ത്രി പറയില്ലെന്ന് ആരുകണ്ടു. അമേരിക്കയെ നോക്കി പകര്‍ത്താന്‍ ശ്രമിക്കുന്ന, അമേരിക്കന്‍ പരിശീലനം സിദ്ധിച്ച വിദഗ്ധനാണല്ലോ നമ്മുടെ പ്രധാനമന്ത്രി. സ്വന്തം രാജ്യത്തെ പതിനാറ് ശതമാനം ജനങ്ങളെ പട്ടിണിയിലേക്കും ആറിലൊന്നുപേരെ തൊഴില്ലില്ലായ്മയിലേക്കും തള്ളിവിട്ട അമേരിക്കന്‍ സാമ്രാജ്യത്വ ഭരണത്തിന്റെ ദുര്‍നയങ്ങള്‍ ഇവിടേക്കും ഇറക്കുമതിചെയ്യാനാണ് മന്‍മോഹന്‍ സിങ്ങിന്റെ ശ്രമം. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ഇനിയും ഉടനെതന്നെ വില വര്‍ധിപ്പിക്കുമെന്നും ഡീസലിന്റെ വില നിയന്ത്രണം എടുത്തുകളയുമെന്നും പാചകവാതകത്തിന്റെ സബ്സിഡിയും സിലിണ്ടറുകളുടെ എണ്ണവും കുറയ്ക്കുമെന്നുമെല്ലാം പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ടവര്‍തന്നെ ഒളിഞ്ഞും തെളിഞ്ഞും വ്യക്തമാക്കുന്നുണ്ട്. ജനങ്ങളെ കടുത്ത ദുരിതത്തിലേക്കും പട്ടിണിയിലേക്കും തള്ളിയിടുകയാണ് കേന്ദ്രസര്‍ക്കാര്‍ എന്നര്‍ഥം.

ഈ നയങ്ങളെ പിന്‍പറ്റി ഭരിക്കുന്ന യുഡിഎഫ് സര്‍ക്കാരാകട്ടെ എരിതീയില്‍ എണ്ണയൊഴിക്കുകയാണ്. സംസ്ഥാനത്ത് വിലക്കയറ്റവും ജീവിതച്ചെലവും അതിരൂക്ഷമായിരിക്കുന്നു. ബസ്, ഓട്ടോ -ടാക്സി, വൈദ്യുതി നിരക്കുകള്‍ വന്‍തോതില്‍ വര്‍ധിച്ചു. പച്ചക്കറിക്കും പാലിനും ഭക്ഷ്യധാന്യങ്ങള്‍ക്കും അഭൂതപൂര്‍വമായ വിലക്കയറ്റമാണ്. ഹോട്ടല്‍ ഭക്ഷണവിലയും വര്‍ധിച്ചു. ഇങ്ങനെ ജനജീവിതം അതീവ ദുസ്സഹമായിരിക്കുമ്പോള്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചെറുവിരലനക്കുന്നില്ല. വിപണിയില്‍ ഇടപെട്ട് സബ്സിഡി നല്‍കി വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഒന്നുംചെയ്യുന്നില്ല. കാര്‍ഷിക മേഖലയിലെ വിലത്തകര്‍ച്ചയും കടക്കെണിയും കാരണമുള്ള കര്‍ഷക ആത്മഹത്യ വീണ്ടും ഉണ്ടായിരിക്കുന്നു. വയനാട്ടില്‍ മൂന്ന് കര്‍ഷകരാണ് ഒരാഴ്ചയ്ക്കിടെ ജീവിതം അവസാനിപ്പിച്ചത്. ഇറക്കുമതി ഉദാരവല്‍ക്കരണത്തിന്റെ ഭാഗമായി കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഇറക്കുമതി വര്‍ധിക്കുകയും അതുമൂലം ഇവിടുത്തെ ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍തോതില്‍ വിലയിടിയുകയുമാണ്. വളത്തിന്റെ സബ്സിഡി വെട്ടിക്കുറച്ചത് വഴി വളംവില വന്‍തോതില്‍ വര്‍ധിച്ചു. കൃഷിച്ചെലവ് വര്‍ധിക്കുകയും ഉല്‍പ്പന്നവില കുറയുകയും ചെയ്യുന്നത് കൃഷിക്കാരെ കടക്കെണിയിലാക്കുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍നയങ്ങളാണ് കാര്‍ഷിക മേഖലയെ വീണ്ടും ഇരുളിലാഴ്ത്തിയത്. ഇത്തരമൊരു സാഹചര്യത്തില്‍ വിവിധ ജനവിഭാഗങ്ങളുടെ പ്രതിഷേധ സമരങ്ങള്‍ പൊട്ടിപ്പുറപ്പെടുക സ്വാഭാവികമാണ്. അതിനുള്ള ജനാധിപത്യാവകാശം നിഷേധിക്കപ്പെടുന്നതിനെതിരെ ബഹുജനാഭിപ്രായം ശക്തമായി ഉയര്‍ന്നുവരേണ്ടതുണ്ട്.

*
വി എസ് അച്യുതാനന്ദന്‍ ദേശാഭിമാനി 10 നവംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എംഎല്‍എയുമായ എം വി ജയരാജനെ ഹൈക്കോടതി ജയിലിലടച്ചിരിക്കുന്നു. കോടതിയലക്ഷ്യ പ്രസ്താവനയ്ക്ക് കൊടുക്കാവുന്ന പരമാവധി ശിക്ഷ പ്രഖ്യാപിക്കുകയും മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സാവകാശം അനുവദിക്കാതെ ഉടനടി വിധി നടപ്പാക്കുകയും ചെയ്തിരിക്കുന്നു. കിരീത് പരേഖ് കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ച് പെട്രോളിന്റെ വിലനിയന്ത്രണം എടുത്തുകളഞ്ഞ് നിരന്തരവിലക്കയറ്റത്തിന് കേന്ദ്രസര്‍ക്കാര്‍ തിരികൊളുത്തിയത് 2010 ജൂണിലാണ്. അന്ന് അതിനെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തിയ ഹര്‍ത്താലിന്റെ ഭാഗമായി ചെയ്ത പ്രസംഗത്തിന്റെ പേരിലാണ് കേരള ഹൈക്കോടതി ജയരാജനെതിരെ സ്വന്തം നിലയ്ക്ക് കോടതിയലക്ഷ്യ കേസെടുത്തത്. പാതയോരത്തെ പ്രകടനങ്ങളും യോഗങ്ങളും നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് വന്നതിന്റെ അടുത്ത ദിവസമാണ് പെട്രോള്‍ വില കുത്തനെ വര്‍ധിപ്പിച്ചതും അതിനെതിരെ ഹര്‍ത്താലുകളുള്‍പ്പെടെയുള്ള വമ്പിച്ച ജനകീയരോഷം ഉയര്‍ന്നുവന്നതും.