
എന്താണ് നിര്‍ദ്ദിഷ്ട ബില്‍
ചില്ലറ വ്യാപാര മേഖലയിലെ ബഹുരാഷ്ട്ര കുത്തകകളായ വാള്‍മാര്‍ട്ട്, ടെസ്കോ, കാരിഫോര്‍ , കിങ്ഫിഷര്‍ , അഹോള്‍ഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യയില്‍ ചില്ലറ വില്‍പ്പന സ്റ്റോറുകള്‍ തുടങ്ങാന്‍ അനുമതിയും അവസരവും നല്‍കുന്നതാണ് കരട്രേഖ. മള്‍ട്ടിബ്രാന്‍ഡ് വില്‍പ്പനരംഗത്ത് 51 ശതമാനവും സിംഗിള്‍ ബ്രാന്‍ഡ് മേഖലയില്‍ നിലവിലുള്ള 51 ശതമാനത്തില്‍ നിന്ന് 100 ശതമാനമായും വിദേശനിക്ഷേപം വര്‍ധിപ്പിക്കാനാണ് കാബിനറ്റ് തീരുമാനം. നിലവില്‍ മള്‍ട്ടിബ്രാന്‍ഡില്‍ വിദേശനിക്ഷേപം അനുവദിച്ചിട്ടില്ല. ഇതനുസരിച്ച് ചില്ലറമേഖലയില്‍ വിദേശനിക്ഷേപം വരുമ്പോള്‍ അവര്‍ വില്‍ക്കുന്ന മൂന്നിലൊന്ന് സാധനങ്ങള്‍ രാജ്യത്തെ ചെറുകിട വ്യവസായ സ്ഥാപനങ്ങളില്‍ നിന്ന് വാങ്ങണമെന്ന പുതിയ നിബന്ധന ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പ്ലാന്റിനും യന്ത്രസാമഗ്രികള്‍ക്കുമായി മൊത്തം 2.50 ലക്ഷം ഡോളറി(1.25 കോടി രൂപ)ല്‍ താഴെ ചെലവുവരുന്ന സ്ഥാപനങ്ങളെയാണ് ചെറുകിട വ്യവസായസ്ഥാപനങ്ങളുടെ ഗണത്തില്‍പ്പെടുത്തിയിരിക്കുന്നത്. വ്യവസായസ്ഥാപനങ്ങള്‍ ആരംഭിക്കുമ്പോഴുള്ള ചെലവാണ് ഇതിന് കണക്കാക്കുക.
മള്‍ട്ടിബ്രാന്‍ഡിനുള്ള നിബന്ധനകള്‍
1.ഒരു സ്റ്റോറില്‍ത്തന്നെ വിവിധ ബ്രാന്‍ഡുകളിലുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന സംവിധാനമാണ് മള്‍ട്ടിബ്രാന്‍ഡ് വില്‍പ്പന. ഇവിടെ വിദേശനിക്ഷേപം 51 ശതമാനമായിരിക്കും
2.പഴങ്ങള്‍ , പച്ചക്കറി, പൂക്കള്‍ , പയറുവര്‍ഗങ്ങള്‍ , ധാന്യങ്ങള്‍ , കോഴി, മത്സ്യ-മാംസോല്‍പ്പന്നങ്ങള്‍ തുടങ്ങിയവയായിരിക്കും ഇത്തരം സ്റ്റോറുകളിലൂടെ വില്‍ക്കുക.
3.ഈ മേഖലയില്‍ നിക്ഷേപം നടത്തുന്ന വിദേശനിക്ഷേപകന് വേണ്ടത് കുറഞ്ഞത് 100 ദശലക്ഷം ഡോളര്‍(500 കോടി രൂപ)ആണ്.
4. വിദേശനിക്ഷേപത്തിന്റെ 50 ശതമാനം നിര്‍മാണം, സംസ്കരണം, വിതരണം, രൂപകല്‍പ്പന മെച്ചപ്പെടുത്തല്‍ , ഗുണനിലവാരനിയന്ത്രണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍(ബാക്ക്-എന്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍)ക്കായി വിനിയോഗിക്കണം. ഭൂമിയുടെ വിലയോ വാടകയോ ഇതില്‍ ഉള്‍പ്പെടുത്താനാവില്ല.
5.ഉല്‍പ്പാദിപ്പിക്കുകയോ സംസ്കരിക്കുകയോ ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ 30 ശതമാനം രാജ്യത്തെ ചെറുകിട വ്യവസായസ്ഥാപനങ്ങളില്‍ നിന്ന് വാങ്ങിയിരിക്കണം.
6. 2011 ലെ കാനേഷുമാരി കണക്കനുസരിച്ച് 10ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിലായിരിക്കും ഇത്തരം സ്റ്റോറുകള്‍ അനുവദിക്കുക.
7.കാര്‍ഷികോല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള പ്രഥമ അവകാശം ഗവണ്‍മെന്റിനായിരിക്കും.
സിംഗിള്‍ ബ്രാന്‍ഡിനുള്ള നിബന്ധനകള്‍
1.ഒരു സ്റ്റോറില്‍ ഒരു ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ മാത്രമേ വില്‍ക്കാനാവൂ. ഇവിടെ വിദേശനിക്ഷേപത്തിന്റെ തോത് നിലവിലുള്ള 51 ശതമാനത്തില്‍ നിന്ന് 100 ശതമാനമായി ഉയര്‍ത്തും.
2.ഇത്തരം സ്റ്റോറുകളില്‍ സിംഗിള്‍ ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ മാത്രമേ വില്‍ക്കാവൂ.
3.അന്തര്‍ദേശീയ തലത്തിലുള്ള ബ്രാന്‍ഡില്‍ മാത്രമേ വില്‍പ്പന പാടുള്ളൂ.
4.നിര്‍മാണ സമയത്തെ ബ്രാന്‍ഡുകള്‍ മാത്രമേ അനുവദിക്കൂ.
5.വിദേശനിക്ഷേപകന്‍ നിര്‍ദിഷ്ട ബ്രാന്‍ഡിന്റെ ഉടമയാകണം.
6.വില്‍പ്പന നടത്തുന്ന ഉല്‍പ്പന്നങ്ങളുടെ 30 ശതമാനം രാജ്യത്തെ ചെറുകിട വ്യവസായസ്ഥാപനങ്ങളില്‍ നിന്ന് വാങ്ങണം.ഈ നിബന്ധനകള്‍ അനുസരിച്ച് സോണി(ജപ്പാന്‍) പോലെ സിംഗിള്‍ ബ്രാന്‍ഡില്‍ വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന അന്താരാഷ്ട്ര കുത്തകകള്‍ക്ക് 100 ശതമാനവും നിക്ഷേപം നടത്താന്‍ അവസരമുണ്ടായിരിക്കും.
വിദേശകുത്തകകളുടെ താല്‍പ്പര്യത്തിനു പിന്നിലെന്ത്?
ഇന്ത്യന്‍ ചില്ലറ വ്യാപാര മേഖലയില്‍ വിദേശകുത്തകകള്‍ കണ്ണുവയ്ക്കുന്നതിന് പ്രധാന കാരണം ഇവിടെ കണക്കറ്റ ലാഭം കൊയ്യാനുള്ള അവസരമുണ്ടെന്നതുതന്നെയാണ്. 121 കോടി ജനങ്ങളുള്ള രാജ്യമെന്ന നിലയില്‍ ചൈന കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ കമ്പോളമാണ് ഇന്ത്യ. അതുകൊണ്ട് 30 കോടിയില്‍ താഴെ മാത്രം ജനസംഖ്യയുള്ള അമേരിക്കയിലേയോ ആറുകോടി ചില്വാനം മാത്രം ജനസംഖ്യയുള്ള ഇംഗ്ളണ്ടിലേയോ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് ഇന്ത്യ വലിയൊരു അക്ഷയഖനിയാണ്. ആഗോളവല്‍ക്കരണത്തിനുശേഷം ഉപഭോക്തൃ സംസ്കാരത്തിന്റെ തിരയിളക്കം രാജ്യത്ത് ശക്തിപ്പെട്ടുവരുന്നത് കമ്പോളശക്തികള്‍ക്ക് കൂടുതല്‍ അനുകൂലസാഹചര്യമൊരുക്കുന്നുമുണ്ട്. "എ ടി കേര്‍നി" എന്ന അന്താരാഷ്ട്ര മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനം ഇന്ന് ലോകത്ത് ഉയര്‍ന്നുവരുന്ന 30 ആഗോളകമ്പോളങ്ങളില്‍ "ഏറ്റവും ആകര്‍ഷകമായ രണ്ടാമത്തെ റീട്ടെയില്‍ ഡെസ്റ്റിനേഷന്‍" ആയാണ് ഇന്ത്യയെ വിലയിരുത്തുന്നത്. ഈ നിരീക്ഷണവും ബഹുരാഷ്ട്രാകുത്തകകളുടെ ആകര്‍ഷണത്തിന് കാരണമാകുന്നുണ്ട്.
ചില്ലറ വില്‍പ്പനമേഖലയുടെ വ്യാപ്തിയും പ്രസക്തിയും
നാലുകോടി ആളുകള്‍ പണിയെടുക്കുകയും 16 കോടിയോളം പേര്‍ ഉപജീവനം കണ്ടെത്തുകയും ചെയ്യുന്ന മേഖലയാണ് ചില്ലറ വില്‍പ്പനരംഗമെന്ന് നേരത്തെ പറഞ്ഞുവല്ലോ. കാര്‍ഷികരാജ്യമായ ഇന്ത്യയില്‍ കൃഷി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ ആശ്രയിക്കുന്ന മേഖലയാണിത്. രാജ്യത്തെ തൊഴില്‍ശക്തിയുടെ ഏഴു ശതമാനം വരുമിത്. ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ പോളിസി ആള്‍ട്ടര്‍നേറ്റീവ്സ് നടത്തിയ പഠനത്തില്‍ പറയുന്നത് രാജ്യത്തെ മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ (ജിഡിപി) 14 ശതമാനം ചില്ലറ വില്‍പ്പനമേഖലയില്‍ നിന്നാണെന്നാണ്. ഇതിന് തൊട്ടടുത്തു നില്‍ക്കുന്ന സാമൂഹ്യ സേവന രംഗത്തു നിന്നുള്ള സംഭാവനയാകട്ടെ ജിഡിപിയുടെ 7.80 ശതമാനമേയുള്ളൂ.
ചില്ലറ വില്‍പ്പനരംഗം രണ്ട് തരത്തിലുണ്ട്. ഒന്ന്, സംഘടിത ചില്ലറ വില്‍പ്പനമേഖല. രണ്ട്, അസംഘടിത ചില്ലറ വില്‍പ്പനമേഖല. അംഗീകൃത ലൈസന്‍സുള്ള ചില്ലറവ്യാപാരികളുടേതാണ് സംഘടിതമേഖല. ഇവര്‍ ആദായനികുതി, വില്‍പ്പന നികുതി എന്നിവ അടയ്ക്കാന്‍ ബാധ്യസ്ഥരാണ്. ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ , കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ പിന്തുണയും സഹായവുമുള്ള ചെറുകിട വ്യാപാര ശൃംഖലകള്‍ , വമ്പന്‍ ചില്ലറ വ്യാപാരകേന്ദ്രങ്ങള്‍ തുടങ്ങിയവയെല്ലാം ഇതിലുള്‍പ്പെടും. എന്നാല്‍ പ്രാദേശികമായി കച്ചവടം നടത്തുന്ന സാധാരണ കച്ചവടക്കാരാണ് അസംഘടിത മേഖലയില്‍ വരുന്നത്.വഴിയോരക്കച്ചവടക്കാരും വണ്ടികളില്‍ കൊണ്ടുപോയി കച്ചവടം നടത്തുന്നവരുമൊക്കെ ഈ ഗണത്തില്‍പ്പെടും. ഇന്ത്യയിലെ ചില്ലറ കച്ചവടത്തിന്റെ 98 ശതമാനവും അസംഘടിതമേഖലയിലാണ് നടക്കുന്നതെന്നത് ശ്രദ്ധേയമാണ്.
അടുത്തയിടെ ഫിക്കി(ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്) അവതരിപ്പിച്ച കണക്കനുസരിച്ച് 12,00,000 കോടി രൂപയുടെ കച്ചവടമാണ് ഇന്ത്യന്‍ ചെറുകിട വ്യാപാര മേഖലയില്‍ നടക്കുന്നത്. ഇത് രാജ്യത്തെ ജിഡിപിയുടെ 44 ശതമാനം വരും. ഇതില്‍ത്തന്നെ ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പനയാണ് ഏറ്റവും കൂടുതല്‍(63 ശതമാനം). 10 വര്‍ഷംകൊണ്ട് ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പനയില്‍ മൂന്നിരട്ടിയോളം വര്‍ധനവുണ്ടായതായും കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. അതിന്റെയര്‍ത്ഥം വിദേശനിക്ഷേപമില്ലാതെ തന്നെ ആഭ്യന്തര കോര്‍പറേറ്റുകള്‍ ചില്ലറവില്‍പ്പനരംഗം കൊഴുപ്പിക്കുന്നുണ്ടെന്നാണ്. അപ്പോള്‍പ്പിന്നെ ആഭ്യന്തര മൂലധനത്തിന് കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ലാത്ത സ്ഥിതിക്ക് ബദ്ധപ്പെട്ട് എന്തിന് വിദേശനിക്ഷേപം കൊണ്ടുവരുന്നു എന്നതാണ് ഗൗരവമുള്ള കാര്യം.
ചില്ലറവ്യാപാര മേഖലയിലെ തൊഴിലവസരം
സംഘടിത മേഖലയില്‍ അഞ്ച് ലക്ഷം പേരും അസംഘടിത മേഖലയില്‍ 395 ലക്ഷം പേരും ചേര്‍ന്ന് മൊത്തം നാലു കോടിആളുകളാണ് ചില്ലറ വ്യാപാര രംഗത്ത് പണിയെടുക്കുന്നത്. കേന്ദ്ര ഗവണ്‍മെന്റിന്റെ കണക്കുകള്‍ പ്രകാരം ഒരു വ്യാഴവട്ടം മുമ്പ് 1.75 കോടിയുണ്ടായിരുന്നതാണ് ഇപ്പോള്‍ നാലുകോടിയായി വര്‍ധിച്ചിട്ടുള്ളത്. ഈ മേഖലയില്‍ ഇന്ത്യയിലെ തൊഴിലവസരം വികസിതരാജ്യങ്ങളിലേതിന്റെ പകുതിവരുമെന്നാണ് ഫിക്കി പറയുന്നത്. അമേരിക്ക(16ശതമാനം), ബ്രസീല്‍(15ശതമാനം), പോളണ്ട്(12ശതമാനം) എന്നിങ്ങനെയാണ് ചില്ലറവ്യാപാര മേഖലയിലെ തൊഴില്‍ശക്തിയുടെ കണക്കെങ്കില്‍ ഇന്ത്യയിലിത് 8 ശതമാനമാണ്. രാജ്യത്ത് 1.10 കോടി ചില്ലറ വില്‍പ്പനശാലകളുണ്ടെന്നാണ് കണക്ക്. ഇതില്‍ നാലു ശതമാനതിനു മാത്രമാണ് 500 ചതുരശ്രയടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ളത്. അതായത് വ്യാപകമായി ചിന്നിച്ചിതറി കിടക്കുന്ന ചില്ലറ വ്യാപാര സ്ഥാപനങ്ങളില്‍ ബഹുഭൂരിപക്ഷവും അസംഘടിത മേഖലയിലാണെന്നര്‍ത്ഥം. അതുകൊണ്ടുതന്നെ ഏറവും കൂടുതല്‍ വില്‍പ്പന നടക്കുന്നതും ഈ മേഖലയിലാണ്. 2011 ജനുവരിയിലെ സര്‍ക്കാര്‍ കണക്കനുസരിച്ച് രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട തൊഴില്‍രഹിതരുടെ എണ്ണം 413.88 ലക്ഷം ആണ്. കഴിഞ്ഞ 10 കൊല്ലത്തിനിടയില്‍ സംഘടിത ചില്ലറ മേഖലയിലുണ്ടായ തൊഴിലവസരങ്ങള്‍ 30,000 മാത്രമാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതിന്റെയര്‍ത്ഥം അസംഘടിത ചില്ലറ മേഖലയാണ് ഏറ്റവും പ്രധാനമെന്നാണ്.
വാള്‍മാര്‍ട്ട് എന്ന ഭീമന്‍

വാള്‍മാര്‍ട്ടിന്റെ വരവ് തൊഴിലില്ലാപ്പടയെ സൃഷ്ടിക്കും
ഇന്ത്യയില്‍ 35 നഗരങ്ങളില്‍ 10 ലക്ഷത്തിലേറെ ജനസംഖ്യയുണ്ട്. അതുകൊണ്ട് കേന്ദ്രഗവണ്‍മെന്റിന്റെ തീരുമാനമനുസരിച്ച് ഈ നഗരങ്ങളില്‍ വാള്‍മാര്‍ട്ട് ഓരോ സ്റ്റോര്‍ തുടങ്ങിയാല്‍ സെന്റര്‍ ഫോര്‍ പോളിസി ആള്‍ട്ടര്‍നേറ്റീവ്സ് റിപ്പോര്‍ട്ടനുസരിച്ച് 10,195 തൊഴിലാളികളെ ഉപയോഗിച്ച് 8033 കോടി രൂപയുടെ വിറ്റുവരവുണ്ടാകും. ഇന്ത്യന്‍ നിലവാരവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇതുവഴി 4.32 ലക്ഷം തൊഴിലാളികള്‍ തൊഴില്‍രഹിതരാകും. വിദേശനിക്ഷേപം നടത്തുന്ന ചില്ലറക്കാര്‍ രാജ്യത്തെ 20 ശതമാനം ചില്ലറ വ്യാപാര മേഖല സ്വന്തമാക്കിയാല്‍ ഇപ്പോഴത്തെ കണക്കനുസരിച്ച് 80,000 കോടി രൂപയുടെ വിറ്റുവരവുണ്ടാകും. ഇതിന് വാള്‍മാര്‍ട്ടിനു വേണ്ടിവരുന്നത് 43,540 തൊഴിലാളികള്‍ മാത്രമാണ്. അതായത് ഇന്ത്യയിലെ ചില്ലറ വ്യാപാര മേഖലയിലെ 80 ലക്ഷം പേര്‍(20 ശതമാനം തൊഴില്‍ശക്തി) തൊഴിലില്ലാത്തവരായി മാറുമെന്നര്‍ത്ഥം.

പാശ്ചാത്യരുടെ സിദ്ധാന്തം തൊഴിലാളികളുടെ എണ്ണം കുറച്ച് കാര്യക്ഷമത വര്‍ധിപ്പിക്കുകയെന്നതാണ്. എന്നാലിത് ഇന്ത്യയെപ്പോലുള്ള ഒരു ദരിദ്രരാജ്യത്ത് സാമൂഹ്യമായ അരക്ഷിതത്വം ഉണ്ടാക്കും. വാള്‍മാര്‍ട്ടിന്റെ പ്രവര്‍ത്തനം വഴി 10 വര്‍ഷത്തിനുള്ളില്‍ ചെറുനഗരങ്ങളിലെ പകുതി ചില്ലറ വില്‍പ്പനയും ആഭ്യന്തര വിപണിക്ക് നഷ്ടപ്പെടുമെന്ന അമേരിക്കയിലെ അയോവ സര്‍വകലാശാലയിലെ സാമ്പത്തികശാസ്ത്രം പ്രൊഫസര്‍ കെന്നത്ത് സ്റ്റോണിന്റെ നിരീക്ഷണം ഇതുമായി കൂട്ടിവായിക്കുന്നത് പ്രസക്തമാണ്.
സമാനമായ ആക്രമണോത്സുകതയോടെയായിരിക്കും ചില്ലറ വില്‍പ്പന രംഗത്തെ മറ്റ് ബഹുരാഷ്ട്ര ഭീമന്മാരായ ടെസ്കോ(ഇംഗ്ളണ്ട്)യും കാരിഫോറും(യുഎഇ) കിങ്ങ്ഫിഷറും(ഇംഗ്ളണ്ട്)അഹോള്‍ഡു(ആംസ്റ്റര്‍ഡാം)മൊക്കെ ഇന്ത്യയിലേക്ക് വരുന്നത്. വാള്‍മാര്‍ട്ടിന്റെ പ്രവര്‍ത്തനം വഴി മാത്രം പകുതി ചില്ലറ വില്‍പനനഷ്ടവും അതുവഴിയുള്ള തൊഴില്‍നഷ്ടവും ഉണ്ടാകുമ്പോള്‍ ഇത്തരം നാലഞ്ച് വമ്പന്മാര്‍ ഒരുമിച്ചുവരുന്നതോടെ അനതിവിദൂരഭാവിയില്‍ 16 കോടി ജനങ്ങളുടെ ആശ്രയമായ ഇന്ത്യയിലെ ചെറുകിടവ്യാപാര മേഖല പൂര്‍ണമായും വിദേശകുത്തകകളുടെ കൈപ്പിടിയില്‍ അമരുകയായിരിക്കും ചെയ്യുക. ഇത് സൃഷ്ടിക്കാനിടയുള്ള സാമൂഹ്യ-സാമ്പത്തിക ദുരന്തങ്ങളാണ് ചെറുകിട വ്യാപാരമേഖലയില്‍ പ്രത്യക്ഷവിദേശനിക്ഷേപം അനുവദിനെ വിലയിരുത്തുമ്പോള്‍ ഏറ്റവും പ്രഥമവും പ്രധാനവുമായി പരിഗണിക്കേണ്ടത്.
*
കെ വി സുധാകരന്‍ ചിന്ത വാരിക
1 comment:
ചില്ലറ വ്യാപാരമേഖലയില്‍ പ്രത്യക്ഷവിദേശനിക്ഷേപം അനുവദിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചതോടെ രാജ്യത്ത് ഈ രംഗത്ത് പണിയെടുക്കുന്ന കോടിക്കണക്കിനാളുകള്‍ വീണ്ടും ആശങ്കയുടെ മുള്‍മുനയിലായിരിക്കുകയാണ്. നാലുകോടി ജനങ്ങള്‍ ചില്ലറ വ്യാപാരമേഖലയില്‍ ജോലി ചെയ്യുന്നതായാണ് ഔദ്യോഗിക കണക്കുകള്‍ . ഏതാണ്ട് 16 കോടി ആളുകള്‍ ഈ മേഖലയെ ആശ്രയിച്ചു കഴിയുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. കേരളത്തില്‍മാത്രം പത്തുലക്ഷം ആളുകളാണ് ചില്ലറ വ്യാപാരരംഗത്ത് പ്രവര്‍ത്തിക്കുന്നത്. ആ മേഖലയെ ആശ്രയിച്ച് കഴിയുന്നവര്‍ അമ്പതുലക്ഷത്തോളം ഉണ്ട്. 2004-09ലെ ഒന്നാം യുപിഎ ഗവണ്‍മെന്റിന്റെ കാലത്ത് ചില്ലറവ്യാപാര രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കാനുള്ള ശ്രമങ്ങള്‍ സജീവമായി നടത്തിയിരുന്നെങ്കിലും അന്ന് കേന്ദ്രസര്‍ക്കാരിന് പുറത്തുനിന്ന് പിന്തുണ നല്‍കിയിരുന്ന ഇടതുപക്ഷം ശക്തിയായി ചെറുത്തതുകൊണ്ട് അത് നടന്നില്ല. ഇന്നിപ്പോള്‍ കേന്ദ്രസര്‍ക്കാരിനെ അത്തരത്തില്‍ പ്രതിരോധിക്കാന്‍ കഴിയുന്ന സംവിധാനം ഭരണമുന്നണിയായ യു പി എയുമായി ബന്ധപ്പെട്ട് ഇല്ലാത്തതുകൊണ്ട് ഈ അവസരം മുതലെടുത്ത് ചില്ലറവില്‍പ്പന രംഗത്ത് വിദേശനിക്ഷേപത്തിന് അരങ്ങോരുങ്ങിയിരിക്കുകയാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില അടിക്കടി വര്‍ധിപ്പിച്ചതടക്കമുള്ള ജനവിരുദ്ധ നയങ്ങളുടെ തുടര്‍ച്ചയായാണ് രാജ്യത്തെ സാമൂഹ്യ-സാമ്പത്തിക മേഖലകളില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാനിടയാക്കുന്ന ചില്ലറ വില്‍പ്പനമേഖലയിലെ വിദേശനിക്ഷേപത്തിന് നിയമപരമായ നടപടിക്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്
Post a Comment