Monday, November 7, 2011

ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത്

കൊച്ചി റിഫൈനറിയിലെ ഒരു വികസന പദ്ധതി ഉദ്ഘാടനത്തിനായി കേന്ദ്രമന്ത്രി ജയ്പാല്‍ റെഡ്ഢി കഴിഞ്ഞമാസം കേരളത്തില്‍ വന്നിരുന്നു. പെട്രോളിന്റെ വില വര്‍ധന കൂടാതെ മുന്നോട്ടുപോകാനാവില്ലെന്ന് അദ്ദേഹം അന്ന് സൂചിപ്പിച്ചു. അടിക്കടിയുണ്ടാകുന്ന വില വര്‍ധനവ് ജനങ്ങള്‍ക്കുണ്ടാക്കുന്ന ദുരിതങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹത്തിനു മറുപടി ഉണ്ടായിരുന്നു. ''വില വര്‍ധിക്കാതിരിക്കാന്‍ എല്ലാവരും ദൈവത്തോട് പ്രാര്‍ഥിക്കുക'' എന്ന ഉപദേശമായിരുന്നു ആ മറുപടി. ആരാണ് ആ ദൈവം എന്ന് ജയ്പാല്‍ റെഡ്ഢി പറഞ്ഞില്ല. പക്ഷേ ആ ദൈവങ്ങളെ ഇപ്പോള്‍ ജനങ്ങള്‍ക്കറിയാം. അടിക്കടി വില കൂട്ടുന്നതില്‍ നിര്‍വൃതി കണ്ടെത്തുന്ന എണ്ണ കമ്പനികളാണ് ആ ദൈവങ്ങള്‍. അവരോട് പാവങ്ങള്‍ പ്രാര്‍ഥിച്ചിട്ടെന്തു കാര്യം? പാവപ്പെട്ടവരുടെ പ്രാര്‍ഥന കേള്‍ക്കാന്‍ അവര്‍ക്ക് കാതുണ്ടായിരുന്നെങ്കില്‍ പെട്രോള്‍ വില ഈ തോതില്‍ വര്‍ധിക്കില്ലായിരുന്നുവല്ലോ.

ഇപ്പോള്‍ ഈ വര്‍ഷത്തില്‍ ഇത് അഞ്ചാം തവണയാണ് പെട്രോളിന് വിലകൂട്ടുന്നത്. 1.82 രൂപയാണ് ഇത്തവണ വര്‍ധന. കേരളത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 70.50 രൂപയാണ് വില. ഇതിന്റെ തുടര്‍ച്ചയായി എല്ലാത്തിന്റെയും വില കൂടുമെന്നത് നമ്മുടെ അനുഭവമാണ്. അതിന്റെ ആഘാതം അടങ്ങുംമുമ്പ് അടുത്ത വര്‍ധനവ് പ്രഖ്യാപിക്കാന്‍ അണിയറയില്‍ അവര്‍ ഇപ്പോള്‍ തന്നെ കരുനീക്കം തുടങ്ങിയിരിക്കും. എണ്ണ കമ്പനികള്‍ എന്ന പുത്തന്‍ ദൈവങ്ങളുടെ പൂജാരി പണിയാണോ ഗവണ്‍മെന്റിന്? ആര്‍ത്തിപ്പണ്ടാരങ്ങളായ അവരുടെ വാദങ്ങള്‍ നാണമില്ലാതെ വിളിച്ചുപറയുന്ന ആണും പെണ്ണുംകെട്ട അടിമകളെ ഗവണ്‍മെന്റ് എന്നു വിളിക്കേണ്ടിവരുന്നതില്‍ ഇന്ത്യാക്കാര്‍ക്ക് നാണം തോന്നുന്നു.

പെട്രോളിനും ഡീസലനും സബ്‌സിഡി നല്‍കുന്നതുമൂലം 333 കോടി രൂപയുടെ പ്രതിദിന നഷ്ടമാണത്രെ എണ്ണ കമ്പനികള്‍ക്കുണ്ടാകുന്നത്. ജനങ്ങളെ പിഴിഞ്ഞ് ധൂര്‍ത്തില്‍ ആറാടുന്ന എണ്ണകമ്പനി തലവന്മാര്‍ അവതരിപ്പിക്കുന്ന ഇത്തരം കണക്കുകള്‍ എപ്പോഴെങ്കിലും ഗവണ്‍മെന്റ് പരിശോധിച്ചിട്ടുണ്ടോ? അങ്ങനെ പരിശോധിച്ചാല്‍ 'ഹിസ് മാസ്റ്റേഴ്‌സ് വോയിസ്' പോലെ എണ്ണകമ്പനികളുടെ നഷ്ടവാദം ഇതുപോലെ തട്ടിമൂളിക്കാന്‍ അവര്‍ക്കു കഴിയില്ല. ഒരു ലിറ്റര്‍ ഡീസലിന് 9.27 രൂപയും മണ്ണെണ്ണയ്ക്ക് 26.94 രൂപയും പാചകവാതക സിലിണ്ടറിന് 260.50 രൂപയും കമ്പനികള്‍ക്ക് നഷ്ടമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതിനര്‍ഥം അവയുടെയെല്ലാം വില വര്‍ധിപ്പിക്കാന്‍ അവര്‍ തയ്യാറായിക്കഴിഞ്ഞുവെന്നാണ്.

പൊതുമേഖലാ എണ്ണകമ്പനികള്‍ എന്നാണ് ഈ അഭിനവ കൊള്ളക്കാര്‍ സ്വയം വിളിക്കുന്നതെങ്കിലും പൊതുമേഖലയുടെ സാമൂഹിക ദൗത്യമോ തത്വശാസ്ത്രമോ അവര്‍ക്ക് അറിയില്ല. അതുപറഞ്ഞു കൊടുക്കാന്‍ നെഹ്‌റുവിയന്‍ നയങ്ങളുടെ അര്‍ഥമറിയുന്ന ഒരാള്‍പോലും ഇന്ന് കേന്ദ്ര ഗവണ്‍മെന്റിലില്ല. സ്വന്തം കീശ വീര്‍പ്പിക്കാനും രാഷ്ട്രീയ മേലാളന്മാരുടെ ആര്‍ത്തിതീര്‍ക്കാനും സ്വകാര്യ എണ്ണ കമ്പനി ഉടമകള്‍ക്ക് കോട്ട പണിയാനും വേണ്ടിയാണ് ഈ പൊതുമേഖലാ എക്‌സിക്യൂട്ടീവുകള്‍ ഓവര്‍ടൈം പണിയെടുക്കുന്നത്. അന്താരാഷ്ട്ര കമ്പോളത്തില്‍ ക്രൂഡ് ഓയിലിനു വില കൂടിയാല്‍ രായ്ക്കുരാമാനം വില കൂട്ടാന്‍ ഓടുന്ന ഇവര്‍ അവിടെ വില കുറഞ്ഞാല്‍ അറിഞ്ഞഭാവം കാണിക്കില്ല. 2009 ല്‍ ക്രൂഡ് ഓയില്‍ ബാരല്‍ ഒന്നിന് 146 ഡോളര്‍ ആയിരുന്നപ്പോള്‍ ഇന്ത്യയില്‍ പെട്രോള്‍ വില 52 രൂപയായിരുന്നു. വില നിര്‍ണയാവകാശം കമ്പനികള്‍ക്ക് അടിയറവച്ചതിന്റെ ബാക്കി പത്രം ജനങ്ങള്‍ വായിക്കുന്നത് ലിറ്ററിന് 70.50 രൂപ വില നല്‍കിക്കൊണ്ടാണ്. അതില്‍ നികുതി ഇനത്തിലുള്ള 37 പൈസ വേണ്ടെന്നുവച്ച സംസ്ഥാന യു ഡി എഫ് ഗവണ്‍മെന്റ് ജനരോഷത്തില്‍ നിന്ന് തടിതപ്പാനാണ് ശ്രമിക്കുന്നത്. വിലനിര്‍ണയാവകാശം കേന്ദ്ര ഗവണ്‍മെന്റ് തിരിച്ചുപിടിക്കണമെന്ന പ്രമേയം സംസ്ഥാന നിയമസഭയില്‍ അവതരിപ്പിച്ചപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ നയിച്ച താല്‍പര്യമെന്താണെന്നും ജനങ്ങള്‍ക്കു മനസിലാകും. വില വര്‍ധനവിനെതിരെ ജനങ്ങള്‍ പ്രതികരിക്കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ നിരീക്ഷണം പ്രശ്‌നത്തിന്റെ രൂക്ഷതയാണ് വ്യക്തമാക്കുന്നത്. അതിനു മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം.

രൂപയുടെ മൂല്യതകര്‍ച്ചയ്ക്കു കാരണക്കാര്‍ ജനങ്ങളാണോ? ആ മട്ടിലാണ് അതിന്റെ ഭാരം ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നവര്‍ വാദങ്ങള്‍ നിരത്തുന്നത്. തങ്ങളുടേതല്ലാത്ത കുറ്റത്തിന് ജനങ്ങള്‍ ശിക്ഷിക്കപ്പെടുമ്പോള്‍ അവരെ സഹായിക്കുകയാണ് പൊതുമേഖല ചെയ്യേണ്ടത്. എന്നാല്‍ വന്‍കിട കോര്‍പ്പറേറ്റുകളുടെ കാര്യസ്ഥന്മാര്‍ രാജ്യം ഭരിക്കുമ്പോള്‍ പൊതുമേഖല സ്വകാര്യ മേഖലയുടെ ചെല്ലപ്പെട്ടി ചുമക്കുകയാണ്. എണ്ണമേഖലയില്‍ കഴിഞ്ഞവര്‍ഷം റിലയന്‍സിന്റെ മാത്രം ലാഭം 5,200 കോടി രൂപയായിരുന്നുവെന്ന് രേഖകള്‍ പറയുന്നു. അപ്പോഴും പൊതുമേഖലയ്ക്കു പ്രതിദിന നഷ്ടം 322 കോടിയാണെന്ന കണക്കുണ്ടാക്കാന്‍ അതിന്റെ നടത്തിപ്പുകാര്‍ വല്ലാണ്ടു പ്രയാസപ്പെടുന്നുണ്ടാകണം. കൃഷ്ണ-ഗോദാവരി തടത്തിലെ എണ്ണപര്യവേഷണത്തില്‍ റിലയന്‍സിനു ലാഭം കൊയ്യാന്‍ കേന്ദ്ര ഗവണ്‍മെന്റ് ചെയ്ത വിട്ടുവീഴ്ചകളെപ്പറ്റി സി എ ജി തന്നെ നടത്തിയ വിമര്‍ശനം എത്ര രൂക്ഷമായിരുന്നു! ഇത് ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ നടത്തുന്ന ജനങ്ങളുടെ ഗവണ്‍മെന്റല്ല. വന്‍കിട പണക്കാര്‍ക്കുവേണ്ടി വന്‍കിടക്കാര്‍ നടത്തുന്ന വന്‍കിടക്കാരുടെ ഗവണ്‍മെന്റാണിത്. ആ ഗവണ്‍മെന്റിനു കീഴിലെ എണ്ണ കമ്പനികള്‍ കൊല്ലുന്ന രാജാവിന്റെ തിന്നുന്ന മന്ത്രിയാകാന്‍ ശ്രമിക്കുകയാണ്.

അവരുടെ മുമ്പില്‍ ജനങ്ങള്‍ മുട്ടുകുത്തുകയില്ല. ഈ തലതിരിഞ്ഞ നയങ്ങള്‍ക്കെതിരെ പൊരുതിയില്ലെങ്കില്‍ ജീവിതംതന്നെ വഴിമുട്ടിപ്പോകുന്ന സ്ഥിതി എത്തിയിരിക്കുന്നു. ഇത് കേവലമായ ക്ഷോഭ പ്രകടനത്തിന്റെ വിഷയമല്ല. നയങ്ങള്‍ തിരുത്തിക്കാന്‍ വേണ്ടിയുള്ള വിപുലമായ പ്രക്ഷോഭ നിര ഊട്ടിവളര്‍ത്തേണ്ട വിഷയമാണ്. തെരുവില്‍ ഇന്നുയരുന്ന പ്രതിഷേധ വികാരത്തിന് ആ ദിശാബോധം നല്‍കാന്‍ തൊഴിലാളിവര്‍ഗം മുന്നിലുണ്ടാകണം. നവംബര്‍ എട്ടിന്റെ തൊഴിലാളിവര്‍ഗ മുന്നേറ്റവുമായി ഇന്നത്തെ പ്രതിഷേധ വികാരത്തിന് നേരിട്ട് ബന്ധമുണ്ട്. പുതിയൊരു ലോകം സാധ്യമാണെന്ന് വിളിച്ചുപറയുന്നവരെല്ലാം ഇതിന്റെ ബന്ധുക്കളാണ്. ജനങ്ങള്‍ക്ക് പൊറുതിമുട്ടിയിരിക്കുന്നു. അവരുടെ ക്ഷമയെ പരീക്ഷിക്കുന്ന നീറോമാരുടെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞു.

*
ജനയുഗം മുഖപ്രസംഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കൊച്ചി റിഫൈനറിയിലെ ഒരു വികസന പദ്ധതി ഉദ്ഘാടനത്തിനായി കേന്ദ്രമന്ത്രി ജയ്പാല്‍ റെഡ്ഢി കഴിഞ്ഞമാസം കേരളത്തില്‍ വന്നിരുന്നു. പെട്രോളിന്റെ വില വര്‍ധന കൂടാതെ മുന്നോട്ടുപോകാനാവില്ലെന്ന് അദ്ദേഹം അന്ന് സൂചിപ്പിച്ചു. അടിക്കടിയുണ്ടാകുന്ന വില വര്‍ധനവ് ജനങ്ങള്‍ക്കുണ്ടാക്കുന്ന ദുരിതങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹത്തിനു മറുപടി ഉണ്ടായിരുന്നു. ''വില വര്‍ധിക്കാതിരിക്കാന്‍ എല്ലാവരും ദൈവത്തോട് പ്രാര്‍ഥിക്കുക'' എന്ന ഉപദേശമായിരുന്നു ആ മറുപടി. ആരാണ് ആ ദൈവം എന്ന് ജയ്പാല്‍ റെഡ്ഢി പറഞ്ഞില്ല. പക്ഷേ ആ ദൈവങ്ങളെ ഇപ്പോള്‍ ജനങ്ങള്‍ക്കറിയാം. അടിക്കടി വില കൂട്ടുന്നതില്‍ നിര്‍വൃതി കണ്ടെത്തുന്ന എണ്ണ കമ്പനികളാണ് ആ ദൈവങ്ങള്‍. അവരോട് പാവങ്ങള്‍ പ്രാര്‍ഥിച്ചിട്ടെന്തു കാര്യം? പാവപ്പെട്ടവരുടെ പ്രാര്‍ഥന കേള്‍ക്കാന്‍ അവര്‍ക്ക് കാതുണ്ടായിരുന്നെങ്കില്‍ പെട്രോള്‍ വില ഈ തോതില്‍ വര്‍ധിക്കില്ലായിരുന്നുവല്ലോ.