Friday, January 7, 2011

കയ്യൂരിലേക്ക് ഒരു യാത്ര

ജന്മിത്വത്തിനെതിരായ സമരമുഖത്തെ സമുജ്വല ഭൂപരിസരമാണ് കയ്യൂരിന്റേത്. ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് സ്വകാര്യബസ്സില്‍ നഗര പരിവേഷമില്ലാത്ത കയ്യൂരിന്റെ പോര്‍വീര്യമാര്‍ന്ന മാറിലൂടെ യാത്ര. ചാറ്റല്‍മഴ അന്തരീക്ഷത്തെ ഇടയ്ക്കിടെ തണുപ്പിക്കുന്നുണ്ട്. സമരപഥങ്ങളുടെ നാള്‍വഴികള്‍ അയവിറക്കിയുള്ള യാത്രയായതിനാല്‍ നേരിയ തണുപ്പുപോലും മാറിനിന്നു. അവസാന സ്റ്റോപ്പിലെത്തിയ ബസ് കിതപ്പോടെ നിന്നു. അതിനടുത്താണ് കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ടി കയ്യൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ്. എണ്‍പതുകളിലെ ദേശാഭിമാനി ബാലസംഘത്തിന്റെ സഹപ്രവര്‍ത്തകനായിരുന്ന എം രാജഗോപാലന്‍ (സിപിഐ എം കാസര്‍കോട് ജില്ലാ സെക്രട്ടറിയറ്റംഗം) ഏല്‍പ്പിച്ചതനുസരിച്ച് ഡിവൈഎഫ്ഐ കയ്യൂര്‍ വില്ലേജ് പ്രസിഡന്റ് പ്രമോദ് തന്റെ മോട്ടോര്‍ സൈക്കിളുമായി പാര്‍ടി ഓഫീസില്‍ കാത്തിരിക്കുന്നുണ്ട്. മുന്‍പരിചയം ഇല്ലെങ്കിലും വേഗം തിരിച്ചറിഞ്ഞ പ്രമോദ് കാര്യങ്ങളിലേക്ക് കടന്നു.

സിപിഐ എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിനോടനുബന്ധിച്ചുള്ള എ കെ ജി ഹാളിന്റെ നവീകരണത്തിന്റെ ഭാഗമായി, 1940 മുതല്‍ ജില്ലയില്‍ പ്രസ്ഥാനത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരുടെ പോര്‍ട്രെയിറ്റ് വരക്കാനുള്ള ചുമതല എന്നെ ഏല്‍പ്പിച്ചിരുന്നു. അവിഭക്ത ജില്ലയിലെ കയ്യൂരിലേതുള്‍പ്പെടെ ഒട്ടേറെ പേരുടെ ഫോട്ടോ തീരെ ലഭ്യമായിരുന്നില്ല. എന്നാല്‍ പരിചിതരില്‍നിന്ന് ഓര്‍മയും, ബന്ധുക്കളില്‍നിന്ന് രൂപഭാവങ്ങളും ശേഖരിച്ചെങ്കിലും മുഴുവന്‍ പേരുടെയും ഫോട്ടോകള്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രസ്മൃതിയിലെ അമൂല്യ സമ്പത്താക്കണമെന്ന സിപിഐ എം ജില്ലാ കമ്മിറ്റിയുടെ നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍, അനാരോഗ്യത്തിന്റെയും ചികിത്സയുടെയും പ്രശ്നങ്ങള്‍ പരാമര്‍ശിക്കാന്‍പോലും തോന്നാതെ ഉരുകിത്തീരുകയായിരുന്നു.

കയ്യൂര്‍ സഖാക്കളെ തൂക്കിലേറ്റിയത് 1943ല്‍.

കയ്യൂര്‍ പാര്‍ടി ഓഫീസിനു മുന്നില്‍ യാത്രക്കായി കാത്തിരിക്കുന്ന മോട്ടോര്‍ സൈക്കിളിന്റെ ഹെഡ്ലൈറ്റിന്റെ മുകളിലായുള്ള കറുത്ത കവറിനുപുറത്ത് സാമാന്യം വലുപ്പത്തില്‍ ചുവന്ന അക്ഷരത്തില്‍ മൂര്‍ത്തമായി തെളിഞ്ഞുനില്‍ക്കുന്നുണ്ട്.

'1943' എന്നുതന്നെ.

പത്തിരുപത് പേരുമായി പ്രമോദ് മിനുട്ടുകള്‍ക്കകം ബന്ധപ്പെട്ടു. യാത്ര തുടങ്ങാനുള്ള ചാര്‍ട്ട് തയ്യാറായി.

ഇതിഹാസ സമാനമായ സമുജ്വല സമരങ്ങളുടെ ആരവങ്ങള്‍ അനുഭവിച്ച ഭൂപ്രദേശത്തെ ലക്ഷ്യമാക്കിയാണ് മോട്ടോര്‍ സൈക്കിള്‍ കുന്നിറങ്ങിച്ചെല്ലുന്നത്. ധീരസ്മരണകളോര്‍ത്ത് ഒഴുക്ക് തുടര്‍ന്നുകൊണ്ടേയിരിക്കുന്ന തേജസ്വിനിയ്ക്കരികില്‍ കയ്യൂര്‍ രക്തസാക്ഷി സ്തൂപത്തിനരികില്‍ '1943' ഓഫാക്കി.

പ്രമോദും ഞാനും ഇറങ്ങി.

സ്തൂപത്തിനരികെ പണിത സിപിഐ എം ബ്രാഞ്ച് ഓഫീസില്‍ സെക്രട്ടറി കെ പി കൃഷ്ണന്‍ കാത്തിരിക്കുന്നുണ്ട്. ഓഫീസിന്റെ ചുവരില്‍ അന്‍പതുകളിലെ നിറംമങ്ങാത്ത സ്മരണകളുടെ സാക്ഷ്യംപോലെ കുറെ ഫോട്ടോകള്‍ തൂക്കിയിരിക്കുന്നു. മഠത്തില്‍ അപ്പു, കുഞ്ഞമ്പുനായര്‍, അബൂബക്കര്‍, ചിരുകണ്ടന്‍ എന്നിവരുടെ ബന്ധുക്കളുടെ ഫോട്ടോകള്‍ രക്തസാക്ഷികളുടെ കുടുംബസാക്ഷ്യമായി ഓര്‍മപ്പെടുത്തുന്നു.

കയ്യൂര്‍ സഖാക്കളുടെ ബന്ധുക്കളുടെ രേഖാചിത്രങ്ങള്‍ കുറെയെണ്ണം രേഖപ്പെടുത്തിയതോടെ സ്റ്റാര്‍ട്ടാക്കിയ '1943' ല്‍ കേറി ലോക്കല്‍ കമ്മിറ്റിയംഗം കൂടിയായ ടി കുഞ്ഞിരാമന്റെ വീട്ടിലേക്ക്. അറിയാവുന്നിടത്തോളം വിവരങ്ങള്‍ പറഞ്ഞുതന്നു. കയ്യൂര്‍ സ്മരണികയുടെ ഒരു കോപ്പിയും തന്ന്, കയ്യൂര്‍ സഖാക്കളുടെ ഫോട്ടോകളുടെ പ്രത്യേകതകള്‍ ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നു.

കിട്ടിയേടത്തോളം വിഭവങ്ങളുമായി കയ്യൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിലേക്ക്. ഓഫീസിനുമുന്നില്‍ തികഞ്ഞ പാര്‍ടി അച്ചടക്കത്തോടെ '1943' നിന്നു. ഓഫീസിനകത്ത് ലോക്കല്‍ സെക്രട്ടറി എം ബാലകൃഷ്ണന്‍, ഏരിയാ കമ്മിറ്റിയംഗം കയനി കുഞ്ഞിക്കണ്ണന്‍, ലോക്കല്‍ കമ്മിറ്റിയംഗം കെ കുഞ്ഞിരാമന്‍, പാര്‍ടി അംഗവും സഹകരണ ബാങ്ക് ജീവനക്കാരനുമായ പവിത്രന്‍ എന്നിവര്‍ കാത്തിരിക്കുന്നുണ്ട്. കൂടുതല്‍ വിഭവം ശേഖരിക്കാനുള്ള അന്വേഷണ ത്വരയോടെയുള്ള കാത്തിരിപ്പ്.

ഒന്നുരണ്ടു സര്‍ക്കാര്‍ ഓഫീസുകളുടെയും സഹകരണ സ്ഥാപനത്തിന്റെയും പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന ചായക്കടയില്‍നിന്നും തിടുക്കത്തില്‍ എത്തിച്ചുതന്ന ചായയും അകത്താക്കി പിന്നെയും ഇറങ്ങി.

പൊടോര കുഞ്ഞമ്പുനായരുടെ വീട്ടിലേക്ക്. ബന്ധുക്കളുടെ പഴയ ഫോട്ടോകള്‍ കാണുമെന്ന പ്രതീക്ഷയോടെ യാത്ര. സഹോദരന്റെ മകന്‍ രവീന്ദ്രന്‍ കൃഷിപ്പണിയുടെ ജൈവോര്‍ജത്തില്‍നിന്നും കരകയറി വന്നു. ഉശിരാര്‍ന്ന തടി. ചുവരില്‍ തൂങ്ങുന്ന അച്ഛന്റെ ഫോട്ടോ അവര്‍ കാണിച്ചുതന്നു.

"ഇതുപോലെ തന്ന്യാന്നാ എല്ലാരും പറേന്നത്.''

രവീന്ദ്രന്‍ വളച്ചുകെട്ടില്ലാതെ പറഞ്ഞുതന്നു.

ഇരുഭാഗങ്ങളിലേക്കായി പൂമുഖമുള്ള നാല്‍പതുകളിലെ പുര ഏതര്‍ഥത്തിലും മാറ്റമില്ലാതെ നില്‍ക്കുന്നു. പൊടോര കുഞ്ഞമ്പുനായര്‍ കളിച്ചുവളര്‍ന്ന പുര.

നാല്‍പ്പതുകളുടെ പഴക്കം പുരയുടെ എല്ലാ ഭാഗങ്ങളിലും നിറയുമ്പോള്‍ ഓര്‍മയില്‍ തികട്ടിവരുന്നത് കര്‍ഷക കലാപത്തിന്റെ പോര്‍വീര്യംതന്നെ. തൊട്ടുപിറകെ പുതിയൊരു പുരയില്‍ കുഞ്ഞമ്പുനായരുടെ സഹോദരി പാര്‍ക്കുന്നുണ്ട്. പറയുന്നതിനൊന്നും യാതൊരു കൃത്യതയും ഇല്ല. മകന്‍ ടി എ നായര്‍ അറിയപ്പെടുന്ന സിപിഐ നേതാവ്. ഒരാള്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍.

കയ്യൂര്‍ സമരസേനാനിയായിരുന്ന കുറുവാന്‍ നാരായണന്‍നായരുടെ വീട്ടിലേക്കായിരുന്നു പിന്നെ പോയത്. കേള്‍വിയുടെയും കാഴ്ചയുടെയും പ്രശ്നങ്ങളോടെ തൊണ്ണൂറിലെത്തിനില്‍ക്കുന്ന ആരോഗ്യം. ഉറക്കെ ചോദിക്കുമ്പോള്‍ മാത്രം പോര്‍വീര്യത്തോടെ അയവിറക്കുന്ന പഴയ ഓര്‍മകള്‍.

അവശതകള്‍ക്കിടയിലും പങ്കുവച്ച വിവരങ്ങള്‍ വിലപ്പെട്ട കനിപോലെ മുറുകെപിടിച്ച് വീണ്ടും ലോക്കല്‍ കമ്മിറ്റി ഓഫീസിലേക്ക്.

ഉച്ചഭക്ഷണം കഴിഞ്ഞ് വീണ്ടും വിവരങ്ങള്‍ ലഭിക്കാനുള്ള ആലോചനകള്‍.

കര്‍മനിരതരായ സഖാക്കള്‍.

പാര്‍ടി സഖാക്കളുടെ നാവിന്‍തുമ്പിലൂടെ പല പേരുകളും കടന്നുപോവുമ്പോഴേക്കും പ്രമോദ് വിവരം ശേഖരിക്കാനുള്ള സാധ്യത ആരാഞ്ഞുകൊണ്ട് ഫോണ്‍ ചെയ്തിരിക്കും.

പ്രമോദ് പ്രത്യാശയുടെ കണ്‍തിളക്കത്തോടെ അറിയിച്ചു.

"പി ടി കുഞ്ഞമ്പുവേട്ടന്‍ അവിടെയുണ്ട്. ഒരുപാട് പറഞ്ഞുതരാന്‍ പറ്റും.''

വണ്ടി സ്റ്റാര്‍ട്ടാക്കുന്നതിനിടയില്‍തന്നെ അടുത്ത വായനശാലയില്‍ വന്നുനില്‍ക്കാന്‍ വിവരവും നല്‍കിക്കഴിഞ്ഞു.

മാര്‍ഗമധ്യേ വലതുഭാഗത്ത് കൂറ്റന്‍കെട്ടിടം തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്.

പ്രമോദ് ഓര്‍മിപ്പിച്ചു.

"ഇതാണ് കയ്യൂര്‍ സ്മാരക മന്ദിരം... ചരിത്രമ്യൂസിയം ഉള്‍പ്പെടെ ഇവിടെ പ്രവര്‍ത്തിക്കണമെന്നാണ് പാര്‍ടി ആഗ്രഹിക്കുന്നത്.''

സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ശിലാസ്ഥാപനം നിര്‍വഹിച്ച സ്ഥാപനം ഉദ്ഘാടനത്തിന്റെ വക്കിലെത്തിനില്‍ക്കുന്നു. ആകര്‍ഷകമായ മറ്റൊരു ലൈബ്രറിസമുച്ചയവും അടുത്തുതന്നെ തലയുയര്‍ത്തിയിട്ടുണ്ട്. കയ്യൂര്‍ മന്ദിരത്തിനനുബന്ധമായി ജില്ലാ പഞ്ചായത്ത് നിര്‍മിച്ച ലൈബ്രറി. മന്ദിരത്തിന്റെ അകക്കാഴ്ചകള്‍ കണ്ടശേഷം കുഞ്ഞമ്പുവേട്ടന്റെ അടുത്തേക്ക്.

കുഞ്ഞമ്പുവേട്ടന്‍ കാത്തിരിക്കുന്നുണ്ട്.

എണ്‍പത്തി ആറ് പിന്നിട്ട കുഞ്ഞമ്പുവേട്ടന്‍ നാല്‍പതിന്റെ ചുറുചുറുക്കോടെ കാര്യങ്ങള്‍ വിശദമാക്കി.

ഓരോ സഖാക്കളുടെയും രൂപം ഇന്നലെ കണ്ടതുപോലെ മുന്നില്‍ വരച്ചിട്ടു. സ്മരണികയിലെ രക്തസാക്ഷികളുടെ ബന്ധുക്കളുടെ ഫോട്ടോകള്‍കൂടി കാണിച്ചുകൊടുത്തു. എവിടെയൊക്കെ സാമ്യതയുടെ സൂചകങ്ങള്‍ എന്ന് ഓര്‍മിപ്പിച്ചു. കയ്യൂര്‍ സഖാക്കളെ പൊലീസ് പിടിക്കുംമുമ്പേ ജാഥ പുറപ്പെട്ടതും ഏതു വഴിയിലൂടെയെല്ലാം കടന്നുപോയെന്നും മങ്ങലേല്‍ക്കാത്ത ഓര്‍മയോടെ പങ്കുവച്ചു.

ഒരു അന്വേഷണദിനത്തിന്റെ ഫലപ്രാപ്തി കണ്ടെത്തിയ പ്രതീതിയോടെ, ഞങ്ങള്‍ ഇറങ്ങി. രക്തസാക്ഷികളുടെ കുറച്ചു രേഖാചിത്രങ്ങളുമായി ഒരാഴ്ചകൊണ്ട് വീണ്ടും വരാം എന്ന സൂചന കുഞ്ഞമ്പുവേട്ടന് നല്‍കി.

അവര്‍ക്കും എന്തെന്നില്ലാത്ത സന്തോഷം.

കയ്യൂര്‍സഖാക്കളെ ഒരിക്കല്‍ക്കൂടി കാണാമല്ലൊ എന്നതിനാലുള്ള സന്തോഷം.

ചിരുകണ്ടന്റെ മരുമകന്‍ അതേ രൂപത്തിലായിരുന്നുവെന്ന് കുഞ്ഞമ്പുവേട്ടന്‍ ഓര്‍മിപ്പിച്ചു. അവരുടെ ഫോട്ടോ കിട്ടിയാലും കാര്യം കൂടുതല്‍ എളുപ്പമാവും എന്ന ഓര്‍മപ്പെടുത്തല്‍.

എന്റെ അമ്മാവന്‍കൂടിയാണ് അവരെന്ന പ്രമോദിന്റെ അറിയിപ്പോടെ, ഒരുദിനം മുഴുവന്‍ പങ്കുവച്ച് നടന്നത് അര്‍ഹതപ്പെട്ട ആള്‍രൂപത്തോടൊപ്പമെന്ന ചാരിതാര്‍ഥ്യമായി. അടുത്ത രേഖാചിത്രത്തിലെ കുറ്റവും കുറവും പരാമര്‍ശിക്കാമെന്ന് കുഞ്ഞമ്പുവേട്ടന്‍ പറഞ്ഞതോടെ, ജീവിതത്തിലെ മികച്ച ധന്യതയായി അത് നെഞ്ചോടു ചേര്‍ത്തുവച്ച് ഞങ്ങള്‍ ഇറങ്ങി.

ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ ഇടതുഭാഗത്തെ ഉയര്‍ന്ന പറമ്പില്‍ ചീമേനി രക്തസാക്ഷികളെ സംസ്കരിച്ച സ്ഥലത്ത് പണിത സ്തൂപം കാഴ്ചയില്‍നിന്ന് മറയുന്നതുവരെ നോക്കാനേ കഴിഞ്ഞുള്ളൂ.

ചീമേനിയിലെ തുറന്ന ജയില്‍ കാണണമെന്ന് ഏറെക്കാലമായി ആഗ്രഹിക്കുന്നു. എന്റെ ദേശക്കാരന്‍കൂടിയായ പൊന്ന്യം ചുണ്ടങ്ങാപ്പൊയിലിലെ പ്രകാശന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സജീവന്‍ കുറച്ചുകാലമായി ചിമേനിയിലാണുള്ളത്.

അന്യായക്കാര്‍ക്കുപോലും അറിയാവുന്ന നിരപരാധി. പ്രമോദിന്റെ കൂടെ തുറന്ന ജയിലിലേക്കായി യാത്ര. മുന്നൂറ് ഏക്കറിലധികം വിസ്തൃതിയില്‍ കിടക്കുന്ന ഭൂപ്രദേശം.

അതിരുകളായി കൂറ്റന്‍ കന്മതിലുകളില്ലാത്ത തുറന്ന ജയില്‍. ഒന്നരമീറ്റര്‍ ഉയരത്തിലുള്ള കമ്പിവേലി മാത്രം. ജയിലകവും പുറവും തിരിച്ചറിയാനാവാത്ത വിധം ഐക്യപ്പെടല്‍.

അന്‍പതില്‍പരം തടവുകാര്‍ മാത്രം.

പരസ്പര വിശ്വാസത്തോടെ ജീവിക്കാന്‍ കഴിയുന്നൊരിടം. ഒറ്റ മുളകൊണ്ട് കെട്ടിയ കവാടത്തില്‍ സെക്യൂരിറ്റിക്കാരനുണ്ട്. അപേക്ഷ തയ്യാറാക്കാനായി അയാള്‍ നിര്‍ദേശിച്ചു.

എന്റെ പേരും വിലാസവും രേഖപ്പെടുത്തി ഒപ്പ് ചാര്‍ത്തി. രണ്ടാമന്റെ പേര്‍ തൊട്ടുതാഴെ.

പ്രമോദ് എന്ന് എഴുതി തീരുമ്പോഴേക്കും അവന്‍ തന്നെ 'കെ' എന്നു പറഞ്ഞുതന്നു.

അവന്റെ മുഖത്തേക്കായി എന്റെ നോട്ടം. വീട്ടുപേരിനാണ് സൂചനയെന്നറിഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു.

"കോയിത്താറ്റില്‍ ഹൌസ്'' കയ്യൂര്‍.

അതെ, കോയിത്താറ്റില്‍ ചിരുകണ്ടന്റെ തലമുറയില്‍പ്പെട്ട യുവജന പ്രവര്‍ത്തകന്‍.

ഒരു പകല്‍ദിന സഞ്ചാരം കയ്യൂര്‍ സമരസേനാനിയുടെ ബന്ധുവിന്റെ കൂടെയാക്കാനായതിന്റെ ചാരിതാര്‍ഥ്യത്തോടെ തുറന്ന ജയിലിനകത്തും പിന്നീട് ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനിലേക്കും.

ഒരു മഴയുടെ ഒരുക്കം തിരിച്ചറിഞ്ഞതിനാല്‍ പിരിയലിന്റെ ഔപചാരികതകളിലേക്ക് കടക്കാതെ അവന്‍ തിരിച്ചു.

അധികനാള്‍ കഴിയുംമുമ്പേ വീണ്ടും കാണാമല്ലൊ എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ടേയിരുന്നു.

പ്രമോദിനെയും വഹിച്ച് '1943' കണ്‍മുന്നില്‍നിന്ന് മായുംവരെ നോക്കിനില്‍ക്കുകമാത്രം ചെയ്തു. ട്രെയിനില്‍ ആള്‍ത്തിരക്ക് കുറഞ്ഞ ഒരിടത്തിരുന്ന്, പുസ്തക വായനക്കായി ശ്രമിക്കുമ്പോഴും മനസ്സില്‍ നിറഞ്ഞുനിന്നത് '1943' എന്ന വലിയ ചുവന്ന അക്ഷരങ്ങള്‍തന്നെ..

*
പൊന്ന്യം ചന്ദ്രന്‍ കടപ്പാട്: ദേശാഭിമാനി വാരിക 02 ജനുവരി 2010

ഈ വിഷയത്തില്‍ ശ്രീ സുനില്‍ കൃഷ്ണന്‍ എഴുതിയ പ്രസക്തമായ ലേഖനം

കയ്യൂരിന്റെ മാനത്തെ രക്ത നക്ഷത്രങ്ങള്‍ !

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ജന്മിത്വത്തിനെതിരായ സമരമുഖത്തെ സമുജ്വല ഭൂപരിസരമാണ് കയ്യൂരിന്റേത്. ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് സ്വകാര്യബസ്സില്‍ നഗര പരിവേഷമില്ലാത്ത കയ്യൂരിന്റെ പോര്‍വീര്യമാര്‍ന്ന മാറിലൂടെ യാത്ര. ചാറ്റല്‍മഴ അന്തരീക്ഷത്തെ ഇടയ്ക്കിടെ തണുപ്പിക്കുന്നുണ്ട്. സമരപഥങ്ങളുടെ നാള്‍വഴികള്‍ അയവിറക്കിയുള്ള യാത്രയായതിനാല്‍ നേരിയ തണുപ്പുപോലും മാറിനിന്നു. അവസാന സ്റ്റോപ്പിലെത്തിയ ബസ് കിതപ്പോടെ നിന്നു. അതിനടുത്താണ് കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ടി കയ്യൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ്. എണ്‍പതുകളിലെ ദേശാഭിമാനി ബാലസംഘത്തിന്റെ സഹപ്രവര്‍ത്തകനായിരുന്ന എം രാജഗോപാലന്‍ (സിപിഐ എം കാസര്‍കോട് ജില്ലാ സെക്രട്ടറിയറ്റംഗം) ഏല്‍പ്പിച്ചതനുസരിച്ച് ഡിവൈഎഫ്ഐ കയ്യൂര്‍ വില്ലേജ് പ്രസിഡന്റ് പ്രമോദ് തന്റെ മോട്ടോര്‍ സൈക്കിളുമായി പാര്‍ടി ഓഫീസില്‍ കാത്തിരിക്കുന്നുണ്ട്. മുന്‍പരിചയം ഇല്ലെങ്കിലും വേഗം തിരിച്ചറിഞ്ഞ പ്രമോദ് കാര്യങ്ങളിലേക്ക് കടന്നു.