Saturday, January 1, 2011

വളര്‍ച്ച ആര്‍ക്കുവേണ്ടി?

മായ്‌ചുകളയാന്‍ കഴിയാത്തവിധം, പൊതു-സ്വകാര്യമേഖലകളില്‍ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ കറുത്ത പാടുകള്‍ വീഴ്ത്തിയ വര്‍ഷമായാണ് 2010 ഓര്‍മിക്കപ്പെടുക. ഇത്തരം ആരോപണങ്ങള്‍ പൊറുതിമുട്ടിച്ചപ്പോള്‍ സര്‍ക്കാര്‍ രക്ഷപ്പെടാനായി ഇന്ത്യ ലോകത്ത് അതിവേഗം വളരുന്ന രാജ്യമാണെന്ന വാദം പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, പൊങ്ങച്ചം നിറഞ്ഞ ഈ അവകാശവാദത്തെ ദുര്‍ബലമാക്കുന്നതായിരുന്നു അരിയും ഗോതമ്പും മുതല്‍ ഉള്ളിയും തക്കാളിയും വരെയുള്ള അവശ്യവസ്‌തുക്കളുടെ വിലക്കയറ്റം.

21-ാം നൂറ്റാണ്ടിലെ ആദ്യദശകത്തിന് തിരശ്ശീല വീഴുമ്പോള്‍ നിരീക്ഷകര്‍ ഇതിനെ കാണുക ആഭ്യന്തരവും ബാഹ്യവുമായ ഉദാരവല്‍ക്കരണത്തിലൂന്നിയ വളര്‍ച്ചാതന്ത്രം ഇന്ത്യ വിജയകരമായി പിന്തുടര്‍ന്നു എന്ന നിലയിലായിരിക്കും. ഉയര്‍ന്ന വളര്‍ച്ചയുടെ പാതയിലേക്ക് ഇത്തരം നയങ്ങളിലൂടെ സഞ്ചരിച്ച രാജ്യമായാണ് ഇന്ത്യയെ അവതരിപ്പിക്കുന്നത്. 2003-04 മുതല്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) വളര്‍ച്ച 8-9 ശതമാനത്തോളം നിലനിര്‍ത്താനായതിന്റെയും ആഗോള സാമ്പത്തികപ്രതിസന്ധി മന്ദീഭവിപ്പിച്ച ജിഡിപി വളര്‍ച്ചയില്‍നിന്ന് പെട്ടെന്ന് മുക്തമായതിന്റെയും ബലത്തിലായിരുന്നു ഇത്. 'സാമ്പത്തിക കുതിപ്പിന് ' ഉയര്‍ന്ന വളര്‍ച്ച ആവശ്യമാണെന്നിരിക്കെ കമ്പോളമൌലികതയെ അടിസ്ഥാനമാക്കിയുള്ള നയങ്ങള്‍ക്ക് ഇന്ത്യയില്‍ പിന്തുണ ഏറെയാണെന്നതില്‍ അത്ഭുതപ്പെടാനില്ല.

ഈ വിലയിരുത്തലില്‍ തീര്‍ച്ചയായും ഒരു ചോദ്യം വിസ്‌മരിക്കുന്നുണ്ട്. വളര്‍ച്ച ആര്‍ക്കുവേണ്ടി എന്ന ചോദ്യം. മുമ്പ് പലപ്പോഴും പറഞ്ഞിട്ടുള്ളതുപോലെ ലോകത്ത് പട്ടിണിയും പോഷകാഹാരക്കുറവും ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. കുടിവെള്ളം, ശുചിത്വസൌകര്യങ്ങള്‍, അടിസ്ഥാന ആരോഗ്യസംവിധാനങ്ങള്‍, സ്‌കൂള്‍ വിദ്യാഭ്യാസം എന്നിവയ്‌ക്കുള്ള അവകാശങ്ങളും ജനസംഖ്യയില്‍ വലിയ വിഭാഗത്തിന് ഇപ്പോഴും നിഷേധിച്ചിരിക്കുന്നു.

ദശകത്തിന്റെ നല്ലൊരു പങ്ക് സമയത്ത് നിലനിന്ന ഉയര്‍ന്ന വളര്‍ച്ചനിരക്കിന്റെ പ്രയോജനം ലഭ്യമായത് ചെറുന്യൂനപക്ഷം വരുന്ന സമ്പന്നര്‍ക്കാണ്, ഇത് രാജ്യത്ത് അസമത്വം വളര്‍ത്തി. ദൌര്‍ഭാഗ്യവശാല്‍, അസമത്വം വിലയിരുത്താനുള്ള വിവരങ്ങള്‍ ലഭിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഉപഭോഗ ചെലവ് സംബന്ധിച്ച വിവരശേഖരണത്തില്‍ സമ്പന്നര്‍ ഉള്‍പ്പെടുന്നില്ല, അതുകൊണ്ട് അസമത്വത്തിന്റെ വലുപ്പം കുറച്ചുകാണാന്‍ നിര്‍ബന്ധിതരാകുന്നു.

ഒന്നാമതായി, പിന്നിട്ട ദശകത്തിലെ ഉയര്‍ന്നനിരക്കിലുള്ള വളര്‍ച്ചയുടെ ഫലമായി മൊത്തം സമ്പാദ്യനിരക്കില്‍ വര്‍ധന ഉണ്ടായി, 2001-02നും 2004-05നും മധ്യേ 5.5 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2004-05നും 2007-08നും മധ്യേ വീണ്ടും 4.2 ശതമാനം ഉയര്‍ന്നു. സമ്പന്നവിഭാഗത്തിന് ആവശ്യങ്ങളേക്കാള്‍ വലിയ തോതില്‍ വരുമാനം ഉണ്ടെന്നിരിക്കെ അവരുടെ സമ്പാദ്യനിരക്കില്‍ വന്ന വന്‍ വര്‍ധന ആ വിഭാഗത്തിന്റെ വരുമാനത്തിലുണ്ടായ കുതിച്ചുകയറ്റത്തിനു തെളിവാണ്.

സമ്പദ്ഘടനയില്‍ സമ്പാദ്യങ്ങളുടെ സ്രോതസ്സ് കുടുംബങ്ങളില്‍നിന്ന് കോര്‍പറേറ്റുകളിലേക്ക് മാറി. കോര്‍പറേറ്റ് മേഖലയുടെ മൊത്തം സമ്പാദ്യത്തിന്റെ തോത് 2004-05ല്‍ 20.4 ശതമാനമായിരുന്നത് 2007-08ല്‍ 24 ശതമാനമായി വര്‍ധിച്ചു. ഇതേ കാലയളവില്‍ കുടുംബങ്ങളുടെ സമ്പാദ്യത്തിന്റെ വിഹിതം 72.3ല്‍ നിന്ന് 62.2 ശതമാനമായി ഇടിഞ്ഞു. ഇക്കാലത്ത് കോര്‍പറേറ്റ് മേഖലയില്‍നിന്നുള്ള സ്വകാര്യസമ്പാദ്യത്തിന്റെ വിഹിതവും കുതിച്ചുയര്‍ന്നു; ഈ സമയത്ത് സംഘടിതനിര്‍മാണമേഖലയിലെ യഥാര്‍ഥ ശരാശരി വേതനത്തില്‍ വളര്‍ച്ചമുരടിപ്പ് ഉണ്ടായതിനാല്‍ കോര്‍പറേറ്റുകളുടെ ലാഭനിരക്കില്‍ ഗണ്യമായ വര്‍ധനയും അനുഭവപ്പെട്ടു.

മൂന്നാമത്തെ വസ്‌തുത, നികുതി-ജിഡിപി അനുപാതത്തിലാണ് നിലകൊള്ളുന്നത്. കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ മൊത്തം നികുതി-ജിഡിപി അനുപാതം 2001-02ല്‍ 13.8 ശതമാനമായിരുന്നത്, കോര്‍പറേറ്റ് നികുതികളില്‍നിന്നുള്ള വര്‍ധനയുടെ ഫലമായി 2008-09ല്‍ 19.1 ശതമാനമായി. 2002-03 വര്‍ഷം സംഘടിതമേഖലയില്‍ ലാഭനിരക്ക് ഏറ്റവും ഉയര്‍ന്നിരുന്നതായി ശ്രദ്ധിക്കണം. സമ്പന്നര്‍ക്ക് വന്‍തോതില്‍ നികുതിയിളവുകളും നല്‍കിയിരുന്നു. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍, നികുതിദായകരുടെ, പ്രത്യേകിച്ച് കോര്‍പറേറ്റ് മേഖലയില്‍ വന്‍ ലാഭം കൊയ്യുന്നവരുടെ വരുമാനം വന്‍തോതില്‍ വര്‍ധിച്ചതായി വ്യക്തമാകുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, വരുമാനത്തിലുള്ള ഈ വന്‍ വര്‍ധന അസമത്വത്തിന്റെ തോത് ഗണ്യമായി ഉയര്‍ത്തി.

ലാഭം വര്‍ധിച്ചതിന്റെമാത്രം സൃഷ്‌ടിയല്ല അസമത്വത്തിലുണ്ടായ ഈ വളര്‍ച്ച, മറിച്ച് പുതിയ പാതയിലുള്ള സാമ്പത്തികവളര്‍ച്ചനിരക്ക് ഉയര്‍ന്നതോതില്‍ തൊഴിലവസരങ്ങളും ജനിപ്പിക്കുന്നില്ല. ഗ്രാമീണ-നഗരമേഖലകളില്‍ മൊത്തം തൊഴിലവസരങ്ങളിലുണ്ടായ വളര്‍ച്ചനിരക്ക് 1993-94 മുതല്‍ 1999-2000 വരെയുള്ള കാലയളവില്‍ യഥാക്രമം 0.66, 2.27 ശതമാനംവീതം ആയിരുന്നത് 1999-2000 മുതല്‍ 2007-08 വരെയുള്ള കാലത്ത് 1.97, 3.22 ശതമാനം വീതമായി ഉയര്‍ന്നു. എന്നാല്‍, 1999-2000 മുതല്‍ 2007-08 വരെയുള്ള കാലയളവില്‍ ഈ നിരക്കുകള്‍ 1.27, 2.64 എന്ന നിരക്കില്‍ താരതമ്യേന താഴ്ന്നു. 2004-05നും 2007-08നും മധ്യേയുള്ള കാലത്താണ് ഇന്ത്യ ഒമ്പത് ശതമാനത്തോളം ജിഡിപി വളര്‍ച്ചയെന്ന അവസ്ഥയിലേക്ക് നീങ്ങിയതെന്ന് ഓര്‍ക്കേണ്ടതുണ്ട്.

തൊഴില്‍വളര്‍ച്ച താഴ്ന്നനിരക്കിലായത് തൊഴില്‍രംഗത്തിന്റെ സംഭാവനകള്‍ കാര്യമായി ഇടിയുന്നതിനു കാരണമായി. താല്‍ക്കാലിക, സ്വയംതൊഴില്‍ മേഖലകളാണ് ഇന്ന് തൊഴില്‍രംഗത്ത് ആധിപത്യം പുലര്‍ത്തുന്നത്. നവ ഉദാരവല്‍ക്കരണം സൃഷ്‌ടിച്ച ഉയര്‍ന്നതോതിലുള്ള വളര്‍ച്ചയുടെ ഫലമായി മുന്നേറ്റം ഉണ്ടാകുമെന്നു പ്രതീക്ഷിച്ച നിര്‍മാണ, സംഘടിത മേഖലകളില്‍നിന്ന് കാര്യമായ സംഭാവന ഉണ്ടാകുന്നില്ല. അതായത്, വന്‍തോതില്‍ ലാഭവും സമ്പാദ്യവും ഉണ്ടാക്കുകയും സര്‍ക്കാരിന് ഉയര്‍ന്ന നികുതിവരുമാനം ലഭ്യമാക്കുകയും ചെയ്യുന്ന മേഖലകള്‍ അത്രത്തോളം തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുന്നില്ല. ഇത് അര്‍ഥമാക്കുന്നത് ഉയര്‍ന്ന വളര്‍ച്ചനിരക്ക് അനുഭവപ്പെട്ട വര്‍ഷങ്ങള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിച്ചെങ്കിലും ഇത് ഉല്‍പ്പാദനമേഖലയിലോ 'മാന്യമായ തൊഴില്‍' നല്‍കുന്ന മറ്റേതെങ്കിലും മേഖലയിലോ പ്രകടമായില്ല. അസമത്വം വന്‍തോതില്‍ വര്‍ധിച്ചതിലും അങ്ങേയറ്റം പാര്‍ശ്വവല്‍ക്കരണം നിലനില്‍ക്കുന്നതിലും അതിശയമില്ല. 21-ാം നൂറ്റാണ്ടിന്റെ പ്രഥമദശകം പിന്നിടുമ്പോള്‍ ഇന്ത്യക്ക് സത്യത്തില്‍ ആഘോഷിക്കാന്‍ വകയില്ല. ബഹുഭൂരിപക്ഷം ഇന്ത്യക്കാര്‍ക്കെങ്കിലും.

*****

സി പി ചന്ദ്രശേഖര്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...