Wednesday, January 26, 2011

ജനിക്കുംമുമ്പ് കൊല്ലപ്പെടുന്ന പെണ്‍കുഞ്ഞുങ്ങള്‍

ഇപ്പോള്‍ അഞ്ഞൂറ് രൂപ മുടക്കിയാല്‍ ഭാവിയില്‍ അഞ്ചുലക്ഷം രൂപ ലാഭിക്കാം- അള്‍ട്രാ സൌണ്ട് സ്കാന്‍ ചെയ്യുന്ന സെന്ററില്‍ ഒരു കാലത്ത് ഉണ്ടായിരുന്ന പരസ്യമാണിത്. ഗര്‍ഭിണികളെ സ്കാന്‍ ചെയ്യുന്നതിനായി അഞ്ഞൂറ് രൂപ ചെലവു ചെയ്താല്‍ പെണ്‍കുട്ടിയാണെങ്കില്‍ മുന്‍കൂട്ടി അറിഞ്ഞ് ഗര്‍ഭം അലസിപ്പിച്ചാല്‍ പിന്നെ സ്ത്രീധനം കൊടുക്കേണ്ട. അഞ്ചുലക്ഷം ലാഭിക്കാമെന്നു ചുരുക്കം. പെണ്‍ഭ്രൂണഹത്യകളുടെ എണ്ണം ഇന്ത്യയില്‍ ഞെട്ടിപ്പിക്കുംവിധം വര്‍ധിച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച് രാജ്യസഭയുടെ പെറ്റീഷന്‍ കമ്മിറ്റിക്ക് ലഭിച്ച പെറ്റീഷനില്‍ മരിച്ചുവീഴുന്ന പെണ്‍കുഞ്ഞുങ്ങളുടെ ഉയരാത്ത രോദനങ്ങളാണ് ഉള്ളത്. ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ സോഷ്യല്‍ റിസര്‍ച്ചിന്റെ ഡയറക്ടര്‍ ഡോക്ടര്‍ രഞ്ജനകുമാരിയും ഡോക്ടര്‍ മാനസി മിശ്രയുമാണ് പെറ്റീഷന്‍ സമര്‍പ്പിച്ചത്. ഏതു പൌരനും പെറ്റീഷന്‍ നല്‍കാന്‍ അവകാശമുണ്ട്്. ഏതെങ്കിലും എംപിയുടെ ശുപാര്‍ശയോടെ നല്‍കുന്ന പെറ്റീഷന്‍ പരിശോധിച്ച് ചെയര്‍മാന്‍ ആവശ്യമാണെങ്കില്‍ അത് കമ്മിറ്റിക്ക് നല്‍കും. അവര്‍ അതു പരിശോധിച്ച് ആവശ്യമായ നടപടികള്‍ ശുപാര്‍ശ ചെയ്യും.

"1991ലെ സെന്‍സസ് പ്രകാരം ആറുവയസുവരെയുള്ള കുട്ടികളില്‍ ആയിരം ആണ്‍കുട്ടികള്‍ക്ക് 945 പെണ്‍കുട്ടികളാണ് ഉണ്ടായിരുന്നതെങ്കില്‍ 2001ലെ സെന്‍സസ് പ്രകാരം അത് 927 ആയി കുറഞ്ഞു. ഇക്കാര്യത്തില്‍ പഞ്ചാബാണ് ഏറ്റവും പിന്നില്‍. ഇവിടെ ആയിരം ആണ്‍കുട്ടികള്‍ക്ക് 798 പെണ്‍കുട്ടികള്‍ മാത്രമാണ് ഉള്ളത്. ഹരിയാനയില്‍ 819ഉം ഡല്‍ഹിയില്‍ 868 ഉം ഗുജറാത്തില്‍ 883 ഉം ആണ് ലിംഗാനുപാതം. അള്‍ട്രാസൌണ്ട് സാങ്കേതികവിദ്യ നടപ്പിലാക്കിയതിനുശേഷം ഇന്ത്യയില്‍ ഒരു കോടി പെണ്‍കുഞ്ഞുങ്ങള്‍ ഗര്‍ഭപാത്രത്തില്‍വച്ച് കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അനൌദ്യോഗിക കണക്കുകള്‍. പ്രതിവര്‍ഷം അമ്പതിനായിരം കുഞ്ഞുങ്ങളാണ് ഇങ്ങനെ കൊല്ലപ്പെടുന്നത്. ഐക്യരാഷ്ട്രസഭ പറയുന്നത് 1997നുശേഷം അഞ്ചുലക്ഷത്തോളം സ്ത്രീകളെ ഇന്ത്യയിലെ ജനസംഖ്യയില്‍നിന്ന് കാണാതായി എന്നാണ്. എവിടെ പോകുന്നു നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍? ആരാണ് ഇവരെ കൊന്നൊടുക്കുന്നത്?

പെറ്റീഷന്‍ കമ്മിറ്റി കഴിഞ്ഞ ദിവസം ഭുവനേശ്വറില്‍ പോയി തെളിവെടുപ്പ് നടത്തിയിരുന്നു. അപ്പോള്‍ ഒരു കാര്യം വ്യക്തമായി. സാമ്പത്തികമായി വികസിച്ച സ്ഥലങ്ങളിലാണ് പെണ്‍ഭ്രൂണഹത്യകള്‍ അധികവും നടക്കുന്നത്. ആദിവാസി മേഖലകളിലും ഗ്രാമങ്ങളിലും പെണ്‍കുഞ്ഞുങ്ങളുടെ അനുപാതം കുടുതലാണ്. ഇതുതന്നെയാണ് മറ്റു പലയിടങ്ങളിലെയും അവസ്ഥ. അല്ലെങ്കില്‍ ഡല്‍ഹിയും പഞ്ചാബും പെണ്‍കുഞ്ഞുങ്ങളുടെ അനുപാതം കുറവായ സ്ഥലങ്ങളായി തുടരുകയില്ലല്ലോ.

സ്ത്രീധനമാണ് പെണ്‍ഭ്രൂണഹത്യകളുടെ കാരണങ്ങളിലൊന്ന്. പെണ്‍കുഞ്ഞ് ജനിച്ചാല്‍ അത് അശുഭമാണെന്ന അന്ധവിശ്വാസവും ശക്തമാണ്.ഉത്തരേന്ത്യയില്‍ പ്രചാരത്തിലുള്ള ഒരു നാടന്‍പാട്ട് ഇങ്ങനെയാണ്: ‘'ദൈവമേ, ഞാന്‍ അങ്ങയോട് യാചിക്കുന്നു, അടുത്ത കുഞ്ഞ് പെണ്‍കുട്ടിയായിരിക്കരുതേ. അതിനു പകരം അങ്ങ് എനിക്ക് നരകം തന്നാലും'. കുടുംബത്തിന് ശാപം ലഭിക്കാതിരിക്കുന്നതിനായി പെണ്‍കുഞ്ഞുങ്ങളെ ഗര്‍ഭപാത്രത്തില്‍വച്ചുതന്നെ കൊല്ലുന്നത് മഹത്തരമായി കരുതുന്ന കുടുംബങ്ങളുമുണ്ട്. അള്‍ട്രാസൌണ്ട് സ്കാന്‍ പല തരത്തിലും സഹായകരമാണെങ്കിലും നല്ലൊരു പങ്കും പെണ്‍കുഞ്ഞെങ്ങാനുമാണോ എന്നറിയുന്നതിനായാണ് ഉപയോഗിക്കുന്നത്. ജനിക്കുന്നതിനു മുമ്പ് കുഞ്ഞിന്റെ ലിംഗം അറിയുന്നത് നിയമപ്രകാരം കുറ്റകരമാണ്. ഈ നിയമം നടപ്പാക്കുന്നതിനായി വിവിധ തലത്തിലുള്ള സംവിധാനങ്ങളും നിയമം ഉറപ്പുവരുത്തുന്നുണ്ട്. അഖിലേന്ത്യാതലത്തില്‍ ആരോഗ്യമന്ത്രി അധ്യക്ഷനായ സമിതിയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, അദ്ദേഹത്തിന്റെ തിരക്കുകള്‍ കാരണം കഴിഞ്ഞ വര്‍ഷം ഒരു യോഗംപോലും ചേര്‍ന്നില്ല. അപ്പോള്‍ പിന്നെ സംസ്ഥാനതലത്തിലും താഴെയുമുള്ള സ്ഥിതി പറയേണ്ടതില്ലല്ലോ.

കേരളമാണ് ഇക്കാര്യത്തിലും രാജ്യത്തിനു മാതൃകയായിട്ടുള്ളത്. എന്നാല്‍, പെണ്‍കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ കേരളത്തിലും പതുക്കെ പതുക്കെ സ്ഥിതി മാറാന്‍ തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവിടെയും പുതിയ അവബോധം ശക്തിപ്പെടുത്തേണ്ടതുണ്ട്. ചില സംസ്ഥാനങ്ങളില്‍ ഡോക്ടര്‍മാര്‍ തന്നെ ഇതിന്റെ പ്രചാരവേലയില്‍ മുന്‍പന്തിയിലുണ്ട്. പലയിടങ്ങളിലും ഭ്രൂണഹത്യ നടത്തുന്നതും ഡോക്ടര്‍മാര്‍ തന്നെയാണ്. ഇതിനെതിരാണ് മഹാഭൂരിപക്ഷം ഡോക്ടര്‍മാരും. ഡോക്ടേഴ്സ് ഫോര്‍ ഡോട്ടേഴ്സ് എന്ന പ്രസ്ഥാനം ചിലയിടങ്ങളില്‍ ശക്തമാണ്.

കുഞ്ഞുങ്ങളിലുള്ള തകരാറുകള്‍ ഗര്‍ഭകാലത്തുതന്നെ തിരിച്ചറിയുന്നതിനു സഹായകരമാണ് അള്‍ട്രാസൌണ്ട് സ്കാന്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ഗര്‍ഭം അലസിപ്പിക്കാനും പ്രത്യേകമായ നിയമമുണ്ട്. ഇത് ദുരുപയോഗപ്പെടുത്തുന്നതിനെതിരെ നിയമങ്ങള്‍ ഉണ്ടെങ്കിലും കാര്യമായ ശിക്ഷയൊന്നും ആര്‍ക്കും ഇതുവരെ ലഭിച്ചിട്ടില്ല. നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് രക്ഷപ്പെടുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ശക്തമായ നിയമവും പുതിയ അവബോധവും രാജ്യത്ത് ശക്തിപ്പെടുത്തേണ്ടതുണ്ട്.

ഇതുകൂടി:

ജനിക്കാനിരിക്കുന്ന കുഞ്ഞിന് എന്തു തകരാറുകളുണ്ടെങ്കിലും അതിനെ കൊല്ലാന്‍ അനുവദിക്കാത്ത അമ്മമാരും നാട്ടിലുണ്ട്. എത്രമാത്രം കഠിനമായ ജീവിത സാഹചര്യങ്ങളിലാണ് ഇവര്‍ കഴിഞ്ഞുകൂടുന്നതെന്ന് പറയാതെ വയ്യ. കഴിഞ്ഞ ദിവസം ജയഗീത എഴുതിയ കഥാസമാഹാരം വായിക്കുകയുണ്ടായി. അതില്‍ സുനന്ദ വായനക്കാരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രമാണ്. മനസ്സു വളരാന്‍ കഴിയാതെ ശരീരം മാത്രം വളരുകയും അതിനെ ചലിപ്പിക്കാന്‍പോലും കഴിയാതെ നിസ്സഹായമായി ജീവിക്കുകയും ചെയ്യുന്ന മകനായി ജീവിതം സമര്‍പ്പിക്കുന്ന സുനന്ദയെ ആരും ശരിക്കും തിരിച്ചറിയുന്നില്ല. ജീവിതത്തിലെ ദുരന്തങ്ങള്‍ അവരെയും മാറ്റിത്തീര്‍ത്തിട്ടുണ്ട്്. വീട്ടിലെ സാഹചര്യങ്ങള്‍ മറ്റൊന്നിലും ശ്രദ്ധിക്കാന്‍ കഴിയാത്തവിധം ദുരിതപൂര്‍ണമാണ്. ജയഗീതയുടെ കഥകളില്‍ മനുഷ്യന്റെ ദുരിതവും ദുരന്തവുമാണ് നിറയുന്നത്. നിസ്സഹായനായ മനുഷ്യന്റെ കണ്ണീരുവീണ വഴികളിലൂടെ സഞ്ചരിക്കുമ്പോഴും പ്രതീക്ഷയുടെ വെളിച്ചത്തിന്റെ കണങ്ങള്‍ വീണുകിടക്കുന്നുണ്ട്. അതിലൂടെയാണ് കഥ വികസിക്കുന്നത്.

*
പി രാജീവ് കടപ്പാട്: ദേശാഭിമാനി വാരിക 30 ജനുവരി 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...