Monday, January 17, 2011

2010ലെ ശ്രദ്ധേയങ്ങളായ സ്ത്രീപക്ഷ പഠനഗ്രന്ഥങ്ങള്‍

സ്ത്രീപക്ഷ വായനയ്ക്ക് അരഡസന്‍ പുസ്തകങ്ങള്‍

2010ല്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങള്‍ പരിശോധിക്കുമ്പോള്‍ മൌലികങ്ങളായ സാഹിത്യകൃതികള്‍ കുറവായിരുന്നെന്ന് കാണാന്‍ കഴിയും. എന്നാല്‍, മുഖ്യധാരാ മാധ്യമങ്ങളില്‍ വേണ്ടത്ര ചര്‍ച്ചചെയ്യപ്പെടാതെ പോയെങ്കിലും ശ്രദ്ധേയങ്ങളായ അരഡസനോളം സ്ത്രീപക്ഷ പഠനഗ്രന്ഥങ്ങള്‍ കഴിഞ്ഞവര്‍ഷം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

സാമൂഹ്യ ശാസ്ത്രജ്ഞ ജെ ദേവികയുടെ ഏറെ വ്യത്യസ്തതയും മൌലികതയും പുലര്‍ത്തുന്ന 'കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ' എന്ന കൃതിയാണിവയില്‍ പ്രമുഖസ്ഥാനം വഹിക്കുന്നത്. കേരളസ്ത്രീകളുടെ സാമൂഹ്യപദവി ചരിത്രപരമായി വിലയിരുത്തി ആധുനിക കാലത്തും കേരള സമൂഹത്തില്‍ നിലനില്‍ക്കുന്ന നവപുരുഷമേധാവിത്വ പ്രവണതകളെ അനാവരണംചെയ്യാനാണ് ദേവിക ശ്രമിക്കുന്നത്. കേരളത്തില്‍ സ്ത്രീകളുടെ സാമൂഹ്യപദവി ഉയര്‍ത്തുന്നതിനായി നവോത്ഥാന കാലഘട്ടത്തില്‍ സാമൂഹ്യപരിഷ്കര്‍ത്താക്കള്‍ നടത്തിയ പോരാട്ടങ്ങളെ ദേവിക അംഗീകരിക്കുന്നുണ്ട്. എന്നാല്‍, സ്ത്രീകളെ ഉത്തമകുടുംബിനികളാക്കുന്ന നവവരേണ്യ ലിംഗമൂല്യങ്ങള്‍ക്കാണ് പില്‍ക്കാലത്ത് പ്രാമുഖ്യം കിട്ടിയതെന്ന് ദേവിക വാദിക്കുന്നു. കേരളസ്ത്രീകള്‍ സൌമ്യാധികാരംമാത്രം പ്രയോഗിക്കുന്ന ഉത്തമ കുടുംബിനികളായി തുടരുകയാണെന്നും ഇതുവരെ അവര്‍ക്ക് പൂര്‍ണപൌരത്വം ലഭിച്ചിട്ടില്ലെന്നുമാണ് ദേവികയുടെ അഭിപ്രായം.

ഒട്ടനവധി സംവാദസാധ്യതയുള്ള നിരീക്ഷണങ്ങളാണ് ചരിത്രരേഖകളുടെ പിന്‍ബലത്തോടെ ദേവിക മുന്നോട്ടുവയ്ക്കുന്നതെങ്കിലും നമ്മുടെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ പൊതുവെ ഈ പുസ്തകത്തെ അവഗണിക്കയാണുണ്ടായത്. എന്നാല്‍, ഫേസ്ബുക്ക് തുടങ്ങിയ ഇന്റര്‍നെറ്റ് സാമൂഹ്യശൃംഖലകളിലും ബ്ളോഗുകളിലും ഈ പുസ്തകത്തെ അധികരിച്ചു ഗൌരവമായ ചര്‍ച്ച നടന്നുവരുന്നുണ്ട്.

തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് പ്രസിദ്ധീകരിച്ചിട്ടുള്ള ഈ ഗ്രന്ഥത്തിന്റെ ലേ ഔട്ടും ചിത്രീകരണവും അതീവ മികവോടെ നിര്‍വഹിച്ചിട്ടുള്ളത് ബി പ്രിയരഞ്ജന്‍ ലാല്‍ ആണ്. ലാഭേച്ഛയില്ലാതെ ആര്‍ക്കും പുനഃപ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കുന്ന ക്രിയേറ്റീവ് കോമണ്‍സ് പകര്‍പ്പവകാശനിയമപ്രകാരം പ്രസിദ്ധീകരിക്കുന്ന ഒരുപക്ഷേ, ആദ്യത്തെ മലയാള ഗ്രന്ഥമെന്ന പ്രത്യേകതയും ഈ പുസ്തകത്തിനുണ്ട്.

അഭിനേത്രിയും നാടകരചയിതാവുമായ സജിത മഠത്തിലിന്റെ 'മലയാള നാടക സ്ത്രീചരിത്രം' (മാതൃഭൂമി ബുക്സ്) 'അസാധാരണമായ ഒരു ചരിത്ര പുസ്തകം' എന്ന വിശേഷണത്തിന് തികച്ചും അര്‍ഹമായ കൃതിയാണ്. ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള മലയാള നാടകചരിത്രത്തിലെ സ്ത്രീകളുടെ ഇടവും സംഭാവനകളും വിലയിരുത്താനാണ് ഈ പുസ്തകത്തില്‍ സജിത ശ്രമിക്കുന്നത്. നാടകചരിത്രംപോലും വേണ്ടത്ര രേഖപ്പെടുത്താത്ത കേരളത്തിലാണ് മലയാള നാടകത്തിന്റെ സ്ത്രീപക്ഷ വായന സജിത അവതരിപ്പിക്കുന്നതെന്നതുകൊണ്ടുതന്നെ ഈ പുസ്തകം സവിശേഷ പരിഗണന അര്‍ഹിക്കുന്നുണ്ട്.

"കേരളത്തിന്റെ ചരിത്രവും സംസ്കാരവും രാഷ്ട്രീയവും രൂപപ്പെടുത്തുന്നതില്‍ സ്ത്രീകളുടെ മൌനവും സഹനവും ധീരതയും എങ്ങനെ പ്രവര്‍ത്തിച്ചുവെന്ന് അടയാളപ്പെടുത്തുന്ന'' പുസ്തകമാണ് അധ്യാപികയും സാമൂഹ്യപ്രവര്‍ത്തകയുമായ ഗീതയുടെ 'പെണ്‍കാലങ്ങള്‍' (കറന്റ് ബുക്സ്). പരമ്പരാഗത ചരിത്രരചനകളില്‍ രേഖപ്പെടുത്താതെ പോവുകയോ തിരസ്കരിക്കപ്പെടുകയോ ചെയ്തിട്ടുള്ള വ്യക്തികളെ സവിശേഷ കേരള ചരിത്രഭൂമികയില്‍ പ്രതിഷ്ഠിച്ച് പഠിക്കാനാണ് ഗീത ശ്രമിക്കുന്നത്. ഗാന്ധിസത്തിന്റെ വഴികളിലൂടെയും സാമുദായിക നവീകരണശ്രമങ്ങളിലൂടെയും കമ്യൂണിസ്റ് പ്രസ്ഥാനത്തിലൂടെയും സഞ്ചരിച്ച കെ ആര്‍ ഗൌരിയമ്മ, കൌമുദി ടീച്ചര്‍, നഫീസത്തു ബീവി, യശോദ ടീച്ചര്‍, കൂത്താട്ടുകുളം മേരി, ശാരദാമ്മ തുടങ്ങി ഏറെ അറിയപ്പെടുന്നവര്‍ക്കു പുറമെ തീരെ ശ്രദ്ധിക്കപ്പെടാതെ പോയിട്ടുള്ള നിരവധി സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകകളെ അഭിമുഖങ്ങളിലൂടെയും ചരിത്രരേഖകളുടെ സഹായത്തോടെയും ഗീത പരിചയപ്പെടുത്തുന്നു.

സാമൂഹ്യ സാമ്പത്തിക ശാസ്ത്രജ്ഞയായ കെ ശാരദാമണിയുടെ 'ഇവര്‍ വഴികാട്ടികള്‍' എന്ന പുസ്തകത്തില്‍ (സൈന്‍ ബുക്സ്) വിശ്വവനിതകള്‍ എന്ന വിശേഷണത്തിനര്‍ഹരായ വിവിധ മേഖലകളില്‍ സംഭാവനകള്‍ നല്‍കിയ കേരളത്തിനകത്തും പുറത്തുമുള്ള പന്ത്രണ്ട് പേരുടെ ലഘു ജീവചരിത്രമാണുള്ളത്. പി ടി ഉഷ, അന്നാ മാണി, ലക്ഷ്മി എന്‍ മേനോന്‍ എന്നിവര്‍ക്കു പുറമെ ആലീസ് സ്റ്റുവേര്‍ട്ട്, ആങ്സാന്‍ സൂചി തുടങ്ങിയ വിദേശവനിതകളെയും ശാരദാമണി പരിചയപ്പെടുത്തുന്നു.

മലയാളിയായ പത്രപ്രവര്‍ത്തക അമ്മു ജോസഫിന്റെ ഇന്ത്യന്‍ പത്രപ്രവര്‍ത്തകകളെപ്പറ്റിയുള്ള വിമന്‍ ഇന്‍ ജേര്‍ണലിസം എന്ന ഗ്രന്ഥം അഖിലേന്ത്യാതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍, കേരളീയ പത്രപ്രവര്‍ത്തകകളെപ്പറ്റി അത്തരത്തിലൊരു ഗ്രന്ഥം എഴുതപ്പെട്ടിരുന്നില്ല. ഈ കുറവ് പത്രപ്രവര്‍ത്തക കൂടിയായ എ കൃഷ്ണകുമാരി രചിച്ച 'വനിതാ പത്രപ്രവര്‍ത്തനം ചരിത്രവും വര്‍ത്തമാനവും' (കേരള സാഹിത്യ അക്കാദമി) എന്ന കൃതിയിലൂടെ പരിഹരിച്ചിരിക്കയാണ്. കേരളത്തിലെ ഇരുപത് ആദ്യകാല വനിതാപത്രപ്രവര്‍ത്തകരുടെ സംഭാവനകളാണ് കൃഷ്ണകുമാരി ഈ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കേരളത്തിലെ ആദ്യകാല വനിതാ പ്രസിദ്ധീകരണങ്ങളെക്കുറിച്ചും വനിതാ പ്രസിദ്ധീകരണങ്ങളുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

ആഗോളതലത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യന്‍ കേരള സാഹചര്യത്തില്‍ ഗൌരവമായ പഠനങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടിട്ടില്ലാത്ത വീട്ടമ്മമാരുടെ സാമൂഹ്യാവസ്ഥ പരിശോധിക്കുന്ന കൃതിയാണ് ടി കെ ആനന്ദിയുടെ 'വീട്ടമ്മ ഒരു സ്ത്രീവിചാരം' (ചിന്ത പബ്ളിക്കേഷന്‍സ്). മാര്‍ക്സിസ്റ് ഫെമിനിസത്തിന്റെ രീതിശാസ്ത്രമുപയോഗിച്ചാണ് ആനന്ദി കേരളീയ വീട്ടമ്മമാരുടെ സാമൂഹ്യസ്ഥിതി പഠനവിധേയമാക്കിയിട്ടുള്ളതെന്ന പ്രത്യേകതയും ഈ പുസ്തകത്തിനുണ്ട്. സ്ത്രീപക്ഷ ചിന്തകയായ സൂസന്‍ ഡെയിലിന്റെ ലേഖനവും അനുബന്ധമായി പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നു.

സ്ത്രീപക്ഷപഠനങ്ങള്‍ മലയാളത്തില്‍ സവിശേഷ പ്രസിദ്ധീകരണശാഖയായി മാറുകയാണെന്നാണ് ഈടുറ്റ ഈ കൃതികള്‍ സൂചിപ്പിക്കുന്നത്.

*
ഡോ. ബി ഇക്ബാല്‍ കടപ്പാട്: ദേശാഭിമാനി വാരാന്തപതിപ്പ് 16 ജനുവരി 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

2010ല്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങള്‍ പരിശോധിക്കുമ്പോള്‍ മൌലികങ്ങളായ സാഹിത്യകൃതികള്‍ കുറവായിരുന്നെന്ന് കാണാന്‍ കഴിയും. എന്നാല്‍, മുഖ്യധാരാ മാധ്യമങ്ങളില്‍ വേണ്ടത്ര ചര്‍ച്ചചെയ്യപ്പെടാതെ പോയെങ്കിലും ശ്രദ്ധേയങ്ങളായ അരഡസനോളം സ്ത്രീപക്ഷ പഠനഗ്രന്ഥങ്ങള്‍ കഴിഞ്ഞവര്‍ഷം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.