Monday, January 24, 2011

മുല്ലപ്പൂ വിപ്ലവം ഭാരതത്തിനു നൽകുന്ന സന്ദേശം

വര്‍ണവിപ്ളവങ്ങളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. മുന്‍ സോവിയറ്റ് യൂണിയനിലെ രാജ്യങ്ങളില്‍ അമേരിക്കയുടെ ആദ്യാവസാന പിന്തുണയോടെ നടത്തുന്ന അട്ടിമറികളെയാണ് പൊതുവേ വര്‍ണവിപ്ളവങ്ങള്‍ എന്നു വിളിക്കുന്നത്. ജോര്‍ജിയയിലാണ് അത്തരമൊന്ന് ആദ്യം അരങ്ങേറിയത്. അതിനെ റോസ് വിപ്ളവമെന്നാണ് തല്‍പരകക്ഷികള്‍ വിളിച്ചത്. കിര്‍ഗിസ്ഥാനില്‍ നടന്ന അട്ടിമറിശ്രമത്തെ തുലിപ് വിപ്ളവമെന്നും വിളിച്ചു. എണ്ണ- പ്രകൃതിവാതകസമ്പത്തുകൊണ്ടും സൈനികതന്ത്രപരമായ പ്രാധാന്യംകൊണ്ടും വിലോഭനീയമായ സ്ഥാനമുള്ള മുന്‍ സോവിയറ്റ് റിപ്പബ്ളിക്കുകളിലാണ് യാങ്കികള്‍ വര്‍ണവിപ്ളവം അഥവാ നീചമായ അട്ടിമറിക്ക് കോപ്പുകൂട്ടാറുള്ളത്.

പറഞ്ഞുവരുന്നത് പക്ഷേ, ടുണീഷ്യയില്‍ ജനുവരി 14ന് നടന്ന 'മുല്ലപ്പൂവിപ്ളവ'ത്തെക്കുറിച്ച് മാത്രമല്ല, അതില്‍നിന്ന് ഇന്ത്യയ്ക്ക് എന്തു പഠിക്കാനുണ്ട് എന്നതുകൂടിയാണ്. (ടുണീഷ്യക്കാര്‍ തന്നെയാണ് തങ്ങള്‍ നടത്തിയ വിപ്ളവത്തിന് മുല്ലപ്പൂവിപ്ളവം എന്ന വിശേഷണം നല്‍കിയത്. കാരണം മുല്ലപ്പൂവാണ് ടുണീഷ്യയുടെ ദേശീയ പുഷ്പം). ഇതൊരു വര്‍ണവിപ്ളവമായിരുന്നില്ല. അധികാരശ്രേണികളിലെ മൂപ്പിളമ തര്‍ക്കം മൂലമുണ്ടായ അട്ടിമറിയുമായിരുന്നില്ല. മതപ്രതിലോമശക്തികള്‍ നടത്തിയ രാഷ്ട്രീയ വെട്ടിപ്പിടുത്തമായിരുന്നില്ല. ഈ ഉത്തരാഫ്രിക്കന്‍ രാഷ്ട്രത്തില്‍ നടന്നത് അക്ഷരാര്‍ഥത്തില്‍ ജനകീയവിപ്ളവം തന്നെയായിരുന്നു.

23 വര്‍ഷമായി രാജ്യത്തെ കുടുംബസ്വത്ത് പോലെ കരുതി കൊളളയടിച്ച സൈനല്‍ എല്‍ അബിഡിന്‍ ബിന്‍ അലി എന്ന ഏകാധിപതിക്ക് രാത്രിക്കു രാത്രി പലായനം ചെയ്യേണ്ടി വന്നു. മെഡിറ്ററേനിയന്‍ കടലിനുമുകളിലൂടെ അദ്ദേഹത്തിന്റെ വിമാനം പറന്നത് ഫ്രാന്‍സിനെ ലക്ഷ്യമാക്കിയാണ്. ടുണീഷ്യയുടെ മുന്‍ കോളനി ഭരണാധികാരികള്‍ പക്ഷേ, പാരീസില്‍ വിമാനമിറങ്ങാന്‍ അനുവദിച്ചില്ല. പിന്നെ സൌദിഅറേബ്യയിലേക്ക് തിരിച്ചുവിട്ടു. അവിടെ അദ്ദേഹം സര്‍വാത്മനാ സ്വീകരിക്കപ്പെട്ടു. അദ്ദേഹത്തിനും കുടുംബത്തിനും താമസിക്കാന്‍ ജിദ്ദയില്‍ ഒരു കൊട്ടാരവും വിട്ടുകൊടുത്തു. പണ്ട് ഉഗാണ്ടയിലെ ഏകാധിപതി ഈദി അമീനും സൌദി ഭരണകൂടം തന്നെയാണ് അഭയം നല്‍കിയത്.

സാമ്പത്തികവളര്‍ച്ച മെച്ചം ജനജീവിതം കഷ്ടം


സ്വന്തം രാഷ്ട്രത്തില്‍ വെറുക്കപ്പെട്ട ഏകാധിപതികള്‍ക്ക് അഭയം നല്‍കാനുള്ള സൌദിയുടെ ശുഷ്കാന്തിക്കുപിന്നില്‍ പ്രവര്‍ത്തിക്കുന്ന യുക്തി എന്തായിരിക്കാം? എന്തുകൊണ്ട് ഇതെല്ലാം സംഭവിച്ചു? ഇക്കാര്യം വിശകലനം ചെയ്യുമ്പോള്‍ 1950കളുടെ മധ്യത്തില്‍ അമേരിക്ക സന്ദര്‍ശിച്ച ഒരു ലാറ്റിനമേരിക്കന്‍ രാഷ്ട്രത്തിന്റെ പട്ടാളഭരണാധികാരിയുടെ വാക്കുകളാണ് ഓര്‍മയിലെത്തുന്നത്. ഒരു അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ അദ്ദേഹത്തോട് ചോദിച്ചു; "എങ്ങനെയുണ്ട് നിങ്ങളുടെ രാഷ്ട്രത്തിന്റെ സമ്പദ്‌വ്യവസ്ഥ?'' മറുപടി ഇപ്രകാരമായിരുന്നു, "സമ്പദ്‌വ്യവസ്ഥയുടെ പ്രവര്‍ത്തനം ഒന്നാന്തരം. വെച്ചടി വെച്ചടി കയറ്റമാണ്. പക്ഷേ, ജനങ്ങളുടെ കാര്യം കഷ്ടമാണ്.'' ടുണീഷ്യയുടെ കഥയും ഇതുതന്നെ.

നവലിബറല്‍ വാദികളുടെ കണക്കനുസരിച്ച് ആഫ്രിക്കയില്‍ ഏറ്റവും മികച്ച സാമ്പത്തികവളര്‍ച്ച രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്ന രാജ്യമാണ് ടുണീഷ്യ. ടുണീഷ്യയുടെ ഔദ്യോഗിക ഭാഷ്യമനുസരിച്ച് തൊഴിലില്ലായ്മ 14 ശതമാനമത്രേ. എന്നാല്‍, പല നിരീക്ഷകരും പറയുന്നത് ഇതല്ല യഥാര്‍ഥ ചിത്രമെന്നാണ്. 15-24 വയസ്സിനിടയിലുള്ള പകുതിയോളം യുവാക്കള്‍ തൊഴില്‍ രഹിതരാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ടുണീഷ്യയുടെ ഉള്‍നാടുകളില്‍ ഇതിനേക്കാള്‍ ഭീകരമാണ് അവസ്ഥ. യൂറോ കേന്ദ്രീകൃതമായ ടൂറിസ്‌റ്റ് മേഖലകളില്‍ ജോലി ചെയ്യുന്നവരുടെയും സ്വതന്ത്രവ്യാപാരമേഖലകളില്‍ തൊഴിലെടുക്കുന്നവരുടെയും വേതനം നന്നേ കുറവാണ്. അന്താരാഷ്ട്ര നാണ്യനിധിയും ലോകബാങ്കും അടിച്ചേല്‍പ്പിച്ച വ്യവസ്ഥകളും നിബന്ധനകളും കാരണം എണ്ണ- പ്രകൃതിവാതകങ്ങള്‍ക്കും ഭക്ഷ്യവസ്തുക്കള്‍ക്കും നല്‍കിവന്ന സബ്സിഡികള്‍ പിന്‍വലിച്ചത് സാധാരണക്കാരെ ദുരിതക്കയറ്റത്തിലാഴ്ത്തി. ടുണീഷ്യ 'മികച്ച' സാമ്പത്തികവളര്‍ച്ച രേഖപ്പെടുത്തുമ്പോള്‍തന്നെ ലാറ്റിനമേരിക്കന്‍ രാഷ്ട്രത്തലവന്‍ പണ്ട് പറഞ്ഞതുപോലെ, ജനങ്ങളുടെ കാര്യം പരിതാപകരമായിരുന്നു. കഴിഞ്ഞ ഡിസംബര്‍ 17ന് തൊഴില്‍രഹിതനായ ഒരു യുവാവിന്റെ ആത്മാഹുതിയാണ് ബിന്‍ അലിയെ ഇപ്പോള്‍ സൌദിയുടെ മണലാരണ്യത്തിലെത്തിച്ച ജനകീയവിപ്ളവത്തിന് തുടക്കമിട്ടത്. വിപ്ളവസരണിയില്‍ അണിചേര്‍ന്നത് മുഖ്യമായും യുവാക്കള്‍തന്നെ.

ഇന്ത്യയുടെ കഥ വ്യത്യസ്തമാണോ? ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് 8- 9 ശതമാനമാണെന്നും കണ്ണടച്ചുതുറക്കുംമുമ്പ് 10 ശതമാനത്തിലെത്തുമെന്നും പെരുമ്പറയടിക്കുന്ന നവലിബറല്‍ വാദികള്‍ മറ്റു ചില തിക്തസത്യങ്ങള്‍ ആച്ഛാദനം ചെയ്യുകയാണ് പതിവ്. 'ജനാധിപത്യം' ഇല്ലാത്തതുകൊണ്ട് ചൈനയുടെ 10-11 ശതമാനം സാമ്പത്തികവളര്‍ച്ചയെ ഗൌനിക്കേണ്ടതില്ലെന്നും അതേ ശ്വാസത്തില്‍ ഇവര്‍ കൂട്ടിച്ചേര്‍ക്കുകയുംചെയ്യും. ഇത്തരം നവലിബറല്‍ ഉദ്ഘോഷകര്‍ തമസ്കരിക്കുന്ന ചില കാര്യങ്ങളുണ്ട്. ഇന്ത്യയിലെ അഞ്ചുവയസ്സിന് താഴെയുള്ള 43.5 ശതമാനം കുട്ടികള്‍ വേണ്ടത്ര ആഹാരം ലഭിക്കാത്തതുകാരണം ഭാരക്കുറവുള്ളവരാണ്. ചൈനയില്‍ ഇത് 6.8 ശതമാനം മാത്രമാണ്. 2004-05ല്‍ കാലത്ത് ഇന്ത്യയില്‍ ഒരുലക്ഷം അമ്മമാരില്‍ 450 പേര്‍ പ്രസവസമയത്ത് മരിക്കുമ്പോള്‍ ചൈനയില്‍ ഇത് 45 മാത്രമാണ്. 2004-05 കാലത്ത് 77 ശതമാനം ഇന്ത്യക്കാര്‍ 20 രൂപയില്‍ താഴെ വരുമാനമുള്ളവരായിരുന്നുവെന്ന് കണ്ടെത്തിയത് അന്തരിച്ച പ്രമുഖ സാമ്പത്തികശാസ്ത്ര വിശാരദനായിരുന്ന അര്‍ജുന്‍ സെന്‍ ഗുപ്തയാണ്. ഇന്ത്യയിലെ ഗ്രാമീണദാരിദ്ര്യം 2004-05ല്‍ 41.8 ശതമാനമാണെന്ന് കണ്ടെത്തിയത് തെന്‍ഡുല്‍ക്കര്‍ കമ്മിറ്റിയാണ്. ഇന്ത്യയുടെ അടുത്തകാലത്തെ ഉയര്‍ന്ന സാമ്പത്തികവളര്‍ച്ചാനിരക്ക് തൊഴില്‍രഹിത വളര്‍ച്ചയാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. (ഇക്കോണമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക് ‌ലി, ജനുവരി 8-14 2011). മാത്രമല്ല, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കും ഭക്ഷ്യവസ്തുക്കള്‍ക്കും രാസവളത്തിനുമുള്ള സബ്സിഡി ഇന്ത്യ നാമമാത്രമാക്കുകയോ ഇല്ലാതാക്കുകയോ ചെയ്തു. വന്‍കിട കോര്‍പറേറ്റുകള്‍ക്ക് വാരിക്കോരി സൌജന്യങ്ങള്‍ നല്‍കി. ആദായനികുതി വല സമ്പന്നര്‍ക്കുവേണ്ടി ഉത്തരോത്തരം വിശാലമാക്കിക്കൊണ്ടിരിക്കുന്നു. ഇന്ത്യ തിളങ്ങുന്നുണ്ട്. ആ തിളക്കം കാണുന്നത് 4000 കോടി മുടക്കി മുകേഷ് അംബാനിമാര്‍ നിര്‍മിച്ച 'ആന്റില' വീടുകളിലാണ് എന്നുമാത്രം.

ടുണീഷ്യന്‍ വിപ്ളവത്തെ ത്വരിതപ്പെടുത്തിയതിന് മറ്റൊരു പ്രധാനപ്പെട്ട കാരണം പ്രസിഡന്റും കുടുംബവും നടത്തിയ പൊതുമുതലിന്റെ തീവെട്ടിക്കൊള്ളയായിരുന്നു. വിക്കിലീക്സ് പുറത്തുവിട്ട ഒരു രേഖ പറയുന്നത് ബിന്‍ അലിയും കുടുംബവും രാഷ്ട്രസമ്പത്തിന്റെ പകുതിയും കവര്‍ന്നിരിക്കുന്നു എന്നത്രേ. ബിന്‍ അലിയോടൊപ്പം സൌദിയിലേക്ക് പോയ ഭാര്യ ലൈല ട്രാബെല്‍സി ഒന്നര ടണ്‍ സ്വര്‍ണവും കൂടെ കടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജനരോഷത്തിന്റെ കുന്തമുന പ്രസിഡന്റിന്റെയും ഭാര്യയുടെയും ബന്ധുക്കളുടെയും വസ്തുവകകള്‍ക്ക് നേരെയായത് സ്വാഭാവികം. തലസ്ഥാനമായ ടൂണിസില്‍ ലൈലയുടെ ഒരു മരുമകന്റെ വില്ല പ്രക്ഷോഭകാരികള്‍ തീയിട്ടു. മറ്റൊരു മരുമകനെ കുത്തിക്കൊന്നു. ബിന്‍ അലിയുടെയും ബന്ധുക്കളുടെയും വ്യാപാരസമുച്ചയങ്ങള്‍ തകര്‍ത്തു.

ഇന്ത്യയിലെ സ്ഥിതിയോ? ബൊഫോഴ്സ് കുംഭകോണത്തില്‍ നെഹ്റു കുടുംബത്തിന് വേണ്ടപ്പെട്ടവര്‍ തന്നെയല്ലേ തീവെട്ടിക്കൊള്ള നടത്തിയത്. 1.76 ലക്ഷം കോടിയുടെ 2ജി സ്പെക്ട്രം അഴിമതിയില്‍ എല്ലാം ഒരു രാജ മാത്രം അടിച്ചുമാറ്റിയതാണോ? കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയില്‍ കോണ്‍ഗ്രസിന്റെ പ്രധാന 'ഫണ്ട് റെയ്സറായ' സുരേഷ് കല്‍മാഡി മാത്രമാണോ കുറ്റക്കാരന്‍? കോണ്‍ഗ്രസും അതിനെ ചുറ്റിപ്പറ്റി നില്‍ക്കുന്ന രാഷ്ട്രീയ ഭിക്ഷാംദേഹികളും കോര്‍പറേറ്റുകളും ചേര്‍ന്ന് പട്ടാപ്പകല്‍ രാജ്യത്തെ കൊള്ളയടിക്കുകയല്ലേ. ടുണീഷ്യ ഇന്നോ നാളെയോ ഇവിടെ ആവര്‍ത്തിക്കുമെന്നല്ല പറയുന്നത്. ഇങ്ങനെ പോയാല്‍ അതിനുള്ള സാധ്യത വിദൂരമല്ല എന്നാണ്.


*****


എ എം ഷിനാസ്, കടപ്പാട് : ദേശാഭിമാനി

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ണീഷ്യന്‍ വിപ്ളവത്തെ ത്വരിതപ്പെടുത്തിയതിന് മറ്റൊരു പ്രധാനപ്പെട്ട കാരണം പ്രസിഡന്റും കുടുംബവും നടത്തിയ പൊതുമുതലിന്റെ തീവെട്ടിക്കൊള്ളയായിരുന്നു. വിക്കിലീക്സ് പുറത്തുവിട്ട ഒരു രേഖ പറയുന്നത് ബിന്‍ അലിയും കുടുംബവും രാഷ്ട്രസമ്പത്തിന്റെ പകുതിയും കവര്‍ന്നിരിക്കുന്നു എന്നത്രേ. ബിന്‍ അലിയോടൊപ്പം സൌദിയിലേക്ക് പോയ ഭാര്യ ലൈല ട്രാബെല്‍സി ഒന്നര ടൺ സ്വര്‍ണവും കൂടെ കടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജനരോഷത്തിന്റെ കുന്തമുന പ്രസിഡന്റിന്റെയും ഭാര്യയുടെയും ബന്ധുക്കളുടെയും വസ്തുവകകള്‍ക്ക് നേരെയായത് സ്വാഭാവികം. തലസ്ഥാനമായ ടൂണിസില്‍ ലൈലയുടെ ഒരു മരുമകന്റെ വില്ല പ്രക്ഷോഭകാരികള്‍ തീയിട്ടു. മറ്റൊരു മരുമകനെ കുത്തിക്കൊന്നു. ബിന്‍ അലിയുടെയും ബന്ധുക്കളുടെയും വ്യാപാരസമുച്ചയങ്ങള്‍ തകര്‍ത്തു.

ഇന്ത്യയിലെ സ്ഥിതിയോ? ബൊഫോഴ്സ് കുംഭകോണത്തില്‍ നെഹ്റു കുടുംബത്തിന് വേണ്ടപ്പെട്ടവര്‍ തന്നെയല്ലേ തീവെട്ടിക്കൊള്ള നടത്തിയത്. 1.76 ലക്ഷം കോടിയുടെ 2ജി സ്പെക്ട്രം അഴിമതിയില്‍ എല്ലാം ഒരു രാജ മാത്രം അടിച്ചുമാറ്റിയതാണോ? കോമൺവെല്‍ത്ത് ഗെയിംസ് അഴിമതിയില്‍ കോൺഗ്രസിന്റെ പ്രധാന 'ഫണ്ട് റെയ്സറായ' സുരേഷ് കല്‍മാഡി മാത്രമാണോ കുറ്റക്കാരന്‍? കോൺഗ്രസും അതിനെ ചുറ്റിപ്പറ്റി നില്‍ക്കുന്ന രാഷ്ട്രീയ ഭിക്ഷാംദേഹികളും കോര്‍പറേറ്റുകളും ചേര്‍ന്ന് പട്ടാപ്പകല്‍ രാജ്യത്തെ കൊള്ളയടിക്കുകയല്ലേ. ടുണീഷ്യ ഇന്നോ നാളെയോ ഇവിടെ ആവര്‍ത്തിക്കുമെന്നല്ല പറയുന്നത്. ഇങ്ങനെ പോയാല്‍ അതിനുള്ള സാധ്യത വിദൂരമല്ല എന്നാണ്.

Pony Boy said...

"എങ്ങനെയുണ്ട് നിങ്ങളുടെ രാഷ്ട്രത്തിന്റെ സമ്പദ്‌വ്യവസ്ഥ?'' മറുപടി ഇപ്രകാരമായിരുന്നു, "സമ്പദ്‌വ്യവസ്ഥയുടെ പ്രവര്‍ത്തനം ഒന്നാന്തരം. വെച്ചടി വെച്ചടി കയറ്റമാണ്. പക്ഷേ, ജനങ്ങളുടെ കാര്യം കഷ്ടമാണ്.''

ഇന്ത്യയുടെ കാര്യവും തഥൈവ....