Friday, January 21, 2011

എവിടെ നായികമാര്‍

നായകന് പ്രായം എത്രയായാലും നായിക 18നും 26നും മധ്യേവരണം എന്നതാണ് മലയാളസിനിമയിലെ നടപ്പുചിട്ട. കൃത്യമായി ഒരുക്കിയ വാര്‍പ്പുമാതൃകകളില്‍ ഉരുവംകൊള്ളുന്ന നായികമാരുടെ മുഖ്യകര്‍ത്തവ്യം നായകന്റെ ഹീറോയിസത്തിന് എരിവും പുളിയും പകരുക എന്നതുമാത്രമാണ്. മുഖ്യധാരാ ജനപ്രിയസിനിമകളുടെ മസാലച്ചേരുവ മാത്രമായി എന്തുകൊണ്ടാണ് നമ്മുടെ നായികമാര്‍ ഒതുക്കപ്പെടുന്നത്. ലോകസിനിമയിലെ സമകാലികസമീപനങ്ങളും വ്യതിയാനങ്ങളും അടയാളപ്പെടുത്തി കടന്നുപോയ പതിനഞ്ചാമത് കേരള അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം മലയാള സിനിമാപ്രവര്‍ത്തകര്‍ക്കും ആസ്വാദകര്‍ക്കുംമുന്നില്‍ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. എന്തുകൊണ്ട് ശക്തമായ സ്‌ത്രീകഥാപാത്രങ്ങള്‍ മലയാളത്തില്‍ ഉണ്ടാകുന്നില്ല? ഉള്ളവ എന്തുകൊണ്ട് പ്രതിലോമമാകുന്നു? നായകന്റെ പിന്നില്‍ ഒളിച്ചിരിക്കുന്ന നായികമാര്‍ മതിയോ നമുക്ക്? ലോകസിനിമയില്‍ സ്‌ത്രീകേന്ദ്രിതമായ, സ്‌ത്രീജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളെയും പ്രതിനിധീകരിക്കുന്ന സിനിമകള്‍ ഉണ്ടാകുമ്പോള്‍ മലയാളം എവിടെനില്‍ക്കുന്നു?

കുടുംബം/സമൂഹം/തൊഴിലിടങ്ങള്‍/പ്രണയം/ലൈംഗികത തുടങ്ങി സ്‌ത്രീവ്യക്തിത്വത്തെ രൂപപ്പെടുത്തുന്ന വ്യത്യസ്‌ത അംശങ്ങളെ കാണാതെ 'ടൈപ്പു'കളാക്കി അവതരിപ്പിക്കുന്ന രീതിയാണ് ഭൂരിപക്ഷം മലയാളസിനിമകളും പിന്തുടരുന്നത്. മധ്യവയസ്സ് എന്നൊരു ഋതു സ്‌ത്രീകള്‍ക്കില്ലേ എന്ന് മലയാള സിനിമാപ്രേക്ഷകന്‍ അത്ഭുതപ്പെട്ടാല്‍ അമ്പരക്കാനുണ്ടോ. മധ്യവയസ്സിന്റെ ആവിഷ്‌കാരവും മധ്യവയസ്സുള്ള നായികമാരും ഇവിടെ അത്യപൂര്‍വമാണ്. സ്‌ത്രീജീവിതത്തിലെ ഏറ്റവും സങ്കീര്‍ണമായ ഘട്ടത്തിന് (മധ്യവയസ്സിന്) മുഖ്യധാരാ മലയാളസിനിമയില്‍ പ്രതിനിധാനം ഇല്ല, ഉണ്ടെങ്കില്‍ത്തന്നെ ദുര്‍ബലം. സ്‌ത്രീകേന്ദ്രിത സിനിമകള്‍ അതിലേറെ അപൂര്‍വം.

പലപ്പോഴും വിവാഹത്തോടെ അവസാനിക്കുന്നതാണ് നായികമാരുടെ സിനിമാജീവിതം. അവര്‍ യൌവനത്തിന്റെ മാത്രം അഭിനേതാക്കളാണ്. അങ്ങനെയാവാന്‍ കാരണം അവര്‍ മാത്രമല്ല. വിവാഹത്തിനുശേഷം തിരിച്ചെത്തി നിരാശരായി മടങ്ങിയവര്‍ ഏറെയുണ്ടല്ലോ. ഉര്‍വശിയെപ്പോലെ ചിലര്‍ തിരിച്ചുവരവിന്റെ പാതയിലാണെങ്കിലും അത് അപൂര്‍വമാണ്. 35-40 വയസ്സുകഴിഞ്ഞ നായികമാര്‍ക്ക് മലയാളത്തില്‍ ഇടമില്ല. അവര്‍ക്കായി കഥാപാത്രങ്ങളുണ്ടാകുന്നില്ല. അത്തരം ഒരു ലോകം ആവിഷ്‌കൃതമാകേണ്ടതാണ് എന്നുപോലും ആരും കരുതുന്നില്ല. സ്‌ത്രീയുടെ മധ്യവയസ്സും വാര്‍ധക്യവും മലയാളസിനിമയില്‍ പ്രവേശനം കിട്ടാത്ത ലോകങ്ങളാണ്. എന്താണ് സമകാലിക മലയാളസിനിമയിലെ നായികാസങ്കല്‍പ്പം? അങ്ങനെയൊന്നുണ്ടോ.. ഉണ്ടായിരുന്നോ.. എന്നതൊക്കെ ചോദ്യങ്ങളോ സംശയങ്ങളോ മാത്രമാണ്. മലയാളസിനിമയുടെ ചരിത്രത്തില്‍ 'നായിക' എന്നുവിളിക്കാവുന്ന നായികമാര്‍ ഏറെയില്ല എന്നതാണ് യാഥാര്‍ഥ്യം. ഏറെയില്ലെങ്കിലും അത്തരം സിനിമകളും ഉണ്ടായിട്ടുണ്ട്. 1954ല്‍ പുറത്തിറങ്ങിയ 'നീലക്കുയില്‍' ഇത്തരത്തില്‍ വഴിമാറ്റത്തിന്റെ സൂചനകള്‍ നല്‍കിയിരുന്നു. നിലവിലുള്ള സിനിമാ ബോധങ്ങളെ ഞെട്ടിക്കാന്‍ ഉറൂബ്, പി ഭാസ്കരന്‍, രാമു കാര്യാട്ട് തുടങ്ങിയ അന്നത്തെ പുരോഗമനവാദികള്‍ക്ക് സാധിച്ചു. മിസ് കുമാരി അവതരിപ്പിച്ച നീലിയെന്ന നായിക മാറ്റത്തിന്റെ ദൃശ്യഭാഷകള്‍ പ്രകടിപ്പിച്ചെങ്കിലും പിന്തുടര്‍ച്ചകള്‍ ഏറെയൊന്നുമുണ്ടായില്ല എന്നതാണ് യാഥാര്‍ഥ്യം. നായകന്മാരുടെ ഉപഗ്രഹങ്ങള്‍ മാത്രമായി കറങ്ങുക എന്ന വിധിയോട് കലഹിച്ച അപൂര്‍വം നായികമാര്‍ ഇടക്കാലങ്ങളില്‍ വന്നുപോയി. പക്ഷേ, അതും പൊതുസമീപനത്തില്‍ മാറ്റങ്ങള്‍ വരുത്തിയില്ല.

എം ടിയുടെ സ്‌ത്രീകഥാപാത്രങ്ങള്‍ മിക്കതും ദുഃഖപുത്രിമാരായിരുന്നെങ്കിലും വ്യക്തിത്വമുള്ളവയായിരുന്നു. നായികമാരെ രൂപപ്പെടുത്തുന്നതില്‍ പുതുരസതന്ത്രം കണ്ടെത്തിയ പത്മരാജന്‍ അവിസ്‌മരണീയമായ കഥാപാത്രങ്ങള്‍ സൃഷ്‌ടിച്ചു. 'നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പു'കളിലെ സോഫിയയും 'തൂവാനത്തുമ്പി'കളിലെ ക്ളാരയും വ്യത്യസ്‌ത ആഖ്യാനങ്ങള്‍ എന്ന നിലയില്‍ ആസ്വാദകഹൃദയം കീഴടക്കിയവയാണ്. രണ്ടാനച്ഛനാല്‍ ബലാത്സംഗം ചെയ്യപ്പെട്ട സോഫിയയെ ജീവിതത്തിലേക്ക് ഒപ്പംകൂട്ടാന്‍ കാമുകനായ സോളമന് ഏറെ ചിന്തിക്കേണ്ടിവന്നില്ല എന്നത് സംവിധായകന്റെ ജീവിതവീക്ഷണംകൂടി വെളിവാക്കുന്നു. ബലാത്സംഗം ചെയ്യപ്പെട്ടാല്‍ ആത്മഹത്യചെയ്യുക എന്നതാണല്ലോ ഇന്ത്യന്‍ സിനിമകളിലെ പൊതുഫോര്‍മുല. 'കൂടെവിടെ'യിലെ ആലീസും 'നൊമ്പരത്തിപ്പൂവി'ലെ പത്മിനിയും മറക്കാനാവാത്ത കഥാപാത്രങ്ങളായിമാറി.

'ലേഖയുടെ മരണം ഒരു ഫ്ളാഷ്‌ബാക്ക്', 'ആദാമിന്റെ വാരിയെല്ല്'എന്നീ ചിത്രങ്ങളിലൂടെ കെ ജി ജോര്‍ജ് ശക്തമായ സാമൂഹികവിമര്‍ശനം നിര്‍വഹിച്ചു. ജീവസ്സുള്ള നായികമാരെ സൃഷ്‌ടിക്കാന്‍ അദ്ദേഹത്തിനായി. സിനിമയുടെ ചതിക്കുഴികള്‍ ഇരകളെ സൃഷ്‌ടിക്കുന്നതെങ്ങനെയെന്ന് ലേഖയുടെ മരണം കാണിച്ചുതന്നു. 'ആദാമിന്റെ വാരിയെല്ലി'ലെ വാസന്തിയും ആലീസും അമ്മിണിയും പുരുഷാധിപത്യത്തിനും കുടുംബവ്യവസ്ഥയ്‌ക്കുമെതിരെ പോരാടിയവരാണ്.

അഞ്ചു പുരുഷന്മാര്‍ക്കുമേല്‍ സൂസന്ന സ്ഥാപിച്ച അധികാരം മുന്നനുഭവങ്ങള്‍ ഏറെയില്ലാത്ത ദൃശ്യാനുഭവമായിരുന്നു. 'ആലീസിന്റെ അന്വേഷണ'ത്തിലെ ആലീസും 'പാഠം ഒന്ന് ഒരു വിലാപ'ത്തിലെ ഷാഹിനയുമെല്ലാം ദൃശ്യപാഠങ്ങളിലൂടെ കാമ്പുള്ള സാമൂഹികവിമര്‍ശംകൂടി നിര്‍വഹിച്ച ചിത്രങ്ങളാണ്. 'മങ്കമ്മ' ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലും ടി വി ചന്ദ്രന്‍ സ്‌ത്രീകഥാപാത്രങ്ങള്‍ക്ക് സുഭദ്രമായ അടിത്തറ ഒരുക്കിയിരുന്നു.

ശ്യാമപ്രസാദിന്റെ 'ഒരേ കടല്‍', 'ഇലക്‌ട്ര' തുടങ്ങിയ ചിത്രങ്ങള്‍ സമകാലിക മലയാളസിനിമകളില്‍ വേറിട്ട അനുഭവം സമ്മാനിച്ചവയാണ്. ഇലക്‌ട്രയില്‍ സ്‌ത്രീജീവിതത്തിന്റെ സങ്കീര്‍ണയാഥാര്‍ഥ്യങ്ങളെ ഗ്രീക്ക് മിഥോളജിയുടെ പിന്‍ബലത്തില്‍ ബലവത്തായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിനായി. വാചകക്കസര്‍ത്തല്ല ദൃശ്യഭാഷയുടെ കരുത്താണ് ചലച്ചിത്രത്തിന്റെ ആത്മാവെന്ന് തിരിച്ചറിഞ്ഞ സംവിധായകനാണ് ശ്യാമപ്രസാദ്. 'ഒരിടം' എന്ന ചിത്രത്തില്‍ വേശ്യാവൃത്തിയുടെ നഗ്നയാഥാര്‍ഥ്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ഗീതു മോഹന്‍ദാസിന്റെ അഭിനയപ്രതിഭയ്‌ക്ക് സാധിച്ചു. 'കന്മദം' എന്ന സിനിമ കൊള്ളിയാന്‍പോലെ മിന്നിമറഞ്ഞ മഞ്ജുവാര്യര്‍ എന്ന പ്രതിഭാശാലിയായ നടിയെ ഓര്‍മിപ്പിക്കും. ഇത്രയും പറഞ്ഞതില്‍ മലയാളത്തിലെ മികച്ച സ്‌ത്രീകേന്ദ്രിത ദൃശ്യാനുഭവങ്ങള്‍ അവസാനിക്കുന്നു എന്നല്ല. ചില പ്രതിനിധാനങ്ങള്‍ ചൂണ്ടിക്കാട്ടി എന്നുമാത്രം. വര്‍ഷംതോറും ഇറങ്ങുന്ന ഒട്ടുമിക്ക ചിത്രങ്ങളും സ്‌ത്രീവിരുദ്ധം എന്ന് വിശേഷിപ്പിക്കാവുന്ന അതിരിലാണ് നില്‍ക്കുന്നത്. സര്‍വപ്രതാപിയായ നായകന്റെ കൈപ്പിടിയില്‍ അമരുന്നതോടെ സഫലമാകുന്നതാണ് സ്‌ത്രീജീവിതം എന്ന് ആവര്‍ത്തിച്ചുറപ്പിക്കാന്‍ അത്തരം ചിത്രങ്ങള്‍ യത്നിക്കുന്നു.

സിനിമയുടെ ലോകത്ത് വരുന്ന മാറ്റങ്ങള്‍കൂടി കാണേണ്ടതുണ്ട്. എടുത്തുപറയേണ്ട ഒന്നാണ് സംവിധാനം ഉള്‍പ്പെടെയുള്ള മേഖലയില്‍ വര്‍ധിച്ചുവരുന്ന സ്‌ത്രീസാന്നിധ്യം. ലോകസിനിമയില്‍ വളരെനേരത്തേ സംഭവിച്ച ഈമാറ്റം വൈകിയാണെങ്കിലും ഇന്ത്യന്‍ സിനിമയിലും സംഭവിച്ചുകഴിഞ്ഞു.

സംവിധാനത്തില്‍ മാത്രമല്ല, സിനിമയുടെ മറ്റുമേഖലകളിലും സ്‌ത്രീപ്രാതിനിധ്യം ഇന്നുണ്ട്. ക്യാമറ, എഡിറ്റിങ്, വസ്‌ത്രാലങ്കാരം എന്നിവയിലെല്ലാം സ്‌ത്രീകള്‍ സജീവമാണ്. മീരാനായര്‍, അപര്‍ണസെന്‍ എന്നിവര്‍ ലോകമറിയുന്ന ഇന്ത്യന്‍ സംവിധായികമാരാണ്. രേവതി, സുഹാസിനി എന്നിവര്‍ സംവിധാനത്തിലും തിളങ്ങിയവരാണ്. മലയാളത്തിലും ചെറുചലനങ്ങള്‍ ദൃശ്യമാണെങ്കിലും പ്രവണതയായി രൂപപ്പെട്ടിട്ടില്ല. അഞ്ജലി മേനോന്‍, ഗീതു മോഹന്‍ദാസ്, ശ്രീബാല കെ മേനോന്‍ എന്നിങ്ങനെ വിരലിലെണ്ണാവുന്ന സ്‌ത്രീസംവിധായകര്‍ മാത്രമേ നമുക്കുള്ളൂ. എഡിറ്റിങ് രംഗത്ത് ബീന പോള്‍ അല്ലാതെ മറ്റൊരു സാന്നിധ്യം ഉണ്ടായിട്ടുമില്ല. ആഖ്യാനത്തിലും അനുഭവത്തിലും വേറിട്ടുനില്‍ക്കാനും സ്‌ത്രീജീവിതത്തിന്റെ ഭിന്നതലങ്ങളിലൂടെ സഞ്ചരിക്കാനും സാധിക്കുമ്പോള്‍മാത്രമേ 'അനുഭവജാലകം തുറക്കുന്ന കല' എന്ന നിലയില്‍ സിനിമ പൂര്‍ണമാവുകയുള്ളൂ.


*****

സുജിത്ത് പേരാമ്പ്ര, കടപ്പാട് : ദേശാഭിമാനി സ്‌ത്രീ സപ്ലിമെന്റ്

2 comments:

വര്‍ക്കേഴ്സ് ഫോറം said...

നായകന് പ്രായം എത്രയായാലും നായിക 18നും 26നും മധ്യേവരണം എന്നതാണ് മലയാളസിനിമയിലെ നടപ്പുചിട്ട. കൃത്യമായി ഒരുക്കിയ വാര്‍പ്പുമാതൃകകളില്‍ ഉരുവംകൊള്ളുന്ന നായികമാരുടെ മുഖ്യകര്‍ത്തവ്യം നായകന്റെ ഹീറോയിസത്തിന് എരിവും പുളിയും പകരുക എന്നതുമാത്രമാണ്. മുഖ്യധാരാ ജനപ്രിയസിനിമകളുടെ മസാലച്ചേരുവ മാത്രമായി എന്തുകൊണ്ടാണ് നമ്മുടെ നായികമാര്‍ ഒതുക്കപ്പെടുന്നത്. ലോകസിനിമയിലെ സമകാലികസമീപനങ്ങളും വ്യതിയാനങ്ങളും അടയാളപ്പെടുത്തി കടന്നുപോയ പതിനഞ്ചാമത് കേരള അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം മലയാള സിനിമാപ്രവര്‍ത്തകര്‍ക്കും ആസ്വാദകര്‍ക്കുംമുന്നില്‍ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. എന്തുകൊണ്ട് ശക്തമായ സ്‌ത്രീകഥാപാത്രങ്ങള്‍ മലയാളത്തില്‍ ഉണ്ടാകുന്നില്ല? ഉള്ളവ എന്തുകൊണ്ട് പ്രതിലോമമാകുന്നു? നായകന്റെ പിന്നില്‍ ഒളിച്ചിരിക്കുന്ന നായികമാര്‍ മതിയോ നമുക്ക്? ലോകസിനിമയില്‍ സ്‌ത്രീകേന്ദ്രിതമായ, സ്‌ത്രീജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളെയും പ്രതിനിധീകരിക്കുന്ന സിനിമകള്‍ ഉണ്ടാകുമ്പോള്‍ മലയാളം എവിടെനില്‍ക്കുന്നു?

Thabarak Rahman Saahini said...

അവസരോചിതമായ പോസ്റ്റ്‌,
മലയാള സിനിമയിലെ വാര്‍പ്പ് മാതൃകകളെ
തുറന്നു കാണിച്ചതിന് നന്ദി.
ഇനി ഫാന്‍സുകാര്‍ മലയാള സിനിമയെ
നശിപ്പിക്കുന്നതിനെക്കുറിച്ചുകൂടി
ഓര് പോസ്റ്റ്‌ കൂടി ഉണ്ടായെങ്കില്‍ നന്നായിരുന്നു.