ജ്യോതിബസുവിന്റെ ജീവിതവും രാഷ്ട്രീയപ്രവര്‍ത്തനവും സുദീര്‍ഘമായ ഒരു കാലഘട്ടത്തെ ആവേശഭരിതമാക്കിക്കൊണ്ടാണ് നിറഞ്ഞുനിന്നത്.കുട്ടിക്കാലം കല്‍ക്കത്തയിലായിരുന്നു. ഒന്നാം ലോക മഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. 1920കളില്‍ സ്കൂള്‍ വിദ്യാഭ്യാസം. സെന്റ് സേവ്യേഴ്സ് കോളേജിലും പിന്നീട് പ്രസിഡന്‍സി കോളേജിലും വിദ്യാര്‍ഥിയായിരുന്ന കാലഘട്ടം, ഇന്ത്യയെയും ലോകത്തെയും മഹാസാമ്പത്തികമാന്ദ്യം കാര്‍ന്നുതിന്നുകൊണ്ടിരുന്ന കാലഘട്ടം കൂടിയായിരുന്നു. സാമ്പത്തികവും വിദ്യാഭ്യാസപരവുമായി മുന്നില്‍ നിന്നിരുന്ന കുടുംബങ്ങളിലെ കുട്ടികള്‍ അക്കാലങ്ങളില്‍ ചെയ്തിരുന്നതുപോലെ ബസുവും ബാരിസ്റ്റര്‍ പഠനത്തിനായി ഇംഗ്ളണ്ടിലേക്ക് യാത്രയായി. ബിരുദം നേടുകയുംചെയ്തു. സാമ്പത്തിക പ്രതിസന്ധികളില്‍ ഉഴറിയിരുന്ന ഇംഗ്ളണ്ടിലാണ് 1935 മുതല്‍ നാലുവര്‍ഷക്കാലം അദ്ദേഹം ചെലവഴിച്ചത്. അതോടൊപ്പം യൂറോപ്പില്‍ ഫാസിസം ഉയര്‍ന്നുപൊങ്ങിയ കാലഘട്ടം കൂടിയായിരുന്നു അത്. ഇതെല്ലാം ബസുവിന്റെ ധിഷണയെ മാറ്റിമറിച്ചു. അദ്ദേഹം മാര്‍ക്സിസത്തിന്റെ ശക്തനായ അനുയായിത്തീര്‍ന്നു. രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ തീച്ചുളകളിലേക്ക് അദ്ദേഹം കാലെടുത്തുവച്ചു. ഇംഗ്ളണ്ടില്‍നിന്ന് മടങ്ങിവന്ന അദ്ദേഹം അന്ന് നിയമബിരുദധാരിയായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടിയില്‍ 1940ല്‍ അംഗമായി ചേര്‍ന്നു. യൂറോപ്പില്‍ രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടുകഴിഞ്ഞിരുന്നു. തുടര്‍ന്ന് യുദ്ധം ഏഷ്യന്‍ വന്‍കരയിലേക്കും പടര്‍ന്നു. ബംഗാള്‍ കടുത്ത ഭക്ഷ്യക്ഷാമത്തിന്റെ പിടിയില്‍ അമര്‍ന്നു. പിന്നീട് വിഭജനത്തിന്റെയും വര്‍ഗീയകലാപങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും പ്രക്ഷുബ്ധമായ നാളുകള്‍. ബംഗാളില്‍ ഇടതുപക്ഷത്തിന്റെ പെട്ടെന്നുള്ള വളര്‍ച്ചയും അതിന്റെ ശക്തിയാര്‍ജിക്കലും മൂന്ന് പതിറ്റാണ്ടുകാലമായി ബംഗാളിലെ ജനത തുടര്‍ച്ചയായി ഇടതുപക്ഷത്തില്‍ അര്‍പ്പിച്ചുകൊണ്ടിരിക്കുന്ന വിശ്വാസവും പ്രതീക്ഷയും ഇതില്‍ ജ്യോതിബസു നിര്‍വഹിച്ച പങ്കും ശരിയായി മനസ്സിലാക്കണമെങ്കില്‍ സ്വാതന്ത്ര്യത്തിനുശേഷമുള്ള 1950കളിലേയും 1960കളിലേയും ബംഗാളിന്റെ അവസ്ഥ എന്തായിരുന്നുവെന്ന് മനസ്സിലാക്കണം. രണ്ട് നൂറ്റാണ്ടു കാലത്തെ കൊളോണിയല്‍ ഭരണവും കടുത്ത ഭക്ഷ്യപ്രതിസന്ധിയും അഭയാര്‍ഥികളുടെ ഒഴുക്കും അവരുടെ പുനരധിവാസ പ്രശ്നങ്ങളും ഇതിലേക്കാളൊക്കെ ഉപരിയായി പരിഹരിക്കപ്പെടാത്ത കാര്‍ഷികപ്രശ്നങ്ങളുമായിരുന്നു ബംഗാളിന്റെ പാരമ്പര്യ സ്വത്ത്. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സമരഭടന്മാര്‍ ജനങ്ങള്‍ക്കിടയില്‍ തളരാതെ പ്രവര്‍ത്തിച്ചുകൊണ്ടാണ് ആദ്യകാലങ്ങളില്‍ ഇത്തരം പ്രശ്നങ്ങളെ സമര്‍ഥമായി നേരിട്ടത്. തുടര്‍ന്ന് അധികാരത്തില്‍ വന്ന ഇടതുമുന്നണി ഗവണ്‍മെന്റ് കാര്‍ഷികപ്രശ്നത്തിന് പരിഹാരം കാണുകയും ജനക്ഷേമപദ്ധതികളുമായി മുന്നേറുകയും ചെയ്തു.
സ്വാതന്ത്ര്യം കിട്ടിയ ഘട്ടത്തില്‍ ബംഗാളിലെ സാധാരണ ജനങ്ങള്‍ പട്ടിണിയും പരിവട്ടവുമായി പൊരിയുകയായിരുന്നു. അന്നത്തെ ബംഗാളിന്റെ അവസ്ഥ എന്തായിരുന്നുവെന്ന് ഇന്ന് ചുരുക്കം ചിലര്‍ക്കേ അറിയാവൂ. പടിഞ്ഞാറോട്ട് കണ്ണുംനട്ടിരിക്കുന്ന, തലച്ചോറുകളില്‍ കള്ളക്കഥകള്‍ കുത്തിത്തിരുകിയ, ബംഗാളിലെ ചാരുകസേര ബുദ്ധിജീവികളും അക്കാര്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ല. നമ്മുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അപകീര്‍ത്തിപ്പെടുത്തുകയും പുച്ഛിക്കുകയും ചെയ്തിരുന്നവരാണ് ഈ ബുദ്ധിജീവികളില്‍ ഏറിയ പങ്കും. ഇവരൊക്കെ വിദേശ സര്‍വകലാശാലകളില്‍ സുരക്ഷിത സ്ഥാനങ്ങളില്‍ ഇരിപ്പുറപ്പിച്ചിട്ടുള്ളവരുമാണ്. ഇപ്പോള്‍ നാല്‍പത്തഞ്ചും അതിനു താഴെയും പ്രായമുള്ള ബംഗാളിലെ പുതിയ തലമുറയ്ക്ക് പഴയ കാര്യങ്ങളെക്കുറിച്ച് അത്രയൊന്നും അറിയില്ല. എന്നാല്‍ അവര്‍ക്ക് ഇടതു ഭരണത്തെക്കുറിച്ച് അറിയാം. പക്ഷേ, ഇടതുഭരണത്തിനു മുമ്പുണ്ടായിരുന്ന ബംഗാളിന്റെ അവസ്ഥ എന്തായിരുന്നു, ഇന്ന് ആ അവസ്ഥയില്‍നിന്ന് ബംഗാളിലെ ജനങ്ങള്‍ നേടിയ പുരോഗതികളെന്തൊക്കെയാണ്, ഇതിനെക്കുറിച്ചൊന്നും ഇന്നത്തെ വാര്‍ത്താ അവതാരകര്‍ക്കുപോലും പിടിയില്ല. ബംഗാളിലെ ജനങ്ങള്‍ നേടിയ ഈ പുരോഗതിയില്‍ നവ ഉദാരവല്‍ക്കരണത്തിന്റെ പുതിയ കാലഘട്ടത്തില്‍ ചില തിരിച്ചടികളും ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ ബംഗാളിന്റെ ഭൂതകാലത്തെക്കുറിച്ചും ദീര്‍ഘകാലം അത് നേരിട്ട അടിച്ചമര്‍ത്തലുകളെക്കുറിച്ചും അവിടെനിന്നും എങ്ങനെയാണ് ഇന്നത്തെ ബംഗാള്‍ ഉദയംകൊണ്ടതെന്നതിനെക്കുറിച്ചുമുള്ള ഒരു ലഘുവിവരണം അനിവാര്യമാണ്.
കോളനിവല്‍ക്കരണത്തിന് വിധേയമായ ഇന്ത്യയിലെ ആദ്യത്തെ മേഖലയായിരുന്നു ബംഗാള്‍. 1765 ഓടെ കരം പിരിച്ചെടുക്കാനുള്ള പരമാധികാരം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നേടിയെടുത്തു. അതോടെ അവരുടെ ഭരണവും ആരംഭിച്ചു. ആദ്യകാലങ്ങളില്‍ ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും സമ്പല്‍സമൃദ്ധമായ ഒരു ഭൂപ്രദേശമായിരുന്നു ബംഗാള്‍. അക്കാലങ്ങളില്‍, ബംഗാളില്‍നിന്നും പിരിച്ചെടുക്കപ്പെട്ട നികുതിയുടെ മൂല്യം, ബ്രിട്ടനില്‍നിന്നും പിരിച്ചെടുത്തിരുന്ന മൊത്തം നികുതിയുടേതിനേക്കാള്‍ കൂടുതലായിരുന്നു. 1848ല്‍ പഞ്ചാബ് പ്രവിശ്യയെ ബംഗാളിനോട് കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് ബംഗാള്‍ ബ്രിട്ടീഷുകാരുടെ റവന്യൂ കേന്ദ്രമായി തീര്‍ന്നു. ഇവിടെ കേന്ദ്രീകരിച്ചുകൊണ്ടാണ് ഇന്ത്യ മുഴുവനുമുള്ള അധിനിവേശത്തിന് അവര്‍ കോപ്പുകൂട്ടിയത്. വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ ഒരു 'വികസനപ്രക്രിയയ്ക്ക്' ബംഗാള്‍ വേദിയായിത്തീര്‍ന്നു. ബംഗാളിലെ സമ്പത്ത് മുഴുവന്‍ ബ്രിട്ടന്‍ കൊള്ളയടിക്കാന്‍ തുടങ്ങി. കര്‍ഷകരില്‍നിന്നും കൈവേലക്കാരില്‍നിന്നും വര്‍ഷംതോറും ലക്ഷക്കണക്കിന് ടണ്‍ ഉല്‍പന്നങ്ങളും ധാന്യങ്ങളും തുണിത്തരങ്ങളും കരം എന്ന രീതിയില്‍ ബ്രിട്ടനിലേക്ക് കടത്തപ്പെട്ടു. ഇവയ്ക്ക് ഒരുതരത്തിലുള്ള വിലയും കര്‍ഷകര്‍ക്കോ കൈവേലക്കാര്‍ക്കോ നല്‍കിയിരുന്നുമില്ല. കര്‍ഷകരില്‍നിന്നും കൈവേലക്കാരില്‍നിന്നും കമ്പനി പിരിച്ചെടുത്തിരുന്ന കരത്തിന്റെ ഒരു ചെറുഭാഗമുപയോഗിച്ചുകൊണ്ടാണ് കമ്പനി കര്‍ഷകരില്‍നിന്നും കൈവേലക്കാരില്‍നിന്നും ഉല്‍പന്നങ്ങള്‍ 'വാങ്ങി'യിരുന്നത്. യഥാര്‍ഥത്തില്‍ കര്‍ഷകരും കൈവേലക്കാരും അവരുടെ ഉല്‍പന്നങ്ങള്‍ കരത്തിന്റെ ഭാഗമായി കമ്പനിക്ക് സൌജന്യമായി കൊടുക്കുകയായിരുന്നു. ദീര്‍ഘകാലമായി തുടര്‍ന്നുവന്ന ഈ കൊള്ളയടി ആ മേഖലയിലെ ജനങ്ങളുടെ വരുമാനത്തെയും വാങ്ങല്‍ശേഷിയെയും തകര്‍ത്ത് തരിപ്പണമാക്കി. പോഷകാഹാരക്കുറവ് കാരണം ആരോഗ്യനില തകര്‍ന്നടിയാന്‍ തുടങ്ങി. സാധാരണ മനുഷ്യരുടെ ഇടയിലേക്ക് ദാരിദ്ര്യം പടര്‍ന്നുകയറി. ഇത് ഒരുവശത്ത് നടക്കുമ്പോള്‍ മറുവശത്ത് സെമീന്താരി സമ്പ്രദായത്തിന്റെയും നവ വിദ്യാഭ്യാസത്തിന്റെയും ഫലമായി നഗരകേന്ദ്രീകൃതമായി പുതിയൊരു സമ്പന്ന ഭൂവുടമാവര്‍ഗ്ഗം ഉയര്‍ന്നുവന്നു. സാമ്രാജ്യത്വ താല്‍പര്യങ്ങളെ കെട്ടിപ്പുണര്‍ന്നുകൊണ്ട് വളരുകയും വിദ്യാഭ്യാസം ആര്‍ജിക്കുകയും ചെയ്ത പുതിയൊരു പ്രൊഫഷണല്‍ വിഭാഗവും ഉയര്‍ന്നുവന്നു. കല്‍ക്കത്ത വലിയൊരു തുറമുഖ പട്ടണമായി വളര്‍ന്നു. ഈ തുറമുഖത്തിലൂടെ ഇവിടെനിന്നുള്ള ഉല്‍പന്നങ്ങള്‍ ഏതൊരുവിധ കൂലിയും കൂടാതെ ബ്രിട്ടനിലേക്ക് ഒഴുക്കി. അവിടെനിന്നും ലങ്കാഷെയര്‍ ടെക്സ്റ്റെല്‍ ഉല്‍പന്നങ്ങള്‍ ബംഗാളിലേക്കും ഒഴുക്കി. ഇത് ബംഗാളിലെ തദ്ദേശീയ തുന്നല്‍ക്കാരെയും തുണിത്തരങ്ങളെയും കുത്തിക്കീറി. കച്ചവടക്കാര്‍ക്കും ഗതാഗതതൊഴിലാളികള്‍ക്കും തുറമുഖ കൂലിത്തൊഴിലാളികള്‍ക്കും ഇത്തരം മാറ്റങ്ങളിലൂടെ തൊഴില്‍ ലഭിച്ചു. വിദ്യാഭ്യാസ-സേവനത്തുറകളിലെ തൊഴിലാളികളുടെ എണ്ണത്തിലും ആനുപാതികമായി ഉയര്‍ച്ചയുണ്ടായി. എന്നാല്‍, നിര്‍മാണമേഖലയിലെ തൊഴിലാളികളുടെ എണ്ണം കുത്തനെ താഴുകയാണുണ്ടായത്. തുണിമില്ലുകള്‍ ഉയര്‍ന്നുപൊങ്ങിയ ഘട്ടത്തിലും ഇതുതന്നെയായിരുന്നു അവസ്ഥ.
യുദ്ധകാലങ്ങളിലെ പിരിമുറുക്കങ്ങള്‍ ഗ്രാമീണജനതയെ വല്ലാതെ വലച്ചു. ധാന്യവിളകളുടെ വിലകള്‍ കുത്തനെ ഇടിഞ്ഞു. തൊഴിലവസരങ്ങളും കുറഞ്ഞു. അവിഭക്തബംഗാളില്‍ 1911-1947 കാലഘട്ടത്തില്‍ ഭക്ഷ്യ ഉല്‍പന്നങ്ങളുടെ പ്രതിശീര്‍ഷ ലഭ്യത 38% ആയി ഇടിഞ്ഞ് താണു. ഭരണകര്‍ത്താക്കളുടെ അഭിവാഞ്ചയ്ക്കനുസരിച്ച്, കയറ്റുമതി ചെയ്യാനുള്ള ഭക്ഷ്യ ഉല്‍പന്നങ്ങളുടെ ഉല്‍പാദനത്തിനായി ഭൂരിഭാഗം ഭൂമിയും മറ്റ് അനുബന്ധ വിഭവങ്ങളും വകമാറ്റപ്പെട്ടു. അങ്ങനെ നെല്ലുല്‍പാദനത്തില്‍ കടുത്ത തകര്‍ച്ചയുണ്ടായി. മറ്റു പ്രദേശങ്ങളിലൊക്കെ പ്രതിശീര്‍ഷ ധാന്യോല്‍പാദനത്തില്‍ കുറവുണ്ടായെങ്കിലും അവിടങ്ങളിലൊന്നും ബംഗാളിലേതുപോലെ ഭക്ഷ്യോല്‍പന്നങ്ങളുടെ ലഭ്യതയില്‍ കടുത്ത പ്രതിസന്ധിയും തകര്‍ച്ചയും അനുഭവപ്പെട്ടിട്ടില്ലായിരുന്നു. ദീര്‍ഘകാലം നീളുന്ന ദാരിദ്ര്യാവസ്ഥയില്‍ അതിനെത്തുടര്‍ന്നുണ്ടായ പോഷകാഹാരക്കുറവും ബംഗാളി ജനതയുടെ പ്രതിരോധവീര്യത്തെ ആകമാനം ചോര്‍ത്തിക്കളഞ്ഞു. ഭക്ഷ്യക്ഷാമത്തിന്റെ ഭീതിദമായ അവസ്ഥയിലേക്ക് ബംഗാളി ജനത എടുത്തെറിയപ്പെടുകയായിരുന്നു.
കൊളോണിയലിസത്തിന്റെ നുകത്തില്‍ അമര്‍ന്ന ബംഗാളിന്റെ ചരിത്രം ആരംഭിക്കുന്നതുതന്നെ ഭീകരമായ ഒരു ഭക്ഷ്യക്ഷാമത്തിലൂടെയാണ്. 1770ല്‍ പടര്‍ന്നുപിടിച്ച ഭക്ഷ്യക്ഷാമത്തില്‍ ജനസംഖ്യയുടെ മൂന്നില്‍രണ്ട് ഭാഗവും പിടഞ്ഞുമരിച്ചു. പ്രസ്തുത ഭക്ഷ്യക്ഷാമം അതിന്റെ അന്ത്യത്തിലേക്ക് അടുത്തത് മറ്റൊരു ഭീമാകാരമായ ഭക്ഷ്യക്ഷാമത്തെ സൃഷ്ടിച്ചുകൊണ്ടാണ്. 1943-44ലെ ഭക്ഷ്യക്ഷാമം 30 ലക്ഷത്തോളം മനുഷ്യരെ കൊന്നൊടുക്കി. മാത്രമല്ല ഇതിന്റെ അഞ്ചിരട്ടി മനുഷ്യരെ അത് ജീവിക്കാനാകാത്ത കടുത്ത ദുരിതത്തിലേക്ക് തള്ളിവിടുകയുംചെയ്തു. ഈ ഭക്ഷ്യക്ഷാമത്തെ യഥാര്‍ഥത്തില്‍ സൃഷ്ടിച്ചത് ബ്രിട്ടീഷ് ഭരണകൂടമായിരുന്നു. ബ്രിട്ടീഷ് ഭരണകൂടം അതിന്റെ ജപ്പാന്‍വിരുദ്ധ യുദ്ധത്തിനുവേണ്ടി സഖ്യകക്ഷികള്‍ക്കും വ്യോമയുദ്ധ നടപടികള്‍ക്കും വേണ്ടിയുള്ള സാമ്പത്തികസന്നാഹങ്ങള്‍ ഇന്ത്യയില്‍നിന്നാണ് സമാഹരിച്ചെടുത്തത്. പ്രസ്തുത യുദ്ധത്തില്‍ ബംഗാളിനെയാണ് ബ്രിട്ടീഷുകാര്‍ മുന്‍നിര പ്രദേശമായി കണ്ടത്. പട്ടാള ബാരക്കുകളും നാവികത്തുരുത്തുകളും അവര്‍ അവിടെ പടുത്തുയര്‍ത്തി. സഖ്യകക്ഷികളുടെയും വ്യോമസേനാ സൈനികരുടെ മേല്‍നോട്ടത്തിനും മറ്റു നിയന്ത്രണങ്ങള്‍ക്കുമായി അവിടം തുറക്കപ്പെട്ടു. ഈ യുദ്ധസന്നാഹങ്ങള്‍ക്കുവേണ്ടിയുള്ള ഭീമാകാരമായ ചെലവുകള്‍ ആ മേഖലയിലെ എല്ലാത്തരം വിഭവങ്ങളെയും ചൂഷണംചെയ്തുകൊണ്ടാണ് ബ്രിട്ടീഷുകാര്‍ കണ്ടെത്തിയത്. 3800 കോടി രൂപയുടെ അധികബാധ്യതയാണ് യുദ്ധകാലത്ത് അവര്‍ ജനങ്ങളുടെമേല്‍ അടിച്ചേല്‍പിച്ചത്. അതിന്റെ ഫലമായി ഭക്ഷ്യധാന്യങ്ങളുടെ വില കുതിച്ചുയര്‍ന്നു. അരിയുടെ വില മൂന്നിരട്ടിയിലധികമായി. നേരത്തെതന്നെ ആഹാരത്തിനുവേണ്ടി വലഞ്ഞിരുന്ന ഗ്രാമീണജനതയെ അത് കൊടും പട്ടിണിയിലാഴ്ത്തി. ബ്രിട്ടനെപ്പോലെയുള്ള ഒരു സമ്പന്ന വ്യവസായവല്‍കൃത രാജ്യത്തിന് ഇതുപോലൊരു യുദ്ധത്തിന്റെ ചെലവ് വഹിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍, ബംഗാള്‍ ജനതയുടെ ജീവനുമേലാണ് ബ്രിട്ടന്‍ യുദ്ധച്ചെലവുകള്‍ അടിച്ചേല്‍പിച്ചത്. ബംഗാള്‍ ജനതയ്ക്ക് 30 ലക്ഷത്തിലധികം മനുഷ്യരുടെ ജീവിതമാണ് വിലയായി നല്‍കേണ്ടിവന്നത്. എല്ലാ കാര്യങ്ങളിലും പടിഞ്ഞാറിനെ പാടിപ്പുകഴ്ത്തുന്ന ചാരുകസേരാ ബുദ്ധിജീവികളെ ഇതൊന്നും അലോസരപ്പെടുത്തുന്നില്ല. ബംഗാള്‍ ഭക്ഷ്യക്ഷാമത്തിന് ആരാണോ ഉത്തരവാദി അതിലേക്ക് വിരല്‍ചൂണ്ടുന്ന യാഥാര്‍ഥ്യബോധത്തോടുകൂടിയ സാമ്പത്തിക വിശകലനങ്ങള്‍ ഇന്നുപോലും നമുക്ക് കാണാനാവുന്നില്ല. യുദ്ധച്ചെലവുകളുടെ കടുത്ത ഭാരം അശരണരായ കൃഷിക്കാരുടെയും കൈവേലക്കാരുടെയും ചുമലുകളില്‍ കെട്ടിവച്ച് അവരെ പട്ടിണിക്കിട്ട് കൊന്നുതള്ളിയത് ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യയില്‍ പൊതുവിലും ബംഗാളില്‍ വിശേഷിച്ചും കരുതിക്കൂട്ടി നടപ്പാക്കിയ സാമ്രാജ്യത്വ പദ്ധതിയുടെ ഭാഗമായിട്ടാണെന്ന് വിളിച്ചുപറയുന്ന വിശകലനങ്ങള്‍ നമുക്ക് ഇന്നും കാണാനാവുന്നില്ല. കൊളോണിയല്‍ ഭരണത്തിന്‍ കീഴില്‍ ബംഗാളിലെ ജനത കഷ്ടപ്പെട്ടതുപോലെ ഒരുപക്ഷേ മറ്റൊരു ജനതയും കഷ്ടപ്പെട്ടിട്ടുണ്ടാവില്ല. സ്വന്തം നാട്ടിലെതന്നെ പാശ്ചാത്യ-കേന്ദ്രീകൃത-ലിബറല്‍ ബുദ്ധിജീവികളാല്‍ ഇത്രയധികം വൃത്തികെട്ട പീഡനം അനുഭവിക്കേണ്ടിവന്നിട്ടുള്ള മറ്റൊരു ജനതയും ഉണ്ടായിട്ടുണ്ടാവില്ല. ബുദ്ധിജീവികളുടെ കാര്യത്തില്‍ ഇത് ഇന്നും ശരിയാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ രാഷ്ട്രീയ പ്രക്ഷോഭകാരികളാണ് ജനങ്ങളെ യഥാര്‍ഥത്തിലും നല്ലരീതിയിലും സേവിച്ചിട്ടുള്ളത്. ചാരുകസേര ബുദ്ധിജീവികളുടെ പുറമെയുള്ള നാട്യങ്ങളില്‍നിന്നും ജ്യോതിബസുവിനെപോലുള്ളവര്‍ക്ക് പുറത്തുകടക്കാനായത് അവര്‍ സ്വയം അപവര്‍ഗവല്‍ക്കരണത്തിന് (declassed) വിധേയരായതുകൊണ്ടാണ്. അതിനവര്‍ക്ക് ശക്തിയും വഴികാട്ടിയുമായിത്തീര്‍ന്നത് മാര്‍ക്സിസ്റ്റ് ചിന്തയും അതിന്റെ പ്രയോഗവുമാണ്.
1940കളുടെ തുടക്കത്തില്‍ ഫ്ളോഡ് കമീഷന്‍ അതിന്റെ റിപ്പോര്‍ട്ടില്‍ ഒരു വസ്തുതയിലേക്ക് ശ്രദ്ധക്ഷണിച്ചു. പാട്ടക്കൃഷിക്കാരെ കൂലിത്തൊഴിലാളികളായി കരുതാനാവില്ല. കാരണം പാട്ടക്കൃഷിക്കാര്‍ക്ക് കന്നുകാലികളും കലപ്പകളും എല്ലാവിധ സാമഗ്രികളും പ്രദാനംചെയ്തിട്ടുണ്ട്. പാട്ടക്കൃഷിക്കാര്‍ക്ക് അവരുടെ അദ്ധ്വാനംകൊണ്ട് ഉല്‍പാദിപ്പിക്കുന്ന ആകെ ഉല്‍പന്നങ്ങളുടെ പകുതിഭാഗം ഉപ ഉല്‍പന്നങ്ങളും ചേര്‍ത്ത് പാട്ടവസ്തുവിന്റെ ഉടമയ്ക്ക് നല്‍കേണ്ടതുണ്ടായിരുന്നു. പാട്ടക്കൃഷിക്കാരന് ലഭിക്കേണ്ടുന്ന വിഹിതത്തിന്റെ അളവ് വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഒരു നിയമം അതിന്റെ നിര്‍മാണദശയിലായിരുന്നെങ്കിലും സുഹ്രവര്‍ദ്ദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഭൂ ഉടമകളുടെ താല്‍പര്യസംരക്ഷണാര്‍ഥമാണ് പ്രസ്തുത നിയമം നടപ്പാക്കാതെപോയതെന്ന് സുഹ്രവര്‍ദ്ദി ജ്യോതിബസുവിനോട് സമ്മതിച്ചിട്ടുള്ള വിവരം ബസു തന്റെ ഓര്‍മക്കുറിപ്പുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യുദ്ധം അവസാനിച്ചതിനുശേഷവും കാത്തിരിപ്പ് തുടരാന്‍ നിര്‍ബന്ധിതരായി. പക്ഷേ അവര്‍ അതിന് കര്‍ഷക ജനസാമാന്യം സന്നദ്ധമല്ലായിരുന്നു. വലിയ രീതിയിലുള്ള ഒരു കര്‍ഷകകലാപം പൊട്ടിപ്പുറപ്പെട്ടു. ആകെ ഉല്‍പാദിപ്പിക്കപ്പെടുന്ന ധാന്യങ്ങളുടെ മൂന്നില്‍ രണ്ട് പാട്ടക്കൃഷിക്കാര്‍ക്കും കുടികിടപ്പുകാര്‍ക്കും നല്‍കണമെന്ന ആവശ്യം തേഭാഗാ പ്രസ്ഥാനം മുന്നോട്ടുവച്ചു. ഈ പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്തത് കമ്യുണിസ്റ്റ് പാര്‍ടിയുടെ കര്‍ഷകമുന്നണിയായിരുന്നു. മൈമെന്‍സിങ്, ബരിസാല്‍, റാങ്ക്പൂര്‍, ദിനാജ്പൂര്‍, ജെസ്സോര്‍, ഖുല്‍ന, 24 പര്‍ഗാനാസ് എന്നീ ജില്ലകളില്‍ പ്രസ്ഥാനം ശക്തിപ്രാപിക്കാന്‍ തുടങ്ങി. ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ക്കുമേല്‍ കൂടുതല്‍ വിഹിതം പാട്ടക്കൃഷിക്കാര്‍ക്ക് നേടിക്കൊടുക്കുന്നതില്‍ ഒരു പരിധിവരെ ഈ പ്രസ്ഥാനം വിജയിച്ചു. 1945-47ലെ പ്രസ്തുത പ്രസ്ഥാനം ഇന്ത്യാ വിഭജനത്തോടെ അവസാനിച്ചു. സ്വതന്ത്ര ഇന്ത്യയിലെയും പാകിസ്ഥാനിലെയും ഗവണ്‍മെന്റുകളായിരുന്നു പുതിയ നടപടികള്‍ കൈക്കൊള്ളേണ്ടിയിരുന്നത്. അതായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്.
ഭക്ഷ്യക്ഷാമത്തിന്റെ പിടിയിലമര്‍ന്ന് ലക്ഷക്കണക്കിന് മനുഷ്യര്‍ മരണത്തിന് കീഴടങ്ങുക മാത്രമല്ല ബംഗാളില്‍ സംഭവിച്ചത്. സ്വാതന്ത്ര്യാനന്തരം ലക്ഷക്കണക്കിന് കര്‍ഷകരും കൈവേലക്കാരും ആഹാരമോ പാര്‍പ്പിടമോ ഇല്ലാതെ നരകയാതന അനുഭവിക്കുകയായിരുന്നു. അതുപോലെ വിഭജനത്തെത്തുടര്‍ന്ന് ലക്ഷക്കണക്കിന് മനുഷ്യര്‍ ബംഗാളിന്റെ കിഴക്കന്‍ മേഖലകളില്‍നിന്ന് പശ്ചിമ ബംഗാളിലേക്ക് അഭയാര്‍ഥികളായി ഒഴുകിയെത്തി. എന്നിരുന്നാലും രാഷ്ട്രീയ സ്വാതന്ത്ര്യം കൈവന്നതിന്റെ ആഹ്ളാദം ആരും മൂടിവച്ചില്ല. 'ഈ സ്വാതന്ത്ര്യം ഒരു കള്ള'മാണെന്ന ഇടതു തീവ്രവാദ മുദ്രാവാക്യത്തിന് സ്വീകാര്യതയൊന്നും ലഭിച്ചതുമില്ല. ബംഗാളിന്റെ പുനര്‍നിര്‍മാണം പേടിപ്പെടുത്തുന്ന ഒരു ദൌത്യമായിരുന്നു. അഭയാര്‍ഥികളായിത്തീര്‍ന്ന മനുഷ്യര്‍ക്കിടയിലും കര്‍ഷകര്‍ക്കിടയിലും കമ്യൂണിസ്റ്റുകാര്‍ അഹോരാത്രം പണിയെടുത്തു. ഇവിടെനിന്നും കമ്യൂണിസ്റ്റ് പാര്‍ടിയുടെ പുതിയ സമരഭടന്മാര്‍ ഉയര്‍ന്നുവന്നു. ഈയൊരു കഠിന പ്രയത്നമില്ലായിരുന്നുവെങ്കില്‍ വലതുപക്ഷം അവിടെ പിടിമുറുക്കുമായിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാരുകളാണ് തുടര്‍ച്ചയായി അധികാരത്തില്‍ വന്നുകൊണ്ടിരുന്നത്. West Bengal Estate Acquisition Act ഉം West Bengal Land Reform Act ഉം യഥാക്രമം 1953ലും 1955ലും പാസാക്കപ്പെട്ടു. എന്നാല്‍ പ്രസ്തുത നിയമങ്ങളുടെ നിര്‍വഹണം മന്ദഗതിയിലായിരുന്നു. കാര്‍ഷികപ്രശ്നം അതിരൂക്ഷമായി. ജീവത്തായിത്തീരേണ്ട കാര്‍ഷികമേഖല തരിശ്ശായിത്തന്നെ തുടര്‍ന്നു. ഭക്ഷ്യക്കമ്മി അതേപടി നിലനിന്നു. ഭക്ഷ്യപ്രതിസന്ധിയുടെ പിടിയിലമര്‍ന്നു ബംഗാള്‍. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടി 1959ല്‍ ഒരു ഭക്ഷ്യപ്രക്ഷോഭത്തിന് രൂപംനല്‍കി. അത് ശക്തമായ പ്രക്ഷോഭമായി വളര്‍ന്നു. 1962ലെ ഇന്ത്യാ-ചൈന സംഘര്‍ഷകാലത്ത് ഇന്ത്യയിലെ ബഹുഭൂരിപക്ഷം കമ്യുണിസ്റ്റുകാരും ജയിലിലടക്കപ്പെട്ടു. 1914-18ല്‍ യൂറോപ്പില്‍ നടന്ന സാമ്രാജ്യത്വയുദ്ധം സോഷ്യല്‍ ഡെമോക്രാറ്റുകളില്‍നിന്നും കമ്യൂണിസ്റ്റുകാരെ വേര്‍തിരിച്ച് തിട്ടപ്പെടുത്തി. അതുപോലെ ചൈനാ സംഘര്‍ഷവും വിപ്ളവകാരികളായ കമ്യൂണിസ്റ്റുകാരെ മറ്റുള്ളവരില്‍നിന്നും വേര്‍പെടുത്താന്‍ തക്കവിധമുള്ള രാസത്വരകമായി പ്രവര്‍ത്തിച്ചു. ഇത് കമ്യൂണിസ്റ്റ് പര്‍ടിയുടെ പിളര്‍പ്പിലേക്ക് നയിച്ചു. ജ്യോതിബസുവായിരുന്നു പുതുതായി രൂപംകൊണ്ട സിപിഐ എമ്മിന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാള്‍. പിന്നീട് ബംഗാളില്‍ ഇടതു തീവ്രവാദം ഉദയംചെയ്തു. നക്സല്‍ബാരി പ്രസ്ഥാനത്തിനെതിരെയും അതിന്റെ മനുഷ്യക്കൂട്ടക്കൊലകള്‍ക്കെതിരെയും പാര്‍ടിക്ക് പടപൊരുതേണ്ടിവന്നു. ഈ കാലഘട്ടത്തില്‍ പാര്‍ടിക്ക് അതിന്റെ വലിയൊരു വിഭാഗം സമരഭടന്മാരുടെ ജീവന്‍ നഷ്ടപ്പെട്ടു. ഒരുവശത്ത് വലതുപക്ഷ അവസരവാദത്തിന്റെയും മറുവശത്ത് ഇടതുപക്ഷസാഹസികവാദത്തിന്റെയും പിടിയിലമര്‍ന്നുകൊണ്ട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലുണ്ടാകുന്ന പിളര്‍പ്പ് അപകടകരമാണ്. സമരോത്സുകമായ മധ്യമാര്‍ഗമായിരിക്കും ശരിയായ ദിശ. എന്നാല്‍ ബഹുഭൂരിപക്ഷം അംഗങ്ങളെയും അതിനോടൊപ്പം കൂട്ടിനിര്‍ത്തുക എന്നത് പ്രയാസകരമായ സംഗതിയാണ്. ബംഗാളില്‍ പിളര്‍പ്പിനെയും തുടര്‍ന്നുവന്ന വെല്ലുവിളികളെയും വിജയകരമായി കൈകാര്യംചെയ്യാന്‍ പാര്‍ടിക്ക് സാധിച്ചു. കമ്യുണിസ്റ്റ് പാര്‍ടിയുടെ ശക്തികേന്ദ്രങ്ങളിലൊന്നായിരുന്നു ആന്ധ്രാപ്രദേശ്. തെലുങ്കാനാ സമരത്തിന്റെ തീക്ഷ്ണ പാരമ്പര്യമുള്ള ഇടം. എന്നാല്‍ അവിടെ നിര്‍ഭാഗ്യവശാല്‍ പാര്‍ടിയിലെ അംഗങ്ങളുടെ എണ്ണം അതിഭയാനകമായ തരത്തില്‍ തകര്‍ന്നടിയുകയാണുണ്ടായത്. കാരണം കമ്യൂണിസ്റ്റ് പാര്‍ടിയിലുണ്ടായിരുന്ന വലിയൊരു വിഭാഗം സമരഭടന്മാര്‍ ഒന്നുകില്‍ തെറ്റായ വലതുപക്ഷ അവസരവാദത്തിലേക്ക് ചേക്കേറി; അല്ലെങ്കില്‍ തെറ്റായ ഇടതുപക്ഷ തീവ്രവാദത്തിനോടൊപ്പം ചേര്‍ന്നു. ഇന്നിതാ വീണ്ടും നമ്മള്‍ ഇടതുപക്ഷ തീവ്രവാദത്തിന്റെ ഉദയം കണ്ടുകൊണ്ടിരിക്കുകയാണ്. അവര്‍ നിഷ്കളങ്കരായ മനുഷ്യരെ കൊന്നൊടുക്കുകയാണ്. വരുംവര്‍ഷങ്ങളില്‍ ഇനിയും ഒരുപാട് മനുഷ്യരെ കശാപ്പുചെയ്തുകൊണ്ട് മാത്രമേ അത് അതിന്റെ അനിവാര്യമായ പതനത്തിലേക്ക് നീങ്ങുകയുള്ളൂ.
1967-70 കാലഘട്ടത്തിലെ ഐക്യമുന്നണി സര്‍ക്കാരില്‍ ജ്യോതിബസു നല്ല പ്രവര്‍ത്തനം കാഴ്ചവച്ചിരുന്നു. എന്നാല്‍ ഇടതുപക്ഷമുന്നണി തെരഞ്ഞെടുപ്പ് വിജയം കൈവരിക്കുകയും സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് രൂപീകരിക്കപ്പെടുകയും ചെയ്തതോടെയാണ് ബംഗാളിലെ ജനസാമാന്യത്തിന്റെ ദുരിതപൂര്‍ണ്ണമായ ജീവിതാവസ്ഥകളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താനുള്ള അവസരം കൈവന്നത്. ഏഴുതവണ തുടര്‍ച്ചയായി ബംഗാളിലെ ജനത തെരഞ്ഞെടുപ്പിലൂടെ ഇടതുപക്ഷമുന്നണിയെ അധികാരകേന്ദ്രങ്ങളിലേക്ക് കൊണ്ടുവന്നു. തുടര്‍ച്ചയായി 34 വര്‍ഷക്കാലമായി ഇടതുമുന്നണി സര്‍ക്കാര്‍ ബംഗാളില്‍ ഭരണം തുടരുകയാണ്. ഒരു ഫെഡറല്‍ പാര്‍ലമെന്ററി വ്യവസ്ഥയ്ക്കുള്ളില്‍ കമ്യൂണിസ്റ്റുകാര്‍ ഇത്രയും വര്‍ഷങ്ങളായി തുടര്‍ച്ചയായി ഭരണം തുടരുന്നത് ലോക റെക്കോര്‍ഡാണ്. ഈ രാജ്യത്തെ സാമ്പത്തിക-സാമൂഹ്യഘടന അസമത്വങ്ങള്‍ നിറഞ്ഞതാണ്. ചൂഷണാവസ്ഥ അടിവേരോളം പടര്‍ന്ന് പിടിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ ഈ ചൂഷണവ്യവസ്ഥയെ പൊട്ടിച്ചെറിയാന്‍ നടത്തുന്ന ഏതൊരു ആത്മാര്‍ഥമായ ശ്രമത്തെയും ജനസാമാന്യത്തിന്റെ ജീവിതാവസ്ഥകളെ ഗുണകരമാക്കിത്തീര്‍ക്കാനുള്ള ഏതൊരു പരിശ്രമത്തെയും ചൂഷകവ്യവസ്ഥയുടെ നടത്തിപ്പുകാര്‍ ശക്തമായി ചെറുക്കും. ചൂഷകവര്‍ഗത്തിനുതന്നെയാണ് സമൂഹത്തില്‍ പ്രത്യയശാസ്ത്രപരമായ മേല്‍ക്കൈ. അവര്‍ എല്ലാവരുടെയും പൊതുവിശ്വാസം ആര്‍ജിച്ചിട്ടുള്ള വര്‍ഗമാണ്. നഗരകേന്ദ്രീകൃത ചാരുകസേരാ ബുദ്ധിജീവിവര്‍ഗവും ഗ്രാമങ്ങളിലെ സമ്പന്നപ്രഭുക്കളും അവരുടെ യാഥാസ്ഥിതിക അജണ്ടകള്‍ ശക്തിയുക്തം പ്രയോഗിച്ചുകൊണ്ടേയിരിക്കും. എന്നാല്‍, ഗ്രാമീണജനസാമാന്യവും തൊഴിലാളിവര്‍ഗവുമാണ് ഇടതുമുന്നണിയുടെ നയങ്ങള്‍ക്കുപിന്നില്‍ ഉശിരോടെ അണിനിരന്നുകൊണ്ടിരിക്കുന്നത്.
കൈവശ ഭൂമിയുടെ വിസ്തൃതിക്ക് ആദ്യമായി പരിധി ഏര്‍പ്പെടുത്തിയ സംസ്ഥാനമായിരുന്നു ബംഗാള്‍. 1953ലെ West Bengal Estate Acquisition Act പ്രകാരം സെമീന്ദാരി സമ്പ്രദായത്തെയും തുടച്ചുനീക്കപ്പെട്ടു. എട്ടുലക്ഷത്തോളം ഏക്കര്‍ ഭൂമി മിച്ചഭൂമിയായി കണ്ടെത്തി. ജ്യോതിബസു മന്ത്രിസഭയില്‍ പങ്കാളിയായിരുന്ന ആദ്യ ഐക്യമുന്നണി സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ (1967-1970 കാലഘട്ടങ്ങള്‍ക്കിടയില്‍) ഏഴുലക്ഷം ഏക്കര്‍ ഭൂമി വിതരണംചെയ്യപ്പെട്ടു. പിന്നീട് നിലവില്‍വന്ന ഭേദഗതികളിലൂടെ ഭൂപരിധി 6.2 ഏക്കറായി താഴ്ത്തി. ഒമ്പത് അംഗങ്ങളുള്ള ഒരു കുടുംബത്തിന് പരമാവധി കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധി 17.3 ഏക്കറായും വ്യവസ്ഥചെയ്തു. ഇടതുമുന്നണി അധികാരത്തില്‍ വന്നതിനുശേഷം, 1977-1980 കാലഘട്ടത്തിനുള്ളില്‍ 10 ലക്ഷത്തോളം ഏക്കര്‍ ഭൂമി മിച്ചഭൂമിയായി കൂടുതലായി കണ്ടെത്തുകയും ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ അതിന്റെ മുക്കാല്‍ ഭാഗവും വിതരണംചെയ്യപ്പെടുകയുമുണ്ടായി. ഇത്തരം മാനദണ്ഡങ്ങളുടെ നിര്‍വഹണത്തിലൂടെ മിച്ചഭൂമിയായി കണ്ടെത്തിയ ഭൂപ്രദേശങ്ങളുടെ ഭൂരിഭാഗവും ഭൂരഹിതര്‍ക്കാണ് വിതരണംചെയ്തത്. ഇത് ബംഗാളില്‍ മാത്രം സംഭവിച്ച കാര്യമാണ്. അതിന് നേതൃത്വം കൊടുത്തത് ഇടതുമുന്നണിയുടെ സര്‍ക്കാരാണ്. രണ്ടായിരത്തോടെ ബംഗാളില്‍ ഇപ്രകാരം വിതരണംചെയ്യപ്പെട്ട മിച്ചഭൂമിയുടെ അളവ്, മറ്റെല്ലാ സംസ്ഥാനങ്ങളിലുംകൂടി ഇതുവരെ വിതരണംചെയ്യപ്പെട്ടിട്ടുള്ള മിച്ചഭൂമിയുടെ ആകെ അളവിനേക്കാള്‍ കൂടുതലാണ്. തദ്ദേശ ജനാധിപത്യസ്ഥാപനങ്ങളുടെ ശക്തിയാര്‍ജിക്കലും പഞ്ചായത്തുകളിലേക്ക് സ്ഥിരമായി കൃത്യതയോടെ നടത്തപ്പെടുന്ന തെരഞ്ഞെടുപ്പുകളും മിച്ചഭൂമി കണ്ടെത്തുന്നതിലും അതിന്റെ വിതരണത്തിലും ആവേശകരമായ പങ്കാണ് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്.
എന്നാല്‍ സെമീന്ദാരി സമ്പ്രദായത്തെ തുടച്ചുനീക്കി എന്നതിനര്‍ഥം സമ്പൂര്‍ണ്ണമായ ഭൂപരിഷ്കരണം നടപ്പിലായെന്നോ പാട്ടസമ്പ്രദായം പരിപൂര്‍ണ്ണമായി അവസാനിച്ചെന്നോ അല്ല. ഒരു പണിയുംചെയ്യാതെ പണിയെടുക്കുന്ന മനുഷ്യര്‍ വിയര്‍പ്പൊഴുക്കി ഉല്‍പാദിപ്പിക്കുന്ന മിച്ചമൂല്യത്തെ തിന്നൊടുക്കിക്കൊണ്ട് സ്വന്തം ജീവിതങ്ങളെ വീര്‍പ്പിച്ചുകൊണ്ടിരിക്കുന്ന ഇത്തിള്‍ക്കണ്ണികളായ മധ്യവര്‍ത്തികളുടെ ഒരു സമ്പൂര്‍ണ്ണ ശൃംഖലയുടെ ഏറ്റവും മേല്‍തട്ടിലാണ് സെമീന്ദാര്‍മാര്‍ പാര്‍പ്പുറപ്പിച്ചിട്ടുള്ളത്. വിയര്‍പ്പൊഴുക്കി പണിയെടുക്കുന്നവരില്‍ ഭൂരിഭാഗത്തിനും നിയമപരമായ അസ്തിത്വമില്ലായിരുന്നു. കാരണം ആ മനുഷ്യരുടെ രേഖകള്‍ക്ക് രജിസ്റ്ററുകളിലൊന്നിലും ഇടമില്ലായിരുന്നു. അവര്‍ക്കപ്പോഴും സ്വന്തം വിയര്‍പ്പുകൊണ്ട് ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങളുടെ പകുതിയും ജന്മിമാര്‍ക്ക് (ജോത്തേദാര്‍) കാഴ്ചവയ്ക്കേണ്ടിവരുന്നു. പാട്ടക്കൃഷിക്കാര്‍ക്ക് നിയമപരമായി അസ്തിത്വം നല്‍കുന്നതിനുവേണ്ടി അവരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള പരിശ്രമങ്ങളെ ഭൂവുടമകള്‍ സര്‍വശക്തിയുമുപയോഗിച്ച് ബിഹാറില്‍ പരാജയപ്പെടുത്തുകയുണ്ടായി. എന്നാല്‍ ബംഗാളില്‍ ജ്യോതിബസുവിന്റെയും ഹരേകൃഷ്ണ കോനാറുടെയും നിശ്ചയദാര്‍ഢ്യവും വീക്ഷണവൈപുല്യവും "ഓപ്പറേഷന്‍ ബര്‍ഗ്ഗ''യെ ധീരമായി മുന്നോട്ടു കൊണ്ടുപോയി. ബിനോയ് ചൌധരിയുടെ ശക്തമായ പിന്തുണയും അതിന് അവര്‍ക്ക് ലഭിച്ചിരുന്നു. ജനാധിപത്യത്തിന്റെ പ്രാതിനിധ്യമായിരുന്നു ഈ വീക്ഷണവൈപുല്യത്തിന്റെ അന്തഃസത്തയായി വര്‍ത്തിച്ചിരുന്നത്. ഹരേകൃഷ്ണ കോനാര്‍ പറഞ്ഞതുപോലെ "ഭൂപരിഷ്കരണത്തില്‍ ശരിക്കും തല്‍പരരായ കര്‍ഷകത്തൊഴിലാളികളെയും ദരിദ്രകര്‍ഷകരെയും ബട്ടിയാദാര്‍മാരെയും പ്രബുദ്ധരാക്കുക എന്നതാണ് ഓപ്പറേഷന്‍ ബര്‍ഗ വിജയകരമായി നടപ്പാക്കുന്നതിന് അനുപേക്ഷണീയമായ ഉപാധി. ഭൂപ്രഭുക്കന്മാരുടെ കരുത്തുറ്റ അധികാരശക്തിക്കുമുന്നില്‍ തല ഉയര്‍ത്തിനില്‍ക്കാന്‍ അവര്‍ക്ക് കഴിയത്തക്കവിധം അവരുടെ ധൈര്യവും മുന്‍കൈയും വികസിപ്പിക്കേണ്ടതുണ്ട്. ഓപ്പറേഷന്‍ ബര്‍ഗ നടപ്പാക്കുന്നതിന് സര്‍ക്കാരിനെ സഹായിക്കാന്‍ സംഘടിതമായി മുന്നോട്ടുവരാന്‍ അവരോട് പറയേണ്ടതാണ്''.
"ഗ്രാമഭരണതലത്തിലും പഞ്ചായത്തുകളിലും പ്രാദേശിക കര്‍ഷകസംഘടനകളോടും എല്ലാതരത്തിലുമുള്ള ഗുണഭോക്താക്കളോടും പുതിയൊരു നയസമീപനമാണ് ഇടതുപക്ഷ സര്‍ക്കാര്‍ കൈക്കൊണ്ടത്. അതുവരെ ഉപയോഗപ്പെടുത്തപ്പെടാതെ കിടന്ന നിയമങ്ങളെയും ചട്ടങ്ങളെയും പരിപൂര്‍ണ്ണമായി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് അത് പ്രവര്‍ത്തിച്ചത്. കിറശമി ഋ്ശറലിരല അരനേെ എങ്ങനെ പ്രയോജനപ്പെടുത്തി എന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ട സംഗതിയാണ്. പാട്ടക്കൃഷിക്കാര്‍ക്ക് പാട്ടഭൂമിയിലുള്ള നിയമപരമായ അവകാശങ്ങളെ നിഷേധിച്ചുകൊണ്ട് ഭൂ മാടമ്പിമാര്‍ കോടതികളില്‍ സമര്‍പ്പിക്കുന്ന Wriettn documents നു ബദലായി വാക്കാലുള്ള തെളിവുകള്‍ ശേഖരിക്കാനും അത് കോടതികള്‍ക്കു മുന്നില്‍ അവതരിപ്പിക്കാനുമുള്ള അനുവാദം Indian Evidence Act പാട്ടക്കൃഷിക്കാര്‍ക്ക് നല്‍കിയിരുന്നു. ഭൂപരിഷ്കരണത്തിനുള്ള എല്ലാവിധ നടപടിക്രമങ്ങളും കൈക്കൊള്ളുകയും ഭൂമിവിതരണം ഫലപ്രദമായി നടപ്പിലാക്കുകയുംചെയ്തു. വീടും മറ്റ് സൌകര്യങ്ങളും നിര്‍മിച്ചുനല്‍കി; വിതരണംചെയ്ത ഭൂമിയും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഏകദേശം അഞ്ചില്‍ മൂന്നോളം വരുന്ന ഗ്രാമീണജനസാമാന്യത്തിനാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. എന്തൊക്കെ നേട്ടങ്ങളാണോ നമ്മള്‍ ആര്‍ജിച്ചിച്ചെടുത്തിട്ടുള്ളത് അതെല്ലാംതന്നെ ബൂര്‍ഷ്വാസി നടപ്പില്‍വരുത്തേണ്ടിയിരുന്ന ജനാധിപത്യദൌത്യങ്ങളായിരുന്നു. എന്നാല്‍ ബൂര്‍ഷ്വാസിക്ക് ഇത്തരം ജനാധിപത്യ കര്‍ത്തവ്യങ്ങള്‍ ഏറ്റെടുക്കാനുള്ള യാതൊരുവിധ കെല്‍പ്പുമില്ലായിരുന്നു. വിപ്ളവകരവും സമത്വാധിഷ്ഠിത രീതിയിലുള്ളതുമായ ഭൂമിയുടെ പുനര്‍വിതരണമെന്നത് സോഷ്യലിസ്റ്റ് കാര്യപരിപാടിയുടെ ഭാഗമാണ്. നമ്മള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഭൂപരിഷ്കരണം ഈ സോഷ്യലിസ്റ്റ് കാര്യപാരിപാടിയുടെ ഭാഗമോ അതിനടുത്തുനില്‍ക്കുന്നതോ അല്ല. ഇത്തരം കാര്യങ്ങളെക്കുറിച്ച് വളരെ അഗാധമായ ധാരണ ജ്യോതിബസുവിനുണ്ടായിരുന്നു. ബംഗാളിന് പ്രവര്‍ത്തിക്കേണ്ടത് സ്വകാര്യസ്വത്തിനെ സംരക്ഷിച്ചു നിര്‍ത്തുന്ന ഒരു നിയമവ്യവസ്ഥയ്ക്കുള്ളില്‍ നിന്നുകൊണ്ടാണ്. നമ്മള്‍ കൈക്കൊള്ളുന്ന നടപടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു ഫെഡറല്‍ ഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ടാണ് നമുക്ക് പ്രവര്‍ത്തിക്കേണ്ടത്. അതായത് 'പശ്ചിമ ബംഗാള്‍ ഒരു റിപ്പബ്ളിക്കല്ല'. ഇക്കാര്യങ്ങളൊക്കെ ജ്യോതിബസു ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചൂണ്ടിക്കാട്ടിയിരുന്നു. ഏതൊക്കെ മതില്‍കെട്ടുകളും നിയന്ത്രണങ്ങളും മുന്നറിയിപ്പുകളും ഉണ്ടായിരുന്നാലും ആര്‍ജിച്ചെടുത്ത നേട്ടങ്ങള്‍ക്ക് അതിഗംഭീരമായ പ്രാധാന്യമാണുള്ളത്. അത് ജനസാമാന്യത്തിന്റെ ആത്മവിശ്വാസത്തിന് കരുത്തുപകരുകയും കൊടിയ ദാരിദ്ര്യത്തിന്റെയും അടിച്ചമര്‍ത്തലുകളുടെയും ചെളിക്കുണ്ടുകളില്‍ നിന്നും സ്വയപ്രയത്നത്താല്‍ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ അവര്‍ക്ക് കരുത്ത് നല്‍കുകയുംചെയ്തു.
ഇന്ത്യയെ സംബന്ധിച്ചും പ്രത്യേകിച്ച് ബംഗാളിനെ സംബന്ധിച്ചും 1980കള്‍ ഒരു സുവര്‍ണ ദശകമായിരുന്നു. 1990കള്‍ വരെ ആ ഊര്‍ജവും പ്രസരിപ്പും ഭംഗിയായി നിലനിര്‍ത്താനും സാധിച്ചു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പുനരുജ്ജീവനവും അതിന്റെ സമരോത്സുകമായ പ്രവര്‍ത്തനങ്ങളും ഗ്രാമീണമേഖലയിലെ ഉല്‍പാദനാവസ്ഥയ്ക്ക് പുതിയൊരു ഊര്‍ജം പകര്‍ന്നു. ഭക്ഷ്യോല്‍പന്നങ്ങളുടെ വാര്‍ഷിക വളര്‍ച്ചാനിരക്കില്‍ ബംഗാളിന് ബഹുദൂരം മുന്നേറാനായി. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ വളര്‍ച്ചാനിരക്ക് 2.5 ശതമാനമായിരുന്നപ്പോള്‍ ബംഗാളിലത് 4.2 ശതമാനമായിരുന്നു. 1980-81 മുതല്‍ 1998-99 വരെയുള്ള കാലഘട്ടത്തിലെ വളര്‍ച്ചാനിരക്കാണിത്. ഇത് വളരെ പ്രധാനപ്പെട്ട ഒരു സംഗതിയാണ്. ആഹാരസാധനങ്ങളുടെ മുതല്‍ മറ്റ് ഉപഭോക്തൃ സാധനസാമഗ്രികളുടെ വരെ പ്രാഥമിക വിലയെ നിര്‍ണ്ണയിക്കുന്നത് ഭക്ഷ്യോല്‍പന്നങ്ങുടെ വിലനിലവാരമാണ്. രണ്ട് നൂറ്റാണ്ടുകള്‍ക്കു മുമ്പേ ആഡംസ്മിത്ത് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുപോലെ നിര്‍മാണമേഖലയെയും അത് കാര്യമായി ബാധിക്കും. ഭക്ഷണസാധനങ്ങള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാകുന്നത് കൂലിയെമാത്രം ആശ്രയിച്ചുകഴിയുന്ന തൊഴിലാളിവര്‍ഗത്തിന് ആശ്വാസകരമാണ്; നേട്ടമാണ്. അതേസമയം ഗ്രാമീണ ഉല്‍പാദകരെ സംബന്ധിച്ചിടത്തോളം അവരുടെ ഉല്‍പന്നങ്ങളുടെ വിലയില്‍ വലിയ ഇടിവൊന്നും അഭിമുഖീകരിക്കേണ്ടിവരുന്നുമില്ല - കാരണം ശക്തമായൊരു ധാന്യസംഭരണ സംവിധാനം നിലനില്‍ക്കുന്നിടത്തോളം കാലം ഇത്തരം ആശങ്കകള്‍ അസ്ഥാനത്തായിരുന്നു. 1980കളില്‍ രൂപപ്പെട്ട വികസനനയത്തിന്റെ ഭാഗമായി വികസനത്തിനുവേണ്ടി വിനിയോഗിക്കപ്പെടുന്ന തുകയുടെ അളവില്‍ വര്‍ഷംതോറും എട്ട് ശതമാനത്തിലധികം വര്‍ധനവാണുണ്ടായത്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ബംഗാളിന്റെ ഗ്രാമീണ-നഗരമേഖലകളില്‍ തൊഴിലിലും വരുമാനത്തിലും ഗണ്യമായ പുരോഗതിയുണ്ടായിട്ടുണ്ട്. ഉപഭോഗച്ചെലവിന്റെ കണക്ക് പരിശോധിച്ചാല്‍, മറ്റ് ഏതൊരു സംസ്ഥാനത്തെക്കാളും ദാരിദ്ര്യത്തിന്റെ അളവ് വലിയരീതിയില്‍ കുറഞ്ഞുനില്‍ക്കുന്ന സംസ്ഥാനം ബംഗാളാണെന്ന് കാണാന്‍ കഴിയും. ആദ്യകാലങ്ങളില്‍, മുമ്പ് സൂചിപ്പിച്ച പലപല കാരണങ്ങള്‍ കൊണ്ട് ദാരിദ്ര്യവും കഷ്ടപ്പാടും മറ്റേതൊരു മേഖലയെക്കാളും കൂടുതലായി നിലനിന്നിരുന്ന മേഖലയായയിരുന്ന ബംഗാള്‍. അവിടെനിന്നുമാണ് ബംഗാള്‍ ഈ നേട്ടങ്ങളൊക്കെ നേടിയത്. ഇതിനര്‍ഥം ബംഗാളിലെ പാവപ്പെട്ടവരുടെ സര്‍വപ്രശ്നങ്ങളും പരിഹരിച്ചുകഴിഞ്ഞു എന്നല്ല. ആതുരസേവനമേഖലയെ മതിയായവിധത്തില്‍ വ്യാപിപ്പിക്കാന്‍ കഴിയുന്നില്ല. നഗരകേന്ദ്രീകൃത ഡോക്ടര്‍മാരുടെ സ്വാര്‍ഥപരമായ നിലപാടുകളാണ് സേവനമേഖലയുടെ വ്യാപനത്തിന് ഇടങ്കോലിട്ടുകൊണ്ടിരിക്കുന്നത്. ഗ്രാമീണമേഖലയില്‍ സേവനമര്‍പ്പിക്കാന്‍ അവര്‍ തയ്യാറാകുന്നില്ല. എന്നാല്‍, ഗ്രാമീണമേഖലയിലെ ജനസാമാന്യത്തിന് അവരുടെ അടിസ്ഥാന ആരോഗ്യസംരക്ഷണത്തിനായി, ഒരു പ്രത്യേക ആരോഗ്യ പരിപാലന സംഘത്തെ ഒരു ലഘുകാലത്തെ പരിശീലനം നല്‍കിക്കൊണ്ട് വാര്‍ത്തെടുക്കാനുള്ള കര്‍മപദ്ധതിക്കെതിരെ ഈ ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങുകയാണുണ്ടായത്. സ്വാര്‍ഥത നിറഞ്ഞ ഒരു പ്രൊഫഷണല്‍ ഗ്രൂപ്പായാണ് ഇവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. മെഡിക്കല്‍ കാര്യങ്ങളില്‍ തങ്ങളുടെ കുത്തക നിലനിര്‍ത്താന്‍വേണ്ടിയാണ് ഇവര്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. ദേശീയതലത്തില്‍ അങ്ങേയറ്റം യാഥാസ്ഥിതികമായ ഒരു സംഘമായി ഇവര്‍ മാറിയിട്ടുണ്ട്. അവശതയനുഭവിക്കുന്ന എല്ലാ സാമൂഹ്യവിഭാഗങ്ങളെയും തങ്ങളുടെ ചികിത്സാപരിധിയില്‍നിന്നും ചവിട്ടി പുറത്താക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ നിലനില്‍ക്കെതന്നെ, ക്ഷേമപ്രവര്‍ത്തനങ്ങളുടെ മേഖലയില്‍ ബംഗാള്‍ കൈവരിച്ചിട്ടുള്ള ശ്രദ്ധേയമായ നേട്ടങ്ങളെ ആര്‍ക്കും അംഗീകരിക്കേണ്ടിവരും.
നാഷണല്‍ സാമ്പിള്‍ സര്‍വെയുടെ കണക്കുകള്‍ പ്രകാരം ഇടതുപക്ഷമുന്നണിയുടെ ഗവണ്‍മെന്റ് അധികാരത്തിലേറിയ 1977-78 കാലഘട്ടത്തില്‍, പശ്ചിമബംഗാളിലെ ഗ്രാമീണ ജനസംഖ്യയില്‍ 40%ത്തിലധികംപേര്‍ക്കും 1800 കലോറി ഊര്‍ജംപോലും ലഭിക്കത്തക്കതരത്തില്‍ ജീവിക്കാന്‍ കഴിഞ്ഞിരുന്നില്ല. കലോറി ഊര്‍ജലഭ്യതയുടെ വളരെ താഴ്ന്ന അവസ്ഥയായിരുന്നു ഇത്. എന്നാല്‍ പതിനഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം, 1993-94 ഓടെ ഈ അനുപാതത്തില്‍ 17 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തപ്പെട്ടു. കടുത്ത ദാരിദ്ര്യാവസ്ഥയില്‍ നിന്നുള്ള വലിയതരത്തിലുള്ള ഈ കുറവ് ഇന്ത്യയില്‍ ഒരിടത്തും ഒരുകാലത്തും ഉണ്ടായിട്ടില്ല. ഇങ്ങനെ കടുത്ത ദാരിദ്ര്യാവസ്ഥയില്‍ കഴിഞ്ഞിരുന്ന, ജനസംഖ്യയുടെ കാല്‍ഭാഗത്തിനും പോഷകാഹാര സൂചികയിലേക്ക് ഉയരാന്‍ കഴിഞ്ഞു. ഒരു താരതമ്യവിശകലനത്തിലൂടെ മാത്രമേ ഇതിന്റെ വര്‍ധിച്ച പ്രാധാന്യം വെളിപ്പെടുകയുള്ളൂ. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍, 1993-94 കാലഘട്ടത്തില്‍, യഥാക്രമം ആകെ ജനസംഖ്യയുടെ 36, 38, 43 ശതമാനം മനുഷ്യര്‍ക്ക് ഒരുദിവസം 1800 കലോറിപോലും ലഭിച്ചിരുന്നില്ല. ഭീതിദമായ യുദ്ധകാലാവസ്ഥയെയും അതിനെത്തുടര്‍ന്നുണ്ടായ കടുത്ത ഭക്ഷ്യക്ഷാമത്തെയും ദാരിദ്ര്യത്തെയും പട്ടിണിയെയും പരിവട്ടങ്ങളെയും അഭിമുഖീകരിക്കേണ്ടിവന്ന ഒരു സംസ്ഥാനത്തിന്, പാവപ്പെട്ട മനുഷ്യരുടെ ജീവിതാവസ്ഥകളില്‍ ഗംഭീരമായ മാറ്റവും പുരോഗതിയും കൈവരുത്താന്‍ കഴിഞ്ഞു എന്നത് സവിശേഷതയും പ്രാധാന്യവുമര്‍ഹിക്കുന്ന ഒരു വലിയ നേട്ടമാണ്. 1977-78 കാലഘട്ടത്തില്‍, ഗ്രാമീണബംഗാളിലെ 67%ത്തിലധികം പേര്‍ക്കും ഒരുദിവസം 2100 കലോറി പോലും ആര്‍ജിക്കാനായിരുന്നില്ല. പതിനഞ്ചുവര്‍ഷങ്ങള്‍ക്കുശേഷം ഈ അവസ്ഥ 42%മായി കുറഞ്ഞു. അതുപോലെ നഗരപ്രദേശങ്ങളിലെ ദാരിദ്ര്യാവസ്ഥയ്ക്കും നല്ലരീതിയിലുള്ള കുറവ് സംഭവിച്ചു. 1800 കലോറി പോലും ലഭ്യമല്ലായിരുന്ന അവസ്ഥയില്‍നിന്നും, 1993-94 കാലഘട്ടത്തില്‍ അത് 18 ശതമാനമായി കുറഞ്ഞു. ഏതൊരു സംസ്ഥാനത്തെയും നഗരപ്രദേശങ്ങളെക്കാള്‍ വളരെ കുറഞ്ഞ അളവാണിത്. നവ ഉദാരവല്‍ക്കരണനയങ്ങള്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പിക്കപ്പെട്ടു തുടങ്ങിയ 1991കള്‍ക്കുശേഷം കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും പൊതുജനവികസന പരിപ്രേക്ഷ്യത്തില്‍ കടുത്ത വൈരുദ്ധ്യങ്ങള്‍ പ്രകടമാകാന്‍ തുടങ്ങി. നികുതിയുമായി ബന്ധപ്പെട്ടുള്ള അധികഘടനയില്‍ കേന്ദ്രസര്‍ക്കാര്‍ ഗണ്യമായ കുറവുവരുത്തി. വായ്പകള്‍ക്ക് അമിതമായ പലിശ ഈടാക്കുന്ന പ്രവണതയും വളര്‍ന്നുതുടങ്ങി. കേന്ദ്രസര്‍ക്കാരിന്റെ നിയമവ്യവസ്ഥകള്‍ക്ക് അനുസൃതമായി പൊതുചെലവുകളില്‍ കുറവുവരുത്താന്‍ പശ്ചിമബംഗാളിനും നിര്‍ബന്ധിതമാകേണ്ട അവസ്ഥ സംജാതമായി.
ബാബറി പള്ളിയുടെ അടിച്ചുതകര്‍ക്കലിനും എല്ലായിടങ്ങളിലും ബിജെപി നേടിയ ഉയര്‍ന്നുപൊങ്ങലുകള്‍ക്കും ശേഷം, ബംഗാളികള്‍ വര്‍ഗീയ മനസ്സുള്ളവരല്ലെന്നുള്ള വളരെ വിമര്‍ശനരഹിതമായ ഒരഭിപ്രായം ഒരു യുവ ബംഗാളി ബുദ്ധിജീവിയില്‍നിന്നും ഈ ലേഖിക കേള്‍ക്കാനിടയായി. ബംഗാളികള്‍ മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങളെപ്പോലെയല്ല. അതുകൊണ്ട് വലതുപക്ഷ വര്‍ഗീയശക്തികള്‍ക്ക് ബംഗാളിന്റെ മണ്ണില്‍ തലയുയര്‍ത്താനാവില്ല. ഇതായിരുന്നു ആ ബുദ്ധിജീവിയുടെ നിലപാട്. ഇത്തരം നിലപാടുകള്‍ യഥാര്‍ഥത്തില്‍ ബംഗാളിലെ വര്‍ഗീയ-വംശീയ പ്രസ്ഥാനങ്ങളുടെ ശക്തിയെ കുറച്ചുകാണലാണ്. വിഭജനകാലത്ത് ബംഗാളില്‍ സംഭവിച്ച അതിമാരകമായ വര്‍ഗീയകലാപങ്ങളെ മറന്നുകൊണ്ടുള്ള നിലപാടിണിത്. അതുപോലെ വര്‍ഗീയശക്തികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതിക്കൊണ്ടിരിക്കുന്ന ഇടതുപക്ഷത്തിന്റെ പങ്കിനെക്കുറിച്ചും ഈ നിലപാട് മൌനം പാലിക്കുന്നു. പുരോഗമന ചിന്താരീതികളെ വ്യാപിപ്പിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും ഇടതുപക്ഷം സമാനതകളില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതുകൊണ്ടാണ് ഇത്തരം വര്‍ഗീയശക്തികളെ ഓരങ്ങളിലേക്ക് ഒതുക്കാന്‍ കഴിഞ്ഞിട്ടുള്ളത്. എന്നാല്‍ ഇത്തരം ശക്തികളെ പൂര്‍ണ്ണമായും പരാജയപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന വസ്തുതയും മറച്ചുപിടിക്കപ്പെടരുത്. ഹിന്ദുമഹാസഭയുടെ നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നുവന്ന വ്യക്തി ബംഗാളിയായിരുന്നു എന്ന വസ്തുത ഓര്‍മിക്കപ്പെടണം. ഈ ഹിന്ദുമഹാസഭയാണ് ജനസംഘത്തിന് രൂപം നല്‍കിയത്. ആ ജനസംഘമാണ് 1970കളില്‍ ബിജെപിയായി രൂപംമാറിയത്. ആനന്ദ്മാര്‍ഗ്, അമ്രബംഗാളി തുടങ്ങിയ തീവ്രവലതുപക്ഷ വംശീയപ്രസ്ഥാനങ്ങള്‍ ഉദയംകൊണ്ടതും ബംഗാളിലാണെന്ന കാര്യം മറക്കരുത്. ഇടതുപക്ഷമുന്നണിയുടെ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷമാണ് ഇത്തരം വര്‍ഗീയശക്തികള്‍ക്ക് ബംഗാളിന്റെ മണ്ണില്‍ ഇടം കിട്ടാതെപോയത്. ഇത്തരം വര്‍ഗീയശക്തികളെയും അവയുടെ ആക്രമണസ്വഭാവത്തെയും പ്രതിനിധീകരിക്കുന്ന രാഷ്ട്രീയസ്ഥാപനങ്ങളെ 'സംസ്കാരശൂന്യര്‍' (Uncivilised) എന്നാണ് ജ്യോതിബസു വിളിച്ചിരുന്നത്. ഏറ്റവും ഉദാത്തനായ ഒരു മനുഷ്യനില്‍ നിന്നുണ്ടായ ഈ വിശേഷണം ബിജെപി നേതാക്കന്മാരെ ചൊടിപ്പിച്ചിരുന്നു. ബംഗാളിന്റെ സാമുദായിക സൌഹാര്‍ദത്തെ തകര്‍ത്തെറിയാനുള്ള വലതുപക്ഷ വര്‍ഗീയശക്തികളുടെ എല്ലാ പരിശ്രമങ്ങളെയും വളരെ ധീരതയോടെ തച്ചുതകര്‍ക്കാന്‍ ജ്യോതിബസുവിന് കഴിഞ്ഞിരുന്നു. ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും വര്‍ഗീയകലാപങ്ങളും വംശഹത്യകളും കത്തിപ്പടര്‍ന്നപ്പോള്‍ 1984ല്‍ ഇന്ത്യയുടെ തലസ്ഥാനനഗരിപോലും അതിന് വേദിയായി തീര്‍ന്നു അതേസമയം മൂന്ന് പതിറ്റാണ്ടുകാലമായി ന്യൂനപക്ഷസമൂഹത്തിലെ മനുഷ്യര്‍ മനഃസമാധാനത്തോടെ ബംഗാളില്‍ കഴിയുന്നു. കാരണം ബംഗാള്‍ വര്‍ഗീയകലാപങ്ങളില്‍നിന്നും സ്വതന്ത്രമാണ്. ജ്യോതിബസുവും അദ്ദേഹം നയിച്ച പ്രസ്ഥാനവും നേടിയെടുത്ത ഗംഭീരനേട്ടമായി ഇത് തുടരുന്നു.
തന്റെ ആപ്തവാക്യം ജ്യോതിബസു ഇങ്ങനെ കുറിച്ചിടുന്നു-
'ജനങ്ങളുടെ സ്നേഹമല്ലാതെ അതിനേക്കാള്‍ മൂല്യവത്തായി ഈ ലോകത്ത് മറ്റൊന്നുമില്ല. മഹത്തായ ഒരു ലക്ഷ്യത്തിനുവേണ്ടി ഞങ്ങളുടെ ജീവിതങ്ങളെ ത്യജിക്കാന്‍ ഞങ്ങള്‍ സദാസന്നദ്ധമാണ്'. ചൂഷിതര്‍ക്കുവേണ്ടി ഉഴിഞ്ഞുവച്ചൊരു ജീവിതം; പോരാട്ടങ്ങളില്‍ തിളങ്ങിയ ജീവിതം. എത്ര മഹത്തരമായ ഒരു ജീവിതമായിരുന്നു അത്. അനുകരിക്കപ്പെടേണ്ട ജീവിതം. എന്നാല്‍ അനുകരിക്കാന്‍ അസാധ്യവും.
*
പ്രൊഫ. ഉല്‍സ പട്നായിക് (പരിഭാഷ: പി എസ് പൂഴനാട്) കടപ്പാട്: ചിന്ത വാരിക 21 ജനുവരി 2011
Subscribe to:
Post Comments (Atom)
1 comment:
ജ്യോതിബസുവിന്റെ ജീവിതവും രാഷ്ട്രീയപ്രവര്‍ത്തനവും സുദീര്‍ഘമായ ഒരു കാലഘട്ടത്തെ ആവേശഭരിതമാക്കിക്കൊണ്ടാണ് നിറഞ്ഞുനിന്നത്.കുട്ടിക്കാലം കല്‍ക്കത്തയിലായിരുന്നു. ഒന്നാം ലോക മഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. 1920കളില്‍ സ്കൂള്‍ വിദ്യാഭ്യാസം. സെന്റ് സേവ്യേഴ്സ് കോളേജിലും പിന്നീട് പ്രസിഡന്‍സി കോളേജിലും വിദ്യാര്‍ഥിയായിരുന്ന കാലഘട്ടം, ഇന്ത്യയെയും ലോകത്തെയും മഹാസാമ്പത്തികമാന്ദ്യം കാര്‍ന്നുതിന്നുകൊണ്ടിരുന്ന കാലഘട്ടം കൂടിയായിരുന്നു. സാമ്പത്തികവും വിദ്യാഭ്യാസപരവുമായി മുന്നില്‍ നിന്നിരുന്ന കുടുംബങ്ങളിലെ കുട്ടികള്‍ അക്കാലങ്ങളില്‍ ചെയ്തിരുന്നതുപോലെ ബസുവും ബാരിസ്റ്റര്‍ പഠനത്തിനായി ഇംഗ്ളണ്ടിലേക്ക് യാത്രയായി. ബിരുദം നേടുകയുംചെയ്തു. സാമ്പത്തിക പ്രതിസന്ധികളില്‍ ഉഴറിയിരുന്ന ഇംഗ്ളണ്ടിലാണ് 1935 മുതല്‍ നാലുവര്‍ഷക്കാലം അദ്ദേഹം ചെലവഴിച്ചത്. അതോടൊപ്പം യൂറോപ്പില്‍ ഫാസിസം ഉയര്‍ന്നുപൊങ്ങിയ കാലഘട്ടം കൂടിയായിരുന്നു അത്. ഇതെല്ലാം ബസുവിന്റെ ധിഷണയെ മാറ്റിമറിച്ചു. അദ്ദേഹം മാര്‍ക്സിസത്തിന്റെ ശക്തനായ അനുയായിത്തീര്‍ന്നു. രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ തീച്ചുളകളിലേക്ക് അദ്ദേഹം കാലെടുത്തുവച്ചു.
Post a Comment