"ഈ പ്രക്രിയ ഇനി ഒരിക്കലും ആര്‍ക്കും പിന്തിരിപ്പിക്കാനാവാത്തതാണ് എന്ന് എനിക്ക് ഉറപ്പുണ്ട്. മാറ്റത്തിന്റേതും ഉടച്ചുവാര്‍ക്കലിന്റേതും വിപ്ളവത്തിന്റേതുമായ ഈ പ്രസ്ഥാനത്തെ ആര്‍ക്കും തടഞ്ഞുനിര്‍ത്താനുമാവില്ല. ഇതിന്റെ ദിശമാറാനുള്ള സാധ്യതയുമുണ്ട്. ഇത് മറ്റൊരു പാതയിലേക്ക് വഴി തിരിയും''. 2002ല്‍ വെനസ്വേലയിലെ ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അമേരിക്കന്‍ പിന്തുണയോടെ ഒരു സംഘം സൈനികമേധാവികളും വലതുപക്ഷ രാഷ്ട്രീയക്കാരും നടത്തിയ നീക്കം പരാജയപ്പെടുത്തപ്പെട്ടതിനുശേഷം ലാറ്റിന്‍ അമേരിക്കയിലെ പ്രശസ്ത ഇടതുപക്ഷ ചിന്തകരില്‍ ഒരാളായ മാര്‍ത്താ ഹര്‍ണേക്കര്‍, ഹ്യൂഗോ ഷാവേസുമായി നടത്തിയ അഭിമുഖത്തില്‍ ഷാവേസ് തികഞ്ഞ ആത്മവിശ്വാസത്തോടെ പറഞ്ഞ വാക്കുകളാണിത്. (Understanding the Venezuelan Revolution Hugo Chavez Talk on Marta Harnecker. Page 103)
സ്വന്തം അടുക്കളമുറ്റമായി കരുതിയിരുന്ന ലാറ്റിന്‍ അമേരിക്കയില്‍ (തെക്കേ അമേരിക്കയും മധ്യഅമേരിക്കയും കരീബിയന്‍ ദ്വീപുകളും) അമേരിക്കയുടെ പിടി അയഞ്ഞുപോകുന്നതിന്റെയും അവിടെ സാമ്രാജ്യത്വത്തിനും നവലിബറല്‍ മുതലാളിത്തത്തിനും എതിരായ ഈടുറ്റ ബദലുകള്‍ വളര്‍ന്നുവരുന്നതിന്റെയും കാഴ്ചയാണ് 21-ാം നൂറ്റാണ്ടിലെ ആദ്യ ദശകത്തിന്റെ ആവേശകരമായ സവിശേഷത.
"പശ്ചിമാര്‍ദ്ധഗോളത്തിലെ ഏതെങ്കിലുമൊരു രാജ്യത്തെ നിയന്ത്രിക്കാന്‍ ഏതെങ്കിലും ഒരു യൂറോപ്യന്‍ ശക്തി മുതിരുകയാണെങ്കില്‍ അത് അമേരിക്കയ്ക്കെതിരായുള്ള ശത്രുതാപരമായ നടപടിയായി കണക്കാക്കപ്പെടും'' എന്ന അമേരിക്കന്‍ പ്രസിഡന്റ് ജയിംസ് മണ്‍റോയുടെ 1823ലെ നയപ്രഖ്യാപനത്തോടെയാണ് ലാറ്റിന്‍ അമേരിക്കയില്‍ ഇടപെടാനും പിടിമുറുക്കാനും അമേരിക്ക തുടക്കമിട്ടത്. 1904-ലെ പ്രസിഡന്റ് തിയഡോര്‍ റൂസ്വെല്‍റ്റിന്റെ പ്രസ്താവനയോടെ സംഗതി കുറെക്കൂടി സ്പഷ്ടമായി: "ഒരു ലാറ്റിന്‍ അമേരിക്കന്‍ രാജ്യം ഗൌരവതരമായ തെറ്റുചെയ്താല്‍ അമേരിക്കയ്ക്ക് ആ രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാനുള്ള അവകാശമുണ്ടായിരിക്കും.'' മണ്‍റോ സിദ്ധാന്തവും റൂസ്വെല്‍റ്റിന്റെ അനുബന്ധവുമാണ് അമേരിക്ക ഇന്നും ലാറ്റിന്‍ അമേരിക്കയില്‍ പിന്തുടരാന്‍ ശ്രമിക്കുന്നത്.
രണ്ടാംലോക യുദ്ധാനന്തരം 1954-ല്‍ ഗ്വാട്ടിമാലയില്‍ ജേക്കബ് അര്‍ബന്‍സിന്റെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിക്കൊണ്ട് അമേരിക്ക ഈ നയം നടപ്പാക്കുകയാണുണ്ടായത്. ജനാധിപത്യവും ജനഹിതവും തലപൊക്കാന്‍ അനുവദിക്കാതെ, സൈനികസ്വേച്ഛാധിപതികളെ ഒന്നിനു പിറകെ ഒന്നായി വാഴിച്ചുകൊണ്ട് അമേരിക്കന്‍ ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളുടെ വിഹാരരംഗമായി അമേരിക്ക ലാറ്റിന്‍ അമരിക്കയെ നിലനിര്‍ത്തിവരികയായിരുന്നു. 1959ലെ ക്യൂബന്‍ വിപ്ളവം അമേരിക്കയുടെ ഈ നീക്കത്തിനേറ്റ കനത്ത തിരിച്ചടിയായിരുന്നു. ഇനി 'മറ്റൊരു ക്യൂബയെയും' ഈ ഭൂഖണ്ഡത്തില്‍ വച്ചുവാഴിക്കില്ല എന്നതായി തുടര്‍ന്നുള്ള അമേരിക്കന്‍ നയം. 1970കളുടെ തുടക്കത്തില്‍ ചിലിയില്‍ സാല്‍വദോര്‍ അലന്‍ഡെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ എത്തിയപ്പോള്‍ 1973 സെപ്റ്റംബര്‍ 11ന് പട്ടാള അട്ടിമറിയിലൂടെ ആ ഇടതുപക്ഷ സര്‍ക്കാരിനെയും അട്ടിമറിക്കുവാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞു. നിക്കരാഗ്വയിലെയും എല്‍സാല്‍വദോറിലെയും ഇടതുപക്ഷ മുന്നേറ്റങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാന്‍ 1980കളില്‍ അമേരിക്കയ്ക്ക് സാധിച്ചു. അമേരിക്കയുടെ ഈ വിജയ ഗര്‍വിനാണ് ഇപ്പോള്‍ തുടര്‍ച്ചയായി തിരിച്ചടി ഏറ്റുകൊണ്ടിരിക്കുന്നത്.
നവലിബറല്‍ നയങ്ങളുടെ പരീക്ഷണശാലയായിരുന്നു ലാറ്റിന്‍അമേരിക്ക. മാര്‍ഗററ്റ് താച്ചര്‍ ബ്രിട്ടനില്‍ ഈ നയങ്ങള്‍ നടപ്പിലാക്കാന്‍ ആരംഭിക്കുന്നതിനുമുമ്പ് ചിലിയിലാണ് ഇത് പരീക്ഷിക്കപ്പെട്ടത്. ചിലിയില്‍ ജനറല്‍ പിനോഷെയുടെ നേതൃത്വത്തില്‍ അരങ്ങേറിയ രക്തരൂഷിതമായ അട്ടിമറിയെത്തുടര്‍ന്ന് സൈനിക സ്വേച്ഛാധിപത്യത്തിന്‍കീഴിലാണ് നവലിബറല്‍ നയങ്ങള്‍ പരീക്ഷണവിധേയമാക്കിയത്. തുടര്‍ന്ന് അത് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലാകെ പരീക്ഷിക്കപ്പെടുകയുണ്ടായി-പട്ടാളവാഴ്ചകള്‍ക്കും ഏകാധിപതികള്‍ക്കും കീഴിലായിരുന്നു പരീക്ഷണം. എന്നാല്‍ നവലിബറല്‍ നയങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ് പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ചതും വിജയകരമായ ബദലുകള്‍ ഉയര്‍ന്നുവന്നതും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍തന്നെയായിരുന്നു. സ്വേച്ഛാധിപത്യവാഴ്ചകള്‍ക്കെതിരായ പോരാട്ടവുമായി ഇഴുകിച്ചേര്‍ന്നുകൊണ്ടാണ് അവ ഉയര്‍ന്നുവന്നത്
1989-ല്‍ ബെര്‍ലിന്‍ മതില്‍ തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന്, സോവിയറ്റ് യൂണിയന്റെയും സോഷ്യലിസ്റ്റ് ചേരിയുടെയും പതനത്തെയും ശിഥിലീകരണത്തെയും തുടര്‍ന്ന്, സോഷ്യലിസത്തിന്റെ കഥകഴിഞ്ഞുവെന്നും നവലിബറല്‍ മുതലാളിത്തമല്ലാതെ അതിന് മറ്റൊരു ബദലുമില്ല എന്നും ചരിത്രത്തിലെ അവസാനത്തെ സാമൂഹ്യവ്യവസ്ഥയാണ് ഇതെന്നും മൂലധനശക്തികളും അവരുടെ വൈതാളികരായ ബുദ്ധിജീവികളും തിമിര്‍ത്താടുകയാണുണ്ടായത്. നാശത്തിന്റെയും പഴമയുടെയും അത്തരം പ്രവാചകരെ അന്ധാളിപ്പിച്ചുകൊണ്ടാണ് ലാറ്റിന്‍ അമേരിക്കയില്‍ പുതിയ രൂപങ്ങളിലും ഭാവങ്ങളിലും ഇടതുപക്ഷം സോഷ്യലിസംതന്നെ ബദല്‍ എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഉയര്‍ന്നുവന്നത്.
ബര്‍ലിന്‍ മതില്‍ തകര്‍ക്കപ്പെട്ട 1989ല്‍ തന്നെയാണ്, 21-ാം നൂറ്റാണ്ടിലെ സോഷ്യലിസത്തിനായുള്ള പോരാട്ടത്തിന്റെ ബീജാവാപവും നടന്നത് എന്ന വസ്തുത ചരിത്രത്തിലെ വിരോധാഭാസങ്ങളില്‍ ഒന്നാണ്. 1989 ഫെബ്രുവരി 27നാണ് ഐഎംഎഫ് കുറിപ്പടിപ്രകാരമുള്ള നവലിബറല്‍ സാമ്പത്തികനയങ്ങള്‍ക്കെതിരെ വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസില്‍ ജനകീയ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത്. ബസ് യാത്രക്കൂലി 100 ശതമാനംകണ്ട് കുത്തനെ വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് കാരക്കാസില്‍ ആരംഭിച്ച കലാപം മണിക്കൂറുകള്‍ക്കുള്ളില്‍ വെനസ്വേലയിലെ പട്ടണങ്ങളിലാകെ പടര്‍ന്നുപിടിക്കുകയാണുണ്ടായത്. പതിനായിരക്കണക്കിന് ആളുകളാണ് ഓരോ പട്ടണത്തിലും, വീടുവിട്ട് തെരുവിലിറങ്ങിയത്. "ജനങ്ങളുടെ ഉത്സവമാണ് വിപ്ളവം'' എന്ന ലെനിന്റെ വാക്കുകളെ അന്വര്‍ത്ഥമാക്കുംവിധമായിരുന്നു വെനസ്വേലന്‍ തെരുവുകളിലെ കലാപം. ജനക്കൂട്ടം ബസ്സുകള്‍ക്ക് തീകൊടുക്കുകയും കടകളും സൂപ്പര്‍മാര്‍ക്കറ്റുകളും കൊള്ളയടിച്ച് ആഹാരസാധനങ്ങളും വസ്ത്രങ്ങളും മറ്റും കൈക്കലാക്കുകയും ചെയ്തു. "കുന്നിന്‍പുറങ്ങളില്‍നിന്നും ചേരികളില്‍നിന്നും ദരിദ്രര്‍ താഴേക്കിറങ്ങിയദിവസം'' എന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. പതിറ്റാണ്ടുകളായി തങ്ങളില്‍നിന്ന് തട്ടിപ്പറിച്ച് എടുത്തവയുടെ ഒരു ചെറിയ ഭാഗം തിരിച്ചുപിടിച്ച് പുനര്‍ വിതരണം നടത്തി സാമൂഹ്യനീതി നടപ്പാക്കുകയായിരുന്നു അന്ന് എന്നാണ് ദരിദ്രരായ വെനസ്വേലന്‍ ജനതയുടെയും അവരുടെ പ്രസ്ഥാനങ്ങളുടെയും അഭിപ്രായം. പട്ടാളത്തെ ഇറക്കിയാണ് ഈ കലാപത്തെ അടിച്ചമര്‍ത്തിയത്. "ചലിക്കുന്ന എന്തിനെയും വെടിവെച്ചിടാ''നാണ് പ്രസിഡന്റ് കാര്‍ലോസ് ആന്ദ്രേ പെരെസ് പട്ടാളത്തിന് നല്‍കിയ ഉത്തരവ്. ആയിരക്കണക്കിനാളുകളാണ് പട്ടാളത്തിന്റെ തേര്‍വാഴ്ചയില്‍ കൊല്ലപ്പെട്ടത്. സമ്പന്നന്റെ 'ജനാധിപത്യ'ത്തിന്റെ ഭീകരമായ തനിനിറമാണ് വെനസ്വേലയിലെ ജനങ്ങള്‍ക്കുമുന്നില്‍ അന്ന് തുറന്നു കാട്ടപ്പെട്ടത്. "വെനസ്വേലയില്‍ പഴയ ഭരണത്തിന്റെ അന്ത്യത്തിന്റെ ആരംഭം'' എന്നാണ് പ്രസിദ്ധ മാധ്യമപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ റിച്ചാര്‍ഡ് ഗോട്ട് കാരക്കാസിലെ കലാപത്തെ വിശേഷിപ്പിച്ചത് (ഞശരവമൃറ ഏീ, കി വേല ടവമറീം ീള വേല ഘശയലൃമീൃ). എന്നാല്‍ ബര്‍ലിന്‍ മതില്‍ തകര്‍ക്കപ്പെട്ടതിനെ ആഘോഷമാക്കുകയും ചരിത്രത്തില്‍ ഇടം കണ്ടെത്തുകയും ചെയ്ത മാധ്യമങ്ങള്‍ കാരക്കാസിലെ കലാപത്തിനുനേരെ കണ്ണടയ്ക്കുകയും അതിനെ തമസ്കരിക്കുകയുമാണുണ്ടായത്. പക്ഷേ മാധ്യമങ്ങള്‍ കണ്ണടച്ചതുകൊണ്ടുമാത്രം ഇരുട്ടാവില്ലല്ലോ. കാരക്കാസോ അഥവാ സാക്കുഡോണ്‍ (വലിയ കലാപം) എന്നറിയപ്പെട്ട ഈ ജനകീയ പോരാട്ടത്തിന്റെ 10-ാം വര്‍ഷത്തില്‍ ഹ്യൂഗോ ഷാവേസ് വെനസ്വേലയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
ലാറ്റിന്‍ അമേരിക്കന്‍ വിമോചന പോരാളി ആയിരുന്ന സൈമണ്‍ ബൊളിവറുടെ 200-ാം ജന്മവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വെനസ്വേലന്‍ സൈന്യത്തിനുള്ളില്‍ ഹ്യൂഗോഷാവേസിന്റെ നേതൃത്വത്തില്‍ ഒരു സംഘം യുവ സൈനിക ഓഫീസര്‍മാര്‍ ചേര്‍ന്ന് അതീവരഹസ്യമായി രൂപീകരിച്ച ബൊളിവേറിയന്‍ വിപ്ളവ പ്രസ്ഥാനമാണ് ഫിഫ്ത് റിപ്പബ്ളിക് മൂവ്മെന്റ് എന്ന പേരില്‍ ജനകീയ പ്രസ്ഥാനമായി വളര്‍ന്ന് 1998ലെ തെരഞ്ഞെടുപ്പില്‍ 56 ശതമാനം വോട്ടുനേടി ഷാവേസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടാന്‍ അവസരമൊരുക്കിയത്. അതിനുശേഷം 16 തെരഞ്ഞെടുപ്പുകളെയാണ് ഷാവേസും ബൊളിവേറിയന്‍ വിപ്ളവപ്രസ്ഥാനവും (ഇപ്പോള്‍ യുണൈറ്റഡ് സോഷ്യലിസ്റ്റ്പാര്‍ടി ഓഫ് വെനസ്വേല) നേരിട്ടത്. ഇതില്‍ 2007ല്‍ നടന്ന ഭരണഘടനാഭേദഗതിക്കായുള്ള ഹിതപരിശോധനയില്‍ ഒഴികെ 15 തവണയും ഷാവേസും ഇടതുപക്ഷവും തന്നെയാണ് വിജയിച്ചത്. ഹിതപരിശോധനയില്‍ നേരിയ വ്യത്യാസത്തിന് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഭരണഘടനാ ഭേദഗതികളില്‍ വീണ്ടും മാറ്റം വരുത്തുകയും ഒരു വട്ടം കൂടി ഹിതപരിശോധന നടത്തി വിജയശ്രീ ലാളിതനാവുകയുമാണുണ്ടായത്.
വെനസ്വേലയില്‍ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം വമ്പിച്ച തോതിലുള്ള ജനകീയ പങ്കാളിത്തവും ഉണ്ടായിരുന്നു. ഏറ്റവും ഒടുവില്‍ 2010ല്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 66.45% പേരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. വെനസ്വേലയെ ഏകാധിപത്യ രാജ്യമായി മുദ്രകുത്തുന്ന അമേരിക്കയിലാകട്ടെ 50 ശതമാനം ആളുകള്‍ എങ്കിലും വോട്ടുചെയ്ത ചരിത്രം അപൂവ്വങ്ങളില്‍ അപൂര്‍വ്വമായിരിക്കും. 2010 സെപ്റ്റംബറില്‍ നടന്ന തെരഞ്ഞെടുപ്പിലും ഇടതുപക്ഷം വിജയം ആവര്‍ത്തിച്ചെങ്കിലും വോട്ടും സീറ്റും കുറഞ്ഞത് ലോകമെങ്ങുമുള്ള ബൂര്‍ഷ്വാ മാധ്യമങ്ങള്‍ ദിവസങ്ങളോളം ആഘോഷിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പ്രതിപക്ഷം ഭിന്നിച്ച് നില്‍ക്കുകയായിരുന്നു. എന്നു മാത്രമല്ല, അവസാനഘട്ടത്തില്‍ പ്രധാന പ്രതിപക്ഷകക്ഷികള്‍ തെരഞ്ഞെടുപ്പുരംഗത്തുനിന്ന് പിന്മാറുകയും ചെയ്തിരുന്നു. മാത്രമല്ല, ഇപ്പോള്‍ യുണൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ടിയില്‍നിന്ന് ഒരു വിഭാഗം വിഘടിച്ച് പ്രത്യേകം മത്സരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇടതുപക്ഷത്തിന് പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാനായില്ല എന്നത് തിരിച്ചടിയാണെന്നതില്‍ സംശയമില്ല. കാരണം, തടസ്സം കൂടാതെ പുരോഗമനപരമായ നയങ്ങള്‍ നടപ്പാക്കണമെന്നുണ്ടെങ്കില്‍ പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം അനിവാര്യമാണ്. എന്നാലും, 65 അംഗ പാര്‍ലമെന്റില്‍ 96 സീറ്റ് കരസ്ഥമാക്കാന്‍ ഇടതുപക്ഷ സഖ്യത്തിന് കഴിഞ്ഞത് വലിയ നേട്ടമായിത്തന്നെയാണ് കരുതപ്പെടുന്നത്. കാരണം, അമേരിക്ക ആളും അര്‍ത്ഥവും നല്‍കി നേരിട്ട് ഇടപെട്ട ഒരു തെരഞ്ഞെടുപ്പായിരുന്നു ഇത്. പ്രതിപക്ഷത്തെ കൂട്ടി യോജിപ്പിക്കുന്നതിലും അവരുടെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിലുമെല്ലാം അമേരിക്കയുടെ പ്രത്യക്ഷത്തിലുള്ള ഇടപെടലുകള്‍ ഉണ്ടായിരുന്നതായി തെളിയിക്കപ്പെട്ട റിപ്പോര്‍ട്ടുകളുണ്ട്. അതിനുപുറമെയാണ് അമേരിക്കന്‍ പണം ഒഴുകിയെത്തിയത്. 2003നും 2009നും ഇടയ്ക്ക് അന്താരാഷ്ട്ര വികസനത്തിനായുള്ള അമേരിക്കന്‍ ഏജന്‍സി (USAID) വെനസ്വേലയില്‍ ഫണ്ട് കൊടുക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം 66ല്‍നിന്ന് 623 ആയി വര്‍ദ്ധിച്ചു. 200 കോടി ഡോളറാണ് ഇതിനായി ചെലവഴിക്കപ്പെട്ടത്. സര്‍ക്കാരിതര ഏജന്‍സികളിലൂടെ ഒഴുകിയെത്തുന്ന ഈ പണം ഇടതുപക്ഷ വിരുദ്ധ പ്രചരണത്തിനും അട്ടിമറികള്‍ക്കുമായാണ് വിനിയോഗിക്കപ്പെടുന്നത്. 2010ല്‍ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുകൊണ്ടുമാത്രം 5 കോടിയില്‍ അധികം ഡോളര്‍ അമേരിക്ക വെനസ്വേലയില്‍ ചെലവഴിച്ചതായാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. അമേരിക്കന്‍ മാധ്യമങ്ങളുടെ പിന്തുണയോടെ വെനസ്വേലയിലെ സ്വകാര്യ മാധ്യമങ്ങള്‍ നടത്തിയ ഷാവേസ് വിരുദ്ധ നുണപ്രചരണങ്ങളും ഈ തെരഞ്ഞെടുപ്പില്‍ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്.
2002ലെ പരസ്യമായ സൈനിക അട്ടിമറി നീക്കം ഉള്‍പ്പെടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള നിരവധി അട്ടിമറി നീക്കങ്ങളെ അതിജീവിച്ചാണ് വെനസ്വേലയില്‍ ഷാവേസിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷം ശക്തമായ മുന്നേറ്റം നടത്തുന്നത്. 2002 ആയപ്പോള്‍ ക്യൂബയ്ക്കും വെനസ്വേലയ്ക്കും പുറമെ ചിലിയില്‍ റിക്കാര്‍ഡോ ലാഗോസും ബ്രസീലില്‍ ലൂയി ഇനാഷ്യോ ഡ സില്‍വയും തെരഞ്ഞെടുക്കപ്പെട്ടതോടെ ലാറ്റിന്‍ അമേരിക്കയില്‍ ഇടതുപക്ഷ മുന്നേറ്റം കൂടുതല്‍ കരുത്തുറ്റതായി. 2003ല്‍ അര്‍ജന്റീനയില്‍ നെസ്റ്റര്‍ കിര്‍ച്ച്നര്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 2005ല്‍ ഉറുഗ്വേയില്‍ സംയുക്ത ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി തബാരെ വാസ്ക്വെസും 2006ല്‍ ബൊളീവിയയില്‍ ഇവൊ മൊറേത്സും ഇക്വഡോറില്‍ റാഫേല്‍ കോറിയയും നിക്കരാഗ്വയില്‍ ഡാനിയല്‍ ഒര്‍ടേഗയും തെരഞ്ഞെടുക്കപ്പെട്ടു. 2007ല്‍ ഗ്വാട്ടിമാലയില്‍ അല്‍വാരൊ കൊളോമിന്റെയും ഹോണ്ടുറാസില്‍ സെലായയുടെയും 2008 പരാഗ്വയില്‍ ഫെര്‍നാന്‍ഡൊ ലൂഗോയുടെയും 2009ല്‍ എല്‍ സാല്‍വദോറില്‍ മൌറീഷ്യോ ഫ്യൂണ്‍സിന്റെയും വിജയം ലാറ്റിന്‍ അമേരിക്കയിലെ ഇടതുപക്ഷ മുന്നേറ്റം കൂടുതല്‍ വ്യാപകവും കരുത്തുറ്റതുമാക്കി. ചിലിയില്‍ റിക്കാര്‍ഡോ ലാഗോസിന്റെ പിന്‍ഗാമിയായി 2006ല്‍ മിഷേല്‍ ബാഷ്ലെയും 2007ല്‍ അര്‍ജന്റീനയില്‍ കിര്‍ച്ച്നറുടെ പിന്‍ഗാമിയായി ക്രിസ്റ്റീന ഫെര്‍ണാണ്ടസും 2009ല്‍ ഉറുഗ്വേയില്‍ വാസ്ക്വസിന്റെ പിന്‍ഗാമിയായി ഹോസെ മുഹിക്കയും തെരഞ്ഞെടുക്കപ്പെടുകയും ഇക്വഡോറില്‍ റാഫേല്‍ കോറിയയും ബൊളീവിയയില്‍ ഇവോ മൊറേത്സും വമ്പിച്ച ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തുകയും ചെയ്തത് ലാറ്റിന്‍ അമേരിക്കയില്‍ ഇടതുപക്ഷത്തിന്റെ അടിത്തറ ഉറച്ചതായി വ്യക്തമാക്കപ്പെട്ടു.
എന്നാല്‍ 2010 ആദ്യം ചിലിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മിഷേല്‍ ബാഷ്ലെ പരാജയപ്പെട്ടതും വലതുപക്ഷ സ്ഥാനാര്‍ത്ഥിയായി വ്യാവസായിക പ്രമുഖനായ സെബാസ്റ്റ്യന്‍ പെനേറ തെരഞ്ഞെടുക്കപ്പെട്ടതും കൊളംബിയയില്‍ അമേരിക്കന്‍ പിന്തുണയുള്ള വലതുപക്ഷ സ്ഥാനാര്‍ത്ഥിതന്നെ വീണ്ടും അധികാരത്തില്‍ എത്തിയതും ചൂണ്ടിക്കാട്ടി ലാറ്റിന്‍ അമേരിക്കയിലെ ഇടതുപക്ഷ മുന്നേറ്റം അസ്തമിച്ചതായി സാമ്രാജ്യത്വ മാധ്യമങ്ങള്‍ ആഘോഷിക്കാന്‍ തുടങ്ങി. അതിന്റെ ഒപ്പമാണ് ഹോണ്ടുറാസില്‍ പട്ടാളത്തിന്റെ പിന്‍ബലത്തില്‍ സെലായയെ വലതുപക്ഷം അട്ടിമറിച്ചത്. ഈ അട്ടിമറിക്കുപിന്നില്‍ സിഐഎയുടെ സജീവ ഇടപെടല്‍ ഉണ്ടായിരുന്നതായി ഇപ്പോള്‍ വിക്കിലീക്സ് രേഖകള്‍ വെളിപ്പെടുത്തിയിരിക്കുന്നു.
ഈ വലതുപക്ഷ ആഘോഷങ്ങള്‍ക്ക് തിരിച്ചടി ഏല്‍പിച്ചുകൊണ്ടാണ് വെനസ്വേലയില്‍ ഷാവേസും ബ്രസീലില്‍ ലുലയുടെ പിന്‍ഗാമിയായി ദില്‍മയും തെരഞ്ഞെടുക്കപ്പെട്ടതും ഇക്വഡോറില്‍ റാഫേല്‍ കോറിയയെ അട്ടിമറിക്കാന്‍ സുരക്ഷാ സേനയുടെ ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ നീക്കത്തെ ജനകീയ മുന്നേറ്റത്തിലൂടെ തകര്‍ത്തതും. ഇക്വഡോറിലെ അട്ടിമറി നീക്കത്തിനു പിന്നിലും അമേരിക്കയുടെയും ഇക്വഡോറിലെ വലതുപക്ഷത്തിന്റെയും സജീവമായ ഇടപെടല്‍ ഉണ്ടായിരുന്നു. ഏറ്റവും ഒടുവില്‍ ബ്രസീലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ലാറ്റിന്‍ അമരിക്കയിലെ തെരഞ്ഞെടുപ്പുകളിലും ദൈനംദിന രാഷ്ട്രീയത്തിലും കുത്തിത്തിരിപ്പുകളും അട്ടിമറിശ്രമങ്ങളും അമേരിക്ക ഇപ്പോഴും നടത്തുന്നതിന്റെ ഒട്ടേറെ തെളിവുകള്‍ ഇതിനകം വിക്കിലീക്സ് പുറത്തുകൊണ്ടുവന്നിട്ടുണ്ട്.
ലാറ്റിന്‍ അമേരിക്കയിലെ ഈ ഇടതുപക്ഷ മുന്നേറ്റങ്ങളും ഭരണങ്ങളും സമാന സ്വഭാവത്തിലുള്ളതോ സമാന രാഷ്ട്രീയ ഘടന ഉള്ളതോ അല്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പക്ഷേ നവലിബറല്‍ നയങ്ങള്‍ക്കെതിരായ പോരാട്ടങ്ങളിലൂടെയാണ് ഈ എല്ലാ രാജ്യങ്ങളിലും അധികാരമാറ്റമുണ്ടായത്. എല്ലായിടത്തും ഇടതുപക്ഷത്തിന്റേതായ ബദല്‍ മുന്നണിയോ പാര്‍ടിയോ അല്ല അധികാരത്തില്‍ എത്തിയത്. ഹോണ്ടുറാസിലും അര്‍ജന്റീനയിലും നിലവിലുള്ള ഭരണകക്ഷിയിലെ സാമ്രാജ്യത്വ വിരുദ്ധരായ ഇടതുപക്ഷ പുരോഗമന വിഭാഗത്തിന്റെ പ്രതിനിധികളാണ് ഇടതുപക്ഷത്തിന്റെകൂടി പിന്തുണയോടെ അധികാരത്തില്‍ എത്തിയത്. തൊഴിലാളിവര്‍ഗ രാഷ്ട്രീയപാര്‍ടികളും തൊഴിലാളിവര്‍ഗ്ഗ സംഘടനകളും മാത്രമല്ല ദരിദ്രരും ഇടത്തരക്കാരും ആദിവാസികളും ഉള്‍പ്പെടെയുള്ള വിവിധ വിഭാഗങ്ങളുടെ പോരാട്ടങ്ങളില്‍നിന്നാണ് ലാറ്റിന്‍ അമേരിക്കയിലെ ഇടതുപക്ഷ മുന്നേറ്റം സാധ്യമായത്. ഉദാഹരണത്തിന്, ബൊളീവിയയില്‍ കുടിവെള്ള വിതരണം സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെയും പ്രകൃതിവാതകത്തിനുമേലുള്ള നിയന്ത്രണം ബഹുരാഷ്ട്ര കുത്തകകള്‍ കൈയടക്കുന്നതിനെതിരെയും നടത്തിയ പോരാട്ടം, അര്‍ജന്റീനയില്‍ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ജീവനക്കാരും പെന്‍ഷന്‍കാരും ചെറുകിട കച്ചവടക്കാരും തൊഴില്‍ രഹിതരും തൊഴിലാളികളും ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ നടത്തിയ പോരാട്ടങ്ങള്‍, ചിലിയിലെ കറുത്ത പാന്റും വെള്ള ഷര്‍ട്ടും ധരിച്ച "പെന്‍ഗ്വിനുകള്‍'' എന്ന പേരില്‍ അറിയപ്പെട്ട വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭം, പരിസ്ഥിതി പ്രസ്ഥാനക്കാര്‍, ബ്രസീലിലെ ഭൂരഹിത കര്‍ഷകരുടെ പ്രസ്ഥാനം, ആദിവാസി പ്രക്ഷോഭം എന്നിവ. നവലിബറല്‍ നയങ്ങള്‍ ആദ്യം നടപ്പാക്കിത്തുടങ്ങിയ രാജ്യങ്ങള്‍ എന്ന നിലയില്‍ അതിന്റെ കെടുതികള്‍ക്കിരയായ ഇടത്തരക്കാരടക്കമുള്ള വലിയൊരു ജനവിഭാഗത്തിന്റെ മുന്നേറ്റമാണ് ഇന്ന് ലാറ്റിന്‍ അമേരിക്കയില്‍ കാണുന്നത്. ഇടതുപക്ഷം അധികാരത്തില്‍ എത്താത്ത മെക്സിക്കോ, കൊളമ്പിയ എന്നിവിടങ്ങളില്‍പ്പോലും ഈ ജനകീയ പ്രസ്ഥാനങ്ങളുടെ സജീവ സാന്നിധ്യവും സ്വാധീനവും കാണാവുന്നതാണ്. ഹോണ്ടുറാസിലെ പട്ടാള അട്ടിമറിക്കെതിരെയും ബൊളിവിയയിലെ വലതുപക്ഷ അട്ടിമറികള്‍ക്കെതിരെയും ക്യൂബയെ അമേരിക്കന്‍ രാഷ്ട്ര സംഘടനയില്‍ ഉള്‍പ്പെടുത്തുന്നതിനുവേണ്ടിയും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ അമേരിക്കന്‍ നിലപാടിനെതിരെ ഒറ്റക്കെട്ടായി നിന്നത് ഈ സ്വാധീനത്തിന്റെ പ്രതിഫലനമാണ്.
ഇടതുപക്ഷം അധികാരത്തില്‍ എത്തിയിട്ടുണ്ടെങ്കിലും മുതലാളിത്ത ഭരണകൂടത്തിന്റെ പരിമിതിക്കുള്ളില്‍നിന്നാണ് ഈ സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ നവലിബറല്‍ നയങ്ങള്‍ക്കുള്ള ബദല്‍ മാതൃകകള്‍ ഓരോ രാജ്യത്തെയും സാഹചര്യങ്ങള്‍ക്കും രാഷ്ട്രീയ ബലാബലത്തിനും അനുസരിച്ച് നടപ്പാക്കുന്നുണ്ട്. വെനസ്വേലയില്‍ ഭരണഘടനയില്‍ അതിവിപുലമായ മാറ്റങ്ങള്‍ വരുത്തിയപ്പോള്‍ ബൊളീവിയയിലും ഇക്വഡോറിലും കുറച്ചുകൂടി ഒത്തുതീര്‍പ്പുകള്‍ വേണ്ടിവന്നു. ബ്രസീലാകട്ടെ ക്രമാനുഗതമായി ശക്തമായ ഇടതുപക്ഷ നിലപാടിലേക്ക് നീങ്ങുകയുമാണ്. പൊതുമേഖലയ്ക്കു നല്‍കുന്ന ഊന്നല്‍, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം, ക്ഷേമപദ്ധതികള്‍, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയിലെ പൊതു ഇടപെടല്‍, സാമ്രാജ്യത്വവിരുദ്ധ നിലപാട് എന്നിവയെല്ലാമാണ് ഏറിയും കുറഞ്ഞും ഈ രാജ്യങ്ങളില്‍ നടപ്പാക്കുന്ന നയങ്ങള്‍. 21-ാം നൂറ്റാണ്ടിലെ സോഷ്യലിസത്തിലേക്കുള്ള സംക്രമണകാല ഭരണ സമ്പ്രദായങ്ങളായി ലാറ്റിന്‍ അമേരിക്കയിലെ ഈ പുതിയ മുന്നേറ്റത്തെ കാണാവുന്നതാണ്.
*
ജി വിജയകുമാര്‍ കടപ്പാട്: ചിന്ത വാരിക 21 ജനുവരി 2011
Subscribe to:
Post Comments (Atom)
2 comments:
"ഈ പ്രക്രിയ ഇനി ഒരിക്കലും ആര്‍ക്കും പിന്തിരിപ്പിക്കാനാവാത്തതാണ് എന്ന് എനിക്ക് ഉറപ്പുണ്ട്. മാറ്റത്തിന്റേതും ഉടച്ചുവാര്‍ക്കലിന്റേതും വിപ്ളവത്തിന്റേതുമായ ഈ പ്രസ്ഥാനത്തെ ആര്‍ക്കും തടഞ്ഞുനിര്‍ത്താനുമാവില്ല. ഇതിന്റെ ദിശമാറാനുള്ള സാധ്യതയുമുണ്ട്. ഇത് മറ്റൊരു പാതയിലേക്ക് വഴി തിരിയും''. 2002ല്‍ വെനസ്വേലയിലെ ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അമേരിക്കന്‍ പിന്തുണയോടെ ഒരു സംഘം സൈനികമേധാവികളും വലതുപക്ഷ രാഷ്ട്രീയക്കാരും നടത്തിയ നീക്കം പരാജയപ്പെടുത്തപ്പെട്ടതിനുശേഷം ലാറ്റിന്‍ അമേരിക്കയിലെ പ്രശസ്ത ഇടതുപക്ഷ ചിന്തകരില്‍ ഒരാളായ മാര്‍ത്താ ഹര്‍ണേക്കര്‍, ഹ്യൂഗോ ഷാവേസുമായി നടത്തിയ അഭിമുഖത്തില്‍ ഷാവേസ് തികഞ്ഞ ആത്മവിശ്വാസത്തോടെ പറഞ്ഞ വാക്കുകളാണിത്. (Understanding the Venezuelan Revolution Hugo Chavez Talk on Marta Harnecker. Page 103)
ഇതൊക്കെ നമ്മുടെ നാട്ടിലും നടക്കുമോ സഖാവേ ?
Post a Comment