നേപ്പാള്‍ രാഷ്ട്രീയത്തില്‍ ജനുവരി 15 സുപ്രധാനമായ രണ്ട് സംഭവവികാസങ്ങളുടെ ദിവസമായിരുന്നു. ഒന്ന് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള ഒറ്റയാള്‍ മല്‍സരത്തില്‍നിന്ന് പിന്മാറാന്‍ നേപ്പാളി കോണ്‍ഗ്രസ് തീരുമാനിച്ചതായിരുന്നു. രണ്ടാമത്തേത്, കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഐക്യരാഷ്ട്ര ദൌത്യസംഘം നേപ്പാളില്‍നിന്ന് വിടപറഞ്ഞതും.
കഴിഞ്ഞ മെയ് മാസം മുതല്‍ നേപ്പാളില്‍ അക്ഷരാര്‍ത്ഥത്തില്‍ ഭരണമില്ലാത്ത അവസ്ഥയാണ്. 16 തവണ പിന്നിട്ടിട്ടും ഒരു പ്രധാനമന്ത്രിയെ കണ്ടെത്താന്‍ ആയില്ല. കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ളിയിലെ ഏറ്റവും വലിയ രാഷ്ട്രീയകക്ഷിയായ മാവോയിസ്റ്റുകള്‍ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനായില്ല. മറ്റു കക്ഷികളുടെയൊന്നും പിന്തുണ ലഭിക്കാത്തതിനെ തുടര്‍ന്ന് ഏഴാമത്തെ ഘട്ടത്തില്‍ തന്നെ അവര്‍ മല്‍സരരംഗത്തുനിന്ന് പിന്മാറി. തുടര്‍ന്ന് മല്‍സരരംഗത്ത് നേപ്പാളി കോണ്‍ഗ്രസിന്റെ രാമചന്ദ്ര പൌദേല്‍ മാത്രമായി. 601 അംഗ അസംബ്ളിയില്‍ 124 അംഗങ്ങളുടെ മാത്രം പിന്തുണ ഉള്ള നേപ്പാളി കോണ്‍ഗ്രസ് വാശിയോടെ മല്‍സരരംഗത്തുനിന്നതിനാലാണ് മറ്റു മാര്‍ഗങ്ങളെക്കുറിച്ച് ആലോചിക്കാനാകാതെ നേപ്പാളില്‍ അനിശ്ചിതത്വം തുടര്‍ന്നത്. സിപിഎന്‍ (യുഎംഎല്‍) തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വോട്ട് ചെയ്യേണ്ടതില്ലെന്ന നിലപാടായിരുന്നു ഇതേവരെ സ്വീകരിച്ചിരുന്നത്. 17-ാം തവണ മല്‍സരം നടക്കുമ്പോള്‍ നേപ്പാളി കോണ്‍ഗ്രസിനെതിരെ വോട്ട് ചെയ്യാന്‍ സിപിഎന്‍ (യുഎംഎല്‍) തീരുമാനിച്ചതാണ് മല്‍സരത്തില്‍നിന്ന് പിന്മാറാന്‍ നേപ്പാളി കോണ്‍ഗ്രസിനെ നിര്‍ബന്ധിതരാക്കിയത്. മാവോയിസ്റ്റുകളും യുഎംഎല്‍ഉം ഒന്നിച്ചുനിന്നാല്‍ കേവല ഭൂരിപക്ഷം ആവുകയും നേപ്പാളി കോണ്‍ഗ്രസിന് പരാജിതരായി മല്‍സരത്തില്‍നിന്ന് പുറത്താകേണ്ടതായി വരുകയും ചെയ്യും. നേപ്പാള്‍ രാഷ്ട്രീയത്തില്‍ അവര്‍ ഒറ്റപ്പെടുന്നതിന് ഇത് ഇടയാക്കുമായിരുന്നു. അതാണ് നേപ്പാളി കോണ്‍ഗ്രസ് മല്‍സരത്തില്‍നിന്ന് പിന്മാറാന്‍ തീരുമാനിച്ചത്. ഇതോടെ സമവായത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താന്‍ അവസരം ഒരുങ്ങിയിരിക്കുന്നു.
മാവോയിസ്റ്റുകളും സിപിഎന്‍ (യുഎംഎല്‍)ഉം നേപ്പാളി കോണ്‍ഗ്രസും ചേര്‍ന്ന് ദേശീയ ഐക്യ ഗവണ്‍മെന്റ് രൂപീകരിക്കുകയും 2011 മെയ് 31 നകം പുതിയ ഭരണഘടനയ്ക്ക് രൂപം നല്‍കുകയുമാണ് നേപ്പാളിലെ രാഷ്ട്രീയ അനിശ്ചിതത്വം അവസാനിപ്പിക്കാനുള്ള കരണീയമായ മാര്‍ഗം. മാവോയിസ്റ്റുകളെ ഒറ്റപ്പെടുത്താന്‍ മറ്റുകക്ഷികളും സ്വന്തം അഭിപ്രായങ്ങളും തീരുമാനങ്ങളും മറ്റുള്ളവര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ മാവോയിസ്റ്റുകളും ശ്രമിക്കുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കാന്‍ മാത്രമേ സഹായകമാകൂ. മൂന്ന് മുഖ്യകക്ഷികള്‍ക്കും സ്വീകാര്യനായ ആളെ പ്രധാനമന്ത്രി ആയി തീരുമാനിക്കാനുള്ള പക്വതയും രാഷ്ട്രതന്ത്രജ്ഞതയും സ്വീകരിക്കുന്നതാണ് നേപ്പാളിന്റെ ജനാധിപത്യപ്രക്രിയ ശക്തിപ്പെടാന്‍ ഉപകരിക്കുക. എന്തായാലും അതിനുള്ള ചര്‍ച്ചകളാണ് അവിടെ നടക്കുന്നത്. അതിന്റെ ഫലം എന്താവുമെന്ന് കണ്ടറിയണം.
സമാധാനപ്രക്രിയ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി സംയുക്ത കരാര്‍പ്രകാരം 19,000ല്‍ അധികം അംഗസംഖ്യയുള്ള മാവോയിസ്റ്റ് സേനയുടെയും ഔദ്യോഗിക നേപ്പാള്‍ സൈന്യത്തിന്റെയും സംയോജനം നടക്കുന്നതുവരെ അവയുടെയാകെ മേല്‍നോട്ടവും നിയന്ത്രണവും ആയുധങ്ങളുടെ സൂക്ഷിപ്പും ആയിരുന്നു യുഎന്‍ ദൌത്യസംഘത്തിന് നിര്‍വഹിക്കാനുണ്ടായിരുന്നത്. എന്നാല്‍ ആ ദൌത്യം പൂര്‍ത്തിയാകുന്നതിനുമുമ്പ്, തങ്ങളുടെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് യുഎന്‍ സംഘത്തിന് നേപ്പാള്‍ വിടേണ്ടതായി വന്നിരിക്കുകയാണ്. യുഎന്‍ സംഘത്തിനുപകരമായി നേപ്പാളിലെ മുഖ്യരാഷ്ട്രീയ ശക്തികളുടെ സംയുക്ത സംവിധാനത്തിന് രൂപം നല്‍കിയിട്ടുണ്ടെങ്കിലും അതെത്രത്തോളം ഫലപ്രദമാകും എന്ന കാര്യം വ്യക്തമല്ല.
നേപ്പാളില്‍ യുഎന്‍ ദൌത്യസംഘം വരുന്നതിന് തുടക്കം മുതല്‍ ഇന്ത്യയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍ മറ്റ് മാര്‍ഗങ്ങളൊന്നും ഇല്ലാതിരുന്നതിനാല്‍ ഇന്ത്യ അത് അംഗീകരിക്കുകയാണുണ്ടായത്. നേപ്പാളിലാണെങ്കില്‍ ഔദ്യോഗികസേന തങ്ങള്‍ക്കുമേല്‍ യുഎന്‍ സംഘത്തിന്റെ നിയന്ത്രണം വരുന്നതിനെ ഇഷ്ടപ്പെട്ടിരുന്നില്ല. മാവോയിസ്റ്റുകള്‍ തങ്ങള്‍ക്ക് അത്തരം ഒരു സംരക്ഷണം ആവശ്യമാണെന്നതിനാല്‍ അതിനായി വാദിച്ചു. മുഖ്യരാഷ്ട്രീയ കക്ഷികളാകട്ടെ, നേപ്പാളിലെ ഔദ്യോഗികസേനയുടെ കൂറ് രാജാവിനോടായതിനാല്‍ അതില്‍നിന്നുള്ള കലാപ ഭീഷണി കണക്കിലെടുത്ത് യുഎന്‍ ദൌത്യസംഘത്തിന്റെ നിയന്ത്രണത്തെ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു. ഔദ്യോഗികസേനയില്‍നിന്ന് ഒരു കലാപ ഭീഷണി ഉണ്ടാകില്ല എന്ന കണക്കുകൂട്ടലില്‍ നേപ്പാളി കോണ്‍ഗ്രസ് എത്തിയിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് യുഎന്‍ ദൌത്യസംഘത്തിന്റെ പിന്മാറ്റത്തെ കാണേണ്ടത്.
അമേരിക്കയുടെയും മറ്റ് പാശ്ചാത്യശക്തികളുടെയും ഒപ്പം ഇന്ത്യയുടെയും താല്‍പര്യം, നേപ്പാളിലെ അധികാര രാഷ്ട്രീയത്തില്‍നിന്നും മാവോയിസ്റ്റുകളെ അകറ്റിനിര്‍ത്തണമെന്നാണ്. അതിനായുള്ള ചരടുവലികള്‍ നടത്തുന്നത് ഇന്ത്യാ ഗവണ്‍മെന്റുമാണ്. നിലവിലുള്ള കോണ്‍സ്റ്റിറ്റ്യൂവന്റ് അസംബ്ളിയുടെ കാലാവധി കഴിയുന്നതുവരെ ഭരണഘടനാ നിര്‍മ്മാണമോ സര്‍ക്കാര്‍ രൂപീകരണമോ നടക്കാതിരിക്കണമെന്നും ഇരുസൈന്യങ്ങളുടെയും ലയനം നടപ്പിലാകാന്‍ പാടില്ലെന്നുമാണ് ഇന്ത്യന്‍ ഭരണാധികാരികള്‍ ആഗ്രഹിക്കുന്നത്. അതിനായി യുഎന്‍ ദൌത്യസംഘത്തിന്റെ സാന്നിധ്യം അവസാനിപ്പിക്കണമെന്ന ഇന്ത്യയുടെയും പാശ്ചാത്യ സാമ്രാജ്യത്വശക്തികളുടെയും താല്‍പര്യമാണ് ഇപ്പോള്‍ വിജയിച്ചത്. ദൌത്യസംഘത്തിന്റെ കാലാവധി നീട്ടണമെന്നായിരുന്നു യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണിന്റെ അഭിപ്രായം. എന്നാല്‍ ഇന്ത്യന്‍ താല്‍പര്യവും ഇടപെടലുമാണ് അതിനെ തടഞ്ഞത്.
മാവോയിസ്റ്റുസേനയും ഔദ്യോഗികസേനയും ലയിക്കാതിരിക്കുകയും മാവോയിസ്റ്റുകളെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്തുകയും ചെയ്ത് നേപ്പാളി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ നീക്കം യഥാര്‍ത്ഥത്തില്‍ തീക്കൊള്ളികൊണ്ട് തലചൊറിയലാണ്. ഇതിനകം തെളിയിക്കപ്പെട്ടതുപോലെ നേപ്പാളില്‍ ഏറ്റവും അധികം ജനപിന്തുണയുള്ള മാവോയിസ്റ്റ് പ്രസ്ഥാനത്തിന്, അവര്‍ പാര്‍ലമെന്ററി സംവിധാനത്തിനുള്ളില്‍നിന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറായിട്ടും സാമ്രാജ്യത്വശക്തികളുടെയും ഇന്ത്യയുടെയും ആഭ്യന്തര പിന്തിരിപ്പന്മാരുടെയും ഇടങ്കോലിടലുകളിലൂടെ ജനകീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുന്നില്ല എന്ന് വരുന്നത് മാവോയിസ്റ്റുകള്‍ക്കുള്ളിലെ തീവ്രവാദികള്‍ക്ക് വീണ്ടും ആഭ്യന്തര കലാപത്തിലേക്ക് നീങ്ങണമെന്ന് വാദിക്കാനും അവര്‍ക്ക് കരുത്ത് പകരാനും മാത്രമേ സഹായകമാകൂ. മാത്രമല്ല, നേപ്പാള്‍പോലെ തന്ത്രപ്രധാനമായ ഒരു മേഖലയില്‍ രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്നത് ഇന്ത്യന്‍ ജനതാല്‍പര്യത്തിനും ഹാനികരമായിരിക്കും; അത് സാമ്രാജ്യത്വത്തിനു മാത്രമേ സഹായകമാകൂ. നേപ്പാള്‍ വീണ്ടും കലാപകലുഷിതമാകുന്നത് ഇന്ത്യയിലെ തീവ്രവാദശക്തികള്‍ക്കും കരുത്ത് പകരും എന്ന കാര്യവും ഇന്ത്യന്‍ ഭരണാധികാരികള്‍ വിസ്മരിക്കുകയാണ്.
*
ജി വിജയകുമാര്‍ കടപ്പാട്: ചിന്ത വാരിക 28 ജനുവരി 2011
Subscribe to:
Post Comments (Atom)
1 comment:
നേപ്പാള്‍ രാഷ്ട്രീയത്തില്‍ ജനുവരി 15 സുപ്രധാനമായ രണ്ട് സംഭവവികാസങ്ങളുടെ ദിവസമായിരുന്നു. ഒന്ന് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള ഒറ്റയാള്‍ മല്‍സരത്തില്‍നിന്ന് പിന്മാറാന്‍ നേപ്പാളി കോണ്‍ഗ്രസ് തീരുമാനിച്ചതായിരുന്നു. രണ്ടാമത്തേത്, കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഐക്യരാഷ്ട്ര ദൌത്യസംഘം നേപ്പാളില്‍നിന്ന് വിടപറഞ്ഞതും.
Post a Comment