Sunday, January 2, 2011

ബച്ചനെ ഒളിച്ചു കടത്തിയതാര്?

വിക്കിപ്പീഡിയ സാക്ഷ്യപ്പെടുത്തുന്നതനുസരിച്ച് ബി സി മൂവ്വായിരം ആണ്ടു മുതല്‍ കേരളത്തില്‍ സുഗന്ധദ്രവ്യങ്ങളുടെ കച്ചവടം നടക്കുന്നുണ്ട്. ഗ്രീക്കുകാരുമായും അറബികളുമായും മറ്റ് യൂറോപ്യന്മാരുമായും നൂറ്റാണ്ടുകള്‍ കച്ചവടം ചെയ്ത ബൃഹത്തായ പാരമ്പര്യമാണ് മലയാളികള്‍ക്കുള്ളതെന്നു സാരം. ലോകത്തെമ്പാടുമെന്നതു പോലെ, കേരളവും വ്യാപാരത്തിന്റെയും വ്യവസായത്തിന്റെയും പുതിയ മേഖലകളിലേക്ക് കടക്കുന്നത് സ്വാഭാവികം മാത്രമാണു താനും. കച്ചവടം എന്നത് ജനങ്ങളുടെ ജീവിതം നിലനിര്‍ത്തുന്ന ഒരു സാമ്പത്തിക പ്രക്രിയയും മനുഷ്യബന്ധങ്ങളെ അരക്കിട്ടുറപ്പിക്കുന്ന ഒരു സാംസ്ക്കാരിക മേഖലയുമാണ്. ഉപഭോഗ സംസ്ക്കാരം സാധാരണക്കാരെയും മധ്യവര്‍ഗ്ഗക്കാരെയും കടക്കെണിയിലാഴ്ത്തും എന്ന സ്ഥിരം പല്ലവിയില്‍ ധാരാളം സത്യമുണ്ടായിരിക്കെ തന്നെ, വ്യാപാരമെന്നത് ആധുനിക സമൂഹത്തിന്റെ ജീവനാഡിയാണെന്ന വാസ്തവം നാം കണ്ണടച്ചില്ലാതാക്കാന്‍ ശ്രമിക്കേണ്ടതുമില്ല. ഈ സാഹചര്യത്തിലാണ്, വ്യാപാരം വര്‍ദ്ധിപ്പിക്കാനായി കേരള സര്‍ക്കാര്‍ ഊര്‍ജ്ജസ്വലതയോടെ സംഘടിപ്പിക്കുന്ന ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍ പോലുള്ള സംരംഭങ്ങള്‍ സ്വാഗതത്തോടെയും ആവേശത്തോടെയും, വ്യാപാരസമൂഹവും ജനസാമാന്യവും സ്വീകരിക്കുന്നത്.

എന്നാല്‍, സാംസ്ക്കാരിക നിരീക്ഷകരെ ഉത്ക്കണ്ഠപ്പെടുത്തുന്നത് അതൊന്നുമല്ല. ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ സ്പോണ്‍സര്‍ഷിപ്പിലൂടെ, കേരളത്തിലെ മതേതര-സാമൂഹ്യ-സാംസ്ക്കാരിക ജീവിതത്തിന് കടുത്ത ഭീഷണി സൃഷ്ടിക്കുന്ന ഘടകങ്ങള്‍ കേരളത്തിന്റെ ദൃശ്യപ്രതലത്തില്‍ നിറയുന്നു എന്ന യാഥാര്‍ത്ഥ്യമാണ് അവരെ ആശങ്കാകുലരാക്കുന്നത്. കേരളം ഒരുവട്ടം നിഷ്ക്കരുണം തള്ളിക്കളഞ്ഞ ബച്ചന്റെ ബ്രാന്‍ഡ് അംബാസഡര്‍ പദവി ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിലൂടെ ഒളിച്ചുകടത്തപ്പെട്ടിരിക്കുകയാണ്. ഈ അസംബന്ധത്തിലൂടെ കേരളത്തിലെ തെരുവോരങ്ങളും പത്രത്താളുകളും അശ്ളീലമയമായിക്കഴിഞ്ഞു. കീര്‍ത്തി ചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍ തുടങ്ങി; അമിത ദേശീയത, മുസ്ളിം വിരുദ്ധത, അക്രമോത്സുകത, കാക്കിയുടെ അപ്രമാദിത്വം, യുദ്ധരതി എന്നിങ്ങനെയുള്ള മാനുഷിക വിരുദ്ധമായ ഇതിവൃത്ത-ആഖ്യാന പ്രകടനങ്ങള്‍ വ്യാപകമായി കൊണ്ടാടപ്പെട്ടതിനെ തുടര്‍ന്നാണ്; ഈ ചിത്രങ്ങളില്‍ മേജര്‍ വേഷം അവതരിപ്പിച്ചു എന്ന പേരില്‍ മോഹന്‍ലാലിനെ പട്ടാള മേജറാക്കിയത്. ഇന്ത്യന്‍ സൈനിക ചരിത്രത്തിലെ ഏറ്റവും വലിയ അസംബന്ധ നാടകമായിരുന്നു ഈ മേജര്‍ പദവി. അതിരിക്കട്ടെ. അതിനു തുല്യമായ വിധത്തില്‍ കേരളത്തില്‍ ഇപ്പോള്‍ ഇത്തരമൊരു അസംബന്ധകരമായ ദൃശ്യ വയറിളക്കം (വിഷ്വല്‍ ഡയറിയ) തുറന്നു വിടാന്‍ കേരള സര്‍ക്കാരിലെ ഏതു ഉദ്യോഗസ്ഥ ദുഷ്പ്രഭുവാണ് തുനിഞ്ഞിറങ്ങിയത് എന്നറിയില്ല.

സി പി ഐ (എം) കേന്ദ്ര നേതൃത്വത്തിന്റെ കര്‍ശനമായ നിര്‍ദേശത്തെ തുടര്‍ന്ന് ഗുജറാത്ത് ബ്രാന്റ് അംബാസഡറായ അമിതാബ് ബച്ചനെ കേരളത്തിന്റെ ബ്രാന്റ് അംബാസഡറാക്കാനുള്ള തീരുമാനത്തില്‍ നിന്ന് കേരള സര്‍ക്കാര്‍ ഒരിക്കല്‍ പുറകോട്ടു പോയതാണ്. കേരളത്തിലും പുറത്തുമുള്ള ജനാധിപത്യ വിശ്വാസികളും സ്വാതന്ത്ര്യവാദികളും മനുഷ്യാവകാശ പ്രവര്‍ത്തകരും വലിയ ആശ്വാസമാണ് അന്നനുഭവിച്ചത്. ഗുജറാത്തിന്റെ ബ്രാന്റ് അംബാസഡറായി ഞെളിയുന്നതിലൂടെ നരേന്ദ്ര മോഡിയുടെ വംശഹത്യാവിനോദത്തിന് അംഗീകാരം നേടിക്കൊടുക്കാന്‍ തീരുമാനമെടുത്തതിനു തൊട്ടു പുറകെയാണ്, ബോളിവുഡിലെ ഒന്നാമനായി കണക്കാക്കപ്പെടുന്ന അമിതാബ് ബച്ചനെ കേരളത്തിന്റെയും ബ്രാന്റ് അംബാസഡറാക്കാന്‍ ചില ഉദ്യോഗസ്ഥരും മറ്റും ചേര്‍ന്ന് അന്ന് ക്ഷണിച്ചത്. ജനാധിപത്യ സംവിധാനത്തിനകത്തെ സംസ്ഥാന ഭരണം എന്നത് കേവലം സാങ്കേതികമായ ഗവര്‍ണന്‍സ് മാത്രമല്ലെന്നും അതെപ്പോഴും രാഷ്ട്രീയമായ തീരുമാനങ്ങള്‍ക്കും നയങ്ങള്‍ക്കും വിധേയമാണെന്നും നാം മറന്നു പോകാറുണ്ട്. അത്തരം മറവികള്‍ക്കെതിരായ ശക്തമായ പ്രഹരമായിരുന്നു അതിനെ തുടര്‍ന്ന് പാര്‍ടിയുടെ അഖിലേന്ത്യാ നേതൃത്വം സ്വീകരിച്ച നടപടിയിലൂടെ സാക്ഷാത്കൃതമായത്. നരേന്ദ്രമോഡിയെക്കുറിച്ച് അമിതാബ് ബച്ചന്‍ അദ്ദേഹത്തിന്റെ ബ്ളോഗില്‍ ഇപ്രകാരം എഴുതി:

അദ്ദേഹം(മോഡി) അടിസ്ഥാനാവശ്യങ്ങള്‍ മാത്രം നിറവേറ്റിക്കൊണ്ട് ലാളിത്യത്തോടെ ജീവിക്കുകയും, ഒരു സംസ്ഥാനത്തിന്റെ തലവനാണെന്ന് തോന്നിപ്പിക്കാതിരിക്കുകയും ചെയ്യുന്നു. വികസനത്തെക്കുറിച്ചും പുരോഗതിയെക്കുറിച്ചും അദ്ദേഹം സഹാനുഭൂതിയോടെയാണ് സംസാരിക്കുന്നത്. പുതിയ ആശയങ്ങളെയും ആദര്‍ശങ്ങളെയും അദ്ദേഹം സ്വാഗതം ചെയ്യുന്നു. സാധാരണക്കാരന്‍(കോമണ്‍ മാന്‍) എന്ന അര്‍ത്ഥത്തിലാണ് താന്‍ സി എം ആകുന്നതെന്ന അദ്ദേഹത്തിന്റെ സ്ഥിരം വ്യാഖ്യാനം ആരും തെറ്റിദ്ധരിക്കേണ്ടതില്ല. എന്താണോ സംസാരിക്കുന്നത് അപ്രകാരം തന്നെ പ്രവര്‍ത്തിക്കുന്ന ഒരാളാണ് നരേന്ദ്രമോഡി.

ചരിത്രം മറന്നു പോകരുത്. 1970കളില്‍ ഇന്ദിരാഗാന്ധി സോഷ്യലിസവും ഇടതുപക്ഷച്ചായ്‌വും പ്രസംഗിച്ചുകൊണ്ട് കടുത്ത ജനാധിപത്യ ധ്വംസനത്തിനും പീഡനവാഴ്ചക്കും വഴിതുറന്നിട്ട അടിയന്തിരാവസ്ഥയിലെത്തിയ കാലം. ഇന്ദിരയുടെ മകന്‍ സഞ്ജയ് അമിതാധികാരത്തിന്റെയും നിഷ്ഠൂരമായ ബലപ്രയോഗത്തിന്റെയും ആള്‍രൂപമായിരുന്നു. ഈ ആള്‍രൂപത്തിന്, അമിതാബ് ബച്ചന്‍ എന്ന രോഷാകുലനായ യുവനായകന്‍ തന്റെ സിനിമകളിലൂടെ സാംസ്ക്കാരികന്യായീകരണം നിര്‍മ്മിച്ചെടുത്തു. സ്വാതന്ത്ര്യാനന്തര ഇന്ത്യ ദര്‍ശിച്ച അതിഭീകരമായ ജനാധിപത്യവിരുദ്ധതയുടെയും ഉന്മൂലനസിദ്ധാന്തത്തിന്റെയും പ്രയോക്താവായ സഞ്ജയ് ഗാന്ധിയില്‍ നിന്ന്, അതേ സിദ്ധാന്തത്തിന്റെ അടുത്ത അവതാരം നരേന്ദ്ര മോഡിയിലേക്കുള്ള ഒരു പാലമായി അമിതാബ് ബച്ചനെ ചരിത്രം വിലയിരുത്തുമോ എന്നായിരുന്നു ഗുജറാത്ത് ബ്രാന്റ് അംബാസഡറായതിലൂടെ ജനാധിപത്യ വൃത്തങ്ങളില്‍ ചോദ്യമുയര്‍ന്നത്. ബച്ചനെ കേരളത്തിന്റെ ബ്രാന്റ് അംബാസഡറാക്കണോ എന്ന കാര്യത്തില്‍ കേരള സര്‍ക്കാരാണ് അന്തിമമായ തീരുമാനമെടുക്കുക എന്നിരിക്കിലും, നരേന്ദ്ര മോഡിയുടെ ഗുജറാത്തിന്റെ അതേ അംബാസഡറെ കേരളവും സ്വീകരിക്കില്ല എന്നാണ് ഞാന്‍ കരുതുന്നത് എന്നാണ് സി പി ഐ(എം) പോളിറ്റ് ബ്യൂറോ അംഗമായ സീതാറാം യച്ചൂരി പി ടി ഐ യോട് പറഞ്ഞത്. ഇതിനെ തുടര്‍ന്ന് കേരളത്തിലെ ഭരണമുന്നണി നേതൃത്വം രാഷ്ട്രീയമായി ഉണര്‍ന്നെണീക്കുകയും ബച്ചനെ കേരളത്തിന്റെ പ്രതീകമാക്കുക എന്ന മൂഢാലോചന ഉപേക്ഷിക്കുകയും ചെയ്തു. രോഷാകുലനായ വൃദ്ധനായി ബച്ചന്‍ ഇതില്‍ തന്റെ അതൃപ്തി ലോകത്തെ അറിയിക്കുകയും ചെയ്തു. മാതൃഭൂമി, മനോരമ, ഉമ്മന്‍ ചാണ്ടി തുടങ്ങിയ 'ജനാധിപത്യ വാദികള്‍' ഇതില്‍ തുടര്‍ രോഷാകുലത പ്രകടിപ്പിക്കുകയും ചെയ്തു. ആ അദ്ധ്യായം അവിടെ അടഞ്ഞതാണ്. ഇപ്പോള്‍ ആ പണ്ടാരപ്പെട്ടി കുത്തിത്തുറന്ന് പുറത്തിട്ടതാരാണ്?

ടൂറിസത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ബിഗ് ബിയെ, നടനില്‍ നിന്ന് കഥാപാത്രമാക്കി മാറ്റി കച്ചവടത്തിന്റെ പ്രതീകമായി ഒളിച്ചുകടത്തിയത് കേരളത്തെയും കേരളീയ ജനതയെയും അപമാനിക്കുന്നതിന് തുല്യമാണ്. ഒമ്പതു മാസങ്ങള്‍ കൊണ്ട് സംഭവിക്കുന്ന മറവികള്‍ക്കു മേലാണോ കേരളത്തിന്റെ സാമൂഹ്യ ബോധം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്? വഴിയോരങ്ങളിലെ കൂറ്റന്‍ ഹോര്‍ഡിംഗുകളിലും പത്രത്താളുകളിലെ നെടുങ്കന്‍ പരസ്യങ്ങളിലും നിവര്‍ന്നു നില്‍ക്കുന്നത് ബച്ചനാണെങ്കിലും ഉദ്ദേശിച്ചത് അതല്ല എന്ന് തോന്നിപ്പിക്കാന്‍ വേണ്ടി; മോഹന്‍ ലാലിന്റെ പടത്തിന്മേല്‍ മേജര്‍ മഹാദേവന്‍, കാണ്ഡഹാര്‍ എന്നും ബച്ചന്റെ പടത്തിന്മേല്‍ ലോകനാഥ് ശര്‍മ്മ, കാണ്ഡഹാര്‍ എന്നും ചെറുതായി എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. കൌണ്ടര്‍ മീഡിയയില്‍ സുദീപ് കെ എസ് എഴുതിയതു പോലെ സിഗരറ്റു പാക്കറ്റിന്മേല്‍ സിഗരറ്റ് വലി ആരോഗ്യത്തിന് ഹാനികരം എന്നെഴുതിയതിന് തുല്യമായ അപഹാസ്യമായ മുന്നറിയിപ്പുകള്‍ മാത്രമാണിത്.

മാത്രമല്ല, രോഷാകുലനായ ബച്ചന്റെ കൂലി കൊടുക്കാതെയാണ് അദ്ദേഹത്തെ കഥാപാത്രമെന്നോണം ഇവിടെ അവതരിപ്പിച്ചിരിക്കുന്നതെന്നും മനസ്സിലാക്കാവുന്നതാണ്. കോടികള്‍ കൈക്കലാക്കിക്കൊണ്ടാണ്, ബച്ചനെപ്പോലൊരാള്‍ പരസ്യങ്ങളില്‍ മോഡലാവാറുള്ളത്. അത്തരമൊരാളെ മേജര്‍ രവിയുടെ സിനിമയില്‍ മുഖവും ശരീരവും കാണിച്ചു എന്നതിന്റെ പേരില്‍ കൂലി കൊടുക്കാതെ ചൂഷണം ചെയ്യുന്നത്, കേരളീയരുടെ അഭിമാനത്തിന് ഭൂഷണമാണെന്ന് കരുതുന്നില്ല. ബച്ചനെ മാത്രമല്ല, ഈ ഒളിച്ചു കടത്തല്‍ വഞ്ചിക്കുന്നത്. ആദര്‍ശത്തിന്റെ പേരില്‍ സിനിമാ പരസ്യങ്ങളും ലോട്ടറി പരസ്യങ്ങളും വേണ്ടെന്നു വെച്ച കുറെയധികം മാധ്യമങ്ങളെ - മാധ്യമം, സിറാജ്, തേജസ് - ഷോപ്പിംഗ് ഫെസ്റ്റിവല്‍ പരസ്യമെന്ന പേരില്‍ സിനിമാപരസ്യം അടിച്ചേല്‍പ്പിച്ചിരിക്കുകയാണിവിടെ. ആദര്‍ശത്തിനു മേല്‍ സാംസ്ക്കാരിക കള്ളക്കടത്തുകാരുടെ അധിനിവേശം എന്ന് ഇതിനെ വ്യാഖ്യാനിക്കാവുന്നതാണ്.

താരവ്യക്തിത്വത്തിന്റെ പ്രതിനിധാനം കഥാപാത്രത്തെക്കാള്‍ എത്രയോ വലുതാണെന്ന കാര്യം കച്ചവടസിനിമയുമായി പ്രാഥമിക പരിചയം ഉള്ളവര്‍ക്കു പോലും ബോധ്യപ്പെടുന്നതാണ്. കഥാപാത്രങ്ങളുടെ സ്വഭാവവൈശിഷ്ട്യങ്ങള്‍ താരനിര്‍മിതിക്ക് സഹായകമാണെന്നതു പോലെ തന്നെ താരത്തിന്റെ പ്രാഭവം കഥാപാത്രത്തിന്റെ വിശ്വാസ്യതക്കും പിന്‍ബലമേകുന്നു. ആരാധനയും പിന്തുണയും ഫാന്‍സ് അസോസിയേഷനുകളും മാധ്യമങ്ങളിലെ നിറം പിടിപ്പിച്ച അണിയറക്കഥകളും ചേര്‍ന്ന് താരത്തെ ദൈവതുല്യനാക്കാറുമുണ്ട്. തമിഴ് നാട്ടിലും മറ്റും താരങ്ങള്‍ക്ക് ക്ഷേത്രം വരെ പണിതതും മറ്റൊന്നും കൊണ്ടല്ല. കേരളത്തില്‍ അത്തരത്തിലൊന്നും സംഭവിക്കില്ല എന്നും അത്യാവശ്യത്തിന് ഔചിത്യബോധവും ചരിത്രജ്ഞാനവും ഉള്ളവരാണ് കേരളീയര്‍ എന്നുമാണ് ഇതുവരെയും കരുതിപ്പോന്നിരുന്നത്. എന്നാല്‍, താരങ്ങളുടെ പടുകൂറ്റന്‍ ഹോര്‍ഡിംഗുകള്‍ കെട്ടിയുയര്‍ത്തപ്പെടുമ്പോള്‍, നമ്മുടെ ജനാധിപത്യ-മത നിരപേക്ഷ ധാരണകള്‍ ഒലിച്ചുപോകുന്നു എന്നു വരുന്നത് ദയനീയം തന്നെയാണ്.

*
ജി പി രാമചന്ദ്രന്‍

ചിത്രങ്ങള്‍ക്ക് കടപ്പാട്: wondering

3 comments:

വര്‍ക്കേഴ്സ് ഫോറം said...

...എന്നാല്‍, സാംസ്ക്കാരിക നിരീക്ഷകരെ ഉത്ക്കണ്ഠപ്പെടുത്തുന്നത് അതൊന്നുമല്ല. ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ സ്പോണ്‍സര്‍ഷിപ്പിലൂടെ, കേരളത്തിലെ മതേതര-സാമൂഹ്യ-സാംസ്ക്കാരിക ജീവിതത്തിന് കടുത്ത ഭീഷണി സൃഷ്ടിക്കുന്ന ഘടകങ്ങള്‍ കേരളത്തിന്റെ ദൃശ്യപ്രതലത്തില്‍ നിറയുന്നു എന്ന യാഥാര്‍ത്ഥ്യമാണ് അവരെ ആശങ്കാകുലരാക്കുന്നത്. കേരളം ഒരുവട്ടം നിഷ്ക്കരുണം തള്ളിക്കളഞ്ഞ ബച്ചന്റെ ബ്രാന്‍ഡ് അംബാസഡര്‍ പദവി ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിലൂടെ ഒളിച്ചുകടത്തപ്പെട്ടിരിക്കുകയാണ്. ഈ അസംബന്ധത്തിലൂടെ കേരളത്തിലെ തെരുവോരങ്ങളും പത്രത്താളുകളും അശ്ളീലമയമായിക്കഴിഞ്ഞു.

Anonymous said...

കാലഹരണപ്പെട്ട നടനായ ബച്ചനെ ഒന്നും ഇവിടെ ഒരു മലയാളിയും അത്ര മഹാനായി കരുതിയിട്ടില്ല നമ്മുടെ തിലകണ്റ്റെയും നെടുമുടിയുടെയും ഒന്നും പ്രതിഭ അദ്ദേഹത്തിനില്ല

മനോരമയുടെ ഏതോ സ്റ്റാര്‍ നൈറ്റിനു അദ്ദേഹം മുണ്ടുടുത്തു വന്നപ്പോള്‍ ആണു മനോരമ അതു ബ്രാന്‍ഡ്‌ അംബാസഡര്‍ ആക്കണം എന്നു പറഞ്ഞു പ്രൊപ്പഗന്‍ഡ തുടങ്ങിയത്‌ മനോരമ അല്ലാതെ ഇവിടെ ഒരു മലയാളിയും ബച്ചനെ കേരള അംബാസഡര്‍ ആക്കണമെന്നു പറഞ്ഞില്ല

കേരള ടൂറിസത്തിനു ഒരു അംബാസഡറിണ്റ്റെയും ആവശ്യമില്ല നല്ല റോഡുകള്‍ മാന്യമായ പെരുമാറ്റം എന്നിവ മാത്രം മതി

വെറുതെ ആരും അംബാസഡര്‍ ആവില്ലല്ലോ പണം കൊടുക്കണം അമിതാബ്‌ ബച്ചനും കുടുംബവും എല്ലം പണം എത്രയും ഉണ്ടാക്കാമോ അത്രയും എന്ന പ്രയത്നത്തിലാണു ജനത്തിനു ഒരു ബസ്‌ സ്റ്റോപ്‌ പോലും ഉണ്ടാക്കി കൊടുത്തിട്ടില്ലെന്നു താക്കറെ അദ്ദേഹത്തെ ആക്ഷേപിച്ചത്‌ നിസ്സാരമായി തള്ളിക്കളയാന്‍ കഴിയില്ല

തിരുപ്പതി ക്ഷേത്രത്തിലെ ഹുണ്ടിയില്‍ അദ്ദേഹം കോണ്ടിടുന്ന പണത്തിനെ പത്തില്‍ ഒന്നെങ്കിലും വല്ല ഹ്ര്‍ദയ ശസ്ത്രക്രിയ ചെയ്യുന്ന സ്ഥാപനത്തിനു കൊടുത്തിരുന്നെങ്കില്‍ എന്നു ആശിച്ചു പോകുന്നു

യേശുദാസ്‌ മതിയല്ലോ നമ്മുടെ അംബാസ്സഡറ്‍ ആയി യേശുദാസിണ്റ്റെ പ്റശസ്തിയുണ്ടോ ബച്ചനു?

Akbarali Charankav said...

മികച്ച ഒരു നിരീക്ഷണ - അന്വേഷണ ത്വര ഈ ലേഖനത്തിലൂടനീളം കാണുന്നു. ജനങ്ങള്‍ പെട്ടെന്ന്‌ കാണാതെ പോകുന്നത്‌ കാണുന്നവനാണ്‌ എഴുത്തുകാരന്‍ .