ഇന്ത്യന്‍ ജനാധിപത്യ സംവിധാനം കടുത്ത വെല്ലുവിളി നേരിടുകയാണ്. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ വിവിധ മേഖലകളിലെ സ്വതന്ത്രസ്ഥാപനങ്ങളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പ് വരുത്താനും അവര്‍ക്ക് സംരക്ഷണം നല്‍കാനും കഴിയേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ അത്തരം സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുന്നതിനുള്ള നടപടികളാണ് അടുത്ത കാലത്തായി ഭരണകക്ഷിയുടെ ഭാഗത്തുനിന്ന് കാണുന്നത്.
ഉദാരവല്‍ക്കരണത്തിന്റെ ഭാഗമായി ഭരണസംവിധാനത്തിന് അകത്തുള്ള കെട്ടുറപ്പ് നഷ്‌ടപ്പെടുന്നു. വിവിധ മേഖലകളില്‍ സ്വകാര്യ പങ്കാളിത്തത്തിനും വ്യക്തിഗത താല്‍പ്പര്യത്തിനും ഊന്നല്‍ നല്‍കിയതോടെ ഭരണരംഗത്തെ സുതാര്യത നഷ്‌ടപ്പെടുകയും അഴിമതിയും കെടുകാര്യസ്ഥതയും വര്‍ധിക്കുകയും ചെയ്യുന്നു. അതേ സമയം ഇതിനെതിരെയുള്ള ഇടതുപക്ഷത്തിന്റെ ചെറുത്തുനില്‍പ്പും ജനകീയ ഇടപെടലും ശക്തിപ്പെടുന്നുവെന്നത് സ്വാഗതാര്‍ഹമാണ്. അടുത്ത കാലത്ത് ഭരണരംഗത്ത് പ്രത്യക്ഷപ്പെട്ട അഴിമതി ക്യാന്‍സര്‍പോലെ പടരുകയാണ്. ഭരണകക്ഷിയായ കോൺഗ്രസും യുപിഎ സര്‍ക്കാരും ഈ അഴിമതിക്ക് വളംവച്ച് കൊടുക്കുന്നുവെന്നത് മറ്റൊരു പ്രത്യേകതയാണ്.
ഈ പ്രാവശ്യം പാര്‍ലമെന്റ് സമ്മേളനം പൂര്‍ണമായും സ്‌തംഭിക്കുന്ന സ്ഥിതി വന്നു. രാജ്യസഭയും ലോക്‌സഭയും ഒരു നടപടിയും പൂര്‍ത്തിയാക്കാതെ പിരിഞ്ഞു. ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനുള്ള വേദിയാണ് പാര്‍ലമെന്റ്. അതുകൊണ്ട് പാര്‍ലമെന്റ് സ്‌തംഭിച്ചത് സംബന്ധിച്ച് പ്രതിപക്ഷത്തിനും ഇടതുപക്ഷത്തിനും എതിരായ വിമര്‍ശം ചിലമേഖലകളില്‍നിന്ന് ഉയര്‍ന്നു വരുന്നുണ്ട്. എന്നാല്‍, പാര്‍ലമെന്റ് സ്‌തംഭിക്കുന്നതിന് ഇടയായ സാഹചര്യം എന്ത് എന്ന് പരിശോധിക്കുമ്പോഴാണ് ഉത്തരവാദികളെ കണ്ടെത്താന്‍ കഴിയുക.
ആദ്യമായല്ല ഇന്ത്യന്‍ പാര്‍ലമെന്റില്‍ നടപടിക്രമങ്ങള്‍ മുടങ്ങുന്നത്. ബൊഫോഴ്‌സ് പ്രശ്‌നത്തില്‍ ജെപിസി (സംയുക്ത പാര്‍ലിമെന്ററി കമ്മിറ്റി) ആവശ്യപ്പെട്ട് 47 ദിവസമാണ് സഭാനടപടികള്‍ മുടങ്ങിയത്. ഹര്‍ഷത്ത് മേത്ത അഴിമതിക്കേസില്‍ സഭ 17 ദിവസം മുടങ്ങി. 10 ഉം 11 ഉം ദിവസം സഭ നടക്കാത്ത അനുഭവങ്ങള്‍ വേറെയുമുണ്ട്. ഇന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ ഭരണകക്ഷിയായ എന്‍ഡിഎയോട് ജെപിസി ആവശ്യപ്പെട്ടുകൊണ്ടുതന്നെയാണ് സഭയില്‍നിന്ന് മൂന്ന് ആഴ്ച തുടര്‍ച്ചയായി വോക്ക് ഔട്ട് നടത്തിയത്. പ്രതിപക്ഷത്തായിരിക്കുമ്പോള്‍ ജെപിസി ആവശ്യപ്പെടുകയും അതിന് സമരം സംഘടിപ്പിക്കുകയുംചെയ്‌ത കോൺഗ്രസ് ഭരണപക്ഷത്തിരിക്കുമ്പോള്‍ ജെപിസി ആവശ്യമില്ലെന്ന് പറയുന്നത് വിചിത്രമാണ്.
ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി ആരോപണങ്ങളാണ് രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ ഉയര്‍ന്നത്. 15-ാം ലോക്‌സഭയിലെ ആദ്യ സമ്മേളനത്തില്‍തന്നെ കോൺഗ്രസ് നേതാവ് ശശി തരൂരിന് ഐപിഎല്‍ അഴിമതി വിവാദവുമായി ബന്ധപ്പെട്ട് രാജിവയ്‌ക്കേണ്ടി വന്നു. അന്നു തന്നെ സഭയില്‍ ഉയര്‍ന്നുവന്നതാണ്, 2 ജി സ്‌പെക്‌ട്രം അഴിമതി. അന്ന് ഒരു ലക്ഷം കോടി രൂപയുടെ അഴിമതി ആരോപണമാണ് ഇടതുപക്ഷ പാര്‍ടികള്‍ ഉന്നയിച്ചത്. ഈ സന്ദര്‍ഭത്തിലാണ് കോമൺവെല്‍ത്ത് ഗെയിംസ് അഴിമതി ആരോപണങ്ങളും ഉയര്‍ന്നത്. ഈ അഴിമതി ആരോപണങ്ങള്‍ കാരണം സഭയുടെ അവസാനനാളുകളില്‍ പ്രക്ഷുബ്‌ധ രംഗങ്ങളാണ് അരങ്ങേറിയത്. ഒരു ഘട്ടത്തില്‍ ധനാഭ്യര്‍ഥനയ്‌ക്കുശേഷം ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചചെയ്യാമെന്ന് വാഗ്ദാനം ചെയ്‌ത സഭാനേതാവ് പ്രണബ് മുഖര്‍ജി പിന്നീട് ഒരു തീരുമാനവും എടുക്കാതെ സഭ പിരിയുന്നതിനാണ് നേതൃത്വം നല്‍കിയത്.
ഇന്ന് ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങള്‍ കഴിഞ്ഞ ലോക്‌സഭയില്‍തന്നെ പ്രതിപക്ഷം ഉന്നയിച്ചതാണ്. എന്നാല്‍, അത് കുറേക്കൂടി മൂര്‍ത്തമായി തെളിവുസഹിതം ഉന്നയിച്ചുവെന്നതാണ് ഇപ്പോഴത്തെ സവിശേഷത. പാര്‍ലമെന്റില്‍ മൂന്ന് പ്രധാനപ്പെട്ട അഴിമതി പ്രശ്‌നങ്ങള്‍ ഉന്നയിക്കാനാണ് ഇടതുപക്ഷ പാര്‍ടികള്‍ നോട്ടീസ് നല്‍കിയത്. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് 2 ജി സ്‌പെക്‌ട്രം ലേലത്തില്‍ നടന്നതെന്ന് സുപ്രീംകോടതിതന്നെ ചൂണ്ടിക്കാണിച്ചു. നേരത്തെ പ്രതിപക്ഷം ഒരു ലക്ഷം കോടി രൂപയുടെ അഴിമതിയാണ് പറഞ്ഞതെങ്കില്‍ സിഎജി 1.76 ലക്ഷം കോടി രൂപയുടെ അഴിമതിയാണ് കണ്ടെത്തിയത്. കേവലം അഴിമതിപ്രശ്‌നം മാത്രമല്ല ഇതിലുള്ളത്. രാജ്യത്തിന്റെ ഭരണസംവിധാനത്തില്‍ കോര്‍പറേറ്റ് മാനേജ്‌മെന്റും ഒരു വിഭാഗം മാധ്യമങ്ങളും ചില രാഷ്‌ട്രീയ നേതാക്കളും ചേര്‍ന്ന് നടത്തിയ അതിവിദഗ്ധമായ രാഷ്‌ട്രീയ ചരട് വലികളുടെ ഉള്ളറകളാണ് പുറത്തുവന്നത്.
മന്ത്രിയെ മാറ്റാനും ആര് മന്ത്രിയാകണമെന്ന് തീരുമാനമെടുക്കാനുമുള്ള ഒരു ബദല്‍ സംവിധാനം സമാന്തരമായി രാജ്യത്ത് വളര്‍ന്നുവരുന്നത് ജനാധിപത്യത്തിന് അപകടമാണ്. രാജയെ മന്ത്രിയാക്കാനുള്ള അനില്‍ അംബാനിയുടെയും നീര റാഡിയയുടെയും മറ്റു ചില രാഷ്‌ട്രീയ പ്രവര്‍ത്തകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഇടപെടലുകള്‍, വന്‍കിടക്കാര്‍ എങ്ങനെ ഭരണത്തില്‍ സ്വാധീനം ചെലുത്തുന്നുവെന്നതിന് തെളിവാണ്. അതുകൊണ്ടുതന്നെയാണ് പിഎസിയുടെയോ സിബിഐയുടെയോ അന്വേഷണം പോരാ ജെപിസിയുടെ അന്വേഷണംതന്നെ വേണമെന്ന് പ്രതിപക്ഷവും ഇടതുപക്ഷ പാര്‍ടികളും ആവശ്യപ്പെട്ടത്. പ്രധാനമന്ത്രിയുടെ ഓഫീസും ധനകാര്യ നിയമമന്ത്രാലയങ്ങളും ഈ വിഷയം അറിയും എന്നുള്ളതുകൊണ്ട് ജെപിസിയുടെ അന്വേഷണത്തിന് കൂടുതല്‍ പ്രസക്തിയേറുന്നു. ഈ മൂന്നു പ്രശ്‌നങ്ങളും ജെപിസിയുടെ അന്വേഷണപരിധിയില്‍ കൊണ്ടുവരണമെന്നാണ് പാര്‍ലമെന്റില്‍ ഉയര്‍ന്നുവന്ന പ്രധാനപ്രശ്‌നം. ഇതിനു ഭരണകക്ഷി തയ്യാറാകാതിരുന്നതിന് ഒരു ന്യായീകരണവുമില്ല. സുതാര്യമായ അന്വേഷണത്തെ ഭരണകക്ഷി ഭയക്കുന്നതുകൊണ്ടുതന്നെയാണ് ഈ പിന്മാറ്റം.
അഴിമതിപ്രശ്‌നത്തില്‍ വലതുപക്ഷ രാഷ്‌ട്രീയത്തിന്റെ ഭാഗമായ ബിജെപിക്കും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച ജവാന്മാരെ കൊണ്ടുവരാനുള്ള ‘ശവപ്പെട്ടി’ അഴിമതിപ്രശ്‌നത്തില്‍ ബിജെപിയുടെ കൈകള്‍ ശുദ്ധമല്ല. ഇതു സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാകുന്നതിനു മുമ്പാണ് അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിനെ മന്ത്രിസഭയിലെടുത്തത്. ഇതും വലിയ വിവാദമായിരുന്നു. കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയുടെ പേരിലുള്ള അഴിമതി ആരോപണങ്ങളും നിസ്സാരമല്ല. സ്വന്തം കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ഭൂമി തിരിമറി നടത്തി നല്‍കിയതിന്റെ പേരില്‍ കോടിക്കണക്കിന് രൂപയുടെ നഷ്‌ടമാണ് ഖജാനാവിനുണ്ടായത്. യെദ്യൂരപ്പയെ രാജിവയ്പിക്കാന്‍ കഴിയാത്ത ബിജെപിക്ക് അഴിമതിയെ വിമര്‍ശിക്കാനുള്ള ധാര്‍മിക അധികാരം നഷ്‌ടപ്പെട്ടിരിക്കുകയാണ്. കര്‍ണാടകത്തിലും ആന്ധ്രയിലും ഒറീസയിലും ചെന്നൈയിലുമൊക്കെയുള്ള ഭൂമാഫിയകളെ പോലെത്തന്നെ ഖനി മാഫിയകളും രാഷ്‌ട്രീയരംഗത്ത് പ്രധാനശക്തികളായി മാറുന്നു. സംസ്ഥാനങ്ങളില്‍ ഭരണം നിലനിര്‍ത്താനുള്ള ധനത്തിന്റെ ഉറവിടമായി ഈ വന്‍കിട കോര്‍പറേറ്റുകള്‍ ഇന്ത്യയില്‍ വാഴുകയാണ്.
ഉദാരവല്‍ക്കരണനയത്തിന്റെ മറ്റൊരു ജീര്‍ണിച്ച മുഖമാണ് അഴിമതിയും സ്വജനപക്ഷപാതവും. എല്ലാം സര്‍വതന്ത്ര സ്വതന്ത്രമാകണമെന്ന പുത്തന്‍ സാമ്പത്തികനയത്തിന്റെ ഉല്‍പ്പന്നമായി അഴിമതിയും ഇന്ത്യയില്‍ മാറുകയാണ്. ഇതിനെ ഫലപ്രദമായി ചെറുക്കാനും പ്രതിരോധിക്കാനും കഴിയുന്നത് ഇടതുപക്ഷ പാര്‍ടികള്‍ക്കു മാത്രമാണ്. മുപ്പതുവര്‍ഷം പിന്നിട്ട പശ്ചിമ ബംഗാളിലെ സര്‍ക്കാരിന് നേതൃത്വം നല്‍കിയ ജ്യോതിബസുവിനെക്കുറിച്ചോ ഇപ്പോള്‍ നേതൃത്വം നല്‍കുന്ന ബുദ്ധദേവിനെക്കുറിച്ചോ ഇത്തരമൊരു ആരോപണം ഉന്നയിക്കപ്പെട്ടിട്ടില്ല. എതിര്‍പ്പുകളെ അതിജീവിച്ച് അധികാരത്തില്‍ വന്ന ത്രിപുര സര്‍ക്കാരിനെതിരെയും അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. പലപ്പോഴായി കേരളത്തില്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാരുകളും അഴിമതി ആരോപണങ്ങളില്‍നിന്ന് വിമുക്തമാണ്. ഇത് വ്യക്തമാക്കുന്നത് വലതുപക്ഷ രാഷ്‌ട്രീയത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും കൂടപ്പിറപ്പായി അഴിമതി മാറിക്കഴിഞ്ഞിരിക്കുന്നുവെന്നു തന്നെയാണ്.
ഇന്ത്യയുടെ രാഷ്‌ട്രീയചരിത്രത്തില്‍ ദീര്‍ഘകാലം ഭരിച്ച കോൺഗ്രസിന് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഒരേപോലെ അഴിമതി ആരോപണങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. കോൺഗ്രസിന്റെ ദീര്‍ഘകാല ചരിത്രത്തില്‍ ഇത്തരം നിരവധി സംഭവങ്ങള്‍ ഓര്‍മിക്കാന്‍ കഴിയും. രാഷ്‌ട്രപിതാവ് ഗാന്ധിജിതന്നെ സ്വാതന്ത്ര്യത്തിനുശേഷം കോൺഗ്രസ് സംഘടനയെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടത് ഭാവിയില്‍ വരാന്‍പോകുന്ന ഇത്തരം ദുരന്തങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാകാം. ലോകപ്രശസ്‌തനായ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവിന്റെ കാലഘട്ടത്തില്‍തന്നെയാണ് ധനമന്ത്രിയായിരുന്ന ടി ടി കൃഷ്ണമാചാരി അഴിമതി പ്രശ്‌നത്തില്‍ രാജിവച്ച് ഒഴിയേണ്ടി വന്നത്. അടിയന്തരാവസ്ഥയ്‌ക്ക് നേതൃത്വം നല്‍കിയ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് നാഗര്‍വാല ബാങ്ക് ഉള്‍പ്പെടെയുള്ള നിരവധി അഴിമതിക്കഥകള്‍ ഉയര്‍ന്നുവന്നത്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് ബൊഫോഴ്‌സ് പ്രശ്‌നം വി പി സിങ് പാര്‍ലമെന്റില്‍ ഉയര്‍ത്തിയത്. പിന്നീട് പ്രധാനമന്ത്രിയായ നരസിംഹറാവുവിനെതിരെ പാര്‍ലമെന്റില്‍ ഭൂരിപക്ഷമുണ്ടാക്കാന്‍ കോഴ കൊടുത്തുവെന്ന ആരോപണവും ഉയര്‍ന്നു.
2004 മുതല്‍ 2009 വരെ ഇടതുപക്ഷ പാര്‍ടികളുടെ പിന്തുണയോടെ ഉണ്ടായിരുന്ന ഒന്നാം യുപിഎ സര്‍ക്കാര്‍മാത്രമാണ് പ്രധാനപ്പെട്ട അഴിമതി ആരോപണങ്ങളില്‍നിന്ന് വിമുക്തമായിരുന്നത്. ഇതിനു കാരണം ഇടതുപക്ഷ പാര്‍ടികള്‍ നല്‍കിയ പിന്തുണയും അവര്‍ അംഗീകരിച്ച ശക്തമായ സമീപനവുമാണ്. ഇടതുപക്ഷ പാര്‍ടികള്‍ സ്വീകരിക്കുന്ന സാമ്രാജ്യത്വ വിരുദ്ധപോരാട്ടം, ജനവിരുദ്ധനയങ്ങള്‍ക്കെതിരെയും അഴിമതിക്കെതിരെയും നടത്തുന്ന പോരാട്ടത്തിന്റെ ഭാഗംതന്നെയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ഇടതുപക്ഷ പാര്‍ടികളുടെയും മതേതര ശക്തികളുടെയും പ്രസക്തി കൂടുതല്‍ സജീവമാവുന്നു. ഇതുമായി ബന്ധപ്പെട്ടു വേണം പാര്‍ലമെന്റ് സ്‌തംഭനത്തെ വിലയിരുത്താന്‍. മന്ത്രി രാജയ്‌ക്ക് രാജി വയ്‌ക്കേണ്ടി വന്നതും മറ്റ് രണ്ട് പ്രശ്‌നങ്ങളിലും അന്വേഷണം നടത്താന്‍ തയ്യാറായതും പാര്‍ലമെന്റില്‍ ഉയര്‍ന്നുവന്ന ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായിട്ടുതന്നെയാണ്. ഇത്തരം ഒരു സ്ഥിതി പ്രതിപക്ഷം സ്വീകരിച്ചിരുന്നില്ലെങ്കില്‍ 'രാജ ഇപ്പോഴും രാജാവായി വാഴുമായിരുന്നു'.
*****
പി കരുണാകരന്‍ എം പി
Subscribe to:
Post Comments (Atom)
1 comment:
ഇന്ത്യയുടെ രാഷ്‌ട്രീയചരിത്രത്തില്‍ ദീര്‍ഘകാലം ഭരിച്ച കോണ്‍ഗ്രസിന് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഒരേപോലെ അഴിമതി ആരോപണങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ദീര്‍ഘകാല ചരിത്രത്തില്‍ ഇത്തരം നിരവധി സംഭവങ്ങള്‍ ഓര്‍മിക്കാന്‍ കഴിയും. രാഷ്‌ട്രപിതാവ് ഗാന്ധിജിതന്നെ സ്വാതന്ത്ര്യത്തിനുശേഷം കോണ്‍ഗ്രസ് സംഘടനയെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടത് ഭാവിയില്‍ വരാന്‍പോകുന്ന ഇത്തരം ദുരന്തങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാകാം. ലോകപ്രശസ്‌തനായ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവിന്റെ കാലഘട്ടത്തില്‍തന്നെയാണ് ധനമന്ത്രിയായിരുന്ന ടി ടി കൃഷ്ണമാചാരി അഴിമതി പ്രശ്‌നത്തില്‍ രാജിവച്ച് ഒഴിയേണ്ടി വന്നത്. അടിയന്തരാവസ്ഥയ്‌ക്ക് നേതൃത്വം നല്‍കിയ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് നാഗര്‍വാല ബാങ്ക് ഉള്‍പ്പെടെയുള്ള നിരവധി അഴിമതിക്കഥകള്‍ ഉയര്‍ന്നുവന്നത്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് ബൊഫോഴ്‌സ് പ്രശ്‌നം വി പി സിങ് പാര്‍ലമെന്റില്‍ ഉയര്‍ത്തിയത്. പിന്നീട് പ്രധാനമന്ത്രിയായ നരസിംഹറാവുവിനെതിരെ പാര്‍ലമെന്റില്‍ ഭൂരിപക്ഷമുണ്ടാക്കാന്‍ കോഴ കൊടുത്തുവെന്ന ആരോപണവും ഉയര്‍ന്നു.
2004 മുതല്‍ 2009 വരെ ഇടതുപക്ഷ പാര്‍ടികളുടെ പിന്തുണയോടെ ഉണ്ടായിരുന്ന ഒന്നാം യുപിഎ സര്‍ക്കാര്‍മാത്രമാണ് പ്രധാനപ്പെട്ട അഴിമതി ആരോപണങ്ങളില്‍നിന്ന് വിമുക്തമായിരുന്നത്. ഇതിനു കാരണം ഇടതുപക്ഷ പാര്‍ടികള്‍ നല്‍കിയ പിന്തുണയും അവര്‍ അംഗീകരിച്ച ശക്തമായ സമീപനവുമാണ്. ഇടതുപക്ഷ പാര്‍ടികള്‍ സ്വീകരിക്കുന്ന സാമ്രാജ്യത്വ വിരുദ്ധപോരാട്ടം, ജനവിരുദ്ധനയങ്ങള്‍ക്കെതിരെയും അഴിമതിക്കെതിരെയും നടത്തുന്ന പോരാട്ടത്തിന്റെ ഭാഗംതന്നെയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ഇടതുപക്ഷ പാര്‍ടികളുടെയും മതേതര ശക്തികളുടെയും പ്രസക്തി കൂടുതല്‍ സജീവമാവുന്നു. ഇതുമായി ബന്ധപ്പെട്ടു വേണം പാര്‍ലമെന്റ് സ്‌തംഭനത്തെ വിലയിരുത്താന്‍. മന്ത്രി രാജയ്‌ക്ക് രാജി വയ്‌ക്കേണ്ടി വന്നതും മറ്റ് രണ്ട് പ്രശ്‌നങ്ങളിലും അന്വേഷണം നടത്താന്‍ തയ്യാറായതും പാര്‍ലമെന്റില്‍ ഉയര്‍ന്നുവന്ന ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായിട്ടുതന്നെയാണ്. ഇത്തരം ഒരു സ്ഥിതി പ്രതിപക്ഷം സ്വീകരിച്ചിരുന്നില്ലെങ്കില്‍ 'രാജ ഇപ്പോഴും രാജാവായി വാഴുമായിരുന്നു'.
Post a Comment