Friday, January 14, 2011

നമ്മുടെ പുഷ്പ സംസ്കാരം

ഒരുകാലത്ത് നമുക്കുചുറ്റും പൂവുകളുണ്ടായിരുന്നു. മിക്കവാറും എല്ലാ വീടുകള്‍ക്കു മുമ്പിലും ഒരു പൂന്തോട്ടമുണ്ടാകും. ചെറ്റപ്പുരകളുടെ മുമ്പില്‍പ്പോലും. അവിടെ പൂന്തോട്ടത്തിന് സ്ഥലമില്ലെങ്കില്‍ വേലിക്കരികിലോ മറ്റെവിടെയെങ്കിലുമോ പൂച്ചെടികള്‍ നട്ടുവളര്‍ത്തിയിരിക്കും. അവിടെ പൂവുകള്‍ വിടര്‍ന്നു നില്‍ക്കുന്നുണ്ടാകും. വേലികളില്‍ പടര്‍ന്ന് കിടക്കുന്നത് നീല ശംഖുപുഷ്പങ്ങളായിരിക്കും.

വീടിന് മുമ്പിലെ പൂന്തോട്ടം നനയ്ക്കുകയും പൂക്കളെ ലാളിക്കുകയും ചെയ്യുന്ന പെണ്‍കുട്ടി നമ്മുടെ കാല്പനികതയുടെ ഗൃഹാതുരത്വമാണ്. എന്റെ കൌമാരപ്രായത്തില്‍ അങ്ങനെയുള്ള ഒരു പൂന്തോട്ടത്തെക്കുറിച്ചും പ്രഭാതത്തില്‍ പൂവുകളെ ശുശ്രൂഷിക്കുന്ന പെണ്‍കുട്ടിയെക്കുറിച്ചും ചങ്ങമ്പുഴ രചിച്ച "ഉദ്യാനദേവത'' ത്രസിക്കുന്ന മനസ്സോടെയാണ് ഞാനും എന്റെ സുഹൃത്തുക്കളും വായിച്ചത്.

ചങ്ങമ്പുഴയെയും ഞങ്ങള്‍ കൌമാരപ്രായക്കാരെയും മാത്രമല്ല പൂവുകള്‍ ആകര്‍ഷിച്ചതും മോഹിപ്പിച്ചതും. ഹാന്‍സ് ക്രിസ്റ്റ്യന്‍ ആന്‍ഡേഴ്സനെപ്പോലുള്ള വലിയ എഴുത്തുകാരും ക്ളോദ് മൊനേയെപ്പോലെ വിശ്വപ്രസിദ്ധരായ ചിത്രകാരന്മാരും പൂവുകളുമായി സര്‍ഗാത്മകമായ ഒരു പരസ്പരത മെനഞ്ഞെടുത്തിരുന്നു.

പില്‍ക്കാലം ഹാന്‍സ് ക്രിസ്റ്റ്യന്‍ ആന്‍ഡേഴ്സന്‍ പൂവുകളെക്കുറിച്ച് എഴുതിയ രണ്ടു കഥകള്‍ ഞാന്‍ വായിക്കുകയുണ്ടായി. "ദ് ഡെയിസി''യും "ലിറ്റില്‍ ലിഡാസ് ഫ്ളവറും''. പച്ചപ്പുല്ലില്‍ വിടര്‍ന്നുകിടക്കുന്ന സുവര്‍ണ ഹൃദയമുള്ള വെള്ള ഡെയിസിപ്പൂവും കൊച്ചു പക്ഷിയും തമ്മിലുള്ള സ്നേഹത്തിന്റെ കഥയാണ് "ദ് ഡെയിസി.'' വികൃതികളായ ആണ്‍കുട്ടികള്‍ ഡെയിസിപ്പൂവിനെ പുല്ലോടെ പറിച്ചെടുത്തു നശിപ്പിക്കുകയും പക്ഷിയെ കൂട്ടിലിട്ട് വെള്ളം കൊടുക്കാതെ കൊല്ലുകയും ചെയ്യുന്ന ആ കഥ വായിച്ച് എന്റെ മനസ്സ് വേദനിച്ചിരുന്നു.

ഇംപ്രഷനിസ്റ്റ് ചിത്രകാരനായ ക്ളോദ് മൊനേയുടെ പെയിന്റിങ്ങുകളിലാണ് ഞാന്‍ ആദ്യമായി ലില്ലിപ്പൂക്കളെ കണ്ടത്. പൂവുകളാണ് തന്നെ ചിത്രകാരനാക്കിയതെന്ന് ഒരിക്കല്‍ മൊനേ പറയുകയുണ്ടായി.

പത്തൊമ്പതാം നൂറ്റാണ്ടിലെ മറ്റൊരു ഇംപ്രഷനിസ്റ്റ് പെയിന്ററായ ഹെന്റി മത്തീസും പൂവുകളെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. "പൂവുകളെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ എങ്ങും പോകേണ്ടതില്ല. എല്ലായ്പോഴും അവ നമുക്ക് ചുറ്റുമുണ്ട്. കണ്ടാല്‍ മതി''. മത്തീസ് ഒരിക്കല്‍ പറഞ്ഞു.

"വെറുതെ ജീവിച്ചാല്‍മാത്രം പോരാ. നമുക്ക് അല്‍പ്പം സൂര്യവെളിച്ചവും സ്വാതന്ത്ര്യവും ഒരു പൂവും വേണം. എങ്കിലേ ജീവിതം പൂര്‍ണമാകുകയുള്ളൂ.'' ഹാന്‍സ് ക്രിസ്റ്റ്യന്‍ ആന്‍ഡേഴ്സന്റെതാണ് ഈ വാക്കുകള്‍.

എമ്മ ഗോള്‍ഡ്‌മാനും പൂവുകളെക്കുറിച്ച് പറഞ്ഞിട്ടില്ലേ?

ഉവ്വ്, ഇതാ ഇങ്ങനെ: "കഴുത്തിലണിഞ്ഞ വൈരക്കല്ലു നെക്‌ലെയിസിനെക്കാളേറെ എനിക്ക് സന്തോഷം നല്‍കുന്നത് മേശപ്പുറത്തുവച്ച റോസാപ്പൂവുകളാണ്.''

എന്തിനാണ് ഇതൊക്കെ ഞാനിപ്പോള്‍ ഓര്‍ക്കുന്നത്?

കഴിഞ്ഞമാസം ദുബായില്‍ നടത്തിയ ഒരു സന്ദര്‍ശനമാണ് അതിന് കാരണം. ഭൂതകാലത്തെക്കുറിച്ചും എന്റെ പൂവനുഭവങ്ങളെക്കുറിച്ചും പൂക്കാഴ്ചകളെക്കുറിച്ചും അതോര്‍മിപ്പിച്ചു.

ഓണക്കാലത്ത് കുട്ടിയായ ഞാന്‍ പൂവിടാന്‍വേണ്ടി ദൂരെ പൂക്കള്‍ തേടിപ്പോയിരുന്നു. ഓണവും വിഷുവും തിറയുത്സവവും തെരേസാ പുണ്യവാളത്തിയുടെ പെരുനാളും എനിക്ക് വളരെ പ്രിയങ്കരമാണ്, അന്നും ഇന്നും. അതൊക്കെ എന്റെ ബാല്യകാലവുമായി വേര്‍തിരിക്കാന്‍ കഴിയാത്തവിധം ബന്ധപ്പെട്ടുകിടക്കുന്നു. എന്റെ ഗൃഹാതുരതയാണ് അതെല്ലാം.

അത്തംനാള്‍ തുടങ്ങി പുലര്‍ച്ചെക്കെഴുന്നേറ്റ് ഞാന്‍ കോലായിയില്‍ പൂക്കളം വരച്ച് പൂവിടും. തലേ ദിവസംതന്നെ ചെറിയ പൂസഞ്ചികളുമായി ആവശ്യമായ വിവിധ ഇനം പൂക്കള്‍തേടി യാത്ര പുറപ്പെടും. ദൂരെയുള്ള അപരിചിതമായ ഇടവഴികളിലൂടെയും നെല്‍വയലുകളിലൂടെയുമെല്ലാം കൂട്ടുകാരുമായി അലയും. ഇരുള്‍വീണു തുടങ്ങുമ്പോള്‍ നിറഞ്ഞ പൂസഞ്ചികളുമായി വീട്ടിലേക്ക് മടങ്ങും.

അക്കാലത്തെ നമ്മുടെ പുഷ്പസംസ്കാരത്തിന്റെ ഭാഗമായിരുന്നു ഈ അനുഭവം.

പ്രകൃതിസ്നേഹം മനസ്സില്‍ വളരുമ്പോള്‍ പൂവുകള്‍ പറിച്ചു നശിപ്പിക്കുവാനുള്ളതല്ല എന്ന തിരിച്ചറിവുണ്ടാകുന്നു. പൂവുകള്‍ സ്നേഹിക്കുവാനും താലോലിക്കുവാനുമുള്ളതാണ്.

പക്ഷേ അങ്ങനെ ഒരു തിരിച്ചറിവ് നമ്മുടെ സമൂഹത്തിനുണ്ടോ?

ഇന്ന് വലിയ വീടുകളുടെ മുമ്പില്‍പ്പോലും പൂന്തോട്ടങ്ങള്‍ കാണുന്നത് വിരളം. പൂന്തോട്ടത്തിന്റെ സ്ഥാനത്ത് നിറമുള്ള ടൈലുകള്‍ പാകി മോടിപിടിപ്പിക്കുന്നതാണ് ഇപ്പോള്‍ ഫാഷന്‍. അഥവാ എവിടെയെങ്കിലും ഒരു പൂന്തോട്ടമുണ്ടെങ്കില്‍തന്നെ അതിലെ ചെടികള്‍ക്ക് നനയ്ക്കുവാനും ശുശ്രൂഷിക്കുവാനും പെണ്‍കുട്ടികളില്ല. പ്രഭാതങ്ങളില്‍ പെണ്‍കുട്ടികള്‍ വന്ന് വീട്ടുമുറ്റത്തുനില്‍ക്കുന്നത് പൂക്കളെ പരിചരിക്കാനല്ല, മൊബൈല്‍ ഫോണില്‍ സംസാരിച്ചു നടക്കുവാനാണ്.

കാലം ഇമെയിജുകളെയും പരിവര്‍ത്തനം ചെയ്യിക്കുന്നു. മുറ്റത്ത് പൂക്കള്‍ വിരിഞ്ഞുകിടക്കുന്ന, ചെടികള്‍ക്ക് നനയ്ക്കുന്ന നീണ്ട പാവാടയുടുത്ത പെണ്‍കുട്ടിയുടെ ദൃശ്യബിംബം പൂന്തോട്ടമോ പൂക്കളോ ഇല്ലാത്ത മുറ്റത്തൂടെ മൊബൈലില്‍ സംസാരിച്ചുകൊണ്ട് നടക്കുന്ന ചുരിദാറിട്ട പെണ്‍കുട്ടിയുടെ ഇമെയിജായി മാറിയിരിക്കുന്നു. ഇനിയുമൊരു ചങ്ങമ്പുഴയുണ്ടാകുമെങ്കില്‍ അദ്ദേഹത്തെക്കൊണ്ട് ഉദ്യാനദേവതപോലുള്ള കവിത രചിപ്പിക്കാന്‍ ഉദ്യാനവും ദേവതയും ഇവിടെ ഉണ്ടാകില്ലെന്ന് ദുഃഖത്തോടെ ഞാനറിയുന്നു.

ഉദ്യാനങ്ങള്‍ മാത്രമല്ല നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. പൂവുകളോടുള്ള സ്നേഹവും നമുക്ക് കൈമോശം വന്നിരിക്കുന്നു.

ഏതെങ്കിലും ഒരു വീടിന്റെ വേലിക്കരികില്‍ ഒരു പൂവ് വിടര്‍ന്നുകിടക്കുന്നത് കണ്ടാല്‍ നാം അതിനെ അതിന്റെ തണ്ടില്‍സുഗന്ധംവിതറി നില്‍ക്കുവാന്‍ അനുവദിക്കില്ല. അതിനെ കൈയേന്തി പറിച്ചെടുക്കും. ഒന്നു മണത്തശേഷം അതിനെ കശക്കി നിലത്തെറിയും. പൂവുകള്‍ നശിപ്പിക്കുവാനുള്ളതാണെന്നാണ് നാം കരുതുന്നത്.

എന്റെ നാട്ടിലെ നിരത്തുവിളക്കുകളില്‍ പ്രകാശംചൊരിയുന്ന സോഡിയം വേപ്പര്‍ ബള്‍ബുകളുണ്ട്. വില കൂടിയ ആ ബള്‍ബുകള്‍ വഴിപോക്കര്‍ എറിഞ്ഞുടക്കുന്നത് ഒരു പതിവാണ്.

ചെടിയിലെ പൂവുകള്‍ പറിച്ച് കശക്കിയെറിയുന്നതിനെയും സോഡിയം വേപ്പര്‍ വിളക്കുകള്‍ എറിഞ്ഞുടക്കുന്നതിനെയും കൂട്ടിവായിക്കേണ്ടതാണ്. മലയാളി മനസ്സില്‍ നശീകരണ വാസനകള്‍ വളരുകയാണ്. ഈ നശീകരണ വാസനകള്‍ പൂവുകളുടെ സുഗന്ധത്തെയും വെളിച്ചത്തെയും ഇല്ലാതെയാക്കുന്നു.

പൂവുകളെ സ്നേഹിക്കുന്ന നമ്മുടെ സാംസ്കാരിക വകുപ്പ് മന്ത്രി എം എ ബേബിക്ക് ഒരിക്കല്‍ ഒരു നല്ല ഐഡിയ തോന്നി. ദിവസേന ഡസന്‍ കണക്കിന് സാംസ്കാരിക സമ്മേളനങ്ങള്‍ നമ്മുടെ നാട്ടില്‍ നടക്കുന്നു. സ്വാഗതം പറയുമ്പോള്‍ വേദിയിലിരിക്കുന്നവര്‍ക്കെല്ലാം പൂച്ചെണ്ടുകളാണ് നല്‍കുന്നത്. സമ്മേളനം കഴിഞ്ഞ് ഒന്നോ രണ്ടോ ദിവസം കഴിയുമ്പോള്‍ ആ പൂക്കള്‍ മരിക്കുന്നു. പൂച്ചെണ്ടുകള്‍ക്ക് പകരം വേദിയിലിരിക്കുന്നവര്‍ക്ക് പുസ്തകങ്ങള്‍ നല്‍കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഐഡിയ. പുസ്തകം വാടി നശിക്കില്ലല്ലോ. എല്ലാവരും മന്ത്രി പറഞ്ഞതുപോലെ ചെയ്തിരുന്നെങ്കില്‍ എണ്ണമറ്റ പൂവുകള്‍ അകാല ചരമമടയാതെ അവയുടെ തണ്ടുകളില്‍ സുഗന്ധം പരത്തി നില്‍ക്കുമായിരുന്നു. എന്നെപ്പോലുള്ളവരുടെ വീടുകളിലെ ലൈബ്രറികളിലെ പുസ്തകങ്ങളുടെ എണ്ണം വര്‍ധിക്കുമായിരുന്നു.

പക്ഷേ... ഇന്നലെയും കിട്ടി വേദിയിലിരിക്കുന്ന എനിക്ക് ഒരു പൂച്ചെണ്ട്.

മരുഭൂമിയെന്നാണ് നമ്മള്‍ ദുബായിയെ വിളിക്കാറുള്ളത്. മരുഭൂമിയിലെ സാഹിത്യം എന്നൊക്കെ നമ്മള്‍ സാധാരണയായി പറയാറുണ്ട്.

കഴിഞ്ഞ മാസം ഞാനവിടെ പോയപ്പോള്‍ മരുഭൂമിയും മണലാരണ്യവും കണ്ടില്ല. എല്ലായിടത്തും നീര്‍ച്ചാലുകള്‍. കടലില്‍നിന്ന് നഗരത്തിന് നടുവില്‍ ചാലുകീറി പുഴകള്‍ ഉണ്ടാക്കിയിരിക്കുന്നു. എങ്ങും വെട്ടിത്തിളങ്ങുന്ന പുത്തന്‍ എടുപ്പുകള്‍. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മുക്കാല്‍ കിലോമീറ്റിലേറെ ഉയരമുള്ള എടുപ്പാണ് ബുര്‍ജ് ഖലീഫ (ദൈവത്തിന്റെ ആസനത്തില്‍ തറച്ചുകയറ്റിയ സൂചി എന്നാണ് അതിനെക്കുറിച്ച് ഫെമിനിസ്റ്റ് എഴുത്തുകാരി ജര്‍മെയിന്‍ ഗ്രീര്‍ പറഞ്ഞത്. അതു മറ്റൊരു വിഷയം) ബുര്‍ജ് ഖലീഫയുടെ മുകളില്‍ കയറി താഴോട്ട് നോക്കിയപ്പോള്‍ ഞാന്‍ എങ്ങും കണ്ടത് നീരുറവുകളും പച്ചപ്പുകളുമാണ്. ബര്‍ ദുബായിലെ രാജവീഥികളുടെ ഇരുവശങ്ങളിലും പൂവുകളുടെ വര്‍ണപ്പരവതാനികള്‍. അതിലെ കടന്നുപോകുന്ന എണ്ണമറ്റ ആളുകളില്‍ ഒരാള്‍പോലും ഒരു പൂവിനെപ്പോലും നുള്ളി വേദനിപ്പിക്കുന്നത് കണ്ടില്ല. മണലാരണ്യങ്ങള്‍ ഉദ്യാനങ്ങളായി മാറിയ ആ അത്ഭുതകാഴ്ച ഞാന്‍ കണ്ണുനിറയെ കണ്ടുനിന്നു.

നമുക്ക് നഷ്ടപ്പെട്ട നമ്മുടെ പുഷ്പസ്നേഹം വീണ്ടെടുക്കണം. എങ്കിലേ നമുക്ക് മനുഷ്യനെ സ്നേഹിക്കാന്‍ കഴിയൂ.

*****

എം മുകുന്ദന്‍, കടപ്പാട് : ദേശാഭിമാനി വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...