Thursday, January 27, 2011

പല്പുലി താനന്തകാരി ( ഇത് മലയാളം തന്നെ)

ക്ളാസിക്കല്‍ ഭാഷാ പദവിക്ക് ശ്രമം തുടങ്ങിയപ്പോള്‍, ഭാഷയോടുള്ള ആത്മാര്‍ഥതകൊണ്ടല്ല നൂറുകോടി കണ്ടിട്ടാണെന്ന് ചിലര്‍ കുറ്റപ്പെടുത്തി. മലയാളിക്ക് ഭാഷയോട് സ്നേഹമില്ലെന്നും അതുകൊണ്ട് ക്ളാസിക്കല്‍ പദവിക്ക് അര്‍ഹരല്ലെന്നും വാദിച്ചവരുണ്ട്. കന്നഡയ്ക്കും തെലുങ്കിനും ലഭിച്ചുകഴിഞ്ഞെന്നും നമ്മള്‍ നേരത്തെ ശ്രമിക്കണമായിരുന്നെന്നു പറയാനും ചിലര്‍ ഉണ്ടായി. സൃഷ്ടിപരമല്ലാത്ത ഇത്തരം വിമര്‍ശങ്ങള്‍ക്ക് ചെവികൊടുക്കാതെ ഗവേഷണവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ച സര്‍ക്കാര്‍ ഇതിനായി പൊതുസമിതിയും വിദഗ്ധസമിതിയും രൂപീകരിച്ചു. ഡോ. പുതുശേരി രാമചന്ദ്രന്‍ ചെയര്‍മാനും നടുവട്ടം ഗോപാലകൃഷ്ണന്‍ കണ്‍വീനറും ഡോ. രാമ സെക്രട്ടറിയുമായ വിദഗ്ധസമിതി ഏഴുമാസം നടത്തിയ പഠനഗവേഷണ പ്രവര്‍ത്തനങ്ങളിലൂടെ തയ്യാറാക്കിയ റിപ്പോര്‍ട്ട് കേന്ദ്രത്തില്‍ സമര്‍പ്പിച്ചു. ആഴത്തിലുള്ള പഠനത്തിലൂടെ മലയാളത്തിന്റെ പ്രാചീനത നിര്‍ണയിക്കാനും ക്ളാസിക്കല്‍ പദവിക്ക് നമ്മുടെ ഭാഷ യോഗ്യമാണെന്നു സ്ഥാപിക്കുന്ന തെളിവുകള്‍ ഹാജരാക്കാനും കമ്മിറ്റിക്കു സാധിച്ചു.

ക്ളാസിക്കല്‍ ഭാഷാ പദവി ലഭിക്കാനുള്ള മലയാളത്തിന്റെ യോഗ്യത, എതിര്‍വാദങ്ങള്‍ എന്നിവയെക്കുറിച്ചും ലഭിക്കാവുന്ന നേട്ടങ്ങളെക്കുറിച്ചും റിപ്പോര്‍ട്ട് തയ്യാറാക്കിയ വിദഗ്ധസമിതി ചെയര്‍മാനും പ്രമുഖ ഭാഷാ പണ്ഡിതനും ചരിത്രകാരനുമായ ഡോ. പുതുശേരി രാമചന്ദ്രന്‍ സംസാരിക്കുന്നു.

ക്ളാസിക്കല്‍ ഭാഷ സംബന്ധിച്ച മലയാളത്തിന്റെ അവകാശവാദം ആത്മാര്‍ഥമല്ലെന്നും നൂറുകോടി മുന്നില്‍കണ്ടുള്ള തട്ടിപ്പാണെന്നും ചിലര്‍ വാദിക്കുന്നുണ്ടല്ലോ?

എന്തിനും അഭിപ്രായം പറയേണ്ടവരാണ് എന്ന് ധരിക്കുന്ന ചില സാഹിത്യകാരന്മാര്‍ നമുക്കുണ്ട്. അവരാണ് ഇത്തരം ചരിത്രബോധമില്ലാത്ത പ്രസ്താവനകളുമായി രംഗത്തെത്തുന്നത്. ആഴത്തില്‍ നടത്തിയ പഠനത്തിന്റെയും ഭാഷാശാസ്ത്രപരമായ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് മലയാളം ക്ളാസിക്കല്‍ ഭാഷാ പദവിക്ക് യോഗ്യമാണെന്ന് ഞങ്ങള്‍ വാദിക്കുന്നത്. ഈ രംഗത്ത് ഗവേഷണം നടത്താത്ത സാഹിത്യകാരന്മാരുടെ അഭിപ്രായങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നു തോന്നുന്നില്ല.

തെലുങ്കും കന്നടയും ഒന്നിച്ചു ശ്രമിച്ചാണ് ക്ളാസിക്കല്‍ ഭാഷാ പദവി നേടിയെടുത്തത്. അവര്‍ക്കുവേണ്ടി മാനദണ്ഡങ്ങളില്‍ മാറ്റംവരുത്താനും കേന്ദ്രം തയ്യാറായി. നമ്മുടെ ഭാഷയുടെ പുരോഗതിക്ക് നൂറുകോടി ലഭിക്കുമെങ്കില്‍ അതിന് പരിശ്രമിക്കുന്നതു മോശമാണോ? ഇല്ലാത്ത തെളിവുകള്‍ ഉണ്ടാക്കുകയല്ല നമ്മള്‍ ചെയ്തത്. നമ്മുടെ ഭാഷ ക്ളാസിക്കല്‍ പദവിക്ക് യോഗ്യമാണെന്നു വാദിക്കുന്നവരില്‍ പ്രമുഖന്‍ ചരിത്രകാരനും ലിപി വിജ്ഞാന വിദഗ്ധനുമായ ഐരാവതം മഹാദേവനാണ്. 2000 വര്‍ഷത്തെ പഴക്കം മലയാളത്തിനുണ്ടെന്ന് തെളിവുകള്‍ സഹിതം അദ്ദേഹം വാദിക്കുന്നു. ക്ളാസിക്കല്‍ പദവി ലഭിക്കുന്നതുകൊണ്ട് അദ്ദേഹത്തിന് പ്രത്യേകിച്ച് നേട്ടമൊന്നുമില്ലല്ലോ...

ഐരാവതം മഹാദേവന്‍ മുന്നോട്ടുവയ്ക്കുന്ന പ്രധാന നിലപാടുകള്‍/തെളിവുകള്‍ എന്തൊക്കെയാണ്?

'ആന്റിക്വിറ്റി ഓഫ് മലയാളം: റീസന്റ് എപ്പിഗ്രാഫിക്കല്‍ എവിഡന്‍സ്' എന്ന പേരില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ ഡിഎല്‍എ ന്യൂസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റു ദ്രാവിഡ ഭാഷകള്‍ക്ക് ക്ളാസിക്കല്‍ പദവി ലഭിച്ചതുകൊണ്ടല്ല, മലയാളത്തിന് യോഗ്യതയുള്ളതുകൊണ്ടാണ് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. തേനി ജില്ലയിലെ പുളിമാങ്കൊമ്പില്‍നിന്ന് ലഭിച്ച ബിസി രണ്ടാം നൂറ്റാണ്ടിലെ വീരക്കല്‍ ലിഖിതത്തില്‍ 'കൂടലൂര്‍ ആകോള്‍ പെടു തീയന്‍ അന്തവന്‍ കല്ല്' എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കന്നുകാലികള്‍ക്കുവേണ്ടിയുള്ള യുദ്ധത്തില്‍ മരിച്ച തീയന്‍ അന്തവാന്റെ സ്മാരകക്കല്ല് എന്നാണ് ഇതിനര്‍ഥം. ഇതിലെ 'പെടു' (മരിച്ചുവീണ) എന്ന പദം മലയാളമാണ്. തമിഴില്‍ ഈ വാക്ക് 'പടു' എന്നാണ്. തീയന്‍ എന്ന പദവും മലയാളത്തിലല്ലാതെ മറ്റെവിടെയും ഉപയോഗിച്ചിട്ടില്ലെന്ന് അദ്ദേഹം തെളിവുകള്‍ നിരത്തി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

എടയ്ക്കല്‍ ഗുഹയില്‍ കണ്ടെത്തിയ ഒരു ശാസനത്തില്‍ 'പല്പുലി താനന്തകാരി' (പല പുലികളെ കൊന്നവന്‍) എന്നു രേഖപ്പെടുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. മൂന്നാം നൂറ്റാണ്ടിലേതാണ് ഈ ലിഖിതം. തമിഴില്‍ 'പറ്പുലി' എന്നാണ് ഉപയോഗിക്കുന്നത്. മറ്റൊരു ലിഖിതത്തില്‍ 'വെങ്കോമലൈകച്ചവനുചത്തി' (വെങ്കോമലയിലെ കശ്യപനു ശക്തി) എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. 'കച്ചവനു' എന്നത് തികച്ചും മലയാള പ്രയോഗമാണെന്ന് സമിതി പറയുന്നു. തമിഴില്‍ കച്ചവനുക്ക് എന്നാണ് പ്രയോഗം. പട്ടണം പര്യവേക്ഷണത്തില്‍ ലഭിച്ച ഓട്ടക്കല കഷണത്തില്‍ (പോട്ടറിയില്‍) 'ഊര്‍പ്പാവ ഓ...' എന്നു രേഖപ്പെടുത്തിയിരിക്കുന്നു. തമിഴിലാണെങ്കില്‍ പാവൈ എന്നാണ് ചേര്‍ക്കേണ്ടതെന്നും സമിതി നിരീക്ഷിക്കുന്നു.

ദ്രവീഡിയന്‍ ലിംഗ്വിസ്റിക്സ് അസോസിയേഷന്‍ (ഡിഎല്‍എ) ഗവേഷണത്തില്‍ വഹിച്ച പങ്ക് എന്താണ്?

തെലുങ്കും കന്നടയും ക്ളാസിക്കല്‍ ഭാഷാപദവി ഉപയോഗിച്ച് ഭാഷയുടെ വികാസത്തിന് നടത്തുന്ന ശ്രമങ്ങള്‍ തിരിച്ചറിഞ്ഞാണ് ഡിഎല്‍എ ഇതുസംബന്ധിച്ച് ശില്‍പ്പശാല സംഘടിപ്പിച്ചത്. കേരളത്തില്‍നിന്നും പുറത്തുനിന്നുമുള്ള നിരവധി ഭാഷാപണ്ഡിതര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു. മലയാളം ക്ളാസിക്കല്‍ പദവിക്ക് എന്തുകൊണ്ടും യോഗ്യമാണെന്ന അഭിപ്രായമാണ് ശില്‍പ്പശാലയില്‍ ഉയര്‍ന്നത്. കേരളത്തിനു പുറത്തുള്ള ഭാഷാപണ്ഡിതര്‍ ഉറച്ച നിലപാട് സ്വീകരിച്ചതോടെ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ തീരുമാനിച്ചു. ഈ പ്രവര്‍ത്തനങ്ങളോട് സര്‍ക്കാര്‍ പൂര്‍ണമായും സഹകരിക്കുകയും ആവശ്യമായ നടപടി സ്വീകരിക്കുകയുംചെയ്തു. ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഫലമൊന്നും വാങ്ങാതെ നടത്തിയ ഗവേഷണത്തിന്റെ ഫലമായാണ് ആധികാരികമായ റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കാന്‍ നമുക്ക് സാധിച്ചത്.

മലയാളം സര്‍വകലാശാലയ്ക്ക് ഭാഷയുടെ വികാസത്തില്‍ എന്തുപങ്കാണ് വഹിക്കാന്‍ സാധിക്കുക? സംസ്കൃത സര്‍വകലാശാല സംസ്കൃതത്തിന്റെ വികാസത്തിന് എന്തുചെയ്തു എന്നൊരു ചോദ്യം പലരും ഉന്നയിക്കാറുണ്ട്?

മലയാള സര്‍വകലാശാല എന്നു കേള്‍ക്കുമ്പോള്‍ മലയാളം ബിഎയും എംഎയും പഠിപ്പിക്കാനുള്ള സര്‍വകലാശാല എന്നാണ് പലരും ധരിക്കുന്നത്. മലയാളം സര്‍വകലാശാലയുടെ പ്രസക്തി തിരിച്ചറിയാതെയാണ് പലരും ഈ വിഷയത്തില്‍ പ്രതികരിച്ചത്. കേരളത്തിന്റെ എല്ലാ തരത്തിലുള്ള സവിശേഷതകളെയും ഗവേഷണപരമായി പഠിക്കുകയും സംസ്കൃതിയുടെ ശേഷിപ്പുകള്‍ കണ്ടെത്തി സംരക്ഷിക്കാനുമാകണം മലയാളം സര്‍വകലാശാല. ശില്‍പ്പരീതി, വാസ്തുശാസ്ത്രം, ലിഖിതങ്ങള്‍, സാമൂഹ്യശാസ്ത്രം, ഔഷധങ്ങള്‍, കാര്‍ഷികവൃത്തി തുടങ്ങിയ കേരളത്തിന്റെ തനിമകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഗവേഷണത്തിന് മലയാളം സര്‍വകലാശാല ആവശ്യമാണ്. അനാവശ്യ വിമര്‍ശം ഉന്നയിക്കുന്നവര്‍ സമൂഹവുമായോ സംസ്കാരവുമായോ ഒരു ബന്ധവുമില്ലാത്ത ഉപരിപ്ളവ ബുദ്ധിജീവികളാണ്.

സംസ്കൃത സര്‍വകലാശാലയുടെ പ്രശ്നം സംസ്കൃതപഠനത്തില്‍ ഊന്നാതെ മറ്റു മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിച്ചതാണ്.

മലയാളം ഒന്നാംഭാഷയാക്കാനുള്ള നിര്‍ദേശം ഉചിതമായ സന്ദര്‍ഭത്തിലാണല്ലോ പുറത്തുവന്നത്?

ക്ളാസിക്കല്‍ ഭാഷയ്ക്കായി ശ്രമിക്കുന്ന ഈ സന്ദര്‍ഭത്തില്‍ മലയാളം ഒന്നാംഭാഷയാക്കാനുള്ള നിര്‍ദേശം ഉണ്ടായത് സ്വാഗതാര്‍ഹമാണ്. ക്ളാസിക്കല്‍ ഭാഷാ പദവി ആവശ്യപ്പെടുന്നതിനുമുമ്പ് മലയാളത്തെ ഒന്നാംഭാഷയായി പ്രഖ്യാപിക്കണമെന്ന് പി ഗോവിന്ദപ്പിള്ള ഉള്‍പ്പെടെയുള്ള പണ്ഡിതര്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴെങ്കിലും ഇത്തരമൊരു തീരുമാനം എടുക്കാന്‍ തയ്യാറായി എന്നത് അഭിനന്ദനാര്‍ഹമാണ്. അതോടൊപ്പം ക്ളാസിക്കല്‍ ഭാഷാ പദവിക്കായി സുഭദ്രമായ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കാനും ഇതിനായി ഗവേഷകരെയും പണ്ഡിതരെയും ഒരു കുടക്കീഴില്‍നിര്‍ത്താനും സാംസ്കാരികവകുപ്പിനു സാധിച്ചുവെന്നതും എടുത്തുപറയേണ്ട കാര്യമാണ്. മലയാളത്തിന് ക്ളാസിക്കല്‍ പദവി ലഭിക്കുകയാണെങ്കില്‍ സാംസ്കാരികവകുപ്പിന്റെയും മന്ത്രി എം എ ബേബിയുടെയും നേട്ടംകൂടിയായിരിക്കും അത്.

*

"ആത്മാര്‍ഥതയും സത്യസന്ധതയും ധീരതയുമുള്ള ഏതെങ്കിലും സര്‍ക്കാരോ പാര്‍ടിയോ മലയാളത്തെ നിര്‍ബന്ധിതവിഷയവും ഒന്നാംഭാഷയുമാക്കട്ടെ. കുറഞ്ഞത് അങ്ങനെയാക്കുന്നതിനെപ്പറ്റി സ്വന്തം അഭിപ്രായമെങ്കിലും വെളിപ്പെടുത്തട്ടെ''-

ക്ളാസിക്കല്‍ മലയാളമേ, മാപ്പ് എന്ന പേരില്‍ ഡോ. പി കെ രാജശേഖരന്‍ എഴുതിയ ലേഖനം അവസാനിക്കുന്നത് ഇങ്ങനെയാണ്. ഇപ്പോള്‍ ഡോ. ആര്‍ വി ജി മേനോന്‍ അധ്യക്ഷനായ കമ്മിറ്റി സംസ്ഥാനത്തെ സ്കൂളുകളില്‍ മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കണമെന്ന് ശുപാര്‍ശ ചെയ്യാന്‍ ധാരണയിലെത്തിയിരിക്കുന്നു. പത്താം ക്ളാസുവരെ മലയാളം ഒന്നാംഭാഷയായിത്തന്നെ പഠിപ്പിക്കണമെന്നും 11, 12 ക്ളാസില്‍ മലയാളം പഠിക്കുന്നതിന് എല്ലാ സ്കൂളിലും അവസരം ഉണ്ടാകണമെന്നുമാണ് സമിതി നിര്‍ദേശിക്കുന്നത്. ദീര്‍ഘകാലമായി ഭാഷാ സ്നേഹികള്‍ ഉന്നയിച്ചുവന്ന ആവശ്യമാണ് യാഥാര്‍ഥ്യത്തോടടുക്കുന്നത്. മലയാളത്തിന് ക്ളാസിക്കല്‍ പദവി ലഭിച്ചാലും ഇല്ലെങ്കിലും ഭാഷ സംബന്ധിച്ച ചര്‍ച്ച സജീവമാക്കാന്‍ ക്ളാസിക്കല്‍ ഭാഷാ പരിശ്രമങ്ങള്‍ക്ക് സാധിച്ചു.

*
സംഭാഷണം: ഡോ. പുതുശേരി രാമചന്ദ്രന്‍/സി സി സുജിത് കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ് 23 ജനുവരി 2011

4 comments:

വര്‍ക്കേഴ്സ് ഫോറം said...

ക്ളാസിക്കല്‍ ഭാഷാ പദവിക്ക് ശ്രമം തുടങ്ങിയപ്പോള്‍, ഭാഷയോടുള്ള ആത്മാര്‍ഥതകൊണ്ടല്ല നൂറുകോടി കണ്ടിട്ടാണെന്ന് ചിലര്‍ കുറ്റപ്പെടുത്തി. മലയാളിക്ക് ഭാഷയോട് സ്നേഹമില്ലെന്നും അതുകൊണ്ട് ക്ളാസിക്കല്‍ പദവിക്ക് അര്‍ഹരല്ലെന്നും വാദിച്ചവരുണ്ട്. കന്നഡയ്ക്കും തെലുങ്കിനും ലഭിച്ചുകഴിഞ്ഞെന്നും നമ്മള്‍ നേരത്തെ ശ്രമിക്കണമായിരുന്നെന്നു പറയാനും ചിലര്‍ ഉണ്ടായി. സൃഷ്ടിപരമല്ലാത്ത ഇത്തരം വിമര്‍ശങ്ങള്‍ക്ക് ചെവികൊടുക്കാതെ ഗവേഷണവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ച സര്‍ക്കാര്‍ ഇതിനായി പൊതുസമിതിയും വിദഗ്ധസമിതിയും രൂപീകരിച്ചു. ഡോ. പുതുശേരി രാമചന്ദ്രന്‍ ചെയര്‍മാനും നടുവട്ടം ഗോപാലകൃഷ്ണന്‍ കണ്‍വീനറും ഡോ. രാമ സെക്രട്ടറിയുമായ വിദഗ്ധസമിതി ഏഴുമാസം നടത്തിയ പഠനഗവേഷണ പ്രവര്‍ത്തനങ്ങളിലൂടെ തയ്യാറാക്കിയ റിപ്പോര്‍ട്ട് കേന്ദ്രത്തില്‍ സമര്‍പ്പിച്ചു. ആഴത്തിലുള്ള പഠനത്തിലൂടെ മലയാളത്തിന്റെ പ്രാചീനത നിര്‍ണയിക്കാനും ക്ളാസിക്കല്‍ പദവിക്ക് നമ്മുടെ ഭാഷ യോഗ്യമാണെന്നു സ്ഥാപിക്കുന്ന തെളിവുകള്‍ ഹാജരാക്കാനും കമ്മിറ്റിക്കു സാധിച്ചു.

Unknown said...

എന്റെ തെറ്റ് ...പൊറുക്കാനാവാത്ത തെറ്റ് ..... ഞാന്‍ ഇപ്പോഴും മലയാള ഭാഷയിലെ ചില വാക്കുകള്‍ മറന്നു പോയി ..ബ്ലോഗെഴുതുമ്പോള്‍ ആംഗലേയ പദങ്ങള്‍ വരാറുണ്ട് (ബ്ലോഗ്‌ ) ... ഇതിനെല്ലാം മലയാള വാചകങ്ങള്‍ കണ്ടെത്തണം ... ഞാന്‍ എന്റെ മാതൃഭാഷയെ സ്നേഹിക്കുന്നു ......

Anonymous said...

നമ്മുടെ തായ്മൊഴി ക്ലാസിക്കലായാല്‍ ഉണ്ടാവുന്ന ഗുലുമാലുകളെ കുറിച്ചൊന്നും ഈയുള്ളവന് ഒരു പിടിയുമില്ല.
തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ചന്‍ ആണ് ഭാഷാപിതാവ് എന്ന അറിവ് മാത്രമേ ഉള്ളു. അദ്ദേഹത്തിന്റെ കാലം പതിനാറാം
നൂറ്റാണ്ടിന്റെ അവസാന പാദമാണ്‌. അതായത് ഭാഷയുടെ വളര്‍ച്ച പൂര്‍ത്തിയാവുന്നത് 500 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് എന്ന് സാരം.
ഇനി പിതാവിനും മുന്‍പ് ഭാഷ ഉണ്ടായിരുന്നു എന്നാണ് വാദമെങ്കില്‍ [ ഗാന്ധിജിക്ക് മുന്‍പ് രാജ്യം ഉണ്ടായിരുന്നത് പോലെ ]
ഒരു അറുനൂറു , എഴുനൂറു വര്‍ഷം അംഗീകരിച്ചു കൊടുത്താല്‍ തന്നെ ഈ ആയിരം വര്‍ഷത്തെ സ്വതന്ത്ര സാഹിത്യ സംസ്കാരവും
വാമൊഴി പാരമ്പര്യവും എവിടെ നിന്ന് വന്നു? ചരിത്ര കാരന്മാര്‍ ആരും ഇങ്ങിനെ പറഞ്ഞതായി അറിയില്ല....
ശ്രീ .എ . ശ്രീധരമേനോന്‍ എഴുതുന്നു : '' Till about 800 AD Kerala was almost a part of Tamilakam and the language of the region was Tamil
with its own peculiar characteristics''. പിന്നീട് പന്ത്രണ്ടാം നൂറ്റാണ്ടു വരെ നീണ്ടു കിടക്കുന്ന മണിപ്രവാള കാലഘട്ടത്തില്‍ പുറത്തുവന്ന
തോലന്റെയും[ Tholan] മറ്റും കൃതികള്‍ക്ക് ശേഷമാണ് ഭാഷാകൌടില്യം എന്ന അര്‍ത്ഥ ശാസ്ത്ര വ്യാഖ്യാനം പുറത്തു വരുന്നത്. ഭാഷാകൌടില്യമാണ്‌ സംസ്കൃത--തമിള്‍--
മണിപ്രവാള ശൈലികളില്‍ നിന്ന് മാറി ശുദ്ധ[?] മലയാള
ഭാഷ യില്‍ എഴുതപ്പെട്ട ഗ്രന്ഥം എന്ന് പറയപ്പെടുന്നു. .............

മലയാളത്തിന്‍റെ ക്ലാസിക്കല്‍ അവകാശ വാദത്തെ ചെറുതായി കാണിക്കുവാനോ , അഭിലഷണീയമായ ഒരു പദവിയിലേക്ക്
മാതൃഭാഷ ഉയരുന്നതിന് തടസ്സം സൃഷ്ടിക്കുവാനോ അല്ല ഇങ്ങനെ കുറിച്ചത്. അഗീകാരവും ആദരവും ചോദിച്ചു വാങ്ങുന്നതിനേക്കാള്‍
ഉചിതം, അറിഞ്ഞു നല്‍കുമ്പോള്‍ അത് സ്വീകരിക്കുന്നതാണ് ........അതിനു നാം സ്വയം തയ്യാര്‍ ആവുകയാണ് വേണ്ടത്. . ........ഭാഷാ ഭ്രാന്തിനേക്കാള്‍ ഭാഷാ സ്നേഹമാണ് അഭിലഷണീയം .....


ക്ലാസിക് ഭാഷാ പദവിക്ക് വേണ്ടി സമ്മര്‍ദ്ദം ചെലുത്തുന്ന തോടൊപ്പം ഭാഷയുടെ വളര്‍ച്ചക്ക്‌ വേണ്ടി നാം എന്ത് ചെയ്യുന്നു
എന്ന് കൂടി പരിശോധിക്കണം . ഭരണ ---വ്യവഹാര ഭാഷ എന്ന നിലയില്‍ ഉപകാര ക്ഷമവും സ്വീകാര്യവുമായ പദങ്ങളും
സാങ്കേതിക സംജ്ഞകളും സ്വീകരിക്കുന്നതിലും അവ പ്രചരിപ്പിച്ചു ഭാഷയെ ജീവല്‍ഭാഷ ആക്കി നിലനിര്‍ത്തുന്നതിലും
ചുമതലപ്പെട്ട വകുപ്പുകളുടെ പ്രവര്‍ത്തനം തൃപ്തി കരമാണോ? ദൂരകാഴ്ചയില്ലാതെ മറുഭാഷാ പദങ്ങള്‍ അതേപടി
സ്വീകരിച്ചു കാര്യങ്ങള്‍ വേഗത്തില്‍ നടത്തിതീര്‍ക്കുക, ആവസ്യമെങ്കില്‍ അത് നിലനിര്‍ത്തുക എന്നതിനപ്പുറം ഭാഷാ
പരി പോഷണത്തിന് ഉത്തരവാദപ്പെട്ടവര്‍ എന്തെങ്കിലും ചെയ്യുന്നുണ്ടോ? ഭരണഭാഷ ഇപ്പോഴും മലയാളമാണ് എന്നാണു
വെയ്പ്. ഏതു വകുപ്പിലാണ് ഇത് പൂര്‍ണമായി നടപ്പിലാക്കാന്‍ കഴിഞ്ഞത്?

വിദ്യാഭ്യാസ മേഖല ആണല്ലോ മാതൃഭാഷയുറെ ജീവന്‍ നിലനിര്‍ത്തേണ്ട മറ്റൊരു മേഖല ..
ദേശീയ പാട്ട്ട്യ പദ്ദതിയുടെ ചട്ടക്കൂടില്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ കേരള പാട്ട്ട്യ
പദ്ധതി രേഖയില്‍ നിന്ന് രണ്ടു വാചകങ്ങള്‍ ഉദ്ദരിക്കട്ടെ...........
''..............മാതൃഭാഷാ പഠനത്തില്‍ സമഗ്രതയും സാര്‍വത്രികതയും ഉറപ്പു വരുത്താന്‍ നമുക്ക് ഇനിയും
കഴിഞ്ഞിട്ടില്ല. ............. മലയാളം അറിയാത്ത മലയാളി എന്ന അഭിമാനം കൊള്ളല്‍ കേരളീയ സാമൂഹ്യ
ബോധത്തിന് ഏല്‍പ്പിച്ചിട്ടുള്ള ക്ഷതങ്ങള്‍ കേരളം തിരിച്ചറിയാന്‍ പോകുന്നതെയുള്ളു..................
...... ഇന്ത്യയില്‍ എവിടെയും സ്കൂള്‍ തലത്തില്‍ മാതൃ ഭാഷ നിര്‍ബന്ധിതമാവുമ്പോള്‍ മാതൃ ഭാഷ
ഒഴിവാക്കിക്കൊണ്ട് സ്കൂള്‍ വിദ്യാഭ്യാസം
പൂര്‍ത്തിയാക്കാന്‍ കേരളത്തില്‍ മാത്രമാണ്
അവസരം ഉള്ളത്...... ''
ഏതെങ്കിലും വകുപ്പിനോ മന്ത്രിക്കോ കിട്ടുന്ന നേട്ടതിനപ്പുറം സത്യം കാണാനുള്ള കണ്ണുകളാണ് നമുക്ക് വേണ്ടത് ..
see ...... viewsinnet .blogspot .com

chithrakaran:ചിത്രകാരന്‍ said...

മലയാളിയുടെ ചരിത്രവും സാഹിത്യവും ഏറെക്കുറെ സംഘടിതവും ആസൂത്രിതവുമായി നശിപ്പിക്കപ്പെട്ടതാണ്.
മലയാളം എന്ന വാക്കുതന്നെ മലയിലെ ആളന്മാരുടെ ഭാഷ എന്ന നിലയിലാണ് രൂപപ്പെട്ടിരിക്കുന്നത്.അതായത് മലയാളന്മാരുടെ/മലയന്മാരുടെ ഭഷ.
കേരളത്തിന്റെ പ്രാചീനസംസ്ക്കാരം തന്നെ മലയന്മാരുമായി ബന്ധപ്പെട്ടിരിക്കുന്നു.
മലയന്മാരുടെ സാംസ്ക്കാരികതയുടെ തെളിവുകള്‍,വിശ്വാസങ്ങള്‍ എന്നിവ ബ്രാഹ്മണഹിന്ദുമതത്തിന്റെ അധിനിവേശത്തോടെ നശിപ്പിക്കാനായി പുഴയിലും,കടലിലും,ക്ഷേത്രങ്ങളിലെ അടുപ്പുകളിലും നിക്ഷേപിക്കണമെന്ന്
ഒരു ആചാരം തന്നെ ഏര്‍പ്പെടുത്തിയിരുന്നതായി മലയ ചരിതങ്ങളില്‍ കാണുന്നു.(മലയചരിതം താളിയോല)താളിയോലകള്‍ ആചരിക്കാനും,ആദരവോടെയും,ചിട്ടയോടെയും
സൂക്ഷിക്കാനാളില്ലാതായാല്‍ തൃക്കണ്ണ പുഴയിലൊഴുക്കണ മെന്നൊക്കെ മലയ ഗ്രന്ഥങ്ങളില്‍ എഴുതപ്പെടണമെങ്കില്‍ അതിനു മുന്‍പുള്ള നൂറ്റാണ്ടുകളുടെ പഴക്കമുള്ളതും, അത്തരം നിര്‍ദ്ദേശങ്ങളില്ലാത്തതുമായ ഒരുപാട് നശിപ്പിക്കപ്പെട്ട ഗ്രന്ഥങ്ങള്‍ ഉണ്ടായിരുന്നിരിക്കണം.ബ്രാഹ്മണരുടെ അധിനിവേശം സാംസ്ക്കാരികതയെ ഇല്ലാതാക്കിക്കൊണ്ടുള്ള കള്ളക്കഥകളുടെ
സ്ഥാനാരോഹണങ്ങളിലൂടെ ആയിരുന്നതിനാല്‍ മലയാള ഭാഷയുടെ ചരിത്രം
ചെറിയൊരു കാലഘട്ടത്തില്‍ ഒതുങ്ങില്ലെന്ന് കരുതേണ്ടിയിരിക്കുന്നു.