Saturday, January 15, 2011

യുഡിഎഫ് മറുപടി പറയേണ്ടത്

ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കുന്ന കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്ന കാലത്താണ് യുഡിഎഫുകാര്‍ എല്‍ഡിഎഫ് ഭരണത്തിനെതിരായി മാര്‍ച്ച് സംഘടിപ്പിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ അതേപടി നടപ്പാക്കിയിരുന്നെങ്കില്‍ കേരളം രക്ഷപ്പെട്ടുപോകുമായിരുന്നു എന്ന 'ഉപദേശം' നല്‍കാനും ഇക്കൂട്ടര്‍ക്ക് മടിയില്ല.

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന നയങ്ങള്‍ രാജ്യത്തെ ദുരിതപൂര്‍ണമാക്കുന്നു. യുപിഎ ഭരണത്തില്‍ ശതകോടീശ്വരന്മാരുടെ എണ്ണം ഒമ്പതില്‍നിന്ന് 53 ആയി വര്‍ധിച്ചു. അര്‍ജുന്‍സിങ് ഗുപ്ത റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ച സര്‍വേ റിപ്പോര്‍ട്ടുപ്രകാരം 77 ശതമാനം ജനങ്ങളും ശരാശരി ഒരു ദിവസം 20 രൂപമാത്രം ചെലവഴിക്കാന്‍ കഴിവുള്ളവരാണ്. സമ്പന്നര്‍ കൊഴുക്കുകയും പാവപ്പെട്ടവര്‍ കൂടുതല്‍ ദുരിതത്തിലേക്ക് എടുത്തെറിയപ്പെടുകയുമാണ്. ദുരിതത്തിന്റെ ആഴം വര്‍ധിപ്പിക്കുന്ന വിധം പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ദിനംപ്രതിയെന്നോണം കൂട്ടുന്നു. വിലക്കയറ്റംകൊണ്ട് രാജ്യം പൊറുതിമുട്ടുന്നു. ഇത് പരിഹരിക്കുന്നതിന് പ്രായോഗിക പദ്ധതികളില്ലാതെ ഇരുട്ടില്‍ തപ്പുകയാണ് കേന്ദ്രസര്‍ക്കാര്‍. ഈ നയങ്ങള്‍ക്കെതിരെ ഒരക്ഷരം മിണ്ടാതെ മുന്നോട്ടുപോകുന്ന ഇവരുടെ രാജ്യസ്നേഹം ജനങ്ങള്‍ തിരിച്ചറിയുകതന്നെ ചെയ്യും.

കേന്ദ്രസര്‍ക്കാര്‍ ഇന്ന് നടപ്പാക്കുന്ന ഈ നയം അതേപടി പകര്‍ത്തി സംസ്ഥാനത്തിന്റെ നേട്ടങ്ങള്‍ തകര്‍ത്തവരാണ് ഇപ്പോള്‍ കേരളത്തെ 'രക്ഷപ്പെടുത്താന്‍' യാത്രകളുമായി ഇറങ്ങിയത്. കേരളത്തിന്റെ വികസനത്തെക്കുറിച്ച് വ്യാകുലപ്പെടുന്ന ഇക്കൂട്ടരുടെ ഭരണകാലഘട്ടവും ഇപ്പോഴത്തെ എല്‍ഡിഎഫ് ഭരണവും തമ്മില്‍ താരതമ്യപ്പെടുത്തേണ്ടത് ഈ അവസരത്തില്‍ അത്യന്താപേക്ഷിതമാണ്.

നാടിന്റെ സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതിന് പ്രധാനമാണ് അടിസ്ഥാന മേഖലകളിലെ വികസനം. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ കാര്‍ഷികമേഖലയില്‍ നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ കേരളത്തിലത് 2.8 ശതമാനമായി വര്‍ധിക്കുന്ന നിലയുണ്ടായത് എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷമാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കര്‍ഷക ആത്മഹത്യകള്‍ കേരളത്തില്‍ നിത്യസംഭവമായിരുന്നു. ഇന്ന് അത്തരമൊരനുഭവം കേരളത്തിന് ഇല്ല. അത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്ന് ഏവരും അംഗീകരിക്കുന്നതാണ്. ആത്മഹത്യചെയ്ത കര്‍ഷകരുടെ കടം എഴുതിത്തള്ളി, അവരുടെ കുടുംബങ്ങള്‍ക്ക് സഹായധനം നല്‍കി മുന്നോട്ടുപോയത് ഈ സര്‍ക്കാരാണ്. കര്‍ഷകര്‍ക്ക് പെന്‍ഷന്‍ പ്രഖ്യാപിച്ചതിലൂടെ രാജ്യത്തിനുതന്നെ മാതൃകയായ കാല്‍വയ്പ് സംസ്ഥാനസര്‍ക്കാര്‍ നടത്തി. കാര്‍ഷിക കടാശ്വാസ പദ്ധതി കാര്‍ഷികമേഖലയില്‍ മാത്രമല്ല, മത്സ്യമേഖലയിലും നടപ്പാക്കി രാജ്യത്തിനു മാതൃക കാട്ടി.
കേരളത്തിന്റെ വ്യവസായമേഖല ശവപ്പറമ്പായി മാറുന്ന നിലയായിരുന്നു യുഡിഎഫിന്റെ കാലത്ത്. അവര്‍ നിയോഗിച്ച ചൌധരി കമ്മിറ്റി പൊതുമേഖലാ സ്ഥാപനങ്ങള്‍ മുഴുവനും സ്വകാര്യവല്‍ക്കരിക്കാനാണ് നിര്‍ദേശിച്ചത്. തൊഴിലാളികളും ബഹുജനങ്ങളും ഉയര്‍ത്തിയ പ്രതിഷേധമില്ലായിരുന്നെങ്കില്‍ കേരളത്തില്‍ പൊതുമേഖല അവശേഷിക്കുമായിരുന്നില്ല. യുഡിഎഫിന്റെ കാലത്ത് കെടുകാര്യസ്ഥതയുടെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങള്‍ അവസാനവര്‍ഷംമാത്രം 69.4 കോടി രൂപയാണ് നഷ്ടം വരുത്തിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇവയെ ലാഭത്തിലാക്കി. ഈ വര്‍ഷംമാത്രം 239.75 കോടി രൂപ സര്‍ക്കാര്‍ ഖജനാവിന് ഇവ നല്‍കി. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലയ്ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനു പകരം ഏഴു പൊതുമേഖലാ സ്ഥാപനം പുതുതായി ആരംഭിക്കുന്നതിനും എല്‍ഡിഎഫ് സര്‍ക്കാരിനു കഴിഞ്ഞു. പൊതുമേഖലകളുടെ ലാഭം പൊതുമേഖലയുടെ വികസനത്തിനുപയോഗിക്കുന്ന ഈ വികസനതന്ത്രം യുഡിഎഫിന് സ്വപ്നം കാണാന്‍കൂടി കഴിയാത്തതാണ്.

തങ്ങളുടെ ഭരണകാലത്ത് ഉണ്ടാക്കിയ നേട്ടങ്ങളുടെ പട്ടിക ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കാന്‍ യുഡിഎഫ് തയ്യാറാകണം. അക്കാലത്ത് കേരളം വമ്പിച്ച കടക്കെണിയിലേക്കു പോയി. നിത്യനിദാന ചെലവുകള്‍പോലും നടത്താന്‍ കഴിയാത്തവിധം ഖജനാവ് ശോഷിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളംപോലും വെട്ടിക്കുറയ്ക്കുന്ന നിലയുണ്ടായി. ശമ്പളപരിഷ്കരണം തടയപ്പെട്ടു. ജീവനക്കാരുടെ എല്ലാ സംഘടനകളും ഒറ്റക്കെട്ടായി യുഡിഎഫ് സര്‍ക്കാരിനെതിരെ സമരരംഗത്ത് വന്നു. അത് മാറ്റി സേവന-വേതന വ്യവസ്ഥകള്‍ നിലനിര്‍ത്തിയതും കൂടുതല്‍ മെച്ചപ്പെടുത്തിയതും എല്‍ഡിഎഫ് സര്‍ക്കാരാണെന്നത് ജീവനക്കാര്‍ക്ക് മറക്കാനാകുമെന്നു തോന്നുന്നില്ല. അന്ന് തട്ടിപ്പറിക്കലിന് നേതൃത്വം കൊടുത്തവരാണ് ഇപ്പോള്‍ ജീവനക്കാര്‍ക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കുന്നത്.

പാവപ്പെട്ടവരെ പരിഗണിക്കാത്തതായിരുന്നു യുഡിഎഫ് ഭരണ കാലം. എല്ലാ ക്ഷേമപദ്ധതികളും അട്ടിമറിക്കപ്പെട്ടു. കര്‍ഷകത്തൊഴിലാളികള്‍, കയര്‍ത്തൊഴിലാളികള്‍, കശുവണ്ടിത്തൊഴിലാളികള്‍ തുടങ്ങിയ പാവങ്ങളില്‍ പാവങ്ങളായവരുടെ പെന്‍ഷന്‍-ക്ഷേമപദ്ധതികള്‍ നിര്‍ജീവമായി. മുണ്ടുമുറുക്കി ഉടുത്ത് ജീവിക്കേണ്ടിവന്ന പാവങ്ങള്‍ക്ക് യുഡിഎഫ് സര്‍ക്കാര്‍ കുടിശ്ശികയാക്കിയ പെന്‍ഷന്‍തുക തിരിച്ചുനല്‍കി സാന്ത്വനമേകിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. മാത്രമല്ല, ക്ഷേമപെന്‍ഷനുകള്‍ മൂന്നിരട്ടിയിലേറെയായി വര്‍ധിപ്പിക്കുകയും ചെയ്തു. അങ്ങനെയുള്ള സര്‍ക്കാരിനെ പാവപ്പെട്ടവര്‍ക്ക് മറക്കാനാകില്ല. ഒരു പെന്‍ഷന്‍ പരിരക്ഷയും കിട്ടാത്ത ദരിദ്രജനവിഭാഗത്തിന് പ്രതിമാസം 100 രൂപ നല്‍കുന്ന പദ്ധതി ഈ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പീടികത്തൊഴിലാളികള്‍, ആഭരണത്തൊഴിലാളികള്‍ തുടങ്ങിയ ജനവിഭാഗങ്ങളെക്കൂടി സാമൂഹ്യസുരക്ഷാ വലയത്തിലേക്ക് കൊണ്ടുവന്നു. എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പുവരുത്തുന്ന തരത്തില്‍ രണ്ടു രൂപയ്ക്ക് അരി നല്‍കുന്ന പദ്ധതിയിലൂടെ സര്‍ക്കാര്‍ പാവപ്പെട്ടവരോട് കാണിച്ച പ്രതിജ്ഞാബദ്ധത ആര്‍ക്ക് മറച്ചുപിടിക്കാനാകും? യുഡിഎഫ് സംസ്ഥാനം ഭരിച്ച അഞ്ചുവര്‍ഷക്കാലം പൊതുവിതരണത്തിനായി ആകെ ചെലവിട്ടത് 35.4 കോടി രൂപയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷംമാത്രം ചെലവഴിച്ച തുക 200 കോടി രൂപയാണ്.

സര്‍ക്കാര്‍ ആശുപത്രികളില്‍ പാവങ്ങള്‍ക്ക് നല്ല ചികിത്സ ലഭിക്കുന്നതിനുള്ള ഒരു സംവിധാനവും യുഡിഎഫിന്റെ കാലത്ത് ഉണ്ടായിരുന്നില്ല. ആവശ്യത്തിന് ഡോക്ടര്‍മാരെയോ മറ്റു ജീവനക്കാരെയോ എവിടെയും വിന്യസിച്ചിരുന്നില്ല. മരുന്ന് കിട്ടാക്കനിയായിരുന്നു. പശ്ചാത്തല സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്നത് ഇവരുടെ അജന്‍ഡയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, ഈ നിലയ്ക്ക് മാറ്റം വരുത്തി ആവശ്യത്തിന് ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിച്ചു എന്നു മാത്രമല്ല, മരുന്ന് എത്തിക്കുന്നതിന് പ്രത്യേക കോര്‍പറേഷന്‍തന്നെ രൂപീകരിക്കുക എന്ന നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ടത്. യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും കാലത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ വന്ന മാറ്റം അനുഭവങ്ങളിലൂടെ ജനങ്ങള്‍ മനസ്സിലാക്കിയിട്ടുള്ളതാണ്. കള്ളപ്രചാരവേലകൊണ്ട് അത് മൂടിവയ്ക്കാനാകില്ല. വിദ്യാഭ്യാസമേഖലയിലെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് നടത്തിയ ഇടപെടലും സര്‍വാത്മനാ അംഗീകരിക്കപ്പെട്ടതാണ്. എസ്എസ്എല്‍സി വിജയശതമാന വര്‍ധന ഇതിനു തെളിവാണ്. യുഡിഎഫ് കാലത്തെ വിജയശതമാനം 42.89 ആയിരുന്നെങ്കില്‍ എല്‍ഡിഎഫിന്റെ കാലത്ത് അത് 90.72 ആയി ഉയര്‍ന്നു. 4000 കോടി രൂപയുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ കൊണ്ടുവന്നു. പിന്നോക്കപ്രദേശങ്ങള്‍ക്ക് പ്രത്യേക പരിഗണന കൊടുത്ത് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നല്‍കുന്നതിനും ഈ സര്‍ക്കാര്‍ തയ്യാറായി.

ക്രമസമാധാനപാലനത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമായി കേരളത്തെയാണ് ഇന്ത്യാ ടുഡേ പോലുള്ള മാധ്യമങ്ങള്‍ തെരഞ്ഞെടുത്തത്. ആ അവാര്‍ഡ് നല്‍കിയത് കേന്ദ്രമന്ത്രി പ്രണബ് മുഖര്‍ജിയാണ് എന്ന വസ്തുത കേരളത്തിലെ ക്രമസമാധാന നിലയെക്കുറിച്ച് പ്രസംഗിച്ചു നടക്കുന്നവര്‍ ഇനിയെങ്കിലും ഓര്‍ക്കണം. പുത്തന്‍ വ്യവസായമേഖലകളെ ശക്തിപ്പെടുത്തുന്നതിന് കാര്യക്ഷമമായ ഇടപെടലാണ് സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ടൂറിസംവകുപ്പിന് ഒന്നിലേറെത്തവണ കേന്ദ്രസര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു. സംസ്ഥാനത്ത് നിര്‍മിച്ച ഐടി പാര്‍ക്കുകള്‍ മുഖാന്തരം തൊഴില്‍ ലഭിച്ചവര്‍ പതിനായിരങ്ങളാണ്. നിയമന നിരോധനം ഏര്‍പ്പെടുത്തി യുവാക്കളുടെ തൊഴില്‍ അന്വേഷണത്തെ തകര്‍ക്കുകയായിരുന്നു യുഡിഎഫ് സര്‍ക്കാരെങ്കില്‍ അതിന് മാറ്റം വരുത്തി അവര്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള അവസരമൊരുക്കിയത് ഈ സര്‍ക്കാരാണ്. അനുഭവമുള്ള യുവജനങ്ങള്‍ അത് മനസ്സിലാക്കുകതന്നെ ചെയ്യും. പിഎസ്‌സി മുഖേന ഒന്നരലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സര്‍ക്കാരിനു കഴിഞ്ഞു.

വിവിധ വകുപ്പുകള്‍ മറ്റേതുസംസ്ഥാനത്തെയും പിന്നിലാക്കുന്ന പ്രവര്‍ത്തനം കാഴ്ചവച്ച് അവാര്‍ഡുകള്‍ നേടി. കേന്ദ്ര അവാര്‍ഡുകള്‍ എന്തുകൊണ്ട് കേരളത്തിലെ വിവിധവകുപ്പുകളെ തേടിയെത്തി എന്നതിന് മറുപടിപറയേണ്ടത് യുഡിഎഫാണ്. മതസൌഹാര്‍ദത്തിന് പേരുകേട്ട സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വര്‍ഗീയസംഘര്‍ഷത്തിന്റെ ഭാഗമായി 18 പേരാണ് കൊല്ലപ്പെട്ടത്. അത്തരമൊരവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ എല്‍ഡിഎഫ് സര്‍ക്കാരിനായി. വര്‍ഗീയശക്തികള്‍ക്കെതിരെ മുഖം നോക്കാതെയുള്ള നടപടി സ്വീകരിച്ചത് വര്‍ഗീയവാദികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കും. എന്നാല്‍, നാടിനെ സ്നേഹിക്കുന്നവര്‍ക്ക് അത് അഭിമാനമായേ അനുഭവപ്പെടുകയുള്ളൂ.

യുഡിഎഫ് തകര്‍ത്ത കേരളത്തെ ഐശ്വര്യസമ്പൂര്‍ണമായ തലത്തിലേക്ക് വളര്‍ത്തുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ചെയ്തത്. എല്ലാവര്‍ക്കും ഭക്ഷണവും വെള്ളവും വൈദ്യുതിയും കിടപ്പാടവും നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജസ്വലമായി നടക്കുകയാണ്. ഇ എം എസ് ഭവനനിര്‍മാണ പദ്ധതി, എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന ലക്ഷ്യത്തോട് അടുക്കുകയാണ്. രണ്ടു രൂപയ്ക്ക് അരി നല്‍കുന്ന പദ്ധതി പ്രാവര്‍ത്തികമായതോടെ എല്ലാവര്‍ക്കും ഭക്ഷണം എന്ന ലക്ഷ്യം കേരളത്തില്‍ പൂര്‍ത്തീകരിക്കപ്പെടുകയാണ്. പാലക്കാട് ജില്ലയെ സമ്പൂര്‍ണ വൈദ്യുതീകരണ ജില്ലയായി കേന്ദ്ര വൈദ്യുതിമന്ത്രി പ്രഖ്യാപിച്ചുകഴിഞ്ഞു. മറ്റു ജില്ലകളിലേക്കും ആ പദ്ധതി വ്യാപിപ്പിക്കുകയാണ്. കുടിവെള്ള പദ്ധതികള്‍ നടപ്പാക്കുന്നതിന് കഴിഞ്ഞ ബജറ്റില്‍മാത്രം നീക്കിവച്ചത് 1058 കോടി രൂപയാണ്. സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുന്നതിനും ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സര്‍ക്കാര്‍ ശക്തമായി ഇടപെടുന്നു. ജനോപകാരപ്രദമായ നയങ്ങളുമായി മുന്നോട്ടുപോകുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തിന്റെ വികസനചരിത്രത്തില്‍ സുവര്‍ണ അധ്യായമാണ് രചിക്കുന്നത്.

കേരള വികസനത്തിന് അതുല്യമായ സംഭാവന നല്‍കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ കള്ളപ്രചാരവേല നടത്തുന്നവര്‍ ചില ചോദ്യങ്ങള്‍ക്ക് മറുപടി കണ്ടെത്തേണ്ടതുണ്ട്. യുഡിഎഫ് കാലത്തുണ്ടായ കര്‍ഷക ആത്മഹത്യകള്‍ ഇന്ന് ഇല്ലാതായതെന്തുകൊണ്ടാണ്? നഷ്ടത്തിലായിരുന്ന കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇന്ന് ലാഭത്തിലെത്തിയത് എങ്ങനെയാണ്? അട്ടിമറിക്കപ്പെട്ട സാമൂഹ്യസുരക്ഷാ പദ്ധതികള്‍ ഇന്ന് കാര്യക്ഷമമായി മാറിയതെന്തുകൊണ്ട്? കുടിശ്ശിക നൽകാൻ എൽഡി‌എഫ് സർക്കാരിന് സാധിച്ചതിനു പിന്നിലുള്ള കാരണമെന്ത്? ക്ഷേമപദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കി നടപ്പിലാക്കാൻ സംസ്ഥാന സർക്കാരിണ് സാധിച്ചത് എന്തുകൊണ്ടാണ്? വിദ്യാഭ്യാസത്തിന്റെ നിലവാരത്തിൽ കേരളം മുന്നോട്ട് പോയത് എന്തുകൊണ്ടാണ്? യുഡി‌എഫ് വെട്ടിച്ചുരുക്കിയ ജീവനക്കാരുടെ ആനുകൂല്യങ്ങൾ തിരിച്ചുനൽകാനും വർദ്ധിപ്പിക്കാനും കഴിഞ്ഞതെന്തുകൊണ്ടാണ്? യുഡി‌എഫിന്റെ കാലത്ത് സാമ്പത്തിക തകർച്ചയിലായിരുന്ന കേരളം ഇന്ന് സാമ്പത്തിക ഭദ്രത കൈവരിക്കാൻ ഇടയായ സാഹചര്യം എന്താണ്? കേരളത്തിലെ വിവിധ പദ്ധതികൾക്ക് സംസ്ഥാന സർക്കാരിന് അവാർഡുകൾ ലഭിക്കാൻ കഴിഞ്ഞത് എന്തു കൊണ്ടാണ് ? യൂ ഡി എഫ് സർക്കാരിന്റെ കാലത്ത് വർഗീയ സംഘർഷത്തിൽ 18 പേർ കൊല്ലപ്പെട്ട സംസ്ഥാനത്ത് എൽഡി‌എഫ് അധികാരത്തിൽ വന്നതോടെ അത്തരം ഒരു സംഭവവും ഇല്ലാതായത് എന്തുകൊണ്ടാണ്?

യൂ ഡി എഫ് സർക്കാരിന്റെ ഭരണത്തെയും എൽഡി‌എഫ് സർക്കാരിന്റെ ഭരണത്തെയും താരതമ്യം ചെയ്യുന്ന ഏതൊരാളിന്റെയും മനസ്സിൽ തോന്നുന്ന ചോദ്യങ്ങളാണ് മുകളിൽ കൊടുത്തിട്ടുള്ളത്. ഇവയ്‌ക്ക് മറുപടി പറയാനുള്ള ബാധ്യത യുഡി‌എഫിനുണ്ട്. തങ്ങൾ ഭരിച്ചിരുന്ന കാലവും എൽ ഡി എഫിന്റെ ഈ കാലവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചാണ് ജനങ്ങളോട് സംസാരിക്കേണ്ടത്. അല്ലാതെ കപട വാഗ്ദാനങ്ങളും അപവാദപ്രചരണങ്ങളും നടത്തുകയല്ല വേണ്ടത്.


*****

പിണറായി വിജയന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേരള വികസനത്തിന് അതുല്യമായ സംഭാവന നല്‍കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ കള്ളപ്രചാരവേല നടത്തുന്നവര്‍ ചില ചോദ്യങ്ങള്‍ക്ക് മറുപടി കണ്ടെത്തേണ്ടതുണ്ട്. യുഡിഎഫ് കാലത്തുണ്ടായ കര്‍ഷക ആത്മഹത്യകള്‍ ഇന്ന് ഇല്ലാതായതെന്തുകൊണ്ടാണ്? നഷ്ടത്തിലായിരുന്ന കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇന്ന് ലാഭത്തിലെത്തിയത് എങ്ങനെയാണ്? അട്ടിമറിക്കപ്പെട്ട സാമൂഹ്യസുരക്ഷാ പദ്ധതികള്‍ ഇന്ന് കാര്യക്ഷമമായി മാറിയതെന്തുകൊണ്ട്? കുടിശ്ശിക നല്‍കാന്‍ എല്‍ഡി‌എഫ് സര്‍ക്കാരിന് സാധിച്ചതിനു പിന്നിലുള്ള കാരണമെന്ത്? ക്ഷേമപദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിണ് സാധിച്ചത് എന്തുകൊണ്ടാണ്? വിദ്യാഭ്യാസത്തിന്റെ നിലവാരത്തില്‍ കേരളം മുന്നോട്ട് പോയത് എന്തുകൊണ്ടാണ്? യുഡി‌എഫ് വെട്ടിച്ചുരുക്കിയ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ തിരിച്ചുനല്‍കാനും വര്‍ദ്ധിപ്പിക്കാനും കഴിഞ്ഞതെന്തുകൊണ്ടാണ്? യുഡി‌എഫിന്റെ കാലത്ത് സാമ്പത്തിക തകര്‍ച്ചയിലായിരുന്ന കേരളം ഇന്ന് സാമ്പത്തിക ഭദ്രത കൈവരിക്കാന്‍ ഇടയായ സാഹചര്യം എന്താണ്? കേരളത്തിലെ വിവിധ പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന് അവാര്‍ഡുകള്‍ ലഭിക്കാന്‍ കഴിഞ്ഞത് എന്തു കൊണ്ടാണ് ? യൂ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് വര്‍ഗീയ സംഘര്‍ഷത്തില്‍ 18 പേര്‍ കൊല്ലപ്പെട്ട സംസ്ഥാനത്ത് എല്‍ഡി‌എഫ് അധികാരത്തില്‍ വന്നതോടെ അത്തരം ഒരു സംഭവവും ഇല്ലാതായത് എന്തുകൊണ്ടാണ്?

യൂ ഡി എഫ് സര്‍ക്കാരിന്റെ ഭരണത്തെയും എല്‍ഡി‌എഫ് സര്‍ക്കാരിന്റെ ഭരണത്തെയും താരതമ്യം ചെയ്യുന്ന ഏതൊരാളിന്റെയും മനസ്സില്‍ തോന്നുന്ന ചോദ്യങ്ങളാണ് മുകളില്‍ കൊടുത്തിട്ടുള്ളത്. ഇവയ്‌ക്ക് മറുപടി പറയാനുള്ള ബാധ്യത യുഡി‌എഫിനുണ്ട്. തങ്ങള്‍ ഭരിച്ചിരുന്ന കാലവും എല്‍ ഡി എഫിന്റെ ഈ കാലവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചാണ് ജനങ്ങളോട് സംസാരിക്കേണ്ടത്. അല്ലാതെ കപട വാഗ്ദാനങ്ങളും അപവാദപ്രചരണങ്ങളും നടത്തുകയല്ല വേണ്ടത്.