Sunday, January 16, 2011

വലതുപക്ഷ രാഷ്ട്രീയത്തിന്റെ വളര്‍ച്ചയും അമേരിക്കന്‍ തൊഴിലാളി പ്രസ്ഥാനത്തിലെ പ്രതിസന്ധിയും

1773 അവസാനം അമേരിക്കയിലെ ബോസ്റ്റണ്‍ തുറമുഖത്ത് തേയിലയുമായി എത്തിയ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കപ്പലുകള്‍ അമേരിക്കക്കാര്‍ ആക്രമിച്ച് അതിലെ തേയില മുഴുവന്‍ കടലില്‍ തള്ളിയത് അമേരിക്കന്‍ ചരിത്രത്തിലെ അതിപ്രധാന സംഭവമാണ്. ബോസ്റ്റണ്‍ ടീ പാര്‍ടി എന്ന പേരില്‍ ചരിത്രത്തില്‍ ഇടം കണ്ടെത്തിയ ആ സംഭവം ബ്രിട്ടന്റെ ആധിപത്യത്തില്‍നിന്നും അമേരിക്കയിലെ കുടിയേറ്റക്കാരായ വെള്ളക്കാര്‍ക്ക് സ്വാതന്ത്ര്യം നേടുന്നതിനുള്ള സമരത്തിന്റെ ഭാഗമായിരുന്നു. 1773 ആദ്യം ബ്രിട്ടീഷ് പാര്‍ലമെന്റ് പാസാക്കിയ 'തേയില നിയമം' -കോളണികളില്‍ തേയില ഇറക്കുമതിക്ക് ചുങ്കം ഏര്‍പ്പെടുത്തുന്ന നിയമം-ആണ് ഈ കലാപത്തിന് വഴിതെളിച്ചത്. അതേവരെ അമേരിക്കയില്‍ കള്ളക്കടത്തായി എത്തിയ തേയിലയാണ് ഉപയോഗിച്ചിരുന്നത്. ഈസ്റ്റ് ഇന്ത്യാ കമ്പനി ബ്രിട്ടീഷ് സര്‍ക്കാരിന് ചുങ്കംകൊടുത്ത് കൊണ്ടുവന്ന തേയില കള്ളക്കടത്തുകാര്‍ വിറ്റിരുന്നതിനെക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് വിറ്റത്. ഇത് കള്ളക്കടത്തുകാരെ പ്രകോപിതരാക്കി. അവര്‍ ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭകരെ കൂട്ടുപിടിച്ച് പുതിയ നിയമത്തിനും കമ്പനിയുടെ തേയിലയ്ക്കും എതിരായി ജനരോഷം ഇളക്കിവിട്ടു. അതാണ് ബോസ്റ്റണ്‍ ടീ പാര്‍ടിയുടെ പശ്ചാത്തലം. കലാപകാരികളായ ജനക്കൂട്ടം കമ്പനിയുടെ കപ്പലുകളിലേക്ക് കടന്നുകയറിയതാകട്ടെ അമേരിക്കയിലെ ആദിമനിവാസികളായ 'അമേരിന്ത്യന്‍' മാരായി വേഷപ്രച്ഛന്നരായിട്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ കലാപം ബ്രിട്ടനില്‍നിന്ന് സ്വാതന്ത്ര്യം നേടുക എന്ന നല്ല ലക്ഷ്യം മുന്നോട്ടുവെച്ചായിരുന്നെങ്കിലും ആ ലക്ഷ്യത്തിന്റെ ഗുണഫലം ആദിമനിവാസികള്‍ക്ക് നിഷേധിക്കപ്പെട്ടിരുന്നു; മാത്രമല്ല ബോസ്റ്റണ്‍ ടീ പാര്‍ടിയുടെ പ്രധാന ഗുണഭോക്താക്കളാകട്ടെ കള്ളക്കടത്തുകാരായ പ്രമാണിവര്‍ഗ്ഗവും.

2010ല്‍ സാമ്പത്തിക പ്രതിസന്ധിയുടെ ചുഴിയില്‍പ്പെട്ട് ഉഴലുന്ന അമേരിക്കയില്‍ രണ്ടു നൂറ്റാണ്ടിലേറെക്കാലം മുമ്പുനടന്ന പ്രസ്ഥാനത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ടീ പാര്‍ടി പ്രസ്ഥാനം എന്നപേരില്‍ ഒരു വലതുപക്ഷ മുന്നേറ്റം ശക്തിപ്പെട്ടിരിക്കുന്നു. ഇവിടെയും ഗുണഭോക്താക്കള്‍ കോര്‍പ്പറേറ്റുകളും ബിസിനസ്സുകാരും പൊതുവെ അതി സമ്പന്നരുമാണെങ്കിലും 2010 സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ വലിയ പ്രചാരണകോലാഹലത്തോടെ ആഞ്ഞടിച്ച ഈ പ്രസ്ഥാനത്തിന്റെ കരുത്ത് വെള്ളക്കാരായ തൊഴിലാളികളാണ്. അതിന് നേതൃത്വം നല്‍കിയതാകട്ടെ റിപ്പബ്ളിക്കന്‍ പാര്‍ടിക്കാരും. അതിനുവേണ്ട പണവും പ്രചാരണവും നല്‍കിയത് വാള്‍സ്ട്രീറ്റിലെ ബാങ്കര്‍മാരും മറ്റ് ധനമൂലധനശക്തികളും കോര്‍പ്പറേറ്റ് മാധ്യമങ്ങളുമാണ്. റിപ്പബ്ളിക്കന്‍ പാര്‍ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന സാറാ പേളിന്‍ ഈ തീവ്ര വലതുപക്ഷത്തിന്റെ അമരക്കാരില്‍ ഒരാളാണ്. 1773ലെ ബോസ്റ്റണ്‍ ടീപാര്‍ടിക്കു പിന്നിലെ ദേശീയ വികാരം ഉപയോഗപ്പെടുത്തി ജനങ്ങളില്‍ ചേരിതിരിവുണ്ടാക്കുകയും കോര്‍പ്പറേറ്റുകള്‍ക്കും വലതുപക്ഷ രാഷ്ട്രീയത്തിനും അനുകൂലമായ അന്തരീക്ഷമുണ്ടാക്കുകയുമാണ് ഈ തീവ്ര വലതുപക്ഷ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. 2010 നവമ്പറില്‍ അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ പാര്‍ടിക്ക് നേട്ടമുണ്ടാക്കാന്‍ ഇത് വഴിയൊരുക്കിയതില്‍നിന്നുതന്നെ ഈ ലക്ഷ്യം വ്യക്തമാകുന്നു.

സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടങ്ങളിലെല്ലാം മറ്റെവിടെയുമെന്നപോലെ പ്രതിസന്ധിയുടെ ഭാരമാകെ സാധാരണ ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കവും അതിനെതിരായ ജനകീയ പ്രതിഷേധങ്ങളും അമേരിക്കയിലും ഉയര്‍ന്നുവന്നിട്ടുണ്ട്. 1873-ല്‍ യൂറോപ്പില്‍ വിയന്നയിലെ ഓഹരി വിപണിയിലുണ്ടായ തകര്‍ച്ചയുടെ പ്രതിഫലനം അമേരിക്കന്‍ വ്യവസായത്തേയും-പ്രത്യേകിച്ചും അക്കാലത്ത് അവിടെ വ്യാപകമായി വളര്‍ന്നുകൊണ്ടിരുന്ന റെയില്‍റോഡ് കമ്പനികളെയും-ഓഹരി വിപണിയെയും പിടികൂടി. 1873-ല്‍ തുടങ്ങിയ സാമ്പത്തിക മാന്ദ്യം 1890കളുടെ മാന്ദ്യകാലംവരെ ഏറ്റക്കുറച്ചിലോടെ നീണ്ടുനിന്നു. അന്ന് അവിടെ ശരാശരി നാലില്‍ ഒരു തൊഴിലാളിക്ക് വീതം തൊഴില്‍ നഷ്ടപ്പെട്ടിരുന്നു. തൊഴിലില്ലായ്മയും ദാരിദ്ര്യവും പട്ടിണിയുംകൊണ്ട് വലഞ്ഞ സാധാരണക്കാരനുനേരെ, ന്യൂയോര്‍ക്ക് സെന്‍ട്രല്‍ റെയില്‍ റോഡ് എന്ന അക്കാലത്തെ പ്രമുഖമായ റെയില്‍പ്പാതനിര്‍മ്മാണത്തിലും റെയില്‍ ഗതാഗതത്തിലും ഏര്‍പ്പെട്ടിരുന്ന കമ്പനിയുടെ മേധാവി വില്യം വാന്‍ഡര്‍ബില്‍ട് ആക്രോശിച്ചത്, "പൊതുജനം പോയി തുലയട്ടെ'' എന്നാണ്. സമ്പന്നന്റെ ഈ അഹന്ത, ദാരിദ്ര്യവും ദുരിതങ്ങളുംകൊണ്ട് വലഞ്ഞിരുന്ന ജനങ്ങളുടെ രോഷത്തെ ജ്വലിപ്പിച്ചു.

തൊഴില്‍ നഷ്ടപ്പെടുകയും പട്ടിണിയിലാവുകയും ചെയ്തതിനൊപ്പം അപമാനിക്കപ്പെടുകയും ചെയ്ത ദരിദ്രരുടെ പ്രതിഷേധം അമേരിക്കയിലുടനീളം പണിമുടക്കുകളുടെ പരമ്പരകള്‍ക്കുതന്നെ തിരികൊളുത്തി. സോഷ്യലിസ്റ്റുപാര്‍ടി, കര്‍ഷകസഖ്യം, നൈറ്റ്സ് ഓഫ് ലേബര്‍ എന്നിങ്ങനെ നിരവധി സംഘടനകള്‍ ഉയര്‍ന്നുവന്നതും ഈ കാലത്താണ്. അമേരിക്കയില്‍ ട്രേഡ്യൂണിയന്‍ പ്രസ്ഥാനത്തിന്റെയും സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെയും ആരംഭവും ഈ സന്ദര്‍ഭത്തിലായിരുന്നു. ഇതിന്റെ ഓരോ ഘട്ടത്തിലും കാള്‍ മാര്‍ക്സും ഏംഗല്‍സും സജീവമായി പ്രതികരിച്ചതും ചരിത്രത്തിന്റെ ഭാഗമാണ്. എട്ടുമണിക്കൂര്‍ ജോലിസമയത്തിനും സാര്‍വത്രിക വോട്ടവകാശത്തിനും വേണ്ടിയുള്ള പ്രസ്ഥാനങ്ങളും ഈ ഘട്ടത്തിലാണ് ഉയര്‍ന്നുവന്നത്. ഇതിഹാസ പ്രസിദ്ധമായ മെയ്ദിന പോരാട്ടവും ഈ പ്രതിസന്ധിയുടെ കാലഘട്ടത്തിലായിരുന്നു.

അധ്വാനിക്കുന്ന ജനങ്ങള്‍ക്കിടയിലുണ്ടായ ഈ സാമൂഹ്യ അസ്വസ്ഥതകള്‍ അവരുടെ സ്വയം ശാക്തീകരണത്തിന് അടിത്തറപാകി. ജോലിസമയം ആദ്യം 10 മണിക്കൂറായും പില്‍ക്കാലത്ത് 8 മണിക്കൂറാക്കിയും നിയന്ത്രിച്ചത് ഈ പോരാട്ടങ്ങളുടെ അനന്തരഫലമായിരുന്നു. കുത്തകകള്‍ക്കെതിരെയുള്ള ഷെര്‍മാന്‍ നിയമം (Sherman's AntiTrust Act) അമേരിക്കന്‍ പാര്‍ലമെന്റ് പാസാക്കിയതും ഇക്കാലത്താണ് (പിന്നീട് അതിലെ വ്യവസ്ഥകള്‍തന്നെ തൊഴിലാളികള്‍ക്കെതിരെ പ്രയോഗിക്കപ്പെട്ടു എന്നത് മറ്റൊരു വൈരുദ്ധ്യം). 1930കളിലെ പ്രതിസന്ധിയെ തുടര്‍ന്ന് സാര്‍വത്രികമായി നടപ്പാക്കിയ സാമൂഹ്യക്ഷേമ-സുരക്ഷാ പദ്ധതികള്‍ക്കായുള്ള മുറവിളി ആദ്യം ഉയര്‍ന്നതും അതിന് പശ്ചാത്തലം ഒരുക്കിയതും ഈ പോരാട്ടകാലത്തായിരുന്നു. പൊതുസേവന മേഖലകള്‍ പൊതു ഉടമസ്ഥതയിലാക്കുക, സമ്പന്നര്‍ക്കുമേല്‍ ആദായനികുതി ഏര്‍പ്പെടുത്തുക, തൊഴിലാളികള്‍ക്കും കൃഷിക്കാര്‍ക്കും സഹായം നല്‍കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ച പോപ്പുലിസ്റ്റ് പാര്‍ടി എന്ന പേരില്‍ 1891-ല്‍ ഒരു രാഷ്ട്രീയപാര്‍ടിയും ഈ ജനകീയ മുന്നേറ്റത്തില്‍നിന്നും ഉയര്‍ന്നുവന്നിരുന്നു. സ്ത്രീകള്‍ക്ക് വോട്ടവകാശം നേടുന്നതിനുവേണ്ടിയും സാമൂഹ്യ നീതിക്കായുമുള്ള പ്രസ്ഥാനത്തിന്റെ നേതാക്കളായിരുന്ന ഫ്രാന്‍സസ് വില്ലാര്‍ഡ്സും 'മദര്‍ലീസ്' എന്ന് അറിയപ്പെട്ടിരുന്ന മേരി എലിസബത്ത് ലീസും മറ്റും നയിച്ച ഈ പാര്‍ടി അല്‍പായുസ്സായിരുന്നു.

ഈ ജനകീയ പോരാട്ടത്തിനെ അമേരിക്കന്‍ മൂലധനശക്തികള്‍ തകര്‍ത്തത് കേവലം ഭരണകൂടത്തിന്റെ മര്‍ദ്ദന നടപടികള്‍മൂലം മാത്രമായിരുന്നില്ല. സമരങ്ങളെ അടിച്ചമര്‍ത്തുന്നതിന് ഭരണകൂടത്തിന്റെ സര്‍വ്വ ആയുധങ്ങളും എടുത്തുപയോഗിച്ചതിനൊപ്പം ഭരണവര്‍ഗ്ഗത്തിന്റെ രണ്ട് നടപടികള്‍ കൂടിയാണ് ആ ജനകീയ മുന്നേറ്റത്തെ ദുര്‍ബലമാക്കി തകര്‍ത്തത്. ഒന്ന് അമേരിക്കന്‍ ഭരണകൂടത്തിന്റെ സാമ്രാജ്യത്വ ആക്രമണങ്ങള്‍ക്ക് തുടക്കം കുറിച്ചത് ഈ പ്രതിസന്ധിയുടെ ഘട്ടത്തിലായിരുന്നു. കരീബിയന്‍ ദ്വീപുകളായ പോര്‍ട്ടോറിക്കോ, ക്യൂബ, ഹവായ് എന്നിവിടങ്ങളിലേക്കും ഏഷ്യയില്‍ ഫിലിപ്പീന്‍സിലേക്കും നടത്തിയ ആക്രമണങ്ങള്‍ അമേരിക്കയുടെ സൈനികച്ചെലവില്‍ കുത്തനെ വര്‍ദ്ധനവ് വരുത്തി. ഇതിലൂടെ മാന്ദ്യത്തില്‍നിന്ന് കരകയറുകയും വ്യവസായവളര്‍ച്ച ത്വരിതഗതിയിലാവുകയും ചെയ്തു. ഈ സാമ്രാജ്യത്വ നടപടിയുടെ നേട്ടങ്ങളില്‍ തുച്ഛമായ ഒരംശം തൊഴിലാളികള്‍ക്കും നല്‍കിക്കൊണ്ട് തൊഴിലാളികള്‍ക്കിടയിലെ അസ്വസ്ഥത ഒതുക്കിനിര്‍ത്താന്‍ അമേരിക്കന്‍ മുതലാളിത്തത്തിന് കഴിഞ്ഞു.

അതോടൊപ്പം ഭരണവര്‍ഗ്ഗം സ്വീകരിച്ച രണ്ടാമത്തെ നടപടി, വംശീയാടിസ്ഥാനത്തില്‍ തൊഴിലാളികള്‍ക്കിടയില്‍ ചേരിതിരിവ് ഉണ്ടാക്കലായിരുന്നു. 1860കളിലെ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് അടിമത്ത സമ്പ്രദായം അവസാനിപ്പിക്കുകയും 1870ലെ ഭരണഘടനാ ഭേദഗതിയിലൂടെ വോട്ടവകാശത്തിലെ വംശീയ വിവേചനം അവസാനിപ്പിക്കുകയും ചെയ്തെങ്കിലും അതിനെ മറികടക്കുന്നതിന് വെള്ളക്കാരായ തോട്ടം ഉടമകള്‍ സംസ്ഥാനങ്ങളില്‍ വര്‍ണവിവേചനപരമായ നിരവധി നിയമങ്ങള്‍ക്ക് രൂപംനല്‍കി. ജിംക്രോ നിയമങ്ങള്‍ എന്ന പേരില്‍ 1880കളില്‍ നിലവില്‍ വന്ന ഈ നിയമങ്ങള്‍ വര്‍ണ്ണ വിവേചനത്തിന് നിയമ പ്രാബല്യം നല്‍കി. പൊതു ഇടങ്ങളിലെല്ലാം കറുത്തവരും വെളുത്തവരും വേര്‍തിരിച്ച് നിര്‍ത്തപ്പെട്ടു. തൊഴില്‍ അവസരങ്ങളിലും കൂലിയിലുമെല്ലാം ഈ വിവേചനം നടപ്പിലാക്കി. വെള്ളക്കാരായ തൊഴിലാളികള്‍ വേര്‍തിരിച്ച് നിര്‍ത്തപ്പെട്ടു. തങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുന്നതിനും ദാരിദ്ര്യത്തിനും കാരണം കറുത്തവര്‍ക്ക് സ്വാതന്ത്ര്യവും തൊഴിലും നല്‍കുന്നതാണെന്ന ആശയം വെളുത്ത തൊഴിലാളികളില്‍ സൃഷ്ടിക്കുന്നതില്‍ ഭരണവര്‍ഗ്ഗത്തിന് വിജയിക്കാനായി. അമേരിക്കന്‍ തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനത്തിന്റെ വര്‍ഗ്ഗപരമായ ഐക്യം തകര്‍ക്കാനും അതിനെ ദുര്‍ബലമാക്കാനും വലതുപക്ഷവല്‍ക്കരിക്കാനും ഭരണവര്‍ഗ്ഗത്തിന് അങ്ങനെ കഴിഞ്ഞു.

ഇന്ന് അമേരിക്കയെ ബാധിച്ചിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി 1870കള്‍ മുതല്‍ 1890കള്‍ വരെ നീണ്ടുനിന്ന പ്രതിസന്ധിക്ക് സമാനമാണെന്നാണ് സാമ്പത്തിക വിദഗ്ധന്മാരില്‍ വലിയൊരു വിഭാഗം വിശേഷിപ്പിക്കുന്നത്. യുദ്ധവും തൊഴിലില്ലായ്മയും ഈ രണ്ടു ഘട്ടത്തിലും സമാനതകള്‍ സൃഷ്ടിക്കുന്നു. 19-ാം നൂറ്റാണ്ടിലെ സാമ്പത്തിക പ്രതിസന്ധിയുടെ ഒടുവിലാണ് ആക്രമണയുദ്ധങ്ങള്‍ ആരംഭിച്ചതും സൈനികച്ചെലവ് വര്‍ദ്ധിപ്പിച്ചതുമെങ്കില്‍, 21-ാം നൂറ്റാണ്ടില്‍ അഫ്ഗാന്‍, ഇറാഖ് ആക്രമണങ്ങള്‍ പ്രതിസന്ധിക്കുമുമ്പായിരുന്നു. പക്ഷേ, അധിനിവേശത്തിലൂടെ യുദ്ധാന്തരീക്ഷം ഇപ്പോഴും നിലനിര്‍ത്തുകയും സൈനികച്ചെലവ് വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുമ്പോഴും അമേരിക്കയിലെ തൊഴിലില്ലായ്മയും ദാരിദ്ര്യവും അറുതിയാകാതെ തുടരുകയാണ്. അമേരിക്കയിലെ ഏഴില്‍ ഒരാള്‍ വീതം കടുത്ത ദാരിദ്ര്യത്തിലാണെന്നാണ് 2010ല്‍ അമേരിക്കന്‍ സെന്‍സസ് റിപ്പോര്‍ട്ടിന്റെ വെളിപ്പെടുത്തല്‍. അമേരിക്കന്‍ ലേബര്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ടുപ്രകാരം 2010 സെപ്റ്റംബറില്‍ 148 ലക്ഷം പേരാണ് അവിടെ തൊഴില്‍രഹിതരായുള്ളത്. തൊഴിലില്ലായ്മാനിരക്ക് 9.6 ശതമാനവും. എന്നാല്‍ സൈനികച്ചെലവാകട്ടെ 2010ലെ ബജറ്റ് പ്രകാരം 1.03 ലക്ഷം കോടി ഡോളറായി വര്‍ദ്ധിച്ചിരിക്കുന്നു. 2008ല്‍ ബുഷ് ഭരണകാലത്തും 2007ല്‍ ഒബാമ സര്‍ക്കാരും നടപ്പാക്കിയ ഉത്തേജക പദ്ധതികള്‍ക്കായുള്ള മൊത്തം തുകയെക്കാള്‍ വളരെ ഉയര്‍ന്ന തുകയാണ് 2010ല്‍ സൈനികച്ചെലവിനായി നീക്കിവെച്ചത്.

1873ലെ പ്രതിസന്ധിയെ തുടര്‍ന്നുണ്ടായതുപോലെയുള്ള ഒരു ജന വികാരത്തിന്റെ തള്ളിച്ചയാണ് 2010ലും പ്രത്യക്ഷപ്പെട്ടത്. പക്ഷേ 2010-ല്‍ ഉയര്‍ന്നുവന്ന പ്രസ്ഥാനം ഇടതുപക്ഷ സ്വഭാവം അല്‍പംപോലും ഇല്ലാത്തതാണെന്നുമാത്രം. സാറാ പേളിനും ഷാരോണ്‍ ഏഞ്ചെലും ക്രിസ്റ്റീന ഒ ഡോണലും ഉള്‍പ്പെടെയുള്ള റിപ്പബ്ളിക്കന്‍ വലതുപക്ഷത്തിന്റെയും നായികമാരാണ് ടീപാര്‍ടി പ്രസ്ഥാനത്തിന്റെ അമരക്കാര്‍. സ്വകാര്യമേഖലയുടെ വക്താക്കളും കടുത്ത ക്രിസ്തുമത യാഥാസ്ഥിതികരും നയിക്കുന്ന ഈ പ്രസ്ഥാനത്തിന്റെ മുഖമുദ്ര, സോഷ്യലിസത്തോടുള്ള എതിര്‍പ്പ്, ആഫ്രോ അമേരിക്കന്‍ വംശജര്‍, ഹിസ്പാനിക്കുകള്‍, ലാറ്റിനോകള്‍, മുസ്ളീങ്ങള്‍, കുടിയേറ്റക്കാര്‍, ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള തൊഴിലാളികള്‍ എന്നീ വിഭാഗങ്ങളോടുള്ള ശത്രുത, ചൈനാ വിരോധം എന്നിവയാണ്. 19-ാം നൂറ്റാണ്ടില്‍ സോഷ്യലിസ്റ്റ് മൂല്യങ്ങള്‍ക്കായി ഉയര്‍ന്നുവന്ന ജനകീയ പ്രസ്ഥാനത്തില്‍നിന്നും ടീപാര്‍ടി പ്രസ്ഥാനത്തെ വേറിട്ടതാക്കുന്നത് ഈ നയങ്ങളാണ്. ഒബാമയുടെ "സോഷ്യലിസ''മാണത്രെ അമേരിക്കയില്‍ തൊഴിലില്ലായ്മയും ദാരിദ്ര്യവും സൃഷ്ടിച്ചത്. ബ്ളൂംബെര്‍ഗ് നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ വ്യക്തമാകുന്നത് ടീ പാര്‍ടി പ്രസ്ഥാനക്കാരില്‍ 90 ശതമാനംപേരും വിശ്വസിക്കുന്നത്, ഒബാമ അമേരിക്കയെ "സോഷ്യലിസ''ത്തിലേക്ക് നയിക്കുകയാണെന്നാണ്. അവരെ സംബന്ധിച്ചിടത്തോളം സാര്‍വ്വത്രിക ആരോഗ്യ ഇന്‍ഷ്വറന്‍സും സര്‍ക്കാര്‍ ചെലവഴിക്കലുമാണ് സോഷ്യലിസം. അമേരിക്കന്‍ ജീവിതശൈലി അട്ടിമറിക്കപ്പെടുകയാണെന്ന പൊതുബോധം വെള്ളക്കാരായ തൊഴിലാളികളില്‍ വളര്‍ത്തിയാണ് ടീ പാര്‍ട്ടിക്കുപിന്നില്‍ ഇവരെ അണിനിരത്തിയത്. കറുത്ത വര്‍ഗ്ഗക്കാര്‍ക്കും പ്രവാസികള്‍ക്കും മറ്റും ആരോഗ്യ പരിരക്ഷയും തൊഴിലും ആനുകൂല്യങ്ങളും നല്‍കുന്നതാണ് സര്‍വ്വ കുഴപ്പങ്ങള്‍ക്കും കാരണമെന്ന ധാരണയാണ് അവരില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

എന്നാല്‍ സ്വതന്ത്ര വിപണിക്കായി വാദിക്കുന്ന ഈ പ്രസ്ഥാനക്കാര്‍ ബാങ്കുകളെ തകര്‍ച്ചയില്‍നിന്ന് കരകയറ്റാന്‍ പൊതു പണം മുടക്കിയതിനെ എതിര്‍ക്കുന്നില്ല; വന്‍കിട കര്‍ഷകര്‍ക്കുള്ള കാര്‍ഷിക സബ്സിഡിയെയും അവര്‍ എതിര്‍ക്കുന്നില്ല. ടീപാര്‍ടി പ്രസ്ഥാനക്കാരനും ടെന്നസിയില്‍നിന്ന് റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ത്ഥിയായി അമേരിക്കന്‍ പ്രതിനിധിസഭയില്‍ അംഗവുമായ സ്റ്റീഫന്‍ ഫിഞ്ചെര്‍ എന്ന പരുത്തി കര്‍ഷകന്‍ പ്രതിവര്‍ഷം 2 ലക്ഷം ഡോളറാണ് അമേരിക്കന്‍ സര്‍ക്കാരില്‍നിന്നും സബ്സിഡിയായി പറ്റുന്നത്. ഇത്തരം സബ്സിഡികള്‍ നിര്‍ത്തുന്നതിനെ ടീപാര്‍ടിക്കാര്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കും. യുദ്ധച്ചെലവ് കുറയ്ക്കുന്നതിനെയും ഇറാഖില്‍നിന്നും അഫ്ഗാനിസ്ഥാനില്‍നിന്നും പട്ടാളത്തെ പിന്‍വലിക്കുന്നതിനെയും ഇവര്‍ എതിര്‍ക്കുന്നു. നോര്‍ത്ത് കരോളിനയില്‍നിന്ന് റിപ്പബ്ളിക്കന്‍ പിന്തുണയോടെ ജനപ്രതിനിധിയായ ഇലാരിയോ പന്റാനോ ഇറാഖില്‍ സൈനിക സേവനത്തിനിടെ 2004-ല്‍ രണ്ട് ഇറാഖി പൌരന്മാരെ അകാരണമായി (ഒരു രസത്തിനുവേണ്ടി) വെടിവെച്ചുകൊന്ന് കുപ്രസിദ്ധി നേടിയ ആളാണ്. അമേരിക്കന്‍ നിയമമനുസരിച്ച് തന്നെ ശിക്ഷിക്കപ്പെടേണ്ട ഈ കുറ്റവാളി പരസ്യമായി സൈനിക മേധാവികളുടെയടക്കം മുന്നില്‍വെച്ച് ഇത് ചെയ്തിട്ടും ശിക്ഷിക്കപ്പെട്ടില്ല; ഇപ്പോള്‍ ഇയാള്‍ നിയമനിര്‍മ്മാതാവും ആയിരിക്കുന്നു. അമേരിക്കന്‍ സമൂഹത്തിലെ തീവ്ര വലതുപക്ഷവല്‍ക്കരണത്തിന്റെ ദൃഷ്ടാന്തമാണിത്.

1960കളിലെ പൌരാവകാശ പ്രസ്ഥാനത്തിലും വിയറ്റ്നാം യുദ്ധവിരുദ്ധ പ്രസ്ഥാനത്തിലും സജീവമായ പങ്കാളിത്തം വഹിച്ചിരുന്ന വെള്ളക്കാരായ തൊഴിലാളിവര്‍ഗ്ഗമാണ് ഇന്ന് ഈ വലതുപക്ഷവല്‍ക്കരണത്തില്‍ അകപ്പെട്ടിരിക്കുന്നത്. അമേരിക്കന്‍ ട്രേഡ്യൂണിയന്‍ പ്രസ്ഥാനത്തിന്റെ വര്‍ഗ്ഗ സഹകരണനയവും കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ കൊണ്ടുപിടിച്ച പ്രചാരണവും ഒബാമ സര്‍ക്കാരിനെക്കുറിച്ച് പുലര്‍ത്തിയിരുന്ന വ്യാമോഹങ്ങള്‍ തകര്‍ന്നതുമാണ് അവരെ ഈ അവസ്ഥയില്‍ എത്തിച്ചതെന്നുവേണം കരുതേണ്ടത്. മാറ്റത്തിന്റെ മുദ്രാവാക്യം ഉയര്‍ത്തിവന്ന ഒബാമയ്ക്ക് തൊഴിലില്ലായ്മയും ദാരിദ്ര്യവും കുറയ്ക്കുന്നതിനുള്ള ഒരു നടപടിയും സ്വീകരിക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, കറുത്തവര്‍ഗ്ഗക്കാരുടെ അവസ്ഥയില്‍പ്പോലും ഒരു ചെറിയ മാറ്റമെങ്കിലും വരുത്താനുമായില്ല. യുദ്ധവിരുദ്ധ വികാരം പ്രകടിപ്പിച്ച് അധികാരത്തിലെത്തിയ ഒബാമതന്നെ, സൈനികച്ചെലവുകള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ട് അമേരിക്കയിലെ ആയുധക്കച്ചവടക്കാരുടെയും വാള്‍സ്ട്രീറ്റിന്റെയും പ്രതിനിധിതന്നെയാണ് താന്‍ എന്ന് സംശയാതീതമായി തെളിയിക്കുകയാണുണ്ടായത്. യൂറോപ്പില്‍ വലതുപക്ഷ സോഷ്യല്‍ ഡെമോക്രസി ഫാസിസത്തിന് അനുകൂലമായ അന്തരീക്ഷം ഒരുക്കിയതുപോലെ, അമേരിക്കയില്‍ തീവ്ര വലതുപക്ഷത്തിന് ഡെമോക്രാറ്റുകളാണ് എക്കാലത്തും അരങ്ങൊരുക്കിയിട്ടുള്ളത്.

എന്നാല്‍ അമേരിക്കയില്‍ ഈ വലതുപക്ഷവല്‍ക്കരണം മാത്രമാണ് നടക്കുന്നത് എന്ന് ഇതിനര്‍ത്ഥമില്ല. 2010 ഒക്ടോബര്‍ 2ന് തൊഴിലിനും വിദ്യാഭ്യാസത്തിനുമായി വാഷിങ്ടണില്‍ നടന്ന തൊഴിലാളികളുടെ പ്രതിഷേധറാലി മറ്റൊരു മുഖമാണ് വെളിപ്പെടുത്തുന്നത്. രണ്ടുലക്ഷത്തോളം തൊഴിലാളികള്‍ അണിനിരന്ന ഈ പ്രകടനം സംഘടിപ്പിച്ചത് തൊഴിലാളി യൂണിയനുകളും പൌരാവകാശ സംഘടനകളും സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകാരുമെല്ലാം ചേര്‍ന്നാണ്. കറുത്തവരും വെളുത്തവരും ക്രിസ്ത്യാനികളും മുസ്ളീങ്ങളും പാശ്ചാത്യരും പൌരസ്ത്യരും ഇംഗ്ളീഷുകാരും സ്പാനിഷുകാരുമെല്ലാം അണിനിരന്ന ഈ പ്രസ്ഥാനം "ഒരൊറ്റ രാഷ്ട്രം'' എന്ന പേരിലാണ് സംഘടിപ്പിക്കപ്പെട്ടത്. ഏകദേശം നാലുമാസത്തിലേറെ നീണ്ട പ്രചാരണം നടത്തിയാണ് ഈ റാലി സംഘടിപ്പിച്ചത്. പക്ഷേ കോര്‍പ്പറേറ്റുകളുടെ പിടിയില്‍ അകപ്പെട്ട മാധ്യമലോകം, ടീപാര്‍ടി പ്രസ്ഥാനം ഉയര്‍ത്തുന്ന വെല്ലുവിളിയെ നേരിടുന്നതിനായി പുരോഗമന പ്രസ്ഥാനങ്ങളും ജനാധിപത്യശക്തികളും ട്രേഡ്യൂണിയനുകളും ചേര്‍ന്ന് സംഘടിപ്പിച്ച ഈ ജനകീയ മുന്നേറ്റത്തെ തമസ്കരിക്കുകയാണുണ്ടായത്. സെപ്റ്റംബറില്‍ ടീപാര്‍ടി എക്സ്പ്രസ് എന്ന പേരില്‍ നടത്തിയ വലതുപക്ഷ അഴിഞ്ഞാട്ടത്തെക്കാള്‍ പങ്കാളിത്തവും അടുക്കും ചിട്ടയും ഈ തൊഴിലാളി പ്രകടനത്തിനുണ്ടായിരുന്നു എന്നാണ് ട്രേഡ്യൂണിയന്‍ പ്രസിദ്ധീകരണങ്ങളും സ്വതന്ത്ര മാധ്യമങ്ങളും റിപ്പോര്‍ട്ടുചെയ്യുന്നത്.

എന്നാല്‍ ഈ പ്രകടനം അമേരിക്കന്‍ തൊഴിലാളി പ്രസ്ഥാനത്തിന്റെ പ്രതിസന്ധിയും പ്രകടമാക്കുകയാണുണ്ടായത്. ഇത്തരം ഒരു പ്രകടനം സംഘടിപ്പിക്കുന്നതിന് അമേരിക്കയിലെ മുഖ്യ ട്രേഡ്യൂണിയന്‍ ഫെഡറേഷന്‍ (AFL) പൂര്‍ണ്ണമായും എതിരായിരുന്നു. എന്നാല്‍ പൌരാവകാശ സംഘടനകളും ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സജീവമായി പ്രവര്‍ത്തനം നടത്തുകയും തങ്ങളില്ലെങ്കിലും പ്രകടനം യാഥാര്‍ത്ഥ്യമാവുകയും ചെയ്യും എന്ന് ഉറപ്പായ പശ്ചാത്തലത്തിലാണ് എഎഫ്എല്‍ നേതൃത്വം പ്രസ്ഥാനത്തില്‍ പങ്കെടുക്കാന്‍ തയ്യാറായത്. ഒബാമ സര്‍ക്കാരിന് എതിരാകും പ്രകടനം എന്ന കാഴ്ചപ്പാടാണ് എഎഫ്എല്‍ നേതൃത്വം പുലര്‍ത്തിയിരുന്നത്. ഒടുവില്‍ അവര്‍ പ്രകടനത്തിന് തയ്യാറായതുതന്നെ ഒബാമ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പാടില്ലെന്നും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ക്കുപിന്നില്‍ അണിനിരക്കണമെന്ന് റാലി ആഹ്വാനംചെയ്യണമെന്നും ഉള്ള വ്യവസ്ഥയോടെയായിരുന്നു. അതുകൊണ്ടുതന്നെ അഫ്ഗാനിസ്ഥാനില്‍നിന്നും ഇറാഖില്‍നിന്നും സൈന്യത്തെ പിന്‍വലിക്കണമെന്നും സൈനികച്ചെലവ് വെട്ടിക്കുറയ്ക്കണമെന്നും മറ്റുമുള്ള മുദ്രാവാക്യങ്ങള്‍ മുന്നോട്ടുവെയ്ക്കാന്‍ റാലിക്ക് കഴിഞ്ഞതുമില്ല. എങ്കിലും ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ ടീപാര്‍ടി പ്രസ്ഥാനംപോലുള്ള തീവ്ര വലതുപക്ഷത്തിനെതിരെ തൊഴിലാളികളുടെ വര്‍ഗ്ഗപരമായ ഐക്യം ശക്തിപ്പെടുത്താന്‍വേണ്ടി എഎഫ്എല്‍ നേതൃത്വത്തോട് വിട്ടുവീഴ്ച ചെയ്യുകയാണുണ്ടായത്. എന്നാല്‍ അമേരിക്കന്‍ ട്രേഡ്യൂണിയന്‍ പ്രസ്ഥാനത്തിലെ വലതുപക്ഷ നേതൃത്വത്തിന്റെ അവസരവാദപരവും വര്‍ഗ്ഗ സഹകരണപരവുമായ നയത്തിനെതിരെ തൊഴിലാളികള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന വര്‍ഗ്ഗപരമായ ഐക്യവും സമരബോധവും വെളിപ്പെടുത്തുന്നതായിരുന്നു ഈ റാലി. മാത്രമല്ല, 2008ലും 2009ലും മറ്റും പിരിച്ചുവിടലുകള്‍ക്കും കൂലി വെട്ടിക്കുറയ്ക്കലിനുമെതിരെ ചില സ്ഥാപനങ്ങളില്‍ തൊഴിലാളികള്‍ നടത്തിയ പോരാട്ടം അമേരിക്കന്‍ തൊഴിലാളികള്‍ക്കിടയിലെ വളരുന്ന വര്‍ഗ്ഗബോധത്തിന്റെ തെളിവുകളായും കാണാവുന്നതാണ്.

സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങള്‍ക്കെതിരെ തൊഴിലാളികള്‍ വര്‍ഗ്ഗാടിസ്ഥാനത്തില്‍ സംഘടിതരാവുകയും പോരാടുകയും ചെയ്യുന്നത് തടയാനും മുതലാളിത്ത താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും എക്കാലത്തും ബൂര്‍ഷ്വാസി വംശീയവും ദേശീയവും മറ്റുമായ സ്വത്വബോധം ഇളക്കിവിട്ട് വര്‍ഗ്ഗസമരത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുമെന്നത് ചരിത്രാനുഭവമാണ്. 1873ലെ അമേരിക്കന്‍ അനുഭവവും 1920കളിലെയും 30കളിലെയും ലോകത്താകെയുള്ള അനുഭവവും അതാണ്. 1973നുശേഷം മുതലാളിത്ത സാമ്പത്തിക പ്രതിസന്ധി മൂര്‍ച്ഛിച്ച ഓരോ ഘട്ടത്തിലും യൂറോപ്പില്‍ നവഫാസിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവന്നതും സമീപകാല ചരിത്രമാണ്. 1998ലെ പൂര്‍വേഷ്യന്‍ സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടത്തില്‍ ഇന്തോനേഷ്യയില്‍ സുഹാര്‍ത്തോവിന്റെ സൈനിക സ്വേഛാധിപത്യ സര്‍ക്കാര്‍ ചൈനീസ് പ്രവാസിത്തൊഴിലാളികള്‍ക്കെതിരെ ഇന്തോനേഷ്യന്‍ തൊഴിലാളികളെ തിരിച്ചുവിട്ടതും മലേഷ്യയിലെ മഹാതീര്‍ മുഹമ്മദ്, പ്രതിസന്ധി 'ജൂതഗൂഢാലോചന'യാണെന്ന് ആരോപിച്ചതും (അമേരിക്ക ആസ്ഥാനമായുള്ള അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളില്‍ പലതിന്റേയും തലവന്മാര്‍ ജൂത വംശജരാണ്. മുസ്ളീങ്ങള്‍ക്കെതിരായി അവര്‍ നടത്തുന്ന വംശീയ ഗൂഢാലോചനയായി സാമ്പത്തിക പ്രതിസന്ധിയെ ലഘൂകരിക്കയായിരുന്നു മഹാതീര്‍ മുഹമ്മദ്) ഈ വംശീയ വികാരം ഇളക്കിവിടുന്നതിന്റെ സമീപകാല അനുഭവങ്ങളാണ്.

*
ജി വിജയകുമാര്‍ കടപ്പാട്: ചിന്ത വാരിക 14 ജനുവരി 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

1773 അവസാനം അമേരിക്കയിലെ ബോസ്റ്റണ്‍ തുറമുഖത്ത് തേയിലയുമായി എത്തിയ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കപ്പലുകള്‍ അമേരിക്കക്കാര്‍ ആക്രമിച്ച് അതിലെ തേയില മുഴുവന്‍ കടലില്‍ തള്ളിയത് അമേരിക്കന്‍ ചരിത്രത്തിലെ അതിപ്രധാന സംഭവമാണ്. ബോസ്റ്റണ്‍ ടീ പാര്‍ടി എന്ന പേരില്‍ ചരിത്രത്തില്‍ ഇടം കണ്ടെത്തിയ ആ സംഭവം ബ്രിട്ടന്റെ ആധിപത്യത്തില്‍നിന്നും അമേരിക്കയിലെ കുടിയേറ്റക്കാരായ വെള്ളക്കാര്‍ക്ക് സ്വാതന്ത്ര്യം നേടുന്നതിനുള്ള സമരത്തിന്റെ ഭാഗമായിരുന്നു. 1773 ആദ്യം ബ്രിട്ടീഷ് പാര്‍ലമെന്റ് പാസാക്കിയ 'തേയില നിയമം' -കോളണികളില്‍ തേയില ഇറക്കുമതിക്ക് ചുങ്കം ഏര്‍പ്പെടുത്തുന്ന നിയമം-ആണ് ഈ കലാപത്തിന് വഴിതെളിച്ചത്. അതേവരെ അമേരിക്കയില്‍ കള്ളക്കടത്തായി എത്തിയ തേയിലയാണ് ഉപയോഗിച്ചിരുന്നത്. ഈസ്റ്റ് ഇന്ത്യാ കമ്പനി ബ്രിട്ടീഷ് സര്‍ക്കാരിന് ചുങ്കംകൊടുത്ത് കൊണ്ടുവന്ന തേയില കള്ളക്കടത്തുകാര്‍ വിറ്റിരുന്നതിനെക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് വിറ്റത്. ഇത് കള്ളക്കടത്തുകാരെ പ്രകോപിതരാക്കി. അവര്‍ ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭകരെ കൂട്ടുപിടിച്ച് പുതിയ നിയമത്തിനും കമ്പനിയുടെ തേയിലയ്ക്കും എതിരായി ജനരോഷം ഇളക്കിവിട്ടു. അതാണ് ബോസ്റ്റണ്‍ ടീ പാര്‍ടിയുടെ പശ്ചാത്തലം. കലാപകാരികളായ ജനക്കൂട്ടം കമ്പനിയുടെ കപ്പലുകളിലേക്ക് കടന്നുകയറിയതാകട്ടെ അമേരിക്കയിലെ ആദിമനിവാസികളായ 'അമേരിന്ത്യന്‍' മാരായി വേഷപ്രച്ഛന്നരായിട്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ കലാപം ബ്രിട്ടനില്‍നിന്ന് സ്വാതന്ത്ര്യം നേടുക എന്ന നല്ല ലക്ഷ്യം മുന്നോട്ടുവെച്ചായിരുന്നെങ്കിലും ആ ലക്ഷ്യത്തിന്റെ ഗുണഫലം ആദിമനിവാസികള്‍ക്ക് നിഷേധിക്കപ്പെട്ടിരുന്നു; മാത്രമല്ല ബോസ്റ്റണ്‍ ടീ പാര്‍ടിയുടെ പ്രധാന ഗുണഭോക്താക്കളാകട്ടെ കള്ളക്കടത്തുകാരായ പ്രമാണിവര്‍ഗ്ഗവും.