Tuesday, January 11, 2011

ഐന്‍സ്റ്റീന്‍ എന്തുപറയുമായിരുന്നു?

പ്രശസ്ത പത്രപ്രവര്‍ത്തകനായ ജെഫ്രി ഗോള്‍ഡ്ബര്‍ഗ് അമേരിക്കന്‍ മാസികയായ 'അറ്റ്‌ലാറ്റിക് മന്ത്‌ലി'യുടെ കഴിഞ്ഞ സെപ്റ്റംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച സുദീര്‍ഘമായ ഒരു ലേഖനം ഞാന്‍ ഈയ്യിടെ ഒരു കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നു. അമേരിക്കയുടെയും സഖ്യ ശക്തികളുടെയും നീക്കങ്ങള്‍ ഇറാനുമായി ആണവ സ്വഭാവത്തിലുള്ള ഒരു ഏറ്റുമുട്ടലിന്റെ അപകടം സൃഷ്ടിക്കുന്നുവെന്നാണ് ഞാന്‍ ചൂണ്ടിക്കാട്ടിയത്.

ഗോള്‍ഡ്ബര്‍ഗ് ഇസ്രായേലി വിരുദ്ധനല്ല. മറിച്ച് ഇസ്രായേലിന്റെ ഒരു ആരാധകനാണ്. അമേരിക്കയുടെയും ഇസ്രായേലിന്റെയും ഇരട്ട പൗരത്വമുള്ള അദ്ദേഹം ഇസ്രായേലിലാണ് സൈനിക സേവനം പൂര്‍ത്തിയാക്കിയത്.

''ഇസ്രായേലിന്റെയും അമേരിക്കയുടെയും ബ്രിട്ടന്റെയും മറ്റ് പാശ്ചാത്യ ശക്തികളുടെയും ഇന്റലിജന്‍സ് ഏജന്‍സികള്‍ നടത്തിയ ''വിഘാത നടപടികള്‍'' (അട്ടിമറിയിലൂടെയും ആണവ ശാസ്ത്രജ്ഞന്‍മാരെ വകവരുത്തുന്നതിലൂടെയും ഇറാന്റെ ആണവ ശ്രമങ്ങള്‍ തുരങ്കം വെയ്ക്കാന്‍ ലക്ഷ്യംവെച്ചുള്ള പരിപാടികള്‍) ഇറാന്റെ പുരോഗതിക്ക് ഗണ്യമായതോതില്‍ തടസ്സം സൃഷ്ടിച്ചിട്ടുണ്ട്'' എന്നാണ് ഗോള്‍ഡ്ബര്‍ഗ് ലേഖനത്തില്‍ പറഞ്ഞത്.
ലേഖനത്തിലെ ഈ ഭാഗം പരാമര്‍ശിച്ചശേഷം സാര്‍വദേശീയ രാഷ്ട്രീയത്തിലെ കുരുക്കുകള്‍ വിശകലനം ചെയ്തുകൊണ്ട് ഐന്‍സ്റ്റിന്‍ ഏറെ ഭയപ്പെട്ടിരുന്ന യുദ്ധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് ഞാന്‍ അഭിപ്രായപ്പെട്ടിരുന്നു. ഏറ്റവും കഴിവുള്ള ആണവ ശാസ്ത്രജ്ഞന്‍മാരെ കായികമായി വകവരുത്താന്‍ ലക്ഷ്യംവെച്ചുള്ള ഗൂഢ പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയാമായിരുന്നുവെങ്കില്‍ ഐന്‍സ്റ്റീന്‍ എന്തു പറയുമായിരുന്നു?
ഇറാന്‍ സര്‍ക്കാര്‍ ഈയ്യിടെ തുറന്നുകാട്ടിയ കാര്യങ്ങളും കാര്യ വിവരമുള്ള കേന്ദ്രങ്ങള്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങളും ഗോള്‍ഡ്ബര്‍ഗിന്റെ ലേഖനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും എന്റെ മനസ്സില്‍ തെളിഞ്ഞുവരാന്‍ ഇടയാക്കി.

2010 അവസാനിക്കുന്നതിനും നാല് ആഴ്ചകള്‍ക്കു മുമ്പ് എ എഫ് പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു! ''ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞന്‍ കൊലചെയ്യപ്പെട്ടു''.

''ഇരട്ടബോംബ്'' ആക്രമണത്തിനു പിന്നില്‍ അമേരിക്കയും ഇസ്രായേലുമാണെന്ന് ടെഹ്‌റാന്‍ ആരോപിച്ചു'' (എ എഫ് പി 2010 നവംബര്‍ 30).

''കൊലപാതകത്തില്‍ പാശ്ചാത്യ സര്‍ക്കാരുകളുടെയും സിയോണിസ്റ്റ് ഭരണകൂടത്തിന്റെയും കരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്'' എന്ന് ഇറാന്‍ പ്രസിഡന്റ് മഹമൂദ് അഹമ്മദി നെജാദ് ആരോപിച്ചു. ടെഹ്‌റാനില്‍ ആണവ വിദഗ്ധര്‍ക്കുനേരെ നടന്ന ഇരട്ട ആക്രമണത്തിന് ഉത്തരവാദികളായവരെ കണ്ടുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ടെഹ്‌റാനിലെ ഷഹിദ് ബെഹെസ്റ്റി സര്‍വകലാശാലയിലെ പ്രഫസറും ഇറാന്‍ ന്യൂക്ലിയര്‍ സൊസൈറ്റി അംഗവുമായ മജിദ് ഷ ഹരിയാര്‍ അദ്ദേഹത്തിന്റെ വസതിയില്‍ നിന്നും ഏതാനും മീറ്റര്‍ അകലെ നടന്ന സ്‌ഫോടനത്തില്‍ കൊല്ലപ്പെടുകയും അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇതേ രൂപത്തിലുള്ള മറ്റൊരു ആക്രമണത്തില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനും അതേ സര്‍വകലാശാലയിലെ ലെയ്‌സര്‍ ഫിസിക്‌സ് വിദഗ്ധനുമായ ഫെരെദുന്‍ അബ്ബാസിക്കും ഭാര്യയ്ക്കും ഗുരുതരമായി പരിക്കുപറ്റി. അബാസി കൊല്ലപ്പെട്ടുവെന്നായിരുന്നു ആദ്യ വാര്‍ത്തകളില്‍ പറഞ്ഞിരുന്നതെങ്കിലും അദ്ദേഹം രക്ഷപ്പെട്ടുവെന്നാണ് ഇറാന്‍ വാര്‍ത്താ ഏജന്‍സി പിന്നീട് അറിയിച്ചത്. ''അജ്ഞാതരായ ഭീകരവാദി''കള്‍ മോട്ടോര്‍ സൈക്കിളുകളില്‍ വന്ന് ആണവ ശാസ്ത്രജ്ഞന്‍മാര്‍ സഞ്ചരിച്ചിരുന്ന കാറുകള്‍ക്കു നേരെ ബോംബ് എറിയുകയായിരുന്നു.
ഈ ആക്രമണങ്ങള്‍ക്കു പിന്നില്‍ അമേരിക്കയുടെയും ഇസ്രായേലിന്റെയും ഇന്റലിജന്‍സ് ഏജന്‍സികളായ സി ഐ എയും മൊസാദുമാണെന്ന് ഇറാന്‍ ആഭ്യന്തരമന്ത്രി മുസ്തഫ മുഹമ്മദ് നജാര്‍ ആരോപിച്ചു. രാജ്യത്തിന്റെ ആണവ പരിപാടിക്ക് ഏറ്റ പുതിയ ഒരു ആഘാതമാണ് ഈ ആക്രമണങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

2007 നുശേഷം ഇറാനിലെ മൂന്നു ആണവ ശാസ്ത്രജ്ഞന്‍മാരാണ് കൊല ചെയ്യപ്പെട്ടത്. 2007 ല്‍ ഇസ്ഫഹാന്‍ ന്യൂക്ലിയര്‍ പ്ലാന്റില്‍ ദുരൂഹ സാഹചര്യത്തില്‍ അര്‍ദെശിര്‍ഹൊസൈന്‍പുര്‍ എന്ന ശാസ്ത്രജ്ഞന്‍ മരണമടഞ്ഞു. ഡോ. മസൂദ് അലി മുഹമ്മദി കഴിഞ്ഞ വര്‍ഷം ജനവരിയില്‍ ടെഹ്‌റാനിലെ അദ്ദേഹത്തിന്റെ വസതിക്കു സമീപം ബോംബു സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു.

ആണവായുധങ്ങള്‍ കൈവശമുള്ള രാജ്യങ്ങളുടെ ഒരു സംഘത്തിന്റെ ഔദ്യോഗിക നയമായി ശാസ്ത്രജ്ഞന്‍മാരെ കൊലചെയ്യുന്നത് മാറിയ സന്ദര്‍ഭം ചരിത്രത്തില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ല. സാങ്കേതിക വിദ്യയില്‍ ഇറാനുമായി മത്സരിക്കാനും ഇറാനെ പിന്തള്ളാനും കഴിയുന്ന ശക്തികളാണ് ഈ ആക്രമണങ്ങള്‍ നടത്തുന്നത്. അസംബന്ധവും കുറ്റകരവുമായ ഇതേ ഫോര്‍മുല എതിരാളികള്‍ക്ക് എതിരെ പ്രയോഗിക്കാന്‍ ഇറാന്‍ തീരുമാനിച്ചാല്‍ ജീവന്‍ ബലിയര്‍പ്പിച്ചും അതു നടപ്പാക്കാന്‍ ഇറാനിലെ പൗരന്‍മാര്‍ തയ്യാറാകും.

ഇസ്രായേലും അമേരിക്കയും ബ്രിട്ടനും സംഘടിപ്പിച്ച ശാസ്ത്രജ്ഞന്‍മാരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മറ്റുചില സംഭവങ്ങളുമുണ്ട്. ഇവയുടെ വിശദാംശങ്ങള്‍ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ലോകത്തെ അറിയിക്കുന്നില്ല.

''ഇറാന്റെ ഡ്രോനെ എയര്‍ക്രാഫ്റ്റിന്റെ ഉപജ്ഞാതാവ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട''തായി റബലിയന്‍ വെബ്‌സൈറ്റില്‍ ഓഗസ്റ്റ് 25ന് ക്രിസ്റ്റിന്‍ എലിയ ഒരു ലേഖനത്തില്‍ പറഞ്ഞു. എയറോനോറ്റിക്കല്‍ എന്‍ജിനീയറായ റെസാബറൂണിയാണ് കൊലചെയ്യപ്പെട്ടത്. അദ്ദേഹത്തിന്റെ വീട് ബോംബു സ്‌ഫോടനത്തില്‍ തകരുകയായിരുന്നു.

ആണവ ശാസ്ത്രജ്ഞനായ മസുദ് അലി മുഹമ്മദിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഇസ്രായേല്‍ ഏറ്റെടുത്തതായി ക്യൂബ ഡിബേറ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം വെളിപ്പെടുത്തുകയുണ്ടായി. ഇസ്രായേലി ഇന്റലിജന്‍സ് ഏജന്‍സിയായ മൊസാദുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ലേഖനത്തില്‍ ഉദ്ദരിച്ചിട്ടുണ്ട്.

ഇറാന്റെ ആണവ പരിപാടിക്ക് വിഘാതം സൃഷ്ടിക്കാന്‍ നടത്തിയ ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇസ്രായേലാണെന്ന് ഗോര്‍ഡന്‍ തോമസ് ബ്രിട്ടനിലെ സണ്‍ഡെ ടെലിഗ്രാഫിനോട് പറയുകയുണ്ടായി. ഇസ്രായേലി ഇന്റലിജന്‍സ് ഏജന്‍സിയുമായി ബന്ധപ്പെട്ട വിദഗ്ധനായാണ് ഗോര്‍ഡന്‍ തോമസ് അറിയപ്പെടുന്നത്.

''ഇറാന്റെ ആണവ പരിപാടിയുമായി ബന്ധമുള്ള വ്യക്തികള്‍ക്ക് എതിരെ സമീപവര്‍ഷങ്ങളിലെ എല്ലാ ആക്രമണങ്ങളും ''കിഡോണ്‍'' യൂണിറ്റാണ് നടത്തിയത് എന്ന് തോമസ് തറപ്പിച്ചു'' പറഞ്ഞതായി സന്‍ഡേ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. മൊസാദിന്റെ കീഴിലുള്ള കിഡോണ്‍ യൂണിറ്റില്‍ അഞ്ച് സ്ത്രീകള്‍ ഉള്‍പ്പടെ 38 ഏജന്റുമാരാണുള്ളതെന്ന് ഹീബ്രു ദിനപത്രമായ യെദിയോട്ട് അഹറോനോട്ട് വെളിപ്പെടുത്തിയിട്ടുണ്ട്. 20നും 30നും ഇടയില്‍ പ്രായമുള്ളവരാണിവര്‍. ഫാര്‍സി ഉള്‍പ്പടെ വിവിധ ഭാഷകള്‍ സംസാരിക്കുന്നവരാണിവര്‍. വ്യാജ പേരുകളിലാണ് ഇവര്‍ ഇറാനില്‍ കടക്കുക. നെഗോവ് മരുഭൂമിയിലാണ് ഇവരുടെ ആസ്ഥാനം എന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.

യഹൂദര്‍ പരദേശികളായി കഴിഞ്ഞകാലത്ത് ലോകത്തെ ഇടതുപക്ഷം അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. വംശീയതയുടെയും മതത്തിന്റെ പേരില്‍ അവര്‍ വേട്ടയാടപ്പെട്ടപ്പോള്‍ വിപ്ലവ പാര്‍ട്ടികളുടെ അണികളോട് ഒപ്പം ചേര്‍ന്ന് അവരില്‍ പലരും പൊരുതി. യൂറോപ്പിലെയും ലോകത്തെയും ബൂര്‍ഷ്വാസി അവഗണിക്കാന്‍ ശ്രമിക്കുന്ന നരഹത്യാ ക്യാമ്പുകളെ ജനങ്ങള്‍ അപലപിച്ചു.

ഇന്ന് ഇസ്രായേലിന്റെ ഭരണനേതാക്കന്‍മാര്‍ നരഹത്യയില്‍ പങ്കാളികളാവുകയും ഭൂമുഖത്തെ ഏറ്റവും പിന്തിരിപ്പനായ ശക്തികളുമായി കൂട്ടുചേരുകയും ചെയ്യുന്നു.

ഇസ്രായേലിലെ ഭരണ നേതാക്കന്‍മാര്‍ അമേരിക്കയുടെ മൗനാനുവാദത്തോടെ ആണവായുധം വികസിപ്പിക്കാനുള്ള സാങ്കേതിക വിദ്യ ദക്ഷിണാഫ്രിക്കയിലെ വെറുക്കപ്പെട്ട വര്‍ണ വെറിയന്‍ ഭരണകൂടത്തിനു കൈമാറിയ കാര്യം ഇത്തരുണത്തില്‍ അനുസ്മരിക്കേണ്ടതുണ്ട്. ആഫ്രിക്കയുടെ ഹൃദയഭാഗത്തേക്ക് ആക്രമണം അഴിച്ചുവിടാനുള്ള വര്‍ണ്ണ വെറിയന്‍മാരുടെ നീക്കത്തെ 1975 ല്‍ ചെറുത്ത ക്യൂബന്‍ സൈന്യത്തിനു നേരെ പ്രയോഗിക്കാന്‍ ലക്ഷ്യം വെച്ചായിരുന്നു ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ പരിപാടിയിട്ടത്. ദശലക്ഷക്കണക്കിന് ജൂതന്‍മാരെയും റഷ്യക്കാരെയും മറ്റ് യൂറോപ്യന്‍ ജനങ്ങളെയും കൂട്ടക്കൊലചെയ്ത നാസികളുടെ പ്രത്യയശാസ്ത്രത്തില്‍ നിന്നും വര്‍ണ വെറിയന്‍മാരുടെ പ്രത്യയ ശാസ്ത്രത്തെ വേര്‍തിരിച്ചു കാണാനാവില്ല.

ഇറാന്‍ വിപ്ലവം നടന്നില്ലായിരുന്നുവെങ്കില്‍ ഇസ്രായേലല്ല, മറിച്ച് ആണവായുധങ്ങളോടു കൂടിയ ഇറാനിലെ ഷായാകുമായിരുന്നു തന്ത്രപ്രധാനമായ ആ മേഖലയിലെ അമേരിക്കയുടെയും നാറ്റോയുടെയും മുഖ്യ ആക്രമണശക്തി.

*
ഫിഡല്‍കാസ്‌ട്രോ കടപ്പാട്: ജനയുഗം ദിനപത്രം 11 ജനുവരി 2011

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ഫിദല്‍ കാസ്ട്രോ എഴുതുന്നു.

kIRan said...
This comment has been removed by the author.