Saturday, January 22, 2011

അറബിലോകത്ത് അലകളുയര്‍ത്തുന്ന ടുണീഷ്യന്‍ വിപ്ളവം

കഴിഞ്ഞ ഡിസംബര്‍ 17ന് ആരംഭിച്ച് നാലാഴ്ച തുടര്‍ന്ന ജനാധിപത്യവിപ്ളവം ഈ ജനുവരി 17ന് വിജയംവരിച്ചതോടെ ടുണീഷ്യയുടെ ചരിത്രത്തില്‍ പ്രത്യാശാഭരിതമായ ഒരു അധ്യായം ആരംഭിക്കുകയായി. 23 കൊല്ലം ടുണീഷ്യ അടക്കിഭരിച്ച് ആ രാഷ്‌ട്രത്തിന്റെ പകുതിയോളം സമ്പത്ത് കൈയടക്കിയ പ്രസിഡന്റ് സൈന്‍ എല്‍ അബ്‌ദീന്‍ ബെന്‍ ആലിയും കുടുംബവും സൌദി അറേബ്യയിലേക്ക് അഭയംതേടി ഓടിപ്പോയി. പോകുന്നവഴി ബെന്‍ ആലിയുടെ രണ്ടാം ഭാര്യ ലൈല ട്രാബെല്‍സി ടുണീഷ്യന്‍ സെന്‍ട്രല്‍ ബാങ്കില്‍നിന്ന് ഒന്നര ടൺ പൊന്നും കടത്തി. ജനുവരി 17ന് പുതിയ പ്രസിഡന്റായി മുന്‍ സ്പീക്കര്‍ ഫൌദ് മെബാസ്സാ അധികാരമേറ്റെടുത്തതോടുകൂടി വിപ്ളവത്തിന്റെ ആദ്യഘട്ടം വിജയകരമായി പര്യവസാനിച്ചു. ടുണീഷ്യന്‍ ജനാധിപത്യവിപ്ളവമാതൃക രാഷ്‌ട്രത്തിന്റെ അതിരുകള്‍ കടന്ന് മറ്റ് അറബി സ്വേഛാധിപത്യ രാഷ്‌ട്രത്തലവന്മാര്‍ക്ക് പേടിസ്വപ്‌നമായി മാറിയിരിക്കുകയാണ്.

ചരിത്രവും ഭൂമിശാസ്‌ത്രവും

മധ്യധരണ്യാഴിതീരത്ത് ഉത്തരാഫ്രിക്കയില്‍ ലിബിയയുടെയും അള്‍ജീരിയയുടെയും ഇടയ്‌ക്ക് സ്ഥിതിചെയ്യുന്ന ടുണീഷ്യ പഴയ റോമാസാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന കാര്‍ത്തേജില്‍ ഉള്‍പ്പെടുന്നു. തലസ്ഥാനം തുറമുഖനഗരമായ ടുണീസ്. ജനസംഖ്യ ഒരുകോടിയില്‍പ്പരം. 1957 വരെ ഫ്രാന്‍സിന്റെ അധിനിവേശരാജ്യമായിരുന്ന ടുണീഷ്യ മറ്റു പല അറബിരാജ്യങ്ങളേക്കാള്‍ പരിഷ്‌കൃതമാണ്. സാക്ഷരതാനിരക്കും വിദ്യാഭ്യാസവും വ്യാപകമാണ് (75 ശതമാനം). ഉത്തരാഫ്രിക്കയിലെ മൊറാക്കോ, അള്‍ജീരിയക്കു പടിഞ്ഞാറും ഈജിപ്ത് ലിബിയക്കു കിഴക്കുമായി സ്ഥിതിചെയ്യുന്നു. മൊറാക്കോയില്‍ രാജകീയ സര്‍വാധിപത്യവും അള്‍ജീരിയയില്‍ മതമൌലികവാദികളുടെ മേല്‍ക്കോയ്‌മയും ലിബിയയില്‍ മൂവാ കേണല്‍ മൂവാമര്‍ ഗദ്ദാഫിയുടെയും ഈജിപ്തില്‍ ഹോസ്നി മുബാറക്കിന്റെയും സര്‍വാധിപത്യങ്ങളാണ് നിലവിലുള്ളത്. ടുണീഷ്യന്‍ വിപ്ളവത്തിന്റെ അലകള്‍ അവരെ അസ്വസ്ഥരാക്കുന്നു.

ഇപ്പോള്‍ അധികാരമൊഴിഞ്ഞ് കിട്ടാവുന്ന സമ്പത്തെല്ലാം തൂത്തുവാരി സകുടുംബം നാടുവിട്ട പ്രസിഡന്റ് സൈന്‍ എല്‍ അബ്‌ദീന്‍ ബെന്‍ ആലി ആദ്യം അധികാരത്തിലെത്തിയത് ജനാധിപത്യ സമ്പ്രദായത്തിലൂടെ ആയിരുന്നെങ്കിലും പിന്നീട് അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ആള്‍രൂപമായി. തെരഞ്ഞെടുപ്പുകള്‍ ഇടയ്‌ക്കിടെ നടക്കാറുണ്ടെങ്കിലും അതൊന്നും സ്വതന്ത്രമോ നീതിപൂര്‍വമോ ആയിരുന്നില്ല. ഇതിന്റെയൊക്കെ ഫലമായി തൊഴിലില്ലായ്‌മയും ദാരിദ്ര്യവും ഈ പരിഷ്‌കൃത രാഷ്‌ട്രത്തെ കാര്‍ന്നുതിന്നാന്‍ തുടങ്ങി. സര്‍വകലാശാലാ വിദ്യാഭ്യാസം ലഭിച്ചിട്ടും ജോലിയൊന്നും കിട്ടാതെ തെരുവില്‍ പച്ചക്കറി വിറ്റ് ഉപജീവനം കഴിക്കുന്ന യുവാവ് ഡിസംബര്‍ 17ന് ആത്മാഹുതി ചെയ്‌ത സംഭവമാണ് വിപ്ളവത്തിന് തിരികൊളുത്തിയത്. ഈ ആത്മഹത്യ ടുണീഷ്യന്‍ ജനതയെ തട്ടിയുണര്‍ത്തുകയും പ്രതികാരത്തിനു പ്രേരിപ്പിക്കുകയും ചെയ്‌തതിനെത്തുടര്‍ന്ന് പ്രകടനങ്ങളും തെരുവുയുദ്ധങ്ങളും നശീകരണവും വ്യാപകമായി. അങ്ങനെയാണ് ഗത്യന്തരമില്ലാതെ ബെന്‍ ആലി കുടുംബസമേതം നാടുവിട്ടത്. യൂറോപ്യന്‍ ബാങ്കുകളില്‍ ധാരാളം രഹസ്യനിക്ഷേപങ്ങളുള്ള ബെന്‍ ആലി ഫ്രാന്‍സിലേക്ക് പോകാനാണ് ആഗ്രഹിച്ചതെങ്കിലും ഫ്രഞ്ചുകാര്‍ അനുവാദം നല്‍കിയില്ല. അങ്ങനെയാണ് സൌദി അറേബ്യയിലെ ജിദ്ദയില്‍ എത്തിയത്.

വിപ്ളവം- രണ്ടാംഘട്ടം

പുതിയ പ്രസിഡന്റായി അധികാരമേറ്റെടുത്ത മുന്‍ സ്പീക്കര്‍ ഫൌദ് മെബാസ്സാ ദേശീയ ഐക്യ സര്‍ക്കാരാണ് രൂപീകരിച്ചത്. ദേശീയതയുടെയും ഐക്യത്തിന്റെയും പേരില്‍ മുന്‍ സര്‍ക്കാരിലെ അഴിമതിവീരന്മാരില്‍ ചിലരെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയുണ്ടായി. ശാന്തമായെന്ന് കരുതിയിരുന്ന ടുണീഷ്യയില്‍ വീണ്ടും ഈ അഴിമതിക്കാര്‍ക്കെതിരെ ജനകീയ കലാപം പൊട്ടിപ്പുറപ്പെട്ടു. ഒടുവില്‍ പുതിയ പ്രസിഡന്റ് മെബാസ്സാ ഈ അഴിമതിക്കാരെയും മര്‍ദകരെയും പുറത്താക്കിയതോടെ വിപ്ളവം രണ്ടാംഘട്ടം തരണംചെയ്‌തു. ഇപ്പോഴും സ്ഥിതിഗതികള്‍ പൂര്‍ണമായും ശാന്തമല്ല. തൊഴിലില്ലായ്മയും പട്ടിണിയും പരിഹരിക്കാന്‍വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ തുടരുകയാണ്.

അയല്‍രാജ്യങ്ങളിലും ഇതിന്റെ അലകള്‍ ആഞ്ഞടിക്കാന്‍ തുടങ്ങിയതോടെ ആത്മാഹുതികളും നടക്കുന്നു. ഉദാഹരണത്തിന് അള്‍ജീരിയയില്‍ തൊഴിലില്ലായ്മയും ദാരിദ്ര്യവുംകാരണം നാലുപേര്‍ ആത്മഹത്യ ചെയ്‌തതായി വാര്‍ത്തയുണ്ട്. ഹോസ്നി മുബാറക്ക് അടക്കിവാഴുന്ന ഈജിപ്തിലും ഒരാള്‍ ആത്മാഹുതി ചെയ്‌തു. അങ്ങനെ ഉത്തരാഫ്രിക്കയിലും പശ്ചിമേഷ്യയിലും അറബി സ്വേഛാധിപതികള്‍ക്കെതിരെ ജനരോഷം കത്തിപ്പടരാന്‍ തുടങ്ങിയിരിക്കുന്നു.

1969ല്‍ അമേരിക്കന്‍ പരോക്ഷാധിപത്യത്തിനെതിരെ കലാപം നടത്തി അധികാരം പിടിച്ചെടുത്ത കേണല്‍ മൂവാമര്‍ ഗദ്ദാഫി ഇത്രയുംകാലം ചോദ്യംചെയ്യാനാകാത്ത മറ്റൊരു സ്വേഛാധിപതിയായിട്ടാണ് ലിബിയയില്‍ ഭരണം നടത്തിവന്നത്. അമേരിക്കന്‍ സൈനികത്താവളങ്ങള്‍ പൊളിച്ചുമാറ്റുകയും വിദേശ എണ്ണക്കമ്പനികള്‍ ദേശസാല്‍ക്കരിക്കുകയും ചെയ്‌ത ഗദ്ദാഫിക്ക് ആദ്യകാലങ്ങളിലുണ്ടായിരുന്ന ജനപ്രീതി ഇപ്പോഴില്ലെന്നുമാത്രമല്ല, അമേരിക്കന്‍ ഐക്യനാടുമായി അറബി പൊതുജനാഭിപ്രായത്തിനെതിരെ ചങ്ങാത്തം തുടങ്ങിയിരിക്കുകയുമാണ്. അയല്‍പക്കത്തെ ടുണീഷ്യയിലെ സംഭവവികാസങ്ങള്‍ ഗദ്ദാഫിയുടെ സിംഹാസനത്തെയും ഇളക്കിക്കൊണ്ടിരിക്കുന്നു. ടുണീഷ്യന്‍ മാതൃക എത്രകണ്ട് മറ്റ് അറബിരാഷ്‌ട്രങ്ങളെ സ്വാധീനിക്കുമെന്നു പറയാറായിട്ടില്ലെങ്കിലും അവിടെയെല്ലാം അടിയിളക്കം തുടങ്ങിയിരിക്കുന്നു എന്നത് വ്യക്തം.


*****


പി ഗോവിന്ദപ്പിള്ള, കടപ്പാട് : ദേശാഭിമാനി

അധിക വായനയ്‌ക്ക് :

1. Tunisia: the first Arab revolution


2.
Tunisia: Gang violence mars celebration of popular uprising

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കഴിഞ്ഞ ഡിസംബര്‍ 17ന് ആരംഭിച്ച് നാലാഴ്ച തുടര്‍ന്ന ജനാധിപത്യവിപ്ളവം ഈ ജനുവരി 17ന് വിജയംവരിച്ചതോടെ ടുണീഷ്യയുടെ ചരിത്രത്തില്‍ പ്രത്യാശാഭരിതമായ ഒരു അധ്യായം ആരംഭിക്കുകയായി. 23 കൊല്ലം ടുണീഷ്യ അടക്കിഭരിച്ച് ആ രാഷ്‌ട്രത്തിന്റെ പകുതിയോളം സമ്പത്ത് കൈയടക്കിയ പ്രസിഡന്റ് സൈന്‍ എല്‍ അബ്‌ദീന്‍ ബെന്‍ ആലിയും കുടുംബവും സൌദി അറേബ്യയിലേക്ക് അഭയംതേടി ഓടിപ്പോയി. പോകുന്നവഴി ബെന്‍ ആലിയുടെ രണ്ടാം ഭാര്യ ലൈല ട്രാബെല്‍സി ടുണീഷ്യന്‍ സെന്‍ട്രല്‍ ബാങ്കില്‍നിന്ന് ഒന്നര ടണ്‍ പൊന്നും കടത്തി. ജനുവരി 17ന് പുതിയ പ്രസിഡന്റായി മുന്‍ സ്പീക്കര്‍ ഫൌദ് മെബാസ്സാ അധികാരമേറ്റെടുത്തതോടുകൂടി വിപ്ളവത്തിന്റെ ആദ്യഘട്ടം വിജയകരമായി പര്യവസാനിച്ചു. ടുണീഷ്യന്‍ ജനാധിപത്യവിപ്ളവമാതൃക രാഷ്‌ട്രത്തിന്റെ അതിരുകള്‍ കടന്ന് മറ്റ് അറബി സ്വേഛാധിപത്യ രാഷ്‌ട്രത്തലവന്മാര്‍ക്ക് പേടിസ്വപ്‌നമായി മാറിയിരിക്കുകയാണ്.