ഇന്ത്യയെ സംബന്ധിച്ച് പാട്രിക് ഫ്രഞ്ച് എഴുതിയ പുതിയ പുസ്തകത്തില്‍ ജനാധിപത്യം എങ്ങനെയാണ് മക്കളാധിപത്യമായി മാറുന്നതെന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളുണ്ട്. ചില ആനുകാലികങ്ങളും ഇ- മാധ്യമങ്ങളും ഇതിന്റെ വിശദമായ ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാര്‍ലമെന്റില്‍ മുപ്പതു വയസിനു താഴെയുള്ള എംപിമാരില്‍ നൂറുശതമാനം കുടുംബാധിപത്യത്തിന്റെ പ്രതീകങ്ങളാണ്. ഇവരെല്ലാം കോണ്‍ഗ്രസില്‍നിന്നാണ് വരുന്നത്. പാര്‍ടി നേതാക്കളായ മാതാപിതാക്കളുടെ പിന്‍ബലത്തില്‍ കുടുംബമഹിമയില്‍ സീറ്റ് തരപ്പെടുത്തി വന്നവരാണ് ഇവര്‍. നാല്‍പ്പതുവയസിനു താഴെയുള്ള എംപിമാരില്‍ മൂന്നില്‍ രണ്ടു പേരും ഇതേ ഗണത്തില്‍പ്പെട്ടവരാണ്. ഇവരിലും പ്രധാന പങ്ക് കോണ്‍ഗ്രസിനുള്ളതാണ്. ചെറുപ്പക്കാരായ മന്ത്രിമാരില്‍ നല്ലൊരു പങ്കും പിതാക്കളുടെ നേരവകാശികളായി സ്ഥാനം തരപ്പെടുത്തിയവരാണ്.
രാഹുല്‍ ബ്രിഗേഡെന്നും മറ്റും മാധ്യമങ്ങള്‍ ചാര്‍ത്തിക്കൊടുത്ത പേരുകളാല്‍ പരാമര്‍ശിക്കപ്പെടുന്ന സംഘങ്ങള്‍ നോക്കിയാല്‍ അവയില്‍ മഹാഭൂരിപക്ഷവും ഈ കൂട്ടത്തില്‍പ്പെടുത്താവുന്നവരാണ്. രാജേഷ് പൈലറ്റിന്റെ മകന്‍ സച്ചിന്‍ പൈലറ്റ് ഷേക്ക് അബ്ദുള്ളയുടെ പുത്രനായ ഫറൂഖ് അബ്ദുള്ളയുടെ മകളുടെ ഭര്‍ത്താവുകൂടിയാണ്. കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ ഭാര്യാസഹോദരന്‍. രാജകുടുംബത്തില്‍നിന്നുള്ള മാധവറാവു സിന്ധ്യയുടെ മകനാണ് ജ്യോതിരാദിത്യസിന്ധ്യ. കോണ്‍ഗ്രസിന്റെ പ്രധാന നേതാവായിരുന്ന ജിതേന്ദ്ര പ്രസാദയുടെ മകനാണ് ജിതിന്‍ പ്രസാദ. അദ്ദേഹവും കേന്ദ്രത്തില്‍ മന്ത്രിയാണ്. പെട്രോളിയം മന്ത്രിയായ മുരളി ദേവ്രയുടെ പുത്രനായ മിലിന്ദ് ദേവ്രക്ക് അച്ഛന്‍ മന്ത്രിയായി തുടരുന്നതിനാല്‍ മന്ത്രിപദം ലഭിച്ചിട്ടില്ലെങ്കിലും അടുത്ത മന്ത്രിയെന്ന നിലയിലുള്ള പരിശീലനത്തിലാണ്. ലോകസഭയിലെ ബേബിയായ ഹാംദുള്ള സെയ്ത് ദീര്‍ഘകാലം ലോകസഭാംഗവും മന്ത്രിയുമൊക്കെ ആയിരുന്ന സെയ്ദിന്റെ മകനാണ്. ഒരു കാലത്ത് ലോകസഭയിലെ ബേബിയായിരുന്ന സെയ്തിന്റെ മകന് മത്സരിക്കാന്‍ പട്ടികവര്‍ഗത്തെ സംബന്ധിച്ച നിര്‍വചനത്തില്‍ മാറ്റം വരുത്തുന്ന ഭേദഗതി വരെ കൊണ്ടുവന്നിരുന്നു.
എന്‍സിപി നേതാവും കേന്ദ്ര കൃഷിമന്ത്രിയുമായ ശരദ്പവാറിന്റെ മകള്‍ സുപ്രിയ സുലെ നേരത്തെ രാജ്യസഭയില്‍ അംഗമായിരുന്നു. ഇപ്പോള്‍ അവര്‍ ലോകസഭയിലുണ്ട്. കേന്ദ്രത്തില്‍ പ്രായംകുറഞ്ഞ മന്ത്രിമാരില്‍ ഒരാളായ അഗത സാംഗ്മ എന്‍സിപി നേതാവും മുന്‍ സ്പീക്കറുമായിരുന്ന സാംഗ്മയുടെ മകളാണ്. അത്ഭുതലോകത്തില്‍ അകപ്പെട്ട ആലീസിന്റെ ഭാവഹാവാദികളോടെയാണ് അവര്‍ പാര്‍ലമെന്റിനകത്തേക്ക് വരുന്നതെന്ന് ചിലര്‍ തമാശയായി പറയാറുണ്ട്. പാര്‍ലമെന്റില്‍ ഒരു ചോദ്യത്തിനും ഇതുവരെ ഉത്തരം പറയാത്ത അഴഗിരി കരുണാനിധിയുടെ മകനാണ്. ഡിഎംകെയുടെ മറ്റൊരു മന്ത്രിയായ ദയാനിധി മാരന്‍ ഡിഎംകെ നേതാവും മുന്‍മന്ത്രിയുമായ മാരന്റെ മകനും കരുണാനിധി കുടുംബാംഗവുമാണ്.
യുവ ടീമിന്റെ തലവനും ഭാവി പ്രധാനമന്ത്രിയുമെന്ന് വിശേഷിപ്പിക്കപ്പെടുന്ന രാഹുല്‍ ഗാന്ധിയുടെ പിന്‍ബലവും കുടുംബമഹിമയാണല്ലൊ. രാഷ്ട്രീയത്തിലേക്ക് നിരവധി വഴികളുണ്ടെന്ന് ഒരിക്കല്‍ പറഞ്ഞ രാഹുല്‍ അതില്‍ തന്റേതുപോലെ കുടുംബത്തിന്റെ മഹിമയില്‍ വരുന്നതിനെയും പരാമര്‍ശിച്ചിരുന്നു. പുതിയ കാലത്തെ ഇന്ത്യ പഴയ ചരിത്രത്തിന്റ ആധുനിക തനിയാവര്‍ത്തനത്തിലൂടെയാണോ പോകുന്നതെന്ന ഏറ്റവും പ്രസക്തമായ ചോദ്യമാണ് പാട്രിക് ഫ്രഞ്ച് ചോദിക്കുന്നത്. ഗുപ്തസാമ്രാജ്യവും മൌര്യസാമ്രാജ്യവുംപോലെ, അല്ലെങ്കില്‍ മുഗള്‍ ഭരണംപോലെ അനന്തരാവകാശികള്‍ക്ക് കൈമാറുന്ന കുടുംബത്തിന്റെ പിന്തുടര്‍ച്ചയായി അധികാരകൈമാറ്റം വരുന്ന അധഃപതനത്തിലേക്കാണോ നമ്മുടെ രാജ്യം പോകുന്നത്?
ഈ പുതിയ തലമുറ ജനപ്രതിനിധികള്‍ക്ക് പൊതുസവിശേഷതകളുണ്ട്. കുടുംബാധിപത്യത്തിന്റെ അറപ്പുളവാക്കുന്ന പ്രതീകമായി മാറിക്കഴിഞ്ഞ ഡിഎംകെയെ ഒഴിവാക്കിക്കഴിഞ്ഞാല്‍ ബാക്കിയുള്ള പിന്തുടര്‍ച്ചാവകാശികള്‍ വിദേശ വിദ്യാഭ്യാസത്തിന്റെ പിന്‍ബലത്തില്‍ വരുന്നവരാണ്. അവിടത്തെ സര്‍വകലാശാലകളില്‍നിന്ന് മിക്കവാറും മാനേജ്മെന്റില്‍തന്നെ ഉന്നതബിരുദം നേടി വരുന്നവര്‍. അതിനുശേഷം നാട്ടില്‍ എത്തി പെട്ടെന്ന് ടിക്കറ്റ് നേടി മത്സരിച്ച് ജയിക്കുന്നവര്‍. ഇവര്‍ക്ക് നാടിന്റെ ജീവിതവുമായി ഒരുതരത്തിലുള്ള ബന്ധവുമില്ല. ആ ബന്ധം ഉണ്ടാക്കുന്നതിനായാണ് രാഹുല്‍ ഗാന്ധിയും സംഘവും മിനറല്‍ വാട്ടറും പ്രത്യേക കിടക്കയും സിഡി പ്ളെയറുമൊക്കെയായി ആദിവാസി കുടുംബങ്ങളില്‍ ഒരു രാത്രി തള്ളിനീക്കിയത്! ചിലര്‍ സിനിമ കഴിഞ്ഞപ്പോഴെ താമസം അവസാനിപ്പിച്ചു. ഈ പുതു തലമുറ എംപിമാര്‍ ത്യാഗത്തിന്റെയൊ സമര്‍പ്പണത്തിന്റെയൊ ഒരു വഴിയും കണ്ടിട്ടുള്ളവര്‍ പോലുമല്ല. ഇവര്‍ക്കെല്ലാം പാര്‍ലമെന്റിലേക്ക് വഴിതുറന്നത് കുടുംബത്തിന്റെ മഹിമയും സ്വാധീനവും മാത്രമാണ്.
ജീവിതവുമായി ഒരു തരത്തിലും ബന്ധമില്ലാത്തവരാണ് ഇന്ന് കോണ്‍ഗ്രസിനെ പ്രധാനമായും നയിക്കുന്നത്. ഇപ്പോള്‍ കോണ്‍ഗ്രസിന്റെ പ്രധാന വക്താവായിരിക്കുന്ന കേന്ദ്രമന്ത്രി കപില്‍ സിബല്‍ ഇതിന്റെ മികച്ച ഉദാഹരണമാണ്. എംപിയാകുന്നതിനുമുമ്പ് പാര്‍ലമെന്റില്‍ വാദിക്കുന്നതിനു അവസരം ലഭിച്ചയാളാണ് കപില്‍ സിബല്‍. അഴിമതി നടത്തിയതിന്റെ പേരില്‍ ഇപീച്ച്മെന്റ് നടപടികള്‍ക്ക് വിധേയനായ രാമസ്വാമിക്ക് വേണ്ടി വാദിക്കാന്‍ പാര്‍ലമെന്റില്‍ എത്തിയ വക്കീലാണ് സിബല്‍. അന്ന് അദ്ദേഹം രാമസ്വാമിക്ക് വേണ്ടി കാര്യമായി വാദിച്ചെങ്കിലും ആരും രാമസ്വാമിക്ക് അനുകൂലമായി വോട്ടുചെയ്തില്ല. കോണ്‍ഗ്രസ് വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്ന് രാമസ്വാമിയെ രക്ഷപ്പെടുത്തിയതോടൊപ്പം സിബലിനെ കൂടി തങ്ങളുടെ കൂടെക്കൂട്ടി. കോണ്‍ഗ്രസിന്റെ പ്രധാന നേതാവായ ചിദംബരത്തിന്റെ തമിഴ്നാട്ടിലെ വീട്ടില്‍ അദ്ദേഹത്തിന്റെ സ്വീകരണമുറിയില്‍ ഒരു കസേര മാത്രമേയുള്ളെന്നും കാണാന്‍ വരുന്നവര്‍ നിന്ന് കാര്യങ്ങള്‍ പറയണമെന്നും ഒരു കോണ്‍ഗ്രസ് എംപി പറയുകയുണ്ടായി.
കുടുംബവാഴ്ചയിലേക്ക് പോകുന്നതോടൊപ്പം പാര്‍ലമെന്റ് കോടീശ്വരന്‍മാരുടെ കൂടാരമായിക്കൂടി മാറിയിരിക്കുന്നു. രാജ്യസഭയില്‍ നൂറു കോടീശ്വരന്‍മാരുണ്ട്. ലോകസഭയില്‍ 350ലധികം പേര്‍ ഈ പട്ടികയില്‍പ്പെടുന്നവരാണ്. ഉദാരവല്‍ക്കരണം രണ്ടുപതിറ്റാണ്ട് പിന്നിടുമ്പോള്‍ ജനാധിപത്യം പൂര്‍ണമായും പണാധിപത്യമായും കുടുംബാധിപത്യമായും മാറുകയാണ്. കുടുംബത്തിന്റെ മഹിമയും പണത്തിന്റെ കൊഴുപ്പുമുണ്ടെങ്കില്‍ ആര്‍ക്കും ജനപ്രതിനിധികളാകാം. നല്ലൊരു പങ്ക് സംസ്ഥാനങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഈ പുതുതലമുറക്ക് പുത്തന്‍ വിശേഷണങ്ങളും ചാര്‍ത്തി ആഘോഷിക്കുന്ന മാധ്യമങ്ങളും ഈ ചങ്ങലയിലെ കണ്ണികളാണ്. അപ്പോള്‍ എവിടെയാണ് എബ്രഹാം ലിങ്കന്റെ പ്രസിദ്ധമായ ജനാധിപത്യ നിര്‍വചനത്തിന്റെ പ്രസക്തി. ചെറിയ മനുഷ്യന്റെ അവകാശപ്രയോഗം കടലാസില്‍ മാത്രം ഒതുങ്ങുന്നു. ഇവിടെ ഇനി പുതിയ നിര്‍വചനങ്ങളെയാണ് അനുഭവങ്ങള്‍ ആവശ്യപ്പെടുന്നത്. ദുരിതം അനുഭവിക്കുന്ന മഹാഭൂരിപക്ഷത്തെ മയക്കിക്കിടത്തുന്ന ആയുധമായി ജനാധിപത്യം മാറാതിരിക്കണമെങ്കില്‍ അതീവ ഗൌരവമായ ഇടപെടലുകള്‍ സമൂഹത്തില്‍നിന്ന് ഉയരേണ്ടതുണ്ട്.
*
പി രാജീവ് deshabhimani 23 January 2011
Subscribe to:
Post Comments (Atom)
2 comments:
ന്ത്യയെ സംബന്ധിച്ച് പാട്രിക് ഫ്രഞ്ച് എഴുതിയ പുതിയ പുസ്തകത്തില്‍ ജനാധിപത്യം എങ്ങനെയാണ് മക്കളാധിപത്യമായി മാറുന്നതെന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളുണ്ട്. ചില ആനുകാലികങ്ങളും ഇ- മാധ്യമങ്ങളും ഇതിന്റെ വിശദമായ ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാര്‍ലമെന്റില്‍ മുപ്പതു വയസിനു താഴെയുള്ള എംപിമാരില്‍ നൂറുശതമാനം കുടുംബാധിപത്യത്തിന്റെ പ്രതീകങ്ങളാണ്. ഇവരെല്ലാം കോണ്‍ഗ്രസില്‍നിന്നാണ് വരുന്നത്. പാര്‍ടി നേതാക്കളായ മാതാപിതാക്കളുടെ പിന്‍ബലത്തില്‍ കുടുംബമഹിമയില്‍ സീറ്റ് തരപ്പെടുത്തി വന്നവരാണ് ഇവര്‍. നാല്‍പ്പതുവയസിനു താഴെയുള്ള എംപിമാരില്‍ മൂന്നില്‍ രണ്ടു പേരും ഇതേ ഗണത്തില്‍പ്പെട്ടവരാണ്. ഇവരിലും പ്രധാന പങ്ക് കോണ്‍ഗ്രസിനുള്ളതാണ്. ചെറുപ്പക്കാരായ മന്ത്രിമാരില്‍ നല്ലൊരു പങ്കും പിതാക്കളുടെ നേരവകാശികളായി സ്ഥാനം തരപ്പെടുത്തിയവരാണ്.രാഹുല്‍ ബ്രിഗേഡെന്നും മറ്റും മാധ്യമങ്ങള്‍ ചാര്‍ത്തിക്കൊടുത്ത പേരുകളാല്‍ പരാമര്‍ശിക്കപ്പെടുന്ന സംഘങ്ങള്‍ നോക്കിയാല്‍ അവയില്‍ മഹാഭൂരിപക്ഷവും ഈ കൂട്ടത്തില്‍പ്പെടുത്താവുന്നവരാണ്.
രാജീവേ, തമിഴ് നാട്ടില്‍ നമ്മുടെ കരുണന്‍ അണ്ണന്‍ എങ്ങനാ? മക്കള്‍ മാഹത്മ്യം ഊണ്ടാവോ?
നാട്ടിലെ സ്കൂളുകളില്‍ മലയാളം മാത്രമാക്കി, നേതാക്കളുടെ കുട്ടികളെ ലണ്ടനില്‍ പഠിപ്പിച്ചാലും ഒരക്ഷരം മിണ്ടരുത്!
നാട്ടിലെ സ്വാശ്രയകോളേജുകള്‍ വെണ്ടാന്ന് പറഞ് ഞാനും നീയും മൂന്ന് മാസം കോളേജടപ്പിച്ച് സമരം ചെയ്തപ്പോള്‍ നേതാക്കള്‍ അവരുടെ മക്കളെ മാനേജ്മെന്റ് കോട്ടയില്‍ പഠിപ്പിച്ചതിനെപ്പറ്റിയും ഒരക്ഷരം ഉരിയാടരുത്!
അതെ ഇരിക്കുന്ന കൊമ്പ് വെട്ടരുത് എന്ന് ചുരുക്കം.. എല്ലാം കേമമായി നടക്കട്ടേ.. ആശംസകള്‍!
Post a Comment