Tuesday, January 4, 2011

'ഭയവും ഭ്രമവും ഇല്ലാതെ''

2009 ഡിസംബര്‍ ലക്കം 'ശാസ്ത്രഗതി' മുഖക്കുറിപ്പിന് ഈയുള്ളവന്‍ തന്നെ ഉപയോഗിച്ച ശീര്‍ഷകമായതുകൊണ്ടാണ് ഉദ്ധരണി ചിഹ്നം കൊടുത്തത്. വിഷയവും അതു തന്നെ; ജനിതക വ്യതിയാനം (ജി എം) വരുത്തിയ വിളകള്‍. സ്വന്തം കുറിപ്പായതുകൊണ്ട് മോഷണാരോപണഭയം ഇല്ലാതെ തന്നെ അതിലെ കാര്യങ്ങള്‍ ആവര്‍ത്തിക്കാമല്ലോ.

ശാസ്ത്രത്തില്‍ ഭ്രമിക്കരുത് എന്നതുപോലെ തന്നെ പ്രധാനമാണ് ശാസ്ത്രത്തെ ഭയപ്പെടരുത് എന്നതും. അപരിചിതമായതിനെ സംശയ ദൃഷ്ടിയോടെ വീക്ഷിക്കുക എന്നതുപോലെ തന്നെ മനുഷ്യസ്വഭാവത്തിന്റെ ഭാഗമാണ് പുതിയ സാധ്യതകള്‍ കരുതലോടെ പരീക്ഷിക്കുക എന്നതും. അതുകൊണ്ടാണ് മറ്റെല്ലാ ജന്തുക്കളും തീയെ ഭയപ്പെട്ട് ഓടിമറഞ്ഞപ്പോള്‍ മനുഷ്യന്‍ സംശയിച്ചു സംശയിച്ച്, എന്നാല്‍ കരുതലോടുകൂടി അതിനെ സമീപിക്കാനും ക്രമേണ അതിനെ മെരുക്കിയെടുക്കാനും മുതിര്‍ന്നത്. ഈ ദ്വിമുഖമായ സമീപനമാണ് മറ്റു ജന്തുക്കളെപ്പോലെ പ്രകൃതി വരച്ചിട്ട അതിരുകള്‍ക്കുള്ളില്‍ സ്വന്തം ഭാഗധേയം ഒതുക്കാതിരിക്കാന്‍ മനുഷ്യനെ സഹായിച്ചതും.

ജീവന്റെ രഹസ്യം തേടിയുള്ള അന്വേഷണവും അതിലൂടെ ലഭ്യമായ അറിവിന്റെ പ്രയോഗവും ഒരേസമയം ഉദ്വേഗകരവും അപകടസാധ്യതകള്‍ ഉള്ളതുമാണ്. റീ കോംബനന്റ് ഡി എന്‍ എ പരീക്ഷണങ്ങളെപ്പറ്റി ഒട്ടേറെപ്പേര്‍ക്ക് ആശങ്കകളുണ്ട് എന്നത് രഹസ്യമൊന്നുമല്ല. 1975 ലെ അസിലോമര്‍ കോണ്‍ഫറന്‍സിന്റെ വിഷയം തന്നെ അതായിരുന്നു. അത്തരം പരീക്ഷണങ്ങളില്‍ പാലിക്കപ്പെടേണ്ട നടപടിക്രമങ്ങളെപ്പറ്റിയും എടുക്കേണ്ട മുന്‍കരുതലുകളെപ്പറ്റിയും ശാസ്ത്രജ്ഞരുടെയിടയില്‍ ധാരണയുണ്ടാക്കുന്നില്‍ ആ കോണ്‍ഫറന്‍സ് വിജയിച്ചു. അനേകം സ്വകാര്യ ഏജന്‍സികളും ഈ രംഗത്തു പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും റീകോംബിനന്റ് ഡി എന്‍ എ ഗവേഷണത്തെപ്പറ്റിയുള്ള ആശങ്കകള്‍ അകറ്റുന്നതിന് ശാസ്ത്രജ്ഞരുടെ ഈ സംയുക്ത സംരംഭത്തിനു കഴിഞ്ഞു എന്നത് പ്രസ്താവ്യമാണ്.

എന്നാല്‍ അത്തരമൊരു പൊതുധാരണ ജനിതകമാറ്റം വരുത്തിയ (ജി എം) വിളകളുടെ കാര്യത്തില്‍ ഉണ്ടായിട്ടില്ല. അവയുടെ സുരക്ഷയെപ്പറ്റി സ്വതന്ത്രമായ പരിശോധന നടത്താന്‍പോലും കഴിയാത്ത വിധത്തില്‍ ബൗദ്ധികസ്വത്തവകാശ നിയമങ്ങളുടെ മറപിടിച്ച് ബഹുരാഷ്ട്ര കമ്പനികള്‍ ഈ രംഗത്ത് കുത്തകസ്ഥാപിച്ചിരിക്കുന്നു. ഈ കുത്തകയില്‍ നിന്നാണ് അത്യധികം സാധ്യതകളുള്ള ജനിതക സാങ്കേതികവിദ്യയെ മോചിപ്പിക്കേണ്ടത്. ലാഭം മാത്രം ലക്ഷ്യമാക്കിയുള്ള ഗവേഷണം ഒരിക്കലും യഥാര്‍ഥ വസ്തുതകള്‍ ജനങ്ങളിലെത്തിക്കില്ല എന്നത് പുകവലിയുടെ അപകടങ്ങളെപ്പറ്റി സിഗററ്റു കമ്പനികള്‍ നടത്തിയ ഗവേഷണങ്ങളുടെ ചരിത്രം നമുക്കു കാണിച്ചു തന്നിട്ടുള്ളതാണല്ലോ. അതുപോലെ തന്നെ ജനങ്ങള്‍ക്കു പ്രയോജനം നല്‍കുന്ന കാര്യങ്ങളല്ല, മറിച്ചു കമ്പനിക്കു ലാഭം കൂട്ടുന്ന സംഗതികളാണ് അവരുടെ ഗവേഷണ ശാലകളില്‍ നിന്നു പുറത്തുവരിക എന്നതും നമുക്കറിയാം.

ഇതിനുള്ള പരിഹാരം ഇതുപോലുള്ള മര്‍മപ്രധാനമായ മേഖലകളില്‍ പൊതുമേഖലാ ഗവേഷണത്തെ മാത്രം ആശ്രയിക്കുക എന്നതു തന്നെയാണ്; ജനിതക സാങ്കേതിക വിദ്യയെത്തന്നെ തള്ളിപ്പറയുന്നതിനു പകരം അതിനെ ജനോപകാരപ്രദമായ വിധത്തില്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള ഉപായങ്ങളാണു നാം തേടേണ്ടത്.

ഈ മുഖക്കുറിപ്പെഴുതിയതിനുശേഷം മൂന്നു മാസം കഴിഞ്ഞ് 2010 മാര്‍ച്ച് ലക്കത്തില്‍ ഇന്ത്യയിലെ പ്രമുഖ ബയോടെക്‌നോളജി വിദഗ്ധനും ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജി (സി സി എം ബി) എന്ന ദേശീയ സ്ഥാപനത്തിന്റെ സ്ഥാപക ഡയറക്ടറുമായ ഡോ പി എം ഭാര്‍ഗവയുടെ ഒരു ലേഖനം പ്രസിദ്ധീകരിക്കാനും ശാസ്ത്രഗതിക്കു കഴിഞ്ഞു. ബി ടി കോട്ടണ്‍, ബി ടി വഴുതന എന്നിവയ്ക്ക് അംഗീകാരം കൊടുത്ത നടപടിയെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. പക്ഷേ ആ നൂതന സാങ്കേതിക വിദ്യയെ അപ്പാടെ നിരാകരിക്കുന്നതിനു പകരം അതിനുശക്തമായ സാമൂഹിക നിയന്ത്രണം ഏര്‍പ്പെടുത്തണം എന്നാണദ്ദേഹം വാദിച്ചത്. ആ ലേഖനത്തില്‍ നിന്ന് ഉദ്ധരിക്കട്ടെ: ''..... ജി എം വിത്തുകളുടെ വില്‍പനയിലും ജി എം വിളകളുടെ ഫീല്‍ഡ് ട്രയലിലും ഏഴെട്ടു വര്‍ഷത്തേയ്ക്ക് മോറട്ടോറിയം ഏര്‍പ്പെടുത്തണം. ഈ കാലയളവില്‍ ലബോറട്ടറിക്കുള്ളില്‍ ഫീല്‍ഡ് ട്രയല്‍ നടത്തുന്നതിനുള്ള സാങ്കേതികത വികസിപ്പിക്കുകയും ജി എം വിളകളുടെ അപകട സാധ്യതകള്‍ വിലയിരുത്തുന്നതിനു മാത്രമായി ഒരു ലബോറട്ടറി സംവിധാനം പൊതുമേഖലയില്‍ ആരംഭിക്കുകയും വേണം. കേന്ദ്രഗവണ്‍മെന്റ് ഇതിനാവശ്യമായ സാമ്പത്തിക സഹായം നല്‍കണം. എന്നാല്‍ ഇതിന്റെ മാനേജ്‌മെന്റ് കേന്ദ്രഗവണ്‍മെന്റിന്റെയും പൗരസമൂഹത്തിന്റെയും കൂട്ടായ ഉത്തരവാദിത്തമായിരിക്കണം.....''

ജി എം വിളകളുടെ സുരക്ഷിതത്വം ഈ രീതിയില്‍ തെളിയിക്കപ്പെടാത്ത സാഹചര്യത്തില്‍ കേരളത്തില്‍ ജി എം വിളകള്‍ അനുവദിക്കയില്ല എന്ന കേരള സര്‍ക്കാരിന്റെ നിലപാട് തീര്‍ത്തും ശരിയാണ്. പക്ഷേ അതേസമയം തന്നെ, ഇതേ നിലപാടിന്റെ മറുവശമാണ്, മേല്‍ സൂചിപ്പിച്ച രീതിയില്‍ തെളിയിക്കപ്പെട്ടാല്‍ കേരളത്തില്‍ ആവശ്യമനുസരിച്ചുള്ള മേഖലകളില്‍ ജനിതക മാറ്റം വരുത്തിയ വിളകള്‍ നമുക്കും പരീക്ഷിക്കാവുന്നതാണ്, എന്നതും. പക്ഷേ അത് ഏതെങ്കിലും സ്വകാര്യ കുത്തകയ്ക്കു ലാഭം കൂട്ടാന്‍വേണ്ടി ആയിരിക്കരുത്; കേരളത്തിലെ കര്‍ഷകരുടെയും ജനങ്ങളുടെയും യഥാര്‍ഥ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുവേണ്ടി ആയിരിക്കണം. ഏതെല്ലാമാണ് അവ എന്നത് കര്‍ഷക പങ്കാളിത്തത്തോടെയുള്ള ചര്‍ച്ചകളിലൂടെ തീരുമാനിക്കപ്പെടണം. ഒരു പക്ഷേ അത് പൊക്കാളി നെല്ലിന് ഓരിനെ (ഉപ്പുരസത്തെ) പ്രതിരോധിക്കാനുള്ള ശേഷി ഏതെങ്കിലും അത്യുല്‍പാദനശേഷിയുള്ള വിത്തില്‍ വിളക്കി ചേര്‍ക്കുക എന്നതാകാം. ഒരു ഉദാഹരണം പറഞ്ഞെന്നു മാത്രം.

അതുപോലുള്ള ലക്ഷ്യങ്ങള്‍ നിറവേറണമെങ്കില്‍ നാം ഈ ആധുനിക സാങ്കേതിക വിദ്യയില്‍ നിന്നു പേടിച്ചോടുകയല്ല വേണ്ടത്, മറിച്ച് ആ മേഖലയില്‍ വൈദഗ്ധ്യം ആര്‍ജിക്കുകയാണ്. നമ്മുടെ കാര്‍ഷിക സര്‍വകലാശാലയിലും സസ്യഗവേഷണ സ്ഥാപനങ്ങളിലും ജനിതക എഞ്ചിനീയറിംഗ് ഗവേഷണത്തിനുള്ള ശക്തമായ സംവിധാനം ഉണ്ടാക്കണം. എങ്കില്‍ മാത്രമേ റെഗുലേറ്ററി സംവിധാനം പോലും ഫലപ്രദമാക്കാന്‍ നമുക്കു കഴിയൂ.

ഇന്നത്തെ സാഹചര്യത്തില്‍ ജനിതക സാങ്കേതികവിദ്യയല്ല കാര്‍ഷികരംഗത്തെ നമ്മുടെ മുന്‍ഗണന എന്നു വേണമെങ്കില്‍ വാദിക്കാം. അതു ശരിയുമായിരിക്കും. കാര്‍ഷിക രംഗത്തെ നമ്മുടെ മുന്നേറ്റത്തിന് തടസ്സം ജി എം വിത്ത് ലഭ്യമല്ലാത്തതൊന്നുമല്ല എന്ന് എല്ലാവര്‍ക്കും അറിയാം. ആ തടസ്സങ്ങള്‍ മറികടക്കുന്നതിനാവശ്യമായ നടപടികളും പഠനങ്ങളും തീര്‍ച്ചയായും മുന്‍ഗണന അര്‍ഹിക്കുന്നു. പക്ഷേ അതോടൊപ്പം തന്നെ, ദീര്‍ഘകാലാടിസ്ഥാനത്തില്‍ വളരെ വലിയ സാധ്യതകള്‍ തുറന്നു തരുന്ന ഈ സാങ്കേതിക വിദ്യയോടു നമുക്കു പുറം തിരിഞ്ഞു നില്‍ക്കാനും ആവില്ല. അത്തരം മേഖലകളില്‍ അറിവു നേടുകയും വൈദഗ്ധ്യം നിര്‍മിച്ചെടുക്കുകയും ചെയ്യുക എന്നത് അക്കാദമിക ഗവേഷണത്തിന്റെ ഭാഗം തന്നെയാണ്. അതു സര്‍വകലാശാലകളുടെ ധര്‍മവുമാണ്.

ചുരുക്കത്തില്‍ ഉരുത്തിരിഞ്ഞു വരുന്ന ചിത്രം ഇതാണ്. ജനിതക സാങ്കേതികവിദ്യ വിപ്ലവകരമായ സാധ്യതകള്‍ വാഗ്ദാനം ചെയ്യുന്ന മേഖലയാണ്. ആ മേഖലയിലെ പഠനഗവേഷണ പ്രവര്‍ത്തനങ്ങള്‍ നാം ഏറ്റെടുത്തേ തീരു. എന്നാല്‍ ഇന്ന് മൊണ്‍സാന്റോയും മറ്റും വിപണിയിലെത്തിച്ചിരിക്കുന്ന ജി എം വിളകളുടെ സുരക്ഷാ പരിശോധന വിദഗ്ധരുടെ തന്നെ വിമര്‍ശനത്തിനു വിധേയമായിട്ടുണ്ട്. അത്തരം പരിശോധനകള്‍ പൊതുമേഖലാ ഗവേഷണ സ്ഥാപനങ്ങളിലാണു നടക്കേണ്ടത്. അതിനുസമയം ഇനിയും എടുക്കും. അതുവരെ ഡോ. ഭാര്‍ഗവ അഭിപ്രായപ്പെട്ടതുപോലെ ജി എം വിളകള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തണം. അതിനകം നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളും സര്‍വകലാശാലകളും ഈ ഗവേഷണം ഏറ്റെടുക്കുകയും ബഹുരാഷ്ട്ര കമ്പനികളുടെ കുത്തക അവസാനിപ്പിക്കുകയും വേണം. അതുവരെ കേരളത്തിലേയ്ക്കു ജി എം വിളകള്‍ കടത്തില്ല എന്ന കേരള സര്‍ക്കാരിന്റെ നിലപാട് ശരിതന്നെ.

''സൂക്ഷിച്ച്, കരുതലോടെ, മുന്നോട്ട്'' എന്നതായിരിക്കണം നമ്മുടെ സമീപനം. ബ്രേക്കില്ലാത്ത വണ്ടി അപകടമാണ്. പക്ഷേ ബ്രേക്കുമാത്രം മതി എന്നുവച്ചാലും ശരിയാവില്ലല്ലോ.

*
ആര്‍ വി ജി മേനോന്‍ കടപ്പാട്: ജനയുഗം ദിനപത്രം 04 ജനുവരി 2011

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ദീര്‍ഘകാലാടിസ്ഥാനത്തില്‍ വളരെ വലിയ സാധ്യതകള്‍ തുറന്നു തരുന്ന ഈ സാങ്കേതിക വിദ്യയോടു നമുക്കു പുറം തിരിഞ്ഞു നില്‍ക്കാനും ആവില്ല. അത്തരം മേഖലകളില്‍ അറിവു നേടുകയും വൈദഗ്ധ്യം നിര്‍മിച്ചെടുക്കുകയും ചെയ്യുക എന്നത് അക്കാദമിക ഗവേഷണത്തിന്റെ ഭാഗം തന്നെയാണ്. അതു സര്‍വകലാശാലകളുടെ ധര്‍മവുമാണ്.

ചുരുക്കത്തില്‍ ഉരുത്തിരിഞ്ഞു വരുന്ന ചിത്രം ഇതാണ്. ജനിതക സാങ്കേതികവിദ്യ വിപ്ലവകരമായ സാധ്യതകള്‍ വാഗ്ദാനം ചെയ്യുന്ന മേഖലയാണ്. ആ മേഖലയിലെ പഠനഗവേഷണ പ്രവര്‍ത്തനങ്ങള്‍ നാം ഏറ്റെടുത്തേ തീരു. എന്നാല്‍ ഇന്ന് മൊണ്‍സാന്റോയും മറ്റും വിപണിയിലെത്തിച്ചിരിക്കുന്ന ജി എം വിളകളുടെ സുരക്ഷാ പരിശോധന വിദഗ്ധരുടെ തന്നെ വിമര്‍ശനത്തിനു വിധേയമായിട്ടുണ്ട്. അത്തരം പരിശോധനകള്‍ പൊതുമേഖലാ ഗവേഷണ സ്ഥാപനങ്ങളിലാണു നടക്കേണ്ടത്. അതിനുസമയം ഇനിയും എടുക്കും. അതുവരെ ഡോ. ഭാര്‍ഗവ അഭിപ്രായപ്പെട്ടതുപോലെ ജി എം വിളകള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തണം. അതിനകം നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളും സര്‍വകലാശാലകളും ഈ ഗവേഷണം ഏറ്റെടുക്കുകയും ബഹുരാഷ്ട്ര കമ്പനികളുടെ കുത്തക അവസാനിപ്പിക്കുകയും വേണം. അതുവരെ കേരളത്തിലേയ്ക്കു ജി എം വിളകള്‍ കടത്തില്ല എന്ന കേരള സര്‍ക്കാരിന്റെ നിലപാട് ശരിതന്നെ.

Anonymous said...

ശാസ്ത്രത്തെ പേടിക്കേണ്ടതുണ്ടോ?