Wednesday, January 12, 2011

ഭക്ഷ്യ സുരക്ഷയും പച്ചക്കറി കൃഷി വികസനവും

കേന്ദ്രസര്‍ക്കാരിലെ മുഖ്യകക്ഷിയായ കോണ്‍ഗ്രസ്സ് കഴിഞ്ഞ തിരഞ്ഞെടുപ്പിലും അതിനുശേഷവും ഭക്ഷ്യസുരക്ഷയെക്കുറിച്ച് വാചാലമായി പ്രസംഗിച്ചുകൊണ്ടിരിക്കുന്നു. ഭക്ഷ്യ സുരക്ഷയ്ക്കായി ഒരു കരട് നിയമത്തിന് രൂപം നല്‍കി. പക്ഷേ, ഇന്നുവരെ ആ നിയമം വെളിച്ചം കണ്ടിട്ടില്ല. ഇപ്പോള്‍ ഭക്ഷ്യ സുരക്ഷ നടപ്പാക്കുന്നതിന്റെ പ്രായോഗികതയെക്കുറിച്ച് പ്രധാനമന്ത്രി തന്നെ സംശയം പ്രകടിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷയ്ക്കായി ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് കിലോഗ്രാമിന് മൂന്ന് രൂപ നിരക്കില്‍ പ്രതിമാസം ഇരുപത്തി അഞ്ച് കിലോഗ്രാം ഭക്ഷ്യധാന്യം വിതരണം നടത്താമെന്നാണ് ആദ്യം സ്വീകരിച്ചിരുന്ന നയം. രാജ്യത്തെ ജനസംഖ്യയില്‍ ഇരുപത്തിയേഴ് ശതമാനംപേര്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്നാണ് ആസൂത്രണ കമ്മിഷന്റെ കണക്ക്. എന്നാല്‍ ഈ കണക്ക് ആരും അംഗീകരിക്കുന്നില്ല. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റികള്‍ തന്നെ ഈ കണക്ക് തള്ളിക്കളഞ്ഞിരിക്കുകയാണ്. കിലോഗ്രാമിന് മൂന്ന് രൂപ നിരക്കില്‍ രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും റേഷന്‍ നല്‍കാന്‍ 84,399 കോടി രൂപയാണ് അധികചെലവായി പ്രവീണ്‍ഝായും നിശ്ചല്‍ ആചാര്യയും കണക്കാക്കിയിരിക്കുന്നത്. ഇതിന് പണമില്ലെന്ന് പറയുമ്പോള്‍ തന്നെ കഴിഞ്ഞ കേന്ദ്രബജറ്റില്‍ നികുതി ഇളവായി കോര്‍പ്പറേറ്റുകള്‍ക്കായി എഴുതിതള്ളിയത് അഞ്ച് കോടി രൂപയാണ്. 2-ജി സ്‌പെക്ട്രം അഴിമതിയില്‍ പൊതുഖജനാവിന് നഷ്ടം 1.76 ലക്ഷം കോടിയുമാണെന്ന് തിരിച്ചറിയണം. ഭക്ഷ്യസുരക്ഷയ്ക്ക് തടസമായി പ്രധാനമന്ത്രി പറയുന്നത് ആവശ്യത്തിന് ഭക്ഷ്യോല്‍പ്പാദനം നടക്കുന്നില്ല എന്നാണ്. അതേസമയം ഭക്ഷ്യോല്‍പ്പാദന വര്‍ധനവിന് കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. പത്ത് ലക്ഷം കോടിരൂപയുടെ കേന്ദ്ര ബജറ്റില്‍ ജലസേചനത്തിന് നീക്കിവച്ചിരിക്കുന്നത് വെറും 760 കോടിരൂപമാത്രമാണ്. അതേസമയം യൂറിയയുടെ സബ്‌സിഡി എടുത്തുകളയുകയും വില വര്‍ധിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കര്‍ഷക ആത്മഹത്യകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. സംഭരണശാലകളില്‍ സൂക്ഷിച്ചിരുന്ന ഭക്ഷ്യധാന്യങ്ങള്‍ വന്‍തോതില്‍ നശിക്കുന്നുവെന്ന് സുപ്രിം കോടതി തന്നെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.

ഭക്ഷ്യസുരക്ഷയ്ക്ക് പകരം ഈ രംഗത്ത് ഇപ്പോള്‍ വലിയ തോതില്‍ അരക്ഷിതാവസ്ഥയാണ് നിലനില്‍ക്കുന്നത്. വിലക്കയറ്റം സാധാരണക്കാരന് താങ്ങാവുന്നതിലുമപ്പുറമായിരിക്കുന്നു. സര്‍ക്കാരിന്റെ കണക്കനുസരിച്ച് തന്നെ ഭക്ഷ്യവിലക്കയറ്റം പതിനെട്ട് ശതമാനത്തില്‍ അധികരിച്ചിരിക്കുന്നു. ഉള്ളി, തക്കാളി തുടങ്ങി എല്ലാ പച്ചക്കറികള്‍ക്കും പലവ്യജ്ഞനങ്ങള്‍ക്കും വന്‍തോതില്‍ വില വര്‍ധിച്ചിരിക്കുന്നു. സാധാരണക്കാരന് പച്ചക്കറികളും മുട്ടയും പാലുമെല്ലാം അപ്രാപ്യമാവുകയാണ്. പഞ്ചസാരവില അമിതമായിക്കൊണ്ടിരിക്കുന്നു. സാധാരണക്കാരന്റെ ജീവിതം ഇത്രയും ദുസ്സഹമായ കാലഘട്ടം ഉണ്ടായിട്ടില്ല.

രാജ്യത്ത് മൊത്തത്തില്‍ ഇത്തരമൊരു സാഹചര്യം നിലനില്‍ക്കുമ്പോഴും കേരളം ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു സമീപനം സ്വീകരിച്ചതിന്റെ ഫലമായി പിടിച്ചുനില്‍ക്കുകയാണ്. ഭക്ഷ്യ സുരക്ഷയ്ക്കാവശ്യമായ സാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും വിജയകരമായി കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഏകദേശം നാല്‍പത്‌ലക്ഷം കുടംബങ്ങള്‍ക്ക് രണ്ട് രൂപ നിരക്കില്‍ റേഷന്‍ വിതരണം നടത്തിവരുന്നു. സംസ്ഥാനത്തെ പകുതിയില്‍ കൂടുതല്‍ റേഷന്‍കാര്‍ഡുടമകള്‍ക്കും ഈ ആനുകൂല്യം ലഭിക്കുന്നു. കേരളത്തില്‍ എഴുപത്‌ലക്ഷം റേഷന്‍കാര്‍ഡുകളാണ് ഉള്ളത്. നെല്ലിന്റെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ നിരവധി നടപടികള്‍ കൃഷിവകുപ്പ് സ്വീകരിച്ചു. അതില്‍ ഏറ്റവും പ്രധാനം നെല്ലിന്റെ സംഭരണ വിലയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഒരു കിലോഗ്രാം നെല്ലിന്റെ സംഭരണവില ഏഴ് രൂപയായിരുന്നു. ഇപ്പോഴത് പതിമൂന്ന് രൂപയാണ്. ഇത് പതിനാല് രൂപയായി വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.

ഭക്ഷ്യസുരക്ഷയില്‍ കേരളത്തില്‍ ഏറ്റവും മുന്‍ഗണന നല്‍കേണ്ടത് പച്ചക്കറിയുടെ കാര്യത്തിലാണ്. കേരളത്തിന്റെ പച്ചക്കറിയുടെ ആവശ്യം പതിനേഴ് ലക്ഷം ടണ്ണായാണ് കണക്കാക്കിയിരിക്കുന്നത്. 2008 ല്‍ സംസ്ഥാനത്തിന്റെ പച്ചക്കറി ഉല്‍പ്പാദനം ഏഴ്‌ലക്ഷം ടണ്ണാണ്. ഈ സ്ഥിതി മാറ്റി, ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളെ യോജിപ്പിച്ച് പച്ചക്കറി വികസനത്തിന് 2008 മുതല്‍ പദ്ധതികള്‍ നടപ്പാക്കി വരുന്നു. ആയിരം പച്ചക്കറി ഗ്രാമങ്ങള്‍, നൂറ്റിഅഞ്ച് വിദ്യാലയങ്ങളില്‍ പച്ചക്കറി തോട്ടങ്ങള്‍, നെല്‍പാടങ്ങളില്‍ മൂന്നാം വിളയായി പച്ചക്കറി കൃഷി തുടങ്ങിയവ അതിലുള്‍പ്പെടുന്നു. 2009-10 കാലത്ത് 1300 ഹെക്ടര്‍ നെല്‍പാടങ്ങളില്‍ മൂന്നാംവിളയായി പച്ചക്കറി കൃഷി ആരംഭിച്ചു. വെജിറ്റബിള്‍ ആന്‍ഡ് ഫുഡ് പ്രൊഡക്ഷന്‍ കൗണ്‍സിലിന്റെയും എഴുന്നൂറ്റിമുപ്പത്തി ആറ് സ്വാശ്രയ സംഘങ്ങളുടെ നേതൃത്വത്തില്‍ 1,42,814 കര്‍ഷകര്‍ 16327 ഹെക്ടര്‍ സ്ഥലത്ത് പച്ചക്കറി കൃഷി നടത്തി. മലയാള മനോരമയുമായി ചേര്‍ന്ന് പത്ത് ഇനം പച്ചക്കറി വിത്തുകള്‍ 10.64 ടണ്‍ സൗജന്യമായി വിതരണം നടത്തി. ഇത്തരത്തില്‍ പച്ചക്കറി ഉല്‍പ്പാദനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചതിലൂടെ 2008-09 ല്‍ 40,000 ടണ്ണും 2009-10 ല്‍ ഒരു ലക്ഷം ടണ്ണും പച്ചക്കറി അധികമായി ഉല്‍പ്പാദിപ്പിച്ചു. പച്ചക്കറി ഉല്‍പ്പാദനത്തില്‍ സര്‍ക്കാരിന്റെ പല പദ്ധതികളും വിജയം കണ്ടു. ഇതിന്റെ അര്‍ഥം പച്ചക്കറി ഉല്‍പ്പാദനത്തിന്റെ ആവശ്യകത ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്നതാണ്. വീട്ടുവളപ്പുകളിലും ടെറസുകളിലും മൂന്നാം വിളയായും ഇടവിളയായും പച്ചക്കറി കൃഷിയില്‍ വ്യാപകമായി ജനങ്ങള്‍ താല്‍പര്യം കാണിക്കുന്നു. ഇതുപോലെ വിദ്യാര്‍ഥികളില്‍ പച്ചക്കറി കൃഷിയില്‍ ഉണ്ടായ താല്‍പര്യം വിദ്യാലയ വളപ്പുകളെ കൃഷി ഭൂമിയാക്കി മാറ്റി. ചുരുക്കത്തില്‍ പച്ചക്കറിയില്‍ സ്വയം പര്യാപ്തത എന്ന ലക്ഷ്യം ലക്ഷംവീട് പദ്ധതിപോലെ കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളെക്കൊണ്ടും അംഗീകരിപ്പിക്കാന്‍ സാധിച്ചുവെന്നത് സര്‍ക്കാരിന്റെ വലിയ വിജയമാണ്.
ഇത് മുന്നോട്ട്‌കൊണ്ടുപോകണമെങ്കില്‍ അത്യാവശ്യമായി ചിലത് ചെയ്യേണ്ടതുണ്ട്. കേരളത്തിന്റെ ഭൂപ്രകൃതി അനുസരിച്ച് ഏത് തരം പച്ചക്കറിയും ഇവിടെ കൃഷിചെയ്യാവുന്നതാണ്. കടലോരം മുതല്‍ മലയോരം വരെയുള്ള ഭൂ പ്രകൃതിയാണ് കേരളത്തിന്റെ പ്രത്യേകത. കേരളത്തിന്റെ തനതായ പച്ചക്കറികള്‍ക്ക് പുറമേ കാബേജും കാരറ്റും ബീറ്റ് റൂട്ടും കോളിഫ്‌ളവറും തുടങ്ങിയ ഇംഗ്ലീഷ് പച്ചക്കറികളും നന്നായി വിളയിക്കാനാവുന്ന പ്രദേശങ്ങള്‍ ഇവിടെ ഉണ്ട്. ഇതില്‍ ശ്രദ്ധവേണ്ടത് ഉല്‍പ്പാദനത്തിലെ വൈവിധ്യവല്‍ക്കരണവും പ്രത്യേകിച്ച് വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനവും ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഉല്‍പ്പന്നം ഉപഭോക്താവിന്റെ അടുത്ത് എത്തിക്കാനുള്ള സംഘടനാപരമായ ശേഷിയുമാണ്.

പച്ചക്കറി ഉല്‍പ്പാദനത്തില്‍ മൂന്ന് ഏജന്‍സികളുടെ സംഘടിത ശ്രമമാണ് വേണ്ടത്, കൃഷിവകുപ്പ്, തദ്ദേശസ്വയംഭരണവകുപ്പ്, സഹകരണവകുപ്പ്, സംസ്ഥാനത്തിന്റെ ഓരോ പ്രദേശത്തിനും പറ്റിയ വിത്തിനങ്ങള്‍ എത്തിക്കുകയും അനുയോജ്യമായ കൃഷിരീതി കൃഷിവകുപ്പിന്റെ മേല്‍കൈയില്‍ നടപ്പാക്കുകയും വേണം. പഞ്ചായത്തുകള്‍ പ്രാദേശികമായി ജലസേചന സൗകര്യമൊരുക്കണം. ഉദാഹരണത്തിന് ചെറിയ ചെക്ക് ഡാമുകള്‍, ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ തുടങ്ങിയവ പഞ്ചായത്തുകളുടെ മേല്‍നോട്ടത്തില്‍ നിര്‍മിക്കണം. ഒപ്പം പഞ്ചായത്തുകളില്‍ വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കുകയും വേണം. സഹകരണ സംഘങ്ങള്‍വഴി പച്ചക്കറികള്‍ സംഭരിക്കാന്‍ സംവിധാനം ഒരുക്കുകയും ഒപ്പം ലളിതമായ വ്യവസ്ഥകളില്‍ വായ്പാ സൗകര്യങ്ങള്‍ ഉണ്ടാക്കുകയും വേണം. ഉല്‍പ്പാദിപ്പിക്കപ്പെടുന്ന പച്ചക്കറി, ഉപഭോക്താവിലെത്തിക്കുകയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഒന്ന് കൃഷിക്കാര്‍ക്ക് ആദായകരമായ വില ലഭ്യമാക്കാനാവണം. വിപണി സൗകര്യം മെച്ചപ്പെടുത്തുകയും വേണം. ഇതില്ലെങ്കില്‍ കച്ചവടക്കാരുടെയും ഇടനിലക്കാരുടെയും നിര്‍ബന്ധത്തിന് വഴങ്ങി കൃഷിക്കാര്‍ക്ക് ഉല്‍പന്നങ്ങള്‍ വില്‍ക്കേണ്ടിവരും. ഇതിന് പ്രാദേശികമായ പരിഹാരം കാണാന്‍ സഹകരണ സംഘങ്ങളില്‍ വിപണനത്തിനാവശ്യമായ സംവിധാനം ഉണ്ടാവണം. അതിന് സംഘങ്ങളില്‍ ശീതീകരിച്ച സംഭരണശാലകള്‍ വേണം. അത് എല്ലാ പഞ്ചായത്തുകളിലും ഉണ്ടാവണം. സംഘങ്ങളെ തമ്മില്‍ ബന്ധപ്പെടുത്തുന്ന ഒരു വിപണന ശൃംഖല - മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ഉണ്ടാവണം. ക്ഷീര വ്യവസായ രംഗത്ത് ഡോ. വി കുര്യന്‍ രാജ്യത്തിന് സമ്മാനിച്ച ആനന്ദ് മാതൃകയില്‍ ഇപ്പോള്‍ കേരളത്തില്‍ നിലവിലുള്ള മില്‍മയെപോലെ പച്ചക്കറി രംഗത്തും ഒരു സംഘടനാ സംവിധാനം ഒരുക്കണം. ഇതിനാവശ്യമായ സാമ്പത്തിക സഹായം ധനകാര്യ സ്ഥാപനങ്ങള്‍ വഴി ഉണ്ടാക്കണം. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും, പച്ചക്കറിയുടെ കാര്യത്തില്‍ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാതൊരു സ്ഥിതിവിശേഷവും കേരളത്തില്‍ ഉണ്ടാക്കിയേ മതിയാവൂ.

ഈ രംഗത്തെ എല്ലാവിഭാഗം ആളുകളും ഗൗരവമായൊരു ചര്‍ച്ചയിലൂടെ സമൂര്‍ത്തമായൊരു പദ്ധതി വിഭാവനം ചെയ്യുന്നതിനുള്ള അടിസ്ഥാന നിര്‍ദ്ദേശങ്ങളായി ഇതിനെ കണ്ടാല്‍മതി. ആ നിലയില്‍ ഒരു ചര്‍ച്ചയ്ക്കായി ഇത് മുന്നോട്ട് വയ്ക്കാം.

*
ഇ ചന്ദ്രശേഖരന്‍ നായര്‍ കടപ്പാട്: ജനയുഗം ദിനപത്രം 11 ജനുവരി 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേന്ദ്രസര്‍ക്കാരിലെ മുഖ്യകക്ഷിയായ കോണ്‍ഗ്രസ്സ് കഴിഞ്ഞ തിരഞ്ഞെടുപ്പിലും അതിനുശേഷവും ഭക്ഷ്യസുരക്ഷയെക്കുറിച്ച് വാചാലമായി പ്രസംഗിച്ചുകൊണ്ടിരിക്കുന്നു. ഭക്ഷ്യ സുരക്ഷയ്ക്കായി ഒരു കരട് നിയമത്തിന് രൂപം നല്‍കി. പക്ഷേ, ഇന്നുവരെ ആ നിയമം വെളിച്ചം കണ്ടിട്ടില്ല. ഇപ്പോള്‍ ഭക്ഷ്യ സുരക്ഷ നടപ്പാക്കുന്നതിന്റെ പ്രായോഗികതയെക്കുറിച്ച് പ്രധാനമന്ത്രി തന്നെ സംശയം പ്രകടിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷയ്ക്കായി ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് കിലോഗ്രാമിന് മൂന്ന് രൂപ നിരക്കില്‍ പ്രതിമാസം ഇരുപത്തി അഞ്ച് കിലോഗ്രാം ഭക്ഷ്യധാന്യം വിതരണം നടത്താമെന്നാണ് ആദ്യം സ്വീകരിച്ചിരുന്ന നയം. രാജ്യത്തെ ജനസംഖ്യയില്‍ ഇരുപത്തിയേഴ് ശതമാനംപേര്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്നാണ് ആസൂത്രണ കമ്മിഷന്റെ കണക്ക്. എന്നാല്‍ ഈ കണക്ക് ആരും അംഗീകരിക്കുന്നില്ല. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റികള്‍ തന്നെ ഈ കണക്ക് തള്ളിക്കളഞ്ഞിരിക്കുകയാണ്. കിലോഗ്രാമിന് മൂന്ന് രൂപ നിരക്കില്‍ രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും റേഷന്‍ നല്‍കാന്‍ 84,399 കോടി രൂപയാണ് അധികചെലവായി പ്രവീണ്‍ഝായും നിശ്ചല്‍ ആചാര്യയും കണക്കാക്കിയിരിക്കുന്നത്. ഇതിന് പണമില്ലെന്ന് പറയുമ്പോള്‍ തന്നെ കഴിഞ്ഞ കേന്ദ്രബജറ്റില്‍ നികുതി ഇളവായി കോര്‍പ്പറേറ്റുകള്‍ക്കായി എഴുതിതള്ളിയത് അഞ്ച് കോടി രൂപയാണ്. 2-ജി സ്‌പെക്ട്രം അഴിമതിയില്‍ പൊതുഖജനാവിന് നഷ്ടം 1.76 ലക്ഷം കോടിയുമാണെന്ന് തിരിച്ചറിയണം.