Friday, January 28, 2011

അധികാര വികേന്ദ്രീകരണവും പ്രതിസന്ധിയും

ജനകീയപ്രശ്നങ്ങളും വികസനവും ചുവപ്പുനാടയില്‍ കുരുങ്ങുന്നതുമായി ബന്ധപ്പെട്ട് പല വിമര്‍ശങ്ങളും നല്ല കുറെ നിര്‍ദേശങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. 73, 74 ‘ഭരണഘടനാ ഭേദഗതികളെത്തുടര്‍ന്ന് തദ്ദേശഭരണ സ്ഥാപനങ്ങളെ അധികാരവല്‍ക്കരിക്കാന്‍ ലഭിച്ച അവസരം പൂര്‍ണമായും ഉപയോഗിച്ചത് 1996ല്‍ അധികാരമേറ്റ എല്‍ഡിഎഫ് സര്‍ക്കാരാണ്. 1997ല്‍ ആരംഭിച്ച ജനകീയാസൂത്രണംവഴി ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും കൂടുതല്‍ അധികാരങ്ങള്‍ നല്‍കാനും അവ നിര്‍വഹിക്കാനാവശ്യമായ ഫണ്ടും ജീവനക്കാരെയും നല്‍കാനും കഴിഞ്ഞു. താഴെത്തട്ടില്‍നിന്നുള്ള ആസൂത്രണമെന്ന ആശയം പ്രാവര്‍ത്തികമാക്കുക വഴി സ്വന്തം പ്രദേശത്തിന്റെ വികസന ആവശ്യങ്ങള്‍ മനസിലാക്കി അവ പരിഹരിക്കാന്‍ വേണ്ട പദ്ധതികള്‍ തയ്യാറാക്കാനും അവയുടെ നിര്‍വഹണം വിലയിരുത്താനും പ്രാദേശിക ജനസമൂഹം പ്രാപ്തി നേടി.

ഇന്ത്യയിലെ അപൂര്‍വം സംസ്ഥാനങ്ങളില്‍മാത്രമാണ് അധികാര വികേന്ദ്രീകരണം ഫലപ്രദമായി നടപ്പാക്കുകയും പഞ്ചായത്തുകളെ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുള്ളത്. ഇക്കാര്യത്തില്‍ കാര്യമായ ഇടപെടല്‍ നടത്താന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞിട്ടുമില്ല. കേന്ദ്രസര്‍ക്കാരില്‍ കേന്ദ്രീകൃതമായിട്ടുള്ള അധികാരങ്ങള്‍ താഴെത്തട്ടിലേക്ക് വികേന്ദ്രീകരിച്ചുനല്‍കാൻ തയ്യാറാകുന്നില്ലെന്നു മാത്രമല്ല സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും അധികാരങ്ങള്‍ പലതരത്തില്‍ കവര്‍ന്നെടുക്കുന്ന സമീപനവും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്.ദാരിദ്ര്യലഘൂകരണത്തിനുള്ള പദ്ധതികള്‍ ഉള്‍പ്പെടെയുള്ള കേന്ദ്രാവിഷ്കൃത പദ്ധതികള്‍ തദ്ദേശഭരണ സ്ഥാപനങ്ങളെ ഒഴിവാക്കി സര്‍ക്കാരിതര സംഘടനകള്‍ വഴി നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. പഞ്ചായത്തുകളുടെ പ്രവര്‍ത്തനമേഖലകളില്‍ രൂപപ്പെട്ടുവരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ എണ്ണവും വ്യാപ്തിയും കൂടി വരുകയാണ്. ഇത് വികേന്ദ്രീകരണത്തിന്റെ അന്തഃസത്തയ്ക്കും ഫെഡറലിസത്തിനും തന്നെ എതിരാണ്.

തദ്ദേശഭരണ സ്ഥാപനങ്ങളെ കാര്യശേഷിയുള്ള പ്രാദേശിക സര്‍ക്കാരുകളാക്കുന്നതിന് ഇനിയും ധാരാളം നടപടികളും ഭരണപരമായ പരിഷ്കാരങ്ങളും ആവശ്യമാണ്. നേട്ടങ്ങള്‍ സ്ഥായീകരിക്കേണ്ടതുമുണ്ട്. ഇതിന് നിരവധി പ്രതിബന്ധങ്ങളെ അതിജീവിക്കേണ്ടതുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കൈമാറിയ വിഷയങ്ങളില്‍ വകുപ്പുകള്‍ സമാന്തര സ്കീമുകള്‍ നടപ്പാക്കുന്നതാണ് ഇതില്‍ പ്രധാനം. കൈമാറിക്കിട്ടിയ സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും വകുപ്പുതല സ്കീമുകള്‍ നടപ്പാക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ രൂപപ്പെടുത്തുന്നതിലും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനും ഇവര്‍ താല്‍പ്പര്യം കാണിക്കുന്നില്ല. കര്‍മസമിതി യോഗങ്ങളിലും സാങ്കേതിക ഉപദേശക സമിതികളിലും ഇവരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ പഞ്ചായത്തുകള്‍ക്കും ജില്ലാ ആസൂത്രണ സമിതികള്‍ക്കും കഴിയുന്നില്ല. ഉദ്യോഗസ്ഥരുടെ നിയന്ത്രണം വകുപ്പുതലത്തില്‍തന്നെയാണ് എന്നതാണിതിനു കാരണം. ഇതവസാനിപ്പിച്ച് ഇവരുടെ നിയന്ത്രണം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കാവുന്ന അവസ്ഥയുണ്ടായാല്‍ മാത്രമേ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഭരണ നിര്‍വഹണം സുഗമമാകുകയുള്ളൂ. ജീവനക്കാരുടെ പുനര്‍വിന്യാസം പൂര്‍ത്തിയാക്കാത്തതും വകുപ്പുതല ഇടപെടലുകളുടെ ഭാഗമാണ്.

ജോലിയും ജോലിക്കാരനും ഒന്നിച്ചുപോവുക എന്ന തത്വത്തെ അടിസ്ഥാനമാക്കിയാണ് സെന്‍ കമ്മിറ്റി ശുപാര്‍ശപ്രകാരം വിവിധ വകുപ്പുകളില്‍ അധികമെന്നു കണ്ട ജീവനക്കാരെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് പുനര്‍വിന്യസിക്കാന്‍ ശുപാര്‍ശചെയ്തത്. എന്നാല്‍, ജീവനക്കാരെ വിട്ടുനല്‍കാന്‍ വകുപ്പുകളും വകുപ്പു വിട്ടുപോകാന്‍ ജീവനക്കാരും മടിക്കുകയാണ്. പഞ്ചായത്തുകളുടെ എന്‍ജിനിയറിങ് വിഭാഗമാണ് ഇതിന്റെ ദൂഷ്യം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്. സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ കോടതി ഉത്തരവു നേടി ഉദ്യോഗസ്ഥര്‍ പഞ്ചായത്തുകളിലേക്ക് പോകാതിരിക്കുകയാണ്. ദൌര്‍ഭാഗ്യവശാല്‍ ഉദ്യോഗസ്ഥര്‍ക്കനുകൂലമായ നിലപാടാണ് വകുപ്പുകളുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. വര്‍ധിച്ച ചുമതലകള്‍ നിര്‍വഹിക്കാനാവശ്യമായ ഉദ്യോഗസ്ഥരെ, പ്രത്യേകിച്ചും സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരെ നല്‍കാതെ, തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കഴിയില്ല.

കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിന് ഫണ്ടും പ്രശ്നമാണ്. സര്‍ക്കാര്‍ ഗ്രാന്റ് കൊണ്ടുമാത്രം എല്ലാ കാര്യവും നടക്കില്ല. അനിവാര്യ ചുമതലകള്‍ നിര്‍വഹിക്കാനാവശ്യമായ തനതു വരുമാനം പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും ഉണ്ടാകേണ്ടതുണ്ട്. കിട്ടാവുന്ന നികുതി മുഴുവന്‍ പിരിച്ചെടുക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അലംഭാവമുണ്ട്. കാലാനുസൃതമായി നികുതി പരിഷ്കരിക്കാത്തതും തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തികനില മോശമാകുന്നതിനു കാരണമാണ്.

ഉദ്യോഗസ്ഥരുടെ കാര്യക്ഷമതക്കുറവ്, അഴിമതി, ഉത്തരവാദിത്തമില്ലായ്മ എന്നിവ തദ്ദേശഭരണ സ്ഥാപനങ്ങളോട് ജനങ്ങള്‍ക്ക് മതിപ്പു കുറയാന്‍ കാരണമായിട്ടുണ്ട്. ഏതു പുതിയ പരിഷ്കാരവും അഴിമതിക്കുള്ള അവസരമാക്കാന്‍ വിരുതുള്ള ഉദ്യോഗസ്ഥര്‍ എല്ലായിടത്തുമുണ്ട്. ഇവരെ നിയന്ത്രിക്കാന്‍ ‘ഭരണസമിതികള്‍ക്ക് കഴിയാതെ വരുന്നു. ഇത് സര്‍ക്കാരിനും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും അവമതി ഉണ്ടാക്കാനിടയാക്കുന്നു. ഓഫീസില്‍ ഇല്ലാതിരിക്കുക, ഏല്‍പ്പിച്ച ജോലികള്‍ ചെയ്യാതിരിക്കുക, സാധാരണക്കാരുടെ അടിയന്തര ആവശ്യങ്ങളെ അവഗണിക്കുക എന്നിങ്ങനെ ജനദ്രോഹകരമായി പ്രവര്‍ത്തിക്കുന്ന ജീവനക്കാരും കുറവല്ല. അവര്‍ക്കെതിരെ നടപടിയെടുത്ത് സമയബന്ധിതമായി കാര്യങ്ങള്‍ നടക്കുന്നു എന്നുറപ്പു വരുത്താനുള്ള ആജ്ഞാശക്തി ഭരണസമിതികള്‍ പ്രകടിപ്പിക്കുന്നുമില്ല. ഭരണം കുത്തഴിഞ്ഞുകിടക്കുന്നു എന്ന പ്രതീതിയുണ്ടാകാന്‍ ഇതിടയാകുന്നു. കര്‍ശനമായ അച്ചടക്ക നടപടികള്‍ വഴിയല്ലാതെ ഇതു പരിഹരിക്കാന്‍ കഴിയുകയില്ല.

ജീവനക്കാര്‍ക്ക് നിയമങ്ങളിലും ചട്ടങ്ങളിലും വേണ്ടത്ര അറിവില്ലാത്ത പ്രശ്നവുമുണ്ടെന്ന് കണ്ടിട്ടുണ്ട്. ചിട്ടയായ പരിശീലനം വഴി മാത്രമേ ഇതു പരിഹരിക്കാന്‍ കഴിയുകയുള്ളൂ. പരിശീലന പരിപാടികള്‍ നടത്തുന്നുമുണ്ട്. പക്ഷേ, പരിശീലനത്തിന് ഉദ്യോഗസ്ഥരില്‍ ചിലരെങ്കിലും തയ്യാറാകുന്നില്ല. ഭരണനിര്‍വഹണം മെച്ചപ്പെടുത്തുന്നതിനുവേണ്ടി നടപ്പാക്കുന്ന കംപ്യൂട്ടര്‍വല്‍ക്കരണം വളരെയേറെ മുന്നോട്ടു പോയിട്ടുണ്ട്. പക്ഷേ, ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള സഹകരണം ആഗ്രഹിച്ച രീതിയില്‍ ഉണ്ടാകാത്തതുകൊണ്ട് ഇത് പൂര്‍ണമായും ഫലപ്രദമായിട്ടില്ല.

പതിവ് ഓഫീസ് പ്രവര്‍ത്തനത്തില്‍നിന്ന് ഭിന്നമാണ് പഞ്ചായത്തുകളിലെയും നഗരസഭകളിലെയും പ്രവര്‍ത്തനങ്ങള്‍. സ്വയം തീരുമാനങ്ങളെടുക്കാനും നടപ്പാക്കാനും അധികാരമുള്ളവയാണ് തദ്ദേശഭരണ സ്ഥാപനങ്ങള്‍. ഈ അധികാരം പ്രയോഗിക്കുന്നത് നിഷ്പക്ഷമായും സുതാര്യമായും ആകേണ്ടതുമുണ്ട്. സ്വന്തം വാര്‍ഡിലെ കാര്യങ്ങളില്‍മാത്രം ശ്രദ്ധിക്കുന്നവരാണ് നല്ലൊരു പങ്ക് ജനപ്രതിനിധികള്‍. ഭരണാധികാരികള്‍ എന്ന രീതിയില്‍ ഉയര്‍ന്നു പ്രവര്‍ത്തിക്കാനും പഞ്ചായത്തിനെയോ നഗരസഭയെയോ മൊത്തത്തില്‍ കണ്ട് ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ ആവിഷ്കരിക്കാനും ജനപ്രതിനിധികള്‍ക്ക് കഴിയണം. പഞ്ചായത്ത്/നഗരസഭാ പ്രദേശത്തെ സാധാരണ ജനങ്ങള്‍ക്ക് എല്ലാ സേവനങ്ങളും ഗുണമേന്മയോടെയും സമയബന്ധിതമായും ലഭ്യമാകുന്നു എന്ന് ഇവര്‍ ഉറപ്പു വരുത്തണം. ഫ്രണ്ട് ഓഫീസുകള്‍ തദ്ദേശ‘ഭരണ സ്ഥാപനങ്ങള്‍ ജനസൌഹൃദമായതിന്റെ സൂചനയാകണം.


*****


പാലോളി മുഹമ്മദ് കുട്ടി (തദ്ദേശ സ്വയംഭരണ മന്ത്രി)

1 comment:

വര്‍ക്കേഴ്സ് ഫോറം said...

തദ്ദേശഭരണ സ്ഥാപനങ്ങളെ കാര്യശേഷിയുള്ള പ്രാദേശിക സര്‍ക്കാരുകളാക്കുന്നതിന് ഇനിയും ധാരാളം നടപടികളും ഭരണപരമായ പരിഷ്കാരങ്ങളും ആവശ്യമാണ്. നേട്ടങ്ങള്‍ സ്ഥായീകരിക്കേണ്ടതുമുണ്ട്. ഇതിന് നിരവധി പ്രതിബന്ധങ്ങളെ അതിജീവിക്കേണ്ടതുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കൈമാറിയ വിഷയങ്ങളില്‍ വകുപ്പുകള്‍ സമാന്തര സ്കീമുകള്‍ നടപ്പാക്കുന്നതാണ് ഇതില്‍ പ്രധാനം. കൈമാറിക്കിട്ടിയ സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും വകുപ്പുതല സ്കീമുകള്‍ നടപ്പാക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ രൂപപ്പെടുത്തുന്നതിലും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനും ഇവര്‍ താല്‍പ്പര്യം കാണിക്കുന്നില്ല. കര്‍മസമിതി യോഗങ്ങളിലും സാങ്കേതിക ഉപദേശക സമിതികളിലും ഇവരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ പഞ്ചായത്തുകള്‍ക്കും ജില്ലാ ആസൂത്രണ സമിതികള്‍ക്കും കഴിയുന്നില്ല. ഉദ്യോഗസ്ഥരുടെ നിയന്ത്രണം വകുപ്പുതലത്തില്‍തന്നെയാണ് എന്നതാണിതിനു കാരണം. ഇതവസാനിപ്പിച്ച് ഇവരുടെ നിയന്ത്രണം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കാവുന്ന അവസ്ഥയുണ്ടായാല്‍ മാത്രമേ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഭരണ നിര്‍വഹണം സുഗമമാകുകയുള്ളൂ. ജീവനക്കാരുടെ പുനര്‍വിന്യാസം പൂര്‍ത്തിയാക്കാത്തതും വകുപ്പുതല ഇടപെടലുകളുടെ ഭാഗമാണ്.