കഴിഞ്ഞ ആഴ്ച ഉത്തരാഫ്രിക്കയിലെ അറബിരാഷ്‌ട്രങ്ങളിലൊന്നായ ടുണീഷ്യയിലെ ജനകീയവിപ്ളവത്തെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിരുന്നല്ലോ. ഉത്തരാഫ്രിക്കയിലും പശ്ചിമേഷ്യയിലുമുള്ള അറബി സ്വേഛാധിപതികള്‍ക്കെതിരെ ഈ മാതൃക പിന്തുടര്‍ന്ന് പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയും അതിന്റെ ആരംഭത്തിന്റെ സൂചനകളും അതില്‍ വിവരിച്ചിരുന്നു. തൊഴിലില്ലാത്ത ഒരു ബിരുദധാരിയുടെ ആത്മഹത്യയോടെയാണ് ടുണീഷ്യയില്‍ ജനരോഷം തിളച്ചുമറിയാന്‍ തുടങ്ങിയതെന്നും അതേ മാതിരി നാല് ആത്മഹത്യകള്‍ ഉത്തരാഫ്രിക്കയില്‍ത്തന്നെയുള്ള ഈജിപ്തില്‍ നടന്നത് അവിടെ ടുണീഷ്യ ആവര്‍ത്തിക്കാന്‍ ഇടവരുത്തുമെന്നും പറഞ്ഞിരുന്നു. ഇപ്പോള്‍ അത് സംഭവിച്ചിരിക്കുന്നു.
ഇന്നലത്തെ ദേശാഭിമാനിയില്‍ ഈ അറബിമുന്നേറ്റത്തിന്റെ വിശദവിവരങ്ങള്‍ നല്‍കിയിട്ടുള്ളത് ആവര്‍ത്തിക്കുന്നില്ല. അവയുടെ പശ്ചാത്തലം വിവരിക്കാന്‍മാത്രമേ ശ്രമിക്കുന്നുള്ളൂ. 1951 വരെ ഈജിപ്ത് ഭരിച്ചിരുന്നത് ബ്രിട്ടീഷ് സാമന്തനായിരുന്ന ഫറൂഖ് എന്ന രാജാവായിരുന്നു. ഫറൂഖ് രാജാവ് ഇന്ത്യയുടെ അതിഥിയായി വന്ന സന്ദര്‍ഭത്തില്‍ നല്‍കിയ സംഭാവന ഉപയോഗിച്ചാണ് ബേപ്പൂര്‍ പുഴക്കരയില്‍ ഫറോക്ക് റെയില്‍വേസ്റേഷന്റെ പ്രാന്തപ്രദേശത്ത് ഫറൂഖ് കോളേജ് സ്ഥാപിച്ചതെന്നത് നമുക്കോര്‍മിക്കാം. 1951ല്‍ ജനറല്‍ നജിബിന്റെയും കേണല്‍ അബ്ദുല്‍ നാസറിന്റെയും നേതൃത്വത്തില്‍ പട്ടാള അട്ടിമറിയിലൂടെ ഫറൂഖ് സ്ഥാനഭ്രഷ്‌ടനാക്കപ്പെട്ടു.
ആദ്യം നജീബ് ആയിരുന്നു മുഖ്യഭരണ നിര്‍വാഹകന്‍ എങ്കിലും അധികം താമസിയാതെ ധീരനായ സാമ്രാജ്യവിരോധിയും ജനപ്രീതിനേടിയ നേതാവുമായിരുന്ന നാസര്‍ ഭരണാധികാരിയായി. നാസര്‍ മധ്യധരണ്യാഴിയെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്ന സൂയസ് തോട് (ഈജിപ്തിന് ഉടമസ്ഥതയുള്ള പ്രദേശത്ത്) ദേശസാല്‍ക്കരിക്കുകയും അറബിലോകത്തിന്റെയാകെ അംഗീകൃത നേതാവായി പടിഞ്ഞാറന്‍ ആധിപത്യത്തിനെതിരെ കലാപത്തിന്റെ വേലിയേറ്റത്തിന് നേതൃത്വം നല്‍കുകയുംചെയ്തു. സാര്‍വദേശീയരംഗത്ത് യൂഗോസ്ളാവിയയിലെ മാര്‍ഷല്‍ ടിറ്റോ, ഇന്ത്യയുടെ ജവാഹര്‍ലാല്‍ നെഹ്റു എന്നിവരുമായി ബെല്‍ഗ്രേഡില്‍ ഒത്തുചേര്‍ന്ന് ചേരിചേരാരാഷ്‌ട്രങ്ങളുടെ ഒരു സംഘടന രൂപീകരിച്ചു. പില്‍ക്കാലത്ത് ലോകരാഷ്‌ട്രീയത്തില്‍ നിര്‍ണായകശക്തിയായിത്തീര്‍ന്ന ചേരിചേരാപ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളില്‍ ഒരാളെന്ന നിലയ്ക്ക് നാസര്‍ ലോകരാഷ്‌ട്രതന്ത്രജ്ഞരില്‍ പ്രമുഖനായ നേതാവ് എന്ന നിലയില്‍ പ്രശസ്‌തിനേടി.
പലസ്‌തീന്‍ പോരാട്ടം
അറബിലോകത്തിന്റെ നേതാവെന്ന നിലയില്‍ പലസ്‌തീന്‍ സ്വാതന്ത്ര്യസമരത്തിന് പിന്തുണ നല്‍കുകയെന്നത് നാസറിന്റെ പ്രധാന കര്‍ത്തവ്യമായിത്തീര്‍ന്നു. അമേരിക്കയുടെ പിന്തുണയോടെ ഇസ്രയേലികള്‍ നടത്തിവന്ന അതിക്രമങ്ങളെ നാസര്‍ ചെറുത്തു. 1966ലെ 'സപ്തദിനയുദ്ധ'ത്തില്‍ അമേരിക്കന്‍ പണവും പടക്കോപ്പും ലഭിച്ച ഇസ്രയേലികള്‍ ജയിച്ചെങ്കിലും നാസര്‍ അടിയറവു പറഞ്ഞില്ല. സോവിയറ്റ് യൂണിയന്‍, ചൈന, ഇന്ത്യ തുടങ്ങിയ വന്‍ രാഷ്‌ട്രങ്ങളുടെ പിന്തുണ പലസ്‌തീന് ലഭ്യമാക്കാനും അറബിലോകത്തെ ആകെ പലസ്‌തീന്‍ സഹോദരര്‍ക്കൊപ്പം അണിനിരത്താനും പലസ്‌തീന്‍ വിമോചനസംഘടനയ്ക്കും (പിഎല്‍ഒ) അതിന്റെ നേതാവായിരുന്ന യാസര്‍ അറഫാത്തിനും കരുത്തുപകരാനും നാസറുടെ ധീരമായ നിലപാട് കുറച്ചൊന്നുമല്ല സഹായിച്ചത്.
1964ല്‍ ജവാഹര്‍ലാല്‍ നെഹ്റുവും 1970ല്‍ നാസറും നിര്യാതരായി. നാസറിന്റെ പിന്‍ഗാമിയായി വന്നത് അതുവരെ നാസറിന്റെ അനുയായി എന്ന നിലയില്‍ ജനപ്രീതി നേടിയ അന്‍വര്‍ സാദത്ത് ആയിരുന്നു. ആഭ്യന്തരരംഗത്ത് ഇരുവരും നടപ്പാക്കിയത് ജനാധിപത്യമാണെന്നു പറഞ്ഞുകൂടാ. എന്നാല്‍, സാമ്രാജ്യത്വത്തിനെതിരെയുള്ള നിലപാടും സ്വന്തം എണ്ണ മുതലായ വിഭവങ്ങള്‍ പിടിച്ചെടുത്ത് ജനജീവിതം മെച്ചപ്പെടുത്താനുള്ള ശ്രമവും അവര്‍ക്ക് ജനപ്രീതി നേടിക്കൊടുത്തു. ഈജിപ്തിലെ ഭരണമാറ്റം പല അറബിരാഷ്‌ട്രങ്ങള്‍ക്കും മാതൃകയായി. അവരും വിദേശികളുടെ എണ്ണക്കമ്പനികള്‍ ദേശസാല്‍ക്കരിച്ചു. ഈ പ്രക്രിയ 1973ലെ പെട്രോളിയം കയറ്റുമതിരാഷ്‌ട്രങ്ങളുടെ സംഘടനയ്ക്ക് വഴിതെളിച്ചു (ഒപെക്). തങ്ങളുടെ വിഭവങ്ങള്‍ക്ക് തങ്ങള്‍തന്നെ വില നിശ്ചയിക്കുമെന്നും തങ്ങളുമായി സൌഹൃദമുള്ളവര്‍ക്കേ അത് നല്‍കൂവെന്നും വന്നതോടെ പടിഞ്ഞാറന്‍ രാഷ്‌ട്രങ്ങള്‍ അങ്കലാപ്പിലായി.
സാദത്തും മുബാറക്കും
പ്രസിഡന്റ് അന്‍വര്‍ സാദത്ത് ആദ്യമൊക്കെ തന്റെ ഗുരുനാഥനായിരുന്ന നാസറിനെ പിന്തുടരാന്‍ ശ്രമിച്ചു. പക്ഷേ, അധികം താമസിയാതെ സാദത്തിന്റെ പോക്ക് വിപരീത ദിശയിലായി. പലസ്‌തീനേക്കാള്‍ ഇസ്രയേലിനോട് കൂടുതല്‍ അടുക്കാന്‍ തുടങ്ങി. അറബിരാഷ്‌ട്രങ്ങളില്‍ വമ്പിച്ച പ്രതിഷേധമുയര്‍ന്നു. പഴയ ശത്രുവായ അമേരിക്കന്‍ ഐക്യനാട് പുതിയ മിത്രമായി. അമേരിക്കയുമായി കൂട്ടുചേര്‍ന്ന് അമേരിക്കയിലെ ക്യാമ്പ് ഡേവിഡില്‍ ഇസ്രയേലിന് കീഴടങ്ങുന്നതും പലസ്‌തീനെ ദുര്‍ബലപ്പെടുത്തുന്നതുമായ കൂടിയാലോചനകളില്‍ പങ്കെടുത്തുവെന്നു മാത്രമല്ല, മറ്റ് അറബിരാഷ്‌ട്രങ്ങളും ഇന്ത്യയും ചൈനയും സോവിയറ്റ് യൂണിയനും അംഗീകരിക്കാത്ത ഇസ്രയേലിന് അംഗീകാരം കൊടുക്കാനും സാദത്ത് ധൈര്യപ്പെട്ടു. ഇതിന്റെയൊക്കെ ഫലമായിട്ടാകണം ഒരു അറബി ദേശസ്നേഹി സാദത്തിനെ 1981ല്‍ വെടിവച്ച് കൊന്നത്.
സാദത്തിനെത്തുടര്‍ന്ന് ഹോസ്നി മുബാറക് എന്ന സൈന്യാധിപന്‍ പ്രസിഡന്റുപദത്തിലെത്തി. സാദത്തിന്റെ ദുരനുഭവങ്ങളില്‍നിന്ന് മുബാറക് പാഠം പഠിച്ചില്ല. ജനരോഷത്തെ തടഞ്ഞുനിര്‍ത്താന്‍ ഭീകരവാഴ്ച നടപ്പാക്കി. ആയിരക്കണക്കിനാളുകള്‍ തുറുങ്കിലായി. പലരും കള്ളക്കേസുകളില്‍ പ്രതികളായി വധിക്കപ്പെട്ടു. അതേസമയം, അറബിലോകത്തെ കരിങ്കാലി എന്ന 'ബിരുദം' നേടുകയുംചെയ്തു. 30 വര്‍ഷമായി മുബാറക്കിന്റെ തേര്‍വാഴ്ചയില്‍ പൌരാവകാശങ്ങള്‍ മാത്രമല്ല, ജനങ്ങളുടെ ഉപജീവനമാര്‍ഗങ്ങള്‍പോലും ശുഷ്കിച്ചു. നാസറിന്റെ ക്ഷേമരാഷ്‌ട്ര നടപടികള്‍ക്കുപകരം ആഗോളവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവുമായി ജനങ്ങളെ പാപ്പരാക്കി. ഈ സാഹചര്യങ്ങളും ചരിത്രവുമാണ് ടുണീഷ്യന്‍ വിപ്ളവത്തിന്റെ ജ്വാലകള്‍ ഇത്രവേഗം അവിടെ പടര്‍ന്നുപിടിക്കാന്‍ കാരണം. ഈ ജ്വാലയില്‍ മുബാറക് ഭരണം സ്ഥാനഭ്രഷ്‌ടമാകും എന്നാണ് നിരീക്ഷകര്‍ കരുതുന്നത്.
യെമന്‍
സൌദി അറേബ്യന്‍ ഉപദ്വീപിന്റെ തെക്കേ അറ്റത്ത് അറബിക്കടലിന് അഭിമുഖമായി സ്ഥിതിചെയുന്ന രാഷ്‌ട്രമാണ് യെമന്‍. മുമ്പ് അത് തെക്കന്‍ യെമനും വടക്കന്‍ യെമനുമായി വിഭജിക്കപ്പെട്ടിരുന്നു. തെക്കന്‍ യെമനില്‍ കമ്യൂണിസ്‌റ്റ് പാര്‍ടി അതിശക്തമായിരുന്നു. 1976 മുതല്‍ 1981 വരെ അതൊരു കമ്യൂണിസ്റ് നേതൃത്വത്തിലുള്ള ജനകീയ ജനാധിപത്യ രാഷ്‌ട്രമായിരുന്നു. സിപിഐ എമ്മിന്റെയും സിപിഐയുടെയും ഒരു സംയുക്ത സന്ദര്‍ശകസംഘത്തില്‍ ഉള്‍പ്പെട്ട ഈ ലേഖകന്‍ തെക്കന്‍ യെമന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ചെറിയൊരു കാലയളവില്‍ ഇത്ര അത്ഭുതകരമായ സാമൂഹ്യമാറ്റങ്ങള്‍ വരുത്താന്‍ ജനകീയ ജനാധിപത്യ യെമന് സാധിച്ചിരുന്നു. സാക്ഷരത, ഭക്ഷ്യസുരക്ഷ, സ്‌ത്രീവിദ്യാഭ്യാസം, സ്‌ത്രീ-പുരുഷ സമത്വം, ഭൂപരിഷ്കാരം എന്നിവയിലെല്ലാം വന്ന വമ്പിച്ച പുരോഗതി നേരിട്ടു കാണാന്‍ കഴിഞ്ഞിരുന്നു. പക്ഷേ, സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കിയ സംഭവങ്ങള്‍ ഉപയോഗിച്ച് സൌദി അറേബ്യയും അമേരിക്കയും ചേര്‍ന്ന് ആ സര്‍ക്കാരിനെ മറിച്ചിട്ടു. മാത്രമല്ല, ഫ്യൂഡല്‍-മുതലാളിത്തം കൊടികുത്തി വാണിരുന്ന വടക്കന്‍ യെമനോട് കൂട്ടിച്ചേര്‍ത്ത് ഒരു രാഷ്‌ട്രമായി.
ഒരു ഫ്യൂഡല്‍ മുതലാളിത്ത രാഷ്‌ട്രം. എങ്കിലും അറബിനാടുകളില്‍വച്ച് ഇടതുപക്ഷത്തിന് നല്ല പിന്തുണ ഇപ്പോഴും അവിടെയുണ്ടെന്നാണ് മാധ്യമങ്ങളില്‍നിന്ന് മനസ്സിലാകുന്നത്. പ്രത്യേകിച്ച് വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, അധ്യാപകര്‍, ബുദ്ധിജീവികള്‍ എന്നീ വിഭാഗങ്ങളില്‍. അതുകൊണ്ടാണ് യെമന്റെ തലസ്ഥാനമായ സനയിലെ സര്‍വകലാശാലയില്‍നിന്നുതന്നെ പ്രക്ഷോഭം ആരംഭിക്കാന്‍ കാരണം. അധികം താമസിയാതെ മറ്റുചില അറബിരാഷ്‌ട്രങ്ങളില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ അറിയാനാകും. 'അല്‍ ജസീറ' എന്ന അറബി ടെലിവിഷന്‍ ചാനലില്‍ അത്തരം വാര്‍ത്തകള്‍ വന്നുതുടങ്ങിയിട്ടുണ്ട്.
*****
പി ഗോവിന്ദപ്പിള്ള
Subscribe to:
Post Comments (Atom)
2 comments:
സാദത്തിനെത്തുടര്‍ന്ന് ഹോസ്നി മുബാറക് എന്ന സൈന്യാധിപന്‍ പ്രസിഡന്റുപദത്തിലെത്തി. സാദത്തിന്റെ ദുരനുഭവങ്ങളില്‍നിന്ന് മുബാറക് പാഠം പഠിച്ചില്ല. ജനരോഷത്തെ തടഞ്ഞുനിര്‍ത്താന്‍ ഭീകരവാഴ്ച നടപ്പാക്കി. ആയിരക്കണക്കിനാളുകള്‍ തുറുങ്കിലായി. പലരും കള്ളക്കേസുകളില്‍ പ്രതികളായി വധിക്കപ്പെട്ടു. അതേസമയം, അറബിലോകത്തെ കരിങ്കാലി എന്ന 'ബിരുദം' നേടുകയുംചെയ്തു. 30 വര്‍ഷമായി മുബാറക്കിന്റെ തേര്‍വാഴ്ചയില്‍ പൌരാവകാശങ്ങള്‍ മാത്രമല്ല, ജനങ്ങളുടെ ഉപജീവനമാര്‍ഗങ്ങള്‍പോലും ശുഷ്കിച്ചു. നാസറിന്റെ ക്ഷേമരാഷ്‌ട്ര നടപടികള്‍ക്കുപകരം ആഗോളവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവുമായി ജനങ്ങളെ പാപ്പരാക്കി. ഈ സാഹചര്യങ്ങളും ചരിത്രവുമാണ് ടുണീഷ്യന്‍ വിപ്ളവത്തിന്റെ ജ്വാലകള്‍ ഇത്രവേഗം അവിടെ പടര്‍ന്നുപിടിക്കാന്‍ കാരണം. ഈ ജ്വാലയില്‍ മുബാറക് ഭരണം സ്ഥാനഭ്രഷ്‌ടമാകും എന്നാണ് നിരീക്ഷകര്‍ കരുതുന്നത്.
Worth reading.
Succinctly articulated.
Post a Comment