Wednesday, January 12, 2011

കോയമ്പത്തൂരിലെ ജാതി മതില്‍

എല്ലാ പ്രതിലോമതകള്‍ക്കും ആധുനിക പതിപ്പുകള്‍ ഇറങ്ങുന്ന കാലമാണിത്. തൊട്ടുകൂടായ്മയുടെ കാര്യത്തിലും സ്ഥിതി അതുതന്നെ. കോയമ്പത്തൂരിനുസമീപം നാഗരാജപുരത്ത് തൊട്ടുകൂടായ്മ മതില്‍ ആധുനിക രീതിയില്‍ പുനരവതരിച്ചത് ഇതിന്റെ ഉത്തമ ഉദാഹരണമാണ്. ദളിതരെ പുനരധിവസിപ്പിക്കുന്നതിന്റെ പേരില്‍ അവരെ ദീര്‍ഘകാലം പുറമ്പോക്കുകളില്‍ അധിവസിപ്പിച്ചു. വികസനവുമായി അവര്‍ എല്ലാ അര്‍ത്ഥത്തിലും ആട്ടിയകറ്റപ്പെട്ടു. എന്നാല്‍ നഗരത്തിന്റെയും അനുബന്ധ പ്രദേശങ്ങളുടെയും വികസനത്തോടെ അവര്‍ വീണ്ടും പൊതുസമൂഹത്തിന്റെ ശ്രദ്ധയിലെത്തി.

ദളിതരെ അകറ്റി നിര്‍ത്താന്‍, അവര്‍ക്ക് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്താന്‍ റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ പുതിയ തന്ത്രമാണ് ആവിഷ്കരിക്കുന്നത്. ദളിതര്‍ക്ക് പ്രവേശിക്കാനുള്ള വഴി അടച്ചുകൊണ്ടാണ് അവര്‍ തങ്ങളുടെ ഹീനതന്ത്രം പയറ്റുന്നത്.

1976 മുതല്‍ നൂറുകണക്കിന് ദളിത് കുടുംബങ്ങള്‍ അധിവസിക്കുന്ന സ്ഥലമാണ് നാഗരാജപുരം. ഇവിടെ റിയല്‍ എസ്റ്റേറ്റ് കമ്പനിക്കാര്‍ ആധുനിക രീതിയിലുള്ള മതിലാണ് നിര്‍മ്മിച്ചത്. പത്തുമീറ്റര്‍ ഉയരവും രണ്ടു മീറ്റര്‍ വീതിയുമുള്ള മതിലിന് കിലോമീറ്ററുകളുടെ ദൈര്‍ഘ്യമുണ്ട്. ദളിതര്‍ക്ക് പ്രധാന റോഡിലേക്ക് പ്രവേശിക്കാനാവാത്ത വിധമാണ് അതിന്റെ സംവിധാനം. ദളിതരല്ലാത്തവര്‍ക്ക് പ്രവേശിക്കാന്‍ ചെറിയ റോഡുകളും മറ്റും ഉണ്ട്. എന്നാല്‍ ദളിതര്‍ പ്രവേശിക്കാതെ ഫലപ്രദമായി തടയാന്‍ റിയല്‍ എസ്റ്റേറ്റ് ലോബിക്ക് സാധിച്ചു. ഈ രീതിയിലുള്ള മതില് നിര്‍മ്മിക്കപ്പെട്ടിട്ട് രണ്ടു വര്‍ഷം പിന്നിട്ടു. തമിഴ്നാട് തൊട്ടുകൂടായ്മാ നിര്‍മ്മാര്‍ജ്ജന മുന്നണിയുടെ ജില്ലാ കണ്‍വീനര്‍ യു കെ ശിവജ്ഞാനത്തിന്റെ നേതൃത്വത്തിലുള്ള സംഘം സമീപകാലത്ത് സ്ഥലം സന്ദര്‍ശിച്ചു. ഈ മതില്‍ ശരിക്കും തൊട്ടുകൂടായ്മാ മതില്‍ ആണെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടു. ഈ വിഷയം ഏറ്റെടുക്കാന്‍ മുന്നണി തീരുമാനിച്ചു. തൊട്ടടുത്ത ദിവസം തന്നെ തമിഴിലെ സിപിഐ എം പത്രമായ 'തീക്കതിരി'ല്‍ മതിലിനെ സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചു.

അതേ തുടര്‍ന്ന് പ്രശ്നം പൊതുജനശ്രദ്ധ നേടി. അധികാരികള്‍ക്ക് അനങ്ങാപ്പാറ നയം സ്വീകരിക്കാന്‍ കഴിയാത്ത അവസ്ഥ വന്നു. ആദ്യനോട്ടത്തില്‍ തന്നെ മതില്‍ അനധികൃതമായും നിയമവിരുദ്ധമായുമാണ് നിര്‍മ്മിക്കപ്പെട്ടതെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെട്ടു. പ്ളാനില്‍ 30 മീറ്റര്‍ വഴിയുള്ളതായാണ് കാണിച്ചിരുന്നത്. തങ്ങള്‍ ജയിലിലടയ്ക്കപ്പെട്ട പ്രതീതിയാണ് വഴി അടയ്ക്കലിലൂടെ തങ്ങള്‍ക്കനുഭവപ്പെടുന്നതെന്ന് ജനങ്ങള്‍ വിശദീകരിച്ചു. മതില് നിര്‍മ്മിക്കപ്പെട്ടതാവട്ടെ രണ്ട് പഞ്ചായത്തുകളുടെ മാത്രമല്ല രണ്ട് താലൂക്കുകളുടെ അതിര് പങ്കിടുന്ന തരത്തിലായിരുന്നു.

തൊട്ടുകൂടായ്മാ മതില്‍ പൊളിപ്പിച്ചേ അടങ്ങൂ എന്ന വാശിയോടെ മുന്നണി നിരവധി സമരങ്ങള്‍ ആസൂത്രണം ചെയ്തു. അതോടെ അധികൃതര്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതായി.

ഇക്കഴിഞ്ഞ ഡിസംബര്‍ 25ന് റവന്യൂ അധികൃതര്‍ തൊട്ടുകൂടായ്മാ മതിലിന്റെ രണ്ടു ഭാഗങ്ങള്‍ പൊളിച്ചു. ഇതുമൂലം ദളിതര്‍ക്ക് പ്രധാന റോഡിലേക്ക് പ്രവേശിക്കാന്‍ സാധിക്കുന്നുണ്ട്. റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ ഹീനതന്ത്രം പൊളിഞ്ഞു.

മേല്‍പ്പറഞ്ഞപോലെയുള്ള തൊട്ടുകൂടായ്മാ മതില്‍ നിര്‍മ്മിക്കപ്പെട്ട മറ്റൊരു സ്ഥലമാണ് ഉത്തപുരം.

തെക്കേ ഇന്ത്യയുടെ മാഞ്ചസ്റ്റര്‍ ആയ കോയമ്പത്തൂര്‍ നഗരത്തിന് സമീപമാണ് പെരിയോര്‍ നഗര്‍. അവിടെയുള്ള തൊട്ടുകൂടായ്മാ മതിലിനെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ തൊട്ടുകൂടായ്മാ നിര്‍മ്മാര്‍ജ്ജന മുന്നണിക്കു സാധിച്ചു. ട്രിച്ചി മുനിസിപ്പാലിറ്റിയിലും ഒരു തൊട്ടുകൂടായ്മാ മതിലുണ്ടായിരുന്നു. അതും പൊളിപ്പിക്കാന്‍ മുന്നണിക്കു കഴിഞ്ഞു. തിരുപ്പൂര്‍ ജില്ലയിലെ ചെറിയ പട്ടണമായ ഉദുമല്‍പ്പെട്ടിലുള്ള ഒരു തൊട്ടുകൂടായ്മാ മതിലിനെ കുറിച്ച് വാര്‍ത്തകള്‍ ഉണ്ട്. അതിന്റെ പിന്നിലും റിയല്‍ എസ്റ്റേറ്റ് മാഫിയയാണ് പ്രവര്‍ത്തിക്കുന്നത്.

ലോകം വളരെ വേഗം മാറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ മനുഷ്യമനസ്സിലെ സംസ്കാര ശൂന്യതയ്ക്കുമാത്രം മാറ്റമില്ല. അത് മറ്റൊരു രൂപത്തില്‍ പ്രകടമാകുന്നു. അതാണ് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും ദൃശ്യമാകുന്നത്.

തൊട്ടുകൂടായ്മാ നിര്‍മ്മാര്‍ജ്ജന മുന്നണി സജീവമായതോടെ നിരവധി ജാതി മതിലുകള്‍ പൊളിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. എങ്കിലും പ്രതിലോമശക്തികള്‍ വെറുതെയിരിക്കുന്നില്ല. ആധുനിക മോഡലിലുള്ള ജാതി മതിലുകള്‍ ഉണ്ടാകുന്നതിന്റെ കാരണവും മറ്റൊന്നല്ല. പുരോഗമന ശക്തികളുടെ നിരന്തരമായ ജാഗ്രതയും പ്രവര്‍ത്തനവും മാത്രമേ പ്രതിവിധിയായുള്ളൂ

*
പി വി അഖിലേഷ് കടപ്പാട്: ചിന്ത വാരിക 14 ജനുവരി 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...