Thursday, January 13, 2011

എന്റെ പിതാവിന്റെ മരണം ജീവിതസമരത്തിന്റെ ഭാഗം

ഇരുപത്തിഏഴ്. എന്റെ പിതാവിനുനേരെ ഒരു പൊലീസ് ഗാര്‍ഡ് ഉതിര്‍ത്ത വെടിയുണ്ടകളുടെ എണ്ണമാണത്. ചുറ്റുമുള്ള പൊലീസുകാര്‍ക്ക് മുമ്പില്‍ ഗൂഢമായ ചിരിയോടെ അയാള്‍ കീഴടങ്ങി. പാകിസ്ഥാനിലെ ഏറ്റവും ജനസംഖ്യയുള്ള പ്രവിശ്യയായ പഞ്ചാബിലെ ഗവര്‍ണര്‍ സല്‍മാന്‍ തസീര്‍ ജനുവരി നാലിന് ചൊവ്വാഴ്ചയാണ് കൊല ചെയ്യപ്പെട്ടത്. എന്റെ സഹോദരന്‍ ഷെഹരിയാറിന്റെ 25-ാം ജന്മദിനമായിരുന്നു അന്ന്. ഇസ്ലാമാബാദിലെ ഞങ്ങളുടെ കുടുംബവീടിനടുത്തുള്ള മാര്‍ക്കറ്റിനു വെളിയില്‍ വച്ചാണ് പിതാവ് കൊല ചെയ്യപ്പെട്ടത്.

കൊലപാതകം നടത്തിയ മുംതാസ് ഖാദ്രിയെ എന്റെ പിതാവ് ഇസ്ലാമാബാദിലുള്ളപ്പോള്‍ അദ്ദേഹത്തെ സംരക്ഷിക്കാനുള്ള ചുമതല ഏല്‍പ്പിച്ചതു അന്ന് കാലത്തായിരുന്നു. ഭക്ഷണത്തിനുശേഷം ഉച്ചതിരിഞ്ഞ് 4.15 ന് എന്റെ പിതാവ് കാറില്‍ കയറുമ്പോള്‍ ഖാദ്രി നിറയൊഴിച്ചുവെന്നാണ് ഉദ്യോഗസ്ഥന്‍മാര്‍ പറഞ്ഞത്.

ഖാദ്രിയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ക്കും അന്ന് ഏറെ സംതൃപ്തി തോന്നിയിരിക്കാം. എന്നാല്‍ പാകിസ്ഥാന്റെ സ്ഥാപകനായ മുഹമ്മദ് അലി ജിന്നയുടെ മതേതര വീക്ഷണത്തില്‍ വിശ്വസിക്കുന്ന എന്റെ പിതാവിന്റെ ശബ്ദവും അതേപോലുള്ള ദശലക്ഷണക്കിനാളുകളുടെ ശബ്ദവും നിശബ്ദമാക്കുന്നതില്‍ വിജയിച്ചുവെന്ന് അവര്‍ കരുതുന്നുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റുപറ്റി.

എന്റെ പിതാവിന്റെ ജീവിതം സമരത്തിന്റേതായിരുന്നു. സ്വന്തം കഴിവിലൂടെ വളര്‍ന്ന ആളായിരുന്നു അദ്ദേഹം. നേട്ടങ്ങളും നഷ്ടങ്ങളുമുണ്ടായി. അറുപതുകളുടെ അവസാനം സുള്‍ഫിക്കര്‍ അലി ഭൂട്ടോ പീപ്പിള്‍സ് പാര്‍ട്ടി സ്ഥാപിച്ചപ്പോള്‍ അതിലെ ആദ്യ അംഗങ്ങളിലൊരാളായിരുന്നു അദ്ദേഹം. അദ്ദേഹം ഒരു ബുദ്ധിജീവിയും പത്രപ്രസാധകനും എഴുത്തുകാരനുമായിരുന്നു. ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലും വിശ്വസിച്ചതിന്റെ പേരില്‍ അദ്ദേഹം ജയിലിലടയ്ക്കപ്പെടുകയും മര്‍ദനത്തിനു വിധേയനാവുകയും ചെയ്തു. ജനാധിപത്യ പുനസ്ഥാപനത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ യത്‌നങ്ങളെ ജനറല്‍ സിയാ ഉല്‍ ഹഖിന്റെ സ്വേച്ഛാധിപത്യം ക്രൂരമായാണ് നേരിട്ടത്.

ഏറ്റവും നിഷ്ഠൂരമായ തടവറ മുഗള്‍ ഭരണകാലത്ത് പണിത ലാഹോര്‍ കോട്ടയിലേതായിരുന്നു. മാസങ്ങളോളം എന്റെ പിതാവിനെ ഏകാന്ത തടവറയിലിട്ടു. ഒരു ദിവസം ഒരു നേരം മാത്രം ഒരു പാത്രത്തിന്റെ പകുതി ഭക്ഷണമാണ് നല്‍കിയത്. ആ സമയത്ത് എന്റെ അമ്മയ്ക്ക് ഇരുപതു വയസ്സു കഴിഞ്ഞതേയുളളൂ.

പിതാവ് മരിച്ചുപോയെന്നാണ് പലരും അമ്മയോട് പറഞ്ഞത്. അമ്മ അതൊരിക്കലും വിശ്വസിച്ചിരുന്നില്ല. നിശ്ചയദാര്‍ഢ്യതയോടെ അമ്മ നീങ്ങി. പിതാവിന്റെ തടവറ തൂക്കുന്ന ഒരു നല്ല മനുഷ്യനുമായി അമ്മ സൗഹൃദം സ്ഥാപിച്ചു. പിതാവിനു നല്‍കാന്‍ അയാള്‍വശം ഒരു കുറിപ്പു നല്‍കി. തൂപ്പുകാരന്റെ ജീവനു ഭീഷണിയാവുമെന്നു ഭയന്ന് ആ കുറിപ്പ് വിഴുങ്ങിയതായി പിതാവ് പിന്നീട് എന്നോടു പറയുകയുണ്ടായി. അമ്മയെ ആശ്വസിപ്പിച്ചുകൊണ്ട് ഒരു മറുപടി തൂപ്പുകാരന്‍ വഴി കൈമാറി. ''എളുപ്പത്തില്‍ കത്തുന്ന മരം കൊണ്ടുണ്ടാക്കിയതല്ല എന്നെ'' അമ്മയ്ക്കുള്ള മറുപടിയില്‍ പിതാവ് എഴുതി. എന്റെ പിതാവ് അത്തരക്കാരനായിരുന്നു. പിതാവിനെ കീഴ്‌പ്പെടുത്താനാവില്ല.

വിശ്വപ്രശസ്ത ഉറുദു കവിയായ ഫൈസ് അഹമ്മദ് ഫൈസിന്റെ അനന്തരവനാണ് എന്റെ പിതാവ്. ഫൈസ് എഴുതി: ''നിങ്ങളുടെ കാലുകളില്‍ ചങ്ങലയുണ്ടെങ്കിലും മുന്നോട്ടുപോവുക. നിര്‍ഭയനായി നടക്കുക. രക്തസാക്ഷിയായാലും ലക്ഷ്യത്തില്‍ ഉറച്ചുനില്‍ക്കുക''.

ഗവര്‍ണര്‍ എന്ന നിലയില്‍ പ്രത്യേകിച്ചും അവശത അനുഭവിക്കുന്നവര്‍ക്കുവേണ്ടി ശബ്ദിക്കാന്‍ പിതാവ് മുന്‍പന്തിയിലുണ്ടായിരുന്നു. കശ്മീര്‍ ഭൂകമ്പത്തില്‍ വീടു നഷ്ടപ്പെട്ട ആയിരങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ അദ്ദേഹം മുന്നോട്ടുവന്നു. ഒരു ക്രിക്കറ്റ് മത്സരത്തിനിടയിലെ തര്‍ക്കത്തിന്റെ പേരില്‍ സിയാല്‍കോട്ടില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ജനക്കൂട്ടം വധിച്ച ചെറുപ്പക്കാരായ രണ്ടു സഹോദരന്‍മാരുടെ കുടുംബത്തെ ആശ്വസിപ്പിക്കാനും അദ്ദേഹമുണ്ടായിരുന്നു.

കഴിഞ്ഞ മെയില്‍ ലാഹോറിലെ രണ്ട് പള്ളികളില്‍ അഹമ്മദി വിഭാഗത്തില്‍പ്പെട്ട 86 പേര്‍ കൊല ചെയ്യപ്പെട്ടു. മതമൗലികവാദികള്‍ ഈ വിഭാഗത്തിന്റെ പേരില്‍ മതനിന്ദ ആരോപിക്കുകയാണ്. ഈ ആക്രമണത്തില്‍ പരിക്കേറ്റവരെ എന്റെ പിതാവ് ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. മതവലതുപക്ഷക്കാര്‍ക്ക് അസംതൃപ്തി സൃഷ്ടിച്ചതായിരുന്നു ഈ സന്ദര്‍ശനം. കഴിഞ്ഞ വേനല്‍കാലത്ത് വെള്ളപ്പൊക്കം പാകിസ്ഥാനെ തകര്‍ത്തുതരിപ്പണമാക്കിയപ്പോള്‍ അദ്ദേഹം കര്‍മനിരതനായി രംഗത്തിറങ്ങി, സഹായത്തിനുവേണ്ടി ബിസിനസുകാരെ അണിനിരത്തി. വീടു നഷ്ടപ്പെട്ടവര്‍ക്കായി പാര്‍പ്പിടങ്ങള്‍ നിര്‍മിച്ചു.

ജനറല്‍ സിയ ഉണ്ടാക്കിയ കര്‍ശനമായ മതനിന്ദ നിയമങ്ങള്‍ മിക്കപ്പോഴും ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും നിയമത്തില്‍ മാറ്റം വേണമെന്നും എന്റെ പിതാവ് വിശ്വസിച്ചു. പ്രവാചകനായ മുഹമ്മദിനെതിരെ സംസാരിച്ചു എന്ന് തെറ്റായ ധാരണ സൃഷ്ടിക്കുന്നതിനു വേണ്ടി അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ വ്യാപകമായി തെറ്റായ തരത്തില്‍ അവതരിപ്പിക്കപ്പെട്ടു. അദ്ദേഹം പ്രവാചകനെതിരെ പറഞ്ഞുവെന്ന ആരോപണം അസത്യമാണ്. അദ്ദേഹത്തിന്റെ വിമര്‍ശകരുടെ ഭാഗത്ത് നിന്നുള്ള കുറ്റകരമായ നടപടിയാണത്. അവരുടെ നടപടി എന്തു ഫലമുണ്ടാക്കിയെന്ന് ഇപ്പോള്‍ കാണാന്‍ കഴിയുന്നുണ്ട്. മത നിന്ദ നിയമത്തോടുള്ള എന്റെ പിതാവിന്റെ നിലപാടാണ് അദ്ദേഹത്തെ വധിക്കാന്‍ ഖാദ്രിയെ പ്രേരിപ്പിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്.

സഹിഷ്ണുതയുള്ള പാകിസ്ഥാന്റെ ശവമഞ്ചത്തിലെ അവസാന ആണിയാണ് എന്റെ പിതാവിന്റെ മരണമെന്ന് പറയുന്നവരുണ്ട്. പാകിസ്ഥാനിലെ ലിബറല്‍ ശബ്ദം ഇതോടെ നിശബ്ദമാകുമെന്നും പറയുന്നുണ്ട്. എന്നാല്‍ നാം അടക്കംചെയ്തത് ധീരനായ ഒരു മനുഷ്യനെയാണ്. അല്ലാതെ അദ്ദേഹം മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കിയ ധീരതയെയല്ല. ഈ ആഴ്ച രണ്ടു പ്രമുഖ യാഥാസ്ഥിക രാഷ്ട്രീയ നേതാക്കന്‍മാര്‍ മതനിന്ദാ നിയമങ്ങളുടെ കാര്യത്തില്‍ എന്റെ പിതാവ് എടുത്ത അതേ നിലപാട് എടുത്തിട്ടുണ്ട്.

നിയമം ദുരുപയോഗം ചെയ്യുന്നതു തടയാന്‍ ഭേദഗതികള്‍ വേണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. മുന്‍ പ്രധാനമന്ത്രി ചൗധരി ഷുജാത്ത് ഹുസൈനും രാഷ്ട്രീയത്തിലേയ്ക്ക് വന്ന മുന്‍ ക്രിക്കറ്റ് താരമായ ഇമ്രാംഖാനുമാണ് അവര്‍.

കൊലപാതകം നടന്ന ചൊവ്വാഴ്ച സുരക്ഷാവീഴ്ചകളുണ്ടായി എന്നു പറയുന്നതു കാര്യങ്ങള്‍ കുറച്ചുകാണലാണ്. തന്നെ സംരക്ഷിക്കാന്‍ വേണ്ടി നിയോഗിക്കപ്പെട്ട ഒരാള്‍ അദ്ദേഹത്തെ ക്രൂരമായി വെടിവെച്ചു വീഴ്ത്തുകയാണു ചെയ്തത്. ''സംരക്ഷകനെ ആരു സംരക്ഷിക്കും'' എന്ന് ജുനിവല്‍ ഒരിക്കല്‍ ചോദിക്കുകയുണ്ടായി. ഇന്ന് എല്ലാ പാകിസ്ഥാന്‍കാരും സ്വയം ചോദിക്കേണ്ട ചോദ്യമാണിത്. ഏറ്റവും വലിയ പ്രവിശ്യയിലെ ഗവര്‍ണറുടെ ജീവന്‍ എടുക്കാന്‍ തീവ്രവാദികള്‍ക്ക് കഴിയുമെങ്കില്‍ ആരെങ്കിലും സുരക്ഷിതരാണോ?

എന്റെ പിതാവ് മറ്റ് ഏതെങ്കിലും തരത്തില്‍ മരിക്കുന്നത് എനിക്ക് സങ്കല്‍പിക്കാനാവില്ലെന്ന് പറയുന്നത് തെറ്റാണെന്നു തോന്നാം. അദ്ദേഹം ചെയ്തതെല്ലാം പാകിസ്ഥാനുവേണ്ടിയായിരുന്നു. സമ്പദ്ഘടന മെച്ചപ്പെടുത്താന്‍വേണ്ടിയായിരുന്നു, ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനായിരുന്നു. എന്റെ പിതാവ് ഞങ്ങളുടെ രാജ്യത്തിന്റെ കഴിവുകളില്‍ വിശ്വസിച്ചു. അദ്ദേഹം ജീവിച്ചതും മരിച്ചതും പാകിസ്ഥാനുവേണ്ടിയാണ്. പാകിസ്ഥാന്റെ ഭാവിയില്‍ വിശ്വസിക്കുന്നവര്‍ അനീതികളോട് നിശബ്ദരായിരിക്കാതിരിക്കുകയാണ് അദ്ദേഹത്തിന്റെ ഓര്‍മയ്ക്കുള്ള ആദരം. നാം ഒരിക്കലും നമ്മുടെ ശത്രുക്കളെ ഭയപ്പെടരുത്. അവര്‍ വിജയിക്കാന്‍ നാം ഒരിക്കലും അനുവദിക്കരുത്.


****


ഷെഹര്‍ബാനു തസീര്‍ , ജനയുഗം 12 ജനുവരി 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇരുപത്തിഏഴ്. എന്റെ പിതാവിനുനേരെ ഒരു പൊലീസ് ഗാര്‍ഡ് ഉതിര്‍ത്ത വെടിയുണ്ടകളുടെ എണ്ണമാണത്. ചുറ്റുമുള്ള പൊലീസുകാര്‍ക്ക് മുമ്പില്‍ ഗൂഢമായ ചിരിയോടെ അയാള്‍ കീഴടങ്ങി. പാകിസ്ഥാനിലെ ഏറ്റവും ജനസംഖ്യയുള്ള പ്രവിശ്യയായ പഞ്ചാബിലെ ഗവര്‍ണര്‍ സല്‍മാന്‍ തസീര്‍ ജനുവരി നാലിന് ചൊവ്വാഴ്ചയാണ് കൊല ചെയ്യപ്പെട്ടത്. എന്റെ സഹോദരന്‍ ഷെഹരിയാറിന്റെ 25-ാം ജന്മദിനമായിരുന്നു അന്ന്. ഇസ്ലാമാബാദിലെ ഞങ്ങളുടെ കുടുംബവീടിനടുത്തുള്ള മാര്‍ക്കറ്റിനു വെളിയില്‍ വച്ചാണ് പിതാവ് കൊല ചെയ്യപ്പെട്ടത്.

കൊലപാതകം നടത്തിയ മുംതാസ് ഖാദ്രിയെ എന്റെ പിതാവ് ഇസ്ലാമാബാദിലുള്ളപ്പോള്‍ അദ്ദേഹത്തെ സംരക്ഷിക്കാനുള്ള ചുമതല ഏല്‍പ്പിച്ചതു അന്ന് കാലത്തായിരുന്നു. ഭക്ഷണത്തിനുശേഷം ഉച്ചതിരിഞ്ഞ് 4.15 ന് എന്റെ പിതാവ് കാറില്‍ കയറുമ്പോള്‍ ഖാദ്രി നിറയൊഴിച്ചുവെന്നാണ് ഉദ്യോഗസ്ഥന്‍മാര്‍ പറഞ്ഞത്.

ഖാദ്രിയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ക്കും അന്ന് ഏറെ സംതൃപ്തി തോന്നിയിരിക്കാം. എന്നാല്‍ പാകിസ്ഥാന്റെ സ്ഥാപകനായ മുഹമ്മദ് അലി ജിന്നയുടെ മതേതര വീക്ഷണത്തില്‍ വിശ്വസിക്കുന്ന എന്റെ പിതാവിന്റെ ശബ്ദവും അതേപോലുള്ള ദശലക്ഷണക്കിനാളുകളുടെ ശബ്ദവും നിശബ്ദമാക്കുന്നതില്‍ വിജയിച്ചുവെന്ന് അവര്‍ കരുതുന്നുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റുപറ്റി.