1994ല്‍ തിരുവനന്തപുരത്ത് നടന്ന ഒന്നാം കേരള പഠനകോണ്‍ഗ്രസിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ ഇ എം എസ് നടത്തിയ അധ്യക്ഷപ്രസംഗം
ഇതൊരതുല്യ സംഭവമാണ്. ആയിരത്തില്‍പ്പരം വിശിഷ്‌ട വ്യക്തികള്‍ ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്. മൂന്നു ദിവസങ്ങളിലായി 73 ചര്‍ച്ചാ സമ്മേളനങ്ങള്‍ ഇവിടെ നടക്കുന്നതാണ്. സാമൂഹ്യ ശാസ്‌ത്രം, സാമ്പത്തികശാസ്‌ത്രം, രാഷ്‌ട്രീയം, സംസ്‌കാരം എന്നിങ്ങനെ വിവിധ വിഷയങ്ങളുടെ നാനാവശങ്ങളെയും കേരളത്തിലെ പ്രകൃതി വിഭവങ്ങളെയും കുറിച്ച് ഈ സമ്മേളനങ്ങളില്‍ അവര്‍ ചര്‍ച്ചചെയ്യും.. പണ്‌ഡിതന്‍മാര്‍ ഇവിടെ അവതരിപ്പിക്കുന്ന വിഷയങ്ങളില്‍ നിന്നും സാധാരണക്കാര്‍ക്ക് പലതും പഠിക്കാന്‍ കഴിയും. അതുപോലെ തന്നെ സാമൂഹ്യ - രാഷ്‌ട്രീയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രായോഗികാനുഭവങ്ങളില്‍ നിന്നും പണ്‌ഡിതന്‍മാര്‍ക്കും ചിലതൊക്കെ ഉള്‍ക്കൊള്ളാന്‍ കഴിയും. ഇത്തരത്തിലുള്ള ആശയവിനിമയം കേരളീയരായ നമുക്ക് വളരെ സഹായകരമാകും. എന്തുകൊണ്ടെന്നാല്‍ സാമൂഹ്യ - സാംസ്‌കാരിക - സാമ്പത്തിക - രാഷ്‌ട്രീയ ജീവിതത്തിന് ഒരു പുതിയ കാഴ്‌ചപപ്പാട് അതിലൂടെ ഉരുത്തിരിഞ്ഞു വരും.
കേരളം നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് എങ്ങനെ പരിഹാരം കാണാം എന്നതു സംബന്‌ധിച്ച് വ്യക്തമായ നിഗമനങ്ങളില്‍ എത്തിച്ചേരുന്നതിനുള്ള ഒരു സെമിനാറല്ല ഇത്. ഈ കോണ്‍ഗ്രസിന്റേതുള്‍പ്പെടെയുള്ള അനുഭവപാഠങ്ങളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയ പാര്‍ട്ടികളും സാമൂഹ്യ സംഘടനകളും ഏറ്റെടുക്കേണ്ട കടമയാണത്. എന്നാല്‍ എ.കെ.ജി പടന ഗവേഷണകേന്ദ്രത്തെ സംബന്ധിച്ചിടത്തോളം പണ്‌ഡിതന്‍മാരും സാമൂഹ്യ - രാഷ്‌ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും തമ്മില്‍ ഇവിടെ നടക്കുന്ന സംവാദം ഞങ്ങള്‍ പരമാവധി മുമ്പോട്ടു കൊണ്ടു പോകുമെന്ന് ഉറപ്പു നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
മഹാനായ വിപ്ലവകാരിയായിരുന്ന എ.കെ. ഗോപാലനോടുള്ള ബഹുമാനാര്‍ത്ഥം സ്ഥാപിക്കപ്പെട്ടതാണ് എ.കെ.ജി. പഠന - ഗവേഷണ കേന്ദ്രം. വളരെക്കാലം അഖിലേന്ത്യാ കിസാന്‍സഭയുടെ അദ്ധ്യക്ഷനായിരുന്ന എ.കെ.ജി രാജ്യത്താകെ സഞ്ചരിച്ച്, ചൂഷണത്തിനും മര്‍ദ്ദനത്തിനുമെതിരായി നാട്ടില്‍ പുറങ്ങളിലെയും നഗരങ്ങളിലെയും അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളെ സംഘടിപ്പിച്ചു. 1952-ല്‍ നടന്ന ഒന്നാം പൊതുതെരഞ്ഞെടുപ്പ് തൊട്ട് രണ്ട് പതിറ്റാണ്ടിലേറെക്കാലം അദ്ദേഹം ലോക്‌സഭയിലെ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പിന്റെ നേതാവായിരുന്നു. (ഏറെക്കുറെ ഈ കാലയളവില്‍ കമ്മ്യൂണിസ്റ്റുകാര്‍ ലോകസഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ ഗ്രൂപ്പായിരുന്നുതാനും). സ്വയം ഒരു അക്കാദമീയ പണ്‌ഡിതനായിരുന്നില്ലെങ്കിലും ജീവിതത്തിന്റെ നാനാതുറകളിലുപ്പെട്ട ബഹുജനപ്രവര്‍ത്തകര്‍ക്ക് വേണ്ടി ഒരു സ്‌കൂള്‍ ആരംഭിക്കണമെന്ന് തന്റെ ജീവിതത്തിന്റെ അന്ത്യനാളുകളില്‍ അദ്ദേഹം ആഗ്രഹിച്ചു. അദ്ദേഹം അന്തരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സ്‌മരണയ്‌ക്കായി ഒരു അനൗപചാരിക സര്‍വ്വകലാശാല, പണ്‌ഡിതന്‍മാര്‍ക്കും, സാമൂഹിക രാഷ്‌ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും പരസ്‌പരം അറിവും അനുഭവവും കൈമാറാനുള്ള ഒരു സ്ഥാപനം ഏര്‍പ്പെടുത്തുന്നത് ഉചിതമായിരക്കുമെന്നു ഞങ്ങള്‍ കരുതി, എ.കെ.ജി യോടൊപ്പം അദ്ദേഹത്തിന്റെ രാഷ്‌ട്രീയജീവിതത്തിലുടനീളം ഒന്നിച്ചു പ്രവര്‍ത്തിച്ചുപോന്ന എന്നെ ഈ സ്ഥാപനത്തിന് നേതൃത്വം നല്‍കാന്‍ തിരഞ്ഞെടുത്തു. ഈ കേന്ദ്രത്തിന്റെ ഡയറക്‌ടര്‍ എന്ന നിലയ്‌ക്ക് കേരളത്തില്‍ നാം അഭിമൂഖീകരിക്കുന്ന പ്രായോഗിക പ്രശ്‌നങ്ങള്‍ ഞാന്‍ ഇവിടെ ഉന്നയിക്കാം.
അനൗപചാരിക സര്‍വ്വകലാശാല എന്നു വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ഞാന്‍ ഉള്‍പ്പെടെ ഈ കേന്ദ്രത്തിന്റെ സ്ഥാപകര്‍ക്ക് അക്കാദമീയ പാണ്‌ഡിത്യമൊന്നും അവകാശപ്പെടാന്‍ ഇല്ല. എന്നാല്‍ ഞങ്ങളുടെ ഭാഗ്യമെന്നു പറയട്ടെ, വിവിധ വിഞ്‌ജാനശാഖകളില്‍ പ്രശസ്‌തരായ പല പണ്‌ഡിതന്മാരും ഈ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുകയുണ്ടായി. ഞങ്ങളൊക്കെ സാമൂഹ്യ - രാഷ്‌ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ്. ഞങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത് ഗുണകരമാണെന്ന് ഞങ്ങളുടെ പണ്‌ഡിത സുഹൃത്തുക്കള്‍ കണ്ടു.
കേരളത്തിലെ വിഖ്യാതനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ പേരിലുള്ള ഈ കേന്ദ്രം സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുദ്രചാര്‍ത്തപ്പെട്ട ഒന്നാണ്. ഇന്ത്യയിലെയും കേരളത്തിലെയും കമ്മ്യൂണിസ്റ്റ് പ്രസ്‌ഥാനത്തിന്റെ ഉത്ഭവം, വളര്‍ച്ച, പ്രസ്ഥാനം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ഇവയിലൊക്കെ ഈ കേന്ദ്രത്തിന് അതീവമായ താല്‌പര്യമുണ്ട്. അക്കാദമീയവും പണ്‌ഡിത്യപരവുമായ ചിന്തയുടെ രംഗത്ത് ഒരു പാര്‍ട്ടിയെന്ന നിലയ്‌ക്ക് ഞങ്ങള്‍ നല്‍കിയ ചില സംഭാവനകളെക്കുറിച്ചു പറയാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്നത് ഉചിതമായിരിക്കുമെന്നു ഞാന്‍ കരുതുന്നു. ദാര്‍ശനികര്‍ ലോകത്തെ പല പ്രകാരത്തില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്, അതിനെ മാറ്റിത്തീര്‍ക്കുകയെന്നതാണ്‌് മുഖ്യകാര്യം എന്ന് ഫോയര്‍ബാഹിനെക്കുറിച്ചുള്ള തീസിസില്‍ കാള്‍മാര്‍ക്‌സ് പറഞ്ഞു. കേരളത്തിലെയും ഇന്ത്യയിലെയും കമ്മ്യൂണിസ്റ്റുകാരായ ഞങ്ങള്‍ രാഷ്‌ട്രീയ പ്രവര്‍ത്തനത്തില്‍ മാത്രമായി ഒതുങ്ങി നിന്നില്ല. അക്കാദമീയ ചിന്തയ്‌ക്കും ചില സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞുവെന്നതില്‍ ഞങ്ങള്‍ക്കഭിമാനമുണ്ട്.
കേരളത്തില്‍ സോഷ്യലിസ്റ്റ് - കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആരംഭിച്ചത് ഇന്ത്യയില്‍ അത് ആരംഭിച്ചിട്ട് ഒരു പതിനാണ്ടിലേറെ കഴിഞ്ഞതിന് ശേഷം, 1930 കളുടെ മദ്ധ്യത്തിലാണ്. പ്രസ്ഥാനത്തിന്റെ ആദ്യനാളുകളില്‍ സാമൂഹികവും സാമ്പത്തികവും രാഷ്‌ട്രീയപരവും സാംസ്‌കാരികവുമായ ചില മുഖ്യപ്രശ്‌നങ്ങളെ ഞങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നു ഈ പ്രശ്‌നങ്ങളെ സംബന്ധിച്ച ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെ ആസ്‌പദമാക്കിയുള്ളതാണ് അക്കാദമീയവും പണ്‌ഡിതോചിതവുമായ ചിന്തയുടെ വളര്‍ച്ചയ്‌ക്ക് ഞങ്ങളുടെ പ്രാരംഭ സംഭാവനകള്‍.
ഇതില്‍ ഒന്നാമത്തേത് ഫ്യൂഡലിസമാണ്. കേരളത്തില്‍ അത് ഒരു പ്രത്യേക സ്വഭാവമുള്ളതായിരുന്നു. ഞാന്‍ കേരളത്തിലെ ഫ്യൂഡലിസത്തിനെ - (സാമ്പത്തിക രംഗത്ത്) ജന്മി - ഭൂപ്രഭുക്കന്മാരുടെയും, (സാമൂഹ്യ രംഗത്ത്) ബ്രാഹ്മണമേധാവിത്വമുള്ള ഉയര്‍ന്ന ജാതിവിഭാഗങ്ങളുടെയും, കേരളത്തിന്റെ വിവിധ ഘടക ദേശങ്ങളിലെ രാജാക്കന്‍മാരുടെയും നാടുവാഴികളുടെയും ഭരണത്തിന്റെയും - കൂട്ടായ ആധിപത്യമെന്നാണ് വിശേഷിപ്പിച്ചത്. ഈ മൂന്നു തരത്തിലുള്ള ആധിപത്യരൂപങ്ങളും അതിനെതിരായ ജനങ്ങളുടെ കരുത്തുമായിരുന്നു കേരളത്തിലെ സാമൂഹിക - സാമ്പത്തിക ജീവിതത്തിന്റെ മുഖ്യ ഘടകങ്ങള്‍.
ഇതിന്റെ ഫലമായി ദേശീയ സ്വാതന്ത്ര്യത്തിനു വേണ്ടി ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരായ നമ്മുടെ സമരം ജന്മിത്വത്തിനും മേല്‍ജാതി മേധാവിത്വത്തിനും രാജവാഴ്‌ചക്കുമെതിരായ പോരാട്ടമായി കൂട്ടിയിണക്കപ്പെട്ടു. 1934ല്‍ കേരളത്തില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ ജന്മിത്വ - മേല്‍ജാതി മേധാവിത്വ - നാടുവാഴിത്ത വിരുദ്ധമായ സമരങ്ങളെ സ്വാതന്ത്ര്യസമരവുമായി കൂട്ടിയിണക്കുക എന്നതാവണം പ്രസ്ഥാനത്തിന്റെ മുഖ്യ കടമയെന്ന് ഞങ്ങള്‍ കണക്കാക്കി. ബഹുമുഖമായ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളിലൂടെ ഈ സംയോജനം നേടിയെടുക്കുകയും ചെയ്‌തു. സ്വാതന്ത്ര്യലബ്‌ധിക്കു ശേഷം തിരുവിതാംകൂര്‍, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരുന്ന മദിരാശി പ്രവിശ്യയില്‍പ്പെട്ട മലബാര്‍ പ്രദേശവും ചേര്‍ന്ന് ഒരു ഐക്യകേരളം രൂപപ്പെടുത്തണമെന്നായിരുന്നു ഞങ്ങളുടെ ചിന്താഗതി. ഐക്യകേരളം അന്തിമ ലക്ഷ്യമാകയാല്‍ നാട്ടുരാജ്യങ്ങളില്‍ ജനാധിപത്യത്തിന് വേണ്ടി പ്രവര്‍ത്തിക്കേണ്ടത് അടിയന്തരാവശ്യമാണെന്ന് ഞങ്ങള്‍ കരുതി. തിരുവിതാംകൂറില്‍ ഉത്തരവാദ ഭരണ പ്രക്ഷോഭത്തിലൂടെ സംസ്ഥാനത്താകെ പുരോഗമന ജനാധിപത്യവാദികളും കമ്മ്യൂണിസ്റ്റുകാരും തമ്മില്‍ ഐക്യം സ്ഥാപിതമായി. സമരം വിജയിക്കുന്നതിന് ഈ ഐക്യം സഹായകമാവുകയും ചെയ്‌തു.
രണ്ടാമതായി ഞങ്ങള്‍ അഭിമുഖീകരിച്ച പ്രശ്‌നം ഫ്യൂഡല്‍ ഭൂപ്രഭുക്കളുടെ (ജന്മി) സാമ്പത്തിക മേധാവിത്വമാണ്. മലബാറില്‍ കാര്‍ഷിക ബന്ധങ്ങളില്‍ ആധിപത്യം പുലര്‍ത്തി വന്നിരുന്നത് ജന്മി വ്യവസ്ഥയാണ്. കൊച്ചിയുടെ പല ഭാഗത്തും തിരുവിതാംകൂറില്‍ ചിലയിടത്തും സ്ഥിതി ഇതുതന്നെയായിരുന്നു. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിവിടങ്ങളിലെ ഉശിരന്‍ കര്‍ഷക പ്രസ്ഥാനവും 1930 കളില്‍ കേരളത്തിലെ പുരോഗമന ജനാധിപത്യ പ്രസ്ഥാനത്തിന്റെയും സ്വതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെയും സുപ്രധാന ഘടകങ്ങളായിരുന്നു. ഈ ബഹുജന സംഘടനകളുടെയും മലബാറില്‍ പ്രദേശ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രാദേശികഘടകങ്ങളുടെയും കൊച്ചിയിലെ പ്രജാമണ്‌ഡലം, കൊച്ചിന്‍ കോണ്‍ഗ്രസ്, തിരുവിതാംകൂറിലെ സ്റ്റേറ്റ് കോണ്‍ഗ്രസ് - ഇവയുടെയെല്ലാം പ്രവര്‍ത്തനഫലമായി സോഷ്യലിസവും കമ്മ്യൂണിസവും കേരളത്തില്‍ ശക്തിയായി തീര്‍ന്നു.
ഞങ്ങള്‍ കിസാന്‍ സഭ കെട്ടിപ്പെടുക്കുകയും നാടുവാഴി ജന്മിത്വം അവസാനിപ്പിച്ച് കൃഷിഭൂമി പണിയെടുക്കുന്ന കൃഷിക്കാര്‍ക്ക് സൗജന്യമായി നല്‍കണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്‌തു. മലബാര്‍ കുടിയായ്‌മ അന്വേഷണ കമ്മിറ്റിയിലെ അംഗങ്ങളായ മദിരാശി നിയമസഭയിലെ മൂന്ന് ഇടതുപക്ഷ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ എഴുതിച്ചേര്‍ത്ത വിയോജനക്കുറിപ്പില്‍ ഈ ആവശ്യത്തിന് സ്‌പഷ്‌ടമായ രൂപം നല്‍കപ്പെട്ടു. 1940 കളുടെ ആദ്യത്തില്‍ കമ്മിറ്റി അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ മൂന്നു പേരില്‍ ഒരാളായ ഞാന്‍ എഴുതിയ ഭിന്നാഭിപ്രായ കുറിപ്പില്‍ നാടുവാഴി ജന്മിത്വം അവസാനിപ്പിച്ച് നാട്ടിന്‍പുറത്തെ പാവപ്പെട്ടവര്‍ക്ക് ഭൂമി സൗജന്യമായി നല്‍കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് താത്വികവശങ്ങള്‍ അവതരിപ്പിക്കുകയുണ്ടായി. പ്രായോഗിക വിപ്ലവ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എഴുതപ്പെട്ടതാണ് ഇതെങ്കിലും അക്കാദമീയമായ മൂല്യവും അടങ്ങിയതാണ് എന്റെ ഈ കുറിപ്പ്.
ഈ രേഖയേയും അതിലടങ്ങിയ ആവശ്യത്തെയും ആസ്‌പദമാക്കിയാണ് 1940 കളില്‍ കര്‍ഷകസംഘം രൂപം കൊണ്ടത്. ഈ ആവശ്യങ്ങള്‍ കേരളസംസ്ഥാനം രൂപംകൊണ്ട ശേഷം നടന്ന ഒന്നാമത്തെ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് (1957 - 59) ഒരു കാര്‍ഷിക ബന്ധ നിയമം ഉണ്ടാക്കുന്നതിന് വഴി തെളിച്ചു. ഈ നിയമം 1969-ലാണ് പ്രാബല്യത്തില്‍ വന്നത്. 1930 കള്‍ തൊട്ട് ആരംഭിച്ച സമരവും ഒന്നാമത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെയും പിന്നീട് വന്ന ഐക്യമുന്നണി മന്ത്രിസഭയുടെയും നിയമനിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ചേര്‍ന്ന് കാര്‍ഷിക ബന്ധങ്ങളില്‍ വിപ്ലവകരമായ മാറ്റം വരുത്തി. ഒരു പക്ഷേ ഇന്ത്യയിലെ ബൂര്‍ഷ്വാ ഭരണഘടനയുടെ ചട്ടക്കൂടിനകത്തു നിന്നു കൊണ്ട് വരുത്തുവാന്‍ കഴിയാവുന്നതില്‍ വെച്ച് ഏറ്റവും മികച്ചതാണ് ഇതെന്ന് പറയാം
ഹിന്ദു സമുദായത്തിലെ മര്‍ദ്ദിത ജാതിക്കാരുടെയും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ക്രിസ്‌ത്യന്‍ - മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങളുടെയും പ്രശ്‌നമാണ് പ്രസ്ഥാനത്തിന് അടുത്തതായി അഭിമുഖീകരിക്കേണ്ടി വന്നത്. ജാതിമതാദി ആശയങ്ങള്‍ക്കുപരി ഞങ്ങളുടെ പ്രവര്‍ത്തനം വര്‍ഗ്ഗസമര സിദ്ധാന്തത്തെ ആസ്‌പദമാക്കിയുള്ളതായിരുന്നു. എല്ലാ ജാതിയിലും മതത്തിലുംപെട്ട അദ്ധ്വാനിക്കുന്നവരെ വ്യവസായ തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, പണിയെടുക്കുന്ന കൃഷിക്കാര്‍ തുടങ്ങി അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ വര്‍ഗ്ഗസംഘടകളിലേക്ക് കൊണ്ടു വരാന്‍ ഞങ്ങള്‍ ശ്രമം നടത്തി. ഈ പ്രക്രിയയില്‍ വര്‍ഗ്ഗസമരത്തെ തള്ളിക്കളഞ്ഞ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായും മറ്റ് ബൂര്‍ഷാ ലിബറല്‍ ജനാധിപത്യ പാര്‍ട്ടികളുമായും ജാതിമത സംഘടകളുമായും ഞങ്ങള്‍ ഏറ്റുമുട്ടി. ജാതി - മത നേതാക്കള്‍ വര്‍ഗ്ഗീയ സംഘടനകള്‍ കെട്ടിപ്പെടുക്കുന്നതിന് മുഴുവന്‍ കഴിവും വിനിയോഗിച്ചപ്പോള്‍ ഞങ്ങള്‍ വര്‍ഗ്ഗസംഘടനകള്‍ കെട്ടിപ്പടുത്തു. എല്ലാ ജാതി - മതസമൂഹങ്ങളിലുംപെട്ട അദ്ധ്വാനിക്കുന്നവര്‍ അതില്‍ ഒന്നിച്ച് അണിനിരക്കുകയും ചെയ്‌തു. തിരുവിതാംകൂറില്‍ ആലപ്പുഴയിലെ പൊതു പണിമുടക്കും, മലബാറില്‍ നടന്ന കര്‍ഷക സമരങ്ങളും ജാതി - മത സംഘടനാ നേതാക്കള്‍ക്കുള്ള ഞങ്ങളുടെ ചുട്ടമറുപടിയായിരുന്നു.
1930 കളില്‍ സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രൂപീകരിച്ചപ്പോള്‍ അഭിമുഖീകരിക്കേണ്ടി വന്ന മറ്റൊരു പ്രശ്‌നം വിപ്ലവപരമായ സാമൂഹിക പരിവര്‍ത്തനത്തില്‍ കലയ്‌ക്കും സാഹിത്യത്തിനുമുള്ള പങ്കിന്റേതായിരുന്നു. അദ്ധ്വാനിക്കുന്ന ജനങ്ങളുടെ ജീവിതത്തെയും സമരങ്ങളെയും ആസ്‌പദമാക്കി സാഹിത്യ രചന നടത്തുവാനുള്ള മാക്‌സിം ഗോര്‍ക്കിയുടെയും സാര്‍വദേശീയ തൊളിലാളിസാഹിത്യ രംഗത്തെ മറ്റ് പ്രഗത്ഭമതികളുടെയും മുന്‍ഷി പ്രേംചന്ദിനെപ്പോലുള്ള ഇന്ത്യന്‍ സാഹിത്യകാരന്‍മാരുടെയും ആഹ്വാനം ഞങ്ങളെ ആഴത്തില്‍ സ്വാധീനിച്ചു. മലയാളത്തിലെ പുരോഗമന സാഹിത്യകാരന്‍മാരുടെ ആദ്യത്തെ സംഘടന 1937ല്‍ രൂപം കൊണ്ടു. പ്രാരംഭഘട്ടത്തില്‍ ഈ സംഘടന മുഖ്യമായും വിപ്ലവ പ്രവര്‍ത്തനത്തോട് പ്രതിജ്ഞാബദ്ധരായ സ്ഥിരപ്രതിഷ്‌ഠ നേടിയ സാഹിത്യകാരന്‍മാരേയും നിരൂപകരേയും ഉള്‍പ്പെടുത്തി ഇത് വിപുലപ്പെടുത്തി. പില്‍ക്കാലത്ത് പുരോഗമന സാഹിത്യകാരന്മാര്‍ക്കിടയിലെ രണ്ട് ഗ്രൂപ്പുകളും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുക്കുകയും കമ്മ്യൂണിസ്റ്റുകാരും പുരോഗമന സാഹിത്യ പ്രസ്ഥാനത്തിലെ മറ്റുള്ളവരുമായി കടുത്ത വിവാദം നടക്കുകയും ചെയ്‌തു. ഈ ആശയ സംഘട്ടനം സാഹിത്യത്തിന്റെ രൂപവും ഭാവവും സംബന്ധിച്ച പ്രശ്‌നങ്ങളില്‍ കൂടുതല്‍ വ്യക്തത കൈവരിക്കുന്നതിലേക്കു വഴിതെളിച്ചു.
സാഹിത്യത്തേയും പുരോഗമനസാഹിത്യത്തേയും കുറിച്ചുള്ള ഈ ചര്‍ച്ചകള്‍ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ ഇതര മേഖലകളിലും - നാടകം, സിനിമ, അനുഷ്‌ഠാന - ദൃശ്യകലകള്‍ ആദിയായ മേഖലകളില്‍ - പുത്തന്‍ പ്രവണത വളര്‍ന്നു വരുന്നതിനു സഹായകമായി. ഇങ്ങനെ പുരോഗമന സാഹിത്യകാരന്മാരുടെയും കലാകാരന്‍മാരുടെയും ഇപ്പോഴത്തെ സംഘടന നിലവില്‍ വന്നു. ഈ രംഗങ്ങളിലെ മികച്ച പ്രതിഭകളെ ജനാധിപത്യത്തിനും മതനിരപേക്ഷതയ്‌ക്കും വേണ്ടിയുള്ള സമരത്തിലേക്ക് ആകര്‍ഷിക്കുന്നതാണ് ഈ സംഘടന. കേരളത്തിലെ പ്രശസ്‌തരായ പല എഴുത്തുകാരും കവികളും സംഗീതജ്ഞരും സിനിമാ പ്രവര്‍ത്തകരും കലാരംഗത്തെ പ്രഗത്ഭരും ഇതില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. അവരില്‍ പലരും ഈ കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നുണ്ട്. അവരുടെ സാന്നിദ്ധ്യം കലാ സാഹിത്യാദി പ്രശ്‌നങ്ങളില്‍ കൂടുതല്‍ വ്യക്തത കൈവരിക്കുന്നതിന് സഹായകമാവുമെന്ന് എനിക്കുറപ്പുണ്ട്. ഇവിടെ നടക്കുന്ന ആശയവിനിമയം അവര്‍ക്കും പ്രയോജനകരമായിരിക്കും.
മേല്‍പ്പറഞ്ഞ കാലയളവില്‍ കമ്മ്യൂണിസ്റ്റുകാര്‍ നല്‍കിയ മറ്റൊരു സുപ്രധാന ഏകീകൃത ഇന്ത്യയുടെ ബഹുദേശീയ സ്വഭാവം സംബന്ധിച്ച സിദ്ധാന്തമാണ്. തനതായ ഭാഷയും വ്യത്യസ്‌ത സംസ്‌കാരവുമുള്ള (കേരളത്തിലെ മലയാളം സംസാരിക്കുന്ന ജനവിഭാഗത്തെപ്പോലുള്ള) ഏതൊരു ജനവിഭാഗവും വ്യത്യസ്‌ത ദേശീയതകളാണ് എന്ന സിദ്ധാന്തം ഞങ്ങള്‍ മുന്നോട്ടു വെച്ചു. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായ പോരാട്ടത്തില്‍ ഈ ദേശീയതകളെല്ലാം ഒന്നിച്ചു; സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ രൂപം കൊള്ളുന്ന ഏകീകൃത ഫെഡറല്‍ ഇന്ത്യയിലും ഈ ഐക്യം മുന്നോട്ട് കൊണ്ടു പോകണം. നാനാത്വത്തില്‍ ഏകത്വം എന്ന തത്വത്തില്‍ അധിഷ്‌ഠിതമായതും പുതിയ ഭാഷാ സംസ്ഥാനങ്ങള്‍ക്ക് കഴിയുന്നത്ര സ്വയംഭരണാവകാശങ്ങളോടു കൂടിയതുമായ ഏകീകൃത ഇന്ത്യ എന്ന ലക്ഷ്യമാണ് പാര്‍ട്ടി മുന്നോട്ട് വച്ചത്. ഈ ധാരണയുടെ വിശദാംശങ്ങള്‍ കുറ്റമറ്റതായിരുന്നില്ലെങ്കിലും അതിലടങ്ങിയ മുഖ്യ ആശയം തികച്ചും ശരിയായിരുന്നു. ഇന്ത്യന്‍ രാഷ്‌ട്രീയത്തിന് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വം നല്‍കിയ സവിശേഷ സംഭാവനയാണിത്.
ഏകീകൃത ഇന്ത്യയുടെ ബഹുദേശീയ സ്വഭാവം സംബന്ധിച്ച ഈ സിദ്ധാന്തം കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ ഏറ്റെടുത്തു പുഷ്‌ടിപ്പെടുത്തി. 1945 ല്‍ ഞാന്‍ എഴുതിയ ഒരു ലഘുരേഖയില്‍ മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നിവിടങ്ങളിലെ മലയാളികളെ ഒരുമിപ്പിച്ച് ഒരു ഏകീകൃത കേരള സംസ്ഥാനത്തിന് കീഴില്‍ വരണമെന്ന ആശയം മുന്നോട്ടു വെച്ചു. തെക്കന്‍ തിരുവിതാംകൂറിലെ തമിഴ് ഭൂരിപക്ഷ പ്രദേശങ്ങളും വടക്കേ മലബാറിലെ കന്നട ഭൂരിപക്ഷ പ്രദേശങ്ങളും യഥാക്രമം തമിഴ്‌നാട്, കര്‍ണ്ണാടകം എന്നീ ഭാഷാ സംസ്ഥാനങ്ങളില്‍ ചേര്‍ക്കുകയും വേണം. ഒന്നേകാല്‍ കോടി മലയാളികള്‍ എന്ന പേരിലുള്ള ഈ ലഘുലേഖയിലെ മുഖ്യ ആശയം ഇതായിരുന്നു. പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി മുന്നോട്ട് വെച്ച ആശയം കേരളത്തിലെ പരിതഃസ്ഥിതിയില്‍ പ്രയോഗത്തില്‍ വരുത്തുവാനുള്ള ഈ ശ്രമത്തോടൊപ്പം ആന്ധ്രയില്‍ പി. സുന്ദരയ്യയും, ബംഗാളില്‍ ഭവാനി സെന്നും ഇതുപോലുള്ള ശ്രമങ്ങള്‍ നടത്തുകയുണ്ടായി.
ദേശീയതകളെയും ഏകീകൃത ഇന്ത്യയെയും സംബന്ധിച്ച ഈ ധാരണയുടെ അടിസ്ഥാനത്തിലാണ് വിപ്ലവപ്രസ്ഥാനം തിരുവിതാംകൂറിലെ പുന്നുപ്ര-വയലാര്‍, ആന്ധ്രയിലെ തെലുങ്കാന, ബംഗാളിലെ തേഭാഗാ എന്നീ സമരങ്ങളിലേക്ക് മുന്നേറിയത്. ഈ വിപ്ലവ സമരങ്ങളും കേരളം, ആന്ധ്ര, ബംഗാള്‍ എന്നിവ വ്യത്യസ്‌ത ദേശീയതകളാണെന്ന ആശയവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ നിന്നും മറ്റ് ബൂര്‍ഷ്വാ പാര്‍ട്ടികളില്‍ നിന്നും വേര്‍തിരിച്ചു കാട്ടി. ദേശീയ ഐക്യത്തോടുകൂടിയ ഒരു കേന്ദ്രവും കഴിയുന്നത്ര വിപുലമായ സ്വയം ഭരണാവകാശങ്ങളോടുകൂടിയ ഭാഷാ സംസ്ഥാനങ്ങളും അടങ്ങുന്ന സ്വതന്ത്ര ഇന്ത്യയെക്കുറിച്ചുള്ള ഈ കാഴ്‌ചപ്പാട് പുതുതും വിപ്ലവകരവുമായ ഒന്നായിരുന്നു. ഏകീകൃത ഇന്ത്യയിലെ വ്യത്യസ്‌ത ദേശീയതകള്‍ എന്ന ഞങ്ങളുടെ ആശയം സംസ്ഥാനങ്ങള്‍ക്ക് സ്വയംഭരണ അവകാശമില്ലാത്ത കേന്ദ്രീകൃതവും ഏകോപിതവുമായ ഇന്ത്യ എന്ന കോണ്‍ഗ്രസിന്റെ ആശയത്തിനും ഹിന്ദുക്കളും മുസ്ലീങ്ങളും വ്യത്യസ്‌ത ദേശീയതകളാണെന്ന മുസ്ലീം ലീഗിന്റെ സിദ്ധാന്തത്തിനും എതിരായിരുന്നു.
ദേശീയതകളെക്കുറിച്ചുള്ള ഈ ധാരണ കേരളത്തിന്റെ ചരിത്രത്തേയും സമൂഹത്തെയും കുറിച്ച് പഠിക്കാനുള്ള പാര്‍ട്ടിയുടെ ശ്രമങ്ങളെ സ്വാധീനിച്ചു. മാര്‍ക്‌സിസ്റ്റ് വര്‍ഗ്ഗസമര സിദ്ധാന്തത്തെ ആസ്‌പദമാക്കിയ ഒന്നാമത്തെ കേരളചരിത്രം രചിക്കാന്‍ നടത്തിയ ശ്രമത്തിലൂടെ ഞാന്‍ തന്നെ എന്റേതായ എളിയ സംഭാവന ഇതിനു നല്‍കി. കേരളത്തിന്റെ പൗരാണിക ചരിത്രം നിഗൂഢതകളില്‍ ആണ്ടു കിടക്കുന്ന ഒന്നാകയാല്‍ ഈ ശ്രമങ്ങള്‍ക്ക് തീര്‍ച്ചയായും ചില ദൗര്‍ബല്യങ്ങളുണ്ടായിരുന്നു. എന്നാല്‍ മദ്ധ്യകാലത്തെ സംബന്ധിച്ചിടത്തോളം ഞാന്‍ വിശേഷിപ്പിച്ച തരത്തില്‍ ജാതി - ജന്മി - നാടുവാഴി മേധാവിത്വം (ഇന്ത്യന്‍ ഫ്യൂഡലിസത്തിന്റെ കേരളത്തിലെ സവിശേഷ രൂപം) സമ്പ്രദായം കേരളത്തില്‍ വ്യവസ്ഥാപിതമായിരുന്നു എന്ന വസ്‌തുത പുറത്തു കൊണ്ടുവരുന്നതില്‍ ഞാന്‍ വിജയിക്കുകയുണ്ടായി. കേരളത്തിന്റെ പൗരാണിക ചരിത്രം സംബന്ധിച്ച എന്റെ ധാരണകള്‍ പിന്നീട് തിരുത്തേണ്ടിവന്നെങ്കിലും മദ്ധ്യകാലത്തേയും ആധുനിക കാലത്തേയും സംബന്ധിച്ച് ഞാനെഴുതിയത് കാലത്തിന്റെ പരിശോധനകളെ അതിജീവിച്ച് നിലകൊള്ളുന്നു.
കേരള ചരിത്രത്തെക്കുറിച്ചുള്ള ഞങ്ങളുടെ പാഠങ്ങളും 1940 കളിലും 1950 കളുടെ തുടക്കത്തിലും നടന്ന വിപ്ലവകരമായ സമരങ്ങളിലെ ഞങ്ങളുടെ പങ്കാളിത്തവും കേരളത്തിന്റെ സാമൂഹ്യവും സാമ്പത്തികവും രാഷ്‌ട്രീയപരവും സാംസ്‌കാരികവുമായ പ്രശ്‌നങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതില്‍ ഞങ്ങളെ മറ്റു രാഷ്‌ട്രീയ സംഘടനകളെക്കാള്‍ മുന്‍പന്തിയിലെത്തിച്ചു; അതുകൊണ്ട് തന്നെ അവരേക്കാള്‍ കൂടുതല്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഞങ്ങള്‍ക്കു കഴിഞ്ഞു. ഇത്തരത്തിലുള്ള പഠനത്തിലൂടെയും പ്രായോഗിക പ്രവര്‍ത്തനങ്ങളിലൂടെയും സ്വാതന്ത്യാനന്തര കാലഘട്ടത്തില്‍ സംസ്ഥാനത്തെ മുഖ്യ രാഷ്‌ട്രീയ ശക്തിയായി പാര്‍ട്ടി വളര്‍ന്നു വന്നു. (പശ്ചിമ ബംഗാളിലും ത്രിപുരയിലും പാര്‍ട്ടി മുഖ്യ രാഷ്‌ട്രീയ ശക്തിയാണ്). കേരള സംസ്ഥാനം നിലവില്‍ വന്നശേഷം 1957 ല്‍ ഒന്നാമതായി നടന്ന നിയമസഭാ - പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിജയിച്ചു. അതില്‍ പിന്നീട് ഇടതുപക്ഷം കേരള രാഷ്‌ട്രീയത്തിലെ മുഖ്യശക്തിയായി തുടര്‍ന്നു വരുന്നു.
പിന്തിരിഞ്ഞ് നോക്കുമ്പോള്‍ ഞങ്ങള്‍ക്കു പറ്റിയ മുഖ്യ പരാജയങ്ങളിലൊന്ന് മതന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സംബന്ധിച്ച ധാരണയാണെന്ന് ഞാന്‍ കരുതുന്നു. പശ്ചിമബംഗാളില്‍ നിന്നും ത്രിപുരയില്‍ നിന്നും വ്യത്യസ്‌തമായി കേരളത്തില്‍ ക്രിസ്‌ത്യന്‍, മുസ്ലീം ന്യൂനപക്ഷങ്ങളുടെ ഒരു വലിയ വിഭാഗമുണ്ട്. അവര്‍ സംസ്ഥാനത്തെ ജനസംഖ്യയുടെ 40 ശതമാനത്തോളം വരും. മുസ്ലീങ്ങളും ക്രിസ്‌ത്യാനികളും മതത്തെ ആസ്‌പദമാക്കി പ്രവര്‍ത്തിക്കുന്ന നേതാക്കളുടെ സ്വാധീനത്തിനു കീഴിലാണ്. - അതായത് മുസ്ലീം ലീഗിന്റെയും ക്രിസ്‌ത്യന്‍ പള്ളിയും വിവിധ കാരണങ്ങളാല്‍ ശക്തമായ കമ്മ്യൂണിസ്റ്റ് വിരുദ്ധ കാരണങ്ങളാല്‍ ശക്തമായ കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാടാണ് കൈകൊണ്ടത്. അത് കേരളത്തിന്റെ വികസനത്തിന് വരുത്തി വെച്ച വിഘ്‌നം ചെറുതല്ല.
ഇന്നിപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു. ക്രിസ്‌തുമത വിശ്വാസികളായ പുരോഹിതരിലും സാധാരണക്കാരിലും ഒരു വിഭാഗം ദേശീയ ഐക്യത്തിനും ജനാധിപത്യത്തിനും സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയുള്ള സമരത്തില്‍ കമ്മ്യൂണിസ്റ്റുകാരുമായി കൈകോര്‍ത്ത് പിടിക്കുവാന്‍ തയ്യാറായിരിക്കുന്നു. മുസ്ലീം സമുദായത്തിലും വന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ വിശ്വാസികളായ മുസ്ലീംങ്ങളും കമ്മ്യൂണിസ്റ്റുകാരും തമ്മിലുള്ള സഹകരണത്തിന് വാതില്‍ തുറന്നിരിക്കുന്നു. ഹൈന്ദവ സമൂഹത്തിലും, ഇന്ത്യയില്‍ വിവേകാനന്ദസ്വാമിയും കേരളത്തില്‍ ശ്രീനാരായണ ഗുരുവും ഉദ്‌ഘോഷിച്ച വിപ്ലവമാനവികതയുടെ സന്ദേശം നിശ്ചയമായും കൂടുതല്‍ സന്യാസിമാരെ കമ്മ്യൂണിസ്റ്റുകാരുമായി സഹകരിക്കുന്നതിലേക്കെത്തിക്കും. മറുലോകത്തൊരു സ്വര്‍ഗമുണ്ടെന്ന് അനുമാനിക്കുന്നതിലുപരി ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗം പണിയുന്നതിന് വിശ്വാസികളും കമ്മ്യൂണിസ്റ്റുകാരും തമ്മിലുള്ള സഹകരണം ലെനിന്‍ വിഭാവനം ചെയ്യുകയുണ്ടായി. അത്തരത്തിലൊരു സഹകരണം സാദ്ധ്യമാണ്.
ഞങ്ങളുടെ സിദ്ധാന്തങ്ങളും പ്രായോഗിക പ്രവര്‍ത്തനങ്ങളും കേരളത്തില്‍ ആഴത്തിലുള്ള മുദ്ര പതിപ്പിച്ചിരിക്കുന്നു. ഭൂപരിഷ്‌കാരം, ബഹുജനസംഘടനകളുടെ വളര്‍ച്ച, വിദ്യാഭ്യാസത്തിന്റെ വ്യാപനം, മെച്ചപ്പെട്ട ആരോഗ്യനില - ഇതൊക്കെ കേരളത്തിന്റെ മുഖച്ഛായ ഗണ്യമായി മാറ്റിയിരിക്കുന്നു. ഇതു പണ്‌ഡിതന്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്‌തിരിക്കുന്നു. വളരെയേറെ ചര്‍ച്ച ചെയ്യപ്പെടുന്ന കേരളത്തിന്റെ വികസന മാതൃകയെ കുറിച്ചാണ് ഞാന്‍ പരാമര്‍ശിക്കുന്നത്. ആ മാതൃകയ്‌ക്ക് ക്രിയാത്മകമായ വശങ്ങള്‍ ഉണ്ട്. വിദ്യാഭ്യാസം, പൊതുജനആരോഗ്യം, തുടങ്ങിയ മേഖലകളെ നല്‍കിയ ഊന്നല്‍ സംസ്ഥാനത്ത് സ്വതന്ത്ര്യമായ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ആവിര്‍ഭാവത്തിന് വഴിതെളിച്ചു; അധ്വാനിക്കുന്ന ജനങ്ങളുടെ വിവിധ വിഭാഗങ്ങളുടെ സംഘടിത പ്രസ്ഥാനം ഉയര്‍ന്നു വരുന്നതിനും ഇത് സഹായിച്ചു. ഈ നേട്ടങ്ങളെപ്പറ്റി എനിക്ക് അഭിമാനമുണ്ട്. എന്നാല്‍ കേരളത്തിലെ സമകാലീന സമ്പദ്‌വ്യവസ്ഥയുടെയും സമൂഹത്തിന്റെയും നിഷേധാത്മക വശങ്ങള്‍ അവഗണിക്കാന്‍ കഴിയാത്തവിധം ഗുരുതരമാണെന്ന് പറയേണ്ടിയിരിക്കുന്നു.
`മാനവ വികസന സൂചിക' കളുടെ കാര്യത്തില്‍ സുപ്രധാന പുരോഗതി ഉണ്ടായിട്ടുണ്ടെന്നിരിക്കിലും കേരളം ഇന്ന് തൊഴില്‍ മേഖലയിലും, കാര്‍ഷിക - വ്യാവസായിക രംഗങ്ങളിലെ ഉല്‍പാദനത്തിന്റെ കാര്യത്തിലും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ജനജീവിതം മെച്ചപ്പെടുത്തുന്നതും ജനക്ഷേമകരവുമായ സാമൂഹിക മേഖലാ പ്രശ്‌നങ്ങള്‍ക്ക് വേണ്ടി നാം വളരെയേറെ സമയവും ശ്രദ്ധയും വിനിയോഗിച്ചപ്പോള്‍ സാമ്പത്തിക വളര്‍ച്ചയുടെയും ഭൗതികോല്‍പ്പാദനത്തിന്റേതുമായ അടിയന്തിരപ്രശ്‌നങ്ങളില്‍ നാം വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചിരുന്നില്ല എന്നാണ് ഞാന്‍ കരുതുന്നത്. എനിക്കൊരപേക്ഷയുണ്ട്. കേരളത്തിലെ നേട്ടങ്ങളെ ചൊല്ലി പണ്‌ഡിതന്മാര്‍ ചൊരിയുന്ന സ്‌തുതിവര്‍ഷത്താല്‍ നാം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും നമ്മുടെ ശ്രദ്ധ വ്യതിചലിക്കാന്‍ ഇടയാകരുത്. സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ നാം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ പുറകിലാണ്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഇനി ഒട്ടും വൈകിക്കൂടാ. തൊഴില്‍, ഉല്‍പാദന മേഖലകളിലെ നമ്മുടെ പിന്നോക്കാവസ്ഥ അവഗണിക്കുന്നത് നമുക്ക് തന്നെ ആപത്തായിരിക്കും.
ആഗോള - ദേശീയ തലങ്ങളില്‍ സാമ്പത്തിക - രാഷ്‌ട്രീയ സ്ഥാപനങ്ങളുടെ ഘടനാ പരിഷ്‌കാരങ്ങളും പുതിയ നയങ്ങളും പ്രശ്‌നങ്ങളെ ഇനിയും രൂക്ഷമാക്കാന്‍ പോകുകയാണ്. രാഷ്‌ട്രീയമായ പരിഹാരങ്ങളാണ് ഇന്നത്തെ ആവശ്യം. ഈ ജനവിരുദ്ധ മാറ്റങ്ങളേയും നയങ്ങളേയും ചെറുത്തു തോല്‍പ്പിക്കുന്നതിനാണ് ഒരു രാഷ്‌ട്രീയ പ്രവര്‍ത്തനകനെന്ന നിലയില്‍ ഞാന്‍ ഒന്നാമത്തെ മുന്‍ഗണന നല്‍കുക. ഇത് നീണ്ടതും സമയമെടുക്കുന്നതുമായ ഒരു സംഘര്‍ഷമായിരിക്കും.
*
മൂന്നാം പഠന കോണ്‍ഗ്രസ് വെബ് സൈറ്റ്
Subscribe to:
Post Comments (Atom)
1 comment:
1994ല്‍ തിരുവനന്തപുരത്ത് നടന്ന ഒന്നാം കേരള പഠനകോണ്‍ഗ്രസിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ ഇ എം എസ് നടത്തിയ അധ്യക്ഷപ്രസംഗം
Post a Comment