Sunday, January 30, 2011

അറബ് ലോകത്തില്‍ ജനകീയ മുന്നേറ്റത്തിന്റെ വിജയം

ഉത്തരാഫ്രിക്കയിലെ ടുണീഷ്യയെ കഴിഞ്ഞ 23 വര്‍ഷമായി സ്വേച്ഛാധിപതിയായി അടക്കി ഭരിച്ചിരുന്ന സയ്ന്‍ എല്‍ അബിദിന്‍ ബെന്‍ അലി ഒടുവില്‍ ജനരോഷത്തില്‍നിന്ന് രക്ഷനേടുന്നതിനായി സകുടുംബം ഒളിച്ചോടി, സൌദിഅറേബ്യയില്‍ അഭയംതേടി. ജനുവരി 14നാണ് ഈ ഏകാധിപതി പരാജയം സമ്മതിച്ച് നാടുവിട്ടോടിയത്. അതിന് തലേദിവസം രാജ്യത്തെ ജനങ്ങളെ അഭിസംബോധനചെയ്ത് പ്രസ്താവിച്ചത് 2014ല്‍ തന്റെ കാലാവധി കഴിയുന്നതോടെ അധികാരം ഒഴിയുമെന്നും പിന്നീട് അധികാരത്തില്‍ തുടരാന്‍ ശ്രമിക്കില്ല എന്നും രാജ്യത്ത് കൂടുതല്‍ പരിഷ്കരണങ്ങളും സ്വാതന്ത്ര്യങ്ങളും അനുവദിക്കുമെന്നുമാണ്. എന്നാല്‍ പ്രക്ഷോഭത്തിന്റെ ഉച്ചാവസ്ഥയില്‍ എത്തിയിരുന്ന രാജ്യത്തെ പിന്നോട്ടടിപ്പിക്കാനോ ആളിക്കത്തിയിരുന്ന ജനവികാരത്തെ തണുപ്പിക്കാനോ ബെന്‍ അലിയുടെ ഈ പ്രലോഭനങ്ങള്‍ക്ക് കഴിഞ്ഞില്ല. ടുണീഷ്യയിലെ നാടും നഗരവും ഒന്നുപോലെ രാജവീഥികളിലും തെരുവുകളിലുമാകെ രോഷാകുലരായ ജനങ്ങള്‍ - പ്രത്യേകിച്ചും യുവാക്കളും വിദ്യാര്‍ത്ഥികളും തൊഴിലാളികളും-ആര്‍ത്തിരമ്പിയെത്തി. തലസ്ഥാനമായ ടുണീസില്‍ ജനങ്ങള്‍ ആഭ്യന്തരമന്ത്രാലയം വളഞ്ഞു. പട്ടാളത്തില്‍തന്നെ ചേരിതിരിവുണ്ടായി. ഒരുവിഭാഗം ജനകീയ സമരത്തെ അടിച്ചമര്‍ത്താന്‍ വിസമ്മതിച്ചു. ടുണീഷ്യന്‍ സൈനികമേധാവി ജനറല്‍ റഷീദ് അമ്മാര്‍ പ്രതിഷേധപ്രകടനക്കാര്‍ക്കുനേരെ ബലപ്രയോഗം നടത്താന്‍ ഉത്തരവ് നല്‍കാന്‍ തയ്യാറായില്ല. ഈ പശ്ചാത്തലത്തിലാണ് അബിദിന്‍ ബെന്‍ അലി നാടുവിട്ടോടിയത്.

കഴിഞ്ഞ ഒരു മാസമായി തുടരുന്ന ജനകീയ കലാപമാണ് ഒടുവില്‍ വിജയം വരിച്ചത്. 2010 ഡിസംബര്‍ 17നായിരുന്നു തുടക്കം. തൊഴില്‍ ലഭിക്കാതെ ജീവിക്കാന്‍ മറ്റൊരു മാര്‍ഗ്ഗവുമില്ലാതെ പച്ചക്കറി കച്ചവടം നടത്തിയിരുന്ന സര്‍വ്വകലാശാലാ ബിരുദം നേടിയ ഒരു യുവാവിനെ, അയാള്‍ കച്ചവടം ചെയ്യാനുള്ള ലൈസന്‍സ് എടുത്തിട്ടില്ലെന്നപേരില്‍, അധികാരികള്‍ അയാളുടെ ഉപജീവനമാര്‍ഗ്ഗമായ ഉന്തുവണ്ടിയും പച്ചക്കറിയും പിടിച്ചെടുക്കുകയും അയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. ഇതില്‍ മനംനൊന്ത ആ യുവാവ് തന്റെ പ്രതിഷേധം പ്രകടിപ്പിച്ചത് സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ചുകൊണ്ടായിരുന്നു. സ്വയം തീകൊളുത്തി മരണത്തെ വരിച്ച ആ യുവാവ് യഥാര്‍ത്ഥത്തില്‍ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന, പാശ്ചാത്യ സാമ്രാജ്യത്വശക്തികളുടെ ഒത്താശയുണ്ടായിരുന്ന ജനവിരുദ്ധ മര്‍ദ്ദകവാഴ്ചയ്ക്കെതിരായ പോരാട്ടത്തിനാണ് തീകൊളുത്തിയത്. ഈ സംഭവം നടന്നത് ടുണീഷ്യയിലെ പടിഞ്ഞാറന്‍ പട്ടണങ്ങളിലൊന്നായ സിദി ബൌസെയ്ദിലായിരുന്നു. വിലക്കയറ്റവും തൊഴിലില്ലായ്മയും അഴിമതിയും അക്രമവാഴ്ചയുംകൊണ്ട് പൊറുതിമുട്ടിയിരുന്ന ജനങ്ങളെ സംബന്ധിച്ചിടത്തോളം ഈ സംഭവം വീണുകിട്ടിയ അവസരമായി മാറുകയാണുണ്ടായത്. ഉണങ്ങി വരണ്ട പുല്‍പ്പരപ്പില്‍ വീണ തീപ്പൊരിപോലെയാണ് ആദ്യം സിദി ബൌസെയ്ദിലും തുടര്‍ന്ന് രാജ്യമെമ്പാടും പ്രക്ഷോഭം ആളിക്കത്തിയത്. സമരത്തിന്റെ മുന്‍നിരയില്‍ നിന്നിരുന്ന സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളെയും അഭ്യസ്തവിദ്യരും തൊഴില്‍രഹിതരുമായ യുവാക്കളെയും പ്രക്ഷോഭത്തില്‍നിന്ന് പിന്തിരിപ്പിക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായി അടച്ചിട്ടു. രാജ്യത്താകെ കര്‍ഫ്യു ഏര്‍പ്പെടുത്തി.

അടിച്ചമര്‍ത്താന്‍ ആകാത്തവിധം സമരം ശക്തമായപ്പോള്‍ അടുത്തത് പ്രലോഭനങ്ങളായി, വാഗ്ദാനങ്ങളുടെ പെരുമഴയായി-അടുത്ത രണ്ട് വര്‍ഷത്തിനകം മൂന്നുലക്ഷം ആളുകള്‍ക്ക് തൊഴില്‍ ഉറപ്പാക്കും എന്നതായിരുന്നു പ്രധാന വാഗ്ദാനം. പക്ഷേ, അതെങ്ങനെ നടപ്പാക്കും എന്നതിന് പരിപാടികളൊന്നും മുന്നോട്ടുവെച്ചില്ല. പൊലീസ് അക്രമങ്ങള്‍ക്ക് ഉത്തരവാദി എന്ന പേരില്‍ ആഭ്യന്തരമന്ത്രി റഫീക് ബെല്‍ഹാജ് കാസിമിനെ പുറത്താക്കി. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണവും ശക്തമായ നടപടിയും വാഗ്ദാനം ചെയ്യപ്പെട്ടു. പക്ഷേ, ജനങ്ങള്‍ അതുകൊണ്ടൊന്നും തൃപ്തരായില്ല. കാരണം ഏറ്റവും വലിയ അഴിമതിക്കാര്‍, അഴിമതിയുടെ ആകെ ഉറവിടം, ബെന്‍ അലിയും കുടുംബാംഗങ്ങളുമാണെന്ന് ജനങ്ങള്‍ക്കറിയാമായിരുന്നു. ബെന്‍ അലിയുടെ ഭാര്യ ലൈല ട്രാബെല്‍സി അഴിമതിയുടെ പര്യായമായാണ് കണക്കാക്കപ്പെടുന്നത്. ട്രാബെല്‍സി കുടുംബാംഗങ്ങള്‍ രാജ്യത്തെയാകെ കട്ടുമുടിക്കുകയായിരുന്നു. അതുകൊണ്ടുതന്നെയാണ് ഏതെങ്കിലും ചില ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടികള്‍ കൊണ്ടുമാത്രം ജനങ്ങള്‍ തൃപ്തരാകാത്തത്. പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെപേരില്‍ തടവിലാക്കപ്പെട്ടവരെ വിട്ടയക്കാമെന്ന വാഗ്ദാനവും ജനങ്ങളെ തൃപ്തരാക്കിയില്ല. എല്‍ ജനറല്‍ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന, പ്രക്ഷോഭത്തിന് ജനങ്ങളെ പ്രേരിപ്പിച്ചിരുന്ന, ഒരു സംഗീതജ്ഞനെ തടവില്‍നിന്ന് മോചിപ്പിച്ചെങ്കിലും ബെന്‍ അലിയുടെ വാഗ്ദാനങ്ങളെ നിരാകരിച്ചുകൊണ്ട്, ഭരണനേതൃത്വത്തെ മാറ്റുന്നതിന് സമരരംഗത്ത് ഉറച്ചുനില്‍ക്കാന്‍ ജനങ്ങളെ ആഹ്വാനംചെയ്ത കമ്യൂണിസ്റ്റ് നേതാവ് ഹമ്മ ഹമ്മാമിയെ വീട്ടുതടങ്കലിലാക്കുകയാണുണ്ടായത്.

ഒരു മാസത്തോളം നീണ്ടുനിന്ന ജനകീയ കലാപത്തില്‍ രണ്ട് ഡസന്‍ ആളുകള്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക റിപ്പോര്‍ട്ടെങ്കിലും നൂറോളംപേര്‍ കൊല്ലപ്പെട്ടതായാണ് പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ട്രേഡ്യൂണിയനുകളും പറയുന്നത്. ഏഴുപേര്‍ സ്വയം ജീവനൊടുക്കിയതായും വാര്‍ത്തകളുണ്ട്. ഈ ആത്മ ത്യാഗങ്ങളാണ് പ്രസ്ഥാനത്തിന് ഊര്‍ജ്ജം പകര്‍ന്നത്. എന്നാല്‍ ജനകീയ സമരം അരാജകത്വത്തിലേഷക്ക് നീങ്ങാതിരിക്കുന്നതിന് അയല്‍കൂട്ട സംഘങ്ങള്‍ രൂപീകരിക്കുകയും കൊള്ളിവെയ്പും കൊള്ളയും തടയുന്നതിന് അവ ജാഗ്രത പുലര്‍ത്തുകയും ചെയ്തിരുന്നു.

മര്‍ദ്ദന നടപടികളും പ്രലോഭനങ്ങളും ഒന്നുംകൊണ്ട് ജനങ്ങളെ പിന്തിരിപ്പിക്കാനാവാതെ വന്നപ്പോഴാണ് ഗത്യന്തരമില്ലാതെ ബെന്‍ അലി സൌദി അറേബ്യയില്‍ അഭയംതേടിയത്. ആദ്യം ഫ്രാന്‍സിലേക്ക് പോകാനാണ്, ഫ്രാന്‍സിലെ സര്‍ക്കോസി സര്‍ക്കാരിന്റെ സുഹൃത്തായ ബെന്‍ അലി (ടുണീഷ്യ പഴയ ഫ്രഞ്ച് കോളനിയുമാണ്) ശ്രമിച്ചത്. എന്നാല്‍ അതിന് അവസാന നിമിഷം ഫ്രാന്‍സ് അനുമതി നിഷേധിക്കുകയാണുണ്ടായത്. അമേരിക്കയുടെയും മറ്റു സാമ്രാജ്യത്വ ശക്തികളുടെയും ആഫ്രിക്കയിലെ വിശ്വസ്തരില്‍ ഒരാളായിരുന്നു ബെന്‍ അലി. ടുണീഷ്യയിലെ കലാപത്തെ അടിച്ചമര്‍ത്താന്‍, അതില്‍ പ്രത്യേക വൈദഗ്ധ്യം നേടിയ ഫ്രഞ്ച് പൊലീസുകാരെ അയച്ചുകൊടുക്കാമെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി മിഷേല്‍ അലിയോ-മാരി പ്രസ്താവിക്കുകപോലുമുണ്ടായി. യഥാര്‍ത്ഥത്തില്‍ അലിയുടെ തകര്‍ച്ച പാശ്ചാത്യ ശക്തികള്‍ക്കും തിരിച്ചടിയായി.

പാശ്ചാത്യ ശക്തികളെ മാത്രമല്ല അറബിമേഖലയിലെയാകെ ഭരണാധികാരികളെ ടുണീഷ്യയിലെ ജനകീയ വിപ്ളവം അങ്കലാപ്പിലാക്കിയിരിക്കുകയാണ്. വില നിലവാരം കുറയ്ക്കുന്നതിന്റെ ഭാഗമായി പഞ്ചസാരയുടെയും ഭക്ഷ്യ എണ്ണകളുടെയും മറ്റും നികുതി ഗണ്യമായി വെട്ടിക്കുറയ്ക്കാന്‍ തിരക്കിട്ട് നൈജീരിയയിലെ സര്‍ക്കാര്‍ തീരുമാനിച്ചത്, ടുണീഷ്യയിലെ ജനകീയ പോരാട്ടത്തിന്റെ അനന്തരഫലങ്ങളിലൊന്നാണ്. ഈജിപ്തിലടക്കം പല അറബിരാജ്യങ്ങളിലും ജനകീയ ശക്തികള്‍ക്ക് ടുണീഷ്യയിലെ പോരാട്ടം പ്രചോദനം നല്‍കുന്നതായും വാര്‍ത്തയുണ്ട്. ഭരണാധികാരികളാകട്ടെ അങ്കലാപ്പിലും.

അറബിമേഖലയില്‍ നടക്കുന്ന ആദ്യത്തെ പുരോഗമനപരമായ ജനകീയ മുന്നേറ്റം എന്ന് നിസ്സംശയം പറയാവുന്ന ഒന്നാണ് ടുണീഷ്യയിലെ സമരം. 1950കളിലും 1960കളിലും പല ഏകാധിപതികളും അറബി രാജ്യങ്ങളില്‍ അധികാരത്തില്‍നിന്ന് പുറത്താക്കപ്പെട്ടത് യുവ സൈനിക ഓഫീസര്‍മാര്‍ നടത്തിയ അട്ടിമറികളിലൂടെയായിരുന്നു. 1979ല്‍ ഇറാനില്‍ ഷായുടെ സ്വേച്ഛാധിപത്യത്തിന് എതിരായ സമരത്തിന് ഇതുമായി സമാനതകള്‍ ഉണ്ടെങ്കിലും ഇറാനില്‍ സമരത്തിന് നേതൃത്വം നല്‍കിയത് മതമൌലികവാദികളായിരുന്നു എന്ന വ്യത്യസ്തത എടുത്തുപറയേണ്ടതുണ്ട്. മതമൌലികവാദ ശക്തികള്‍ക്ക് കാലുറപ്പിക്കാന്‍ കഴിയാത്ത അറബിമേഖലകളില്‍ ഒന്നാണ് ടുണീഷ്യ. ഫ്രാന്‍സില്‍നിന്ന് സ്വാതന്ത്യ്രംനേടിയ കാലത്ത് അവിടെ അധികാരത്തിലെത്തിയ, സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കിയ സോഷ്യലിസ്റ്റുപാര്‍ടി നേതാവ് ഹബീബ് ബുര്‍ഗിബയുടെ ഭരണകാലത്ത് സാര്‍വത്രികവും സൌജന്യവുമായ വിദ്യാഭ്യാസം നടപ്പിലാക്കിയതും ബഹുഭാര്യത്വം നിരോധിച്ചതും സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും പരിഗണനയും നല്‍കിയതും വ്യാപകമായ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ നടപ്പാക്കിയതും ഉള്‍പ്പെടെയുള്ള നടപടികള്‍ ടുണീഷ്യയെ മറ്റ് അറബിരാജ്യങ്ങളില്‍നിന്നും ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നും വ്യത്യസ്തമാക്കിയിരുന്നു. മതമൌലികവാദികളുടെ കണ്ണിലെ കരടായിരുന്നു ഹബീബ് ബുര്‍ഗിബയുടെ ഭരണം. 1987ല്‍ ഹബീബ് ബുര്‍ഗിബയെ പാശ്ചാത്യ ശക്തികളുടെ പിന്‍ബലത്തോടെ അട്ടിമറിച്ചാണ് ഡെമോക്രാറ്റിക് റാലി പാര്‍ടിനേതാവ് ബെന്‍ അലി അധികാരം പിടിച്ചെടുത്തത്. ജനാധിപത്യവും പൌരാവകാശങ്ങളും വാഗ്ദാനം ചെയ്യപ്പെട്ടിരുന്നെങ്കിലും ബെന്‍ അലി ടുണീഷ്യയെ അക്ഷരാര്‍ത്ഥത്തില്‍ ഒരു പൊലീസ് സ്റ്റേറ്റാക്കുകയാണുണ്ടായത്. സോഷ്യലിസ്റ്റ് പാര്‍ടി ഉള്‍പ്പെടെ എല്ലാ പ്രതിപക്ഷ പാര്‍ടികളുടെയും പ്രവര്‍ത്തനവും പത്രസ്വാതന്ത്ര്യവും നിരോധിച്ചു. ഹബീബ് ബുര്‍ഗിബ അധികാരത്തില്‍ ഇരുന്ന കാലത്തെ ക്ഷേമ പദ്ധതികളില്‍നിന്ന് പിന്നോട്ടുപോകുകയും പാശ്ചാത്യശക്തികള്‍ക്ക് പ്രിയങ്കരമായ നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കുകയും ചെയ്തു. പൊതുവെ സമ്പന്നവും 4.5 ശതമാനം വളര്‍ച്ചാനിരക്കുമുള്ള ഈ രാജ്യം തൊഴിലില്ലായ്മയും വിലക്കയറ്റവും ദാരിദ്ര്യവും പട്ടിണിയുംകൊണ്ട് പൊറുതിമുട്ടുന്ന അവസ്ഥയില്‍ എത്തിച്ചത് ഈ നയങ്ങളായിരുന്നു.

ബെന്‍ അലി നാടുവിട്ടോടിയതിനെ തുടര്‍ന്ന് പ്രധാനമന്ത്രി മുഹമ്മദ് ഗനൌഷി രൂപംനല്‍കിയ ഇടക്കാല സര്‍ക്കാരില്‍ പഴയ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന, ബെന്‍ അലിയുടെ ശിങ്കിടികള്‍ക്ക് വിദഗ്ധന്മാരെന്നപേരില്‍ ആഭ്യന്തരം, വിദേശകാര്യം, പ്രതിരോധം, ധനകാര്യം എന്നീ വകുപ്പുകള്‍ നല്‍കിയതിനെ തുടര്‍ന്ന് ജനകീയ സമരം തുടരുകയാണ്. സമരത്തിന് നേതൃത്വം നല്‍കുന്ന പ്രധാന സംഘടനയായ ജനറല്‍ യൂണിയന്‍ ഓഫ് ടുണീഷ്യന്‍ വര്‍ക്കേഴ്സിന്റെ പ്രതിനിധികള്‍ മന്ത്രിസഭയില്‍നിന്ന് പിന്‍മാറുകയും ചെയ്തു. ഇടതുപക്ഷ നേതാക്കളിലൊരാളായ മൊന്‍സെഫ് മര്‍സൌക്കി പറഞ്ഞത്, 90 പേര്‍ കൊല്ലപ്പെട്ട, ഒരു മാസം നീണ്ട ജനകീയ പോരാട്ടം പഴയ ഏകാധിപത്യവാഴ്ചയുടെ തുടര്‍ച്ചയ്ക്കുവേണ്ടി ആയിരുന്നില്ല എന്നാണ്. അങ്ങനെ ടുണീഷ്യയിലെ ജനകീയ വിപ്ളവം ശരിയായ ദിശയില്‍തന്നെ മുന്നോട്ടുപോവുകയാണ്.

സാമ്രാജ്യത്വശക്തികള്‍ക്കും നവലിബറല്‍ നയങ്ങള്‍ക്കും തിരിച്ചടി ഏല്‍പിച്ച, മതമൌലികവാദികള്‍ക്ക് ഇടപെടാന്‍ അവസരം നല്‍കാത്ത, 21-ാം നൂറ്റാണ്ടിലെ ജനകീയ മുന്നേറ്റങ്ങളില്‍ ഒന്നായി ടുണീഷ്യയിലെ ജനകീയ വിപ്ളവത്തെ അടയാളപ്പെടുത്താവുന്നതാണ്.

*
ജി വിജയകുമാര്‍ കടപ്പാട്: ചിന്ത വാരിക 28 ജനുവരി 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഉത്തരാഫ്രിക്കയിലെ ടുണീഷ്യയെ കഴിഞ്ഞ 23 വര്‍ഷമായി സ്വേച്ഛാധിപതിയായി അടക്കി ഭരിച്ചിരുന്ന സയ്ന്‍ എല്‍ അബിദിന്‍ ബെന്‍ അലി ഒടുവില്‍ ജനരോഷത്തില്‍നിന്ന് രക്ഷനേടുന്നതിനായി സകുടുംബം ഒളിച്ചോടി, സൌദിഅറേബ്യയില്‍ അഭയംതേടി. ജനുവരി 14നാണ് ഈ ഏകാധിപതി പരാജയം സമ്മതിച്ച് നാടുവിട്ടോടിയത്. അതിന് തലേദിവസം രാജ്യത്തെ ജനങ്ങളെ അഭിസംബോധനചെയ്ത് പ്രസ്താവിച്ചത് 2014ല്‍ തന്റെ കാലാവധി കഴിയുന്നതോടെ അധികാരം ഒഴിയുമെന്നും പിന്നീട് അധികാരത്തില്‍ തുടരാന്‍ ശ്രമിക്കില്ല എന്നും രാജ്യത്ത് കൂടുതല്‍ പരിഷ്കരണങ്ങളും സ്വാതന്ത്ര്യങ്ങളും അനുവദിക്കുമെന്നുമാണ്. എന്നാല്‍ പ്രക്ഷോഭത്തിന്റെ ഉച്ചാവസ്ഥയില്‍ എത്തിയിരുന്ന രാജ്യത്തെ പിന്നോട്ടടിപ്പിക്കാനോ ആളിക്കത്തിയിരുന്ന ജനവികാരത്തെ തണുപ്പിക്കാനോ ബെന്‍ അലിയുടെ ഈ പ്രലോഭനങ്ങള്‍ക്ക് കഴിഞ്ഞില്ല. ടുണീഷ്യയിലെ നാടും നഗരവും ഒന്നുപോലെ രാജവീഥികളിലും തെരുവുകളിലുമാകെ രോഷാകുലരായ ജനങ്ങള്‍ - പ്രത്യേകിച്ചും യുവാക്കളും വിദ്യാര്‍ത്ഥികളും തൊഴിലാളികളും-ആര്‍ത്തിരമ്പിയെത്തി. തലസ്ഥാനമായ ടുണീസില്‍ ജനങ്ങള്‍ ആഭ്യന്തരമന്ത്രാലയം വളഞ്ഞു. പട്ടാളത്തില്‍തന്നെ ചേരിതിരിവുണ്ടായി. ഒരുവിഭാഗം ജനകീയ സമരത്തെ അടിച്ചമര്‍ത്താന്‍ വിസമ്മതിച്ചു. ടുണീഷ്യന്‍ സൈനികമേധാവി ജനറല്‍ റഷീദ് അമ്മാര്‍ പ്രതിഷേധപ്രകടനക്കാര്‍ക്കുനേരെ ബലപ്രയോഗം നടത്താന്‍ ഉത്തരവ് നല്‍കാന്‍ തയ്യാറായില്ല. ഈ പശ്ചാത്തലത്തിലാണ് അബിദിന്‍ ബെന്‍ അലി നാടുവിട്ടോടിയത്.