Wednesday, January 26, 2011

മുട്ടിലിഴയുന്ന റിപ്പബ്ളിക്

ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ നവംബര്‍ എട്ടിന് പാര്‍ലമെന്റിനെ അഭിസംബോധനചെയ്ത് സംസാരിക്കവെയാണ് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം നല്‍കുന്നതിനെ ആദ്യമായി പിന്തുണച്ചത്. വന്‍ പ്രാധാന്യത്തോടെയാണ് ഇത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതേരീതിയിലുള്ള വാഗ്ദാനം 2005ല്‍ ജപ്പാനും അമേരിക്ക നല്‍കിയിരുന്നു. പക്ഷേ ജപ്പാന്റെ വഞ്ചി ഇപ്പോഴും തിരുനക്കര തന്നെയാണ്. യുഎന്‍ സ്ഥിരാംഗത്വത്തിന് പിന്തുണ നല്‍കിയപ്പോള്‍ തന്നെ ഒരു മുന്നറിയിപ്പും ഒബാമ നല്‍കിയിരുന്നു. "വര്‍ധിച്ച ശക്തിക്കൊപ്പം വര്‍ധിച്ച ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും ഇന്ത്യ തയ്യാറാകണം.'' അതായത് അമേരിക്കന്‍ വിദേശനയത്തെ കണ്ണുമടച്ച് പിന്തുണയ്ക്കണമെന്ന് സാരം. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഒബാമയുടെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് ജിം ജോസ് ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ത്തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. 'ഇന്ത്യ എത്രമാത്രം ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാന്‍ തയ്യാറാകുമെന്ന ഞങ്ങളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും യുഎന്‍ സ്ഥിരാംഗത്വം' എന്ന് പച്ചയായിത്തന്നെ പറയാന്‍ ജിം ജോസ് തയ്യാറായി.

ഏതായാലും മന്‍മോഹന്‍സിങ് സര്‍ക്കാര്‍ അമേരിക്കയോട് ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാന്‍ തയ്യാറായി എന്ന് ഡിസംബറിലെ പ്രവര്‍ത്തനംമാത്രം പരിശോധിച്ചാല്‍ മനസിലാകും. മൂന്ന് ഉദാഹരണങ്ങള്‍മാത്രം ഇവിടെ വിശദീകരിക്കാം.

1) ഒബാമ സന്ദര്‍ശനത്തിന് ഒരു മാസത്തിന് ശേഷം ഡിസംബര്‍ 11ന് തുര്‍ക്ക്മെനിസ്ഥാന്‍ തലസ്ഥാനമായ അഷ്‌ഗാബാദില്‍ വച്ച് അമേരിക്ക മുന്നോട്ടുവച്ച സങ്കീര്‍ണമായ തുര്‍ക്ക്മെനിസ്ഥാന്‍-അഫ്‌ഗാനിസ്ഥാന്‍-പാകിസ്ഥാന്‍-ഇന്ത്യ(ടാപി) വാതകക്കുഴല്‍ പദ്ധതിയില്‍ ഇന്ത്യ ഒപ്പുവച്ചു. തെക്കുകിഴക്കന്‍ തുര്‍ക്ക്മെനിസ്ഥാനിലെ ദൌലത്താബാദില്‍നിന്ന് സംഘര്‍ഷഭരിതമായ അഫ്‌ഗാനിസ്ഥാനിലൂടെ, പാകിസ്ഥാനിലൂടെ പഞ്ചാബിലെ ഫസില്‍ക്കയില്‍ എത്തുന്ന വാതകക്കുഴല്‍ പദ്ധതിയിലാണ് ഇന്ത്യ ഒപ്പുവച്ചത്. മൊത്തം 760 കോടി ഡോളറിന്റേതാണ് അമേരിക്കന്‍ എണ്ണക്കമ്പനി യുനോകോള്‍ നടപ്പാക്കുന്ന പദ്ധതി. ഇറാന്‍-പാകിസ്ഥാന്‍-ഇന്ത്യ വാതകക്കുഴല്‍ പദ്ധതി അമേരിക്കന്‍ സമ്മര്‍ദത്തെ തുടര്‍ന്ന് ഉപേക്ഷിച്ചാണ് ടാപി വാതകക്കുഴല്‍ പദ്ധതിയില്‍ ഇന്ത്യ ഒപ്പിട്ടത്. താലിബാന്‍ ശക്തമായ ഹെല്‍മന്ദ്, കാണ്ഡഹാര്‍, മുള്‍ട്ടാന്‍ പ്രവിശ്യകളിലൂടെയാണ് വാതകക്കുഴല്‍ പദ്ധതി കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ ഇതിന്റെ സുരക്ഷിതത്വം വന്‍ വെല്ലുവിളിയാണ്.

ഈ വാതകക്കുഴല്‍ പദ്ധതിയെ ആധുനിക സില്‍ക്ക് പാതയായും സമാധാനത്തിന്റെ വാതകക്കുഴല്‍ പദ്ധതിയുമായാണ് മുന്‍ പെട്രോളിയം മന്ത്രി മുരളി ദേവ്റ വിശേഷിപ്പിച്ചത്. ഇത് അമേരിക്കന്‍ ഭാഷയാണ്. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇത് സില്‍ക്ക് പാതയാണ്. കാസ്‌പിയന്‍ തീരത്തെയും മധ്യേഷ്യയിലെയും പ്രകൃതിവിഭവങ്ങള്‍ ഉപയോഗിക്കാന്‍ അമേരിക്കയ്ക്ക് ഇതുവഴി കഴിയും. മാത്രമല്ല ഈ മേഖലയില്‍ സ്വാധീനം ഉറപ്പിക്കുകയെന്ന അമേരിക്കയുടെ 'മഹത്തായ മധ്യേഷ്യന്‍' നയതന്ത്രത്തിന്റെ ഭാഗം കൂടിയാണ് ഈ വാതകക്കുഴല്‍ പദ്ധതി. അഫ്‌ഗാനിസ്ഥാനില്‍നിന്ന് അമേരിക്ക പിന്മാറുന്ന 2014ല്‍ തന്നെയാണ് നിര്‍ദിഷ്‌ട വാതകക്കുഴല്‍ പദ്ധതിയും പ്രാവര്‍ത്തികമാക്കുകയെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. അഫ്‌ഗാനിസ്ഥാനില്‍ വാതകക്കുഴല്‍ പദ്ധതിയുടെ സുരക്ഷ നാറ്റോയ്‌ക്കും അമേരിക്കയ്‌ക്കും തന്നെ നല്‍കണമെന്നാണ് കാബൂള്‍ സര്‍ക്കാരിന്റെ താല്‍പ്പര്യം. അതായത് അഫ്‌ഗാനിസ്ഥാനില്‍ നിന്ന് നാറ്റോ സൈന്യം പിന്മാറിയാലും അമേരിക്കയുടെ സൈനിക സാന്നിധ്യം ടാപി പദ്ധതി വഴി തുടരും.

റഷ്യ, ഇറാന്‍, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഈ മേഖലയിലുള്ള സ്വാധീനത്തെ തടയുകയെന്നതാണ് ടാപി പദ്ധതികൊണ്ട് അമേരിക്ക ഉദ്ദേശിക്കുന്നത്. അതിനെ പിന്തുണയ്ക്കാനാണ് ഇറാന്‍ വാതകക്കുഴല്‍ പദ്ധതി ഉപേക്ഷിച്ച് ഇന്ത്യ ടാപി പദ്ധതിയുടെ ഭാഗമായത്. ഈ വാതകക്കുഴല്‍ പദ്ധതി പാകിസ്ഥാനിലെ ഗ്വാഡര്‍ തുറമുഖം വഴിയാണ് വരുന്നതെന്ന കാര്യവും പ്രത്യേകം പ്രസ്താവ്യമാണ്. ഈ തുറമുഖ നിര്‍മാണത്തിലേര്‍പ്പെട്ട ചൈനീസ് കമ്പനി നേരത്തെ വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ടെന്‍ഡര്‍ എടുത്തതിനാല്‍ അത് സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അതിനാല്‍ റീടെന്‍ഡര്‍ വേണമെന്നും നിര്‍ബന്ധിച്ചത് കേന്ദ്രസര്‍ക്കാരായിരുന്നു. എന്നാല്‍, അതേ കേന്ദ്രസര്‍ക്കാരാണ് ഇപ്പോള്‍ ചൈനീസ് കമ്പനി നിര്‍മിച്ച തുറമുഖം വഴി വരുന്ന ടാപി പദ്ധതിക്ക് അംഗീകാരം നല്‍കിയത്.

2) ഇറാനില്‍നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്നതിന് പണം നല്‍കാനാവില്ലെന്ന് ഡിസംബര്‍ 22ന് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. ഇറാനുമായുള്ള എണ്ണ വ്യാപാരത്തിന് ഏഷ്യന്‍ ക്ളിയറന്‍സ് യൂണിയന്‍(എസിയു) വഴിയാണ് പണം നല്‍കാറുള്ളത്. ഒമ്പത് രാഷ്‌ട്രങ്ങളിലെ കേന്ദ്രബാങ്കുകള്‍ ചേര്‍ന്നാണ് ഈ സംവിധാനം രൂപീകരിച്ചത്. ഡോളറിന് പകരം യൂറോ ഉപയോഗിച്ചാണ് വിനിമയം. ഡോളറിനെ അവഗണിക്കുന്ന ഈ രീതിക്ക് തുടക്കം മുതല്‍ അമേരിക്കന്‍ ട്രഷറിവിഭാഗം എതിരായിരുന്നു. ഇന്ത്യ എണ്ണ വാങ്ങുന്നതിലൂടെ ഇറാന്‍ സര്‍ക്കാരിന് പണം ലഭിക്കുന്നത് അമേരിക്കയെ ചൊടിപ്പിക്കുന്നുണ്ട്. ആണവവിഷയത്തില്‍ യുഎന്‍ ഉപരോധം ഏര്‍പ്പെടുത്തി ഇറാനെ സാമ്പത്തികമായി ഞെരുക്കുക എന്ന അമേരിക്കന്‍ തന്ത്രത്തിനേറ്റ തിരിച്ചടിയാണ് ഇന്ത്യയുടെ എണ്ണവ്യാപാരം. എണ്ണ വ്യാപാരത്തിന് യുഎന്‍ ഉപരോധം ബാധകമല്ലെങ്കിലും വര്‍ഷത്തില്‍ 1200 കോടി ഡോളറിന്റെ എണ്ണ വാങ്ങി ഇന്ത്യ ഇറാനിലെ സര്‍ക്കാരിനെ സാമ്പത്തികമായി സഹായിക്കുന്നത് അമേരിക്കയ്ക്ക് സഹിക്കുന്നില്ല. ജപ്പാനും ദക്ഷിണ കൊറിയയും ഇറാനില്‍നിന്ന് എണ്ണ വാങ്ങുന്നുണ്ടെങ്കിലും അവര്‍ സാധനങ്ങളായാണ് തിരിച്ചു നല്‍കുന്നത്. എന്നാല്‍, ഇന്ത്യ പണമാണ് നല്‍കുന്നത്. ഇത് തടയണമെന്ന് അമേരിക്ക ദീര്‍ഘകാലമായി ആവശ്യപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ റിസര്‍വ് ബാങ്കിന്റെ തീരുമാനം അമേരിക്കയെ ഏറെ സന്തോഷിപ്പിച്ചു. അടുത്ത പടി ഇറാനുമായുള്ള എണ്ണവ്യാപാരം പൂര്‍ണമായും നിര്‍ത്തിവയ്ക്കലായിരിക്കും. അമേരിക്കന്‍ താല്‍പ്പര്യം സംരക്ഷിക്കാന്‍ ഇന്ത്യന്‍ താല്‍പ്പര്യങ്ങളെ പൂര്‍ണമായും അവഗണിക്കുകയാണ്. അന്താരാഷ്‌ട്ര ആണവോര്‍ജ ഏജന്‍സി(ഐഎഇഎ)യില്‍ മൂന്ന് തവണ ഇറാനെതിരെ വോട്ട് ചെയ്ത ഇന്ത്യ ഇപ്പോള്‍ അവരുമായി ദശാബ്ദങ്ങള്‍ മുമ്പ് ആരംഭിച്ച എണ്ണവ്യാപാരവും നിര്‍ത്തുകയാണ്.

3) ലോകം പുതുവത്സരത്തിലേക്ക് പിച്ചവയ്ക്കവെ, മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ അമേരിക്കയ്ക്ക് മുന്നില്‍ മുട്ടിലിഴയുമെന്ന് ആവര്‍ത്തിച്ചുകൊണ്ട് ഇന്ത്യയുടെ ആണവഗവേഷണ റിയാക്ടറായ സൈറസ് അടച്ചിട്ടു. 1974 ല്‍ 'ബുദ്ധന്‍ ചിരിക്കുന്നു' എന്ന് പറഞ്ഞുകൊണ്ട് ഇന്ത്യ ആദ്യത്തെ പരീക്ഷണം നടത്തിയപ്പോള്‍ അതിനാവശ്യമായ പ്ളൂട്ടോണിയം നല്‍കിയത് ട്രോംബെയിലെ ബാര്‍ക് ആസ്ഥാനത്തുള്ള ഈ 40 മെഗാവാട്ട് റിയാക്ടറായിരുന്നു. ഇന്ത്യന്‍ അണുവായുധ പദ്ധതിയുടെ അടിത്തറയായി പ്രമുഖ ആണവശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത് കനഡയില്‍നിന്ന് വാങ്ങിയ സൈറസിനെയാണ്. കോടികള്‍ ചെലവഴിച്ച് പരിഷ്കരിച്ച് 2005 മുതല്‍ വീണ്ടും ഉപയോഗിക്കാന്‍ തുടങ്ങിയ ഈ റിയാക്ടര്‍ അടുത്ത ഇരുപത് വര്‍ഷത്തേക്കു കൂടി പ്രവര്‍ത്തിക്കുമെന്നിരിക്കെയാണ് അമേരിക്കന്‍ സമ്മര്‍ദത്താല്‍ അടച്ചിട്ടിരിക്കുന്നത്.

1956ല്‍ റിയാക്ടര്‍ വാങ്ങുമ്പോള്‍ ഇത് ആണവായുധ നിര്‍മാണത്തിന് ഉപയോഗിക്കില്ലെന്ന നിബന്ധനയുണ്ടായിരുന്നില്ല. പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവും കനഡ പ്രധാനമന്ത്രി മെക്കന്‍സി കിങ്ങും ഒപ്പിട്ട രണ്ട് പേജ് കരാറില്‍ റിയാക്ടര്‍ സമാധാന ആവശ്യത്തിനുമാത്രമേ ഉപയോഗിക്കൂ എന്ന് മാത്രമാണ് രേഖപ്പെടുത്തിയത്. എന്നിട്ടും ഗവേഷണാര്‍ഥം ആദ്യ അണുപരീക്ഷണം നടത്തിയപ്പോള്‍ അമേരിക്ക രൂക്ഷമായി പ്രതികരിക്കുകയും ഇന്ത്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുകയുംചെയ്തു. അന്നുമുതല്‍ ഈ റിയാക്ടറിന്റെ പ്രവര്‍ത്തനം തടയുക എന്നത് അമേരിക്കയുടെ ലക്ഷ്യമായിരുന്നു. ഇതുകൊണ്ടാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷും തമ്മില്‍ ആണവക്കരാറിനെക്കുറിച്ച് ധാരണയിലെത്തിയപ്പോള്‍ സൈറസ് അടച്ചിടണമെന്ന നിബന്ധന വച്ചത്. 2006 മാര്‍ച്ച് 10ന് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം ആദ്യമായി വെളിപ്പെടുത്തിയത്. അങ്ങനെ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കും ഇനിയും ഗവേഷണപഠനത്തിന് ഇപയോഗിക്കാമായിരുന്ന സൈറസ് റിയാക്ടര്‍ എന്നെന്നേക്കുമായി അടച്ചിട്ട് അമേരിക്കന്‍ദാസ്യം മന്‍മോഹന്‍ സര്‍ക്കാര്‍ ഊട്ടിയുറപ്പിച്ചു. യുഎന്‍ രക്ഷാസമിതി അംഗത്വം ലഭിക്കാന്‍ ഹൈഡ് ആക്ടില്‍ പറയുന്നതുപോലെ ഇന്ത്യന്‍ വിദേശ നയം അമേരിക്കന്‍ വിദേശനയം പോലെയാകണം. അമേരിക്കയോടുള്ള അടിമത്തം തിലകക്കുറിയായി കൊണ്ടുനടക്കുന്ന രാഷ്‌ട്രീയമാണിത്.


****


വി ബി പരമേശ്വരന്‍, കടപ്പാട് : ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ നവംബര്‍ എട്ടിന് പാര്‍ലമെന്റിനെ അഭിസംബോധനചെയ്ത് സംസാരിക്കവെയാണ് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം നല്‍കുന്നതിനെ ആദ്യമായി പിന്തുണച്ചത്. വന്‍ പ്രാധാന്യത്തോടെയാണ് ഇത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതേരീതിയിലുള്ള വാഗ്ദാനം 2005ല്‍ ജപ്പാനും അമേരിക്ക നല്‍കിയിരുന്നു. പക്ഷേ ജപ്പാന്റെ വഞ്ചി ഇപ്പോഴും തിരുനക്കര തന്നെയാണ്. യുഎന്‍ സ്ഥിരാംഗത്വത്തിന് പിന്തുണ നല്‍കിയപ്പോള്‍ തന്നെ ഒരു മുന്നറിയിപ്പും ഒബാമ നല്‍കിയിരുന്നു. "വര്‍ധിച്ച ശക്തിക്കൊപ്പം വര്‍ധിച്ച ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും ഇന്ത്യ തയ്യാറാകണം.'' അതായത് അമേരിക്കന്‍ വിദേശനയത്തെ കണ്ണുമടച്ച് പിന്തുണയ്ക്കണമെന്ന് സാരം. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഒബാമയുടെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് ജിം ജോസ് ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ത്തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. 'ഇന്ത്യ എത്രമാത്രം ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാന്‍ തയ്യാറാകുമെന്ന ഞങ്ങളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും യുഎന്‍ സ്ഥിരാംഗത്വം' എന്ന് പച്ചയായിത്തന്നെ പറയാന്‍ ജിം ജോസ് തയ്യാറായി.

ഏതായാലും മന്‍മോഹന്‍സിങ് സര്‍ക്കാര്‍ അമേരിക്കയോട് ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാന്‍ തയ്യാറായി എന്ന് ഡിസംബറിലെ പ്രവര്‍ത്തനംമാത്രം പരിശോധിച്ചാല്‍ മനസിലാകും. മൂന്ന് ഉദാഹരണങ്ങള്‍മാത്രം ഇവിടെ വിശദീകരിക്കാം.