'മൂന്നുമാസമേ സാര്‍ ഞങ്ങളുടെ ക്ളാസില്‍ വന്നുള്ളൂ. അപ്പോഴേക്കും സാറ് പോയിലേ അതാ, എന്നെ ഓര്‍മയില്ലാത്തത്. ഞാന്‍ ടെന്‍ത് സിയിലെ റസീനയാണ്. എന്നാലും സാര്‍ എന്നെ ഓര്‍ത്തില്ലല്ലോ!'
കുറച്ചുദിവസങ്ങള്‍ക്കുമുമ്പ് കോഴിക്കോട് റെയില്‍വെ പ്ളാറ്റ്ഫോമില്‍വെച്ച് ഒരു സ്‌ത്രീ എന്റെ മുന്നില്‍ വന്നുനിന്ന് ഇങ്ങനെ പറഞ്ഞു. തലയിലൂടെ വലിച്ചിട്ട സാരിക്കിടയിലൂടെ കാണുന്ന നരച്ച മുടിയിഴകള്‍. ഇരുപത്തിയഞ്ചിലധികം പ്രായമില്ലാത്ത മറ്റൊരു സ്‌ത്രീയും രണ്ട് കുട്ടികളും അവളോടൊപ്പം ഉണ്ട്. അത് അവളുടെ മകളായിരിക്കും.
എനിക്ക് ആളെ മനസ്സിലായില്ല. നാട്ടിലുള്ള ആരെങ്കിലുമാകും. അല്ലെങ്കില്‍ കൂടെ പഠിച്ച ആരെങ്കിലും. അതുമല്ലെങ്കില്‍ ഞാന്‍ ജോലി ചെയ്യുന്ന സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുടെ ഉമ്മമാരാരെങ്കിലും. എന്നാലും... അല്ല... അതൊന്നും അല്ല.
വണ്ടി നീങ്ങിത്തുടങ്ങി. അവളും കൂടെ ഉണ്ടായിരുന്ന സ്‌ത്രീയും കുട്ടികളും വണ്ടിയില്‍ കയറിപ്പോയി.
തിരിച്ചുപോരുമ്പോള്‍ ഞാന്‍ റസീനയെ ഓര്‍ക്കാന്‍ ശ്രമിച്ചു. ഇരുപത്തിയൊമ്പതോളം വര്‍ഷം വരുന്ന നീണ്ട അധ്യാപന ജീവിതത്തിനിടയില്‍ എത്ര റസീനമാര്‍ മുന്നിലൂടെ കടന്നുപോയിട്ടുണ്ടാകും. അതില്‍ ഒരു റസീനയെ എങ്ങനെ ഓര്‍മിച്ചെടുക്കാനാകും? തിളക്കമുള്ള ആ കണ്ണുകള്‍ ഓര്‍മയിലെവിടെയോ ഉണ്ട്. പക്ഷേ ചുളിവുകള്‍ വീണുതുടങ്ങിയ ആ മുഖം. അതിന്റെ പഴയ രൂപം എനിക്ക് ഓര്‍മിച്ചെടുക്കാനാവുന്നില്ല.
അവള്‍ പറഞ്ഞ 'മൂന്നുമാസക്കാലം' അത് ഓര്‍മ്മിക്കാനുള്ള ഒരു സൂചകമായിരുന്നു. കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പെര്‍മനന്റ് ആകുന്നതിനുമുമ്പ് മൂന്നുമാസം ഞാന്‍ അവിടെ ലീവ് വേക്കന്‍സിയില്‍ ജോലി ചെയ്‌തിരുന്നു. ഒരു ക്രിസ്‌മസ് വെക്കേഷന് മുമ്പുള്ള ദിവസങ്ങള്‍. അവിടത്തെ എന്റെ ആദ്യക്ളാസ് പത്താംതരം സിയില്‍. അവിടെ മുന്‍ബെഞ്ചില്‍ റസീനയുണ്ടായിരുന്നു.
ഭൂരിപക്ഷം കുട്ടികളും അറബി ഒന്നാംഭാഷയായി പഠിച്ചിരുന്ന ക്ളാസായിരുന്നു അത്. പക്ഷേ റസീന പഠിച്ചത് മലയാളം. ഞാന്‍ പഠിപ്പിക്കേണ്ട വിഷയം സോഷ്യല്‍ സയന്‍സാണ്. ഞാന്‍ അപ്പോള്‍ ഒരു സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിപ്പിക്കുകയായിരുന്നു. കുറച്ച് മുതിര്‍ന്ന കുട്ടികളാണ് അവിടെ ഉണ്ടായിരുന്നത്. ആ ക്ളാസുകളുടെ തുടര്‍ച്ചയായി മാത്രമേ ഞാന്‍ സ്‌കൂളിലെ ക്ളാസിനെ കണ്ടുള്ളൂ. പലപ്പോഴും പാഠഭാഗങ്ങളില്‍നിന്നുപുറത്തുപോയി ഞാന്‍ വാചാലനായി. ഫ്രഞ്ച് വിപ്ളവത്തെ പരാമര്‍ശിച്ചപ്പോള്‍ വേര്‍ഡ്‌സ്വര്‍ത്തിനെക്കുറിച്ച് അവരോട് പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്റുവിന്റെ വികസനനയങ്ങള്‍ക്കൊപ്പം ഞാന്‍ റോബര്‍ട്ട് ഫ്രോസ്റ്റിന്റെ കവിത ചൊല്ലി. കേരളീയ നവോത്ഥാനത്തെയും നാരായണഗുരുവിനെയും കുമാരനാശാനെയും ഒന്നിച്ചവതരിപ്പിച്ചു. കുട്ടികള്‍ മുഷിഞ്ഞപ്പോള്‍ അവസരോചിതമായി സീതിഹാജിയുടെ തമാശക്കഥകള്‍ പറഞ്ഞ് അവരെ രസിപ്പിച്ചു. ആദ്യക്ളാസില്‍ തന്നെ അവരെന്നെ ഇഷ്‌ടപ്പെട്ടുതുടങ്ങി.
അങ്ങനെ രണ്ടുമൂന്നാഴ്‌ചകള്‍ കടന്നുപോയി. ഒരു ദിവസം ഹെഡ്‌മാസ്റ്റര്‍ എന്നെ ഓഫീസില്‍ വിളിപ്പിച്ച് ചോദിച്ചു. 'ചന്ദ്രനെന്താ പഠിപ്പിക്കുന്നത്, ചരിത്രമോ സാഹിത്യമോ?' ഞാന്‍ നിന്ന് പരുങ്ങി. ഒരു പുസ്‌തകം എടുത്തുനീട്ടി അദ്ദേഹം ഓര്‍മിപ്പിച്ചു. അടുത്ത മാര്‍ച്ചില്‍ പബ്ളിക് പരീക്ഷ എഴുതേണ്ട കുട്ടികളാണ്. ക്രിസ്‌മസ് വെക്കേഷനുമുമ്പ് പരീക്ഷയുണ്ട്. അതുവരെയുള്ള പാഠഭാഗങ്ങള്‍ തീര്‍ക്കണം. ഞാന്‍ അനുസരണയോടെ പുസ്‌തകം വാങ്ങി ഓഫീസിന് പുറത്തുകടന്നു.
ഒരു ദിവസം ഞാന്‍ ക്ളാസില്‍ ചെന്നപ്പോള്‍ വലിയ ഒച്ചയും ബഹളവും. കാര്യമെന്തെന്ന് അന്വേഷിച്ചു. റസീനയാണ് അതിന് മറുപടി പറഞ്ഞത്. 'നമുക്കൊരു കോളടിച്ചിട്ടുണ്ട്. സുലേഖയുടെ നിക്കാഹ് ആണ്. അവള്‍ ക്ളാസില്‍ എല്ലാവരെയും ക്ഷണിച്ചിട്ടുണ്ട്'. പിന്‍ബെഞ്ചിലിരിക്കുന്ന കുറച്ച് മുതിര്‍ന്ന കുട്ടിയാണ് സുലേഖ. അവള്‍ തലതാഴ്ത്തി ഇരിക്കുകയാണ്. അപ്പോഴാണ് റസീന എഴുന്നേറ്റ് ചോദിച്ചത്. 'സാറെ, എനിക്കെപ്പഴാ പുയ്യാപ്ള വര്വാ?' അവളുടെ കണ്ണുകളിലെ നിഷ്‌കളങ്കതയ്‌ക്ക് പിറകില്‍ രണ്ട്നക്ഷത്രങ്ങള്‍ മിന്നുന്നുണ്ടായിരുന്നു. ഞാന്‍ പറഞ്ഞു. 'സമയമായിട്ടില്ല. സമയമാകുമ്പോള്‍ ഞാന്‍ പറയാം'.
അടുത്ത ദിവസം ക്രിസ്‌മസ് പരീക്ഷ തുടങ്ങുകയാണ്. എന്റെ അവിടത്തെ സേവന കാലാവധിയും തീരുന്നു. കുട്ടികളോട് യാത്ര പറഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ എന്റെ പിറകെ റസീന വന്നു. അവളുടെ കൈയിലുണ്ടായിരുന്ന നോട്ടുപുസ്‌തകം എന്റെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു. 'സാര്‍, ഇതൊന്ന് വായിച്ചുനോക്കണം' അവളുടെ കണ്ണുകളില്‍ ഇതുവരെ കാണാത്ത ഒരു ജിജ്ഞാസ.
ഞാന്‍ ആ പുസ്‌തകം വാങ്ങി സ്റ്റാഫ് റൂമിലേക്ക് നടന്നു. അതില്‍ നിറയെ റസീന എഴുതിയ കവിതകളായിരുന്നു. വരികള്‍ നീട്ടിയും കുറുക്കിയും വൃത്തിയുള്ള കൈപ്പടയില്‍ എഴുതിയിരിക്കുന്നു. അവളുടെ ഗ്രാമത്തിലെ മലകളും പുഴയും മഞ്ഞും മഴയും വെയിലും ഒരു പ്രത്യേക താളത്തില്‍ എഴുതിയിരിക്കുന്നു. ആകാശത്തിലെ ഒറ്റപ്പെട്ട വെള്ളിമേഘങ്ങള്‍ മുതല്‍ തോട്ടിറമ്പിലെ കൈതക്കാടുകള്‍വരെ അവളുടെ വാക്കുകള്‍ക്കിടയില്‍ പ്രതിബിംബിച്ചു. പ്രായത്തില്‍ കവിഞ്ഞ പദബോധവും താളവും എന്നെ അത്ഭുതപ്പെടുത്തി. ഞാന്‍ അവളെപ്പറ്റി അധ്യാപകരോട് അന്വേഷിച്ചു. കഴിഞ്ഞ വര്‍ഷത്തെ കവിതാലാപനത്തിലും കവിതാരചനാമത്സരത്തിലും ജില്ലാതലത്തില്‍ ഒന്നാംസ്ഥാനം അവള്‍ക്കായിരുന്നു. നന്നായി പാടുകയും ചിത്രം വരയ്‌ക്കുകയും ചെയ്യും. ഒപ്പം വളരെ നന്നായി പഠിക്കും. ചുരുക്കിപ്പറഞ്ഞാല്‍ അവരുടെ വാക്കുകളില്‍ ഒരു കൊച്ചു പ്രതിഭ തന്നെയായിരുന്നു അവള്‍.
ഉച്ചക്കുശേഷമുള്ള ഇന്റര്‍വെല്‍ സമയത്ത് ഞാന്‍ റസീനയെ വിളിപ്പിച്ചു. അവള്‍ സന്തോഷത്തോടെ ഓടിവന്നു. ഞാന്‍ പറഞ്ഞു; കവിതകള്‍ വളരെ നന്നായിട്ടുണ്ട്. ഇനിയും എഴുതണം. നന്നായി വായിക്കണം. ഞാന്‍ ഇന്നുകൂടി മാത്രമേ ഇവിടെ ഉള്ളൂ. ഈ കവിതകള്‍ മലയാളം ടീച്ചറെ കാണിക്കണം'. അവള്‍ എന്നെത്തന്നെ നോക്കിനിന്നു.
'സാര്‍ കവിതകളെഴുതുമല്ലോ! സാര്‍, വായിച്ചാല്‍ മതി' ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടുപോയി. എന്റെ സ്വകാര്യങ്ങള്‍ അവള്‍ എങ്ങനെയാണ് അറിഞ്ഞത്. ഞാന്‍ നോട്ടുപുസ്‌തകം അവള്‍ക്ക് തിരിച്ചു നല്‍കി.
അതിനുശേഷം റസീന കവിതകള്‍ എഴുതിയോ? കവിതകള്‍ മലയാളം ടീച്ചറെ കാണിച്ചോ? ഒന്നും എനിക്കറിയില്ല. പിന്നെ കുറച്ച് ദിവസങ്ങള്‍ക്കുമുമ്പ് റെയില്‍വെ സ്റ്റേഷനില്‍വെച്ചാണ് ഞാന്‍ അവളെ കാണുന്നത്. അപ്പോള്‍ അവളെ തിരിച്ചറിയാന്‍ എനിക്കായതുമില്ല.
റസീനയുടെ കൂടെ പഠിച്ച കരീമാണ് അവളുടെ കഥ എന്നോട് പറഞ്ഞത്. ആ വര്‍ഷത്തെ ക്രിസ്‌തുമസ് വെക്കേഷന്‍ കഴിഞ്ഞ് ജനുവരിമാസത്തില്‍ അവളുടെ വിവാഹം കഴിഞ്ഞു. ഗള്‍ഫില്‍ ജോലിയുള്ള ഒരാളായിരുന്നു. രണ്ടുമാസം കഴിഞ്ഞ് അവളും കൂടെ പോയി. പത്താംക്ളാസ് പരീക്ഷ അവള്‍ എഴുതിയില്ല. മൂന്നോ നാലോ കൊല്ലം കഴിഞ്ഞ് വിദേശത്തുവെച്ചുണ്ടായ ഒരു വാഹനാപകടത്തില്‍ അവളുടെ ഭര്‍ത്താവ് മരിച്ചു. അവളും രണ്ട് കുട്ടികളും രക്ഷപ്പെട്ടു. പക്ഷേ രണ്ടുവര്‍ഷം കഴിഞ്ഞ് വീണ്ടും അവളുടെ വിവാഹം നടന്നു. എന്തോ കാരണങ്ങളാല്‍ അതും അധികകാലം നീണ്ടുനിന്നില്ല. ഇപ്പോള്‍ മകളുടെ കൂടെ കോയമ്പത്തൂരിലാണ്.
ഇപ്പോഴും എന്റെ കണ്‍മുന്നില്‍ മുന്‍ബെഞ്ചില്‍ മൈലാഞ്ചിയണിഞ്ഞ കൈവിരലുകള്‍ കവിളില്‍ താങ്ങി റസീനമാര്‍ ഇരുന്ന് ചിരിക്കുന്നു. അവര്‍ ചോദിച്ചേക്കാം. 'സാറെ, എനിക്കെപ്പഴാ പുയ്യാപ്ള വര്വാ?'
*****
കെ കെ ചന്ദ്രന്‍, കടപ്പാട് : ദേശാഭിമാനി
Subscribe to:
Post Comments (Atom)
3 comments:
ഇപ്പോഴും എന്റെ കണ്‍മുന്നില്‍ മുന്‍ബെഞ്ചില്‍ മൈലാഞ്ചിയണിഞ്ഞ കൈവിരലുകള്‍ കവിളില്‍ താങ്ങി റസീനമാര്‍ ഇരുന്ന് ചിരിക്കുന്നു. അവര്‍ ചോദിച്ചേക്കാം. 'സാറെ, എനിക്കെപ്പഴാ പുയ്യാപ്ള വര്വാ?'
മനസ്സില്‍ തട്ടുന്ന രചന
നൊമ്പരം
Post a Comment