Saturday, January 29, 2011

മകരവിളക്കും ശാസ്‌ത്രസാഹിത്യ പരിഷത്തും

മനസ്സുള്ള മുഴുവന്‍ മനുഷ്യരെയും ഞെട്ടിച്ച ദുരന്തമാണ് വണ്ടിപ്പെരിയാറിനടുത്തുള്ള പുല്ലുമേട്ടില്‍ നടന്നത്. അയല്‍സംസ്ഥാനങ്ങളില്‍ നിന്നും വന്ന നിരപരാധികളായ നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടു. സാധാരണ, നൂറില്‍പരം ആളുകള്‍ ഒന്നിച്ചുമരിക്കുന്നത് വന്‍പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകുമ്പോഴോ തീവണ്ടിയോ വിമാനമോ അപകടത്തില്‍പെടുമ്പോഴോ ആണ്. ഇവിടെ അങ്ങനെയൊന്നുമുണ്ടായില്ല. തിരക്കില്‍പ്പെട്ടു വീണവരെ, പ്രാണനുംകൊണ്ട് ഓടിയ മറ്റുള്ളവര്‍ ചവിട്ടിക്കൊല്ലുകയായിരുന്നു. അയ്യപ്പന്മാരാണെന്നുള്ള വെജിറ്റേറിയന്‍ ബോധമൊന്നും അപ്പോള്‍ അവരെ സ്വാധീനിച്ചില്ല. പുണ്യവസ്‌തുവായി പൂജിച്ചണിയുന്ന തുളസിമാലയോ പുണ്യപാപച്ചുമടുകളെന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഇരുമുടിക്കെട്ടുകളോ ജീവനുംകൊണ്ടുള്ള ഓട്ടത്തില്‍ വിഷയമായില്ല.

ബഹുമാനപ്പെട്ട കോടതി ഇപ്പോള്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്, മകരവിളക്ക് മനുഷ്യനിര്‍മ്മിതമാണോ എന്ന് തുറന്നുപറയണമെന്നാണല്ലൊ. അത്രയും നന്നായി. ഇനിയെങ്കിലും കാര്യങ്ങള്‍ക്ക് ഒരു വ്യക്തതയുണ്ടാകുമല്ലോ.

മകരവിളക്കിന് വലിയ പഴക്കമില്ല. സാഹിത്യകൃതികളില്‍ മകരവിളക്കിന്റെ പ്രകാശം തീരെയില്ല. ആധുനിക കേരളത്തിലെ പുരോഗമനവാദികള്‍ ഒക്കെത്തന്നെ മകരവിളക്ക് കത്തിക്കുന്നതാണെന്നു പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയും മന്ത്രിയും സുഗതകുമാരിയും മുന്‍ ഡി ജി പി എന്‍ കൃഷ്ണന്‍നായരും മാത്രമല്ല ഒരു തന്ത്രിപോലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എഴുപതുകളില്‍ത്തന്നെ യുക്തിവാദികള്‍ പൊന്നമ്പലമേട്ടില്‍ പോയി നിരവധി പ്രകാശങ്ങളുണ്ടാക്കി മകരവിളക്കിനെ അപ്രസക്തമാക്കിയിട്ടുണ്ട്. കൈരളി ചാനലിന്റെ റിപ്പോര്‍ട്ടറായ മനോജ് കെ പുതിയവിള, റഷീദ് അന്‍സാരി എന്ന ക്യാമറാമാനോടൊപ്പം പൊന്നമ്പലമേട്ടിലെത്തി രണ്ടായിരത്തില്‍ത്തന്നെ കത്തിക്കുന്ന സ്ഥലം ചൂണ്ടിക്കാട്ടിത്തന്നിട്ടുണ്ട്. രണ്ടായിരത്തിയെട്ടില്‍ മകരവിളക്കിന്റെ ചലനചിത്രമെടുത്ത് ബ്ലോഗില്‍ കൊടുത്ത സിനോഷ് എന്ന യുവാവ് അര്‍ഥവത്തായ സംവാദങ്ങള്‍ സൃഷ്ടിക്കുകയും അന്ധവിശ്വാസികളുടെ കണ്ണുരുട്ടലുകള്‍ക്ക് വിധേയനാവുകയും ചെയ്‌തിരുന്നു. ഇനി നമ്മള്‍ക്കു കോടതിയെ ശ്രദ്ധിക്കാം. ദുരന്തങ്ങള്‍ ഒഴിവാക്കുന്ന വിധത്തിലുള്ള അന്വേഷണവും വിശകലനവും നിര്‍ദ്ദേശവും പ്രതീക്ഷിക്കുകയും ചെയ്യാം.

കേരള ശാസ്‌ത്രസാഹിത്യപരിഷത്ത് ഈ വിഷയത്തില്‍ ഇടപെട്ടതാണ് ശ്രദ്ധേയമായ ഒരുകാര്യം. പുല്ലുമേട് ദുരന്തത്തിന്റെ മറവില്‍ ഇനിയും കാടുവെട്ടലിന് അവസരം നല്‍കരുതെന്ന് പരിഷത്ത് ആവശ്യപ്പെട്ടിരിക്കുന്നു. അതില്‍ അദ്ഭുതമില്ല. കാടുവെട്ടരുതെന്നൊക്കെ സാമാന്യഗതിയില്‍ ആര്‍ക്കും പറയാന്‍ കഴിയും. കാടുവെട്ടുന്നവരുടെ പോലും മുദ്രാവാക്യം വെട്ടരുതെന്നാണല്ലോ. എന്നാല്‍ മറ്റു സംഘടനകള്‍ പറയാന്‍ വിമുഖത കാട്ടുന്ന ഒരു പ്രധാനപ്പെട്ട കാര്യം പരിഷത്തു പറഞ്ഞു. മകരവിളക്ക് ദിവസം തെളിയുന്ന പ്രകാശം മനുഷ്യനിര്‍മിതമല്ലെന്ന സത്യം മറച്ചുവച്ച് ക്ഷേത്രത്തിലേയ്‌ക്ക് നിഷ്‌ക്കളങ്കരായ ഭക്തരെ ആകര്‍ഷിക്കുന്ന പ്രവര്‍ത്തനം ശാസ്‌ത്രബോധമുള്ള പരിഷ്‌കൃത സമൂഹത്തില്‍ നടക്കാന്‍ പാടില്ലാത്തതാണ്. ഇക്കാര്യത്തില്‍ സത്യം തുറന്നുപറയണമെന്നാണ് കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത് ആവശ്യപ്പെട്ടിട്ടുള്ളത്.

ശാസ്‌ത്രാവബോധമുള്ള ഒരു സമൂഹസൃഷ്ടിക്കുവേണ്ടി ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിച്ചാണ് ശാസ്‌ത്രസാഹിത്യ പരിഷത്ത് കേരളത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. തെരുവുനാടകങ്ങളും ലാളിത്യം നിറഞ്ഞ പാട്ടുകളുമായാണ് അവര്‍ കേരളീയരെ സമീപിച്ചത്. പുകയില്ലാത്ത അടുപ്പ് ചൂടാറാപ്പെട്ടി തുടങ്ങിയ അവരുടെ കരുതലുകള്‍ പാവങ്ങള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്‌തു. അടുത്തകാലത്ത് കേരളത്തിലെമ്പാടുമായി പരിഷത്ത് അവതരിപ്പിച്ച ഗലീലിയോനാടകം മനുഷ്യപുരോഗതിക്കെതിരേ മതമെടുത്ത മലിന നിലപാടിനെ ഓര്‍മ്മയില്‍ എത്തിച്ചിരുന്നു. അതിനാല്‍ പരിഷത്തിന്റെ ആവശ്യപ്പെടലില്‍ ആത്മാര്‍ഥതയുണ്ടെന്നു കരുതാം.

അങ്ങനെയെങ്കില്‍ കേരളശാസ്‌ത്ര സാഹിത്യപരിഷത്തിനു ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങളുണ്ട്. ഒന്ന്, മകരവിളക്ക് മനുഷ്യന്‍ കത്തിക്കുന്നതു തന്നെയെന്നതിനുള്ള തെളിവുകളുമായി കോടതിയില്‍ പോവുക. മറ്റൊന്ന് ഓരോ ജില്ലയിലും നൂറു ബോധവല്‍ക്കരണ ക്ലാസുകളെങ്കിലും ഈ വിഷയത്തില്‍ സംഘടിപ്പിക്കുക. കൈരളിയിലും മറ്റും കാണിച്ച ദൃശ്യങ്ങളും ഒപ്പം കൂട്ടാമല്ലൊ.

മകരവിളക്ക് തട്ടിപ്പ് സംബന്ധിച്ച ഏറ്റവും വലിയ ബോധവല്‍ക്കരണ പരിശ്രമം വേണ്ടത് അയല്‍ നാടുകളിലാണ്. ഈ വിഷയത്തില്‍, മലയാളത്തില്‍ ഇടമറുകടക്കമുള്ളവരുടെ പുസ്‌തകങ്ങളുണ്ട്. അവകൂടി പരിശോധിച്ച് അയല്‍ ഭാഷകളില്‍ ചെറുപുസ്‌തകങ്ങളും ചലനചിത്രങ്ങളും തയ്യാറാക്കി അവിടെയുള്ള പുരോഗമന പ്രസ്ഥാനങ്ങളുമായിചേര്‍ന്ന് ബോധവല്‍ക്കരണം നടത്താവുന്നതാണ്.

ശബരിമലയില്‍ അമ്പതിലധികം ആളുകള്‍ മകരവിളക്കുകണ്ട് മരിച്ചുവീണ കാലത്തുതന്നെ പ്രതിക്രിയകള്‍ ചെയ്‌തിരുന്നെങ്കില്‍ പുല്ലുമേട് ദുരന്തം ഒഴിവാക്കാമായിരുന്നു. ഇപ്പോഴെങ്കിലും തിരുവാഭരണമണിയിച്ചു കഴിഞ്ഞാല്‍ പ്രത്യക്ഷപ്പെടുന്ന സിറിയസ് നക്ഷത്രമല്ല മകരവിളക്കെന്നും അത് വിവിധ വകുപ്പുകള്‍ചേര്‍ന്ന് ഒപ്പിക്കുന്ന തട്ടിപ്പാണെന്നും ഉറക്കെപ്പറയേണ്ടതുണ്ട്. അല്ലെങ്കില്‍ ഇപ്പോള്‍ത്തന്നെ ആളുകള്‍ കൂട്ടംകൂടി നില്‍ക്കാറുള്ള പരുന്തുപാറയിലും പാഞ്ചാലിമേട്ടിലും ഗവിയിലുമൊക്കെ ഭാവികാലത്ത് വേദനിപ്പിക്കുന്ന സംഭവങ്ങള്‍ ഉണ്ടായേക്കും.

മകരവിളക്ക് തെളിയാന്‍ വൈകിയതും അപകടത്തിനുകാരണമായിയെന്ന് പ്രധാനപ്പെട്ട ഒരു പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടല്ലൊ. അങ്ങനെയെങ്കില്‍ ഇക്കുറി മകരവിളക്ക് മരണവിളക്കാകാന്‍ വേണ്ടി വൈകിച്ചതാരാണ് ? കൊച്ചുപമ്പയ്‌ക്കടുത്തുള്ള പൊന്നമ്പലമേട്ടിലേക്ക് ജനങ്ങളെ പ്രവേശിപ്പിക്കാത്തത് എന്തുകൊണ്ടാണ്? ഒരു രഹസ്യത്തിന്റെ ആവരണമെന്തിനാണ് ? ഇത്രയും കാലം കത്തിച്ചവരാരെങ്കിലും സത്യം തുറന്നുപറയുമോ? എന്തായാലും തട്ടിപ്പിലൂടെ പാവം മനുഷ്യരെ ദുരിതത്തിലേക്കും അന്ധവിശ്വാസത്തിലേക്കും നയിക്കുന്നത് പ്രബുദ്ധകേരളത്തിന് അഭിമാനകരമല്ല.

*****

വര്‍ത്തമാനം/കുരീപ്പുഴ ശ്രീകുമാര്‍, കടപ്പാട് : ജനയുഗം

3 comments:

വര്‍ക്കേഴ്സ് ഫോറം said...

ഉണ്ണി said...

മകരവിളക്ക് തട്ടിപ്പാണെന്ന് മലയാളികളായ എല്ലാവര്‍ക്കും അറിയാം,പക്ഷെ അറിയുന്ന കാര്യങ്ങള്‍ ആരും ഉറക്കെ പറയില്ല എന്നു മാത്രം.നോക്കൂ ഞാനിവിടെ മാന്യമായി ജീവിച്ചുകൊണ്ടിരിക്കുകയാണ്, പിന്നെന്തിനാ ഇതൊക്കെ പറഞ്ഞ് വെറുതേ മോശക്കാരനാകുന്നത് എന്ന ഭാവം.കൈക്കൂലി പാപമാണെന്ന് എനിക്കറിയാം.പക്ഷെ ഞാനത് ഉറക്കെ പറയില്ല, പറഞ്ഞാല്‍ ആ പാവം ജനത്തിനു കിട്ടെണ്ടിയിരുന്ന ആനുകൂല്യം വൈകിയാലോ?ബസ്സ് ഓവര്‍സ്പീഡിലാണ് പോകുന്നതെന്നു എനിക്കറിയാമായിരുന്നു,പക്ഷെ ഞാനത് ഉറക്കെ വിളിച്ചു പറഞ്ഞ് വെറുതെ എന്തിന പ്രശ്നമാക്കുന്നത്. ഇതു കണ്ടോ ഇവര്‍ക്കൊക്കെ അത്യാവശ്യം പലയിടത്തും പോകാനുള്ളതാണ്, പിന്നെ ഞാനായിട്ടെന്തിനാ ഇതൊക്കെ വിളിച്ചു പറഞ്ഞ് അവരുടെ ശത്രുത സമ്പാദിക്കുന്നത്?
ഇതല്ലേ ഏതൊരു പ്രശ്നത്തിലും നമ്മള്‍ മലയാളികളുടെ ചിന്താഗതി.അതുകൊണ്ടു തന്നെയാണ് ആരും ഇതൊരു സംവാദമാക്കാതിരുന്നതെന്ന് തോന്നുന്നു.പക്ഷെ ഗവണ്മെന്റിനതു ചെയ്യാമായിരുന്നു,കാരണം ഗവണ്മെന്റിനൊരു ഇടത്തരക്കാരന്റെ മനസ്സല്ലല്ലോ ഉള്ളത്.

അനുസ്മിജ said...

See sinosh's orginal article on makarajyothy hoax

http://sinosh.wordpress.com/2008/08/26/makarajyothy/