Monday, January 24, 2011

ഹംസ വധക്കേസും ഉദ്വേഗഭരിതമായ ചില രംഗങ്ങളും

മുന്‍ അദ്ധ്യായങ്ങള്‍ക്ക് ടി.കെ.ഹംസ എന്ന ലേബല്‍ നോക്കുക

കുഞ്ഞാലി വധക്കേസിനുശേഷം ഞാന്‍ സ്വതന്ത്രമായി ഒറ്റയ്ക്ക് കേസ് ഏറ്റെടുത്ത് നടത്താന്‍ തുടങ്ങി. ആദ്യമായി കൈയില്‍ കിട്ടിയതും ഞാന്‍ ഒറ്റയ്ക്ക് നടത്തിയതുമായ കേസ് ഒരു ചീട്ടുകളിക്കേസായിരുന്നു. അതും എന്റെ നാട്ടുകാരുടെ പേരിലുള്ള കേസ്. വണ്ടൂരിലെ ഒരു ക്ളബ്ബില്‍ കേറി പൊലീസ് ചീട്ടുകളി പിടിച്ചു പ്രതികളെ അറസ്റ്റ് ചെയ്തു, ചീട്ടും പണവും ഉള്‍പ്പെടെ കോടതിയില്‍ ഹാജരാക്കി. പ്രതികളില്‍ ചിലര് എനിക്ക് വളരെ അടുപ്പമുള്ള സുഹൃത്തുക്കളായിരുന്നു. ഞാന്‍ പ്രതികള്‍ക്കുവേണ്ടി ഹാജരായി, പ്രതികളെ ജാമ്യത്തില്‍ ഇറക്കി. പൊലീസ് ആക്ട് പ്രകാരമുള്ള ഒരു പെറ്റിക്കേസാണ് ചീട്ടുകളിക്കാര്‍ക്കെതിരെ ചാര്‍ജ് ചെയ്യുക.

പെറ്റിക്കേസായതിനാല്‍ ഉടന്‍ തന്നെ 2-ാം ക്ളാസ് മജിസ്ട്രേട്ട് കോടതിയില്‍ വിചാരണക്ക് വന്നു. വിചാരണസമയത്ത് കേസിലെ പന്ത്രണ്ട് പ്രതികളും കോടതിയില്‍ പ്രതിക്കൂട്ടില്‍ കേറിനിന്നു. ക്ളബ്ബില്‍ കേറി പ്രതികളെ അറസ്റ്റ്ചെയ്ത പൊലീസ് ഇന്‍സ്പെക്ടര്‍ സാക്ഷി പറയാന്‍ സാക്ഷിക്കൂട്ടിലും കേറി. മജിസ്ട്രേട്ട് തളിപ്പറമ്പുകാരനായ വിശ്വനാഥന്‍ എന്ന ആളായിരുന്നു. എപിപി ഗോവിന്ദന്‍നമ്പ്യാരും. നമ്പ്യാര്‍ പൊലീസ് ഇന്‍സ്പെക്ടറെ വിസ്തരിച്ചു, മൊഴി "ക്ളബ്ബില്‍ പണം വച്ച് ശീട്ടുകളിക്കുന്നതായി വിവരം കിട്ടി. രണ്ട് പൊലീസുകാരെയും കൂട്ടി ക്ളബ്ബിലെത്തി. പ്രതികള്‍ എല്ലാവരും ശീട്ടുകളിക്കുന്നതായി കണ്ടു. ഉടനെ അവരെ അറസ്റ്റ് ചെയ്തു. ചീട്ടും പണവും കസ്റ്റഡിയില്‍ എടുത്തു. പ്രതികളെ ചോദ്യം ചെയ്തു. സ്റ്റേറ്റ്മെന്റ് റിക്കാര്‍ഡ് ചെയ്തു. കോടതിയില്‍ ഹാജരാക്കി.'' ഇതാണ് ചീഫ് വിസ്താരമൊഴി.

പിന്നെ പ്രതിഭാഗം വക്കീലായ എന്റെ ഊഴമാണ്.

പറഞ്ഞ മൊഴിയുടെ അടിസ്ഥാനത്തില്‍ എതിര്‍ വിസ്താരം ചെയ്യണം. ഞാന്‍ സാക്ഷിയോട്:

ചോ. നിങ്ങള്‍ കാണുമ്പോള്‍ ഈ കൂട്ടില്‍ നില്‍ക്കുന്ന എല്ലാ പ്രതികളും കളിക്കുന്നതായി കണ്ടോ?

ഉ: അതെ. ഞാന്‍ കണ്ടു.

ചോ. ഓരോരുത്തരുടെ കൈയിലും എത്ര വീതം ചീട്ടുണ്ടായിരുന്നു എന്ന് പറയാന്‍ കഴിയുമോ.

ഉ: കഴിയില്ല, ഞാന്‍ എണ്ണിനോക്കിയിട്ടില്ല.

ചോ: അപ്പോള്‍ എല്ലാവരുടെ കൈയിലും ചീട്ട് ഉണ്ടായിരുന്നുവെന്നത് സത്യമല്ലെ?

ഉ: അതെ.

അതോടെ ഞാന്‍ എതിര്‍ വിസ്താരം അവസാനിപ്പിച്ചു. കേസ് വിചാരണ ക്ളോസ്ചെയ്തു. അടുത്ത ദിവസം വാഗ്വാദത്തിന് (argument) വച്ചു.

വാഗ്വാദം:

എപിപി പറഞ്ഞു. "എല്ലാ പ്രതികളുംകൂടി ചീട്ടുകളിക്കുന്നതായി പൊലീസ് കണ്ടതാണ്. പൊലീസ് മൊഴി അവിശ്വസിക്കേണ്ടതില്ല. എല്ലാ പ്രതികളും കുറ്റം ചെയ്തതായി തെളിഞ്ഞിട്ടുമുണ്ട്. ശിക്ഷ കോടതി വിധിക്കട്ടെ.''

ആ വാദത്തിന് ഞാന്‍ പറഞ്ഞ മറുപടി-

പൊലീസ് ഓഫീസറുടെ മൊഴി അവിശ്വസിക്കേണ്ടതില്ല എന്ന വാദം ശരിയാണ്. അത് മുഴുവനായി സ്വീകരിക്കണം. സാക്ഷി പറഞ്ഞത് എല്ലാ പ്രതികളും കളിക്കുന്നതായി കണ്ടു എന്നാണ്. എല്ലാവരുടെ കൈയിലും ശീട്ട് ഉണ്ടായിരുന്നു എന്നും ഉറപ്പിച്ചുപറഞ്ഞു. അത് ശരിയുമാണ്. ഇവിടെ പ്രശ്നം കളിച്ച കളി കുറ്റകരമാണോ എന്നതാണ്. കുറ്റകരമായ കളി പുള്ളിക്കളിയാണ്. അതിന് എല്ലാവരുടെ കൈയിലും ശീട്ടുണ്ടാവില്ല. ഒരാള്‍ മുഴുവന്‍ ശീട്ടും തന്റെ കൈയില്‍ പിടിച്ച് കശക്കി, അതില്‍നിന്ന് ഒരു പുള്ളി മലര്‍ത്തിവെക്കും. ആ പുള്ളിക്കുവേണ്ടി രണ്ടു ഭാഗമായി അകത്ത് - പുറത്ത് എന്ന പന്തയം വയ്ക്കും. ശീട്ടുപിടിച്ച ആള്‍ രണ്ടു ഭാഗമായി ശീട്ട് ഇടും. പന്തയപ്പുള്ളി ഏത് ഭാഗത്ത് ചാടി ആ ഭാഗം പന്തയം പറഞ്ഞ ആള്‍ക്ക് കാശ് കിട്ടും. ഇതാണ് പുള്ളിക്കളി. ഇത് കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. എല്ലാവരുടെയും കൈയില്‍ ചീട്ടുള്ള കളി ഒന്നുകില്‍ റമ്മി, അല്ലെങ്കില്‍ 'അമ്പത്താറ്'. അത് game of skill ആണ്. കുറ്റകരമല്ല.

അപ്പോള്‍ ജഡ്ജി ചോദിച്ചു, ആ പുള്ളിക്കളി ഒന്ന് കളിച്ച് കാണിച്ചുതരാമോ എന്ന്. കുട്ടിക്കാലത്ത് വണ്ടൂര്‍ അങ്ങാടിയില്‍ സാധാരണക്കാര്‍ക്കിടയിലെ ജീവിതാനുഭവങ്ങള്‍ മൂലം ഇതും മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നു. ഞാന്‍ കോടതിയില്‍നിന്ന് മുഴുവന്‍ ശീട്ടും എടുത്ത് മേശമേല്‍ കളിച്ചു കാണിച്ചുകൊടുത്തു. അത് കണ്ട് കോടതിക്ക് ബോധ്യമായി. എപിപിയും ഖണ്ഡിക്കാന്‍ മുതിര്‍ന്നില്ല. ബഹു. കോടതി എന്റെ വാദം സ്വീകരിച്ച് പ്രതികളെ കുറ്റവിമുക്തരാക്കി വിട്ടയച്ചു. സ്വന്തമായ ആദ്യത്തെ വിജയം, ആത്മവിശ്വാസം വര്‍ധിപ്പിച്ചു.

കോടതിയും കേസുകളും എനിക്ക് ആവേശമായി മാറി. അങ്ങനെയിരിക്കെ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാകേണ്ടതായ ഒരു കേസ് കിട്ടി. മഞ്ചേരി ജില്ലാ കോടതി അന്ന് കോഴിക്കോട് പ്രവര്‍ത്തിക്കുന്ന കാലമാണ്. ജഡ്ജി ജസ്റ്റിസ് ജാനകിഅമ്മയായിരുന്നു. അവര്‍ പിന്നീട് കേരള ഹൈക്കോടതിയില്‍ ജഡ്ജി ആയിരുന്നു. ഒരു ദിവസം ഞാന്‍ മഞ്ചേരി സബ് മജിസ്ട്രേട്ട് കോര്‍ട്ടില്‍ ഇരിക്കുമ്പോള്‍ വണ്ടൂര്‍ക്കാരനായ ഒരാള്‍ എന്നെ പുറത്തേക്ക് വിളിച്ചു. എന്നോട് പറഞ്ഞു. തന്റെ ഒരാളെ സ്റ്റേറ്റ് ബേങ്കില്‍ വാഹന നികുതി അടയ്ക്കാന്‍ പണം കൊടുത്തപ്പോള്‍ അത് കള്ളനോട്ടാണ് എന്ന് പറഞ്ഞ് ബാങ്കില്‍നിന്ന് പൊലീസില്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്ത് കോടതിയിലേക്ക് കൊണ്ടുവരുന്നുണ്ട്. അയാളെ ജാമ്യത്തില്‍ ഇറക്കണം.

ഇത്തരം കേസുകള്‍ ജില്ലാ-സെഷന്‍സ് കോടതിയിലാണ് വിചാരണ ചെയ്യേണ്ടത്. അതിനാല്‍ അവിടെനിന്നേ ജാമ്യം കിട്ടുകയുള്ളൂ. പക്ഷേ സബ് മജിസ്ട്രേട്ട് കോടതിയില്‍ ആദ്യം അപേക്ഷിക്കണം. അത് നിരസിച്ച ഓര്‍ഡറുമായി ജില്ലാ കോടതിയില്‍ പോകണം. പ്രതിയെ സബ്മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി, ഞാന്‍ ജാമ്യഹരജി ബോധിപ്പിച്ചു, അത് നിരസിച്ച ഓര്‍ഡര്‍ വാങ്ങി. നേരെ കോഴിക്കോട് പോയി, ജില്ലാ കോടതിയില്‍ ജാമ്യഹരജി ബോധിപ്പിച്ചു. ഭക്ഷണത്തിനുശേഷം ഉച്ചക്ക് രണ്ടരമണിക്കാണ് കോടതി വീണ്ടും ചേരുന്നത്. ജില്ലാ കോടതിയില്‍ ഒറ്റക്ക് ആദ്യമായിട്ടാണ് ഞാന്‍ ഹാജരാവുന്നത്. നല്ല മാനസിക പിരിമുറുക്കം ഉണ്ടായിരുന്നു, ഒരു ജൂനിയര്‍ വക്കീലിനുണ്ടാകുന്ന ആദ്യ അനുഭവം. പത്ത് മിനിട്ട് മുമ്പ് സീനിയര്‍ വക്കീലന്മാര്‍ വന്നുതുടങ്ങി. ഞാനാണെങ്കില്‍ ജാമ്യഹരജിയില്‍ വാദം എങ്ങനെ തുടങ്ങണം, എന്ത് പറയണം എന്നറിയാതെ വിഷമിക്കുന്നു. ആദ്യം വന്നത് മുഹസിന്‍ വക്കീല്‍, അദ്ദേഹത്തോട് ഞാന്‍ വിവരം പറഞ്ഞു. എന്താണ് വാദിക്കേണ്ടത് എന്ന് ചോദിച്ചു. സാരമില്ല, എന്തെങ്കിലും പറഞ്ഞാല്‍മതി, ജാമ്യം കിട്ടും എന്ന് പറഞ്ഞ് സമാധാനിപ്പിച്ചു. പിന്നെ വന്നത് രത്നസിങ്. അദ്ദേഹത്തോടും ഞാന്‍ ആവര്‍ത്തിച്ചു. വ്യക്തമായി ഒന്നും കിട്ടിയില്ല. സമയം പോകുന്തോറും ഉള്‍ക്കിടിലം കൂടിവരുന്നു. അപ്പോഴാണ് സീനിയര്‍ വക്കീല്‍ കുഞ്ഞിരാമമേനോന്‍ കടന്നുവന്നത്. മുന്‍പരിചയം ഉള്ളതുകൊണ്ട് അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് എന്നോട് എന്താ വന്നത് എന്ന് ചോദിച്ചു. ഞാന്‍ വന്നകാര്യം പറഞ്ഞു, ഞാന്‍ എന്താണ് കോടതിയില്‍ പറയേണ്ടത് എന്ന് വിനയത്തോടെ ചോദിച്ചു. അദ്ദേഹം ഒന്നും ആലോചിക്കാതെ പെട്ടെന്ന് എന്നോട് പറഞ്ഞു 'The very presentation of the note in State Bank itself shows that the accused is innocent' അതായത് "ഈ നോട്ട് സ്റ്റേറ്റ് ബാങ്കില്‍ ഹാജരാക്കിയതില്‍നിന്നുതന്നെ പ്രതി നിരപരാധിയാണെന്ന് മനസ്സിലാക്കാം.'' എന്നാണ് അര്‍ഥം. അത് കേട്ടതോടെ എനിക്ക് സമാധാനമായി.

ഞാന്‍ കുഞ്ഞിരാമമേനോന്റെ അടുത്തുതന്നെ ഇരുന്നു. കൃത്യം രണ്ടരമണിക്ക് ജഡ്ജി ജാനകിയമ്മ ബെഞ്ചില്‍ വന്നു. ഉടനെ മേനോനോട് എന്നെ ചൂണ്ടി ഒരു ചോദ്യം. Who is this gentle man? ആരാണ് ഇദ്ദേഹം. മേനോന്‍ മറുപടി പറഞ്ഞു. He is a junior in court, but a senior in politics. (കോടതിയില്‍ ഒരു ജൂനിയറാണ്, എന്നാല്‍ രാഷ്ട്രീയത്തില്‍ സീനിയറും).

പിന്നീട് എന്നോട്, ജാമ്യഹരജികാര്യത്തില്‍ എന്താ പറയാനുള്ളത് എന്ന് ചോദിച്ചു.

ഉടനെ ജഡ്ജി എന്നോട് ചോദിച്ചു- "ജാമ്യ ഹര്‍ജി കാര്യത്തില്‍ നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്'' എന്ന്. ഞാന്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ആദ്യമായിട്ടാണ് സ്വന്തമായി ഒരു കേസില്‍ ഹാജരാകുന്നത്. വളരെ ഭവ്യതയോടെ ഞാന്‍ വാദം തുടങ്ങി. "എന്റെ കക്ഷി കറന്‍സി നോട്ടിന്റെ ഗുണദോഷങ്ങള്‍ തിരിച്ചറിയാന്‍ സാങ്കേതികമായി അറിവുള്ള ആളല്ല. സ്റ്റേറ്റ് ബാങ്ക് അധികാരികള്‍ അത്തരം അറിവുകള്‍ ഉള്ളവരുമാണ്. കള്ളനോട്ടാണെന്നറിഞ്ഞുകൊണ്ട് ഒരാളും അത് സ്റ്റേറ്റ് ബാങ്കില്‍ കൊടുക്കുകയില്ല. ഇത് ബാങ്കില്‍ കൊടുത്തത് കൊണ്ടുതന്നെ, എന്റെ കക്ഷി നിഷ്കളങ്കനാണെന്ന് ബോധ്യമാകും, അല്ലെങ്കില്‍ അങ്ങാടിയിലാണ് അത്തരം നോട്ടുമായി പോകേണ്ടത്.'' എന്റെ ഈ വാദം സ്വീകരിച്ച് ജഡ്ജി ജാനകിയമ്മ ഒന്ന് പുഞ്ചിരിച്ചു, പ്രതിക്ക് ജാമ്യം അനുവദിച്ചു.

കുഞ്ഞിരാമമേനോന്റെ ബുദ്ധിപരമായ ഉപദേശത്തില്‍ എനിക്കുണ്ടായ പ്രചോദനം വളരെ വലുതായിരുന്നു. അന്നുമുതല്‍ ക്രിമിനല്‍ കേസുകളില്‍ എന്റെ ഗുരുവായി ഞാന്‍ മനസാ അദ്ദേഹത്തെ സ്വീകരിച്ചുവന്നു.

അതിനുശേഷം ഞാന്‍ അദ്ദേഹത്തിന്റെ കൂടെ ജൂനിയര്‍ വക്കീലായി നിരവധി കേസുകള്‍ നടത്തിയിട്ടുണ്ട്. അതില്‍ പ്രമാദമായ ഒരു കേസായിരുന്നു ഹംസ വധക്കേസ്. എന്റെ നാട്ടുകാരനായ വലിയ പീടികക്കല്‍ ഹംസ എന്ന് പേരായ ഒരു വ്യവഹാരി ഉണ്ടായിരുന്നു. അദ്ദേഹം എന്റെ ഒരകന്ന ബന്ധുകൂടിയായിരുന്നു. ചെറുപ്പം മുതല്‍ തന്നെ തര്‍ക്കവും കലഹവും അദ്ദേഹത്തിന്റെ സ്വഭാവമാണ്. ഏത് കാര്യത്തിലും ഒരു ക്രിമിനല്‍ മനഃസ്ഥിതി അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.

കുടുംബപരമായ സ്വത്ത് സംബന്ധിച്ച് തന്റെ ജ്യേഷ്ഠാനുജന്മാരുമായി നിരന്തരമായി തര്‍ക്കവും കലഹവും പതിവാണ്.അയാള്‍ ഒരു ദിവസം സ്വന്തം ജ്യേഷ്ഠന്‍ അഹമ്മതിനെ വഴിയില്‍വച്ചു വഴക്കുകൂടി കത്തിയെടുത്തു കുത്തിക്കൊന്നു. ആ സംഭവത്തില്‍ ഹംസയുടെ പേരില്‍ കൊലക്കുറ്റത്തിന് കേസ് ചാര്‍ജ് ചെയ്തു. കോഴിക്കോട് സെഷന്‍സ് കോടതിയില്‍ ആ കേസ് വിചാരണ ചെയ്തു. തെളിവിന്റെ അഭാവത്തില്‍ കുറ്റക്കാരനല്ലെന്ന് കണ്ട് ഹംസയെ കോടതി വെറുതെ വിട്ടു. കേസില്‍നിന്ന് രക്ഷപ്പെട്ടത്ള അയാളുടെ ക്രിമിനല്‍ സ്വഭാവത്തിന് ഒന്നുകൂടി ശക്തിപകര്‍ന്നു.

എന്നാല്‍ ഈ സംഭവത്തില്‍ മരിച്ച അഹമ്മതിന്റെ മക്കള്‍ക്ക് ഇത് വലിയ സങ്കടത്തിനും വൈരാഗ്യത്തിനും ഇടയായി. ഹംസയാണെങ്കില്‍ മരിച്ച അഹമ്മതിന്റെ മക്കളോടും തന്റെ സ്വന്തം അനുജന്മാരോടും പൂര്‍വാധികം വാശിയോടും അഹങ്കാരത്തോടും കൂടി പെരുമാറുകയും അവരുമായി സ്വത്ത് തര്‍ക്കം തുടര്‍ന്നുവരികയും ചെയ്തു. അയാളുടെ ക്രിമിനല്‍ സ്വഭാവം കൂടുതല്‍ ക്രൂരവും അസഹനീയവുമായി.

ഒരു ദിവസം രാവിലെ, നേരം പുലരുംമുമ്പ് എന്റെ വീട്ടിലെ കോളിങ് ബെല്ലിന്റെ മുഴക്കം കേട്ട് ഞാന്‍ ഞെട്ടിയുണര്‍ന്നു. സ്വീകരണമുറിയില്‍ വന്ന് ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോള്‍ അഞ്ചു യുവാക്കള്‍ മുറ്റത്ത് നില്‍ക്കുന്നതായി കണ്ടു. വിളക്ക് തെളിച്ചുനോക്കുമ്പോള്‍ അത് ഹംസയുടെ ജ്യേഷ്ഠന്റെ മക്കളും അനുജന്മാരും ആയിരുന്നു.അവരുടെ മുഖഭാവം കണ്ടപ്പോള്‍ എന്തോ പന്തികേട് ഉണ്ടെന്ന് എനിക്കു തോന്നി.

ഞാന്‍ വിവരം ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു: "ഞങ്ങള്‍ അവനെ ശരിപ്പെടുത്തി.'' ഞാന്‍ ഞെട്ടിപ്പോയി. ബന്ധുവും ക്രിമിനല്‍ വക്കീലുമായ എനിക്ക് അവരെ കൈയൊഴിയാന്‍ കഴിയുമായിരുന്നില്ല. ഞാന്‍ അവരെ അകത്തേക്ക് വിളിച്ചു വീട്ടിന്റെ മുകളിലെ ഒരു മുറിയില്‍ കൊണ്ടുപോയി ഇരുത്തി. വിവരങ്ങള്‍ വിശദമായി ചോദിച്ചു മനസ്സിലാക്കി. അവര്‍ പറഞ്ഞു:

"ഞങ്ങള്‍ ഗത്യന്തരമില്ലാതെ വന്നപ്പോള്‍ അവനെ ശരിപ്പെടുത്താന്‍ കൂട്ടായി തീരുമാനിച്ചു. ഹംസ അങ്ങാടിയില്‍ നിന്ന് വീട്ടിലേക്ക് വരുമ്പോള്‍ ഞങ്ങള്‍ അയാളെ പിന്തുടര്‍ന്നു. വീട്ടുവളപ്പില്‍ കേറിയപ്പോള്‍ ഞങ്ങള്‍ പിന്തുടരുന്നത് അയാള്‍ക്ക് മനസിലായി. അയാള്‍ അരയില്‍നിന്ന് രണ്ടു കത്തി ഊരിയെടുത്ത് രണ്ടു കൈകളിലും പിടിച്ചു. ഞങ്ങളെ വെല്ലുവിളിച്ചു. അയാള്‍ വീട്ടിലേക്ക് കയറി. അയാള്‍ വീടിനകത്തും ഞങ്ങള്‍ മുറ്റത്ത് വീട്ടിന്ന് പുറത്തും. ഊഴം നോക്കി അന്യോന്യം നിന്നു. ഞങ്ങള്‍ അനക്കമില്ലാതെ നില്‍ക്കുകയാണ്. അതിനാല്‍, ഞങ്ങള്‍ പോയോ എന്നറിയാന്‍ അയാള്‍ തുറന്ന വാതിലിലൂടെ പുറത്തേക്ക് തലയിട്ട് ഒന്നു നോക്കി. തലനീട്ടലും, ഞങ്ങളെ കൂട്ടത്തില്‍ ഒരാള്‍ കൈയില്‍ ഉണ്ടായിരുന്ന കല്ലുകൊണ്ട് ഒറ്റ ഏറ്. ഏറ് ക്യത്യമായി മുഖത്ത് ഒരു സൈഡില്‍ കൊണ്ടു, അയാള്‍ മറിഞ്ഞു വീണു.''

പിന്നെ അഞ്ചാളും ഓടി അകത്ത് കയറി വീണു കിടക്കുന്ന ഹംസയെ വളഞ്ഞുനിന്ന് വെട്ടി. വെട്ടി കുറച്ച് അവയവങ്ങള്‍ വേര്‍പെടുത്തി. ജ്യേഷ്ഠന്‍ അഹമ്മതിന്റെ മക്കള്‍ തങ്ങളുടെ പിതാവിനെ കൊന്നതിലുള്ള വൈരാഗ്യവും അനുജന്മാര്‍ അവരോട് ചെയ്തുപോന്ന ദ്രോഹങ്ങള്‍ക്ക് പ്രതികാരവും അങ്ങനെ തീര്‍ത്തു. പോസ്റ്റ്മോര്‍ട്ടവും കൂടി കഴിഞ്ഞപ്പോള്‍, ഹംസയുടെ മൃതദേഹം പള്ളിയിലേക്ക് സംസ്കരിക്കാന്‍ കൊണ്ടുപോയത് വളരെ പ്രയാസപ്പെട്ടായിരുന്നു.

കൊലപ്പെടുത്തിയ സംഭവത്തിലെ വസ്തുതകള്‍ എല്ലാം മനസ്സിലാക്കി. പ്രതികളെ എന്റെ വീടിന്റെ മാളികമുറിയില്‍ തന്നെ ഇരുത്തി. ഞാന്‍ ഉടനെത്തന്നെ കാറെടുത്ത് വക്കീല്‍ കുഞ്ഞിരാമമോനോനെ കാണാന്‍ കോഴിക്കോട്ടേക്ക് പോയി. സംഭവങ്ങള്‍ വിശദമായി അദ്ദേഹത്തെ ധരിപ്പിച്ചു. ഞങ്ങള്‍ ചര്‍ച്ചചെയ്തു. സംഭാഷണത്തിലെ പരാമര്‍ശങ്ങളും നിര്‍ദേശങ്ങളും വക്കീല്‍പ്രവൃത്തിയുടെ മര്യാദകളുടെ ലംഘനമാവാന്‍ ഇടയുള്ളതുകൊണ്ട് പൂര്‍ണമായി ഞാന്‍ ഇവിടെ പ്രതിപാദിക്കുന്നില്ല. അദ്ദേഹത്തിന്റെ ഉപദേശമനുസരിച്ച് പ്രതികളെ അന്നുതന്നെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി.

ഈ കേസ് ഏതാനും മാസങ്ങള്‍ക്കുശേഷം കോഴിക്കോട്ട് സ്ഥിതിചെയ്തിരുന്ന മഞ്ചേരി സെഷന്‍സ് കോടതിയില്‍ ജഡ്ജി ജാനകിഅമ്മക്ക് മുമ്പാകെ വിചാരണക്കു വന്നു. കേസിലെ സാക്ഷികള്‍; ഹംസയുടെ ഉമ്മ, ഭാര്യ, അയാളുടെ ചെറിയ രണ്ടുമക്കള്‍, പിന്നെ ഒരുപണിക്കാരനും. ഒരു ക്രിമിനല്‍ കേസിനെ സംബന്ധിച്ച് ഈ പറഞ്ഞവര്‍ പ്രതിഭാഗത്ത് നിന്നുനോക്കുമ്പോള്‍ വളരെ ബുദ്ധിമുട്ടുള്ള സാക്ഷികളാണ്. നിഷ്പക്ഷരും നിഷ്കളങ്കരുമായ സാക്ഷികള്‍, ഒന്നും മറച്ചുവയ്ക്കാനും കൂട്ടിച്ചേര്‍ക്കാനുമില്ലാത്തവര്‍. അവരെ കോടതിക്ക് അവിശ്വസിക്കാന്‍ പ്രയാസമാണ്. മാത്രമല്ല എല്ലാവരും ദൃക്സാക്ഷികള്‍തന്നെ. പ്രതിഭാഗത്ത് വാദിക്കുന്ന വക്കീലിന് വളരെ ശ്രമകരമായ കേസാണ്.

കേസ് വിചാരണയുടെ തലേന്ന് ഞാന്‍ കുഞ്ഞിരാമ മേനോന്റെ വീട്ടിലെത്തി. ഞങ്ങള്‍ കേസ് പഠിക്കാന്‍ ആരംഭിച്ചു. കേസ് ഡയറി ഞങ്ങള്‍ ആവര്‍ത്തിച്ചു, വീണ്ടും വീണ്ടും വായിച്ചു ചര്‍ച്ചചെയ്തു. ഒരു പഴുതും കാണുന്നില്ല. പ്രതികള്‍ക്കുവേണ്ടി ഉന്നയിക്കാന്‍ പറ്റിയ ഒരു പിടിയും കിട്ടുന്നില്ല. ഒടുവില്‍ വക്കീല്‍ എന്നോട്പറഞ്ഞു, നിങ്ങള്‍ സാക്ഷിമൊഴിയും രേഖകളും ഒന്നുകൂടി വായിച്ചുനോക്കി ഓഫീസില്‍ ഇരിക്കൂ എന്ന്. അദ്ദേഹം പുറത്തേക്ക് പോയി. ഏതാനും നിമിഷങ്ങള്‍ക്കുശേഷം ഞാന്‍ പുറത്തുവന്ന് നോക്കുമ്പോള്‍ അദ്ദേഹം ജഗ് എടുത്ത് മുറ്റത്തെ പൂച്ചെടികള്‍ നനയ്ക്കുന്നതാണ് കാണുന്നത്. ഞാന്‍ ഒന്നും മിണ്ടാതെ, നിശ്ശബ്ദമായി കോലായില്‍നിന്ന് അദ്ദേഹത്തിന്റെ ചലനങ്ങള്‍ വീക്ഷിക്കുകയായിരുന്നു. പെട്ടെന്ന് അദ്ദേഹം തോട്ടം നനയ്ക്കല്‍നിര്‍ത്തി ജഗ് താഴെ വച്ചു ഓഫീസ് മുറിയിലേക്ക് കടന്നുവന്നു. കൂടെ ഞാനും. അത്ഭുതത്തോടെ അദ്ദേഹം എന്നോട് പറഞ്ഞു: "കാര്യം പിടികിട്ടി.'' ഞാന്‍ ആകാംക്ഷയോടെ, അദ്ദേഹം പറയുന്നത് കേള്‍ക്കാന്‍ ചെവി കൂര്‍പ്പിച്ചുനിന്നു. കേസ്ഡയറി എടുത്ത് ഒന്നും രണ്ടും സാക്ഷികളുടെ മൊഴികള്‍ വായിക്കാന്‍ അദ്ദേഹം എന്നോടാവശ്യപ്പെട്ടു. ഒന്നാംസാക്ഷി പറയുന്നത്, ഒന്നും രണ്ടും മൂന്നും അഞ്ചും പ്രതികളാണ് ആക്രമിച്ചതും വെട്ടിയതും എല്ലാം എന്നാണ് .നാലാംപ്രതി ഒന്നും ചെയ്തതായി പറയുന്നില്ല. നാലാംപ്രതി സ്ഥലത്തുള്ളതായ ഒരു സൂചനപോലും ഒന്നാം സാക്ഷിയുടെ മൊഴിയില്‍ ഇല്ല. എന്നാല്‍ രണ്ടാം സാക്ഷിയുടെ മൊഴിയില്‍ ഒന്നു മുതല്‍ നാലുകൂടി പ്രതികളാണ് ഏറും വെട്ടും മറ്റെല്ലാം ചെയ്തത്. അഞ്ചാം പ്രതി ഒരു കുറ്റവും ചെയ്തതായി പറയുന്നില്ല. നേരെ സംഭവം കണ്ട ദൃക്സാക്ഷികള്‍ ഇവര്‍ മാത്രവുമാണ്.

മേനോന്‍ പറഞ്ഞു, "ഇതില്‍നിന്ന് ഒരു കാര്യം വ്യക്തമാണ്. ഒന്നുകില്‍ നാലാം പ്രതി, അല്ലെങ്കില്‍ അഞ്ചാം പ്രതി രണ്ടില്‍ ഒരാള്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. അതാരാണെന്ന് വ്യക്തമല്ല. ഒന്നും രണ്ടും സാക്ഷികളുടെ മൊഴികള്‍ പരസ്പരവിരുദ്ധമാണ്. നമുക്ക് ഇവിടെ പിടിക്കാം.'' അതാണ് കുഞ്ഞിരാമമേനോന് ചെടികള്‍ നനയ്ക്കുന്നതിനിടയില്‍ അഗാധ ചിന്തയില്‍നിന്ന് വന്ന വെളിപാട്.

വിചാരണസമയത്ത് പൊലീസ് തയാറാക്കിയ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ മേനോന്‍ സാക്ഷികളെ എതിര്‍വിസ്താരം ചെയ്തു. കൂട്ടത്തില്‍ ഒരു പ്രതി ഒന്നും ചെയ്തിട്ടില്ലെന്ന് സ്ഥാപിച്ചു. വാഗ്വാദത്തില്‍ അദ്ദേഹം കോടതിയില്‍ പറഞ്ഞു, ഈ കൂട്ടത്തില്‍ ഒരു പ്രതി കുറ്റം ചെയ്യാത്ത നിരപരാധിയാണ്. നിരപരാധിയെ ശിക്ഷിക്കാന്‍ നിയമം അനുവദിക്കുന്നില്ല. ആ നിരപരാധി നാലാം പ്രതിയാണോ അഞ്ചാം പ്രതിയാണോ എന്ന് വ്യക്തമല്ല. സംശയമാണ് കേസ്. എങ്ങനെ ശിക്ഷിച്ചാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടും. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടാന്‍ പാടില്ല. അതുകൊണ്ട് സംശയത്തിന്റെ ആനുകൂല്യം നല്‍കി എല്ലാ പ്രതികളെയും വിട്ടയച്ചു.

എതിര്‍ വിസ്താരത്തിലും വാഗ്വാദത്തിലും മേനോന്‍ ഒരു അത്ഭുതം തന്നെയായിരുന്നു. നിയമത്തിന്റെ ഞാണിന്മേല്‍ കളി. ബുദ്ധിയുടെ അതിസാമര്‍ഥ്യം. അദ്ദേഹത്തിന്റെ കഴിവും മികവും അഭിഭാഷക സമൂഹത്തിന് എന്നും അഭിമാനകരമായ മാര്‍ഗദര്‍ശനമായിരുന്നു.അനുസരണയുള്ള ഒരു ശിഷ്യന്‍ എന്ന നിലയില്‍ ഞാന്‍ എന്നും അദ്ദേഹത്തെ പിന്തുടര്‍ന്നു. അദ്ദേഹത്തില്‍നിന്ന് പഠിച്ച പാഠങ്ങള്‍ പില്‍ക്കാലത്ത് വക്കീല്‍പണിയില്‍ എനിക്ക് വലിയ പ്രചോദനവും സഹായവും ആയിരുന്നു.

ഞാന്‍ 1982ല്‍ നിയമസഭാംഗമായപ്പോഴും കോടതി പ്രാക്ടീസ് നിര്‍ത്തിയിരുന്നില്ല, 1987 വരെ തുടര്‍ന്നു. ഞാന്‍ അവസാനമായി നടത്തിയ കേസ് കേരള കാഷ്യൂ കോര്‍പറേഷന്റെ വക എടവണ്ണ യാര്‍ഡില്‍നിന്ന് കൊല്ലം കേന്ദ്രത്തിലേക്ക് കൊണ്ടുപോയ ഒരു ലോഡ് കശുഅണ്ടി തട്ടിക്കൊണ്ടുപോയ കേസാണ്.

എടവണ്ണയില്‍നിന്ന് ലോഡ് എടുത്ത ലോറിയിലെ ഡ്രൈവറും ക്ളീനറും ട്രാന്‍സ്പോര്‍ട്ടിങ് കോണ്‍ട്രാക്ടര്‍ ആയിരുന്ന ബേബിജോണും ആയിരുന്നു പ്രതികള്‍. ഒരു ലോഡ് കശുഅണ്ടി അവര്‍ വഴിമാറ്റി മറിച്ചുവിറ്റ് പണമാക്കി തട്ടിയെടുത്തു എന്നായിരുന്നു കേസ്.

കശുഅണ്ടി വാങ്ങിയത് കൊല്ലത്തെ വിനോദ്. കാഷ്യൂ കമ്പനി ഉടമ കൃഷ്ണപിള്ളയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തപ്പോഴും അന്വേഷണ സമയത്തും കൃഷ്ണപിള്ള ഒന്നാംപ്രതിയായിരുന്നു. കൃഷ്ണപിള്ള കൊല്ലത്തെ വലിയ കാഷ്യൂ കമ്പനി ഉടമയും പ്രമാണിയുമാണ്. ഭരണത്തില്‍ സ്വാധീനവും ഉണ്ടായിരുന്നു. അന്ന് പൊലീസ് മന്ത്രി വയലാര്‍ രവിയായിരുന്നു.

ഉന്നതങ്ങളില്‍ സ്വാധീനമുള്ള പ്രധാനപ്രതി കൃഷ്ണപിള്ളയെ ഒഴിവാക്കി മറ്റു മൂന്ന് ലോറിജോലിക്കാരുടെ പേരില്‍ മാത്രമാണ് കേസ് വന്നത്. അവര്‍ക്കുവേണ്ടി ഹാജരായത് ഞാനായിരുന്നു. കേസില്‍ ഞാന്‍ വാദിച്ചത് ലോറി ഓട്ടിയ ഡ്രൈവറും ക്ളീനറും കൂലിക്കാരനും നിരപരാധികളുമാണ്, അവര്‍ മുതലാളി പറഞ്ഞ പണി ചെയ്തു എന്നു മാത്രമേയുള്ളൂ. കശുഅണ്ടി തട്ടിയെടുത്തതും സ്വന്തമാക്കിയതുമായ യഥാര്‍ഥ പ്രതി കമ്പനി ഉടമയാണ്. അയാളെ ഭരണസ്വാധീനം ഉപയോഗിച്ചു ഒഴിവാക്കി. സാധുക്കളായ കൂലിക്കാരുടെ മേല്‍ കേസ് വച്ചുകെട്ടുന്നത് ശരിയല്ല. യഥാര്‍ഥ കുറ്റവാളിയെ സ്വാധീനം ഉപയോഗിച്ച് ഒഴിവാക്കി നിരപരാധികളെ ശിക്ഷിക്കുന്നത് നീതിക്ക് നിരക്കുന്നതല്ല. ഈ വാദം സ്വീകരിച്ച് പ്രതികളെ കുറ്റവിമുക്തരാക്കി വിട്ടയച്ചു.

എന്നാല്‍ ഈ കേസില്‍ രസകരമായ ഒരു സംഗതിയുണ്ടായിരുന്നു. കേസന്വേഷണസമയത്ത് കൃഷ്ണപിള്ള വാങ്ങിയ, ഈ കേസില്‍പെട്ട ഒരു ലോഡ് കശുഅണ്ടി അദ്ദേഹത്തിന്റെ കമ്പനിയില്‍നിന്ന് പൊലീസ് പിടിച്ചെടുത്ത് കോടതിയില്‍ ഹാജരാക്കി. അത് പിന്നീട് നിയമപ്രകാരം ലേലത്തില്‍ വിറ്റുകിട്ടിയ വില കോടതിയില്‍ ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ട്. അതേ സമയം പ്രതിയായ ലോറി ഡ്രൈവറുടെ വീട്ടില്‍നിന്ന് പൊലീസ് റെയ്ഡ് നടത്തി 80,000 ഉറുപ്പിക കസ്റ്റഡിയില്‍ എടുത്തതും കോടതിയില്‍ ഹാജരാക്കി.

പ്രതികളെ വിട്ടശേഷം പ്രതിയുടെ വീട്ടില്‍നിന്ന് കണ്ടെടുത്ത 80000 ക. വിട്ടുകിട്ടാന്‍ ഒരു ഹര്‍ജി കൊടുത്തു. അതില്‍ ഞാന്‍ കോടതിയില്‍ പറഞ്ഞത്, കോര്‍പറേഷന്റെ നഷ്ടപ്പെട്ട കശുഅണ്ടി പിടിച്ചെടുത്ത് കോടതിയില്‍ ഹാജരാക്കി - പണം ഡെപ്പോസിറ്റ് ഉണ്ട്. അത് കോര്‍പറേഷന് കൊടുക്കാം. പ്രതിയുടെ വീട്ടില്‍നിന്നെടുത്തത് പ്രതിക്കും. ഇരട്ടലാഭം കോര്‍പറേഷന് പാടുള്ളതല്ല. അത് സ്വീകരിച്ചു 80000 ക വിട്ടുതരാന്‍ ഉത്തരവായി. പണം കൈയില്‍ കിട്ടിയപ്പോഴേക്കും ഞാന്‍ 1987 മെയ് മാസം മന്ത്രിയായി ചാര്‍ജെടുത്തിരുന്നു. അതില്‍ നാലില്‍ ഒന്ന് 20,000 ക അവര്‍ എനിക്ക് ഫീസ്തന്നു.

*
ടി കെ ഹംസ കടപ്പാട്: ദേശാഭിമാനി വാരിക 16 ജനുവരി 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കുഞ്ഞാലി വധക്കേസിനുശേഷം ഞാന്‍ സ്വതന്ത്രമായി ഒറ്റയ്ക്ക് കേസ് ഏറ്റെടുത്ത് നടത്താന്‍ തുടങ്ങി. ആദ്യമായി കൈയില്‍ കിട്ടിയതും ഞാന്‍ ഒറ്റയ്ക്ക് നടത്തിയതുമായ കേസ് ഒരു ചീട്ടുകളിക്കേസായിരുന്നു. അതും എന്റെ നാട്ടുകാരുടെ പേരിലുള്ള കേസ്. വണ്ടൂരിലെ ഒരു ക്ളബ്ബില്‍ കേറി പൊലീസ് ചീട്ടുകളി പിടിച്ചു പ്രതികളെ അറസ്റ്റ് ചെയ്തു, ചീട്ടും പണവും ഉള്‍പ്പെടെ കോടതിയില്‍ ഹാജരാക്കി. പ്രതികളില്‍ ചിലര് എനിക്ക് വളരെ അടുപ്പമുള്ള സുഹൃത്തുക്കളായിരുന്നു. ഞാന്‍ പ്രതികള്‍ക്കുവേണ്ടി ഹാജരായി, പ്രതികളെ ജാമ്യത്തില്‍ ഇറക്കി. പൊലീസ് ആക്ട് പ്രകാരമുള്ള ഒരു പെറ്റിക്കേസാണ് ചീട്ടുകളിക്കാര്‍ക്കെതിരെ ചാര്‍ജ് ചെയ്യുക.