Wednesday, January 19, 2011

മൗനം ആഗ്രഹിക്കുന്ന ഭരണകൂടങ്ങളും ചില കോടതി വിധികളും

മറ്റൊരു റിപ്പബ്ലിക് ദിനംകൂടി കടന്നുപോകുകയാണ്, ഈ വരുന്ന ജനുവരി ഇരുപത്തിയാറിന് അറുപത്തിനാലാമത്തെ റിപ്പബ്ലിക് ദിനം. ഭരണകൂടങ്ങള്‍ സഞ്ചരിക്കുന്നത് മുന്നോട്ടാണെങ്കിലും അവ വിലയിരുത്തപ്പെടുന്നത് പുറകോട്ടാണെന്ന് പറയാറുണ്ട്. ഈ വിധം തിരിഞ്ഞ് നോക്കിയാല്‍ എന്താവും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ബാക്കിപത്രം? ഈ ചോദ്യം ഏറ്റവും ഉച്ചത്തില്‍ ഉന്നയിക്കുവാന്‍ തോന്നുന്നത് ഭരണഘടന ഉറപ്പാക്കിയ, കോടതികള്‍ വ്യാഖ്യാനിച്ചു നല്‍കിയ നമ്മുടെ ചില മൗലികാവകാശങ്ങളുടെ ഭാവിയെക്കുറിച്ചാണെന്നത് കേവലം യാദൃശ്ചികമല്ല.

കഴിഞ്ഞ ആറ് പതിറ്റാണ്ടുകാലമായി നമ്മുടെ അവകാശങ്ങള്‍ക്ക് പ്രത്യേകിച്ച് രാഷ്ട്രീയ അവകാശങ്ങള്‍ക്ക്-സംഭവിച്ച വികാസപരിണാമം ഏതു വിധമാണ്? അവ വിപുലീകരിക്കപ്പെടുകയാണോ ചുരുങ്ങുകയാണോ ചെയ്തത്? ഈ അടുത്തകാലത്തു വന്ന ചില കോടതി വിധികളുടെ പശ്ചാത്തലത്തില്‍-ബന്ദും ഹര്‍ത്താലും വഴിയോര പൊതുയോഗങ്ങളും നിരോധിച്ചതുതന്നെ ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം-ഈ ചോദ്യത്തിന് വിശേഷാല്‍ പ്രാധാന്യമുണ്ട്.

നമ്മുടെ ഭരണഘടനയുടെ ഏറ്റവും വലിയ വൈരുദ്ധ്യം അത് ജനാധിപത്യത്തെക്കുറിച്ച് വലിയ ലക്ഷ്യങ്ങള്‍ വച്ചുപുലര്‍ത്തുകയും എന്നാല്‍ ലക്ഷ്യപ്രാപ്തിക്കാവശ്യമായ അവകാശങ്ങളും അധികാരങ്ങളും ജനങ്ങള്‍ക്ക് നിഷേധിക്കുകയും ചെയ്യുന്നു എന്നതാണ്. സാമൂഹ്യനീതി ഉറപ്പാക്കുക ആണെല്ലോ എവിടെയും ജനാധിപത്യത്തിന്റെ മൗലികമായ ലക്ഷ്യം. ഇതിനാവട്ടെ രാഷ്ട്രീയ-സാമൂഹ്യക്രമത്തെ കാര്യമായി ഉടച്ചുവാര്‍ക്കേണ്ടതുണ്ട്. ഇത്തരമൊരു ഉടച്ചുവാര്‍ക്കലിന് ഇന്ത്യന്‍ ഭരണഘടന തുനിയുന്നില്ലെന്നാണ് പറഞ്ഞുവരുന്നത്. അതേസമയം അതിനുള്ള ചെറിയ സാധ്യത (വിദൂരസാധ്യത എന്നു വായിക്കുക) അത് കൊട്ടി അടയ്ക്കുന്നുമില്ല. ജനങ്ങള്‍ക്ക് ചില രാഷ്ട്രീയാവകാശങ്ങള്‍ നല്‍കുകയും അവയിലൂടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തി ലക്ഷ്യം കൈവരിക്കാനുള്ള മാര്‍ഗമാണ് അത് തുറന്നിട്ടിരിക്കുന്നത്.

ഈ അവകാശങ്ങളില്‍ സുപ്രധാനമായ ഒന്നാണ് രാഷ്ട്രീയമായി സംഘടിക്കുവാനുള്ള സ്വാതന്ത്ര്യം. കേവലം വോട്ടവകാശം കൊണ്ടുമാത്രം നേടാനാവുന്ന ഒന്നല്ല സാമൂഹ്യനീതി എന്ന് ഇവിടെ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് അംബേദ്ക്കര്‍, 'വിദ്യാഭ്യാസം നേടുവാനും, സംഘടിക്കുവാനും എതിര്‍ക്കുവാനും' നമ്മോട് ആഹ്വാനം ചെയ്തത്. എതിര്‍പ്പിന്റെ രാഷ്ട്രീയത്തിനെ (പ്രക്ഷോഭണത്തിന്റെ രാഷ്ട്രീയം) രാകി മൂര്‍ച്ച കൂട്ടാനാണ് അദ്ദേഹത്തിന്റെ ഉപദേശം എന്ന് സാരം.

ഇന്ത്യന്‍ ഭരണഘടന പ്രക്ഷോഭണം സംഘടിപ്പിക്കുവാനുള്ള അവകാശം പ്രത്യക്ഷത്തില്‍ ജനങ്ങള്‍ക്ക് നല്‍കുന്നില്ലെന്നത് യാഥാര്‍ഥ്യം തന്നെ. ഒരുവേള, തുടക്കത്തില്‍ പൊതുനിരത്തുകളിലൂടെ പ്രകടനം നടത്തുവാനോ ധര്‍ണ സംഘടിപ്പിക്കുവാനോ ഉള്ള അവകാശം തന്നെയും അത് ഉറപ്പാക്കിയിരുന്നുവോ എന്നതും വ്യക്തമല്ല. മൗലികാവകാശങ്ങളെ ക്രിയാത്മകമായി വ്യാഖ്യാനിച്ച നീതിപീഠങ്ങളാണ് ഇത്തരം സാധ്യതകളുടെ പടിപ്പുര തുറന്നുവച്ചത്. 1973 ല്‍ സുപ്രിംകോടതി പുറപ്പെടുവിച്ച ഒരു വിധി ഇപ്പോഴും മനസ്സില്‍ തങ്ങിനില്‍ക്കുന്നു (Himmat Lal Vs. Police Commissioner, Ahemedabad, AIR 1973, SC 87) ഭരണഘടനയുടെ പത്തൊമ്പതാം വകുപ്പ് ഉറപ്പുനല്‍കുന്ന സമാധാനപരമായി സംഘം ചേരുവാനും ഇന്ത്യയില്‍ എവിടെയും സ്വതന്ത്രമായി സഞ്ചരിക്കുവാനുമുള്ള അവകാശങ്ങളെ തുന്നിച്ചേര്‍ത്തുകൊണ്ട് അത് പറഞ്ഞു,

''രണ്ടവകാശങ്ങളും ഒരുമിച്ച് ചേര്‍ക്കുമ്പോള്‍ പ്രകടനം നടത്താനുള്ള അവകാശം ഉണ്ടാവുന്നു. പ്രകടനം മറ്റൊന്നുമല്ല, സഞ്ചരിക്കുന്ന ആള്‍ക്കൂട്ടമാണ്.'' മാത്രമല്ല, ഒരു ചുവടുകൂടി മുന്നോട്ടുപോയി പൊതുയോഗങ്ങള്‍ ഏകപക്ഷീയമായി നിരോധിക്കുവനോ തടയുവാനോ സര്‍ക്കാരിന് അവകാശം ഇല്ലെന്നുകൂടി കോടതി പറഞ്ഞുവച്ചു.

സുപ്രിംകോടതിയുടെ കാര്യക്ഷമമായ ഇത്തരം ഇടപെടലുകളിലൂടെയാണ് ജനാധിപത്യത്തിലെ ഏറ്റവും കാതലായ ചില അവകാശങ്ങള്‍ നമുക്ക് ലഭിച്ചത് എന്നാണ് ഇത് തെളിയിക്കുന്നത്.

പക്ഷേ 1973 ല്‍ നിന്ന് 2010 ല്‍ എത്തിയപ്പോള്‍ ജനങ്ങള്‍ നാളിതുവരെ അനുഭവിച്ച് പോന്നിരുന്ന ചില അവകാശങ്ങള്‍ ഇല്ലാതാകുവാന്‍ കോടതികള്‍ തന്നെ കാരണമാവുന്ന ദൗര്‍ഭാഗ്യകരമായ സ്ഥിതിവിശേഷത്തിലാണ് നാം എത്തിനില്‍ക്കുന്നത്. പൊതുയോഗങ്ങളും പ്രകടനങ്ങളും പൊതുസ്ഥലങ്ങളില്‍ നടത്തുവാന്‍ പച്ചക്കൊടി കാണിച്ച അതേ നീതിപീഠങ്ങള്‍ തന്നെ ബന്ദും ഹര്‍ത്താലും വഴിയോര പൊതുയോഗങ്ങളും നിരോധിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ നമ്മുടെ മുന്നില്‍. ഇവയുടെ 'ദുരുപയോഗം' നടക്കുന്നുണ്ടെന്നത് സമ്മതിക്കുമ്പോഴും ഇവയെ നിരോധിക്കുന്നത് ജനാധിപത്യത്തിന്റെ മാര്‍ഗമല്ലെന്ന വസ്തുത നിലനില്‍ക്കുന്നു.

ജീവിതത്തിനും മരണത്തിനും ഇടയില്‍ കഴിയുന്ന അനേക ലക്ഷം മനുഷ്യര്‍ നമ്മുടെ നാട്ടില്‍ ഉണ്ട്. ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതരാവുന്ന കര്‍ഷകര്‍; പെണ്‍മക്കളുടെ വിവാഹം നടത്താന്‍പോലും അവാത്ത അനേകശതം കുടുംബങ്ങള്‍ (മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ മാത്രം ഈ വിധം 2 ലക്ഷം കുടുംബങ്ങള്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്). വികസനത്തിന്റെ പേരില്‍ സ്വന്തം കൂരകളില്‍ നിന്ന് കുടിയിറക്കപ്പെട്ട ലക്ഷോപലക്ഷം പേര്‍ വേറെയും (കോമണ്‍വെല്‍ത്ത് ഗെയിംസിനുവേണ്ടി) ഡല്‍ഹിയിലെ 350 ചേരികളില്‍ നിന്ന് 3 ലക്ഷം മനുഷ്യരെയാണ് കുടിയിറക്കിയതെന്ന കാര്യം സ്മരണീയമാണ്. അവരില്‍ ഒരാള്‍ പറഞ്ഞത് ഇങ്ങനെ ''തലേദിവസം വരെ തങ്ങളെ കുടി ഒഴിപ്പിക്കാന്‍ പോകുന്ന കാര്യം ഭരണാധികാരികള്‍ ആരും ഞങ്ങളെ അറിയിച്ചില്ല'' - 'ചരിത്രം ഇല്ലാത്ത' ഇത്തരം മനുഷ്യകോലങ്ങള്‍ തങ്ങളുടെ മനോവ്യഥയും ധര്‍മസങ്കടവും എവിടെ കൂടി ഇരുന്നാണ് പരസ്പരം പങ്കുവയ്‌ക്കേണ്ടത്? കൂരവയ്ക്കാന്‍പോലും സ്വന്തമായി മണ്ണ് ഇല്ലാത്തവര്‍ ഏതുമണ്ണില്‍ ചവിട്ടിനിന്നുകൊണ്ടാണ് തങ്ങളുടെ ഉത്ക്കണ്ഠ രേഖപ്പെടുത്തേണ്ടത്? സര്‍ക്കാര്‍ ഭൂമിയിലോ? സ്വകാര്യ ഭൂമിയിലോ? വഴിയോരത്തോ? ഇത്തരക്കാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എങ്ങോട്ടാണ് പോകേണ്ടത്? ശീതീകരിച്ച മുറികളിലേയ്‌ക്കോ? ഓഡിറ്റോറിയങ്ങളിലേയ്‌ക്കോ? നമ്മേ ഉത്തരംമുട്ടിക്കുന്ന ചോദ്യങ്ങളാണ് ഇവ ഓരോന്നും.

നവലിബറല്‍ നയങ്ങള്‍ വന്‍തോതില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഉത്തരം മുട്ടുന്ന അനേകം ചോദ്യങ്ങള്‍ ഇനിയും ഉയര്‍ന്നുവരും. മാത്രമല്ല, സാധാരണക്കാരുടെ ന്യായമായ അവകാശങ്ങള്‍ പോലും സംരക്ഷിക്കുന്നതിനുള്ള ഭരണഘടനയുടെയും അത് സ്ഥാപിച്ച സ്ഥാപന സ്വരൂപങ്ങളുടെയും (നീതിപീഠങ്ങളില്‍ തുടങ്ങി നിയമനിര്‍മാണസഭകള്‍വരെ ഇതില്‍പ്പെടും) ദൗര്‍ബല്യങ്ങള്‍ കൂടുതല്‍ വ്യക്തമായി തെളിഞ്ഞുവരും. വളരെ കണിശവും കര്‍ക്കശവുമായ നിയമങ്ങളുടെ അകമ്പടിയോടെ പലവിധത്തിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെയും - അഭിപ്രായ പ്രകടനങ്ങളെ പോലും - ക്രിമിനല്‍ പ്രവര്‍ത്തിയായി ചിത്രീകരിക്കുവാനാണ് നമ്മുടെ ഭരണകൂടത്തിന്റെ വാസന. അഭിപ്രായ പ്രകടനം തന്നെ നിയമവിരുദ്ധമാവുമ്പോള്‍ അതിന്റെ പ്രചരണത്തിന് അവശ്യം ആവശ്യമായ വഴിയോര യോഗങ്ങളുടെയും ബന്ദുകളുടെയും ഹര്‍ത്താലുകളുടെയും പ്രകടനങ്ങളുടെയും കാര്യം പറയേണ്ടതുണ്ടോ? ആഴക്കടലിന്റെ മൗനമാണ് ജനങ്ങളില്‍ നിന്ന് ഭരണകൂടം ഇപ്പോള്‍ പ്രതീക്ഷിക്കുന്നതും ആഗ്രഹിക്കുന്നതും. മറിച്ചാവുമ്പോള്‍ താഴെനിന്നുള്ള ചോദ്യങ്ങള്‍ക്ക് അത് മറുപടി പറയേണ്ടിവരും. ഇതാണ് കാതലായ പ്രശ്‌നം.

ഇത്തരം നീക്കങ്ങളിലൂടെ നമ്മുടെ ദേശീയപ്രസ്ഥാനം കടഞ്ഞെടുത്ത ചില സുപ്രധാന രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ കടയ്ക്കലാണ് നീതിപീഠങ്ങള്‍ കത്തിവച്ചിരിക്കുന്നത് എന്നതാണ് ഏറെ ദുഃഖകരം. നാം ചരിത്രത്തെ വിസ്മരിച്ചുകൊണ്ട് വര്‍ത്തമാനത്തില്‍ ജീവിക്കുവാന്‍ പാകപ്പെട്ട് തുടങ്ങിയിരിക്കുന്നു എന്ന സൂചനയും ഇതില്‍ അടങ്ങിയിരിക്കുന്നു. ജനാധിപത്യം പരിപാകപ്പെടുന്നത് സാമൂഹ്യ-രാഷ്ട്രീയപ്രക്ഷോഭങ്ങളിലൂടെയാണെന്ന തിരിച്ചറിവും നമുക്ക് കൈമോശം വന്നിരിക്കുന്നു. ഏക്കാലവും സാമൂഹ്യനീതിയെക്കുറിച്ചുള്ള ആശയങ്ങള്‍ കാലഘട്ടത്തിന് അനുസരിച്ച് രൂപപ്പെടുന്നത് ഇത്തരം പ്രക്ഷോഭണങ്ങളിലൂടെയാണെന്ന യാഥാര്‍ഥ്യത്തെയാണ് ഇതിലൂടെ നാം തമസ്‌കരിക്കാന്‍ ശ്രമിക്കുന്നതും.

*
ഡോ. ജെ പ്രഭാഷ് കടപ്പാട്: ജനയുഗം ദിനപത്രം 19 ജനുവരി 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

നവലിബറല്‍ നയങ്ങള്‍ വന്‍തോതില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഉത്തരം മുട്ടുന്ന അനേകം ചോദ്യങ്ങള്‍ ഇനിയും ഉയര്‍ന്നുവരും. മാത്രമല്ല, സാധാരണക്കാരുടെ ന്യായമായ അവകാശങ്ങള്‍ പോലും സംരക്ഷിക്കുന്നതിനുള്ള ഭരണഘടനയുടെയും അത് സ്ഥാപിച്ച സ്ഥാപന സ്വരൂപങ്ങളുടെയും (നീതിപീഠങ്ങളില്‍ തുടങ്ങി നിയമനിര്‍മാണസഭകള്‍വരെ ഇതില്‍പ്പെടും) ദൗര്‍ബല്യങ്ങള്‍ കൂടുതല്‍ വ്യക്തമായി തെളിഞ്ഞുവരും. വളരെ കണിശവും കര്‍ക്കശവുമായ നിയമങ്ങളുടെ അകമ്പടിയോടെ പലവിധത്തിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെയും - അഭിപ്രായ പ്രകടനങ്ങളെ പോലും - ക്രിമിനല്‍ പ്രവര്‍ത്തിയായി ചിത്രീകരിക്കുവാനാണ് നമ്മുടെ ഭരണകൂടത്തിന്റെ വാസന. അഭിപ്രായ പ്രകടനം തന്നെ നിയമവിരുദ്ധമാവുമ്പോള്‍ അതിന്റെ പ്രചരണത്തിന് അവശ്യം ആവശ്യമായ വഴിയോര യോഗങ്ങളുടെയും ബന്ദുകളുടെയും ഹര്‍ത്താലുകളുടെയും പ്രകടനങ്ങളുടെയും കാര്യം പറയേണ്ടതുണ്ടോ? ആഴക്കടലിന്റെ മൗനമാണ് ജനങ്ങളില്‍ നിന്ന് ഭരണകൂടം ഇപ്പോള്‍ പ്രതീക്ഷിക്കുന്നതും ആഗ്രഹിക്കുന്നതും. മറിച്ചാവുമ്പോള്‍ താഴെനിന്നുള്ള ചോദ്യങ്ങള്‍ക്ക് അത് മറുപടി പറയേണ്ടിവരും. ഇതാണ് കാതലായ പ്രശ്‌നം.